Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിഹിറ്റ്‌ലറെയും നാണിപ്പിക്കുന്ന 
നെതന്യാഹു

ഹിറ്റ്‌ലറെയും നാണിപ്പിക്കുന്ന 
നെതന്യാഹു

എ ശ്യാം

പ്രകോപനങ്ങളൊന്നുമില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്‌ തിരിച്ചടിയായി ജൂൺ 19ന്‌ ഇറാൻ തെക്കൻ ഇസ്രയേലിലെ ബീർഷേബയിലേക്ക്‌ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സൈനിക ആശുപത്രിക്കും കാര്യമായി നാശമുണ്ടായി. ഗാസയിൽ 20 മാസത്തിലധികമായി ഇസ്രയേൽ നടപ്പാക്കിവരുന്ന ആസൂത്രിതമായ വംശഹത്യയിൽ പങ്കെടുക്കുമ്പോൾ പരിക്കേറ്റോ രോഗം ബാധിച്ചോ ചികിത്സയിൽ കഴിയുന്ന കുറേ ഇസ്രയേലി സൈനികരടക്കം ആശുപത്രിയിലുണ്ടായിരുന്നത്രെ. ഇറാൻ നടത്തിയ ഈ പ്രത്യാക്രമണം യുദ്ധക്കുറ്റം ആണെന്നാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചത്‌. യുദ്ധഭ്രാന്തിൽ സാക്ഷാൽ ഹിറ്റ്‌ലറെപ്പോലും നിസാരനാക്കുന്ന നെതന്യാഹുവിന്റെ ഈ വാദം നൂറ്റാണ്ടിലെ ക്രൂരമായ ഫലിതം എന്നല്ലാതെ എന്തുപറയാൻ. ഭൂമിയിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലെ 94 ശതമാനം ആശുപത്രികളും തകർത്തതിന്‌ ഉത്തരവാദിയായ നെതന്യാഹുവിനെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി അറസ്‌റ്റു വാറണ്ട്‌ പുറപ്പെടുവിച്ചത്‌ കഴിഞ്ഞ നവംബറിലാണ്‌. നാസികളുടെ കോൺസെൻട്രേഷൻ ക്യാമ്പിൽനിന്ന്‌ ജീവനോടെ പുറത്തുവരാൻ ഭാഗ്യം ലഭിച്ച ജൂതരിൽ ഒരാളാണ്‌ ഇറ്റാലിയൻ കെമിസ്‌റ്റും എഴുത്തുകാരനുമായ പ്രിമോ ലെവി. ഇന്ന്‌ ഇസ്രയേലിന്റെ ജൂതരാണ്‌ പലസ്‌തീൻകാർ എന്ന്‌ നാല്‌ പതിറ്റാണ്ട്‌ മുമ്പ്‌ ലെവി പറഞ്ഞതിനർത്ഥം സയണിസ്‌റ്റുകളാണ്‌ ഇന്നത്തെ നാസികൾ എന്നുകൂടിയാണ്‌.

