രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഞാൻ അവതരിപ്പിച്ചത്. ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള ബജറ്റ് ജനങ്ങള്‍ക്കുമുമ്പില്‍വച്ചത്. സമസ്ത ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ്. ജനങ്ങള്‍ അതിനെ ആവേശത്തോടെ വരവേല്‍ക്കുന്നുവെന്നാണ് അവരില്‍നിന്നു കിട്ടിയ പ്രതികരണങ്ങളില്‍നിന്ന് മനസിലാക്കാനാകുന്നത്. വിവിധ തുറകളില്‍പ്പെട്ട ജനങ്ങളുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന പദ്ധതികളും പരിപാടികളുമാണ് ബജറ്റിലുള്ളത്. അതിനൊപ്പം ഈ നാടിനെ ചുരുങ്ങിയത് കാല്‍നൂറ്റാണ്ടെങ്കിലും മുന്നോട്ടു കൊണ്ടുപോകാന്‍ ഉതകുന്ന പദ്ധതികളും നയരേഖകളും ബജറ്റിൽ രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
വൈജ്ഞാനിക തൊഴിലിടം
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നാം മുന്നോട്ടുവയ്ക്കുന്നത് വിജ്ഞാന സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒരു പുതിയ കേരളമാണ്. ജനസംഖ്യാപരമായും ഭൂമിശാസ്ത്രപരമായുമുള്ള പ്രത്യേകതകളാല്‍ വലിയ വ്യാവസായിക തൊഴില്‍ശാലകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സംസ്ഥാനമല്ല കേരളം. മലിനീകരണത്തിന്റേയും പരിസ്ഥിതിനാശത്തിന്റേതുമായ പ്രശ്നങ്ങള്‍ നമുക്കു മുന്നിലുണ്ട്. ജനസാന്ദ്രത വളരെയേറെ ഉയര്‍ന്ന ഈ നാട്ടില്‍ വലിയ പുകക്കുഴലുകളുള്ളതും രാസമാലിന്യങ്ങള്‍ തള്ളുന്നതുമായ വ്യവസായശാലകള്‍ സ്ഥാപിക്കുകയെന്നത് പ്രയാസകരമാണ്. അതുകൊണ്ടുതന്നെ മലിനീകരണമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ വൈജ്ഞാനിക തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളാണ് കേരളത്തിന്റെ ഭാവിയ്ക്ക് അനിവാര്യമെന്ന കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു സംശയവുമില്ല. ഐ.ടി, ഐ.ടി അധിഷ്ഠിത തൊഴിലുകളെ വലിയതോതില്‍ പ്രോത്സാഹിപ്പിക്കണമെന്ന എല്‍.ഡി.എഫ് നയം വളരെ മുമ്പുതന്നെ നാം പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിലുടനീളം ഐ.ടി പാര്‍ക്കുകളും വര്‍ക്ക് നിയര്‍ ഹോമുകളും സ്കില്‍ പാര്‍ക്കുകളുമെല്ലാം നാം സ്ഥാപിക്കുന്നത്. അതിന്റെ ചുവടുപിടിച്ചാണ് ലോകത്ത് ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായ പുതിയ തൊഴില്‍ കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളും അവയ്ക്ക് അനുബന്ധമായുള്ള ഉല്‍പാദന കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളും നാം സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവയെല്ലാം നാം ഇവിടെ സ്ഥാപിച്ചു. ലോകത്തെ ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങളിലൊന്നായ ഗ്രാഫീനുമായി ബന്ധപ്പെട്ട രണ്ടു പ്രധാന കേന്ദ്രങ്ങള്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കളമശ്ശേരിയിലെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്ററും കൊച്ചിയിലെ ഗ്രാഫീന്‍ അറോറയുമാണവ.
