ജൂൺ 13ന്, ഇസ്രയേൽ യാതൊരു പ്രകോപനവുമില്ലാതെ, ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ ഇറാനുമേൽ ആക്രമണമഴിച്ചുവിട്ടു. ആ ആക്രമണത്തിന്റെ തോത് ജ്യൂയിഷ് തോറയിലെ ആമോസിന്റെ വാക്യങ്ങളുടെ പ്രതിധ്വനിയുൾക്കൊള്ളുന്നു: സിംഹം അലറി –ആരാണ് ഭയക്കാത്തത്? ആ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലാകെ ഇസ്രയേൽ പ്രഹരമേൽപ്പിച്ചു; നതാൻസിലെ ആണവഗവേഷണനിലയത്തിൽ, ഖോമിലെ മതകേന്ദ്രത്തിന് തെക്കു പടിഞ്ഞാറ് 150 കിലോമീറ്റർ അകലെ തെഹ്റാനിലെ ഗവൺമെന്റ് കെട്ടിടങ്ങളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും എല്ലാം ഇസ്രയേൽ പ്രഹരമേൽപ്പിച്ചു. ഇറാൻ തിരിച്ചടിച്ചു; മിസെെലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിന്റെ തലസ്ഥാനമായ ടെൽ അവീവ് കുലുങ്ങി. പൊതു ആണവായുധ പരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ഇറാന് ‘സംശയാസ്പദമായൊരു’ ആണവായുധ പരിപാടിയുണ്ട്; എന്നാൽ, അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ട് തൽക്ഷണം പ്രയോഗിക്കാൻ കഴിയുന്ന നൂറോളം ആണവായുധ ശേഖരം ഇസ്രയേലിന്റെ കെെവശമുണ്ട് എന്നതിൽ വ്യക്തതയുണ്ട്.
ഇറാനിലെ ജനങ്ങളോട്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇംഗ്ലീഷിൽ, നിങ്ങൾ നിങ്ങളുടെ ഗവൺമെന്റിനെ അട്ടിമറിക്കണമെന്നും ഇസ്രയേലിന്റെ ബോംബാക്രമണം നിങ്ങൾക്ക് ‘സ്വാതന്ത്ര്യം നേടുന്നതിനുള്ള പാത വെട്ടുകയാണ്’ ചെയ്യുന്നതെന്നും പറഞ്ഞു. നെതന്യാഹുവിന്റെ വിചിത്രമായ പ്രസംഗത്തെ അവഗണിച്ചുകൊണ്ട്, ഇറാനിലെ വലിയൊരു വിഭാഗം ജനങ്ങൾ നഗരങ്ങളിലെ തെരുവുകളിലേക്കിറങ്ങുകയും ഇസ്രയേലിന്റെ ആക്രമണഭ്രാന്തിനെതിരായി സ്വയം പ്രതിരോധിക്കാൻ വേണ്ടിയാണ് തങ്ങളുടെ ഗവൺമെന്റ് അണുവായുധങ്ങൾ സംഭരിക്കുന്നതിന് ശ്രമിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്തു. ഇസ്രയേൽ ഇറാനുനേരെ തുരുതുരെ ആക്രമണമഴിച്ചുവിടുന്നത് തുടർന്നപ്പോൾ, ഇറാൻ പാർലമെന്റായ മജ്ലിസ്, ആണവായുധ നിർവ്യാപന കരാറിൽനിന്നും (1968) പിൻമാറാനുള്ള ബില്ല് തയ്യാറാക്കി; ഈ കരാറിലെ ചട്ടപ്രകാരമാണ് ഇറാൻ ഒരു ആണവോർജ പരിപാടി കെട്ടിപ്പടുത്തതും അണുവായുധം നിർമിക്കുകയില്ലായെന്ന് പ്രതിജ്ഞയെടുത്തതും എന്ന് ഓർക്കണം. 2003ൽ, ആയത്തൊള്ള അലി ഖമനേയി ആണവായുധങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഒരു ഫത്വ (നിയമം) ഇറക്കി: ‘ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തെ നമ്മൾ ഹറാമായി കരുതുകയും, ഭീകരമായ ഈ ദുരന്തത്തിൽനിന്ന് മാനവരാശിയെയാകെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയെന്നത് എല്ലാവരുടെയും കടമയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.’ 1989 മുതൽ ഖമനേയി ഇറാന്റെ പരമോന്നത നേതാവാണ്; ഇപ്പോഴത്തെ പരിതഃസ്ഥിതിയിൽ, അദ്ദേഹം തന്റെ ഫത്വ പിൻവലിച്ചേക്കാം. ഇറാനിലെ ചില ആണവശാസ്ത്രജ്ഞർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടപ്പോൾ, ആ ശാസ്ത്രജ്ഞർ ചെയ്തിരുന്ന പ്രവർത്തനം മറ്റുള്ളവർ ഏറ്റെടുക്കുമെന്നാണ് ഖമനേയി പറഞ്ഞത്. ഖമനേയി പറഞ്ഞു, ഈ ആക്രമണത്തോടുകൂടി, ഇസ്രയേൽ ‘‘സ്വയം അതിന്റെ തന്നെ കയ്-പേറിയതും വേദനാജനകവുമായ വിധി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.’’
