Sunday, February 8, 2026

ad

Homeകവര്‍സ്റ്റോറിവ്യാവസായിക മേഖലയ്ക്ക് 
സവിശേഷ പിന്തുണ

വ്യാവസായിക മേഖലയ്ക്ക് 
സവിശേഷ പിന്തുണ

പി രാജീവ് (വ്യവസായ വകുപ്പ് മന്ത്രി)

കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ സവിശേഷമായ ഒരു സന്ദർഭത്തിലാണ് 2026–-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ബജറ്റ് എന്നത് വെറും വരവുചെലവ് കണക്കുകളുടെ പട്ടികയല്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളും ഒരു നാടിന്റെ വികസന കാഴ്ചപ്പാടുകളും അടങ്ങിയ രാഷ്ട്രീയ രേഖ കൂടിയാണ്. ഈ യാഥാർത്ഥ്യം അടിവരയിടുന്ന ഒന്നാണ് ഈ വർഷത്തെ ബജറ്റ്. എന്നാൽ ഈ വികസന കുതിപ്പിനെ രാഷ്ട്രീയമായ സങ്കുചിത താല്പര്യങ്ങളോടെ കാണുന്ന പ്രതിപക്ഷ നിലപാട് ഗൗരവമായ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

2021 ഫെബ്രുവരി മാസത്തിൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കപ്പെട്ട വേളയിൽ അന്നത്തെ പ്രതിപക്ഷം ഉയർത്തിയ വാദങ്ങൾ നമുക്കൊന്ന് ഓർത്തെടുക്കാം. ഈ പദ്ധതികളൊക്കെ പ്രഖ്യാപിച്ച് ഇവർ പോകുമെന്നും ഇതിന്റെ സാമ്പത്തിക ഭാരം മുഴുവൻ വരാനിരിക്കുന്ന സർക്കാരിന്റെ ചുമലിലായിരിക്കുമെന്നുമാണ് അന്ന് യുഡിഎഫ് വാദിച്ചത്. യഥാർത്ഥത്തിൽ ഇടതുപക്ഷം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാരംതാങ്ങാൻ തങ്ങൾക്ക് കഴിയില്ലെന്ന യുഡിഎഫിന്റെ മുൻകൂട്ടിയുള്ള കീഴടങ്ങലായിരുന്നു ആ വാക്കുകൾ. എന്നാൽ കേരളത്തിലെ പ്രബുദ്ധരായ ജനത ആ വാദങ്ങളെ തള്ളിക്കളഞ്ഞു. തങ്ങളുടെ ക്ഷേമകാര്യങ്ങളിൽ ആത്മാർത്ഥമായി ശ്രദ്ധചെലുത്തുന്നവർക്കുതന്നെ തുടർഭരണം നൽകാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് ഒന്നാം പിണറായി സർക്കാരിന് ചരിത്രപരമായ തുടർച്ചയുണ്ടാകുന്നത്. ഇന്ന് അഞ്ചു വർഷങ്ങൾക്കിപ്പുറം, മറ്റൊരു തിരഞ്ഞെടുപ്പ് വർഷം അരികിലെത്തി നിൽക്കുമ്പോഴും പ്രതിപക്ഷ നേതാവും യുഡിഎഫും പഴയ പല്ലവി തന്നെ ആവർത്തിക്കുകയാണ്. ഈ പദ്ധതികളൊന്നും നടപ്പിലാക്കില്ലെന്നും തങ്ങൾ അധികാരത്തിൽ വന്നാൽ ബജറ്റ് മാറ്റിയെഴുതുമെന്നും അവർ പ്രഖ്യാപിക്കുന്നു. കേരളത്തിലെ വിദ്യാർത്ഥികളോ, യുവജനങ്ങളോ, സംരംഭകരോ, വയോജനങ്ങളോ ഈ യുദ്ധപ്രഖ്യാപനത്തോട് യോജിക്കുമോ എന്നത് വരുംദിവസങ്ങളിൽ കേരളം കാണാനിരിക്കുന്ന രാഷ്ട്രീയ ചോദ്യമാണ്.

വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് നൽകുന്നത് അത്യന്തം ആവേശകരമായ പിന്തുണയാണ്. കേരളത്തെ ഒരു വ്യാവസായിക ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വ്യവസായ-ധാതു മേഖലയ്ക്കായി 1973.51 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അനുവദിച്ചതിനേക്കാൾ 154 കോടിയിലധികം രൂപയുടെ വർധനവാണ് ഈ മേഖലയിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്ക് കേരളം നടന്നുകയറുന്നത് കൃത്യമായ പ്ലാനിങ്ങോടെയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിഫോംസ്’ റാങ്കിംഗിൽ കേരളം തുടർച്ചയായി ഒന്നാം ശ്രേണിയിലേക്കെത്തിയത് കേവലം യാദൃച്ഛികമായല്ല, മറിച്ച് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്ത് വകുപ്പുകൾ നടത്തിയ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ്.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (MSME) കാര്യത്തിൽ കേരളം ഇന്ന് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ‘സംരംഭക വർഷം’ പദ്ധതിയിലൂടെ 3.82 ലക്ഷത്തിലധികം സംരംഭങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. ഇതുവഴി 7,50,000 പുതിയ തൊഴിലവസരങ്ങളാണ് നമ്മുടെ നാട്ടിൽ സൃഷ്ടിക്കപ്പെട്ടത്. സംരംഭകത്വം ഒരു സംസ്കാരമായി കേരളത്തിൽ മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനായി മിഷൻ 1000, മിഷൻ 1,00,000 തുടങ്ങിയ പദ്ധതികൾക്ക് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. മിഷൻ 1000 പദ്ധതിയിലൂടെ 1000 സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെ ശരാശരി ഒരു ലക്ഷം കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 35 കോടി രൂപ നീക്കിവെച്ചു. കൂടാതെ സംരംഭക സഹായ പദ്ധതിക്കായി 110 കോടി രൂപ മാറ്റിവെച്ചത് പുതിയ സംരംഭകർക്ക് വലിയ ആശ്വാസമാകും. എം എസ് എം ഇ – വാണിജ്യമേഖലയ്ക്കായി മാത്രമായി 310.84 കോടി രൂപ അനുവദിച്ചതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ബലപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

ചെറുകിട വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 39.45 കോടി രൂപയും പ്രത്യേക പാക്കേജുകൾക്കായി 63 കോടി രൂപയും മാറ്റിവെച്ചതിലൂടെ താഴെത്തട്ടിലുള്ള വ്യവസായികൾക്ക് കൈത്താങ്ങ് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇടത്തരം-വൻകിട വ്യവസായങ്ങളുടെ വളർച്ചയ്ക്കായി 853.74 കോടി രൂപയാണ് ബജറ്റിലുള്ളത്. ഇത് കെ എസ് ഐ ഡി സി, കിൻഫ്ര തുടങ്ങിയ ഏജൻസികൾക്ക് വലിയ ഊർജ്ജം നൽകും. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് നൽകുന്ന പിന്തുണയും ഈ ബജറ്റിലെ എടുത്തുപറയേണ്ട ഒന്നാണ്. സർക്കാർ മേഖലയ്ക്കൊപ്പം സ്വകാര്യ നിക്ഷേപകരെയും പങ്കാളികളാക്കി വ്യവസായ പാർക്കുകൾ തുടങ്ങുന്നതിന് 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ വനിതകൾക്കും പ്രവാസികൾക്കും പരമ്പരാഗത മേഖലയിലുള്ളവർക്കും പ്രത്യേകമായി വ്യവസായ പാർക്കുകൾ എൽഡിഎഫ് വിഭാവനം ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പിപിപി മാതൃകയിൽ ആരംഭിക്കുന്ന ‘കേരള യൂണിവേഴ്സിറ്റി ഫോർ സ്കിൽ ഡെവലപ്മെന്റ് & എന്റർപ്രണർഷിപ്പ്’ കേരളത്തിന്റെ ഭാവിയിൽ വലിയ മാറ്റമുണ്ടാക്കും. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. പുതിയ കാലത്തെ വിപണിക്ക് അനുയോജ്യമായ നൈപുണിശേഷിയുള്ള യുവതലമുറയെ വളർത്തിയെടുക്കാൻ ഇത് സഹായിക്കും. മറ്റൊന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട വികസനമാണ്. വിഴിഞ്ഞത്ത് 1000 കോടി രൂപ ചെലവിൽ വരാനിരിക്കുന്ന പുതിയ വ്യവസായ-ലോജിസ്റ്റിക്സ് പാർക്ക് കേരളത്തിന്റെ വാണിജ്യ ഭൂപടത്തെ തന്നെ മാറ്റിവരയ്ക്കും. അന്താരാഷ്ട്ര കപ്പൽ ചാലുകളോട് ചേർന്നുനിൽക്കുന്ന ഈ തുറമുഖം കേരളത്തെ ഒരു ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബാക്കി മാറ്റുമ്പോൾ, അതിനനുബന്ധമായ ലോജിസ്റ്റിക്സ് പാർക്കുകൾ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് കൊണ്ടുവരിക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇടതുപക്ഷ സർക്കാരിന്റെ നയം തികഞ്ഞ വ്യക്തതയുള്ളതാണ്. കേന്ദ്രം പൊതുമേഖലയെ വിറ്റഴിക്കുമ്പോൾ കേരളം അവയെ സംരക്ഷിക്കുകയും ലാഭത്തിലാക്കുകയും ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി 294.6 കോടി രൂപയാണ് വകയിരുത്തിയത്. കേന്ദ്രം ഉപേക്ഷിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിനെ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ വിജയകരമായി പ്രവർത്തിപ്പിച്ച സംസ്ഥാന സർക്കാർ, അതിന്റെ രണ്ടാം ഘട്ട വികസനത്തിനായി 741 കോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ സർക്കാർ വിഹിതമായി 175 കോടി രൂപ അധികമായി ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇത് കെപിപിഎല്ലിനെ ഒരു ലോകോത്തര കടലാസ് ഉല്പാദന കേന്ദ്രമാക്കി മാറ്റും.

