Sunday, February 8, 2026

ad

Homeകവര്‍സ്റ്റോറിപ്രതിപക്ഷത്തിനു മുന്നിൽ 
ഉയർത്തുന്ന ചോദ്യങ്ങൾ

പ്രതിപക്ഷത്തിനു മുന്നിൽ 
ഉയർത്തുന്ന ചോദ്യങ്ങൾ

ഡോ. ടി എം തോമസ് ഐസക്

പിണറായി 2.0 സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ പ്രതിപക്ഷം ഇത്രയും പ്രതീക്ഷിച്ചില്ല. കടക്കെണിയെക്കുറിച്ചുള്ള തങ്ങളുടെ അനവരത പ്രചാരണത്തിൽ അവർ സ്വയം വിശ്വസിച്ചുപോയിയെന്നുവേണം കരുതാൻ. അതാണ് അവരുടെ പ്രതികരണങ്ങൾ കേട്ടപ്പോൾ തോന്നിയത്.

വെറും രാഷ്ട്രീയ ഗിമ്മിക്കായ ബജറ്റിൽ വിശ്വസിക്കരുതെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന. പക്ഷേ, പ്രതിപക്ഷ നേതാവ് മറുപടി പറയേണ്ട ഒരു കാര്യമുണ്ട്: തങ്ങൾക്ക് അധികാരം കിട്ടുകയാണെങ്കിൽ, 2000 രൂപ വച്ചുള്ള ക്ഷേമ പെൻഷൻ തുടരുമോ? പ്രതിമാസം 1000 രൂപ വച്ച് സ്ത്രീ സുരക്ഷാ സഹായം നൽകുമോ? സ്കില്ലിങ്ങിനു പോകുന്ന യുവജനങ്ങൾക്ക് പ്രതിമാസം 1000 രൂപ വച്ച് നൽകുമോ? തൊഴിലുറപ്പുകാർക്ക് 1000 കോടി രൂപ കൂടുതലായി വകയിരുത്തുമോ? ജീവനക്കാരുടെ ഡിഎ മുഴുവൻ നൽകുമോ? ശമ്പളപരിഷ്കരണം നടപ്പാക്കുമോ?

ഇതിനൊക്കെ പണം എവിടുന്നെന്നാണ് പ്രതിപക്ഷം ധനമന്ത്രിയോട് ചോദിക്കുന്നത്. യുഡിഎഫിന് അധികാരം കിട്ടിയാൽ ഇവയ്ക്കൊക്കെ എങ്ങനെയാണ് പണം കണ്ടെത്താൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് വിശദീകരിച്ചാട്ടെ.

എൽഡിഎഫിന്റെ വിശ്വാസ്യത
എൽഡിഎഫ് പറയുന്നത്, ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ വിശ്വസിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. കാരണം, അതാണ് അവരുടെ അനുഭവം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ക്ഷേമ പെൻഷൻ 500-–600 രൂപ ആയിരുന്നു. മൊത്തം ചെലവ് 10,700 കോടി രൂപ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അത് 1600 രൂപയായി ഉയർത്തി. മൊത്തം ചെലവ് 48,384 കോടി രൂപ. ഇപ്പോൾ അത് 2000 രൂപയാക്കി വർധിപ്പിച്ചു. മൊത്തം ചെലവ് 54,000 കോടി രൂപ. ചെലവാക്കാൻ പോകുന്നതിനെക്കുറിച്ചല്ല, ചെലവാക്കിയതിനെക്കുറിച്ചുള്ള കണക്കാണിത്. ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുമോ, നിങ്ങളെ വിശ്വസിക്കുമോ?

5.25 ലക്ഷം ലൈഫ് വീടുകളുടെ പണിയാണ് പൂർത്തീകരിക്കുന്നത്. ജനങ്ങളുടെ അനുഭവമല്ലേ. അവർ എങ്ങനെ വിശ്വസിക്കാതിരിക്കും? ആശാ വർക്കർ മുതൽ സാക്ഷരതാ പ്രേരക്മാർ വരെയുള്ളവരുടെ പ്രതിമാസ അലവൻസ് നോക്കൂ. മൂന്നു മാസം മുമ്പ് വർദ്ധിപ്പിച്ച 1000 രൂപ കൊടുത്തു. ഇപ്പോൾ വർദ്ധിപ്പിച്ച 1000 രൂപയും കൊടുക്കും. ഇതൊന്നും കളിപ്പീര് അല്ലായെന്നുള്ളതിന്റെ ഉറപ്പ്. എന്താണെന്നറിയുവോ? ഇവർക്ക് ഇന്ന് ആകെ കിട്ടുന്ന അലവൻസിന്റെ 80 ശതമാനവും എൽഡിഎഫ് സർക്കാരുകളാണ് വർദ്ധിപ്പിച്ച് നൽകിയിട്ടുള്ളത്.

