Sunday, February 8, 2026

ad

Homeകവര്‍സ്റ്റോറിവ്യാജ കടപ്പേടി പരത്തുന്ന 
പ്രൊപ്പഗൻഡ 
പദ്ധതിയെ ചെറുക്കാം

വ്യാജ കടപ്പേടി പരത്തുന്ന 
പ്രൊപ്പഗൻഡ 
പദ്ധതിയെ ചെറുക്കാം

ഗോപകുമാർ മുകുന്ദൻ

കേരളം കടക്കെണിയിൽപ്പെട്ട് തകരാൻ പോകുന്നു എന്ന ഒരൊറ്റ ആഖ്യാനംകൊണ്ട് ബുദ്ധി ജീവിതവും മാധ്യമ ജീവിതവും നടത്തിക്കൊണ്ടുപോകുന്നവർ ഒരുപാടുണ്ട് കേരളത്തിൽ. അങ്ങനെ കെണിയിൽപെട്ട് തകരുന്ന ‘ഖേരളത്തെ’ ഉപാസിച്ചു അനവരതം അനുബന്ധ ആഖ്യാനങ്ങൾ കളം നിറഞ്ഞാടുകയായിരുന്നല്ലോ? വിദേശ നാണയ പ്രതിസന്ധിമൂലം വലിയ തകർച്ച നേരിട്ട ശ്രീലങ്കയെ പോലെ കേരളം ഇതാ തകരാൻ പോകുന്നു എന്നു തുടരൻ എഴുതിയ മാധ്യമ മുത്തശ്ശികൾ ഇവിടെയുണ്ട്. ശ്രീലങ്കയുടെ വിദേശ നാണയ പ്രതിസന്ധി കേരളം എന്ന ഒരു ഉപദേശീയ പ്രദേശത്തിനു ഉണ്ടാകുന്നതെങ്ങനെ,കേരളം വിദേശ നാണയം കൈകാര്യം ചെയ്യുന്ന സർക്കാരല്ലല്ലോ എന്നതൊന്നും കഥ എഴുത്തുകാർക്ക് ബാധകമല്ല. എന്തായാലും ഇടയ്ക്ക് ഒന്നു ഒതുങ്ങിയ കട ആഖ്യാനങ്ങൾ വീണ്ടും അരങ്ങത്ത് എത്തിത്തുടങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രധാന പ്രകോപനം. ഇപ്പോൾ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാർവ്വത്രിക ജനകീയ അംഗീകാരം നേടിയതാണ്, യുഡിഎഫും മനോരമാദി മാധ്യമങ്ങളും കടപ്പെരുക്കം സംബന്ധിച്ച സ്തോഭജനകമായ കഥകളുമായി ഝടുതിയിൽ നിറഞ്ഞാടാൻ ഇറങ്ങിയതിലെ പെട്ടെന്നുള്ള പ്രകോപനം.

ഇരട്ടിക്കുന്ന കടത്തിന്റെ കഥ
ഇപ്പോഴത്തെ കഥയുടെ ചുരുക്കം എന്താണ്? എന്തെല്ലാം നേടിയാലും ഈ സർക്കാർ കടം പെരുപ്പിച്ചു നാടുമുടിച്ചു എന്നതാണ് ആഖ്യാനം. പത്തുകൊല്ലമായി കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൈവരിച്ച ക്ഷേമ,വികസന നേട്ടങ്ങളെ നേരിടാൻ പ്രാപ്തിയില്ലാത്ത യുഡിഎഫും ബിജെപിയും അവരുടെ ശിങ്കിടി മാധ്യമങ്ങളുമാണ് ഇപ്പോഴത്തെ കടക്കഥയുടെ കർത്താക്കൾ. ‘ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് അഞ്ചാണ്ട് കൂടിയപ്പോൾ കടം ഇരട്ടിച്ചു, അതു ഇപ്പോഴത്തെ നേട്ടങ്ങളുടെ ആകെ പ്രഭ ഇല്ലാതാക്കുന്നു, എല്ലാം കടമല്ലേ’ എന്നതാണ് പ്രചരിപ്പിക്കുന്ന കഥ. ഈ കഥയുടെ പൊരുൾ ഒന്നു നോക്കാം.

