Thursday, July 10, 2025

ad

Homeകവര്‍സ്റ്റോറിഇസ്രയേൽ – ഇറാൻ സംഘർഷം 
ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇസ്രയേൽ – ഇറാൻ സംഘർഷം 
ഇന്ത്യയെ എങ്ങനെ ബാധിക്കും?

സുഹാസിനി ഹെെദർ

സ്രയേൽ – ഇറാൻ സംഘർഷം ഒരാഴ്ച പിന്നിട്ടതോടെ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുമെന്ന് ഭയന്ന് ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരരെ തിരിച്ചു നാട്ടിലെത്തിക്കാൻ തുടങ്ങി. ജൂൺ 13ന് ഇസ്രയേൽ ഇറാനിലെ ആണവകേന്ദ്രങ്ങളിലും രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും ബോം
ബാക്രമണം നടത്തി; ഉന്നത ജനറൽമാരെ കൊലപ്പെടുത്തി. ഇസ്രയേലിലെ സെെനികകേന്ദ്രങ്ങളിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും ബാലിസ്റ്റിക് മിസെെലുകൾ തുടർച്ചയായി പ്രയോഗിച്ചുകൊണ്ടുള്ള ഇറാന്റെ പ്രതികരണം പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു.

ഇന്ത്യയുടെ പ്രതികരണം
ജൂൺ 13നു തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് തഹ്റാൻ ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിൽ, ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ കുറിച്ച് വിശദീകരിച്ചു; ഇറാനിലെ മുതിർന്ന ജനറൽമാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ അവരെ വധിച്ച കാര്യവും വിശദീകരിച്ചു.

ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗൺസിലിൽ ഇറാൻ വാദിച്ചു. ഇസ്രയേൽപോലും ഈ ആക്രമണങ്ങൾ ‘മുൻകൂട്ടിയുള്ള’ ആക്രമണമാണെന്നും ഇറാന്റെ ആക്രമണങ്ങൾക്കുള്ള പ്രത്യാക്രമണ നടപടിയല്ലെന്നും വ്യക്തമാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഇന്ത്യ ഗവൺമെന്റ് നടത്തിയ ഒരു പ്രസ്താവനയിൽ, ‘‘ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി മോദി പങ്കുവയ്ക്കുകയും മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉൗന്നിപ്പറയുകയും ചെയ്തു’’ എന്ന് വ്യക്തമാക്കി.

ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ് ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നടത്തിയ ഫോൺ സംഭാഷണത്തിൽ, ‘‘ഈ സംഭവ വികാസങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ, ആഴത്തിലുള്ള ആശങ്ക’’ പ്രകടിപ്പിക്കുകയും, പ്രതികാര നടപടികൾ സ്വീകരിക്കരുതെന്നും നയതന്ത്ര നീക്കങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അഭ്യർഥിച്ചു. ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാ ആറുമായും എസ് ജയശങ്കർ ഫോണിൽ സംസാരിച്ചു. സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുന്ന, എന്നാൽ ആക്രമണം നടത്തിയ ഇസ്രയേലിനെ വിമർശിക്കാതെയുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന സ്വന്തംഭാഗം സുരക്ഷിതമാക്കിക്കൊണ്ടുള്ള ഒന്നായിരുന്നു. ഇസ്രയേലിന്റെ അധിനിവേശത്തെ അപലപിച്ച ചെെന, റഷ്യ, ഇറാൻ, പാകിസ്താൻ, ബലാറസ്, മധേ-്യഷ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്-സിഒ)യുടെ പ്രസ്താവനയ്ക്കൊപ്പം ഇന്ത്യ ചേർന്നതുമില്ല.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ബോംബാക്രമണങ്ങളെ വിമർശിക്കുന്ന പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് ബ്രിക്സ്, എസ്-സിഒ, സാർക്ക് എന്നിവയിലെ അംഗരാജ്യങ്ങളും ജി–7 ലെ അമേരിക്കയൊഴികെയുള്ള രാജ്യങ്ങൾ പോലും വോട്ട് ചെയ്തു. പഴയ നിലപാടുകളിൽ നിന്നുവ്യത്യസ്തമായി ഇസ്രയേലിനെ ഇന്ത്യ വിമർശിക്കില്ലെന്ന് ഇന്ത്യാ ഗവൺമെന്റ് വ്യക്തമാക്കുകയും ചെയ്തു.