ഇത്തരത്തില്‍ വികസനത്തിന്റെ ഒരു പുതിയ പരിപ്രേക്ഷ്യം അവതരിപ്പിച്ചതിന്റെ തുടര്‍ച്ചയിലാണ് ഈ വര്‍ഷത്തെ പദ്ധതികളും നമ്മള്‍ അവതരിപ്പിച്ചിട്ടുള്ളത്. റെയര്‍ എര്‍ത്ത് കോറിഡോറും പ്രതിരോധ ഇടനാഴിയും ഉള്‍പ്പെടെയുള്ള പുതിയ സംവിധാനങ്ങൾ ആവിഷ്കരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും ഈ അനുഭവങ്ങളാണ്. ഇവയെല്ലാം പൂര്‍ണമായും സര്‍ക്കാര്‍ മേഖലയിലല്ല ആവിഷ്കരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചും സ്വകാര്യ സംരംഭകരെ ആകര്‍ഷിച്ചും കേരളത്തിലേയ്ക്ക് നിക്ഷേപവും വൈജ്ഞാനിക തൊഴിലുകളും കൊണ്ടുവരികയെന്ന എൽഡിഎഫ‍് സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായ ഇത്തരം പരിപാടികളാണ് ഇത്തവണത്തെ ബജറ്റിലും പ്രതിഫലിച്ചിട്ടുള്ളത്.
കരുത്താര്‍ജിക്കുന്ന സാമൂഹ്യ സുരക്ഷ
എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആദ്യ അജൻഡ സാമൂഹ്യ സുരക്ഷയാണ്. ആ നിലപാട് സാക്ഷാത്കരിക്കുന്നതില്‍ എൽഡിഎഫിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. ഇത്തരം വിഷയങ്ങളില്‍ ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമ്മിലുള്ള ഹൃദയബന്ധം കേരളത്തെ പ്രത്യേകിച്ച് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. പ്രതിമാസം 2,000 രൂപയായി ഉയര്‍ത്തിയ ക്ഷേമ പെന്‍ഷന്‍ 62 ലക്ഷം പേരിലേയ്ക്ക് എത്തിക്കുന്നു. മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി ഈ മാസം മുതല്‍ ഏതാണ്ട് 30 ലക്ഷം വനിതകളിലേയ്ക്ക് പ്രതിമാസം 1,000 രൂപവീതം സാമൂഹ്യ സുരക്ഷാ സഹായം നല്‍കുന്നു. അഭ്യസ്തവിദ്യരും തൊഴിലിനായി വിവിധ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ യുവജനങ്ങള്‍ക്ക് ഒരു പ്രോത്സാഹന സഹായമെന്ന നിലയില്‍ പ്രതിമാസം 1,000 രൂപവീതം ധനസഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്കും മതിയായ വകയിരുത്തല്‍ ബജറ്റിലുണ്ട്. ഇത്തരത്തില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ സുരക്ഷാ ധനസഹായം ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു.
ഇതിനുപുറമെ വീടില്ലാത്ത അഞ്ചുലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീട്, ഒന്നര ക്കോടിയോളം ജനങ്ങള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സൗജന്യ ചികിത്സ, കടക്കെണിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്, മികച്ച പൊതു സ്കൂളുകള്‍, പൊതു ആരോഗ്യ കേന്ദ്രങ്ങള്‍, അത്യാധുനിക ചികിത്സ ഉറപ്പാക്കുന്ന താലൂക്ക്, ജില്ല, ജനറല്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തുടങ്ങി സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ ഏറ്റവും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ സുരക്ഷാ ശൃംഖലയുള്ള സംസ്ഥാനമാണ് കേരളം. 2,37,947 കുടുംബങ്ങൾക്കാണ് ഈ സര്‍ക്കാര്‍ പട്ടയം നല്‍കിയത്. വയനാട് ദുരന്തത്തില്‍ മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും സര്‍വവും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാനും നമുക്ക് കഴിയുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ.
റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്ന ആളുകള്‍ക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയും ഏറ്റെടുക്കുകയാണ്.
അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, പ്രീപ്രൈമറി അധ്യാപകര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍, സാക്ഷരതാ പ്രേരക്മാര്‍, ലൈബ്രേറിയന്മാര്‍ തുടങ്ങി അടിസ്ഥാന തൊഴില്‍ വിഭാഗങ്ങളുടെയെല്ലാം വേതനം വീണ്ടും ഉയര്‍ത്തി. കാന്‍സര്‍, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു. പത്രപ്രവര്‍ത്തക പെന്‍ഷനും ഉയര്‍ത്തി.
സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ വിശ്രമത്തിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ്ബുകള്‍ ഒരുക്കും. ഓട്ടോറിക്ഷ തൊഴില്‍ മേഖലയില്‍ പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിന് 40,000 രൂപവരെ ഒറ്റത്തവണ സ്ക്രാപേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനുള്ള വായ്പകള്‍ക്ക് രണ്ട് ശതമാനം പലിശയിളവ് നല്‍കുന്ന പദ്ധതിയുമുണ്ട്. കേരളത്തിലെ അയ്യായിരത്തിലധികം അനൗപചാരിക ഓട്ടോ സ്റ്റാന്റുകളെ സ്മാര്‍ട്ട് ഓട്ടോ ഹബ്ബുകളാക്കി മാറ്റിയിരിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി 12 –ാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. ഒപ്പം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുകയെന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം ബജറ്റില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പേ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചു. റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശേഷിക്കുന്ന ഡി.എ/ഡി.ആര്‍ ഗഡുക്കള്‍ പൂര്‍ണമായും നല്‍കും. അതിനായി പ്രഖ്യാപിച്ച സമയക്രമം കൃത്യമായി പാലിക്കും. ജീവനക്കാരുടെ ഹൗസ് ബിൽഡിങ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഡി.ആര്‍ അനുവദിക്കുന്നതടക്കം ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം ഏപ്രില്‍ 1 മുതല്‍ നടപ്പാവുകയാണ്. കരാര്‍ – ദിവസം വേതന ജീവനക്കാരുടെ പ്രതിദിന വേതനത്തില്‍ അഞ്ചു ശതമാനം വര്‍ദ്ധന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമസ്ത മേഖലകളിലും കേരളത്തിലെ സര്‍ക്കാരിന്റെ കണ്ണെത്തുന്നു. എല്ലാ മേഖലകളിലും ക്ഷേമത്തിന്റെയും ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നതിന്റെയും ഒരു പുതിയ മാതൃക നമുക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ബിരുദതലംവരെ സൗജന്യ വിദ്യാഭ്യാസം
കേരളത്തിലെ ആര്‍ട്ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുകയാണ്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുകയാണ്. വിദ്യാര്‍ത്ഥി കുടിയേറ്റം നിരുത്സാഹപ്പെടുത്താന്‍ നൂതനമായ സാങ്കേതികവിദ്യകളും പുതിയകാലത്തിന് അനുയോജ്യമായ തൊഴില്‍ പരിശീലനവും നൈപുണ്യ സമ്പാദനവും പ്രദാനം ചെയ്യുന്ന ആഗോള സ്കൂള്‍ കേരളത്തില്‍ സ്ഥാപിക്കുകയാണ്. ടെക്നോ എക്കണോമിക്സിനും ഫ്യൂച്ചര്‍ ടെക്നോളജിക്കുമായിരിക്കും പ്രാധാന്യം ലഭിക്കുക.
തൊഴിലുറപ്പിനെ കേരളം കൈവിടില്ല
കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുമെന്നാണ് ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് രാഷ്ട്രപിതാവിന്റെ പേര് ബി.ജെ.പി സര്‍ക്കാര്‍ വെട്ടിമാറ്റി; ആ പദ്ധതിയെത്തന്നെ തകർത്തു. ഒപ്പം പദ്ധതി ചെലവിന്റെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്തത്തില്‍നിന്ന് തടിതപ്പുകയാണ് കേന്ദ്ര സര്‍ക്കാര്‍. പതിനായിരങ്ങളുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനത്തിനുള്ള മറുപടിയാണ് സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അനാഥരാകില്ലെന്ന പ്രഖ്യാപനം കൂടിയാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. 1,000 കോടി രൂപയാണ് അടുത്ത വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ സംസ്ഥാനം നീക്കിവച്ചിരിക്കുന്നത്. ഇത് യഥാർത്ഥ ജനപക്ഷ രാഷ്ട്രീയം പിന്തുടരുന്ന മുന്നണിയ്ക്കോ സര്‍ക്കാരിനോ മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നുതന്നെ പറയേണ്ടിവരും.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ യാത്രാ സൗകര്യം ഉറപ്പുവരുത്താന്‍ ഡല്‍ഹി – മീററ്റ് ആര്‍.ആര്‍.ടി.എസ് കോറിഡോര്‍ മാതൃകയില്‍ കേരളത്തില്‍ ആര്‍.ആര്‍.ടി.എസ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. എം.സി റോഡിന്റെ വികസനം ഉറപ്പാക്കുന്നതിനും പട്ടണങ്ങളുടെ വികസനത്തിനും ബൈപാസുകളുടെ നിര്‍മാണത്തിനും ആവശ്യമായ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പറയുന്നത് ചെയ്തിട്ടുണ്ട്
