പട്ടിക വിഭാഗങ്ങളെ വിവിധ മാർഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും വ്യാജ വാർത്തകളുടെ തള്ളലും തിരഞ്ഞെടുപ്പടുത്തതോടെ വളരെ സജീവമായിട്ടുണ്ട്. ഉപജീവന ശൈലികളുടെ ഭാഗമായി പുഴയോരത്ത് തമ്പടിച്ച പട്ടികവർഗക്കാരാകെ ദുരിതത്തിലാണെന്നും പട്ടികജാതി വിദ്യാർത്ഥികൾ ഇ ഗ്രാന്റ്സ് കിട്ടാതെ വലയുകയാണെന്നുമാണ് രണ്ടാഴ്ചയ്ക്കിടെ മലയാളത്തിലെ രണ്ടു മുഖ്യധാരാ മാധ്യമങ്ങൾ നൽകിയ വ്യാജ വാർത്ത.
ഈ വാർത്തകളുടെ വസ്തുത ജനം അറിഞ്ഞപ്പോഴേക്കും പത്ര മുത്തശ്ശിമാരുടെ കരുതലിൽ നുണ, ലോകമാകെ കറങ്ങി വന്നിരുന്നു. 2026 ജനുവരി 29 വരെയുള്ള ഇ ഗ്രാന്റ്സ് അപേക്ഷകൾ തീർപ്പാക്കിയിട്ടും കിട്ടിയില്ലെന്ന പല്ലവി മാറുന്നില്ല. എന്നാൽ പണം കിട്ടാത്ത ഒരു വിദ്യാർത്ഥിയെപ്പോലും ചൂണ്ടിക്കാണിക്കാൻ ഇവർക്കാകുന്നുമില്ല.
കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ആത്മാഭിമാനം ഉയർത്തിയ പ്രവർത്തനങ്ങളാണ് കഴിഞ്ഞ 10 വർഷം ഇവിടെ നടന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലെ ഒരു ദളിത് കുടുംബത്തിനും പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല. എല്ലാവർക്കും മികച്ച വിദ്യാഭ്യാസവും സൗകര്യങ്ങളും നൽകി ഉന്നതിയിലേക്ക് കൈപിടിച്ച് ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. കോളനിക്കാർ എന്ന മാറാപ്പുതന്നെ എടുത്തുകളഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനവും തൊഴിലും, അടിസ്ഥാനസൗകര്യ വികസനം, സാംസ്കാരിക പൈതൃക സംരക്ഷണം, നിയമ പരിരക്ഷ എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പട്ടികജാതി പട്ടികവർഗ, വകുപ്പുകൾ ഏറ്റെടുത്തത്. കഴിഞ്ഞ 10 വാര്‍ഷിക ബജറ്റുകളിലായി പട്ടികജാതി വികസനത്തിന് 22,284.34 കോടി രൂപയും പട്ടികവർഗ വികസനത്തിന് 8187.40 കോടി രൂപയും പ്രത്യേക ഉപ പദ്ധതികളിലായി വകയിരുത്തി.
സംസ്ഥാനത്തെ പട്ടികവിഭാഗം ജനസംഖ്യയുടെ അനുപാതത്തേക്കാള്‍ ഉയര്‍ന്ന ബജറ്റ് വിഹിതം പട്ടികജാതി–പട്ടികവര്‍ഗ പദ്ധതികള്‍ക്കായി വകയിരുത്തുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ജനക്ഷേമ, ജനകീയ ബജറ്റിലൂടെ 2026- – 27 വർഷത്തിലും കേരളത്തിലെ പട്ടികവിഭാഗ ജനതയെ സർക്കാർ ഹൃദയത്തിൽ ചേർത്തു പിടിച്ചിട്ടുണ്ട്. പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികൾക്കായി 4719.94 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
ഇതിൽ 3507 കോടി രൂപ പട്ടികജാതി വികസനത്തിനും 1012 കോടി രൂപ പട്ടികവർഗ വികസനത്തിനും 200.94 കോടി രൂപ പിന്നാക്ക ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് വകയിരുത്തിയിട്ടുള്ളത്. 4 പദ്ധതികളും പുതുതായി ആവിഷ്കരിച്ചിട്ടുണ്ട്.
കെ-ബിസ്സ് – പട്ടികജാതി സംരംഭകത്വ വികസന മിഷന് (കെ ബിസ്സ്) 5 കോടി രൂപയും വനിതാ സമൃദ്ധി – സ്ത്രീ ശാക്തീകരണ പരിപാടിക്ക് 10 കോടി രൂപയും പട്ടികവർഗ കുടുംബങ്ങളുടെ ഭൂമി രജിസ്ട്രേഷന് ഒരു കോടി രൂപയും പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗത്തിന്റെ ഉപജീവന സഹായ പരിപാടിക്ക് 10 കോടിയും പുതുതായി വകയിരുത്തിയിട്ടുണ്ട്.
