Thursday, July 10, 2025

ad

Homeകവര്‍സ്റ്റോറിഓപ്പറേഷൻ അജാക്സ് മുതൽ 
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ വരെ

ഓപ്പറേഷൻ അജാക്സ് മുതൽ 
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ വരെ

ഡോ. ടി എം 
തോമസ് ഐസക്

ണ്ട് മലയാളി പേർഷ്യയിലേക്കാണ് പോയിത്തുടങ്ങിയത്. ആ പേർഷ്യയാണ് ഇന്നത്തെ ഇറാൻ. ഇറാനിലായിരുന്നു ആദ്യം എണ്ണഖനികൾ കണ്ടുപിടിച്ചത്. അവയെല്ലാം ആംഗ്ലോ ഇറാനിയൻ എന്ന ബ്രിട്ടീഷ് എണ്ണക്കമ്പനിയുടേതായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് 1951 ൽ മുഹമ്മദ് മൊസാദേഖ് എന്ന ഇടതുപക്ഷക്കാരൻ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നത്. അദ്ദേഹം ബ്രിട്ടീഷ് എണ്ണക്കമ്പനി ദേശസാൽക്കരിച്ചു. ആ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയും ബ്രിട്ടനും കൂടി രൂപം നൽകിയ രഹസ്യ പരിപാടിയായിരുന്നു ഓപ്പറേഷൻ അജാക്സ്.

1953 ൽ സി ഐ എ ആസൂത്രണം ചെയ്ത ലഹള തെഹ്റാനിൽ പൊട്ടിപ്പുറപ്പെട്ടു. മൊസാദേഖ് ജയിലിലായി. ഷാ മുഹമ്മദ് റസാ പഹൽവി അധികാരത്തിൽ വന്നു. എണ്ണഖനികളെ ഷാ ബ്രിട്ടീഷ് കമ്പനിക്ക് തിരിച്ചേൽപ്പിച്ചു. എല്ലാ എതിർപ്പുകളെയും അടിച്ചമർത്തി, അയാൾ സ്വയം ചക്രവർത്തിയായി അവരോധിച്ചു. ഇടതുപക്ഷത്തെ വേട്ടയാടി ഉന്മൂലനം ചെയ്തു. ഷായ്‌ക്കെതിരെ ഖൊമേനിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം 1979 ൽ ഷായെ സ്ഥാനഭ്രഷ്ടനാക്കി.

ഇറാനിലെ 1951 ലെ അട്ടിമറി ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല.1950 കളിലും 1960 കളുടെ ആദ്യവുമായി ഒട്ടേറെ ഇടതുപക്ഷ സർക്കാരുകൾ ലാറ്റിനമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും ഉയർന്നുവരികയുണ്ടായി. കേരളത്തിലെ 1957 ലെ കമ്യൂണിസ്റ്റ് സർക്കാരും ഈ വിപ്ലവ വേലിയേറ്റത്തിന്റെ ഭാഗമായിരുന്നു. ഈ സർക്കാരുകളെയെല്ലാം സി ഐ എ അട്ടിമറിച്ചു. കേരളം പോലുള്ള ചിലതൊഴിച്ചാൽ എല്ലാം രക്തരൂഷിതമായ അട്ടിമറികളായിരുന്നു. അമേരിക്കയുടെ ആഗോള ലക്ഷ്യം അന്നേ വ്യക്തമായിരുന്നു; സോവിയറ്റ് വലയത്തിനു പുറത്ത് ഇനി പുതിയൊരു കമ്യൂണിസ്റ്റ് ഗവണ്മെന്റ് എന്നല്ല ഒരു ഇടതുപക്ഷ ഗവൺമെന്റിനെപ്പോലും അനുവദിക്കില്ല.

