Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിപശ്ചിമേഷ്യയിലെ യുദ്ധക്കളി

പശ്ചിമേഷ്യയിലെ യുദ്ധക്കളി

ആർ അരുൺകുമാർ

ജൂൺ 13ന് ലോകമുണർന്നത്, ഇറാനുമേൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചു എന്ന വാർത്ത കേട്ടുകൊണ്ടാണ്. രാജ്യം വിട്ടുപോകാൻ തയ്യാറായിരിക്കാൻ അമേരിക്കൻ നയതന്ത്രജ്ഞർക്ക് ട്രംപ് നിർദേശം നൽകിയപ്പോൾ, യഥാർത്ഥത്തിൽ, ആസന്നമായ ആക്രമണത്തെക്കുറിച്ച് സൂചന നൽകുകയായിരുന്നു. ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ കാണിച്ച ധെെര്യം പലരെയും അമ്പരപ്പിച്ചു, പ്രത്യേകിച്ചും ആത്മാർഥമെന്നു തോന്നിപ്പിക്കുംവിധം അമേരിക്കയും ഇറാനും തമ്മിൽ സന്ധിസംഭാഷണത്തിലേർപ്പെട്ടതിനുശേഷം. ഇസ്രയേലിന്റെ പ്രകോപനപരമായ ആക്രമണം ഈ ചർച്ചകളുടെ പാളംതെറ്റിച്ചു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അജൻഡ നടപ്പാക്കുന്ന തെമ്മാടി രാഷ്ട്രമായി ഇസ്രയേൽ പ്രവർത്തിക്കുകയാണെന്ന് ഇപ്പോൾ വെളിവായിരിക്കുകയാണ‍്.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഇറാനുമേൽ തങ്ങൾ നടത്തുന്ന ആക്രമണത്തെ ഇസ്രയേൽ ന്യായീകരിക്കുകയുണ്ടായി. ഈ ന്യായീകരണം, അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി (IAEA) യുടെ തലവൻ റാഫേൽ ഗ്രോസി അതിൽ അഭിപ്രായപ്രകടനം നടത്തുന്നതിനിടയാക്കി. എന്തായാലും ഇറാൻ പ്രശ്നത്തിൽ ഐഎഇഎയുടെ പങ്കുമായി ബന്ധപ്പെട്ട ചില സുപ്രധാന വസ്തുതകൾ ഒന്നുകൂടി പരിശോധിക്കുന്നത് പ്രധാനമാണ്.

2015ൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കുകീഴിൽ ഒപ്പുവച്ച ആണവ ഉടമ്പടിയായ സംയുക്ത സമഗ്ര പ്രവർത്തന പദ്ധതി (Joint Comprehensive Plan of Action-– JCPOA)യിൽനിന്ന് പിന്നീട് പ്രസിഡന്റായ ട്രംപ് ഏകപക്ഷീയമായി പിൻമാറിയതിനെത്തുടർന്ന് ഇറാൻ ഐഎഇഎയുമായുള്ള സഹകരണം 2021 ഫെബ്രുവരിയിൽ നിർത്തലാക്കി. ഇതിന്റെ ഫലമായി, ഇനിമേൽ ഇറാന്റെ ആണവപ്രവർത്തനങ്ങൾ പരിശോധിക്കാൻ കഴിയില്ല എന്ന് ഐഎഇഎ പ്രസ്താവിക്കുകയുണ്ടായി. ജൂൺ 9ന് റാഫേൽ ഗ്രോസി പറഞ്ഞത്, ഐഎഇഎയുടെ നിർദ്ദേശപ്രകാരം റിപ്പോർട്ട് ചെയ്യുന്നതിൽ ഇറാൻ പരാജയപ്പെട്ടത്, ഇറാന്റെ ആണവപദ്ധതികൾ പൂർണമായും സമാധാനപരമാണോ എന്നു പരിശോധിക്കുന്നതിനുള്ള ഏജൻസിയുടെ ശേഷിയിൽ കാര്യമായ കുറവുണ്ടാക്കി.’’ എന്നാണ്. ‘‘മൂന്ന് പ്രദേശങ്ങളിൽ –വാരാമിൻ, മരിവാൻ, തുർക്ക്സാബാദ്– മനുഷ്യനിർമിത യുറേനിയം പദാർഥങ്ങളുടെ സാന്നിധ്യം ഉള്ളതുമായി ബന്ധപ്പെട്ട് ഏജൻസിയുടെ ചോദ്യങ്ങൾക്ക് ഇറാൻ തുടർച്ചയായി ഉത്തരം പറയാതിരിക്കുകയോ സാങ്കേതികമായി വിശ്വാസയോഗ്യമായ ഉത്തരങ്ങൾ നൽകാതിരിക്കുകയോ ചെയ്തു’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഉയർന്ന തോതിൽ സമ്പുഷ്ട യുറേനിയം കുന്നുകൂട്ടുന്നതിൽ ‘‘ഗൗരവമേറിയ ആശങ്ക’’ പ്രകടിപ്പിച്ചുകൊണ്ടാണ് ഗ്രോസി തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്. എന്തായാലും, ഇറാൻ ആണവബോംബ് നിർമിക്കുന്നതായോ നിർമിക്കാൻ ശ്രമിക്കുന്നതായോ അദ്ദേഹം ഒരു ഘട്ടത്തിലും സൂചിപ്പിച്ചിരുന്നില്ല.