സ്വന്തമായി ആണവായുധമുണ്ടായിരിക്കുക എന്നത് വിനാശകരമായ കടന്നാക്രമണത്തെ തടയുകയും അതേസമയം ആണവകവചം നീക്കം ചെയ്യുന്നത് ഭരണമാറ്റത്തിനുള്ള അനുവാദം നൽകലായി കലാശിക്കുകയും ചെയ്യുമെന്നാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഉത്തരകൊറിയയിൽ ഭരണമാറ്റം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള യുദ്ധം നടത്തുന്നതിൽനിന്ന് അടിസ്ഥാനപരമായി അമേരിക്കയെയും സഖ്യകക്ഷികളെയും തടഞ്ഞുനിർത്തിയത് ആ രാജ്യത്തിന്റെ ആണവ രക്ഷാകവചമാണ്. അതേസമയം, ലിബിയയിലെ ഗവൺമെന്റ് അതിന്റെ ആണവായുധ രാസായുധ ജെെവായുധ പരിപാടികളാകെ 2003ൽ നീക്കം ചെയ്യാൻ തുടങ്ങി; തത്ഫലമായി 2011ൽ, ലിബിയൻ രാഷ്ട്രത്തെ പാടെ തകർത്തുകളഞ്ഞ കടന്നാക്രമണം അവർക്ക് നേരിടേണ്ടിവന്നു. ഈ രണ്ട് ഉദാഹരണങ്ങൾ കാണിക്കുന്നത്, ആണവായുധങ്ങൾ കെെവശമുള്ള ഒരു രാജ്യത്തെ ഭരണകൂടം തകർക്കപ്പെടാനുള്ള സാധ്യത, ആണവായുധങ്ങൾ കെെവശമില്ലാത്ത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നാണ്. ഇതാണ് വാസ്തവത്തിൽ ഇറാനിലെ ജനങ്ങളുടെ, സ്വന്തം രാജ്യത്തിന്റെ പരമാധികാരത്തെ വിലമതിക്കുന്ന അഭിമാനികളായ ആ ജനതയുടെ മനസ്സിലുള്ള ചിന്ത; ഇറാനിലെ ചില വിഭാഗങ്ങൾക്ക് അവിടുത്തെ ഇസ്ലാമിക റിപ്പബ്ലിക്കിനോട് എതിർപ്പുണ്ടെങ്കിലും, അതിനെ അട്ടിമറിക്കുവാനുള്ള അമേരിക്കയുടെ നീക്കത്തെ അവർ പിന്തുണയ‍്ക്കുകയില്ല. അവർ അങ്ങനെയൊരു ജനതയാണ്; വൻ ജനാവലിക്കിടയിൽ നിന്നുകൊണ്ട് തലയിൽ തട്ടംപോലുമിടാതെ, തന്റെ ഗവൺമെന്റ് ഒരു കവചമെന്ന നിലയ്ക്ക് ആറ്റംബോംബ് നിർമിക്കണമെന്ന് ടെലിവിഷൻ റിപ്പോർട്ടർമാരോട് പറഞ്ഞ തെഹ്റാനിലെ ആ സ്ത്രീയുൾപ്പെടെ അതിൽപെടുന്നവരാണ്.