1970 കളിൽ ‘ഇടതുപക്ഷ ഭീഷണി’ അറബ് മേഖലയിൽ അപ്രത്യക്ഷമായി. പക്ഷേ അമേരിക്കൻ നയതന്ത്ര – സൈനിക ഇടപെടലുകൾ തുടർന്നു. എണ്ണയെ വരുതിയിലാക്കുന്നതിന് മധ്യ പൂർവ്വ മേഖലയിൽ നേരിട്ടോ, അല്ലാതെയോ ഉള്ള മേധാവിത്വം അമേരിക്കയ്-ക്ക് അനിവാര്യമായിരുന്നു. എണ്ണപോലെ തന്നെ അമേരിക്കക്ക് പ്രധാനമായിരുന്നു പെട്രോ – ഡോളറും. ഓപ്പറേഷൻ അജാക്സിൽ തുടങ്ങിയ നിരന്തരമായ സൈനികവും നയതന്ത്രപരവുമായ ഇടപെടലുകളാണ് ഇന്നിപ്പോൾ ഓപ്പറേഷൻ മിഡ് നൈറ്റ് ഹാമറിൽ വന്നു നിൽക്കുന്നത്.

എണ്ണയുടെ മേലുള്ള നിയന്ത്രണം

ഇഎംഎസ്

ഓപ്പറേഷൻ അജാക്സിന്റെ പിന്നിലെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ഇറാനിലെ എണ്ണയുടെ നിയന്ത്രണം ആർക്കായിരിക്കണം? മൊസാദേഖിന്റെ ഇടതുപക്ഷപക്ഷപാതിത്വം ഇറാനെ സോവിയറ്റ് വലയത്തിലേക്ക് എത്തിക്കുമോ? ഇവയായിരുന്നു അമേരിക്കയുടെ ആശങ്കകൾ.

എണ്ണയുടെമേൽ നിയന്ത്രണം ഉറപ്പുവരുത്തുന്നതിന് 1945 ൽ തന്നെ റൂസ്‌വെൽറ്റ് സൗദി അറേബ്യയുമായി കരാർ ഉണ്ടാക്കി. എണ്ണയ്-ക്കുപകരം അമേരിക്കൻ സംരക്ഷണം എന്നതായിരുന്നു കരാർ. പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തി. ലോകത്തെ എണ്ണയുടെ 50 ശതമാനവും മധ്യ പൂർവ്വ ദേശത്താണ്. എണ്ണയുടെ സുലഭവും സുസ്ഥിരവിലയിൽ ഉള്ളതുമായ ലഭ്യത അമേരിക്കയുടെയും ലോകത്തിന്റെയും സമ്പദ്ഘടനകളുടെയും സുസ്ഥിരവളർച്ചയ്ക്ക് അനിവാര്യമായിരുന്നു.

ഇതിനു ഭീഷണിയായി അമേരിക്ക കണ്ടത് അറബ് ദേശീയതയുടെയും, ഇടതുപക്ഷ ചിന്താഗതികളുടെയും വേലിയേറ്റമായിരുന്നു. ഇടതുപക്ഷ – – കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കുന്നതിന് അറബ് രാജ്യങ്ങളിൽ തീവ്ര ദേശീയ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകുന്നതിന് അമേരിക്ക മടിച്ചില്ല. പക്ഷേ അറബ് ദേശീയതയും തങ്ങളുടെ മേധാവിത്വത്തിനു ഭീഷണിയായേക്കാം എന്നുകണ്ട അമേരിക്ക ഇസ്രയേലിനെ തങ്ങളുടെ പ്രോക്സി ശക്തിയായി വളർത്താൻ തുടങ്ങി.

1967 ലെ ആറ് ദിവസ യുദ്ധവും 1973 ലെ യോം കിപ്പർ യുദ്ധവും ഇസ്രയേലിനെ അറബ് മേഖലയിൽ നിർണായക ശക്തിയായി പ്രതിഷ്ഠിച്ചു. അറബ് രാജ്യങ്ങളെ നിലയ്-ക്ക് നിർത്തുന്നതിനുള്ള പ്രാദേശിക സൈനിക ശക്തിയായി ഇസ്രയേലിനെ അമേരിക്ക വളർത്താൻ തുടങ്ങി.

