ഇറാനുനേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണം ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്ക നേരിട്ട് ഇറാനെ ആക്രമിച്ചതോടെ ഇറാൻ പ്രത്യാക്രമണം രൂക്ഷമാക്കുകയും ഖത്തറിലെ അമേരിക്കൻ വേ-്യാമസേനാതാവളത്തെത്തന്നെ ആക്രമിക്കുകയും ചെയ്തതോടെ അന്ധാളിപ്പിലായ അമേരിക്കൻ ഭരണാധികാരികൾ താൽക്കാലിക വെടിനിർത്തലിന് നെതന്യാഹുവിനുമേൽ സമ്മർദം ചെലുത്താൻ നിർബന്ധിതരായി. എന്നാൽ ഈ വെടിനിർത്തലിന് ശാശ്വത സ്വഭാവമുണ്ടാവില്ലെന്നാണ് പലസ്തീൻ വിഷയ–ത്തിലെ ഇസ്രയേലിന്റെ നിലപാടിൽനിന്നുള്ള അനുഭവം വ്യക്തമാക്കുന്നത്. താൽക്കാലിക വെടിനിർത്തലുകളെ ശാശ്വത സമാധാനത്തിനായുള്ള ചർച്ചകൾ തുടരാനുള്ള അവസരമായല്ല അടുത്ത ആക്രമണത്തിനു വേണ്ട ശക്തി സംഭരിക്കാനുള്ള സമയമായാണ് സാമ്രാജ്യത്വവും സിയോണിസ്റ്റുകളും കരുതുന്നത്. പലസ്തീൻ ജനതയ്ക്കുനേരെ അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളുടെ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നത് ഇതാണ്.
പശ്ചിമേഷ്യയിലെ എണ്ണയിൽ കണ്ണുനട്ടും ലോകത്തിനുമേൽ ആധിപത്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയും സാമ്രാജ്യത്വ ശക്തികൾ തന്നെയാണ് ഇസ്രയേൽ എന്ന തെമ്മാടി രാഷ്ട്രത്തെ പശ്ചിമേഷ്യക്കുമേൽ അടിച്ചേൽപ്പിച്ചത്–ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രൊട്ടക്ടറേറ്റായിരുന്ന പലസ്തീൻ പ്രദേശത്തേക്ക് യൂറോപ്പിലാകെ അധിവസിച്ചിരുന്ന ജൂതരെ പ്രലോഭിപ്പിച്ച് സംഘടിതമായി കൊണ്ടുവരികയായിരുന്നു. അന്ന് പലസ്തീൻ പ്രദേശം തരിശായികിടക്കുകയായിരുന്നില്ല എന്നും ഓർക്കണം. മുസ്ലീങ്ങളും ജൂതരും ക്രിസ്ത്യാനികളും സഹസ്രാബ്ദങ്ങളായി അധിവസിച്ചിരുന്ന പ്രദേശമാണ് പലസ്തീൻ. അവിടേക്കാണ് പുതിയ കുടിയേറ്റക്കാരായി യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമുള്ള ജൂതരെ സാമ്രാജ്യത്വ ശക്തികൾ പ്രതിഷ്ഠിച്ചത്. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെയാണ് ആസൂത്രിതമായ ഈ കുടിയേറ്റം ആരംഭിക്കുന്നത്. തലമുറതലമുറയായി ആ പ്രദേശത്ത് കൃഷി ചെയ്ത് ജീവിച്ചുവരികയായിരുന്ന തദ്ദേശവാസികൾ ആട്ടിയോടിക്കപ്പെടുകയായിരുന്നു. 1948ൽ അമേരിക്കയുടെയും ബ്രിട്ടന്റെയും മറ്റും സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങി ഐക്യരാഷ്ട്രസഭ പലസ്തീൻ പ്രദേശത്തെ രണ്ടായി വിഭജിച്ച് ഇസ്രയേൽ എന്ന ജൂത രാഷ്ട്രത്തെ സ്ഥാപിക്കുകയാണുണ്ടായത്. പശ്ചിമേഷ്യയെ അശാന്തമാക്കിയ സംഘട്ടനങ്ങൾക്ക്, ചോരക്കളികൾക്ക് അതോടെ തുടക്കമാവുകയായിരുന്നു.
20–ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഇറാനിൽ എണ്ണ കണ്ടെത്തിയതോടെയാണ് സാമ്രാജ്യത്വശക്തികളുടെ കഴുകൻകണ്ണുകൾ പശ്ചിമേഷ്യയിലേക്ക് പതിഞ്ഞത്. എപ്പോഴും തങ്ങൾക്ക് ഇടപെടാൻ പറ്റുംവിധം ആ മേഖലയെ സംഘർഷഭരിതമാക്കാൻ വേണ്ട കുത്തിത്തിരിപ്പുകൾക്ക് ഇസ്രയേൽ എന്ന ശിങ്കിടിയെ അവിടെ കുടിയിരുത്തിയത് അതോടെയാണ്. രണ്ടാം ലോകയുദ്ധാനന്തരം ആഗോള സാമ്രാജ്യത്വ സംവിധാനത്തിന്റെ തലപ്പത്ത് അമേരിക്ക എത്തിയതോടെ പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുകയാണുണ്ടായത്.
തങ്ങളുടെ താളത്തിനൊത്ത് തുള്ളാൻ തയ്യാറാകാത്ത രാജ്യങ്ങളെ തകർക്കുകയോ ബലപ്രയോഗത്തിലൂടെ ഭരണമാറ്റമുണ്ടാക്കുകയോ ആണ് അമേരിക്ക കഴിഞ്ഞ ഏഴെട്ട് ദശകങ്ങളായി പിന്തുടരുന്ന നയം. അങ്ങനെ ലോകത്തിനുമേലാകെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇറാഖിലും ലിബിയയിലും സിറിയയിലുമെല്ലാം സംഭവിച്ചത് ഇതുതന്നെയാണ്. അതിന്റെ തുടർച്ച തന്നെയാണ് ഇസ്രയേലിനെ മുന്നിൽ നിർത്തി അമേരിക്ക ഇറാനു നേരെ ഇപ്പോൾ നടത്തുന്ന കടന്നാക്രമണം.
ഈ ലക്കത്തിൽ പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും നടത്തുന്ന കടന്നാക്രമണമാണ് കവർ സ്റ്റോറിയുടെ വിഷയം. ആർ അരുൺകുമാർ, ഡോ. ടി എം തോമസ് ഐസക്, വിജയ് പ്രഷാദ്, എ ശ്യാം തുടങ്ങിയവരാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. l