കേരളത്തിന്റെ സമഗ്ര വികസനത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പങ്ക് വാക്കുകൾക്കതീതമാണ്. പ്രളയകാലത്തും മഹാമാരിക്കാലത്തും കേരളത്തിന്റെ കാവലാളായി മാറിയ നമ്മുടെ ‘സൈന്യത്തെ’ ഹൃദയത്തോട് ചേർത്തുപിടിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. പാർപ്പിടം, വിദ്യാഭ്യാസം, സുരക്ഷ, ആധുനിക സാങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്ക് സാധിച്ചു. ഈ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമായിരുന്നു 2024-ൽ രാജ്യത്തെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടത്.
പുനർഗേഹം പദ്ധതിയും പാർപ്പിട സുരക്ഷയും
കടൽക്ഷോഭത്തിന്റെ ഭീഷണിയിൽ കഴിയുന്ന തീരദേശവാസികളെ സുരക്ഷിതമായ മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതി കേരളത്തിന്റെ വികസന ചരിത്രത്തിലെ വലിയൊരു ചുവടുവയ്പാണ്. 22,174 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതിയിൽ ഇതുവരെ 9,108 കുടുംബങ്ങൾ സന്നദ്ധത അറിയിച്ചു. ഇതിനകം 2,760 വ്യക്തിഗത ഭവനങ്ങളും 738 ഫ്ലാറ്റുകളും നിർമ്മിച്ച് 3,498 പേരെ നാം പുനരധിവസിപ്പിച്ചു. 788 ഫ്ലാറ്റുകളുടെയും 1,186 വീടുകളുടെയും പണി ദ്രുതഗതിയിൽ നടക്കുന്നു. വിഴിഞ്ഞത്ത് സിമന്റ് ഗോഡൗണിൽ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികൾക്കായി മുട്ടത്തറയിൽ 81 കോടി രൂപ ചെലവിൽ നിർമ്മിച്ച ‘പ്രത്യാശ’ ഫ്ലാറ്റ് സമുച്ചയത്തിലെ 332 ഫ്ലാറ്റുകളുടെ താക്കോൽദാനം 2025 ഓഗസ്റ്റിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. ഇതിനു പുറമെ ലൈഫ് പദ്ധതി വഴി 16,798 മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകാനും നമുക്ക് സാധിച്ചു.
വിദ്യാതീരം: അറിവിലൂടെയുള്ള ശാക്തീകരണം
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുതിയ തലമുറയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ‘വിദ്യാതീരം’ പദ്ധതി വഴി സാധിച്ചു. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് 1.25 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകിയതിന്റെ ഫലമായി 2021-ന് ശേഷം മാത്രം 55 വിദ്യാർത്ഥികൾക്ക് MBBS-നും 72 പേർക്ക് BDS, BTech ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിലും പ്രവേശനം ലഭിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന ദത്തെടുക്കൽ പദ്ധതിയിലൂടെ 45 പേർക്ക് സഹായം നൽകി. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാൻ സൗകര്യമൊരുക്കിയതിനൊപ്പം പത്ത് ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളെ 52 കോടി രൂപ ചെലവിൽ ‘സെന്റർ ഓഫ് എക്സലൻസ്’ ആയി ഉയർത്തി. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ‘TIDE-KERALA’ പദ്ധതിയിലൂടെ സൈക്കോളജിക്കൽ കൗൺസിലർമാരെയും നിയമിച്ചു.
മത്സ്യോൽപ്പാദനവും
ആധുനിക സാങ്കേതികവിദ്യയും
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം ഉല്പാദനം വർദ്ധിപ്പിക്കാനും നമുക്ക് കഴിഞ്ഞു. 2017–-18-ൽ 4.83 ലക്ഷം മെട്രിക് ടണ്ണായിരുന്ന സമുദ്ര മത്സ്യോല്പാദനം 2024-–25-ൽ 6.47 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. ജനകീയ മത്സ്യകൃഷിയിലൂടെ ഉല്പാദനം 41,175 ടണ്ണായി വർദ്ധിപ്പിച്ചു. കടലിലെ മത്സ്യസമ്പത്ത് കൂട്ടാൻ തിരുവനന്തപുരം ജില്ലയിലെ 33 മത്സ്യഗ്രാമങ്ങളുടെ തീരത്ത് 13.02 കോടി രൂപ ചെലവിൽ 6,300 കൃത്രിമപ്പാരുകൾ നിക്ഷേപിച്ചു. കൂടാതെ ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് 1.50 കോടി രൂപ വിലയുള്ള 10 ബോട്ടുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കി. യാനങ്ങളുടെ സുരക്ഷയ്ക്കായി 47.28 കോടി രൂപ ചെലവിൽ 12,991 ട്രാൻസ്പോണ്ടറുകൾ വിതരണം ചെയ്യുന്ന പദ്ധതി പുരോഗമിക്കുന്നു. 10 കോടി രൂപയുടെ ബജറ്റ് വിഹിതത്തിലൂടെ പരമ്പരാഗത മരത്തടി വള്ളങ്ങളെ സ്റ്റീൽ യാനങ്ങളായി നവീകരിക്കുകയും 836 യാനങ്ങളിൽ VHF മറൈൻ റേഡിയോകൾ ഘടിപ്പിക്കുകയും ചെയ്തു.