ടെൽ അവീവിൽ അലറിയ സിംഹത്തിന് അതിന്റെ ഉദ്ദേശ്യങ്ങൾക്ക് നേർവിപരീതമായ പരിണത-ഫലങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നേക്കാം: പുറത്തുനിന്നുള്ളവർക്ക് ഒട്ടും തന്നെ പ്രവേശിക്കാനാവാത്ത ഫോർദൊ ഫ്യുവൽ എൻറിച്ച്മെന്റ് പ്ലാന്റിൽവച്ച് ഇറാൻ എടുപിടീന്ന് ആണവായുധം ഉണ്ടാക്കുകയും അതുവഴി, അടിച്ചേൽപ്പിക്കപ്പെട്ട ഈ സംഘർഷത്തിന്റെ വിപുലീകരണത്തെ തടയുന്നതിനുള്ള ആണവകവചം സൃഷ്ടിക്കുകയും ചെയ്യാനിടയുണ്ട്.
***** *****
സംഘർഷത്തിന്റെ തുടക്കത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (IRIB) എന്ന, രാജ്യത്തെ പ്രധാന ടെലിവിഷൻ കേന്ദ്രത്തിനുമേൽ ഇസ്രയേലിന്റെ യുദ്ധവിമാനം ശക്തമായ പ്രഹരമേൽപ്പിച്ചു. ഒരു ലെെവ് ബ്രോഡ്–കാസ്റ്റ് നടക്കുന്നതിനിടയിൽ നടന്ന ആക്രമണത്തിൽ സ്റ്റുഡിയോ മൊത്തം പുകപടലങ്ങളിൽ മുങ്ങി; ‘ജന്മനാടിനെതിരായ കടന്നാക്രമണത്തെ’ അവതാരക സഹാർ ഇമാമി ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഐആർഐബി എഡിറ്റർ നിമ രജാബ്പൂറും മെസൊമെ അസീമിയും കൊല്ലപ്പെട്ടു. തെഹ്റാനിലെ ജില്ല നമ്പർ മൂന്നിലാണ് ഐആർഐബി സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്; അവിടുത്തെ ഒരു ദശലക്ഷം വരുന്ന നിവാസികളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ടുകൊണ്ട് ബോംബാക്രമണത്തിനു തൊട്ടുമുമ്പ് ഇസ്രയേലി സെെന്യത്തിന്റെ ശക്തമായ താക്കീത് ലഭിച്ചു. ഒഴിഞ്ഞുപോകണമെന്നു പറഞ്ഞുള്ള ഈ കൽപനകളിൽ പ്രതിധ്വനിക്കുന്നത് ഗാസയിൽ വംശഹത്യയ്ക്ക് തുടക്കമിടുമ്പോഴത്തെ ഇസ്രയേലിന്റെ സ്വഭാവമാണ്; അതായത്, ഉയർന്ന തോതിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാൻ പലസ്തീനിലെ ജനങ്ങളോട് മിനിറ്റുകൾക്കുമുമ്പ് ഉത്തരവിട്ട ഇസ്രയേലിന്റെ പെരുമാറ്റരീതിയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ജില്ല നമ്പർ മൂന്ന് മരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന സമൃദ്ധമായൊരു ഭൂപ്രദേശമാണ്; ഐക്യരാഷ്ട്രസഭാ കെട്ടിടങ്ങളും ദേശീയ ലെെബ്രറിയും ഒക്കെ നിലനിൽക്കുന്ന ആ പ്രദേശം നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതിചെയ്യുന്ന ഒരു മേഖല കൂടിയാണ്. താക്കീതു ചെയ്യാനും ബോംബാക്രമണം നടത്താനുമൊന്നും പാടില്ലാത്ത പ്രദേശമാണത്. കുറച്ചു സമയത്തിനുശേഷം സഹാർ ഇമാമി ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു; അവരുടെ മുഖത്ത് ആക്രമണത്തിന്റെ ഭയം ലവലേശം ഉണ്ടായിരുന്നില്ല. ആ സമയത്ത് അവർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്, യഥാർഥത്തിൽ ഇതുകൊണ്ടൊന്നും തങ്ങൾ തോറ്റുപിന്മാറില്ലായെന്ന ധീരതയെയാണ് പ്രതിഫലിപ്പിച്ചത്; ഇറാനിലെ സമൂഹ-മാധ്യമ ശൃംഖലകളിലുടനീളം അത് വ്യാപകമായി പ്രശംസിക്കപ്പെട്ടു.