സ്പഷ്ടമായ ഈ വസ്തുതകളെല്ലാമുണ്ടായിട്ടും ഇസ്രയേൽ, ഇറാനുനേരെയുള്ള ആക്രമണത്തെ ന്യായീകരിക്കുന്നതിന് ഐഎഇഎയെ മറയാക്കിക്കൊണ്ട് അതിന്റെ പ്രസ്താവനകളെ വളച്ചൊടിച്ചു. സാമ്രാജ്യത്വ തിരക്കഥയിലെ ഒരു പുതിയ അടവല്ല ഇത്. ഇറാഖ് കൂട്ട നശീകരണായുധങ്ങൾ കെെവശം വച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് ജോർജ് ഡബ്ല്യു ബുഷ് ഇറാക്ക് അധിനിവേശത്തെ ന്യായീകരിച്ചതെങ്ങനെയെന്ന് ഓർത്തെടുക്കാൻ ഏതാനും വർഷം പിന്നിലേക്ക് നോക്കിയാൽ മാത്രം മതി. ആ ആയുധങ്ങൾ നീക്കംചെയ്യുന്നതിന്റെ പേരിൽ ഇറാക്കിനെ ബോംബിട്ടു തകർത്തു. സദാം ഹുസെെന്റെ വധവും വിഭാഗീയമായ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും രാജ്യം കൂപ്പുകുത്തിയതും ആ ഇടപെടലിന്റെ അനന്തരഫലങ്ങളായിരുന്നു. ഇന്ന്, ഇസ്രയേൽ തങ്ങളുടെ ഉപദേഷ്ടാവായ അമേരിക്കയുടെ പാത പിന്തുടരുകയാണ്. അപ്പോൾ സ്വാഭാവികമായും ഇസ്രയേൽ, ജൂൺ 19ന് ഐഎഇഎയുടെ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി നടത്തിയ, ‘‘ഇറാൻ ആണവായുധ നിർമാണത്തിലേക്കു നീങ്ങാൻ വ്യവസ്ഥാപരമായി ശ്രമിക്കുന്നു എന്നതിന് ഒരു തെളിവും ഞങ്ങളുടെ പക്കലില്ല’’ എന്ന പ്രസ്താവനയ്ക്ക് ഒരു പരിഗണനയും നൽകില്ല.

ആണവ ഭീഷണിയിൽനിന്നും ‘‘ഒരു രാജ്യത്തെയോ ലോകത്തെയോ രക്ഷിക്കുക’’ എന്നതായിരുന്നില്ല ഇസ്രയേലിന്റെ യഥാർഥ ഉദ്ദേശ്യം. അങ്ങനെയെങ്കിൽ ഇസ്രയേൽ സ്വയം ആണവായുധങ്ങൾ നിർമിക്കുകയോ ആണവ നിർവ്യാപന കരാറിന് (Nuclear Non–Proliferation Treaty–NPT) പുറത്തുനിൽക്കുകയോ ചെയ്യുമായിരുന്നില്ല. തങ്ങളുടെ കടന്നാക്രമണങ്ങൾക്കെതിരെ നിലകൊള്ളാൻ ധെെര്യപ്പെടുന്ന ഒരു രാജ്യത്തെയും പ്രത്യേകിച്ച്, പലസ്തീനെ പിന്തുണയ്ക്കുകയും പലസ്തീൻ അധിനിവേശത്തെ എതിർക്കുകയും ചെയ്യുന്ന ഒരു രാജ്യത്തെയും, ഇസ്രയേൽ വെച്ചു പൊറുപ്പിക്കില്ല. അമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങളെ സംരക്ഷിക്കുകയും അതുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന, ഈ മേഖലയിലെ വെല്ലുവിളിക്കാനാകാത്ത മേധാവിത്വ ശക്തിയാകാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.