ഗാസയിലെ ജലവിതരണ, വൈദ്യുതി സംവിധാനമാകെ ഇസ്രയേൽ ബോംബിട്ട്‌ തകർത്തതിനാൽ അവിടെ കുട്ടികൾ ദാഹിച്ചുമരിക്കുന്ന അവസ്ഥയിലാണ്‌ എന്നാണ്‌ നെതന്യാഹു ‘യുദ്ധക്കുറ്റ’ പ്രസ്‌താവന നടത്തിയതിന്റെ പിറ്റേന്ന്‌ കുട്ടികളുടെ ക്ഷേമത്തിനായുള്ള യുഎൻ ഏജൻസിയായ യുനിസെഫ്‌ ജനീവയിൽ അറിയിച്ചത്‌. ഗാസയിലേക്ക്‌ കുടിവെള്ളവുമായി വരുന്ന ടാങ്കറുകൾ പോലും നെതന്യാഹുവിന്റെ അക്രമിസേന തടയുകയാണ്‌. 23 ലക്ഷത്തോളം ജനങ്ങൾ(അവരിൽ പകുതിയിലധികവും അഭയാർത്ഥികൾ) തിങ്ങിപ്പാർക്കുന്ന ഗാസ, രണ്ട്‌ പതിറ്റാണ്ടോളമായി ഇസ്രയേൽ ക്രൂരമായ ഉപരോധം അടിച്ചേൽപിച്ചിരിക്കുന്നതിനാൽ ‘തുറന്ന ജയിൽ’ എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഇപ്പോൾ 20 മാസത്തിനിടെ അവിടത്തെ 90ശതമാനത്തോളം പാർപ്പിടങ്ങളും സയണിസ്‌റ്റ്‌ വംശീയസേന തകർത്തിരിക്കുകയാണ്‌. സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയെപ്പോലും കനത്ത ബോംബിങ്ങിൽനിന്ന്‌ ഇസ്രയേൽ ഒഴിവാക്കുന്നില്ല. ഭൂമിയിലെ ഏറ്റവും പട്ടിണിയുള്ള ഇടമാണത്‌ എന്നാണ്‌ ഒരുമാസം മുമ്പ്‌ യുഎൻ ജീവകാരുണ്യവിഭാഗം വക്താവ്‌ യെൻസ്‌ ലാർക്‌ പറഞ്ഞത്‌. വിശപ്പടക്കാൻ അന്നം തേടിയെത്തുന്നവരെപ്പോലും ഇസ്രയേൽ വെടിവച്ചുകൊല്ലുന്നത്‌, ഭയാനകമാണെന്നാണ്‌ ജൂൺ രണ്ടിന്‌ യുഎൻ വിശേഷിപ്പിച്ചത്‌. എന്നിട്ടും ഇത്തരം നിരവധി അതിക്രമങ്ങൾ ആവർത്തിക്കുന്നത്‌ ഇസ്രയേൽ അതിനെ സൃഷ്‌ടിച്ച യുഎന്നിനെ പോലും മാനിക്കുന്നില്ല എന്നാണ്‌ വീണ്ടും തെളിയിക്കുന്നത്‌.

ഗാസയിലെ ജനങ്ങളോട്‌ ഇസ്രയേൽ ചെയ്യുന്ന ഭീകരമായ ക്രൂരത ആധുനികസമൂഹങ്ങൾക്ക്‌ ചിന്തിക്കാനാവാത്തതാണ്‌. എന്നിട്ടും ജനാധിപത്യ, മാനവിക മൂല്യങ്ങളുടെ കുത്തക അവകാശപ്പെടുന്ന പാശ്ചാത്യരാജ്യങ്ങൾ ചില ‘സമാധാന’ വാചകമടികൾ നടത്തുന്നതല്ലാതെ തങ്ങളുടെ പിന്തുണകൊണ്ടുമാത്രം ഈ അതിക്രമങ്ങൾ നടത്തുന്ന ഇസ്രയേലിനെ നിയന്ത്രിക്കാൻ തയ്യാറാകുന്നില്ല. നിസ്സഹായരായ ഒരു ജനതക്കെതിരെ ബോംബുകളും ഉപരോധവുമെല്ലാം ഉപയോഗിച്ച്‌ ‘യുദ്ധം’ ചെയ്യുന്ന ഇസ്രയേലിന്റെ അതിക്രമങ്ങൾക്ക്‌ കൃത്യമായ രീതിയുണ്ട്‌. നിരന്തരമുള്ള ബോംബിങ്ങിലൂടെ കുഞ്ഞുങ്ങളും സ്‌ത്രീകളും വയോധികരുമടക്കം എല്ലാവിഭാഗം ജനങ്ങളെയും പരമാവധി കൊല്ലുക, മാരകമായ പരിക്കുകളോടെ ആരെങ്കിലും തൽക്കാലം അതിജീവിച്ചാൽ അവർക്ക്‌ ചികിത്സ അസാധ്യമാക്കുന്ന തരത്തിൽ ആശുപത്രികൾ തകർക്കുക, ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകരെയാകെ കൂട്ടക്കൊല ചെയ്യുക, ഇസ്രയേലി ആക്രമണത്തിൽ വീട്‌ നഷ്‌ടപ്പെട്ടവർക്ക്‌ അവസാന ആശ്രയമായ അഭയാർത്ഥികേന്ദ്രങ്ങളിലും ബോംബിട്ട്‌ കൂട്ടക്കൊല തുടരുക, ഈ അതിക്രമങ്ങളെല്ലാം സഹിച്ച്‌ ജീവൻമാത്രം ബാക്കിയായവർക്ക്‌ യുഎൻ ഏജൻസികൾ ഭക്ഷണം എത്തിക്കുന്നത്‌ തടയുക, ഈ അവസരമുപയോഗിച്ച്‌ ഔദാര്യംപോലെ എന്തെങ്കിലും സഹായം നൽകാൻ അമേരിക്കയ്ക്ക് അവസ
രമൊരുക്കുക, അത്‌ വാങ്ങാൻ വരിനിൽക്കുന്നവർക്കുമേലും ബോംബിട്ട്‌ കൂട്ടക്കൊല ആവർത്തിക്കുക എന്നതാണ്‌ ഇസ്രയേൽ ഇപ്പോൾ പിന്തുടർന്നുവരുന്ന രീതി.