സമൃദ്ധി കേരളം
കേരളത്തിലെ വ്യവസായ വളർച്ചയ്ക്കൊപ്പം പട്ടിക ജാതിക്കാർക്കും മുന്നേറാൻ കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയാണ് “സമൃദ്ധി കേരളം’.
നിലവിൽ പ്രവർത്തിക്കുന്ന വ്യവസായ സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ ടോപ്- അപ്പ് ലോൺ നൽകുന്നതാണ് പദ്ധതി.
വായ്പയിൽ പലിശയിളവാണ് ഗുണഭോക്താവ് തെരഞ്ഞെടുക്കുന്നതെങ്കിൽ 3 ശതമാനം പലിശയ്ക്കും സബ്സിഡിയാണെങ്കിൽ 20 ശതമാനം വരെയും ലഭിക്കും.
ഉന്നതി ഓവര്‍സീസ് സ്കോളർഷിപ്പ്
ലോകത്തെ മികച്ച വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും അതിനു മുകളിലുമുള്ള പഠനത്തിന് 25 ലക്ഷം രൂപവരെ ധനസഹായം നൽകുന്ന പദ്ധതി പ്രകാരം ഇതുവരെ 1104 വിദ്യാർത്ഥികൾക്ക് ഈ കാലയളവില്‍ വിദേശ പഠന സൗകര്യം ലഭ്യമാക്കി. വരുമാനം അടിസ്ഥാനമാക്കി മൂന്നു സ്ലാബായാണ് സ്കോളർഷിപ്പ് നൽകുക. ഇതുവഴി കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.
സേഫ്
അപൂർണ ഭവനങ്ങളുടെ പൂർത്തീകരണത്തിനും നവീകരണത്തിനുമായി ആരംഭിച്ചതാണ് ഈ പദ്ധതി. പട്ടികജാതിക്കാർക്ക് 2 ലക്ഷം രൂപയും പട്ടികവർഗക്കാർക്ക് 2.5 ലക്ഷം രൂപയുമാണ് പദ്ധതി വഴി നൽകുന്നത്. പദ്ധതിയ്ക്കുകീഴില്‍ 52,104 പട്ടികജാതി കുടുംബങ്ങൾക്കും 11, 860 പട്ടികവർഗ കുടുംബങ്ങൾക്കും ധനസഹായം അനുവദിച്ചു.
ലൈഫ് മിഷൻ
ലൈഫ് മിഷന്‍ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട 1.48 ലക്ഷം പട്ടികജാതി ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിച്ചു. ഇതിൽ 1,10,930 വീടുകൾ പൂർത്തിയാക്കി. പട്ടികവർഗ വിഭാഗത്തിൽ 53,438 വീടുകൾ അനുവദിച്ചതിൽ 46,314 വീടുകൾ പൂർത്തിയായി.
പഠനമുറികൾ
പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഉറപ്പുവരുത്തുന്നതിന് പഠനമുറി നിർമ്മാണ പദ്ധതി പ്രകാരം ഒരു പഠനമുറിക്ക് 2 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതേവരെ 47,024 കുടുംബങ്ങള്‍ക്ക് പഠനമുറികൾ അനുവദിച്ചു. പട്ടികവർഗ വിദ്യാർത്ഥികൾക്കായി ഈ വർഷം മുതൽ ഡിജിറ്റൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന 1000 സ്മാർട്ട് പഠനമുറിയും നിർമിച്ച് നൽകും. 2.5 ലക്ഷം രൂപ ഓരോ പഠനമുറിക്കും നൽകും.
ഇ ഗ്രാന്റ്സ്
പ്രതിവർഷം 6 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികൾക്ക് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകള്‍ മുഖേന വരുമാനപരിധിയില്ലാതെ പ്രീ-മെട്രിക് – – പോസ്റ്റ് മെട്രിക് ഇ- ഗ്രാന്റ്സ് ധനസഹായം നല്‍കി വരുന്നു. പ്രീ പ്രൈമറിക്കു മുതൽ ഗവേഷണ പഠനങ്ങൾക്കു വരെയും പൈലറ്റ് പരിശീലനമടക്കമുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്കും സ്കോളർഷിപ്പ് ലഭ്യമാണ്.
കഴിഞ്ഞ 10 വർഷംകൊണ്ട് 47,09,507 പട്ടികജാതി വിദ്യാർത്ഥികളുടെ പഠനത്തിനായി 2747.7 കോടി രൂപ ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പായി നൽകി. പട്ടികവർഗക്കാരായ 2,58,742 വിദ്യാർത്ഥികൾക്ക് 332. 71 കോടി രൂപയുടെ സ്കോളർഷിപ്പുകളും നൽകി. ഇത്തരത്തിൽ 3080.42 കോടി രൂപയാണ് സ്കോളർഷിപ്പിനായി മാത്രം ചെലവഴിച്ചത്.