സാങ്കേതികമായോ സെെനികമായോ സാമ്പത്തികമായോ തങ്ങൾക്ക് വെല്ലുവിളിയായേക്കാവുന്ന ഏതൊരു രാജ്യത്തെയും ഇസ്രയേൽ ഉടൻ തന്നെ ഒരു ഭീഷണിയായി കണക്കാക്കുന്നു. ഇത്തരം ഭീഷണികളെയെല്ലാം തുടച്ചുനീക്കുന്നതിന് അമേരിക്കയും ഇസ്രയേലും ഒരുമിച്ചു നിന്നു പ്രവർത്തിച്ചിട്ടുണ്ട്. സൗദി അറേബ്യ, യുഎഇ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങി പ്രധാനപ്പെട്ട അറബ് ശക്തികളെ കീഴടക്കുന്നതിൽ അവർ വിജയം നേടി. ഈ രാജ്യങ്ങളിൽ മിക്കതും അബ്രഹാം ഉടമ്പടികളിൽ ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ചവയാണ്. പലസ്തീൻ പ്രശ്നം പരിഹരിക്കാൻ അമേരിക്ക മുന്നോട്ടുവച്ച– പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലൂടെയല്ല, മറിച്ച് അതിന്റെ നിയമസാധുതതന്നെ നിരാകരിച്ചുകൊണ്ടുള്ള– പരിഹാരമായ ‘‘നൂറ്റാണ്ടിന്റെ ഉടമ്പടി’’ എന്നറിയപ്പെടുന്ന കരാറിന്റെ ഭാഗമാണ് ഈ രാജ്യങ്ങളെല്ലാം. ഇസ്രയേലുമായി സംഖ്യത്തിലേർപ്പെടുന്നതിന് ഈ രാജ്യങ്ങളെ നിർബന്ധിതമാക്കുന്നതിനാണ് ഈ ഉടമ്പടികൾക്ക് രൂപം നൽകിയത്. ഇറാക്കും അതിനുശേഷം സിറിയയും ലിബിയയും തുടങ്ങി അമേരിക്കൻ തീട്ടൂര പ്രകാരം നീങ്ങാൻ വിസ്സമതിക്കുകയും തന്ത്രപരമായ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന രാജ്യങ്ങൾ ക്രമേണ ആക്രമണ ലക്ഷ്യമാക്കപ്പെടുന്നു. ഇപ്പോൾ അവർ തുടച്ചുനീക്കാൻ ശ്രമിക്കുന്ന ഈ മേഖലയിലെ ഒടുവിലത്തെ പ്രധാനപ്പെട്ട രാജ്യം ഇറാനാണ്.