കഴിഞ്ഞ 20 കൊല്ലത്തെ കടം വർദ്ധനയുടെ കഥയാണ് താഴെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ളത്. സൗകര്യത്തിന് നമ്മുടെ സംസ്ഥാന ഭരണ കാലം വെച്ചാണ് കണക്ക് കൊടുത്തിട്ടുള്ളത്. അയ്യഞ്ചു ആണ്ടുകൾ കൂടുമ്പോൾ കടം (Total Outstanding Liability) എത്ര കൂടി എന്നതാണ് നോക്കുന്നത്. സഞ്ചിത കട ബാധ്യതയുടെ തുകയും വർദ്ധനവിന്റെ ശതമാനവുമാണ് കൊടുത്തിരിക്കുന്നത്. കേരളത്തിന്റേത് മാത്രമല്ല,എല്ലാ സംസ്ഥാനങ്ങളുടെയും ആകെ ബാധ്യതയും യൂണിയൻ സർക്കാരിന്റെ ബാധ്യതയും പട്ടികയിലുണ്ട്. ഒരു താരതമ്യ മനസിലാക്കലിന് ഈ കണക്കുകൾ ഉതകും.

Year Kerala Total out liability-  (%)
(Cr. Rupees)
Growth (%) All States Total outstanding liability (Cr. Rupees) Growth (%) Total out standing liability of the Union Government including external liabilities (Cr. Rupees) Growth (%)
2006 47,883 1147717 2359972
2011 83,963 75.35% 1828976 59.35% 4059590 72.03%
2016 1,62,271 93.26% 3218126 75.95% 7098298 74.85%
2021 3,10,856 91.56% 6155000 91.26% 12424179 73.03%
2026 499503 60.68% 9393318 (2025 March) 52.61% 20050511 61.38%

2006 മുതൽ 2026 വരെയുള്ള കണക്കുകളാണ് കൊടുത്തിരിക്കുന്നത്. റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകളാണ് ഈ പട്ടികയ്ക്ക് ആധാരം. അതിനേക്കാൾ ആധികാരികമായ മറ്റൊരു രേഖ ഉണ്ടാകില്ല?

എന്താണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
♦ 2006-2011ലെ വി. എസ്.അച്ച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് ആകെ കടബാധ്യതയിൽ വന്ന വർദ്ധനവ് 75.35% ആയിരുന്നു.ഇതേ കാലയളവിൽ യൂണിയൻ സർക്കാരിന്റേത് 72.03 ശതമാനവും; എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യതയിൽ 59.35 % വർദ്ധനയും ഉണ്ടായി.

♦ എന്നാൽ 2011-–2016 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റ കാലത്ത് കേരളത്തിന്റെ കട ബാധ്യതയിലെ വർദ്ധനവ് 93.6 % ആയിരുന്നു. യൂണിയൻ സർക്കാരിന്റേത് 74.85% ഉം എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യത 75.95% വുമാണ് വർദ്ധിച്ചത്.

♦ 2016–-2021 കാലത്തെ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ കേരളത്തിന്റെ കട ബാധ്യതയിലെ വർദ്ധനവ് 91.56% ആയിരുന്നു. ഈ കാലത്തിന് ഒരു പ്രത്യേകതയുണ്ട്. 2018 ലെ മഹാപ്രളയം,2019 ലെ തീവ്രപ്രളയം, 2020,2021 കാലത്തെ കോവിഡ് മഹാമാരി എന്നിങ്ങനെ ദുരിതങ്ങളുടെ കാലമായിരുന്നു അത്. സംസ്ഥാനങ്ങൾക്ക് യൂണിയൻ സർക്കാർ അധിക വായ്പ അനുവദിച്ച കാലം. എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും അടച്ചുപൂട്ടിയ ലോക്ക് ഡൗൺ കാലത്ത് സർക്കാരുകൾക്ക് വരുമാനം ഉണ്ടാകില്ല എന്നതിനാലാണ് യൂണിയൻ സർക്കാർ അധിക വായ്പ അനുവദിച്ചത്. കോവിഡ് കാലത്തെ എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യതയിൽ വന്ന വർദ്ധനവ് 91.26 ശതമാനമായിരുന്നു എന്നതും കാണാം. രാജ്യത്ത് ഉണ്ടായ ഈ പൊതു പ്രവണതയാണ് കേരളത്തിലും ഇക്കാലയളവിൽ പ്രകടമായത്. അപ്പോഴും 2011-2016 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വർധനവോളം മഹാമാരിക്കാലത്തുപോലും കേരളം എത്തിയില്ല എന്നു മനസ്സിലാക്കണം. യൂണിയൻ സർക്കാരിന്റെ ബാധ്യതയിൽ ഈ കാലയളവിൽ ഉണ്ടായ വർദ്ധനവ് 75.03% ആണ്.