കുറച്ചു മണിക്കൂറുകൾക്കുശേഷം, ഇസ്രയേൽ പ്രയോഗിച്ച അതേ അടവുതന്നെ തിരിച്ചു പ്രയോഗിച്ചുകൊണ്ട് ടെൽ അവീവിലെ നെയി ബ്രാക്കിലെ നിവാസികളോട് ഇറാന്റെ സായുധസേനാവിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് കോർപ്സ് ഒഴിഞ്ഞുപോകാൻ താക്കീത് നൽകി; ജറുസലേമിലെ ഗിവാത്ത് ഷൗൾ (Givat–Sharl) പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാൻ 11 എന്ന ഇസ്രയേലി വാർത്താചാനൽ (അതിനുശേഷം ചാനലുകൾ 12ഉം 1ഉം) ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇറാന്റെ മിസെെലുകളും ഡ്രോണുകളും നെയി ബ്രാക്കിന്റെ സമീപത്തുള്ള തീരപ്രദേശത്ത് കനത്ത ആഘാതമുണ്ടാക്കി. ഇസ്രയേലിന്റെ വേ–്യാമ പ്രതിരോധ സംവിധാനങ്ങൾക്ക് വീഴ്ചയുണ്ടായേക്കാമെന്ന് വ്യക്തമാക്കി. കാരണം ഇറാനിയൻ ആയുധ സംവിധാനങ്ങൾ അവയെ ഫലപ്രദമായി ചെറുത്തു എന്നതുതന്നെ. ജൂൺ 16ന് ഇറാൻ സെെന്യം അപകടകരമായ ഒരുകൂട്ടം ഡ്രോണുകൾക്കിടയിൽ 1500 കിലോമീറ്ററിനുമേലെ പറക്കാൻ കഴിയുന്ന ‘ആത്മഹത്യ’ ഡ്രോണായ (ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഡ്രോണുകൾ) ഷഹീദ് –107 പ്രകടനം നടത്തി. അടുത്തകാലത്ത് ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ വേ-്യാമയുദ്ധംപോലെ ഈ യുദ്ധം ജനറേഷൻ 4.5 സംഘർഷമല്ലെങ്കിലും, പ്രത്യാക്രമണ ആയുധങ്ങളുടെ കാര്യത്തിലോ സ്വയം പ്രതിരോധ ആയുധങ്ങളുടെ കാര്യത്തിലോ ഇരുപക്ഷത്തിനും നിർണായകമായ മുൻതൂക്കമൊന്നുമില്ലെന്ന് ഇത് കാണിച്ചുതുടങ്ങിയിരിക്കുന്നു. അമേരിക്ക ഈ സംഘർഷത്തിലേക്ക് നേരിട്ട് കടന്നുവരികയും ഗൾഫിലുള്ള അതിന്റെ ആസ്ഥാനങ്ങളിൽനിന്നും അതിന്റെ സെെനിക കപ്പലുകളിൽനിന്നും സ്ഫോടനം നടത്തുകയും ചെയ്യാതെ രണ്ട് പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഈ ദിവസങ്ങളിലെ സംഘർഷത്തിൽ കൃത്യമായൊരു വിജയി ഉണ്ടാകാനിടയില്ല.