ഒപെക്കും (OPEC) പെട്രോൾ വിലയും

മൊസാദേഖ്

അമേരിക്കയുടെ സഹായത്തോടെ അറബ് രാജ്യങ്ങളുടെ മേൽ ഇസ്രയേൽ ഏൽപ്പിച്ച അപമാനകരമായ തോൽവി അറബ് രാജ്യങ്ങൾക്കിടയിൽ പുതിയൊരു യോജിപ്പിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. ഇതിൽ നിന്നാണ് ഒപെക് ഉയർന്നത്. ഒപെക് 1960 ൽ ബാഗ്ദാദിൽ വച്ച്- ഇറാഖ്, ഇറാൻ, കുവൈറ്റ്, സൗദി അറേബ്യ, വെനസ്വേല എന്നീ 5 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു സംഘടനയാണ്. ആഗോള എണ്ണയെ നിയന്ത്രിച്ചിരുന്ന 7 സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികളോട് വിലപേശുവാനാണ് ഈ സംഘടന ഉണ്ടാക്കിയത്. എണ്ണവിലയിൽ സ്ഥിരത കൊണ്ടുവരുന്നതിൽ ഇവർ വിജയിച്ചു.

റൂസ്‌വെൽറ്റ്

എന്നാൽ 1973 ൽ ഇസ്രയേൽ യോം കിപ്പർ യുദ്ധം വിജയിച്ചതിൽ കുപിതരായ അറബ് രാജ്യങ്ങൾ എണ്ണ കയറ്റുമതിക്ക് ഉപരോധമേർപ്പെടുത്തി. 1974 ആയപ്പോഴേക്കും എണ്ണവില ബാരലിന് 3 ഡോളറിൽ നിന്ന് 12 ഡോളറായി ഉയർന്നു. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇതിനെതിരെ സൈനിക നടപടികളൊന്നും സ്വീകരിക്കാൻ അമേരിക്കയ്-ക്ക് കഴിയുമായിരുന്നില്ല. ആഗോളമായി വിലക്കയറ്റം രൂക്ഷമായി. ലോക സമ്പദ്ഘടനയിൽ വിലക്കയറ്റവും മാന്ദ്യവും ഒരേസമയം പ്രത്യക്ഷപ്പെടുന്ന സ്റ്റാഗ്ഫ്‌ളേഷൻ എന്ന പ്രതിഭാസം രൂപംകൊണ്ടു.

ഷാ മുഹമ്മദ് റസാ പഹൽവി

സൗദി അറേബ്യയുമായി 1945 മുതലുള്ള അമേരിക്കയുടെ ദീർഘകാലബന്ധം ഈ അപകട സന്ധിയിൽ തുണയായി. പെട്രോൾ വില പഴയ നിലയിലേക്ക് താഴ്ത്താൻ ഒരു ഉൽപ്പാദക രാഷ്ട്രവും സന്നദ്ധമായിരുന്നില്ല. ഉയർന്ന വിലയുടെ നേട്ടം അവർ രുചിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് അമേരിക്കയുടെ ആവശ്യം മിതമായിരുന്നു. എല്ലാവരും ഡോളർ വിലയിൽ വേണം പെട്രോൾ വിൽക്കാൻ. മറ്റു നാണയങ്ങൾ ഉപയോഗിക്കുവാൻ പാടില്ല.

ഇങ്ങനെ അറബ് രാജ്യങ്ങളുടെ കയ്യിൽ കുന്നുകൂടുന്ന ഡോളർ അവരെന്തു ചെയ്യും? എത്ര ചെലവഴിച്ചാലും തീരാത്തത്രയും ഡോളറാണ് അവരുടെ കൈവശം വന്നു ചേരുന്നത്. അമേരിക്കയുടെ നിർദ്ദേശം ലളിതമായിരുന്നു. ആ ഡോളർ അമേരിക്കൻ സർക്കാരിന്റെ സെക്യൂരിറ്റികളിൽ നിക്ഷേപിക്കണം. അറബികൾക്ക് ചെറിയ പലിശയും കിട്ടും.

ഡോളർ നാണയ വ്യവസ്ഥയും 
പെട്രോ ഡോളറും
അമേരിക്കയുടെ ഡോളർ – നാണയ വ്യവസ്ഥ ലോകത്ത് തുടരാൻ പെട്രോ – ഡോളർ അമേരിക്കയെ സഹായിച്ചു. ഇത് മനസ്സിലാക്കണമെങ്കിൽ, ഡോളറെങ്ങനെ ലോക നാണയമായി മാറി എന്നറിയണം.

രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ അമേരിക്കയായി ഏറ്റവും സുശക്തമായ സാമ്പത്തിക ശക്തി. അതുകൊണ്ട് ഡോളറിനെ ലോക നാണയമായി, എല്ലാ രാജ്യങ്ങളും അംഗീകരിച്ചു. അമേരിക്കയാവട്ടെ ആര് 35 ഡോളർ കൊണ്ടുവന്നാലും ഒരൗൺസ് സ്വർണം പകരം നൽകാമെന്നും ഏറ്റു.