♦ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ( 2021-–2026) ആകെ കടബാധ്യതയിൽ ഉണ്ടായ വർദ്ധനവ് 60.68ശതമാനമാണ്.എല്ലാ സംസ്ഥാനങ്ങളുടെയും നാലു കൊല്ലത്തെ വർദ്ധനവ് ( 2025 മാർച്ച് വരെ ) 52.61 ശതമാനമാണ്. 2026 മാർച്ച് വരെയുള്ള കണക്കുകൾ വരുമ്പോൾ കേരളത്തിന്റെ അതേ നിലയിൽ എല്ലാ സംസ്ഥാനങ്ങളുടെയും സ്ഥിതി എത്തും. യൂണിയൻ സർക്കാർ ബാധ്യതയിൽ 61.38 ശതമാനം വർദ്ധനവ് ഈ സമയത്ത് ഉണ്ടായി.

പ്രചരിപ്പിക്കപ്പെടുന്നതുപോലെ കഴിഞ്ഞ പത്തു കൊല്ലമായി പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് കേരളത്തിന്റെ കടം അസാധാരണമായി പെരുകുകയായിരുന്നില്ല എന്നതാണ് കണക്കുകൾ കാണിക്കുന്നത്. കോവിഡ് കാലത്തുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രവണതയുമായി ചേർന്നു പോകുന്നതാണ് നമ്മുടെ സ്ഥിതിയും. 2021-–2026 കാലത്തും ദേശീയ പ്രവണതയുമായി കൃത്യം ചേർന്നുള്ള കണക്കാണ് കേരളത്തിന്റേത്.

എന്നാൽ ഒരു പ്രത്യേക സാഹചര്യവും ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് കട ബാധ്യതയിൽ വന്ന പെരുക്കം 93.6 % ആയിരുന്നു എന്നത് മനസ്സിലാക്കണം. ഇതാണ് വസ്തുതയും കണക്കും.

തുകയിലുള്ള കടക്കണക്കുകൾ തന്നെ ഇപ്രകാരം ആധികാരികമായ രേഖകളിൽ ലഭിക്കും എന്നിരിക്കെ ഈ അസംബന്ധ ആഖ്യാനങ്ങൾകൊണ്ട് പേജുകളും സംപ്രേക്ഷണ സമയവും നിറയുന്നതെങ്ങനെയാണ്? നിക്ഷിപ്ത രാഷ്ട്രീയ ഉന്നങ്ങളോടെയുള്ള പ്രൊപ്പഗൻഡയാണ് നടക്കുന്നത്.

തുകക്കണക്കുകളിലുള്ള ഈ താരതമ്യം തന്നെ അസംബന്ധമാണ്. സംസ്ഥാന സമ്പദ്ഘടനയുടെ വലുപ്പത്തിന് ആനുപാതികമായി കടം എത്രയാണ് എന്നതിനു മാത്രമേ സാംഗത്യമുള്ളൂ. അതുകൊണ്ടാണ് ജിഡിപിയുടെ അനുപാതമായി കടം എത്ര എന്ന കണക്കുകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നത്. കടപ്പേടി പരത്തി ഇവിടം ഇടിഞ്ഞു വീഴാൻ പോകുന്നു എന്ന പ്രൊപ്പഗൻഡയുമായി ഇറങ്ങുമ്പോൾ അതേ രീതി ഉപയോഗിച്ചു പരിശോധിക്കുക എന്ന യുക്തിയാണ് മുകളിൽ സ്വീകരിച്ചിട്ടുള്ളത്. പ്രചരിപ്പിക്കപ്പെടുംപോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളുടെ കാലത്തല്ല കടപ്പെരുക്കം കൂടിയത് എന്ന വസ്തുത കണക്കുകൾ വെച്ചു പറയുകയാണ് ചെയ്യുന്നത്.

