ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെ കേരളത്തിലെ സ്ത്രീസമൂഹം സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. കേന്ദ്രം കേരളത്തോട് അങ്ങേയറ്റം വിവേചനം കാണിച്ചുകൊണ്ടിരിക്കുമ്പോഴും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാതെ കേരള സർക്കാർ ചേർത്തുപിടിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നികുതി വിഹിതത്തിൽ 50% സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഈ ആവശ്യം കേന്ദ്രം അംഗീകരിക്കുകയുണ്ടായില്ല.
നിർമല സീതാരാമന്റെ കേന്ദ്ര ബജറ്റ് കേരളത്തെ പാടേ അവഗണിച്ച സാഹചര്യത്തിൽ കേരള ഗവൺമെന്റ് ബജറ്റിലൂടെ കേരളത്തെ മുന്നോട്ടുകൊണ്ടുപോകാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തിയാണ് ആശ്വാസ നടപടികളുമായി ഗവൺമെന്റ് മുന്നോട്ടുപോകുന്നത്. സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എന്നുള്ളത് സിഎജിയും റിസർവ്ബാങ്കും ശരിവെക്കുകയുണ്ടായി.
കേരളത്തിൽ ആദ്യമായി ജൻഡർ ബജറ്റ് അവതരിപ്പിക്കപ്പെട്ടത് വിഎസ് സർക്കാരിന്റെ കാലഘട്ടത്തിലാണ്. അന്ന് 10% തുക സ്ത്രീകൾക്ക് നീക്കിവെച്ചെങ്കിൽ ഇന്ന് 22% തുകയാണ് സ്ത്രീകൾക്കായി രണ്ടാം പിണറായി സർക്കാർ നീക്കിവെച്ചിട്ടുള്ളത്. 2017- – 18 വർഷം 11.4% തുക നീക്കിവെച്ചിടത്താണ് ഇന്ന് 22% ആക്കി ഉയർത്തിയിട്ടുള്ളത്. സ്ത്രീകൾ ചെയ്യുന്ന കാണാപ്പണികളെ സംബന്ധിച്ചുള്ള ഒരു പഠനം അടുത്തിടെ എസ് ബി ഐ നടത്തുകയുണ്ടായി. ഒരു വർഷം 22.5 ലക്ഷം കോടി രൂപ മൂല്യമുള്ള അധ്വാനം ഇന്ത്യയിലെ സ്ത്രീകൾ ചെയ്യുന്നുണ്ട്. ഇത്രയധികം തുകയുടെ അധ്വാനം രാജ്യത്തിന്റെ സമ്പദ്ഘടനയിൽ മാറ്റമുണ്ടാക്കാൻ സ്ത്രീകൾ ചെയ്യുമ്പോഴും അതിനുള്ള ഒരു അംഗീകാരവും സ്ത്രീകൾക്ക് ലഭിക്കാറില്ല. ആ അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്റ് വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന് ഉറപ്പുനൽകിയത്. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീ സുരക്ഷാ പെൻഷൻ 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ അടക്കമുള്ള 31.34 സ്ത്രീകൾക്ക് ലഭിക്കും. ഈ നടപടിയെ വളരെ ആശ്വാസത്തോടെയാണ് കേരളത്തിലെ സ്ത്രീ സമൂഹം നോക്കിക്കാണുന്നത്. 16.32 ലക്ഷം പേർ ഇതിനകം തന്നെ ഈ പദ്ധതിയിൽ അംഗങ്ങളായി കഴിഞ്ഞു. 3720 കോടി രൂപയാണ് ഇതിനായി ഗവൺമെന്റ് നീക്കിവച്ചിരിക്കുന്നത്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ സ്ത്രീകൾക്കായി ഒരു സുരക്ഷാ പദ്ധതി ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് സ്ത്രീകളുടെ ഉന്നമനത്തിന് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പദ്ധതി.