***** *****
ന്യൂയോർക്കിൽ, ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധിയായ അമീർ സെയ്ദ് ഇറാവാനി, യാതൊരുവിധ പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയതുവഴി ഇസ്രയേൽ യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 2(4) ലംഘിച്ചുവെന്നും, ആർട്ടിക്കിൾ 51 അനുസരിച്ച് ഇറാന് സ്വയം പ്രതിരോധിക്കുവാനുള്ള അവകാശമുണ്ടെന്നും പ്രസ്താവിച്ചുകൊണ്ടുള്ള ഒരു കത്ത് സെക്രട്ടറി ജനറലിന് അയച്ചു. അതോടൊപ്പം ഇസ്രയേൽ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (International Atomic Energy Agency) മേൽനോട്ടത്തിൻകീഴിലുള്ള ആണവോർജ കേന്ദ്രങ്ങൾ– പ്രത്യേകിച്ചും നതാൻസിലെ–ആക്രമിച്ചുവെന്നും അത് റേഡിയോ ആക്ടീവ് ആണവപദാർഥങ്ങളെ അപകടകരവും അഭൂതപൂർവവുമായത്രയും കൂടുതൽ അപകടനിലയിലെത്തിക്കുകയും ചെയ്യു
മെന്നും ആ പ്രദേശത്തിനും ലോകത്തിനും ഗണ്യമായ തോതിൽ ഭീഷണിയുണ്ടാക്കുന്ന നടപടിയാണതെന്നും ഇറാവാനി ചൂണ്ടിക്കാണിച്ചു. ഏതാണ്ട് അതേ സമയത്തുതന്നെ, ഇറാന്റെ വിദേശമന്ത്രാലയ വക്താവായ ഇസ്മയേലി ബഖേയി, മനുഷ്യാവകാശങ്ങൾക്കുള്ള യുഎൻ ഹെെക്കമ്മീഷണറായ വോൾക്കർ തുർക്കിനോട് താൻ ‘വളച്ചൊടിക്കപ്പെട്ട ആശയങ്ങൾക്കുപിന്നിൽ’ ഒളിക്കുകയില്ലെന്നും, ഇസ്രയേൽ യുഎൻ ചാർട്ടർ ലംഘിച്ചതിനെ ‘വ്യക്തമായി, സംശയരഹിതമായി, ഒട്ടുംതന്നെ ന്യായീകരിക്കാതെ’ അപലപിക്കുന്നുവെന്നും പറഞ്ഞു.
ഇറാവാനി അയച്ച കത്തും ബഖേയിയുടെ പ്രസ്താവനയും രസകരമാകുന്നത്, റഷ്യൻ സേനകൾ ഉക്രെയ്നെ ആക്രമിക്കവെ യുഎൻ ചാർട്ടർ ലംഘിച്ച റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത് എന്ന പശ്ചാത്തലത്തിൽ നോക്കിക്കാണുമ്പോഴാണ്. ആ സമയത്ത് പാശ്ചാത്യരാജ്യങ്ങൾ റഷ്യക്കുനേരെ ബാലിസ്റ്റിക് മിസെെൽ ആക്രമണം നടത്തി; ഉപരോധമേർപ്പെടുത്തി; റഷ്യൻ നേതാക്കളെ അറസ്റ്റു ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക് ഫയലുകൾ അയച്ചു; അവസാനം ഉക്രെയ്ന് ആയുധങ്ങൾ നൽകുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ ഇറാനുമേൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രയേൽ യുഎൻ ചാർട്ടർ ലംഘിച്ചപ്പോൾ ഇപ്പറഞ്ഞ തരത്തിലുള്ള യാതൊരുവിധ വെെകാരികതകളും അവിടെ പ്രകടമാക്കിക്കണ്ടില്ല.