തീരസംരക്ഷണവും
ഹാർബർ വികസനവും
തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. 1,142.43 കോടി രൂപ ചെലവിൽ 2,061 തീരദേശ റോഡുകൾ പൂർത്തിയാക്കി. മുതലപ്പൊഴി തുറമുഖ വിപുലീകരണത്തിന് 177 കോടിയും വിഴിഞ്ഞത്ത് പുതിയ ഹാർബറിന് 271 കോടിയും അനുവദിച്ചു. പൊഴിയൂരിൽ ഹാർബർ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി നൽകി. മഞ്ചേശ്വരം, കൊയിലാണ്ടി, താനൂർ, വെള്ളയിൽ തുറമുഖങ്ങൾ നാടിനായി സമർപ്പിച്ചു. ഇന്ത്യയിൽതന്നെ ആദ്യമായി ജിയോട്യൂബ് ഉപയോഗിച്ചുള്ള ഓഫ്‌ഷോർ ബ്രേക്ക്-വാട്ടർ തീരസംരക്ഷണ പദ്ധതി പൂന്തുറയിൽ പൂർത്തിയാക്കി. ഉപഭോക്താക്കൾക്ക് മായമില്ലാത്ത മത്സ്യം ഉറപ്പാക്കാൻ 57 മത്സ്യ മാർക്കറ്റുകൾ 142 കോടി രൂപ ചെലവിൽ നവീകരിച്ചു. ആലുവയിലും കോഴിക്കോടും 100 കോടി രൂപ ചെലവിൽ ആധുനിക മാർക്കറ്റുകൾ സ്ഥാപിച്ചുവരുന്നു.
ക്ഷേമപദ്ധതികളും
സാമൂഹിക സുരക്ഷയും
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകി. മത്സ്യബോർഡിൽ ഇൻഷുറൻസ് ഉള്ളവർക്ക് 10 ലക്ഷം രൂപയും മത്സ്യഫെഡ് അംഗങ്ങൾക്ക് അധികമായി 10 ലക്ഷം രൂപയും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. വിരമിക്കൽ ആനുകൂല്യം ചരിത്രത്തിലാദ്യമായി അനുവദിക്കുകയും ഇതിനായി 2 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഈ സർക്കാരിന്റെ കാലത്തുമാത്രം 184.82 കോടി രൂപ ധനസഹായം നൽകി. സമുദ്ര ബസ് സർവീസ് വഴി വനിതാ വിപണനക്കാർക്ക് സൗജന്യ യാത്ര ഉറപ്പാക്കി. സാഫ് (SAF) വഴി 607 യൂണിറ്റുകൾ ആരംഭിച്ച് വിറ്റുവരവ് 150 കോടി രൂപയിലെത്തിച്ചു. കൂടാതെ ‘ബ്ലൂ ടൈഡ്സ് 2025′ കോൺക്ലേവിലൂടെ 7,288 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾ ലഭിച്ചത് വലിയ നേട്ടമാണ്.
കഴിഞ്ഞ ദശകത്തിൽ കൈവരിച്ച നേട്ടങ്ങൾ കേരളത്തിന്റെ മത്സ്യബന്ധന മേഖലയെ ഒരു പുതിയ ദിശയിലേക്ക് നയിച്ചിരിക്കുകയാണ്. ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി വഴി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും ‘തൊഴിൽതീരം’ പദ്ധതി വഴി വിജ്ഞാനസമൂഹമായി മാറിയും നമ്മുടെ മത്സ്യത്തൊഴിലാളി സമൂഹം ലോകത്തിന് മാതൃകയാവുകയാണ്. ഈ കരുതലും വികസനവും വരുംവർഷങ്ങളിലും കൂടുതൽ ഊർജ്ജസ്വലമായി തുടരും. l