നവകേരള വികസനതന്ത്രം
2026-27-ലെ കേരള ബജറ്റ് നവകേരള വികസനതന്ത്രത്തിന്റെ ഉറച്ച പ്രഖ്യാപനമാണ്. കേന്ദ്ര സർക്കാർ ഉപരോധസമാനമായ വിവേചനങ്ങൾ കേരളത്തോടു കാട്ടുമ്പോഴും ജനങ്ങളുടെ ക്ഷേമത്തിനും അവർക്ക് നൽകുന്ന ആനുകൂല്യത്തിനും മുൻഗണന ഉറപ്പായും നൽകുമെന്നതാണ് കേരള സർക്കാർ ബജറ്റിന്റെ പ്രഖ്യാപനം. അതോടൊപ്പം സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യക്കുറവ് മറികടക്കാനും ജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനം ദ്രുതഗതിയിലാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.

പ്രത്യക്ഷത്തിൽ മേൽപ്പറഞ്ഞ ഈ രണ്ട് നിലപാടുകളും പരസ്പരവിരുദ്ധമാണ്. രണ്ടിനുംകൂടി പണം ബജറ്റിൽ ഉണ്ടാവുക പ്രയാസമാണ്. അതുകൊണ്ട് അടിസ്ഥാനസൗകര്യ നിർമ്മാണത്തിനായി ബജറ്റിനു പുറത്തുള്ള (extra-budgetary) വിഭവങ്ങൾ കണ്ടെത്താനാണ് ശ്രമം. അങ്ങനെ രണ്ട് കാലുകളിൽ നിൽക്കുന്ന വികസനതന്ത്രമാണ് എൽഡിഎഫിന്റേത്. 2016-–2021 കാലഘട്ടത്തിൽ ഈ തന്ത്രം നേടിയ വിജയമാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടാൻ ഇടതുപക്ഷത്തെ പ്രാപ്തമാക്കിയത്.

കിഫ്ബിക്ക് യുഡിഎഫ് എതിരാണ്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 38000 കോടി രൂപയല്ലേ ഇതുവരെ കരാറുകാർക്ക് ബില്ല് കൊടുത്തിട്ടുള്ളൂ. കിഫ്ബി വേണ്ടെങ്കിൽ എങ്ങനെയാണ് യുഡിഎഫ് ഈ പ്രൊജക്ടുകൾ പൂർത്തീകരിക്കുക? ഇത് ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ലേ?

ദേശീയപാത, വിഴിഞ്ഞം, വയനാട് തുരങ്കപാത, തീരദേശ പാത, മലയോര ഹൈവേ, 18000 കിലോമീറ്റർ ബി.എം. & ബി.സി. റോഡുകൾ, 100 റയിൽവെ മേൽപ്പാലങ്ങൾ, 600 ലധികം സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ, കാത്ത് ലാബുകൾ, കൊച്ചി കാൻസർ സെന്റർ, കുടിവെള്ള പദ്ധതികൾ, ട്രാൻസ്ഗ്രിഡ്, പുത്തൂർ സുവോളജിക്കൽ പാർക്ക് എന്നിങ്ങനെ എണ്ണിയാൽ തീരാത്ത വികസന പദ്ധതികൾ കിഫ്ബിയുടേതാണ്. ഇത്തവണയും പറഞ്ഞിട്ടുണ്ട്. എംസി റോഡ് നാലുവരി പാതയാക്കാൻ പോകുന്നു. ഇടുക്കിക്കും ഒരു തുരങ്കപാത. പ്രതിപക്ഷത്തിന് എന്താ പരിപാടി?