സംഘർഷത്തിലകപ്പെട്ട 
ഇന്ത്യക്കാരുടെ അവസ്ഥ
സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും തെഹ്റാനിലെയും ടെൽ അവീവിലെയും എംബസികളും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. ‘ഓപ്പറേഷൻ സിന്ധു’ എന്നാണ് ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഏകദേശം ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യയുടെ ഇതരഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. എന്നാൽ അതിൽനിന്നു വ്യത്യസ്തമായി താരതമേ-്യന വളരെ കുറച്ചു പേർ മാത്രമേ ഇറാനിലും ഇസ്രയേലിലും താമസിക്കുന്നുള്ളൂ. ഇറാനിൽ വിദ്യാർഥികളും പ്രൊഫഷണലുകളുമായി ഏകദേശം 10,000 പേരും ഇസ്രയേലിൽ തൊഴിലാളികളും വിദ്യാർഥികളും ഗവേഷകരുമായി 25000ത്തോളം പേരും ഉണ്ട്. 2023 ഒക്ടോബർ 7ലെ ഭീകരാക്രമണത്തെതുടർന്ന് ഇസ്രയേൽ ആയിരക്കണക്കിന് പലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ടതിനുശേഷം നിർമാണ–പരിചരണ ജോലികളുടെ ഒഴിവുകൾ നികത്തുന്നതിനായി ഈ അടുത്തയിടയ്ക്കാണ് അവരിൽ മിക്കവരും അവിടങ്ങളിലെത്തിയത്. ഒഴിപ്പിക്കൽ ശ്രമങ്ങൾ ബഹുമുഖമാണ്. അതിർത്തി രാജ്യങ്ങളിലേക്ക് കടക്കാനും തിരികെ പറക്കാനും ഇന്ത്യക്കാരെ സഹായിക്കാൻ ബന്ധപ്പെട്ട ഗവൺമെന്റുകളുടെ സഹകരണം അനിവാര്യമാണ്. ഇന്ത്യൻ പൗരരെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കാൻ വേണ്ടി, ഇറാൻ യുദ്ധം മൂലം അടച്ചിട്ടിരിക്കുന്ന അവരുടെ വേ-്യാമാതിർത്തി തുറന്നു തരാൻ പോലും തയ്യാറായി. അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കേണ്ടത് പ്രധാനമാണെങ്കിലും തിരിച്ചെത്തുന്നവർക്ക് ജോലിയും പഠനാവസരങ്ങളും കണ്ടെത്തേണ്ടത് അനിവാര്യമാണ്, അല്ലെങ്കിൽ അവർ സംഘർഷമേഖലകളിലേക്ക് മടങ്ങിപ്പോകും എന്ന പാഠം മുൻകാല അനുഭവങ്ങളിൽ നിന്ന് ഗവൺമെന്റ് പഠിക്കേണ്ടതാണ്.