മൊഹമ്മദ് നജീബുള്ള

പക്ഷേ, അമേരിക്കൻ ഡോളറിൽ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ആരും സ്വർണം മേടിക്കാൻ അമേരിക്കയിലേക്ക് ചെല്ലാറില്ലായിരുന്നു. അമേരിക്ക ആവട്ടെ ഇഷ്ടംപോലെ ഡോളർ അച്ചടിച്ചു ലോകം മുഴുവൻ സൈനികത്താവളങ്ങൾ ഉണ്ടാക്കുവാനും നിക്ഷേപങ്ങൾ നടത്തുവാനും തുടങ്ങി. വിയറ്റ്നാം ആക്രമണത്തിൽ തിരിച്ചടിയുണ്ടായപ്പോൾ പലർക്കും അമേരിക്കൻ പ്രതാപത്തിൽ സംശയം തോന്നിത്തുടങ്ങി. അവർ സ്വർണമായി മാറ്റിയെടുക്കാൻ ഭീമമായ തുകകൾ അമേരിക്കൻ കേന്ദ്രബാങ്കിനു മുൻപിൽ സമർപ്പിക്കാൻ തുടങ്ങി.

സദ്ദാം ഹുസെെൻ

കുറേ കഴിഞ്ഞപ്പോൾ പ്രസിഡന്റ് നിക്സണ് ബോധ്യമായി, അധികം താമസിയാതെ ആവശ്യക്കാർക്ക് കൊടുക്കുവാനുള്ള സ്വർണം അമേരിക്കയുടെ കയ്യിൽ ഇല്ലാത്ത സ്ഥിതിവരുമെന്ന്. 1971 ൽ പ്രസിഡന്റ് നിക്‌സൺ, ഡോളറിനു പകരം സ്വർണം കൈമാറ്റം ചെയ്യാമെന്ന ഉറപ്പ് പിൻവലിച്ചു. അതോടെ മറ്റെല്ലാ നാണയവും പോലെ ഡോളറും ഫ്ലോട്ടിങ് നാണയമായി. ഡോളറിന്റെ മൂല്യം ആവശ്യവും ലഭ്യതയും അനുസരിച്ചു കൂടുകയും കുറയുകയും ചെയ്യും. ഇതൊരു വലിയ പ്രതിസന്ധിയായി, കാരണം ഡോളർ വിൽക്കാൻ വരുന്നവരായിരുന്നു കൂടുതൽ. ഈ പ്രതിസന്ധിയിൽ നിന്ന് ഡോളറിനെ രക്ഷിച്ചത് പെട്രോ – ഡോളർ ആയിരുന്നു.

ഡോളറിന് ആവശ്യക്കാർ കുറഞ്ഞുവരുന്ന അവസ്ഥയാണ് 1970 കളുടെ ആദ്യം ഉണ്ടായിരുന്നത് എന്നു പറഞ്ഞല്ലോ? എന്നാൽ ഉയർന്ന വിലയ്ക്കുള്ള പെട്രോൾ മുഴുവൻ ഡോളറിൽ വിൽക്കുകയും ആ പണം മുഴുവൻ അമേരിക്കൻ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയും ചെയ്യുന്ന അവസ്ഥ വന്നതോടെ ഡോളറിന്റെ ആവശ്യം കുത്തനെ ഉയർന്നു. ലോക നാണയമായി ഡോളർ തുടർന്നു. ഇതിനു പിന്നിൽ വലിയപങ്ക് പെട്രോ – ഡോളർ വഹിച്ചു. അതിനു ശേഷം അമേരിക്കൻ നയതന്ത്രത്തിന്റെയും ഇടപെടലുകളുടെയും ഒരു പ്രധാന ഉന്നം പെട്രോ – ഡോളറിന്റെ സംരക്ഷണമായിത്തീർന്നു.