ആക്രമണം നടത്തുവാനുള്ള ലെെ സൻസ് ഇസ്രയേലിന് ലഭിച്ചത് ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിൽനിന്നല്ല, മറിച്ച് ഇസ്രയേലിന് ഇറാൻ അടക്കമുള്ള അതിന്റെ അയൽരാജ്യങ്ങൾക്കുമേൽ ‘ഗുണപരമായൊരു സെെനിക മുൻതൂക്കം’ (Qualitative Military Edge- – OME) ഉണ്ടായിരിക്കണമെന്ന ഇസ്രയേലും അമേരിക്കയും തമ്മിലുള്ള ദീർഘകാല ധാരണയിൽനിന്നാണ് ഗൾഫ് അറബ് രാഷ്ട്രങ്ങൾപോലെയുള്ള, അടുത്ത അമേരിക്കൻ സഖ്യകക്ഷികളടക്കംവരുന്ന മറ്റെല്ലാ രാജ്യങ്ങൾക്കുമുപരിയായി ഇപ്പറഞ്ഞ ഗുണപരമായൊരു സെെനിക മുൻതൂക്കം ഉണ്ടാക്കത്തക്ക നിലയിൽ, അമേരിക്ക ഇസ്രയേലിനെ ആയുധവത്കരിച്ചു; ഗൾഫ് അറബ് രാജ്യങ്ങളടക്കമുള്ള മറ്റ് സഖ്യകക്ഷികൾക്ക് അനുവദിച്ചത് ഇസ്രയേൽ നിർണയിച്ച പരിധിയിൽനിന്നുകൊണ്ടുള്ള സെെനിക ഉപകരണങ്ങളുടെ ഒരു നിശ്ചിതതലം മാത്രമാണ്. ഇസ്രയേലിന് ഗുണപരമായ സെെനിക മുൻതൂക്കവും അനിയന്ത്രിതാധികാരവും അമേരിക്കയിൽനിന്നും ലഭിച്ചിട്ടുണ്ട്; അതാണ് പലസ്തീനിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തിയ വംശഹത്യയിൽ ദൃശ്യമായത്; അതുതന്നെയാണ് പ്രദേശത്തെ പ്രധാന പലസ്തീൻ അനുകൂല രാജ്യമായ ഇറാനെതിരായി നിരന്തരം സെെനികാക്രമണ ഭീഷണിയുയർത്താൻ ഇസ്രയേലിനെ പ്രാപ്തമാക്കിയത്. കുറഞ്ഞത് 2009 മുതലിങ്ങോട്ട് ഇറാനെ ആക്രമിക്കുമെന്ന ഇസ്രയേലിന്റെ പരസ്യമായ ഭീഷണിയെ അമേരിക്ക പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്; ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നതിനുവേണ്ടിയാണിത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇറാനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്താൻ പാശ്ചാത്യരാജ്യങ്ങൾ അതിന്റെ സഖ്യകക്ഷികളോട് പറഞ്ഞത്, ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നുവെന്നോ ഇറാൻ ഇസ്രയേലിനെ ആക്രമിക്കുമെന്നോ ഉള്ള ഇറാന്റെ ഭാഗത്തുനിന്നുള്ള അപകടകരമായ ഭീഷണികൊണ്ടൊന്നുമല്ല, മറിച്ച് ഇറാനുമേൽ ഒരു ഇസ്രയേലി ആക്രമണമുണ്ടാകുന്നത് തടയുന്നതിനുവേണ്ടിയായിരുന്നു. ഈ വിപരീതാർത്ഥ തലം ഇന്ന് പാശ്ചാത്യവൃത്തങ്ങളിൽ തികച്ചും സാധാരണമായി മാറിക്കഴിഞ്ഞു (ജൂൺ 15ന്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലിയൺ വിചിത്രമായ വിധം ഇങ്ങനെ ട്വീറ്റുചെയ്തു– ഈ കടന്നാക്രമണ യുദ്ധം തുടങ്ങിവച്ച ഇസ്രയേലിന് ‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെ’ന്നതും, ‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുള്ള’ ഇറാനും ഈ മേഖലയിലെ പ്രധാന ഉറവിടമാണ്).