മേഖലയിലെ സംഘർഷങ്ങൾ കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാനുമായും ഇസ്രയേലുമായും ഇന്ത്യയ്ക്കുള്ള വ്യാപാരബന്ധങ്ങൾ കുറഞ്ഞുവരികയാണ്. ഇറാനുമായുള്ള എണ്ണവ്യാപാരം റദ്ദാക്കുകയോ ഉപരോധം നേരിടുകയോ ഇതിലേത് വേണമെന്ന് ഇന്ത്യ തീരുമാനിക്കണമെന്ന മുൻ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യത്തിന് ഇന്ത്യ വഴങ്ങിയതിനു ശേഷം ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാരം 2017ൽ ഏകദേശം 14 ബില്യൺ (1400 കോടി) ഡോളറായിരുന്നത് 2024 ആയപ്പോഴേക്കും 1.4 ബില്യൺ (140 കോടി) ഡോളറായി കുറഞ്ഞു. ആക്രമണങ്ങൾക്കു ശേഷമുള്ള ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ഗാസയിലെ ഇസ്രയേലിന്റെ നടപടികളും മൂലം ഇസ്രയേലുമായുള്ള ഇന്ത്യയുടെ വ്യാപാരം 2022ൽ 11 ബില്യൺ (1100 കോടി) ഡോളറായിരുന്നതിൽനിന്ന് കഴിഞ്ഞ വർഷം 3.75 ബില്യൺ (375 കോടി) ഡോളറായി കുറഞ്ഞുവെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ ഇസ്രയേലിൽനിന്ന് ഇന്ത്യയിലേക്കുള്ള പ്രതിരോധായുധങ്ങളുടെ ഇറക്കുമതി 2015ൽ 56 ലക്ഷം ഡോളറായിരുന്നത് കഴിഞ്ഞ വർഷമായപ്പോഴേക്കും 12,80,00,000 ഡോളറായി വർദ്ധിച്ചുവെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ഇന്ത്യയ്ക്ക് ഭാവിയിൽ സാമ്പത്തികമായി തിരിച്ചടിയാകുന്നത് വ്യാപാരപാതയിൽ തടസ്സങ്ങളാക്കും; അത് രണ്ടുരീതിയിൽ സംഭവിക്കാം. സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതാണ് ഒന്ന്. യുദ്ധം തീവ്രമായി നീണ്ടുനിൽക്കുന്നതാണ് രണ്ടാമത്തേത്. ഇന്ത്യയുടെ ഊർജ ഇറക്കുമതിയുടെ 40–50 ശതമാനം ഈ മേഖലയിലൂടെയാണ് വരുന്നത് എന്നതിനാൽ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വില കുത്തനെ ഉയരാൻ അതിടയാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഷിപ്പിങ് ചെലവുകൾ, സുരക്ഷ, ഇൻഷുറൻസ് പ്രീമിയം എന്നിവ വൻതോതിൽ വർദ്ധിക്കും. ഇത് ഇറക്കുമതി ചെലവ് കുത്തനെ ഉയരാനും മത്സരാധിഷ്ഠിത കയറ്റുമതി കുറയാനും ഇടയാക്കും; പണപ്പെരുപ്പത്തിനും കാരണമാകും.

സംഘർഷത്തിന്റെ ഭൗമ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ
ഇരുരാജ്യങ്ങളുമായും ഇന്ത്യ ശക്തമായ ബന്ധം പുലർത്തുന്നതിനാൽ ഇസ്രയേൽ–ഇറാൻ സംഘർഷം കെെകാര്യം ചെയ്യുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. ലോകത്തിലെ രണ്ടു ധ്രുവങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും എന്നതിനാൽ ഈ സന്തുലിതാവസ്ഥ ആവശ്യമാണ്. ‘‘സ്വയം പ്രതിരോധിക്കാനുള്ള അവകാശം’’ എന്നതിന്റെ പേരിൽ ഇസ്രയേലിന്റെ ആക്രമണങ്ങളെ അമേരിക്കയും ജി–7 രാജ്യങ്ങളും വലിയ തോതിൽ പിന്തുണച്ചിട്ടുണ്ട്. ഈയിടെ കാനഡയിൽ നടന്ന ഉച്ചകോടിയിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ, ‘‘മേഖലയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം’’ എന്നാണ് ഇറാനെ വിശേഷിപ്പിച്ചത്. ഒരിക്കലും ആണവായുധം കെെവശം വയ്ക്കാൻ പാടില്ലാത്ത രാജ്യമാണ് ഇറാൻ എന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക ഔദ്യോഗികമായി പങ്കുചേരുന്ന കാര്യം പ്രസിഡന്റ് ട്രംപ് ആലോചിക്കുന്നുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ പോലും ഇസ്രയേലിനുള്ള അമേരിക്കൻ പിന്തുണ നിർണായകവും ചോദ്യം ചെയ്യപ്പെടാത്തതുമാണ്. പാകിസ്താൻ കരസേന മേധാവി ജനറൽ അസിം മുനീറിനെ ഉച്ചഭക്ഷണത്തിനായി പ്രസിഡന്റ് ട്രംപ് ക്ഷണിച്ചതും ലോജിസ്റ്റിക് മുതൽ ഓഫർ ഫ്ളെെറ്റ് വരെയുള്ള കാര്യങ്ങൾക്കും ഇന്ധനം വീണ്ടും നിറയ്ക്കുന്നതിനും രഹസ്യവിവരങ്ങൾ പങ്കിടുന്നതുൾപ്പെടെയുള്ള ഇറാനെതിരായ സാധ്യമായ ഓപ്പറേഷനുകളിൽ പാകിസ്താന്റെ പിന്തുണ അമേരിക്ക ആവശ്യപ്പെട്ടേക്കാമെന്ന അഭ്യൂഹവും ഇന്ത്യയുടെ പാത കൂടുതൽ ദുഷ്കരമാക്കും.

