Sunday, February 8, 2026

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ 
സമഗ്ര വികസനത്തിനായി സംസ്ഥാന ബജറ്റ്

കേരളത്തിന്റെ 
സമഗ്ര വികസനത്തിനായി സംസ്ഥാന ബജറ്റ്

പിണറായി വിജയൻ

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷമായി പരിശ്രമിക്കുന്നത്. 2022 ലെ 14–-ാം പഞ്ചവത്സര പദ്ധതിയിലാണ് ഈ ലക്ഷ്യം നാം നിർവ്വചിച്ചത്. ഇത്തരത്തിലുള്ള മധ്യവരുമാന സമൂഹം രണ്ടു കാലിലാണ് നിൽക്കേണ്ടത്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന നിർദ്ദേശക തത്ത്വങ്ങൾക്കനുസൃതമായി ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമ രാഷ്ട്രം നിർമ്മിക്കുക എന്നതാണ് അതിലൊന്നാമത്തേത്. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്നതിനായി മൂലധന നിക്ഷേപവും പശ്ചാത്തല`സൗകര്യവും വർദ്ധിപ്പിച്ച് വികസിപ്പിക്കുക എന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു ലക്ഷ്യങ്ങളിലേക്കും കേരളം അതിവേഗം നടന്നുകയറുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം സംസ്ഥാന ബജറ്റിൽ അവതരിപ്പിക്കപ്പെട്ട നിർദ്ദേശങ്ങൾ കൂടി വേഗത്തിൽ നടപ്പിലാക്കുന്നതോടെ സമഗ്രപുരോഗതി സംസ്ഥാനത്ത് സാധ്യമാകും.

ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പദ്ധതികൾ പലതും യാഥാർത്ഥ്യമായത് കഴിഞ്ഞ പത്തുവർഷംകൊണ്ടാണ്. ദേശീയപാതാ വികസനം മുതൽ വിഴിഞ്ഞം രണ്ടാംഘട്ടം വരെ ഉദാഹരണങ്ങളാണ്. കൺമുമ്പിലുള്ള ഇത്തരം യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാൻ ആർക്കും കഴിയില്ല.

വികസനത്തിനു മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും കഴിഞ്ഞ പത്തുവർഷം വലിയ പരിഗണനയാണ് നൽകിയത്. ഈ ബജറ്റിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് അതേ പരിഗണന നൽകുന്നു. ബജറ്റിനു മുൻപുതന്നെ ആശാവർക്കർമാർക്ക് ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ബജറ്റിൽ വീണ്ടും ആയിരം രൂപ കൂടി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനുപുറമേ അംഗണവാടി വർക്കർമാർ, പ്രീ പ്രൈമറി അദ്ധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവർക്കും ആയിരം രൂപ വീതം പ്രതിമാസ വേതനം വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ പൂർണമായും നൽകാനാണ് ബജറ്റിലെ പ്രഖ്യാപനം. ഇതിൽ ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കും എന്നത് സർക്കാർ ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ്. പങ്കാളിത്ത പെൻഷൻ പദ്ധതിക്കുപകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ നടപ്പാക്കുകയാണ്. അതോടൊപ്പം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലും അഞ്ച് വർഷ തത്ത്വം പാലിക്കുക എന്ന ഇടതുപക്ഷ സർക്കാരുകളുടെ നയം ഇവിടെയും പ്രാവർത്തികമാക്കിയിട്ടുണ്ട്. ക്ഷേമ പെൻഷൻ കുടിശ്ശിക പൂർണമായി കൊടുത്തു തീർക്കും എന്ന് 2024 ജൂലൈയിൽ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തിയിരുന്നതാണ്. അതടക്കമുള്ള വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

മനുഷ്യ-–വന്യമൃഗ സംഘർഷ ലഘൂകരണത്തിനായി 100 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ചരിത്രപരമായ പ്രഖ്യാപനവും സംസ്ഥാന ബജറ്റിലുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് മുൻ വർഷങ്ങളിൽനിന്നും അധികമായി ആയിരം കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ സ്മാർട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഗിഗ് ഹബ്ബുകൾ സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തിയത് എല്ലാ വിഭാഗങ്ങളോടുമുള്ള സർക്കാരിന്റെ കരുതലിന്റെ ഉദാഹരണമാണ്. സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ പഠനം സൗജന്യമാക്കിയതും ‘കണക്റ്റ് ടു വർക്ക്’ സ്‌കോളർഷിപ്പിനായി 400 കോടി രൂപ വകയിരുത്തിയതും വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകരായ യുവജനങ്ങൾക്കുമുള്ള സർക്കാരിന്റെ കൈത്താങ്ങാണ്.

