നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്കാർ, പ്രത്യേകിച്ച് അതിന്റെ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേരളത്തിലേക്ക് വികസനം കൊണ്ടുവരാനുള്ള തത്രപ്പാടിലാണ്. മാധ്യമരംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തുമെല്ലാം വ്യവസായ ഇടപാടുകളുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ വികസന കാഴ്ചപ്പാട് കോർപ്പറേറ്റുകളുടെ വികസനമായിരിക്കുമെന്നതിൽ സംശയത്തിനവകാശമില്ല. പക്ഷേ, തിരഞ്ഞെടുപ്പുകാലത്ത് അത് പുറത്തെടുത്താൽ ജനം തങ്ങളുടെ തനിനിറം തിരിച്ചറിയുമെന്നതിനാൽ തൽക്കാലം അത് കീശയിലിട്ട് രാജീവ് ചന്ദ്രശേഖർ ഒരുടായിപ്പ് പ്രസ്താവന മാധ്യമപ്രവർത്തകർക്ക് വായിച്ചുകൊടുക്കുകയാണുണ്ടായത്. അങ്ങനെയാകുമ്പോൾ തരാതരംപോലെ നിഷേധിക്കാമല്ലോ. എന്നാൽ കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ ജനത കാണുന്നതും അനുഭവിക്കുന്നതുമായ, സമസ്ത മേഖലകളുടെയും വികസനത്തെക്കുറിച്ച് ബിജെപി നേതാവിന് എന്താണ് പറയാനുള്ളത്? അത അദ്ദേഹം പറയില്ലെന്നു മാത്രമല്ല, കൂടുതൽ വികസനത്തിനുവേണ്ട നികുതി വിഹിതം തരാതെ യൂണിയൻ ഗവൺമെന്റ് തടസ്സം സൃഷ്ടിക്കുമ്പോൾ അതിനനുകൂലമായി നിൽക്കുകയുമാണ്.
കേരളത്തിൽ ബിജെപി ഏതുതരം വികസനമാണ് കൊണ്ടുവരാൻ പോകുന്നത് എന്ന കാര്യം അധികാരം പിടിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കക്ഷിയെന്ന നിലയിൽ കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കാൻ അവർ ബാധ്യസ്ഥരാണ്. എന്നാൽ അത് പറയാതെ ഒട്ടകപ്പക്ഷി നയമാണ് അവർ സ്വീകരിക്കുന്നത്. രാഷ്ട്രീയ പരീക്ഷണശാലയായി ബിജെപി ഉപയോഗിച്ച ഗുജറാത്തിനെയാണ് പലപ്പോഴും വികസനത്തിന്റെ മാതൃകയായും അവർ ഉയർത്തിപ്പിടിക്കുന്നത്. ചിലപ്പോളത് യുപിയുമാകും; മധ്യപ്രദേശുമാകും; ഹരിയാനയോ ആസാമോ ആകം. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് തുടർച്ചയായ ബിജെപി ഭരണം എന്താണ് നൽകിയത് എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ ലക്കത്തിലെ കവർ സ്റ്റോറിയിൽ ഞങ്ങൾ ഈ വിഷയമാണ് വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, ഗോപകുമാർ മുകുന്ദൻ, എം പ്രശാന്ത്, എം അഖിൽ, റിതിൻ പൗലോസ്, കെ ജി ബിജു, ജി വിജയകുമാർ എന്നിവരാണ് ലേഖനങ്ങൾ എഴുതുന്നത്.
പത്തുവർഷമായി കേരളത്തിൽ തുടരുന്ന എൽഡിഎഫ് സർക്കാർ മാറണമെന്ന് വാദിക്കുന്നവരാരും ആ മാറ്റം എന്തിനെന്നും എവിടേയ്ക്കെന്നും വ്യക്തമാക്കാൻ തയ്യാറാകുന്നില്ല. ബിജെപി മുന്നോട്ടുവയ്ക്കുന്ന ഗുജറാത്ത്, യുപി, മധ്യപ്രദേശ് ഇത്യാദി മാതൃകയിലേക്കാണോ കേരളത്തെ കൊണ്ടുപോകേണ്ടത് എന്നു വ്യക്തമായി ഇക്കൂട്ടർ പറയേണ്ടതുണ്ട്. അല്ലെങ്കിൽ കേരളത്തിൽ യുഡിഎഫ് ഭരിച്ചിരുന്ന കാലങ്ങളിലേക്ക് തിരിച്ചുപോകണമെന്നാണോ പറയുന്നത്. എന്തായാലും, ബിജെപിയും കോൺഗ്രസും അവരെ പിന്തുണയ്ക്കുന്നവരും മാത്രമല്ല, ഇടയ്ക്കൊരു ഭരണമാറ്റം വേണമെന്നു പറയുന്ന നിഷ-്പക്ഷരെന്നവകാശപ്പെടുന്ന മറ്റു ചിലരും വ്യക്തമാക്കേണ്ട കാര്യമാണിത്. വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക് കേരളത്തെ കൊണ്ടുപോകാനാണ് ഇടയ്ക്കിടെ ഭരണമാറ്റം വേണമെന്ന് യാതൊരടിസ്ഥാനവുമില്ലാതെ ഇവർ പറയുന്നത്. അത് ശരിക്കും കേരളത്തിലെ ജനവികാരമല്ലെന്നു മാത്രമല്ല, ജനവികാരത്തിനെതിരായ നിലപാടുമാണ്. l