അമേരിക്കയും മതമൗലിക വാദികളും

നാസർ

ഇതിനിടെ അമേരിക്കയുടെ അറബ് നയതന്ത്ര സമീപനത്തിൽ പ്രധാനപ്പെട്ടൊരു മാറ്റം വന്നുചേരുകയുണ്ടായി. അറബ് ദേശീയ സ്വേച്ഛാധിപത്യ പ്രസ്ഥാനങ്ങളെ ഉപയോഗിച്ച് അമേരിക്ക ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുകയോ തകർക്കുകയോ ചെയ്തു. എല്ലാ പ്രധാനപ്പെട്ട അറബ് രാജ്യങ്ങളിലും രണ്ടാം ലോക യുദ്ധാനന്തരകാലത്ത് സുശക്തമായ കമ്യൂണിസ്റ്റ്പാർട്ടികളുണ്ടായിരുന്നു. ഈജിപ്തിൽ നാസർ തന്നെ കമ്യൂണിസ്റ്റുകാർക്കെതിരായി തിരിഞ്ഞു. 1958 ൽ സിറിയയിൽ അധികാരത്തിലെത്തിയ ബാത്തിസ്റ്റ് പാർട്ടി അവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടിയെ തകർത്തു. 1971 ലെ വിപ്ലവ ശ്രമം തകർന്നതോടെ സുഡാനിലെ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായി. സിറിയയിലും ലബനനിലും ഇതുതന്നെ ആവർത്തിച്ചു. പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി 1987 ൽ PLO യിൽ ലയിച്ചു. ദക്ഷിണ യമനിലെ പീപ്പിൾസ് ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് യമൻ മാത്രമായിരുന്നു അറബ് മേഖലയിലെ ഏക കമ്യൂണിസ്റ്റ് രാഷ്ട്രം. 1990 ൽ അതും അട്ടിമറിക്കപ്പെട്ടു.

കമ്യൂണിസ്റ്റുകാരെ തീർത്തുകഴിഞ്ഞപ്പോൾ അമേരിക്കയുടെ ഉന്നം താരതമ്യേന മതനിരപേക്ഷ നിലപാട് സ്വീകരിച്ച അറബ് ദേശീയ സർക്കാരുകളെ അട്ടിമറിക്കുക എന്നതായി. അതിനവർ ഉപയോഗപ്പെടുത്തിയത് അറബ് – ഇസ്ലാം മൗലികവാദത്തെയാണ്. ഇത്തരമൊരു ബന്ധത്തിന് അമേരിക്കയ്-ക്ക് യാതൊരു മടിയും ഉണ്ടായില്ല. 1945 മുതൽ തികഞ്ഞ യാഥാസ്ഥിതിക വഹാബിസത്തിന്റെ മുഖ്യ സ്ത്രോതസ് ആയിരുന്ന സൗദി അറേബ്യയുമായി അമേരിക്ക പുലർത്തിപ്പോന്ന സുദൃഢ ബന്ധത്തെ കുറിച്ച് നേരത്തേ തന്നെ സൂചിപ്പിച്ചുവല്ലോ?

ആസാദ്

അഫ്ഗാനിസ്ഥാനിൽ കമ്യൂണിസ്റ്റ് സർക്കാരിനെ തകർക്കാൻ മുജാഹിദീനുകളെ വളർത്തിയത് അമേരിക്കയാണ്. ഇതിനെത്തുടർന്നാണ് അൽഖ്വയ്‌ദ ഉൾപ്പെടെയുള്ള ആഗോള മുസ്‌ലിം തീവ്രവാദ നെറ്റ് വർക്ക്‌ രൂപം കൊള്ളുന്നത്. 2001 ലെ അഫ്ഗാൻ കടന്നാക്രമണവും 2003 ലെ ഇറാഖ് കടന്നാക്രമണവും ആ രാജ്യങ്ങളിലെ മത മൗലിക തീവ്രവാദത്തെ ശക്തിപ്പെടുത്തി. സിറിയയിലെ സർക്കാരിനെ അട്ടിമറിക്കുന്നതിന് മതമൗലിക തീവ്രവാദികളെ ഉപയോഗപ്പെടുത്തി. എന്നാൽ അതേസമയം 2001 ൽ വേൾഡ് ട്രേഡ് സെന്ററുകൾ തകർത്തതിനെ തുടർന്ന് അമേരിക്ക തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ഒരു ആഗോള യുദ്ധത്തിന് നിർബന്ധിതമായി. ഇത്തരത്തിൽ കുഴഞ്ഞുമറിഞ്ഞ അന്തർദേശീയ നയത്തുപിന്നിലെ കൃത്യമായ ലക്ഷ്യം അമേരിക്കൻ താൽപര്യങ്ങളുടെ സംരക്ഷണം മാത്രമായിരുന്നു. പ്രത്യേകിച്ച് പെട്രോ – ഡോളർ വ്യവസ്ഥയുടെ സംരക്ഷണം.