ഇനിയും ചെയ്യും
കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അതിന്റെ പാരമ്യത്തിലെത്തിയത് കഴിഞ്ഞ പത്തുവർഷത്തിനകത്താണ്. അതുകൊണ്ടുതന്നെയാണ് സംസ്ഥാന ഖജനാവില്‍ ‘പൂച്ച പെറ്റുകിടക്കും’, ‘ട്രഷറി അടച്ചിടും’, ‘ശമ്പളം മുടങ്ങും’ തുടങ്ങിയ പരിഹാസ പ്രചരണങ്ങളുണ്ടായത്. ഇതൊന്നും വിലപ്പോകുന്നില്ലെന്ന് കണ്ടപ്പോള്‍ വികസന – ക്ഷേമ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നു, അമിതമായി കടം വാങ്ങുന്നു എന്നിങ്ങനെ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ശ്രമം തുടങ്ങി. കേരളത്തിന്റെ കടം താങ്ങാനാവാത്തതല്ലെന്ന കാര്യം ഏതാണ്ടെല്ലാവര്‍ക്കും ഇപ്പോൾ വ്യക്തമായിട്ടുണ്ട്. കേരളം കടം കയറി നശിച്ചുവെന്ന പ്രചരണം വെളിവുള്ളവരാരും ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല. ഓരോ അഞ്ചുവര്‍ഷത്തിലും സഞ്ചിതകടം ഇരട്ടിയാകുന്ന രീതി മാറിയിരിക്കുന്നു. കേരളത്തിന്റെ കടവും അഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം 2021 –ല്‍ 38.47 ശതമാനമായിരുന്നത് നാല് വര്‍ഷം കൊണ്ട് 5 ശതമാനത്തോളം കുറഞ്ഞ് 33.44 ശതമാനത്തിലെത്തിയിട്ടുണ്ട്.
എൽഡിഎഫ് സര്‍ക്കാരിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തുടക്കത്തിലേ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ചെലവുകള്‍ ക്രമീകരിച്ചും തനത് വരുമാനം വര്‍ദ്ധിപ്പിച്ചും പ്രതിരോധ കോട്ട കെട്ടുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ മൊത്തം തനത് നികുതി വരുമാനത്തില്‍ 1,27,747 കോടി രൂപ അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞു. 2016-–21 കാലയളവില്‍ ശരാശരി പ്രതിവര്‍ഷ തനത് നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. ഈ സര്‍ക്കാരിന്റെ ശരാശരി പ്രതിവര്‍ഷ തനത് നികുതി വരുമാനം 73,002 കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അന്തിമമാകുമ്പോള്‍ വരുമാന കണക്കുകള്‍ ഉയരുമെന്നത് ഉറപ്പാണ്. തനത് നികുതിയേതര വരുമാനത്തിലും അഭിമാനകരമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. അഞ്ചുവര്‍ഷത്തില്‍ 24,898 കോടി രൂപയാണ് അധികമായി സമാഹരിക്കാനായിട്ടുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വാര്‍ഷിക ശരാശരി 10,455 കോടി രൂപയായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് അത് 15,435 കോടി രൂപയായി ഉയര്‍ന്നു. തനത് നികുതി, നികുതിയേതര വരുമാനങ്ങളിലായി 1,52,645 കോടിയിലേറെ രൂപ നമുക്ക് അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞു. നികുതി, നികുതിയേതര വരുമാനത്തിലുണ്ടായ ഈ ഗണ്യമായ വര്‍ദ്ധനയാണ് ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളും പരിപാടികളും ഏറ്റെടുക്കാനും ആനുകൂല്യങ്ങളുടെ വിതരണം ഉറപ്പാക്കാനും നമ്മെ പ്രാപ്തമാക്കുന്നത്. അതുകൊണ്ടുതന്നെ നടപ്പാക്കാന്‍ കഴിയുന്ന ഉറപ്പുകള്‍ മാത്രമാണ് ഈ ബജറ്റിലൂടെ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മുന്നിലേയ്ക്കുവച്ചിട്ടുള്ളത്. അത് നടപ്പാക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റത്. അതുകൊണ്ടുതന്നെ വികസന – ക്ഷേമനയങ്ങള്‍ക്കും പദ്ധതികള്‍ക്കും പരിപാടികള്‍ക്കും തുടര്‍ച്ചയുണ്ടായി. ഈ പദ്ധതികളും പരിപാടികളും ഇനിയും തുടരുന്നതിന് ഈ സര്‍ക്കാരിന്റെ തുടര്‍ച്ച അനിവാര്യമാണ്.
