Sunday, February 8, 2026

ad

Homeആമുഖംആമുഖം

ആമുഖം

കേരളത്തിലെ ഒരു വിഭാഗത്തെയും, ഒരാളെപ്പോലും ഒഴിവാക്കാത്ത ബജറ്റാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. സമസ്ത ജനവിഭാഗങ്ങളുടെയും ക്ഷേമവും ഒപ്പം സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ഉറപ്പാക്കുക മാത്രമല്ല, മുന്നോട്ടുകൊണ്ടുപോകുന്നതും ലക്ഷ്യമിട്ടതാണ് 2026–27 ലേക്കുള്ള കേരള ബജറ്റ്. ദരിദ്രരും അരികുവൽക്കരിക്കപ്പെട്ടവരുമായ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്നതാണ് ഈ ബജറ്റെന്ന് നിസ്സംശയം പറയാം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുതിയ കാലത്തിന്റെ സാധ്യതകളെയാകെ പ്രയോജനപ്പെടുത്തി കേരളത്തെ ഉന്നത തലത്തിലേക്ക് കെെപിടിച്ചുയർത്തുകയെന്നതാണ് ഈ ബജറ്റ് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്.

കഴിഞ്ഞ പത്തു വർഷത്തെ സംസ്ഥാന ബജറ്റുകളിലെ പൊതുസമീപനം ജനങ്ങളുടെയാകെ ക്ഷേമത്തോടൊപ്പം വികസനവും എന്നതാണ്. ആ സമീപനം കൂടുതൽ ശക്തവും വ്യാപകവുമായി നടപ്പാക്കുകയാണ് പുതിയ ബജറ്റിലും. ഈ ബജറ്റിന്റെ സവിശേഷതകളിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ ലക്കം ചിന്ത വാരികയുടെ കവർസ്റ്റോറി. മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ടി എം തോമസ് ഐസക്, ധനമന്ത്രി കെ എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി രാജീവ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു, സി എസ് സുജാത, ഡോ. ജോയി ഇളമൺ, എം വി ശശിധരൻ, ഗോപകുമാർ മുകുന്ദൻ, റഷീദ് ആനപ്പുറം എന്നിവരാണ് എഴുതുന്നത്.

കേരളത്തിൽ നിലനിൽക്കുന്ന യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ഇതേവരെയുള്ള എല്ലാ ബജറ്റുകളെയും പോലെ ഈ ബജറ്റും. മലയാളത്തിലെ മുഖ്യ വലതുപക്ഷ പത്രം പറയുന്നതുപോലെ ഇതൊരു ഡെലൂലുവുമല്ല, സൊലൂലുവുമല്ല. ജനങ്ങളിൽ വ്യാമോഹം സൃഷ്ടിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന മിഥ്യാധാരണയുള്ളത് കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന വലതുപക്ഷ രാഷ്ട്രീയത്തിനും കോർപ്പറേറ്റ് മാധ്യമങ്ങൾക്കും മാത്രമാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന, ജനപക്ഷ രാഷ്ട്രീയം പിൻപറ്റുന്ന ഇടതുപക്ഷ രാഷ്ട്രീയം ഇത്തരം ജാലവിദ്യകൾകൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയല്ല ചെയ്യുന്നത്. മറിച്ച് ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾക്ക് സാധ്യമായത്ര മികച്ച പരിഹാരം ഉറപ്പാക്കുകയെന്നതാണ് എൽഡിഎഫ് നയം. ഇത് കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷ തുടർഭരണമുണ്ടായത്; അതിനിയും ഉണ്ടാകണമെന്ന് കേരളം ഉറപ്പിക്കുന്നതും.

തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ മാത്രമല്ല, ബജറ്റു വാഗ്ദാനങ്ങളും നയപ്രഖ്യാപനങ്ങളും പോലും നടപ്പാക്കാനുള്ളതല്ല, ജനങ്ങളിൽ വ്യാമോഹം സൃഷ്ടിക്കാനുള്ളതാണ് എന്നു കരുതുന്ന വലതുപക്ഷ രാഷ്ട്രീയക്കാരെയും അവർക്ക് ശിങ്കിടി പാടുന്ന വലതു മാധ്യമങ്ങളെയും സംബന്ധിച്ച് സർവംമായയായേ തോന്നൂ. അതിന്റെ ഭാഗമായുള്ള ജല്പനങ്ങളാണ് കേരളത്തിലെ പ്രതിപക്ഷവും അവരുടെ മാധ്യമങ്ങളും നടത്തുന്നത്. കഴിഞ്ഞ 10 വർഷവും ഈ കൂട്ടർ ഇത്തരം വിലകുറഞ്ഞ ജല്പനങ്ങളിലും വ്യാജപ്രചരണങ്ങളിലും അഭിരമിച്ചുകൊണ്ടിരുന്നപ്പോൾ വാഗ്ദാനങ്ങൾ ഒന്നൊന്നായി, ഒരെണ്ണവും ബാക്കിവയ്ക്കാതെ നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. എൽഡിഎഫ് സർക്കാരിന്റെ ബജറ്റുകൾ. ജനപ്രിയമല്ല, ജനകീയമാണ് (It’s not populist, but popular). ഈ ബജറ്റും അങ്ങനെതന്നെ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − one =

Most Popular