ഇത്തരത്തിൽ തൊഴിലാളികൾ, കർഷകർ, മധ്യവർഗം, സർക്കാർ ജീവനക്കാർ, വ്യാപാര – വ്യവസായ സമൂഹം എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവർക്കും ആശ്വാസം പകരുന്നതാണ് സംസ്ഥാന ബജറ്റ്. അതോടൊപ്പം, ഇന്ത്യൻ ഫെഡറലിസത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെ കേന്ദ്ര സർക്കാർ നടത്തിവരുന്ന കടന്നാക്രമണങ്ങൾക്കെതിരെയുള്ള ശക്തമായ രാഷ്ട്രീയ മറുപടി കൂടിയാണ് ഈ ബജറ്റിലൂടെ കേരളം നൽകുന്നത്. വായ്പാ പരിധികളിലെ അന്യായ നിയന്ത്രണങ്ങൾ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതി വിഹിതവും വിവിധ ഇനങ്ങളിലായി കേന്ദ്രം നൽകാനുള്ള കുടിശ്ശികയും ഉൾപ്പെടെ നിഷേധിക്കുന്ന നടപടികളും സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം നടത്തിയ ചെറുത്തുനിൽപ്പിന്റെ രേഖപ്പെടുത്തൽ കൂടിയാണ് സംസ്ഥാന ബജറ്റ്.

എന്നാൽ, കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയായിരുന്നു കേന്ദ്ര ബജറ്റ്. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണ്. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, അതിവേഗ റെയിൽവേ ഇടനാഴി, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണ്ണമായും തഴയപ്പെട്ടു. ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്തത് ഫെഡറൽ തത്ത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്.

പൂർണ്ണമായും നവലിബറൽ സാമ്പത്തിക യുക്തിയെ പുൽകുന്ന ഈ കേന്ദ്രബജറ്റ് കോർപ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനുമുള്ള നയരേഖയാണ്. കേന്ദ്രവിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ല എന്നു മാത്രമല്ല, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്ര ശ്രമം. ഗ്രാന്റുകളുടെ കാര്യത്തിൽ മൊത്തത്തിൽ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 2021-ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോൾ 1.4 ലക്ഷം കോടി രൂപയാക്കി കുറച്ചു. ജനസംഖ്യാ നിയന്ത്രണത്തിലും ആഭ്യന്തര വരുമാന വളർച്ചയിലും കേരളം കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി നികുതി വിഹിതത്തിൽ വന്ന ചെറിയ വർദ്ധനവ് സംസ്ഥാനത്തിന്റെ അർഹതപ്പെട്ട അവകാശം മാത്രമാണ്. എന്നാൽ ഗ്രാന്റുകൾ നിഷേധിക്കുന്നതിലൂടെ കേന്ദ്രത്തിൽ നിന്നുള്ള മൊത്തം വിഹിതത്തിൽ വർദ്ധനവുണ്ടാകുന്നില്ല എന്നത് ഗൗരവകരമാണ്.

കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. അതിനുതകുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾപോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണ്. റെയിൽവേ കോച്ച് ഫാക്ടറി അടക്കമുള്ള വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാരും ബിജെപി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന് ഈ ബജറ്റും സാക്ഷ്യപ്പെടുത്തുന്നു.

വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായി തുടരുമ്പോഴും ഭക്ഷ്യ-–ആരോഗ്യ-–വളം സബ്‌സിഡികളിൽ വരുത്തിയ കുറവ് ജനജീവിതത്തെ പാപ്പരീകരിക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. ഇത് ഗ്രാമീണ തൊഴിൽ മേഖലയെ തകർക്കും. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനോ കേരളത്തെ തകർക്കുന്ന ഇറക്കുമതി നിയന്ത്രിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. എഫ്.എ.സി.ടി, കൊച്ചിൻ റിഫൈനറി തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ച ബജറ്റ്, ടൂറിസം, വിദ്യാഭ്യാസ, വ്യവസായ മേഖലകളെയും പൂർണമായും നിരാശപ്പെടുത്തി.

ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള കടുത്ത താരിഫ് വർദ്ധനവ് ആഗോളതലത്തിൽ തന്നെ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത്തരം താരിഫ് യുദ്ധങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാനോ രാജ്യത്തിന്റെ കയറ്റുമതി മേഖലയെ സംരക്ഷിക്കാനോ ഉള്ള യാതൊരു നിർദ്ദേശവും കേന്ദ്ര ബജറ്റിലില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിഹരിക്കാൻ നടപടികൾ മുന്നോട്ടുവെക്കാത്ത കേന്ദ്രബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തെ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ്. പരമ്പരാഗത വ്യവസായങ്ങളെ മുതൽ ഐ.ടി – സ്റ്റാർട്ടപ്പ് സംരംഭങ്ങളെ വരെ അവഗണിച്ച കേന്ദ്ര ബജറ്റിൽ പ്രവാസി പുനരധിവാസത്തിനായോ ക്ഷേമത്തിനായോ യാതൊരു പദ്ധതിയുമില്ല. ജനവിരുദ്ധമായ ഈ സാമ്പത്തിക നയങ്ങൾക്കെതിരെയും കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയും അതിശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 5 =

Most Popular