പ്രിമോ ലെവി

ലോകത്ത്‌ മറ്റെവിടെയും ‘മനുഷ്യാവകാശ’ത്തിന്റെ പേരു പറഞ്ഞ്‌ നിസ്സാര തർക്കങ്ങളിൽ പോലും ഇടപെടുന്ന അമേരിക്ക, തങ്ങളുടെ സഹായം വാങ്ങാൻ എത്തുന്നവരെപ്പോലും ഇസ്രയേൽ കൂട്ടക്കൊല ചെയ്യുമ്പോൾ അക്രമിക്കെതിരെ ഒന്നും മിണ്ടുന്നില്ല. മുമ്പ്‌ യാസർ അറഫാത്തിന്റെ മതനിരപേക്ഷ കക്ഷിയായ ഫത്തായ്‌ക്കെതിരെ ഗാസയിൽ മതവാദികളായ ഹമാസിനെ വളർത്തിയതുപോലെ ഹമാസിന്‌ ബദലായി ഇപ്പോൾ ഒരു ക്രിമിനൽ സംഘത്തെ ഗാസയിൽ ഇസ്രയേൽ പോറ്റിവളർത്തുന്നുണ്ട്‌. അവർ വഴിയും അവിടത്തെ ജനങ്ങൾക്ക്‌ ഇസ്രയേൽ ‘സഹായം’ ഒരുക്കുന്നുണ്ട്‌. ഇക്കാര്യത്തിൽ ഇസ്രയേലി നേതാക്കളിൽനിന്നുതന്നെ വിമർശം ഉയർന്നപ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശമനുസരിച്ചാണ്‌ ഹമാസിനെതിരെ പ്രാദേശിക സംഘങ്ങളെ സജീവമാക്കിയത്‌ എന്നാണ്‌ നെതന്യാഹു വീഡിയോ സന്ദേശത്തിൽ ന്യായീകരിച്ചത്‌. ഇത്തരം കൂലിസംഘങ്ങളുടെ അതിക്രമങ്ങളും ഗാസയിൽ ജനങ്ങൾക്കെതിരെ ഉണ്ടാവുന്നുണ്ട്‌. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഒരുക്കിയ സഹായവിതരണകേന്ദ്രങ്ങൾ മരണക്കെണികളായി മാറിയിരിക്കുകയാണെന്ന്‌ പലസ്‌തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ ജൂൺ 24ന്‌ തുറന്നടിച്ചു.