റെയർ എർത്ത് കോറിഡോർ, റെയര്‍ എര്‍ത്ത് & ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ എന്നിവ ഭാവികേരളത്തിനുള്ള വലിയ ഈടുവയ്പാണ്. വിഴിഞ്ഞം വിഭാവനം ചെയ്ത ഇടതുപക്ഷം അതുപോലെ ചരിത്രപ്രധാനമാകാൻ സാധ്യതയുള്ള മറ്റൊരു മുൻകൈയാണ് ഈ പ്രഖ്യാപനങ്ങൾവഴി നടത്തുന്നതെന്നു നിസംശയം പറയാം.

കിഫ്ബിക്ക് ബദൽ എന്ത്?
ബജറ്റ് പ്രഖ്യാപനങ്ങളെല്ലാം പൊള്ളയാണെന്നു പറഞ്ഞ് യുഡിഎഫ് ജനങ്ങളെ സമീപിക്കട്ടെ. പക്ഷേ, ജനങ്ങൾ നിങ്ങളോടു ചോദിക്കാൻ പോകുന്ന ചോദ്യമുണ്ട്-. എന്താണ് നിങ്ങളുടെ ബദൽ? ഈ ചോദ്യമാണ് ബജറ്റ് ദിവസം കൈരളിയിൽ നടന്ന ചർച്ചയിൽ ഞാൻ വീണ്ടും വീണ്ടും കോൺഗ്രസ് നേതാവ് എം. ലിജുവിനോട് ചോദിച്ചത്. കടഭാരം വരുത്തിവയ്ക്കാത്ത സുതാര്യമായ ഒരു ഫിനാൻസിങ് സമ്പ്രദായമായിരിക്കും യുഡിഎഫ് സ്വീകരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞത്. അത് എന്തായിരിക്കുമെന്ന് തിരഞ്ഞെടുപ്പിനു മുമ്പ് പറയുമത്രേ!

ആയിക്കോട്ടെ. അപ്പോഴെങ്കിലും പറയണം. കിഫ്ബി നിയമം പാസ്സാക്കിയത് നിയമസഭ ഏകകണ്ഠമായിട്ടാണ്. പക്ഷേ, 2021-ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കിഫ്ബിയോടുള്ള യുഡിഎഫിന്റെ കുരിശുയുദ്ധം ആരംഭിച്ചത്. ഇതൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നാണല്ലോ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പക്ഷേ, കിഫ്ബി പദ്ധതികൾ ദിവാസ്വപ്നങ്ങളല്ല, നാടിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണെന്നു വ്യക്തമായപ്പോൾ സിഎജിയുമായി ഒത്തുചേർന്ന് കിഫ്ബിയെ തകർക്കാനുള്ള കരുക്കൾ നീക്കി. അന്നു തുടങ്ങിയതാണ് കടക്കെണിയെയും സുതാര്യമില്ലായ്മയെയുംകുറിച്ചുള്ള വിമർശനം. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു. ഇപ്പോഴും കിഫ്ബിക്ക് ബദൽ എന്തെന്നു പറയാൻ പ്രതിപക്ഷത്തിനു കഴിയുന്നില്ല.

സാമൂഹിക മേഖലകളിലേക്കുള്ള 
ശക്തമായ ശ്രദ്ധ
ബജറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത സാമൂഹിക മേഖലകളിലേക്കുള്ള ശക്തമായ ശ്രദ്ധയാണ്. വരുമാന ചെലവിന്റെ 34 ശതമാനം സാമൂഹിക സേവനങ്ങൾക്ക് മാറ്റിവച്ചിട്ടുണ്ട്. ഇതിൽ 62 ശതമാനം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ്. കേന്ദ്ര സർക്കാർ ഉപേക്ഷിച്ച തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സർക്കാർ തുടരുകയും ഇതിനായി അധികമായി 1000 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് കൈമാറ്റം നിലനിർത്തുകയും 2025-–26-ലെ 15,757 കോടി രൂപയിൽ നിന്ന് നിലവിലെ ബജറ്റിൽ 17,901 കോടി രൂപയായി വർധിപ്പിക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ജനാധിപത്യ വികേന്ദ്രീകരണത്തോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത കുറച്ചിട്ടില്ല.