ഇതിനു പുറമേ പുതിയ തലമുറയെ കൈപിടിച്ചുയർത്തുന്നതിനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച കണക്ട് ടു വർക്ക് പദ്ധതിയും ഇതിനോടകം തന്നെ ഏറെ ജനകീയമായിരിക്കുകയാണ്. തൊഴിലന്വേഷകരായ ചെറുപ്പക്കാർക്ക് കൈത്താങ്ങാവുന്നതാണ് ഈ പദ്ധതി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ഈ പദ്ധതിപ്രകാരവും 60% ത്തോളം സഹായം ലഭിക്കുന്നത് പെൺകുട്ടികൾക്കാണ് എന്നുള്ളത് സന്തോഷകരമായ വസ്തുതയാണ്. 68731 പേർ ഇതിനോടകം തന്നെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പദ്ധതിക്കായി സർക്കാർ 400 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
കേന്ദ്ര ഗവൺമെന്റ് ഒരു വർഷം രണ്ടു കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് പറഞ്ഞ് രാജ്യത്തെ ചെറുപ്പക്കാരെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. ആളുകളുടെ കണ്ണിൽപൊടിയിടാൻ കഴിഞ്ഞ ബജറ്റിൽ ചെറുപ്പക്കാർക്ക് ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ ബജറ്റിൽ അതിനെക്കുറിച്ച് ഒരു പരാമർശം പോലും ഉണ്ടായില്ല.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീശാക്തികരണ പ്രസ്ഥാനങ്ങളിൽ ഒന്നായ കുടുംബശ്രീയെ ഏറ്റവും നല്ല നിലയിൽ സഹായിച്ചുകൊണ്ടാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുപോകുന്നത്. എഡിഎസുകൾക്ക് 2025 നവംബർ ഒന്നാം തീയതി മുതൽ പ്രതിമാസം 1000 രൂപ ഗ്രാന്റ് ആയി നൽകാനുള്ള തീരുമാനം ഏറ്റവും സ്വാഗതാർഹമാണ്. ഇതിന്റെ പ്രയോജനം 19,420 എ ഡി എസുകൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു. വനിതാ സംരംഭകർക്ക് വരുമാനവും സ്ത്രീകൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കാനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി സാധ്യമാക്കാൻ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് ബജറ്റിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനായി ഫുൾഫിൽമെന്റ് സെന്ററുകൾ ബ്ലോക്ക് അടിസ്ഥാനത്തിൽ സ്ഥാപിക്കും. ഇതിന് 22.30 കോടി രൂപ വകയിരുത്തിയിരിക്കുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയും സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെയുമുള്ള പദ്ധതികൾക്ക് 10കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
സ്ത്രീകൾ നേതൃത്വം നൽകുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്കും നിർമ്മാണ യൂണിറ്റുകൾക്കും പ്രാദേശികതലത്തിലുള്ള കമ്യൂണിറ്റി കിച്ചണിനും ഉള്ള സർക്കാരിന്റെ പിന്തുണയും ബജറ്റിൽ ഉറപ്പാക്കി. സ്വന്തം നാട്ടിൽ തന്നെ മികച്ച വരുമാനവും മാന്യമായ തൊഴിലും സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. സൂക്ഷ്മ സംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, ഉപജീവന പ്രവർത്തനം, മൈക്രോഫിനാൻസ് തുടങ്ങിയവയ്ക്കെല്ലാം കൂടി 275 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
തോട്ടം മേഖലയിൽ പണിയെടുക്കുന്നതിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടുമുട്ടിക്കാൻ പ്രയാസപ്പെടുന്ന സഹോദരിമാരാണ് തോട്ടം മേഖലയിൽ ജോലിയെടുക്കുന്നത്. തോട്ടം മേഖലയ്ക്ക് ബജറ്റിൽ 15 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. ക്ഷേമ പദ്ധതികളുടെ ഉത്തരവാദിത്വത്തിൽ നിന്നും പൂർണമായും മുഖം തിരിഞ്ഞ് കേന്ദ്രം നിൽക്കുമ്പോൾ കേരളം പാവപ്പെട്ടവർക്ക് നൽകുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒരു മുടക്കവും വരുത്താതെ ബജറ്റിൽ പണം നീക്കിവച്ചിരിക്കുന്നു.
2025 നവംബർ മുതൽ ക്ഷേമപെൻഷൻ 2000 ആക്കി ഉയർത്തി. ഇതിനായി 2026–-27 വർഷം 14,500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ 62 ലക്ഷം പേർക്ക് കൃത്യമായി പെൻഷൻ ലഭ്യമാകും. ഇതിലും നല്ലൊരു ശതമാനവും സ്ത്രീകളാണ്.