അമേരിക്കയിലെ ഡെലവേർ കേന്ദ്രമായി ഫെബ്രുവരിയിൽ സ്ഥാപിക്കപ്പെട്ട ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ(ജിഎച്ച്‌എഫ്‌) മെയ്‌ ആദ്യമാണ്‌ ഗാസയിൽ നാല്‌ കേന്ദ്രങ്ങൾ തുറന്ന്‌ ‘സഹായവിതരണം’ തുടങ്ങിയത്‌. പട്ടിണി സഹിക്കാനാവാതെ ഈ കേന്ദ്രങ്ങളിൽ ഭക്ഷണം വാങ്ങാൻ പ്രതീക്ഷയോടെ എത്തുന്നവരെ വെടിവച്ചും മിസൈലുകൾ വർഷിച്ചും മറ്റും കൊല്ലുന്നത്‌ വാർത്തയല്ലാതായിക്കഴിഞ്ഞു. ഇത്തരം കൂട്ടക്കൊലകൾ ഭയാനകമാണ്‌ എന്ന്‌ യുഎൻ വിശേഷിപ്പിച്ചതിന്റെ പിറ്റേന്ന്‌, ജൂൺ മൂന്നിന്‌ തെക്കൻ ഗാസയിലെ റഫയിൽ ഭക്ഷണം വാങ്ങാനെത്തിയ 27പേരെയാണ്‌ ഇസ്രയേലി സേന കൊന്നത്‌. പരിക്കേറ്റ 184പേരെ റഫയിലെ ഫീൽഡ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാസ നരകത്തേക്കാൾ മോശമായെന്നാണ്‌ പിറ്റേന്ന്‌ അന്താരാഷ്‌ട്ര റെഡ്‌ക്രോസ്‌ അധ്യക്ഷയും സ്വിസ്‌ നയതന്ത്രജ്ഞയുമായ മിറ്യാന സ്‌പോൾയാരിച്ച്‌ എഗർ പറഞ്ഞത്‌. ഒന്നര മാസത്തിനിടെ ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 450ലധികമാണെന്നാണ്‌ യുഎൻആർഡബ്ല്യുഎയുടെ കണക്ക്‌. ഇസ്രയേൽ നടപ്പാക്കുന്ന വംശഹത്യയ്‌ക്ക്‌ ഇത്തരത്തിൽ ഒത്താശചെയ്യുന്ന അമേരിക്കൻ ഫൗണ്ടേഷനെതിരെ 15 അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്‌. യുഎൻ സഹായമടക്കം തടയുന്ന ഇസ്രയേലിന്റെ താൽപര്യത്തിന്‌ പ്രവർത്തിക്കുന്ന ജിഎച്ച്‌എഫും മറ്റ്‌ സ്വകാര്യ ‘ജീവകാരുണ്യ സംഘടനകളും’ ഗാസയിലെ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ്‌ അന്താരാഷ്‌ട്ര സംഘടനകളുടെ മുന്നറിയിപ്പ്‌.

ഇസ്രയേലിന്റെ ഉപരോധം മൂലം ദുരിതമനുഭവിക്കുന്ന ഗാസക്കാരെ സഹായിക്കാൻ ഇതിനിടെ പല അന്താരാഷ്‌ട്ര ശ്രമങ്ങളും ഉണ്ടാവുന്നുണ്ടെങ്കിലും അതൊന്നും സയണിസ്‌റ്റ്‌ സർക്കാർ അനുവദിക്കുന്നില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമാധാനപ്രവർത്തകർ ഉൾപ്പെട്ട ‘ഫ്രീഡം ഫ്ലോട്ടില്ല’ വ്യൂഹത്തിന്റെ ഭാഗമായി ഗാസയിലേക്കടുത്ത ചെറുകപ്പലായ മദ്‌ലിൻ അന്താരാഷ്‌ട്ര സമുദ്രമേഖലയിൽ നിന്ന്‌ ഇസ്രയേൽ പിടിച്ചെടുത്തത്‌ ജൂൺ ഒൻപതിനാണ്‌. യുവ സ്വീഡിഷ്‌ സാമൂഹ്യ–-പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യൂൺബെർഗ്‌, യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ ഫ്രഞ്ച്‌ അംഗം റിമ ഹസൻ എന്നിവരടക്കം അതിലുണ്ടായിരുന്ന മുഴുവൻ സമാധാനപ്രവർത്തകരെയും ഇസ്രയേലി സൈനികർ തടവിലാക്കി. ആഗോള പ്രതിഷേധം ഉയർന്നതിനെ തുടർന്ന്‌ ചിലരെ പിന്നീട്‌ നാടുകടത്തി. ധാന്യപ്പൊടികളും കുഞ്ഞുങ്ങൾക്ക്‌ പാൽപ്പൊടിയും മറ്റുമായി ജൂൺ ഒന്നിനായിരുന്നു ‘മദ്‌ലിൻ’ ഇറ്റലിയിലെ സിസിലി ദ്വീപിൽ നിന്ന്‌ പുറപ്പെട്ടത്‌. ഇതിന്‌ മുമ്പ്‌ ഗാസയിലേക്ക്‌ വന്ന മറ്റൊരു സഹായക്കപ്പൽ ഇസ്രയേൽ ബോംബിട്ട്‌ തകർത്തിരുന്നു.