മറുവശത്ത് ഗാസയിലെ ഇസ്രയേലിന്റെ ആത്തെ വളരെയധികം വിമർശിച്ചിട്ടുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളും നിലവിലെ പ്രതിസന്ധിയിൽ ഇറാനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഷാങ്ഹായ് സഹകരണ സംഘടന (എസ്-സിഒ)യുമായി ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയതിനുശേഷം ജൂലെെ 6, 7 തീയതികളിൽ ബ്രസീലിൽ ചേരുന്ന വികസ്വര രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ട്രംപ് എന്തു നിലപാട് സ്വീകരിക്കും എന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്ഥാപക രാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചെെന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കുപുറമെ ഇറാൻ, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഇപ്പോൾ ഇന്തോനേഷ്യ (സൗദി അറേബ്യ ഔദ്യോഗികമായി ഇനിയും ബ്രിക്സിൽ ചേർന്നിട്ടില്ല) എന്നിവ അംഗങ്ങളാണ്. ബ്രിക്സ് രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന പ്രസ്താവനയിൽനിന്നും സ്വയം വേറിട്ടു നിൽക്കുന്നതിൽ ഇന്ത്യ കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരും. ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായാലുണ്ടാകാവുന്ന നഷ്ടവും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതിന്റെ 40 ശതമാനത്തോളം പശ്ചിമേഷ്യയിൽ നിന്നാണെന്നു മാത്രമല്ല എണ്ണ ഇറക്കുമതിയുടെ 54 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്. എന്നു മാത്രമല്ല 170 ബില്യൺ (17000 കോടി) ഡോളറിലേറെ വ്യാപാരവും ഇന്ത്യയ്ക്ക് ഈ മേഖലയുമായി ഉണ്ട്. ഇസ്രയേലിന് അനുകൂലമായ മാറ്റം ഇന്ത്യയുടെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്നു, കാരണം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച അറബ് ഇതര രാഷ്ട്രമായിരുന്നു ഇന്ത്യ. ഇസ്രയേൽ–ഇറാൻ സംഘർഷം നീണ്ടുനിൽക്കുന്നത് ഇന്ത്യയുടെ കണക്ടിവിറ്റി പദ്ധതികളെ പ്രതികൂലമായി ബാധിക്കും.

ഒക്ടോബർ 7ലെ അക്രമണങ്ങൾക്കുശേഷം, അറബ് രാജ്യങ്ങൾ വഴിയും ഇസ്രയേലിലെ ഹെെഫ തുറമുഖവുമായും ബന്ധിപ്പിക്കേണ്ട ഇന്ത്യ– മദ്ധ്യ കിഴക്കൻ യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അഫ്ഗാനിസ്താൻ, മധേ-്യ ഷ്യ, യൂറേഷ്യ എന്നിവിടങ്ങളിലേക്കുള്ള വ്യാപാരത്തിനും കണക്ടിവിറ്റിക്കുമുള്ള ചബഹാർ തുറമുഖ പദ്ധതിയിലേക്കും അന്താരാഷ്ട്ര വടക്ക്–തെക്ക് ഗതാഗത ഇടനാഴിയിലേക്കുമുള്ള ഇന്ത്യയുടെ നിക്ഷേപത്തെ ഇപ്പോഴത്തെ പ്രതിസന്ധി പ്രതികൂലമായി ബാധിക്കും. സംഘർഷം എത്രയും വേഗം അവസാനിക്കും എന്നതാണ് ഇന്ത്യയുടെ ശുഭ പ്രതീക്ഷ. l
(ജൂൺ 22ന്റെ ഹിന്ദു പത്രത്തിൽ 
വന്ന ലേഖനം)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 5 =

Most Popular