അംഗൻവാടി, -ആശ, സ്കൂൾ ഉച്ചഭക്ഷണ -പാചക തൊഴിലാളികളടക്കമുള്ള സ്കീം വർക്കർമാർക്ക് വേതനം വർദ്ധിപ്പിക്കണം എന്നുള്ള നിർദ്ദേശം ധനകാര്യ മന്ത്രി കേന്ദ്രത്തിന് സമർപ്പിക്കുകയും നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര ബജറ്റ് പൂർണമായും രാജ്യത്തെ സ്കീം വർക്കർമാരെ അവഗണിച്ചു. 1975 ലാണ് അംഗൻവാടി ഐ സി ഡി എസ് പ്രോജക്ട് നിലവിൽ വരുന്നത്. കേരളത്തിൽ ഈ രംഗത്ത് 66,240 പേർ ജോലി ചെയ്യുന്നു. 33,120 അംഗൻവാടികളുണ്ട്. ഇതിലെ 28,000 അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിച്ചു നൽകാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സാധിച്ചിട്ടുണ്ട്. അംഗൻവാടികളിൽ ജോലിയെടുക്കുന്ന സഹോദരിമാർ ഇപ്പോൾ അവരുടെ സമയത്തിന്റെ നല്ലൊരു ശതമാനവും ചെയ്യുന്ന ജോലി കേന്ദ്രത്തിനു വേണ്ടിയിട്ടുള്ളതാണ്. ഓൺലൈനിലൂടെയാണ് കൂടുതൽ ജോലികളും അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. അതിന് അവർക്ക് വാങ്ങിക്കൊടുത്ത ഫോണിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയത് വാങ്ങി ക്കൊടുക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. അധികമായി അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ജോലിക്ക് ഉള്ള മതിയായ ഓണറേറിയവും ഗവൺമെന്റ് നൽകുന്നില്ല. 50 വർഷമായിട്ടും അംഗൻവാടി വർക്കർക്ക് കേന്ദ്രം കൊടുക്കുന്ന ത് 2,720 രൂപയും ഹെൽപ്പർക്ക് 1,350 രൂപയുമാണ്. കേന്ദ്രവിഹിതം ഒരു രൂപ പോലും വർധിപ്പിച്ചിട്ടില്ല. ഇവിടെയാണ് കേരളത്തിലെ നമ്മുടെ ഗവൺമെന്റ് അംഗൻവാടി വർക്കർമാർക്ക് 15,000 രൂപയും ഹെൽപ്പർമാർക്ക് 10,500 രൂപയും നൽകുന്നത്. ഇതിൽ യഥാക്രമം 2720, 1350 രൂപമാത്രമാണ് കേന്ദ്ര വിഹിതം. ബാക്കി കേരളം നൽകുന്ന തുകയാണ്. ഈ ബജറ്റിൽ 1000 രൂപ വീണ്ടും വർദ്ധിപ്പിച്ചത് തീർച്ചയായും വളരെ ആശ്വാസം നൽകുന്ന കാര്യമാണ്.
രാജ്യത്ത് 10 ലക്ഷത്തോളം വരുന്ന ആശാ പ്രവർത്തകരുള്ളതിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ 26,520 പേരാണ് ജോലി ചെയ്യുന്നത്. 3,000 രൂപയാണ് കേന്ദ്രത്തിന്റെ ഇൻസെന്റീവ്. ആ ഇൻസെന്റീവിന്റെ 40% കേരളമാണ് കൊടുക്കേണ്ടത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് പ്രഖ്യാപിച്ചത് ആകെ നോക്കുമ്പോൾ ഒൻപതിനായിരം രൂപയാണ്. ഈ 9000 രൂപ ഓണറേറിയത്തിനു പുറമേ അവർ ചെയ്യുന്ന ജോലിയുടെ ഇൻസെന്റീവും കൂടി വരുമ്പോഴാണ് ഒരു ആശയ്ക്ക് 14,000ത്തിലധികം രൂപ കൈപ്പറ്റാൻ കഴിയുന്നത്. ഒരു പൈസ പോലും കേന്ദ്രം ഓണറേറിയം കൊടുക്കുന്നില്ല എന്നു മാത്രമല്ല നൽകുന്ന ഇൻസെന്റീവിന്റെ 40% സ്റ്റേറ്റാണ് കൊടുക്കേണ്ടത് താനും.
പ്രീ പ്രൈമറി അധ്യാപകരുടെ വേതനത്തിൽ 1000 രൂപയുടെ വർദ്ധനവ് ഈ ബജറ്റിൽ പ്രഖ്യാപിച്ചു. സ്കൂൾ പാചക തൊഴിലാളികളുടെ ദിവസ വേതനത്തിൽ 25 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നാമമാത്രമായ വേതനത്തിനുവേണ്ടി പാചക തൊഴിലാളികൾ സമരം ചെയ്തു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് കേരളത്തിലെ ഗവൺമെന്റ് പാചക തൊഴിലാളികൾക്കുള്ള വേതനം 14,000 രൂപ ആക്കിയത്. ഇതിൽ 675 രൂപ മാത്രമാണ് കേന്ദ്രവിഹിതം. ബാക്കി മുഴുവൻ കൊടുക്കുന്നത് കേരളമാണ്. കൂടാതെ സാക്ഷരതാ മിഷൻ പ്രേരക്മാരുടെ ഓണറേറിയവും 1000 രൂപയാക്കി വർദ്ധിപ്പിച്ച തീരുമാനത്തെ നമ്മൾ സ്വാഗതം ചെയ്യുന്നു.
വനിതാ സഹകരണ സംഘങ്ങൾക്കും വനിതാ ഫെഡിനും 2.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് കേരളത്തിലെ 540 ഓളം വരുന്ന വനിതാ സംഘങ്ങൾക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്. 2026-27 വർഷം വനിതാ വ്യവസായ പാർക്ക്, പ്രവാസി വ്യവസായ പാർക്ക്, പരമ്പരാഗത വ്യവസായ പാർക്ക് എന്നിവ തുടങ്ങുന്നതിന് 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ സംരംഭകരായ സ്ത്രീകൾക്ക് ഏറെ പ്രതീക്ഷനൽകുന്ന നടപടിയാണിത്. പരമ്പരാഗത വ്യവസായ മേഖലയിൽ പണിയെടുക്കുന്നവരിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ്. ഇവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി 242.34 കോടി രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് ഈ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്ന് ഉറപ്പാണ്.
കൈത്തറി മേഖലയ്ക്ക് 59 കോടി രൂപയും നീക്കിവെച്ചിരിക്കുന്നു. ഹാൻടെക്സിന്റെ പുനരുദ്ധാരണത്തിന് 20 കോടി രൂപയും നെയ്ത്തുകാരുടെ അടിസ്ഥാന വികസനത്തിന് നാലു കോടി രൂപയും നീക്കി വെച്ചിരിക്കുന്നു. ഈ മേഖലയിലെല്ലാം ഏറ്റവും കൂടുതൽ ജോലി എടുക്കുന്നത് സ്ത്രീകൾ ആയതുകൊണ്ടുതന്നെ ഇത് സ്ത്രീ സമൂഹത്തിന് വെളിച്ചംപകരുന്ന നടപടിയാണ്.
കശുവണ്ടി വ്യവസായത്തെ സഹായിക്കുന്നതിന് വേണ്ടിയും ബജറ്റിൽ 56 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാഷ്യു കോർപ്പറേഷന് 4.5 കോടി രൂപയും ക്യാപക്സിന് 3.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കശുവണ്ടി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ തൊഴിലെടുക്കുന്ന മറ്റൊരു മേഖലയാണ് കയർ മേഖല. 110. 6 കോടി രൂപയാണ് കയർ മേഖലയുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നത്. ഖാദി മേഖലയ്ക്ക് 12.5 കോടി രൂപ നീക്കിവെച്ചിരിക്കുന്നു.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിന് 484.81 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. കേന്ദ്രം സാമ്പത്തികമായി നമ്മളെ ഞെരുക്കുമ്പോഴും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഇത്രയും തുക നീക്കിവെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നു. അംഗൻവാടി കുഞ്ഞുങ്ങളുടെ മുട്ടയും പാലും പദ്ധതിക്ക് ബജറ്റിൽ 80 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മെറ്റേണിറ്റി ബെനിഫിറ്റിന് 8 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള വിവിധ പദ്ധതികളും ബജറ്റിൽ ആവിഷ്കരിച്ചിട്ടുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും സ്വയം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആയോധനകലയിൽ പരിശീലനം നൽകുന്നതിന് 14 ജില്ലാതല വൺ സ്റ്റോപ്പ് സെന്ററുകൾ അടങ്ങുന്ന ധീര പദ്ധതി വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സുപ്രധാനമായിട്ടുള്ള നിയമ സംരക്ഷണ കേന്ദ്രങ്ങൾ, നിയമസഹായ സേവനങ്ങൾ അതിജീവിതകൾക്കായുള്ള പുനരധിവാസം എന്നിവയ്ക്കായി 13 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