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രധാന പരാതികളിലൊന്ന് ഡിഎ (DA), ഡിആർ (DR) കുടിശ്ശികകളായിരുന്നു. മാർച്ച് അവസാനത്തോടെ മുഴുവൻ ഡിഎ–ഡിആർ ഘട്ടങ്ങളും അനുവദിക്കുമെന്നും കുടിശ്ശികകൾ ക്രമാനുഗതമായി തീർക്കുമെന്നും പുതിയ ബജറ്റ് ഉറപ്പുനൽകുന്നു. ജീവനക്കാരുടെ വേതനപരിഷ്കരണത്തിനായി ഒരു പേ റിവിഷൻ കമ്മീഷനും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, നിലവിലെ കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതിയിൽ നിന്ന് 50 ശതമാനം അവസാന അടിസ്ഥാന ശമ്പളവും ഡിആറും ഉറപ്പുനൽകുന്ന അഷേ-്വർഡ് പെൻഷൻ പദ്ധതിയിലേക്കാണ് കേരളം മാറുന്നത്.

മൂലധന ചെലവ് (Capital Expenditure)
വരുമാന ചെലവുകളുടെ ബാധ്യതകൾക്കിടയിലും മൂലധന ചെലവിൽ 20 ശതമാനം വർധന ബജറ്റ് ലക്ഷ്യമിടുന്നു. ഇതോടെ ധനാഭാവം (fiscal deficit) ജിഎസ്ഡിപിയുടെ 3.4 ശതമാനമായി ഉയരും. എന്നിരുന്നാലും, അടിസ്ഥാനസൗകര്യ ചെലവിന്റെ വലിയൊരു പങ്ക് ഇനിയും ബജറ്റിന് പുറത്തുള്ള വിഭവങ്ങളിൽ നിന്നായിരിക്കും വരേണ്ടത്. അതിനാൽ പുതിയ സർക്കാരിന് കേന്ദ്ര സർക്കാരുമായുള്ള പോരാട്ടം കൂടുതൽ ശക്തമാക്കേണ്ടിവരും. അടിസ്ഥാനസൗകര്യ എസ്‌പിവിയെ സമീപ വരുമാന മാതൃകയിലുള്ള സ്ഥാപനമാക്കി മാറ്റിയതിനു ശേഷം സുപ്രീം കോടതിയിലെ ഭരണഘടനാപരമായ തർക്കം ശക്തമായി പിന്തുടരേണ്ടതുണ്ട്.

ഡൽഹി–മീററ്റ് ആർആർടിഎസ് മാതൃകയിൽ കേരളത്തിനായി ഒരു റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനം. ഇതിന് ഏകദേശം 2 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നിരവധി പുതിയ പ്രധാന പാതകളും പ്രഖ്യാപിച്ചിട്ടുണ്ട്.

2010-11-ൽ ജിഎസ്ഡിപിയുടെ 1.27 ശതമാനമായിരുന്ന മൂലധന ചെലവ് – ജിഎസ്ഡിപി അനുപാതം 2020-21-ൽ 2.0 ശതമാനമായി ഉയർന്നിരുന്നുവെങ്കിലും 2024-25-ൽ ഇത് 1.43 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ബജറ്റിന് പുറത്തുള്ള ചെലവുകൾ കൂടി കണക്കിലെടുത്താൽ കേരളത്തിന്റെ പൊതുമൂലധന ചെലവ് രാജ്യത്തെ ഏറ്റവും ഉയർന്നതിലൊന്നായിരിക്കും.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ആവർത്തിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വാർഷിക സാധാരണ വായ്പകളിൽ കടുത്ത വെട്ടിക്കുറവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി കിഫ്ബി എടുത്തിട്ടുള്ള വായ്പകൾ പിന്‍കാല പ്രാബല്യത്തോടെ സംസ്ഥാന സർക്കാരിന്റെ വായ്പകളുടെ ഭാഗമായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നാൽ ദേശീയപാത അതോറിറ്റി (NHAI) പോലുള്ള കേന്ദ്ര പൊതുമേഖലാ അടിസ്ഥാനസൗകര്യ സ്ഥാപനങ്ങളുടെ വായ്പകൾ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ ബജറ്റ് കണക്കുകളിൽ പൊതുവായ വായ്പയുടെയോ പൊതുകടത്തിന്റെയോ ഭാഗമായി കണക്കാക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇതിനൊപ്പം, കേന്ദ്ര സർക്കാരിൽ നിന്നുള്ള റവന്യു സഹായങ്ങളും ഗണ്യമായി കുറയ്ക്കുകയുണ്ടായി. 2020-–21-ൽ സംസ്ഥാന ജിഎസ്ഡിപിയുടെ 5.52 ശതമാനമായിരുന്ന കേന്ദ്ര ധനസഹായം 2024-–25-ൽ 2.54 ശതമാനമായി തുടർച്ചയായി ഇടിഞ്ഞു. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ മൊത്തം വരുമാന ചെലവ് 2020-–21-ൽ ജിഎസ്ഡിപിയുടെ 18 ശതമാനത്തിൽ നിന്ന് 2024-–25-ൽ 13.92 ശതമാനമായി കുറഞ്ഞു.