ഇസ്രയേലും അമേരിക്കയും ഐക്യരാഷ്ട്ര സഭയെയും അതിന്റെ കൺവൻഷനുകളെയും പാടെ അവഗണിക്കുകയാണെന്ന് ഇറാനുമേൽ ഇപ്പോഴുണ്ടായ ആക്രമണങ്ങളിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഇറാൻ ന്യൂക്ലിയർ ആക്രമണം നടത്തുമെന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ അതിനെ തടയുന്നതിനുള്ള മുൻകരുതൽ നീക്കമാണ് ഈ ആക്രമണമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. എന്നാൽ യുഎൻ ചാർട്ടറാകട്ടെ, മറ്റൊരു രാജ്യത്തിനുനേരെയുള്ള ആക്രമണ യുദ്ധത്തെ വ്യക്തമായും തടയുന്നതാണ്; സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ള സെെനികനടപടി മാത്രമേ അത് അനുവദിക്കുന്നുള്ളൂ. ഇറാൻ ഇസ്രയേലിനെ ആക്രമിച്ചിട്ടില്ല; ആണവായുധം നിർമിച്ചതായോ ഇസ്രയേലിനെതിരെ അതുപയോഗിച്ചതായോ ഒരു തെളിവുമില്ല. സ്വയം പ്രതിരോധമെന്ന നിലയിൽപോലും ഇസ്രയേലിന് തങ്ങളുടെ പ്രവൃത്തികളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. അല്ലെങ്കിൽത്തന്നെ ഇസ്രയേൽ എപ്പോഴാണ് ഐക്യരാഷ്ട്രസഭയെയോ അതിന്റെ പ്രമേയങ്ങളെയോ ചാർട്ടറിനെയോ വിലമതിച്ചിട്ടുള്ളത്? പലസ്തീൻ അധിനിവേശത്തെയും ആക്രമണത്തെയും അപലപിച്ചുകൊണ്ടുള്ള നിരവധി യുഎൻ പ്രമേയങ്ങൾ ഇസ്രയേൽ ആവർത്തിച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. മടങ്ങിവരവിനുള്ള പലസ്തീൻകാരുടെ അവകാശത്തിൽ ഉൗന്നിയുള്ളതോ അല്ലെങ്കിൽ ദ്വിരാഷ്ട്ര പരിഹാരത്തിനും പലസ്തീൻ രാഷ്ട്രത്തിനെ അംഗീകരിക്കുന്നതിനും വേണ്ടി ആഹ്വാനം ചെയ്യുന്നതോ ആയ പ്രമേയങ്ങളോട് അവർ ഒരു മതിപ്പും കാട്ടിയിട്ടില്ല. ഇസ്രയേൽ പെട്ടെന്ന് അന്താരാഷ്ട്ര നിയമം പാലിക്കുമെന്നോ ഐക്യരാഷ്ട്ര സഭയുടെ അധികാരത്തെ ബഹുമാനിക്കുമെന്നോ പ്രതീക്ഷിക്കുന്നത് ബാലിശമായിരിക്കും.

ഇപ്പോൾ കത്തിനിൽക്കുന്ന ചോദ്യമിതാണ്: പശ്ചിമേഷ്യയ്ക്ക് എന്തു സംഭവിക്കും? കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ, ലോകത്തിലെ മറ്റു ഭാഗങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരിക്കും?

ഈ മേഖലയിൽ പൂർണമായ വേ-്യാമ
ആധിപത്യം നേടിയെന്നും അതുകൊണ്ട് തങ്ങൾക്കിപ്പോൾ ഇറാനെ ഇഷ്ടാനുസരണം ആക്രമിക്കാൻ കഴിയുമെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രയേലും ഇറാനും പരസ്പരം ശക്തമായ വേ-്യാമാക്രമണം നടത്തുന്നതിനാണ് നാം സാക്ഷ്യം വഹിച്ചത്. ഇസ്രയേലിന്റെ വേ-്യാമാക്രമണം ഇറാനിലെ പശ്ചാത്തലസൗകര്യങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ആണവ–സെെനിക സ്ഥാപനങ്ങളെയും മുൻ ജനറൽമാരെയും ആണവശാസ്ത്രജ്ഞരെയും ലക്ഷ്യംവെച്ചുള്ളതായിരുന്നു. 263 സാധാരണക്കാരുൾപ്പെടെ കുറഞ്ഞത് 657 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2000ത്തിലേറെ പേർക്ക് പരിക്കേറ്റു. ഇസ്രയേൽ സെെന്യത്തിന്റെ കണക്കുകൾ പ്രകാരം, ഇസ്രയേലിനെ ലക്ഷ്യമിട്ട് 400 മിസെെലുകളും 1000 ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ട് ഇറാൻ തിരിച്ചടിച്ചു; അതിന്റെ ഫലമായി കുറഞ്ഞ് 24 പേർ മരിക്കുകയും നൂറുകണക്കിനുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാന്റെ ഭാഗത്തുനിന്ന് എന്തു തിരിച്ചടിയുണ്ടായാലും തുടക്കത്തിൽതന്നെ അതിനെ അടിച്ചമർത്താമെന്ന് കരുതി ഇസ്രയേൽ ഇറാന്റെ നിരവധി ഉന്നത ജനറൽമാരെയും ആണവശാസ്ത്രജ്ഞരെയും വധിച്ചു. എന്തായാലും ഇസ്രയേലിന്റെ ഈ അനുമാനം തെറ്റാണെന്നു തെളിഞ്ഞു. തുടക്കത്തിൽ നഷ്ടങ്ങളുണ്ടായെങ്കിലും ഇറാൻ ഉടനടി തന്നെ പ്രത്യാക്രമണം നടത്തി. ഇസ്രയേൽ സെെന്യത്തിന്റെയും ഇന്റലിജൻസിന്റെയും അടിസ്ഥാനസൗകര്യങ്ങൾക്കുനേരെ – റിപ്പോർട്ടുചെയ്യപ്പെടുന്നതനുസരിച്ച് ആശുപത്രികളുൾപ്പെടെ – ഇറാൻ ആക്രമണം നടത്തി. ഇറാന്റെ പരമോന്നത നേതാവായ അയത്തൊള്ള ഖമനേയി ഉൾപ്പെടെയുള്ള നേതാക്കളെ വധിക്കുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഈ ആക്രമണത്തിൽ പങ്കുചേർന്നുകൊണ്ട് അമേരിക്ക പ്രസ്താവിച്ചത്, ഖമനേയി താമസിക്കുന്നത് എവിടെയാണെന്നറിയാമെന്നും അദ്ദേഹത്തെ ആക്രമിക്കുന്നത് ഒട്ടും പ്രയാസകരമായിരിക്കില്ലെന്നും എന്നാൽ ‘‘അങ്ങനെ ചെയ്യുന്നില്ലെ’’ന്നുമാണ്. ഇറാനോട് കീഴടങ്ങാൻ അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ സംഘർഷങ്ങൾ ഇല്ലാതാക്കുന്നതിനുപകരം കൂടുതൽ രൂക്ഷമാക്കുകയേയുള്ളൂ. പ്രതീക്ഷിച്ചതുപോലെ ഇറാൻ, തങ്ങൾ ഒരിക്കലും കീഴടങ്ങില്ലെന്നും ചെറുത്തുനിൽപ് തുടരുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ശക്തമായി പ്രതികരിച്ചു.