|
കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റ് മലയാളികളോടുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യപത്രമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നു ശതമാനത്തോളം വരുന്ന ഏതാണ്ട് 3.61 കോടി ജനങ്ങളുള്ള നാടാണ് കേരളം എന്നത് തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ഇത്തവണത്തെയും കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഏതാണ്ട് 2014-–15 മുതല്‍ കേരളം നേരിടുന്ന അതിക്രൂരമായ അവഗണനയില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാഹര്‍മായ കാര്യമാണ്. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയിലും വിദേശനാണ്യ ശേഖരത്തിലും ഗണ്യമായ സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇതിനൊക്കെ സഹായകമായ നിലയില്‍ നമ്മുടെ മനുഷ്യവിഭവ സമ്പത്തിന്റെ വലിയ പങ്ക് നാടിന് പുറത്താണ് വിനിയോഗിക്കപ്പെടുന്നത്. കേരളത്തിന്റെ പരിമിതമായ ഭൂവിസ്തൃതിയുടെ ഗണ്യമായ ഭാഗവും വിദേശനാണ്യം ഉറപ്പാക്കുന്ന നാണ്യവിളകള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുകയാണ്. അതുമൂലം ഈ നാടിന് വ്യാവസായിക മേഖലയില്‍ വലിയ വളര്‍ച്ച കൈവരിക്കാനോ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനോ കഴിയാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എന്നാല്‍, സാമൂഹിക ജീവിത മേഖലകളിലെല്ലാം രാജ്യത്തിന് മാതൃകയായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. അത്തരം നേട്ടങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും സാമൂഹിക വികസന പ്രക്രിയയുടെ രണ്ടാം തലമുറ വികസന വെല്ലുവിളികള്‍ നേരിടുന്നതിനും അർഹമായ വിഹിതം നമുക്ക് ലഭ്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് തുടര്‍ച്ചയായി നമ്മൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. ഇവ ഒന്നുംതന്നെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും കേന്ദ്ര ധനകാര്യ മന്ത്രി ബജറ്റിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഞാൻ അക്കമിട്ട് വിശദീകരിച്ചതാണ്. ഓരോ ഇനത്തിന്റെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ വിശദമായ നിവേദനവും കേന്ദ്ര ധനകാര്യ മന്ത്രിക്ക് കൈമാറിയിരുന്നു. അതിനുശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. എന്നാല്‍, ഫലത്തില്‍ കേരളമെന്ന നാടിനെത്തന്നെ മറന്നുകൊണ്ടുള്ള ഒരു കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ഏതാണ്ട് 29 ഇനങ്ങള്‍ അടങ്ങിയ നിവേദനമാണ് ബജറ്റിന്റെ ഭാഗമായി കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ♦ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണം എന്നതായിരുന്നു മറ്റൊരാവശ്യം. മാനദണ്ഡങ്ങൾ അയവുള്ളതാക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യവിഭവ വികസനം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം നേരിടുന്ന രണ്ടാം തലമുറ വികസന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന നിലയിൽ പദ്ധതി ഘടകങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനത്തെ അനുവദിക്കണമെന്നതാണ് ആവശ്യം. നിലവിലെ കേന്ദ്ര പദ്ധതികളുടെ മാനദണ്ഡങ്ങള്‍ നമ്മുടെ ഈ പ്രശ്നം അഭിസംബോധന ചെയ്യുന്നില്ല. ♦ നെല്ല് സംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആധുനിക നെല്ല് സംഭരണ കേന്ദ്രങ്ങളും മില്ലുകളും സ്ഥാപിക്കുന്നതിനും സപ്ലൈകോയ്ക്ക് 2,000 കോടി രൂപയുടെ പ്രത്യേക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ♦ റബറിന് മികച്ച താങ്ങുവില ഉറപ്പാക്കാന്‍ കേന്ദ്ര സഹായംകൂടി അനിവാര്യമാണ്. ഇതിനായി 1,000 കോടി രൂപയുടെ റബർ വിലസ്ഥിരതാ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവും നമ്മൾ മുന്നോട്ടുവച്ചിരുന്നു. ഫണ്ടില്‍ 33 ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതങ്ങളും, ബാക്കി 33 ശതമാനം റബർ ഉപയോഗിക്കുന്നവരിൽനിന്നും സമാഹരിക്കണമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചത്. ♦ തോട്ടവിളകളുടെ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകളുടെ ബജറ്റ് വിഹിതം ഗണ്യമായി ഉയർത്തണം. ♦ തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മൂല്യവർധനവ്, ബ്രാൻഡിങ്, ജൈവ കൃഷി രീതികൾ തുടങ്ങിയവ പ്രായോഗികമാക്കാനുള്ള ധനസഹായങ്ങൾ എന്നിവയ്ക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നതും പരിഗണിച്ചില്ല. ഇത് തോട്ടം വിളകളുടെയെല്ലാം പുനരുജ്ജീവനത്തിനും അത്യാവശ്യമാണ്. ♦ വലിയ വികസന വായ്-ത്താരി മുഴക്കുന്ന കേന്ദ്ര ബജറ്റില്‍ രാജ്യവികസനത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കാന്‍ ഉതകുന്ന വന്‍കിട വികസന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനത്തിന് ഒരു രൂപപോലും നീക്കിവച്ചിട്ടില്ല. റെയിൽ കണക്റ്റിവിറ്റി, വിഴിഞ്ഞം തുറമുഖവുമായിചേർന്ന് വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്, സീ ഫുഡ് പാർക്ക്, ലോജിസ്റ്റിക്സ് ആൻഡ് ഫിഷ് ലാൻഡിങ് സെന്റർ എന്നീ പദ്ധതികൾക്കാണ് സഹായം ആവശ്യപ്പെട്ടിരുന്നത്. ♦ കേരളത്തിനായി 21,000 കോടി രൂപയുടെ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും മോദി ഗവൺമെന്റ് പരിഗണിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നയപരിപാടികളുടെയും തീരുമാനങ്ങളുടെയും ഫലമായി കേരളത്തിന്റ ധന വിഭവ സ്രോതസ്സുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ജി എസ് ടി നടപ്പാക്കൽ, ജി എസ് ടി നഷ്ടപരിഹാരം ഇല്ലാതാക്കൽ, റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ഇല്ലാതാക്കൽ, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തൽ, കടം എടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരൽ, കേന്ദ്ര നികുതി വിഹിതത്തിൽ കേരളത്തിന്റെ വിഹിതം വലിയ തോതിൽ കുറച്ചത് എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ധനസ്രോതസുകളിൽ വലിയ കുറവ് വരുത്തി. ഇതെല്ലാം കേരളത്തെ വലിയ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. അമേരിക്കൻ ഇറക്കുമതി നയത്തിലുണ്ടായ മാറ്റംമൂലം സമുദ്രോൽപ്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടിപരിപ്പ്, ടെക്-സ്റ്റയിൽസ് എന്നീ നാലു കയറ്റുമതി മേഖലയിൽ മാത്രം വർഷം 2500 കോടി രൂപയുടെ അധിക വരുമാന നഷ്ടം കേരളത്തിനുണ്ട്. ജി എസ് ടി നിരക്ക് പരിഷ്കരണത്തിന്റെ ഭാഗമായി വാർഷിക വരുമാനത്തിൽ 8000 കോടി രൂപയുടെ കുറവുണ്ടാകുന്നു. ഇതെല്ലാം കേരളത്തിന് ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാൻ മതിയായ കാരണങ്ങളാണ്. ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിൽ വരുത്തിയ വെട്ടിക്കുറവുകൾ പരിഹരിക്കാനും ഈ പ്രത്യേക സാമ്പത്തിക പാക്കേജ് അനിവാര്യമാണ്. ♦ ഡിഫന്‍സ് മേഖലയില്‍ വലിയ വകയിരുത്തല്‍ നടത്തുന്ന കേന്ദ്ര ബജറ്റില്‍ കേരളത്തിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഇടനാഴി അനുവദിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചിരുന്നു. ദേശീയ സ്ഥാപനങ്ങളായ നേവൽ അക്കാദമി, ഡി.ആർ.ഡി.ഒ, എൻ.പി.ഒ.എൽ, കൊച്ചിൻ ഷിപ്പ്-യാർഡ്, ബ്രഹ്മോസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യവും സാധ്യതകളും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇത്തരമൊരു ഇടനാഴി നമ്മള്‍ ആവശ്യപ്പെട്ടത്. ♦ റബർ അധിഷ്ഠിത എഞ്ചിനിയറിങ്, ഭക്ഷ്യ സംസ്കരണം, സമുദ്രോൽപ്പന്ന മൂല്യാധിഷ്ഠിത ശ്യംഖലകളുടെ ശാക്തീകരണം തുടങ്ങിയവയ്ക്കായി ഒരു പദ്ധതിയും മുന്നോട്ടുവച്ചിരുന്നു. ♦ എം.എസ്.എം.ഇകളുടെ ശാക്തീകരണം, നൈപുണ്യ വികസനം, മനുഷ്യവിഭവ മൂലധന വികസനം തുടങ്ങിയ മേഖലകളിലെ നമ്മുടെ ആവശ്യങ്ങളും കേന്ദ്രസർക്കാർ അവഗണിച്ചു. ♦ ഭാരതമാല പദ്ധതിയിലും ചരക്ക് ഗതാഗത ഇടനാഴിയിലും വിഴിഞ്ഞം തുറമുഖത്തെയും സംയോജിപ്പിക്കുക, ലോജിസ്റ്റിക് പാർക്കുകളും തീരദേശ ഷിപ്പിങ് സർവീസുകളും ആരംഭിക്കുക, ഇലക്ട്രിക് ബസ് സർവീസ് വ്യാപിപ്പിക്കുക, മെട്രോ സംവിധാനങ്ങൾ, ആധുനിക നഗര ഗതാഗത സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഗതാഗത മേഖലയിൽ കേരള സർക്കാർ ചൂണ്ടികാണിച്ച ഒരു പദ്ധതിയ്ക്കും സഹായമുണ്ടായില്ല. ♦ കേരളത്തിന്റെ സാമൂഹിക ശാക്തീകരണം, ടൂറിസം, കയറ്റുമതി തുടങ്ങിയ മേഖലകള്‍ക്കായി അവതരിപ്പിച്ച പദ്ധതികളും അവഗണിക്കപ്പെട്ടു. ♦ കുടുംബാരോഗ്യ രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, സഹായാധിഷ്ഠിതമായ ജീവിത സാഹചര്യങ്ങൾ ഒരുക്കൽ, ടെലി മെഡിസിൻ സൗകര്യങ്ങൾ വിപുലീകരിക്കൽ തുടങ്ങി സിൽവർ കെയർ എക്കണോമി മാതൃക സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടക്കം എല്ലാം അവഗണിക്കപ്പെട്ടു. ♦ ആരോഗ്യം, വെൽനെസ് ടൂറിസം എന്നിവ വിപുലീകരിക്കുന്നതിനുൾപ്പെടെ ദീർഘകാല വിസകൾ അനുവദിക്കുന്ന നയംമാറ്റവും ആവശ്യപ്പെട്ടിരുന്നു. എക്കോ കൾച്ചറൽ സർക്യൂട്ടുകളും മെഡിക്കൽ ടൂറിസം ഹബ്ബുകളും വികസിപ്പിക്കല്‍, ആയൂഷ്, ടൂറിസം, സഹകരണ മേഖലകളിൽ വനിതാ സംരംഭങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവയും മുന്നോട്ടുവച്ചിരുന്നു. ♦ കടൽ ഭിത്തികളുടെ നിർമ്മാണം, കണ്ടൽക്കാട് വച്ചുപിടിപ്പിക്കൽ, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കായി കേരളത്തിനായി കോസ്റ്റൽ റെസിലിയൻസ് ഫണ്ട് പ്രഖ്യാപനവുമുണ്ടായില്ല. ♦ മൂലധന നിക്ഷേപം ഉയർത്താൻ കേരളത്തിന്റെ വായ്പാപരിധി അര ശതമാനംകൂടി വര്‍ദ്ധിപ്പിക്കണമെന്നതും പരിഗണിക്കപ്പെട്ടില്ല. കേന്ദ്ര സർക്കാർ കാപെക്സ് പദ്ധതിയ്ക്കായി നീക്കിവയ്ക്കുന്ന ഫണ്ടിൽ 25% സംസ്ഥാനങ്ങൾക്ക് അസറ്റ് റിന്യൂവൽ ഫണ്ടായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം പുനസ്ഥാപിക്കണമെന്നത് ഏതാണ്ടെല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യമായിരുന്നു. ഇ– – കൊമേഴ്സ് ഇടപാടുകൾക്ക് സുതാര്യത ഉറപ്പാക്കാന്‍ ഒരു തുറന്ന പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ♦ എയിംസ്, ശബരി റെയിൽ, കയർ, – കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രത്യേക സംരക്ഷണ പാക്കേജ്, അങ്കണവാടി, ആശ ഉൾപ്പെടെ സ്കീം വർക്കർമാരുടെ വേതനം ഉയർത്തൽ, ക്ഷേമ പെൻഷൻ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, പാവപ്പെട്ടവർക്ക് വീടുവയ്ക്കൽ തുടങ്ങിയ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം ഉയർത്തൽ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും കേന്ദ്ര സർക്കാർ ചെവി കൊടുത്തിട്ടില്ല. ♦ മനുഷ്യ – മൃഗ സംഘർഷം കുറയ്ക്കാനും ക്യഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1,000 കോടി രൂപയുടെ പ്രത്യേക സഹായമാണ് സംസ്ഥാന സർക്കാർ അഭ്യര്‍ത്ഥിച്ചിരുന്നത്. ♦ മുതിർന്ന പൗരരുടെ സംരക്ഷണം, പ്രവാസി ക്ഷേമം തുടങ്ങിയ പദ്ധതികളും അവഗണിക്കപ്പെട്ടു. തൊഴില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യവും ഒഴിവാക്കപ്പെട്ടു. വിഴിഞ്ഞം, ചവറ, കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയർ എർത്ത് കോറിഡോർ പ്രഖ്യാപിക്കണമെന്നും ഇതിനായി 1,000 കോടി രൂപ ബജറ്റിൽ നീക്കിവയ്ക്കണം എന്നതുമായിരുന്നു കേരളത്തിന്റെ മറ്റൊരാവശ്യം. വിഴിഞ്ഞം മുതല്‍ കൊച്ചി വരെ കടലോരങ്ങളിലെ സമ്പുഷ്ടമായ ധാതു മണലില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം ലക്ഷ്യമിട്ടാണ് സംസ്ഥാനം ഇത്തരമൊരു പദ്ധതിക്കായുള്ള ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍, നാല് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള റെയര്‍ എര്‍ത്ത് കോറിഡോര്‍ ധാതു മണല്‍ക്കൊള്ള ലക്ഷ്യമിടുന്നവര്‍ക്ക് വേണ്ടിയാണെന്നുള്ള കാര്യം വ്യക്തമാണ്. ധനവിഹിതത്തിലും പ്രതീക്ഷ വേണ്ട കേരളത്തിന്റെ മുന്നേറ്റത്തിനുതകുന്ന ഒരു പദ്ധതിപോലും കേന്ദ്ര ബജറ്റില്‍ ഉണ്ടായില്ലയെന്നത് കേന്ദ്ര ഭരണാധികാരികളുടെ കേരള വിരുദ്ധതയാണ് പ്രകടമാക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍കൊണ്ട് എല്ലാ പ്രതിസന്ധികളെയും മറികടന്ന് കേരളം രാജ്യത്തിന് ഒട്ടേറെ മാതൃകകള്‍ സൃഷ്ടിച്ചിരുന്നു. സാമൂഹ്യക്ഷേമ രംഗത്തും മനുഷ്യവിഭവ ശേഷി വികസനത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും സുസ്ഥിര വികസനത്തിലുമൊക്കെ ഈ മാതൃകകള്‍ രാജ്യത്തെ വലതുപക്ഷശക്തികളെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാകാം ഈ നാടിന് ഇനിയൊന്നും തരേണ്ടതില്ലെന്ന മനോഭാവം വച്ചുപുലർത്തുന്നത്. കേരളത്തോടുള്ള യൂണിയൻ സർക്കാരിന്റെ അവഗണന കാലാകാലങ്ങളായി തുടരുന്നതാണ്. എന്നാൽ മുൻപൊരുകാലത്തുമില്ലാത്തത്ര കടുത്ത അവഗണനയാണ് ഈ ബജറ്റിലൂടെ മോദി സർക്കാർ നടത്തുന്നത്. യൂണിയൻ സർക്കാർ സൃഷ്ടിച്ച പ്രതിബന്ധങ്ങളെല്ലാം മറികടന്നാണ് കേരളം മുന്നേറുന്നത്. അത് തടയുകയെന്നതാണ് ഇപ്പോഴത്തെ അവഗണനയുടെയും ലക്ഷ്യം. നിശ്ചയമായും, ഇതിനെയും കേരളം മറികടക്കും. l |