ഇസ്രയേലിന്റെ നിരന്തരമായ പ്രകോപനങ്ങളെ തുടർന്ന്‌ ഹമാസ്‌ 2023 ഒക്‌ടോബർ ഏഴിന്‌ ഇസ്രയേലിൽ കടന്നുകയറി നൽകിയ തിരിച്ചടിയെ മറയാക്കിയാണ്‌ ജൂത വംശീയരാഷ്‌ട്രത്തിന്റെ ഇപ്പോഴത്തെ ആക്രമണം. അണുവായുധശേഷിയും അതിവി
പുലമായ ചാരസംവിധാനവുമുള്ള ഇസ്രയേലിന്റെ അഹന്തയ്‌ക്ക്‌ ഹമാസിന്റെ പ്രഹരമുണ്ടാക്കിയ നാണക്കേടിൽ നിന്ന്‌ ഒരുകാലത്തും ഇസ്രയേലിന്‌ മോചനമുണ്ടാകില്ല. ഹമാസ്‌ ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും ലക്ഷ്യ
മിട്ട് ആക്രമണം നടത്തുന്നു എന്നവകാശപ്പെട്ട ഇസ്രയേലിന്‌ 20 മാസം പിന്നിട്ടിട്ടും രണ്ട്‌ ലക്ഷ്യങ്ങളും നേടാനായിട്ടില്ല. ഇതിനിടെ നിരവധി ബന്ദികൾ കൊല്ലപ്പെടുകയും ചെയ്‌തു. സംഘർഷം 15 മാസം പിന്നിട്ട വേളയിൽ കഴിഞ്ഞ ജനുവരി 18ന്‌ വെടിനിർത്തൽ ഉണ്ടായെങ്കിലും അത്‌ രണ്ടു മാസം തികച്ചപ്പോഴാണ്‌ ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിച്ചത്‌.

20 മാസത്തിനിടെ ഗാസയിൽ ഇസ്രയേൽ കൊന്നുതള്ളിയവരുടെ എണ്ണം എഴുപതിനായിരമെങ്കിലും വരും. തൽക്ഷണം കൊല്ലപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ചൊവ്വാഴ്‌ചവരെ 56,077 ആയിരുന്നു. ഇതിൽ 17,000ത്തിലധികം കുഞ്ഞുങ്ങളുമുൾപ്പെടുന്നു. കാണാതായവരുടെ എണ്ണം 11,000ലധികം വരുമെന്നാണ്‌ കണക്ക്‌. ഇവരെല്ലാം തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപെട്ട്‌ മരിച്ചിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഏറ്റവുമധികം കൊല്ലപ്പെട്ട തൊഴിൽവിഭാഗം മാധ്യമപ്രവർത്തകരാണ്‌. 184 മാധ്യമ പ്രവർത്തകരാണ്‌ അവിടെ ഇക്കാലയളവിൽ ഇല്ലാതായത്‌. തങ്ങൾ നടത്തുന്ന വംശഹത്യയുടെ ഭീകരത പുറംലോകം അതേഅളവിൽ അറിയരുതെന്നാഗ്രഹിക്കുന്ന ഇസ്രയേൽ തുടക്കം മുതൽ മാധ്യമസ്ഥാപനങ്ങളെയും പ്രവർത്തകരെയും ഉന്നമിട്ട്‌ ബോംബിങ്ങ്‌ നടത്തുന്നുണ്ട്‌. പലസ്‌തീൻ സംസ്‌കാരവും ചരിത്രവും അവശേഷിക്കരുത്‌ എന്ന ശാഠ്യവും ഇസ്രയേലിനുണ്ട്‌. കയ്യടക്കുന്ന പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതും അവിടങ്ങളിലെ സസ്യജാലങ്ങൾ ഇല്ലാതാക്കി യൂറോപ്യൻ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതും രാജ്യത്തിന്റെ അറബ്‌ ഛായ മാറ്റാൻ പണ്ടേ തുടങ്ങിയ പരിപാടിയുടെ ഭാഗമാണ്‌. ഇപ്പോൾ പലസ്തീനിലെ കലാ, സാഹിത്യ പ്രവർത്തകരെ കൊന്നൊടുക്കി ഫാസിസത്തിന്റെ ആവർത്തനം ആഘോഷിക്കുകയാണ്‌ ഇസ്രയേൽ. 2023 ഒക്‌ടോബറിൽ കടന്നാക്രമണം ആരംഭിച്ചതിനു ശേഷം ആദ്യഅഞ്ച്‌ മാസത്തിനകംതന്നെ ഗാസയിലെ 45 കലാകാരരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും കൊല്ലപ്പെട്ടു. അവരിൽ ബഹുഭൂരിപക്ഷവും യുവതീയുവാക്കളാണ്‌.