***** *****
സിറിയയ്ക്കും ഇറാഖിനും മേൽ മിസെെലുകൾ പറക്കുന്നതിന്റെ നാലാംദിവസം, തുർക്കിയുടെ പ്രസിഡന്റായ റീസെപ് തയ്യിപ് എർദൊഗാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് സംസാരിക്കുകയുണ്ടായി. ആ സംഭാഷണം വായിക്കാൻ വളരെ രസകരമായ ഒന്നാണ്; കാരണം, നെതന്യാഹുവിന്റെ ‘നിയമവിരുദ്ധമായ മനോഭാവം അന്താരാഷ്ട്ര സംവിധാനത്തിന് ഭീഷണിയുയർത്തുന്നു’ എന്ന് എർദൊഗാൻ പുടിനോട് പറയുകയാണ്. പലസ്തീൻ ജനതയ്ക്കുനേരെ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തുനിന്നുണ്ടായ അനുനയശ്രമങ്ങളൊന്നുംതന്നെ നെതന്യാഹു വകവച്ചിട്ടില്ലെന്നതും ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ലബനന്റെയും സിറിയയുടെയും പരമാധികാരത്തെ ലംഘിച്ചുവെന്നതും ഇപ്പോൾ ഇറാനെതിരായി യുദ്ധം തുടങ്ങിയെന്നതും ശരിയാണ്. ആക്രമണങ്ങൾ ആവർത്തിച്ചുണ്ടാകുന്നത്, ‘മൊത്തം മേഖലയുടെയാകെ സുരക്ഷയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു’ എന്നും എർദൊഗാൻ പറഞ്ഞു. ഈ ആക്രമണത്തിന് അടിയന്തരമായി അന്ത്യംകുറിക്കണമെന്ന് എർദൊഗാനും പുടിനും ഒരുപോലെ ആഹ്വാനം ചെയ്തു; ഈ ആക്രമണങ്ങൾ ഒരു ലോകയുദ്ധമായില്ലെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് പതിക്കുകയും ഒരു മേഖലാതല യുദ്ധമായി മാറുകയും ചെയ്യുമോയെന്ന ആവലാതികൊണ്ടാണ് ഈ ആഹ്വാനം നടത്തിയത്.
പശ്ചിമേഷ്യയുടെ ഭൂപടത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ ജീവിതം ശരിക്കും പെെശാചികമായി മാറിയതെവിടെയെന്ന് കാണാൻ കഴിയും: ഇസ്രയേലി യുദ്ധവിമാനങ്ങൾ തുടരെ തുടരെ അമേരിക്കൻ ബോംബുകൾ വർഷിച്ച ഗാസയുടെ നരകതുല്യമായി തീർന്ന ഭൂപ്രദേശം; പിന്നെ കാണുന്നത് തകർക്കപ്പെട്ട സിറിയൻ മണ്ണാണ്, ഇസ്രയേലി ബോംബുകൾ രക്തം പുരണ്ട കെെകളെ രക്തം പുരണ്ട കെെകൾകൊണ്ട് മാറ്റിസ്ഥാപിച്ച ഇവിടെ ഇപ്പുറത്തോ അപ്പുറത്തോ ഉള്ള വലിയ ശവക്കൂനകൾ സംസാരിക്കുന്നത് വിഭാഗീയ സംഘർഷത്തിന്റെ തിന്മയെക്കുറിച്ചാണ്; ഈ ഭൂപ്രദേശങ്ങൾക്കുമുകളിലൂടെ പറക്കുന്ന മിസെെലുകൾ, മറ്റു രാജ്യങ്ങളെക്കൂടി, ലോകത്തിലെ ഏറ്റവും ശക്തമായ സെെന്യമുള്ള അമേരിക്കയെയും ഒരുപക്ഷേ റഷ്യയെയും തുർക്കിയെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ഭീഷണിയാണ്. പുടിനും എർദൊഗാനും തമ്മിലുള്ള സംഭാഷണം സൂചിപ്പിക്കുന്നത്, യുദ്ധം