ഇതിൽ ഏത് രാജ്യത്തിനാണ് യുദ്ധം ദീർഘകാലം നിലനിർത്താനുള്ള സെെനികശേഷിയും പടക്കോപ്പുകളുടെ ശേഖരവും ഉള്ളതെന്നതിനെ സംബന്ധിച്ച ചർച്ചയിലാണ് വിദഗ്ധർ. ശത്രു വിമാനങ്ങളെ തുരത്തുന്ന മിസെെൽ ഇന്റർസെപ്റ്ററുകളുടെ ക്ഷാമം ഇസ്രയേൽ ഇതിനകംതന്നെ നേരിട്ടു തുടങ്ങിയെന്നും അടിയന്തരമായും വീണ്ടും അവ സപ്ലെെ ചെയ്യേണ്ടതാവശ്യമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ സമയം ശ്രദ്ധ പതിക്കുന്നത്, ഇറാന്റെ കെെവശം ബാലിസ്റ്റിക് മിസെെലുകൾ എത്രയുണ്ടെന്നതിലേക്കും അവയ്ക്ക് തുടർച്ചയായി എത്രനേരം വിക്ഷേപിക്കാൻ കഴിയും എന്നതിലേക്കുമാണ്. ഇരുരാജ്യങ്ങളും കെെവശം വച്ചിരിക്കുന്ന ആയുധങ്ങളുടെ അളവെത്രയെന്നതു പരിഗണിക്കാതെയാണ് പരസ്പരം നാശനഷ്ടങ്ങൾ വരുത്തുകയും ലോകത്തെയാകെ ഉത്കണ്ഠയിലാഴ്ത്തുകയും ചെയ്യുന്നത് എന്നതാണ് നഗ്നമായ യാഥാർഥ്യം. ഇരുരാജ്യങ്ങളും തമ്മിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന യുദ്ധം ലോക സമാധാനത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നു. കലുഷിതമായ ഈ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നത് മറ്റ് ആഗോളശക്തികളുടെ ഇടപെടലാണ്.

ഇറാനെതിരെ ആക്രമണം നടത്തണോ വേണ്ടയോ എന്നതുസംബന്ധിച്ച് അടുത്ത 15 ദിവസത്തിനുള്ളിൽ താൻ തീരുമാനിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചത്. അമേരിക്കയുടെ ഒരു വൻ സെെനികസന്നാഹം ഇറാനെ ഇതിനകംതന്നെ വളഞ്ഞുകഴിഞ്ഞു. പർവ്വതങ്ങൾക്കടിയിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിക്കാൻ, ബങ്കറുകൾ തകർക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ച B–2 ബോംബറുകൾ വിന്യസിക്കുന്നതിന് ഇസ്രയേൽ അമേരിക്കയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. അമേരിക്ക ഇതുവരെ ഈ അഭ്യർഥന സ്വീകരിച്ചിട്ടില്ല. അതെന്തായാലും ഇറാനുമേലുള്ള ഇസ്രയേൽ ആക്രമണത്തെ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അവകാശപ്പെട്ടത്.

ഇറാനെതിരെ ഏതെങ്കിലും സെെനികാക്രമണത്തിൽ ഇസ്രയേലിനൊപ്പം ചേരുന്നതിനെതിരെ അമേരിക്കയ്ക്കും യൂറോപ്യൻ ശക്തികൾക്കും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെ ആക്രമിക്കുന്നതിനെതിരെ റഷ്യയും താക്കീത് നൽകിയിട്ടുണ്ട്. ചെെനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തുകയും ഇസ്രയേൽ എത്രയും വേഗം വെടിനിർത്തലിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യുദ്ധത്തിന്റെ പ്രത്യാഘാതം ആഗോ
ളതലത്തിൽ ഇതിനകം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അത് ഇനിയും വഷളാകാനുള്ള സാധ്യതയുമുണ്ട്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയരുകയാണ്. സംഘർഷം തുടരുകയാണെങ്കിൽ എണ്ണവില ബാരലിന് 150 ഡോളറിനടുത്ത് ഉയരുമെന്നും ഇത് യുദ്ധം ആരംഭിച്ച സമയത്തെ വിലയെക്കാൾ ഏകദേശം 150 ശതമാനം അധികമാണെന്നുമാണ് വിദഗ്ധർ കണക്കാക്കുന്നത്. ഇത്തരത്തിൽ ഊർജവിലയിലെ കുത്തനെയുള്ള വർധന ആഗോള സമ്പദ്-വ്യവസ്ഥയെ ഗുരുതരമായ പ്രതിസന്ധിയിലേക്കു തള്ളിവിടും. വിലക്കയറ്റം കുതിച്ചുയരുകയും അത് സാധാരണക്കാരുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യും. തൊഴിലാളിവർഗത്തെ, ജീവിതച്ചെലവ് പ്രതിസന്ധിയും യഥാർഥ വേതനത്തിലെ ഇടിവും ഇതിനകംതന്നെ പിടിമുറുക്കിയിരിക്കുകയാണ്. യുദ്ധം തുടർന്നാൽ അവരുടെ സ്ഥിതി കൂടുതൽ വഷളാകും.

ആഗോള വ്യാപാരം വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. ഇറാൻ ഹോർമൂസ് കടലിടുക്കിനെ തടസ്സപ്പെടുത്തുകയോ ഈ നിർണായക പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുകയോ അവയ്ക്ക് ഭീഷണിയാവുകയോ ചെയ്താൽ ആഗോളവ്യാപാരം തകരാം. ഇത്തരമൊരു തടസ്സം സൃഷ്ടിക്കൽ നിലവിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ആക്കം കൂട്ടുകയും വികസ്വര രാജ്യങ്ങളെയും അൽപ വികസിത രാജ്യങ്ങളെയും അത് ക്രമാതീതമായി ബാധിക്കുകയും ചെയ്യും. ആഗോള സപ്ലെെ ശൃംഖലയിലെ ഇതിന്റെ പ്രത്യാഘാതം വികസിത രാജ്യങ്ങളിലെപോലും തൊഴിലാളിവർഗത്തിന് അനുഭവിക്കേണ്ടിവരും.