ഇതിനെതിരെ ലോകമെങ്ങും വളരുന്ന പ്രതിഷേധം പ്രതീക്ഷ നൽകുന്നതാണ്‌. അമേരിക്കയിൽ കേംബ്രിജിലും മാസച്യുസെറ്റ്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലും(എംഐടി) മറ്റും ഉയർന്ന പ്രതിഷേധങ്ങൾ ലോകശ്രദ്ധനേടി. മെയ്‌ 29ന്‌ എംഐടിയിലെ ബിരുദദാന ചടങ്ങിൽ പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ കെഫിയ ധരിച്ച്‌ എത്തിയ ഇന്ത്യൻ വംശജ മേഘ വെമുറിയുടെ പ്രതിഷേധം അമേരിക്കയിലും ചിന്തിക്കുന്ന യുവത സയണിസ്‌റ്റ്‌ യുദ്ധഭ്രാന്തിന്‌ എതിരാണ്‌ എന്നാണ്‌ വ്യക്തമാക്കിയത്‌. ഈ വർഷത്തെ ക്ലാസ്‌ പ്രസിഡന്റ്‌ എന്ന നിലയിൽ ചടങ്ങിൽ പ്രസംഗകയായിരുന്ന മേഘയേയും കുടുംബാംഗങ്ങളെയും, തുടർന്ന്‌ പരിപാടികളിൽ നിന്ന്‌ വിലക്കിയ അധികൃതരുടെ നടപടി വിദ്യാർഥികളുടെ പ്രതിഷേധത്തിന്‌ ഇടയാക്കി. അമേരിക്കയിൽ പോലും വളരുന്ന ഇത്തരം പ്രതിഷേധങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാൻ കൂടിയാണ്‌ നെതന്യാഹു ഇറാനിലേക്കും ആക്രമണം വ്യാപിപ്പിച്ചത്‌. ഇറാനിൽനിന്ന്‌ പ്രത്യാക്രമണം ഉണ്ടായപ്പോൾ ബോംബ്‌ ഷെൽറ്ററുകളിൽ അഭയം തേടിയ ഇസ്രയേലി പൗരരായ പലസ്‌തീൻകാർക്ക്‌ പ്രവേശനം നിഷേധിച്ചും നെതന്യാഹു സർക്കാർ വംശീയവിവേചന നിലപാട്‌ ആർവത്തിക്കുന്നത്‌ ലോകം കണ്ടു.l

യുഎൻ സൃഷ്‌ടി എന്ന അർധസത്യം

ഹിറ്റ്ലർ നടപ്പാക്കിയ ജൂത വംശഹത്യയുടെ പേരുപറഞ്ഞ്‌ നിലനിൽക്കുന്ന രാഷ്‌ട്രമാണ്‌ ഇസ്രയേൽ. യൂറോപ്പിൽ വേട്ടയാടലിനും കൂട്ടക്കൊലകൾക്കും ഇരയാക്കപ്പെട്ടവരുടെ പേരിൽ പലസ്‌തീൻപ്രദേശത്ത്‌ രൂപീകരിക്കപ്പെട്ട ആ രാഷ്‌ട്രം ഇപ്പോൾ ഹിറ്റ്‌ലറുടെ ജർമൻ നാസികളെപോലും നാണിപ്പിക്കുന്ന വംശീയഭീകരതയാണ്‌ പലസ്‌തീൻ ജനതക്കെതിരെ നടപ്പാക്കുന്നത്‌. യഥാർത്ഥത്തിൽ ഹിറ്റ്‌ലർ ജർമൻ ചാൻസലർ ആവുന്നതിന്‌ മുമ്പുതന്നെ ബ്രിട്ടനും ഫ്രാൻസും ക്രൈസ്‌തവ ഭൂരിപക്ഷ യൂറോപ്പിലെ ‘ജൂതപ്രശ്‌നം’ പരിഹരിക്കാൻ കണ്ടുപിടിച്ച മാർഗമായിരുന്നു അവിടത്തെ ജൂതർക്കായി പശ്ചിമേഷ്യയിൽ രാഷ്‌ട്രമുണ്ടാക്കുക എന്നത്‌. അങ്ങനെ തദ്ദേശജനതയുടെ സമ്മതമില്ലാതെ പലസ്‌തീൻമണ്ണിൽ ഇസ്രയേൽ സ്ഥാപിക്കപ്പെട്ടതുമുതൽ തുടങ്ങിയതാണ്‌ അവരുടെ അതിക്രമങ്ങൾ.