ഐശ്വര്യ ഗ്രാമം
5 പട്ടികവിഭാഗ കുടുംബങ്ങള്‍ വരെയുള്ള സ്ഥലങ്ങളിലും അടിസ്ഥാന വികസനമെത്തിക്കാൻ 2024-–25 മുതല്‍ ആരംഭിച്ച പദ്ധതിയാണ് ഐശ്വര്യ ഗ്രാമം. വകുപ്പിന്റെ വിഹിതത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങൾക്കും ഈ വികസന പദ്ധതിയിൽ ഒപ്പം ചേരാം.
ട്രേസ് (TRACE)
പ്രൊഫഷണൽ/ബിരുദ യോഗ്യത നേടിയ പട്ടികവിഭാഗക്കാരായ യുവതീ-യുവാക്കൾക്ക് പ്രവൃത്തിപരിചയം നേടുന്നതിനും മികച്ച ജോലികൾ ഉറപ്പാക്കുന്നതിനുമായി ആവിഷ്കരിച്ചതാണ് ‘ട്രെയിനിംഗ് ഫോർ കരിയർ എക്സലൻസ്’ (TRACE) പദ്ധതി.
സര്‍ക്കാര്‍തലത്തില്‍ ഉള്‍പ്പെടെ തൊഴിൽ പരിചയവും ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവയും ഉറപ്പാക്കുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍, നഴ്സിംഗ്/പാരാമെഡിക്കൽ, സോഷ്യൽ വർക്കര്‍, പ്രൊമോട്ടർമാർ, നഴ്സിങ്, ജേർണലിസം എന്നിങ്ങനെ വിവിധ മേഖലകളിലായി 5000 പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
5000 പേർ നിലവില്‍ പരിശീലനം നേടിവരുന്നു.
വിംഗ്സ് (WINGS)
പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വ്യോമയാന മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ‘‘വിംഗ്സ് ”. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സിന് 25 ലക്ഷം രൂപയും ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അധിക പരിശീലനത്തിനും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു.
ഓരോ വര്‍ഷവും പ്രവേശന പരീക്ഷ പാസാകുന്നവരിൽ 3 പട്ടികജാതി, 2 പട്ടികവർഗം, ഒരു ഒഇസി എന്നിങ്ങനെ 6 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളർഷിപ്പ് നല്‍കുന്നു.
പാലക്കാട് മെഡിക്കൽ കോളേജ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ 72% MBBS പ്രവേശനം പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.500 വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുകയും 500 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിവരികയും ചെയ്യുന്നു. ഇന്ത്യയില്‍തന്നെ ആദ്യമായാണ് പട്ടികജാതി വികസന വകുപ്പ് മെഡിക്കൽ കോളേജ് നടത്തുന്നത്. കോളേജിന്റെ പ്രവർത്തനങ്ങൾക്കായി ഈ കാലയളവില്‍ 750 കോടി രൂപ ചെലവഴിച്ചു.
ചികിത്സാ സഹായം
പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രിയുടെ പ്രത്യേക നിധിയിൽ നിന്നും ചികിത്സാ സഹായമായി 2016 മുതൽ 2025 വരെ 1,40,451 ഗുണഭോക്താക്കൾക്കായി 286.30 കോടി രൂപ സഹായം അനുവദിച്ചു. പട്ടിക വർഗക്കാരുടെ ചികിത്സാ സഹായ നടപടികൾ ഓൺലൈനിലുമാക്കി.
വിജ്ഞാന കേരളം
പട്ടികജാതി, പട്ടികവർഗ വകുപ്പുകളും കെ – ഡിസ്കും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് ‘ഉന്നതി -വിജ്ഞാന കേരളം’.
ഇന്റേണ്‍ഷിപ്പുകള്‍, തൊഴില്‍, അപ്രന്റീസ്ഷിപ്പുകള്‍ വഴി 2026 മാര്‍ച്ച് 31 നകം 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
ഐടിഐ, പോളിടെക്നിക് പഠനം പൂർത്തിയാക്കിയ സംസ്ഥാനത്തെ തൊഴിലന്വേഷകർക്ക് വിവിധ ട്രേഡുകളിൽ നൈപുണ്യപരിശീലനവും വ്യക്തിത്വ വികസന, ഭാഷാ പരിശീലനവും ഉറപ്പാക്കി തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് വിജ്ഞാന കേരളം പദ്ധതിയുടെ ലക്ഷ്യം. l