രൂക്ഷമാക്കുന്നതിനുള്ള വലിയ അത്യാർത്തിയൊന്നുമില്ലായെന്നാണ്; അതുതന്നെയാണ് വാഷിംഗ്ടണിലും പ്രതിധ്വനിക്കുന്ന നിലപാട് എന്നാണ് തോന്നുന്നത്. പക്ഷേ, ഇതൊന്നും കണക്കാക്കാതെ, ലോകത്തെ കൊടുംദുരന്തത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനുള്ള ഭീഷണിയുയർത്തിക്കൊണ്ട് നെതന്യാഹു മുന്നോട്ടുപോ കുകയാണ്. ഇസ്രയേലിനെതിരെ വംശഹത്യാപരമായ ഉദ്ദേശ്യങ്ങളൊന്നും തീർച്ചയായും ഇല്ലാത്ത, എന്നാൽ ഇസ്രയേലിൽനിന്നും വംശഹത്യാപരമായ ചെയ്തികൾ നേരിടേണ്ടി വരുന്ന ജനതയിൽനിന്നും ഭൂമി പിടിച്ചെടുത്തുകൊണ്ട് പശ്ചിമേഷ്യയുടെ ഭൂപടം തുടർച്ചയായി മാറ്റിവരയ്ക്കുന്നതിന് ഇസ്രയേൽ ഉപയോഗിക്കുന്നത് വ്യാജ നിലനിൽപ്പു ഭീഷണിയാണ്. ആർക്കും നെതന്യാഹുവിനെ തടയാനാവുമെന്ന് തോന്നുന്നില്ല; അതുകൊണ്ടുതന്നെ ഒരുപാടുപേർ തങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ്. ആക്രമണങ്ങൾ നമ്മുടെ പുതിയ മഹാമാരിയാണ്. ഫേസ് മാസ്-ക്കിനുപകരം, നമ്മൾ നമ്മുടെ കണ്ണുകൾ അഴിക്കാൻ പറ്റാത്ത വിധം മൂടിക്കെട്ടേണ്ടിവന്നിരിക്കുകയാണ്.
***** *****
ഇസ്രയേലിന് നമ്മെ പേടിപ്പെടുത്തുന്ന ഒരു സെെനിക സിദ്ധാന്തമുണ്ട്; സാംസൺസ് ഓപ്ഷൻ എന്നാണത് അറിയപ്പെടുന്നത് (സെയ്-മൂർ ഹെർഷ് ഇസ്രയേലിന്റെ ആണവായുധ നയത്തെ സംബന്ധിച്ച് 1991ൽ എഴുതിയ പുസ്തകത്തിൽ ഇത് വിശദീകരിച്ചിട്ടുണ്ട്). തങ്ങൾക്കുനേരെ ഭീഷണിയുയരുകയാണെന്ന് ഇസ്രയേലിന് തോന്നിയാൽ, ഇസ്രയേൽ ശത്രുക്കൾക്കുനേരെ ആണവായുധങ്ങൾ പ്രയോഗിക്കും. സാംസണിന്റെയും സിംഹത്തിന്റെയും ബെെബിൾ കഥയിൽനിന്നാണ് സാംസൺസ് ഓപ്ഷൻ എന്ന പേരുവരുന്നത്. സാംസൺ തന്റെ ഭാവി ഭാര്യയെ കാണാൻ പോകുന്നതിനിടയിൽ ഒരു യുവസിംഹം അദ്ദേഹത്തിനുനേരെ അലറിയടുത്തു (ഹിബ്രുതനാഖിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്). തന്നിലുള്ള ദെെവികശക്തിയാൽ സാംസൺ കെെകൊണ്ട് ആ സിംഹത്തെ വലിച്ചുകീറി; വെറും കെെകൊണ്ട് ഒരാട്ടിൻകുട്ടിയെ വലിച്ചുകീറുന്ന ലാഘവത്തോടെയാണത് ചെയ്തത്. ഇപ്പോൾ ഇറാനുനേരെ നടക്കുന്ന ഇസ്രയേൽ ആക്രമണം വിളിക്കപ്പെടുന്നത് ‘സിംഹത്തിന്റെ അലർച്ച’ എന്നാണ്. ഒരുപക്ഷേ നെത്യാഹുവും അദ്ദേഹത്തോടൊപ്പമുള്ള ഉന്നത ഉദ്യോഗ സ്ഥരും സാംസൺ സിംഹത്തെ എന്താണ് ചെയ്തത് എന്ന് മറന്നിട്ടുണ്ടാവാം. അത് വലിച്ചുകീറപ്പെടുകയായിരുന്നു. l