ഇസ്രയേൽ രൂപീകരിക്കപ്പെട്ടത്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ(യുഎൻ) തീരുമാനം അനുസരിച്ചാണ്‌ എന്നാണ്‌ പാശ്ചാത്യ ശക്തികളടക്കം അതിനെ അനുകൂലിക്കുന്നവർ എന്നും അവകാശപ്പെടുന്നത്‌. എന്നാൽ അത്‌ അർധസത്യം മാത്രമാണ്‌ എന്നതാണ്‌ വസ്‌തുത. യുഎന്നിൽ പാശ്ചാത്യ കൊളോണിയൽ ശക്തികൾക്ക്‌ ആധിപത്യമുണ്ടായിരുന്ന അക്കാലത്ത്‌ ആകെ 56 രാജ്യങ്ങൾക്കാണ്‌ അതിൽ അംഗത്വം ഉണ്ടായിരുന്നത്‌. ഏഷ്യയിലെയും ആഫ്രിക്കയിലെയും ബഹുഭൂരിപക്ഷം രാജ്യങ്ങളും അടിമത്തത്തിൽനിന്ന്‌ മോചിതമാവുന്നതിനു മുമ്പ്‌ ഈ ആധിപത്യം ഉപയോഗിച്ചാണ്‌ പാശ്‌ചാത്യരാഷ്‌ട്രങ്ങൾ ഇസ്രയേലിനെ സൃഷ്‌ടിച്ചത്‌. ജൂതരെ യൂറോപ്പിൽ നിന്ന്‌ ഒഴിവാക്കുന്നതിനൊപ്പം, വൻ പെട്രോളിയം ശേഖരം കണ്ടെത്തിയ അറബ്‌ മേഖലയിൽ ജൂതരാഷ്‌ട്രത്തെ ഉപയോഗിച്ച്‌ എന്നും ചൊൽപ്പടിയിൽ നിർത്താം എന്നുമാണ്‌ അതുവരെ ഈ മേഖലയെ കോളനിയാക്കിയിരുന്നവർ കണ്ടത്‌.

ഇസ്രയേൽ സ്ഥാപിക്കുന്നതിനുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ യുഎന്നിലെ 56 അംഗങ്ങളിൽ 33 രാജ്യങ്ങൾമാൾ മാത്രമാണ്‌ അനുകൂലിച്ചത്‌. അമേരിക്ക സ്വതന്ത്രരാക്കി വിട്ടയച്ച കറുത്തവരുടെ രാജ്യമായ ലൈബീരിയയും അന്ന്‌ വർണവെറിയൻ ഭരണത്തിലായിരുന്ന ദക്ഷിണാഫ്രിക്കയും മാത്രമാണ്‌ ഇതിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളത്‌. ഏഷ്യയിൽ നിന്നാകട്ടെ 1946വരെ അരനൂറ്റാണ്ടോളം അമേരിക്കൻ കോളണിയായിരുന്ന ക്രിസ്‌ത്യൻ ഭൂരിപക്ഷ ഫിലിപ്പീൻസ്‌ മാത്രമാണ്‌ ഇസ്രയേൽ രൂപീകരണത്തെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്‌തത്‌. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന യൂറോപ്യൻ രാജ്യമായ ഗ്രീസും പുതുതായി സ്വാതന്ത്ര്യം നേടിയ ഇന്ത്യയും പാകിസ്ഥാനുമടക്കം 13 രാജ്യങ്ങൾ എതിർത്ത്‌ വോട്ട്‌ ചെയ്‌തപ്പോൾ 10 രാജ്യങ്ങൾ വിട്ടുനിന്നു. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെ തുടർന്ന്‌, മാറിയ ലോകസാഹചര്യത്തിൽ 1994ൽ മാത്രമാണ്‌ വത്തിക്കാൻ പോലും ഇസ്രയേലിനെ അംഗീകരിച്ചത്‌.