പരമ്പരാഗത വ്യവസായങ്ങളെയും സർക്കാർ കൈവിട്ടിട്ടില്ല. കയർ, കശുവണ്ടി, കൈത്തറി മേഖലകളിൽ ലക്ഷക്കണക്കിന് സാധാരണക്കാരാണ് തൊഴിലെടുക്കുന്നത്. ഇവർക്കായി 242.34 കോടി രൂപ മാറ്റിവെച്ചു. കയർ മേഖലയിലെ യന്ത്രവൽക്കരണത്തിനും വിപണനത്തിനും കശുവണ്ടി മേഖലയിലെ പുനരുദ്ധാരണത്തിനും ഈ തുക വിനിയോഗിക്കും. ഖാദി, ഗ്രാമ വ്യവസായങ്ങൾ, കരകൗശല വിദ്യ എന്നിവയ്ക്കും അർഹമായ പരിഗണന ബജറ്റിലുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ മേഖലകളെ കാലാനുസൃതമായി പരിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

വിവരസാങ്കേതികവിദ്യാ മേഖലയിലാണ് കേരളം ഇന്ന് ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തുന്നത്. ഐടി മേഖലയ്ക്കായി 548 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയത്. സ്റ്റാർട്ടപ്പ് മിഷൻ വഴിയുള്ള പിന്തുണയും ടെക്നോളജി ഇന്നവേഷൻ ഹബ്ബുകളും കേരളത്തിലെ ഐടി രംഗത്തെ മാറ്റിമറിച്ചു. എവിജിസി-എക്സ് ആർ, സെമികോൺ, ഡ്രോൺ റിസേർച്ച്, എ ഐ മിഷൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾക്കായി തുക വകയിരുത്തിയത് കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമാണ്. കൊച്ചിയിൽ ഒരു സൈബർവാലി വികസിപ്പിക്കാനുള്ള പ്രഖ്യാപനവും വരുംകാലത്ത് ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകൾക്ക് കേരളത്തിൽതന്നെ തൊഴിൽ ഉറപ്പാക്കും.

ഇത്രയേറെ ക്രിയാത്മകമായ നിർദ്ദേശങ്ങളും വകയിരുത്തലുകളും അടങ്ങിയ ഒരു ബജറ്റാണ് തങ്ങൾ അധികാരത്തിൽ വന്നാൽ നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷം പറയുന്നത്. സാധാരണക്കാരായ സംരംഭകരെയും തൊഴിലാളികളെയും സംബന്ധിച്ച് ഇത് വലിയൊരു ആശങ്കയാണ് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരമൊരു നിലപാട് ജനാധിപത്യപരമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ 400ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം നമുക്ക് ലഭിച്ചു. കേവലം 6 മാസത്തിനുള്ളിൽ നിക്ഷേപ വാഗ്ദാനം നൽകിയ 104 കമ്പനികളാണ് ഇവിടെ നിർമ്മാണം ആരംഭിച്ചത്. ഇതിലൂടെ നാൽപ്പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. 35,000+ കോടി രൂപ നിക്ഷേപം കൊണ്ടുവരുന്ന പദ്ധതികളാണിവ. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് കേരളത്തിലെന്നതിനാൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനും തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ ബജറ്റ് കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ കരുത്ത് പകരുമെന്നതിൽ സംശയമില്ല. ഈ വികസന തുടർച്ചയെ തടസ്സപ്പെടുത്താൻ നോക്കുന്നവർക്കുള്ള മറുപടി കേരളത്തിലെ ജനത കാലാകാലങ്ങളിൽ നൽകാറുള്ളതുപോലെ തന്നെ ഇത്തവണയും നൽകും. വിജ്ഞാനവും വ്യവസായവും കൈകോർക്കുന്ന ഒരു നവകേരള നിർമ്മിതിക്കായി ഈ ബജറ്റ് സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിലെ ഓരോ പ്രഖ്യാപനവും ഓരോ മലയാളിയിലുമുള്ള പ്രതീക്ഷയാണ്. ആ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ആർക്കും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. നടപ്പാക്കാൻ കഴിയില്ലെന്നു യുഡിഎഫ് പറഞ്ഞ പദ്ധതികളെല്ലാം വിജയകരമായി നടപ്പിലാക്കിക്കാണിച്ച ചരിത്രമാണ് ഈ സർക്കാരിനുള്ളത്. അതുകൊണ്ടുതന്നെ ഈ ബജറ്റും വികസനത്തിന്റെ പുതിയ ചരിത്രം രചിക്കും. ജനം കാണുകയും ചിന്തിക്കുകയും ചെയ്യട്ടെ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 15 =

Most Popular