ഇസ്രയേലും പലസ്തീനും
മേൽപ്പറഞ്ഞ കുഴഞ്ഞു മറിഞ്ഞ അറബ് മേഖലയിലെ അവസ്ഥയിൽ അമേരിക്കയ്ക്കും പാശ്ചാത്യ ശക്തികൾക്കും ഉറച്ചു വിശ്വസിക്കാവുന്ന രാജ്യമായി ഇസ്രയേൽ മാറി. മധ്യപൂർവ്വ ദേശത്ത് എപ്പോൾ വേണമെങ്കിലും ഇടപെടുന്നതിനുള്ള സൈനിക ശക്തിയായി ഇസ്രയേലിനെ അമേരിക്ക വളർത്തിയെടുത്തു. ആഗോളമായുള്ള മാധ്യമ പ്രചാരണത്തിലൂടെ ഇസ്രയേലിന്റെ സംരക്ഷണം പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളുടെ ഏതാണ്ടൊരു വിശ്വാസ സംഹിതയുടെ ഭാഗമാക്കി മാറ്റി.

നിക്സൻ

ഇസ്രയേലിന് അവരുടെ ലക്ഷ്യത്തെക്കുറിച്ചു പൂർണ വ്യക്തത ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള രണ്ട് രാജ്യ നിലപാട് പൂർണമായി തള്ളിക്കളയുക. പലസ്തീനിൽ ഒറ്റ രാജ്യമേ ഉള്ളു അത് ഇസ്രയേലാണ്. പടിപടിയായി പഴയ പലസ്തീനിന്റെ സിംഹഭാഗവും അനധികൃതമായി കുടിയേറ്റക്കാരെക്കൊണ്ടുവന്ന്- താമസിപ്പിച്ച് ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റി. അവസാനം പലസ്തീൻ എന്നു പറഞ്ഞാൽ ഗാസാ കടൽ തീരത്തിലേക്ക് ചുരുങ്ങി. അവിടുത്തെ പലസ്തീൻകാരെ വംശഹത്യയിലൂടെ ഇല്ലാതാക്കുവാൻ ആണ് ഇപ്പോൾ ഇസ്രയേലിന്റെ ശ്രമം.

ഗദ്ദാഫി

ഇത്തരമൊരു വംശഹത്യ കൺമുൻപിൽ അരങ്ങേറിയിട്ടും ചില പ്രതിഷേധ പ്രസ്താവനകളല്ലാതെ കാര്യമായ ചെറുത്തുനിൽപ്പൊന്നും ഒരു അറബ് രാജ്യത്തു നിന്നുമുണ്ടായില്ല. ഇതാണ് 1970 കൾ വരെയുള്ള അറബ് രാജ്യങ്ങളിലെ സ്ഥിതിയും ഇന്നത്തെ അവസ്ഥയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. അറബ് രാജ്യങ്ങളെ മുഴുവൻ ഷണ്ഡീകരിക്കുന്നതിൽ അമേരിക്ക വിജയിച്ചു എന്ന് പറയാം. എല്ലാവരും വാങ്ങുന്നത് അമേരിക്കൻ ആയുധങ്ങൾ, പല രാജ്യങ്ങളിലുമായി അമേരിക്കൻ സൈനിക താവളങ്ങൾ, സാമ്പത്തികമായി മേധാവിത്വം പുലർത്തുന്ന പാശ്ചാത്യ കമ്പനികൾ. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്ന ഒരു രാജ്യം ഇറാനാണ്.

ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിലേക്ക്

അറബ് രാജ്യങ്ങളിൽ ഭൂരിപക്ഷവും സുന്നി വിശ്വാസികളാണ്. എന്നാൽ ഇറാനിൽ ഷിയ വിശ്വാസികളാണ് ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ഇറാൻ അറബ് രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഇറാഖിലും ഷിയ ആണ് ഭൂരിപക്ഷം പക്ഷേ ഇറാഖുമായി ഒരു പതിറ്റാണ്ട് യുദ്ധം നടത്തുന്നതിന് ഇറാന് മടിയുണ്ടായിരുന്നില്ല. 1979 ലെ ഷാ വിരുദ്ധ വിപ്ലവത്തിൽ ഇടതുപക്ഷക്കാരും ലിബറലുകമെല്ലാം പങ്കാളികളായിരുന്നു. എന്നാൽ ഇസ്ലാമിസ്റ്റുകൾക്ക് അധികാരം ലഭിച്ചതോടെ കമ്യൂണിസ്റ്റുകാർ അമർച്ച ചെയ്യപ്പെട്ടു. തികഞ്ഞ യാഥാസ്ഥിക മത ഭരണകൂടമാണ് അവിടെ നിലനിൽക്കുന്നത്.

ജോർജ് ഡബ്ല്യു ബുഷ്

എണ്ണയിൽ നിന്ന് ലഭിക്കുന്ന ഭീമമായ പണത്തിൽ നല്ലൊരുപങ്ക് ചെലവഴിച്ചത് സെെനികവൽക്കരണത്തിനാണ്. അവയിൽ നല്ലൊരു പങ്ക് സ്വയം വികസിപ്പിച്ചെടുത്തതുമാണ്. ഇതിൽ അമേരിക്കയെയും ഇസ്രയേലിനെയും ആശങ്കപ്പെടുത്തുന്ന കാര്യം ഇറാന്റെ ആണവ ശേഷിയാണ്. സമാധാന ആവശ്യങ്ങൾക്കുവേണ്ടിയാണ് തങ്ങളുടെ റിയാക്ടർ എന്നാണ് ഇറാൻ പറയുന്നത് എങ്കിലും. അവിടെ സമ്പുഷ്ട യുറേനിയം ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്നും വേണമെങ്കിൽ ആറ്റം ബോംബ് നിർമ്മിക്കുന്നതിലേക്ക് നീങ്ങാമെന്നും പാശ്ചാത്യ ശക്തികൾ ഭയപ്പെടുന്നു. ഇസ്രയേലിന് ആറ്റം ബോംബ് ആവാം, പക്ഷേ ഇറാന് പാടില്ല. ഇതാണ് അമേരിക്ക – – ഇസ്ര
യേൽ കൂട്ടുകെട്ടിന്റെ നിലപാട്.

ഇറാനെ തകർക്കുന്നതിന് സ്വന്തം സൈനിക ശേഷികൊണ്ട് കഴിയില്ല എന്ന തിരിച്ചറിവ് ഇസ്രയേലിനുണ്ട്. എന്നാൽ ട്രംപിന്റെ സ്ഥാനാരോഹണം ഇതിനൊരവസരം ഇസ്രയേലിനു നൽകി. ഇറാനെ സൈനികമായി തകർക്കുക, ആണവായുധ ശേഷി ഇല്ലാതാക്കുക, കഴിയുമെങ്കിൽ ഭരണമാറ്റം തന്നെ സൃഷ്ടിക്കുക. അതിനുവേണ്ടി അമേരിക്കയും ഇസ്രയേലും കൈകോർത്തതിന്റെ പര്യവസാനമാണ് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ.

ഡോളർ നാണയവ്യവസ്ഥയ്ക്ക് കവചം
അമേരിക്കയും ഇസ്രയേലും ഒരുവശത്തും, ഇറാൻ മറുവശത്തുമായുള്ള യുദ്ധം എങ്ങനെയാണ് പര്യവസാനിക്കാൻ പോകുന്നത് എന്ന് ഇപ്പോൾ പറയാനാവില്ല. യുദ്ധം തുടങ്ങിയത് അമേരിക്കയുടെ അറിവോടെയാണ്. ഏറ്റവും മാരകമായ കടന്നാക്രമണം നടത്തിയതും അമേരിക്കതന്നെ. എന്നിട്ട് യുദ്ധം അവസാനിപ്പിച്ചതിന്റെ പേരിൽ നൊബേൽ സമ്മാനം നേടാൻ ശ്രമിക്കുകയാണ് ട്രംപ്.