16–-ാം കേന്ദ്ര ധനകാര്യ കമ്മീഷനിൽ നിന്ന് (UFC) ലഭിക്കുമെന്നു കരുതിയ പരിഗണന ഇത്തവണയും ഉണ്ടായില്ല. നികുതി വിഹിതം 15–-ാം ധനകാര്യ കമ്മീഷന്റെ 1.98 ശതമാനത്തിൽ നിന്ന് 2.44 ശതമാനമായി ഉയർന്നതിന്റെ ഫലമായി 10,000 കോടി രൂപ കൂടുതൽ ലഭിക്കും. പക്ഷേ, റവന്യുകമ്മി ഗ്രാന്റ് പൂർണമായും ഇല്ലാതാക്കി. കഴിഞ്ഞ ധനകാര്യ കമ്മീഷൻ നമുക്ക് ഏതാണ്ട് 50,000-ൽപ്പരം കോടി രൂപയുടെ ധനസഹായമാണ് ഈ ഇനത്തിൽ നൽകിയത്.

കേരളത്തോടുള്ള 
വിവേചനത്തിനെതിരായ വിധിയെഴുത്ത്
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. പൂച്ചപെറ്റുകിടക്കുന്ന ഖജനാവ് എന്നെല്ലാം പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുമ്പോൾ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറയണ്ടേ?

കേരളത്തെ ഉപരോധചക്രവ്യൂഹത്തിലിട്ട് തകർക്കാൻ നോക്കുന്ന കേന്ദ്രത്തിനും അവർക്ക് ഒത്താശ ചെയ്യുന്ന കേരളത്തിലെ പ്രതിപക്ഷത്തിനും തിരിച്ചടി നൽകിക്കൊണ്ടേ കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ നടപ്പാക്കിവരുന്നവയും ഇപ്പോഴത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നവയുമായ കാര്യങ്ങൾ തുടരാൻ കഴിയൂ. അതിനുള്ള ഗ്യാരന്റി തിരഞ്ഞെടുപ്പിലെ വോട്ടിൽ ഉണ്ടാകണം. ഇതാണ് ഞങ്ങൾ പറയുന്നത്, ജനങ്ങൾ അവരുടെ അനുഭവംവെച്ച് തീർപ്പുണ്ടാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

യുഡിഎഫും ബിജെപിയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കേണ്ടിവരും. ക്ഷേമ പ്രഖ്യാപനങ്ങളെ അവർ മിഥ്യയെന്ന് വിളിക്കുമ്പോൾ, അവ വെട്ടിക്കുറയ്ക്കാനാണോ അവർ ശ്രമിക്കുക? ബജറ്റിന് പുറത്തുള്ള വായ്പകളെ എതിർക്കുമ്പോൾ, അടിസ്ഥാനസൗകര്യ പിന്നാക്കാവസ്ഥ മറികടക്കാൻ അവർ എന്തു ബദൽ മാർഗങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്? വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ വിഷയങ്ങളെയാണ് എൽഡിഎഫ് പ്രധാന ചർച്ചാവിഷയങ്ങളാക്കുന്നത്. ക്ഷേമ പദ്ധതികൾ നിലനിർത്താനും അടിസ്ഥാനസൗകര്യ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാനും എൽഡിഎഫ് തുടർഭരണം അനിവാര്യമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − three =

Most Popular