ഈ പ്രത്യാഘാതങ്ങളെക്കുറിച്ച് പരക്കെ അറിവുണ്ടെങ്കിലും, സാമ്രാജ്യത്വശക്തികളുടെയും അതിന്റെ സഖ്യകക്ഷികളുടെയും തീരുമാനം ഈ ആക്രമണം തുടരാൻ തന്നെയാണെന്നാണ് കാണുന്നത്. ഈ മേഖലയിലും ലോകത്താകെയും തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുന്നതിനുള്ള ഉപാധിയായാണവർ യുദ്ധത്തെ കാണുന്നത്. ഇറാന്റെ പരാജയം, ബഹുധ്രുവ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കേൽക്കുന്ന തിരിച്ചടിയായി കണക്കാക്കപ്പെടാം. ഇറാൻ നിലവിൽ BRICS ലെയും ഷാങ്ഹായ് സഹകരണ സംഘടനയിലെയും അംഗവും റഷ്യയുടെയും ചെെനയുടെയും സംഖ്യകക്ഷി എന്ന നിലയിൽ പ്രധാനപ്പെട്ട തന്ത്രപരമായ പങ്കുവഹിക്കുകയും ചെയ്യുന്ന രാജ്യമാണ്. ഇറാൻ നിർവീര്യമാക്കപ്പെട്ടാൽ റഷ്യയ്ക്കും ചെെനയ്ക്കും അതിന്റെ സുപ്രധാന കൂട്ടുകക്ഷിയെ നഷ്ടമാകുമെന്നും, ചെെനയ്ക്ക് പ്രത്യേകിച്ചും അതിന്റെ മാനുഫാക്ചറിങ് മേഖലയ്ക്കാവശ്യമായ ഇന്ധനത്തിന്റെ പ്രധാന ഉറവിടം ഇല്ലാതാകുമെന്നും അമേരിക്ക കരുതുന്നു.

നേരെമറിച്ച്, ഇസ്രയേൽ പരാജയപ്പെടുകയാണെങ്കിൽ അത് അമേരിക്കക്കും അതിന്റെ അധീശാധിപത്യമോഹങ്ങൾക്കും കനത്ത തിരിച്ചടിയാകും. അങ്ങനെയെങ്കിൽ അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലുള്ള സ്വാധീനം നഷ്ടമാകുമെന്നു മാത്രമല്ല, രാഷ്ട്രീയമായും സാമ്പത്തികമായും സെെനികമായിപോലും തകർന്നുകൊണ്ടിരിക്കുന്ന ഒരു വൻശക്തിയെന്ന ധാരണയെ ഈ സംഘർഷം ശക്തിപ്പെടുത്തുകയും ചെയ്യും. ഇത്തരമൊരു പരിണാമഗതി ആഗോള ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതിനും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു ഏകധ്രുവലോകം നിലനിർത്തുന്നതിനുമുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകും.
അതുകൊണ്ടുതന്നെ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്, രണ്ടുരാജ്യങ്ങൾ തമ്മിലുള്ള വെറുമൊരു യുദ്ധമല്ല. മറിച്ച്, ആഗോള അധികാരഘടനയെ പുനർ നിർമിക്കുന്നതിനും മനുഷ്യരാശിയുടെ ഭാവിയെ ആഴത്തിൽ ബാധിക്കുന്നതിനും ശേഷിയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന ഒരു സംഘർഷമാണിത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് അൽപമെങ്കിലും വിവേകമുണ്ടായിരുന്നെങ്കിൽ അമേരിക്ക –ഇസ്രയേൽ അച്ചുതണ്ടിൽനിന്നും അകന്നുപോകാനും പകരം ഒരു ബഹുധ്രുവ ലോകം ശക്തിപ്പെടുത്താനുള്ള ശ്രമവുമായി കെെകോർക്കാനുമുള്ള സമയമാണിതെന്ന് തിരിച്ചറിയുമാ
യിരുന്നു. നിർഭാഗ്യവശാൽ, നിലവിലെ ബിജെപി ഗവൺമെന്റിന്റെ വിവേകത്തെയും ഉദ്ദേശ്യത്തെയും സംശയിക്കേണ്ട നിരവധി കാരണങ്ങളുണ്ട്. അതേസമയം പശ്ചിമേഷ്യ കത്തിപ്പടരുകയാണ്; അതിന്റെ ദുരിതമനുഭവിക്കുന്ന ജനത, സംഘർഷത്തിന് എത്രയും വേഗം പരിഹാരമുണ്ടാകുന്നതിനും സമാധാനം തിരികെയെത്തുന്നതിനും വേണ്ടി ഉത്കണ്ഠയോടെ കാത്തിരിക്കുകയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 8 =

Most Popular