ഡോണാൾഡ് ട്രംപ്

ട്രംപിന് നൊബേൽ സമ്മാനം കിട്ടുമോ ഇല്ലയോ എന്ന് പറയാൻ ആവില്ല. എന്നാൽ ഒരു കാര്യം തീർച്ച. ഡോളർ ലോക നാണയവ്യവസ്ഥയ്ക്ക് നേരിട്ടിരുന്ന അടിയന്തര ഭീക്ഷണിക്ക് താൽക്കാലിക ശമനം നേടാൻ ട്രംപിന് കഴിഞ്ഞു. പെട്രോ – ഡോളറിന്റെ ഡോളർ നാണയ വ്യവസ്ഥയെ നിലനിർത്തുന്നതിലുള്ള പങ്ക് സൂചിപ്പിച്ചുവല്ലോ? ഇതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചവരെയെല്ലാം അമേരിക്ക നിർദാക്ഷിണ്യം കൈകാര്യം ചെയ്തിട്ടുണ്ട്.

1990 – 91 ലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിനെതിരെ അമേരിക്ക നടത്തിയ യുദ്ധത്തിന്റെ ലക്ഷ്യം പെട്രോ – ഡോളർ സംരക്ഷണം ആയിരുന്നു. 2000 ത്തിന്റെ ആരംഭത്തിൽ സദ്ദാം ഹുസൈൻ യൂറോ കറൻസിയിൽ പെട്രോൾ വ്യാപാരം മാറ്റുന്നതിന് നടത്തിയ പരിശ്രമമാണ് ബുഷിന്റെ കടന്നാക്രമണത്തിലേക്കും സദ്ദാം ഹുസൈൻ ഭരണത്തിന്റെ അട്ടിമറിയിലേക്കും നയിച്ചത്.

1969 മുതൽ 2011 വരെ ലിബിയയുടെ ഭരണാധികാരിയായിരുന്ന ഗദ്ദാഫി ഡോളറിനു പകരം സ്വർണമാന വ്യവസ്ഥയിലുള്ള ആഫ്രിക്കൻ ദിനാർ ഉപയോഗിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി. ആഫ്രിക്കൻ രാജ്യങ്ങളെ അറബ് രാജ്യങ്ങൾക്കൊപ്പം അണിനിരത്തുകയായിരുന്നു ഗദ്ദാഫിയുടെ ലക്ഷ്യം. എന്നാൽ 2011 ൽ ഓപ്പറേഷൻ ഒഡീസി ഡോൺ എന്ന സൈനിക കടന്നാക്രമണത്തിലൂടെ ഗദ്ദാഫി ഭരണത്തെ അട്ടിമറിച്ച് ഗദ്ദാഫിയെ അമേരിക്ക കൊലചെയ്തു.

ഈ പരമ്പരയിൽ അവസാനത്തേതാണ് ഇറാനെതിരായ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ. 2000 മുതൽ ഇറാൻ മറ്റ് ലോക നാണയങ്ങൾ ഡോളറിനു പകരം ഉപയോഗിക്കാൻ തുടങ്ങി. 2008 ൽ ഇതിനുവേണ്ടി പ്രത്യേകമൊരു കച്ചവട കേന്ദ്രവും സൃഷ്ടിച്ചു. ഡോളർ ഇല്ലാതെ ചൈനയും, റഷ്യയുമായി വ്യാപാരം തുടങ്ങി. ബ്രിക്സ് രാജ്യങ്ങളുടെ നാണയത്തിൽ താൽപര്യം കാണിച്ചു തുടങ്ങി.

മറ്റ് അറബ് രാജ്യങ്ങളും ഈ മാതൃക പിന്തുടരുവാൻ തുടങ്ങിയാൽ ഡോളർ ലോക നാണയ വ്യവസ്ഥയുടെ ഭാവി പരുങ്ങലിലാവും. ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾക്ക് അമേരിക്കൻ ഭീഷണി വന്നു കഴിഞ്ഞു. പുതിയ നാണയം സൃഷ്ടിക്കാനുള്ള ഏതൊരു പ്രവർത്തനത്തെയും ശത്രുതാപരമായ പ്രവർത്തനമായി അമേരിക്ക കാണും. ഏത് അറ്റം വരെയും അവർ പോവും എന്ന് ഇറാന്റെ കാര്യത്തിൽ തെളിയിക്കുകയും ചെയ്തു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + one =

Most Popular