ഒന്നാം യുപിഎ ഗവൺമെന്റിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സഹായത്തോടെ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം അട്ടിമറിച്ചിരിക്കുന്നു. കേന്ദ്ര മന്ത്രി അവതരിപ്പിച്ച ബജറ്റിൽ 30 കോടി രൂപ മാത്രമാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ഇതിൽ നിന്നുതന്നെ ഈ പദ്ധതിയെ തകർക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത് എന്ന് നമുക്കു മനസ്സിലാക്കാൻ സാധിക്കും. പുതിയ പദ്ധതിയായ വിബിജി റാംജി പദ്ധതിയിൽ 40% സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. 100 തൊഴിൽ ദിനം പോലും കൊടുക്കാൻ സാധിച്ചിട്ടില്ലാത്ത ഗവൺമെന്റ് 120 തൊഴിൽ ദിനങ്ങൾ നൽകുമെന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ്. നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇതിനെ സംബന്ധിച്ച് ഒരു വിശദാംശവും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ കേരളം തൊഴിലുറപ്പ് പദ്ധതിക്കായി ഏറ്റവും വലിയ തുക ഈ ബജറ്റിലും മാറ്റിവച്ചിട്ടുണ്ട്. പൂർണമായും കേന്ദ്രം ചെലവ് വഹിച്ചുകൊണ്ടിരുന്ന ഒരു പദ്ധതിയെ ഇപ്പോൾ പൂർണമായും തകർത്തുകളഞ്ഞിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി ഏറ്റവും നന്നായി നടക്കുന്ന സംസ്ഥാനമാണ് കേരളം. 17 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയ്ക്കുകീഴിൽ തൊഴിലെടുക്കുന്നു. അവരെ സംബന്ധിച്ച് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്.
നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 20 കോടി രൂപ അധികമായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നു. ആകെ 400 കോടി രൂപയാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. അൻപത് ലക്ഷം വ്യക്തിഗത തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കേരളത്തിന് സാധിക്കും. നൂറു തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയിട്ടുള്ള പട്ടികജാതി കുടുംബങ്ങൾക്ക് 100 ദിനങ്ങൾ കൂടി നൽകാൻ ആവശ്യമായ സംഖ്യ നമ്മുടെ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഇത് മറ്റൊരു സംസ്ഥാനവും ചെയ്തിട്ടില്ലാത്ത കാര്യമാണ്.
പിന്നാക്ക വിഭാഗത്തിലെ വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് മൂന്നു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് മെഡിക്കൽ അല്ലെങ്കിൽ അനുബന്ധ കോഴ്സിന് സ്കോളർഷിപ്പിനായി 28 ലക്ഷം രൂപ നീക്കിവെച്ചിരിക്കുന്നു.
കേന്ദ്ര ബജറ്റ് സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനുമായി നാമ മാത്രമായ തുകയാണ് മാറ്റിവയ്ക്കുന്നത്.എന്നാൽ ഈ തുക പോലും പലപ്പോഴും ഉപയോഗപ്രദമായി ചെലവഴിക്കാറില്ല. ഇത്തരം നിലപാടുകൾ കേന്ദ്രം തുടരുമ്പോഴും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ 9 വർഷക്കാലമായി കേരളത്തിലെ സ്ത്രീകൾക്ക് കൊടുത്ത വാക്ക് നിറവേറ്റിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും തൊഴിൽ രംഗത്തുമെല്ലാം സ്ത്രീകൾക്ക് വലിയതോതിൽ മുന്നേറാൻ സാധിച്ചത് സ്ത്രീപക്ഷ നവകേരളം സൃഷ്ടിച്ചെടുക്കണമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ദിശാബോധം ഒന്നുകൊണ്ടു മാത്രമാണ്. l