വംശഹത്യക്കിരയായ ജൂതർക്ക്‌ ഒരുരാഷ്‌ട്രം എന്ന പാശ്ചാത്യ കെണിയിൽ അന്നത്തെ ‘സ്വതന്ത്രലോകം’ വീണപ്പോഴാണ്‌ ഇന്നുള്ളതിന്റെ മൂന്നിലൊന്ന്‌ അംഗങ്ങൾ പോലും ഇല്ലാതിരുന്ന ഐക്യരാഷ്‌ട്ര സംഘടനയാൽ ഇസ്രയേൽ സൃഷ്‌ടിക്കപ്പെട്ടത്‌. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ പിന്നീട്‌ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ അടങ്ങുന്ന ഇന്നത്തെ യുഎൻ ആയിരുന്നെങ്കിൽ യൂറോപ്പിന്റെ ജൂതപ്രശ്‌നം അറബ്‌ ജനതയുടെ തലയിലിട്ട്‌ പരിഹരിക്കാനാവുമായിരുന്നില്ല. പലസ്‌തീൻ പോരാളികളുടെ ഒന്നാം ഇന്തിഫാദയുടെ കാലത്ത്‌ 1988ൽ ഫ്രെഞ്ച്‌ തത്വചിന്തകൻ ജിൽ ദെല്യൂസ്‌ എഴുതിയതുപോലെ ‘യൂറോപ്പ്‌ ഒരിക്കലും ജൂതന്മാർക്കുള്ള എണ്ണിയാലൊടുങ്ങാത്ത നഷ്‌ടപരിഹാരം കൊടുത്തുവിട്ടിരുന്നില്ല. പകരം, നിഷ്‌കളങ്കരായ മറ്റൊരു ജനതയെ–-പലസ്‌തീൻകാരെ–- അതിന്‌ നിർബന്ധിക്കുകയാണ്‌ ചെയ്‌തത്‌. തുടർന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ജൂതർ അവിടേക്ക്‌ ഒഴുകിയപ്പോൾ അവിടെ അതുവരെ ജീവിച്ചിരുന്ന അറബികൾ അഭയാർത്ഥികളുമായി. പലസ്‌തീൻപ്രദേശം വെട്ടിമുറിച്ച യുഎൻ പ്രമേയമനുസരിച്ച്‌ അറബ്‌രാഷ്‌ട്രവും നിലവിൽ വരേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. അതുണ്ടാവാൻ ഒരിക്കലും അനുവദിക്കില്ല എന്നാണ്‌ ഇസ്രയേലിന്റെ നിലപാട്‌.

മുക്കാൽ നൂറ്റാണ്ടിലധികമായി സ്വന്തം രാഷ്‌ട്രത്തിനായി പോരാടുന്ന പലസ്‌തീൻ ജനതയെ ഐക്യരാഷ്‌ട്ര സംഘടനയടക്കം കൈവിട്ട സ്ഥിതിയാണ്‌. അവശേഷിക്കുന്ന പലസ്‌തീൻപ്രദേശങ്ങളിൽ ദിവസവും ഇസ്രയേൽ കൂട്ടക്കൊലകൾ നടത്തുകയാണ്‌. അതിനിരയാവുന്ന നിസഹായരായ ജനതയ്‌ക്ക്‌ ഭക്ഷണം എത്തിക്കുന്നതടക്കം തടയുന്ന ഇസ്രയേലിനെ നിയന്ത്രിക്കാൻ പോലും യുഎന്നിന്‌ സാധിക്കുന്നില്ല. ഇസ്രയേലിന്‌ നിലനിൽക്കാൻ അവകാശമുണ്ടെന്ന്‌ പറഞ്ഞാണ്‌ പാശ്ചാത്യ രാജ്യങ്ങൾ ആ ഭീകരരാഷ്‌ട്രത്തിന്റെ അതിക്രമങ്ങളെയെല്ലാം ന്യായീകരിക്കുന്നത്‌. നിലനിൽക്കാനുള്ള അവകാശം പലസ്‌തീൻകാരുമടക്കം മേഖലയിലെ മറ്റു രാജ്യങ്ങൾക്കുമുണ്ടെന്ന്‌ അവ അംഗീകരിക്കുന്നില്ല. ഇസ്രയേലിന്റെ വംശീയ അതിക്രമങ്ങളും അതിനെ അനുകൂലിക്കുന്ന പാശ്ചാത്യ നിലപാടും അതിനോട്‌ മഹത്തായ സാമ്രാജ്യത്വവിരുദ്ധ സമരപാരമ്പര്യമുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾ പുലർത്തുന്ന നിസംഗതയും ലോകത്തെ അപകടകരമായ അവസ്ഥയിലേക്ക്‌ തള്ളിയിടുകയാണ്‌.
– എ ശ്യാം

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 3 =

Most Popular