സഞ്ചിത ബാധ്യത 
( Total Outstanding liability)
കേരളം കടംകൊണ്ട് മുങ്ങിത്താഴുന്നു എന്ന പ്രചണ്ഡമായ പ്രൊപ്പഗൻഡയുടെ പൊള്ളത്തരം അടുത്തിടെ പുറത്തു വന്ന സിഎജി റിപ്പോർട്ട് വെളിവാക്കിയിട്ടുണ്ട്. ആദ്യമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിലെ ഒരു ദശാബ്ദക്കാലത്തെ (2013-–2014 മുതൽ 2022-–2023- “State Finances 2022–-23: C&AG) പ്രവണതകൾ സിഎജി ഈ റിപ്പോർട്ടിൽ വിശകലനം ചെയ്തു. എന്താണ് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയിലെ ദീർഘകാല പ്രവണത എന്നു സിഎജി നോക്കി എന്നു സാരം.

ഇവിടെ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കേരളം കടംകൊണ്ട് മുടിഞ്ഞ ഒരു സംസ്ഥാനമല്ല (debt strained) എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കിയത്. അങ്ങനെ ചുമ്മാ പറയുകയല്ല ഈ റിപ്പോർട്ട് ചെയ്യുന്നത്.കൃത്യം കണക്ക് പറയുന്നുണ്ട്. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിൽ എട്ടെണ്ണത്തിനു മുപ്പതു ശതമാനത്തിൽ അധികം പൊതുക്കട(Public Debt)മുണ്ട്.പതിനാലു സംസ്ഥാനങ്ങളുടെ പൊതുക്കടം 20 നും 30 നും ഇടയിലാണ്. ഇതിലാണ് കേരളം വരുന്നത്. കേരളത്തിന്റെ പൊതുക്കടം കൃത്യമായി പറഞ്ഞാൽ 24.71 ശതമാനമാണ്. ആ പതിനാലു സംസ്ഥാനങ്ങളിൽതന്നെ കേരളം ഏഴാമതാണ്. കേരളത്തിന്റെ ഈ പൊതുക്കടം 2023–-2024 ൽ 23.38 ശതമാനമായും 2024-–2025 ൽ 23.33 ശതമാനമായും കുറയുകയാണ് എന്നതും ബജറ്റ് രേഖകൾ നോക്കിയാൽ മനസിലാകും.

എന്തുകൊണ്ടാണ് ഇവിടെ പൊതുക്കടം പറയുന്നത്? കടഭാരം അളക്കാൻ അനുയോജ്യമായത് പൊതുക്കടം അഥവാ Public Debt ആണ് എന്നത് സിഎജി തന്നെ അംഗീകരിക്കുകയാണ്. ബജറ്റിൽ നിന്നും പലിശയടക്കം തിരിച്ചടവ് നടത്തുന്ന കടം ഈ പൊതുക്കടമാണ്. ട്രഷറിയിൽ ആളുകൾ നിക്ഷേപിക്കുന്ന പണം (Public Account) സംസ്ഥാനത്തിന്റെ കട ബാധ്യതയാണ് എന്ന അനുമാനം അബദ്ധമാണ്. ഏതൊരു നിക്ഷേപവും പോലെ സ്വയം മാനേജ് ചെയ്യപ്പെടുന്നതാണ് Public Account എന്നതു കാണണം. ഇതിലാണ് പ്രോവിഡന്റ് ഫണ്ട്, ചെറുകിട സമ്പാദ്യ നിക്ഷേപങ്ങൾ എന്നിവ വരുന്നത്. പൊതു മേഖലാ സ്ഥാപനങ്ങളുടെ വായ്പ(കിഫ്ബി പോലെ)സംസ്ഥാന സർക്കാരിന്റെ പ്രിൻസിപ്പൽ ലയബിലിറ്റിയല്ല എന്നതാണ് കേരളത്തിന്റെ വാദം. അവിടെയും തിരിച്ചടവ് ബജറ്റ് ബാധ്യതയല്ല. എന്നാൽ യൂണിയൻ സർക്കാരിന്റെ കുതന്ത്രങ്ങളുടെ വഴിപിടിച്ച് ഇതടക്കമുള്ള total outstanding liability യുടെ കണക്ക് എടുത്ത് കേരളം തകർന്നു എന്ന കഥ പ്രചരിപ്പിക്കുകയാണ് ഇവിടത്തെ രീതി.

കടത്തിന്റെ ചേരുവയും കടം- ആഭ്യന്തര 
വരുമാന അനുപാതവും
കടം ആഭ്യന്തര വരുമാനത്തിന്റെ ശതമാനമായി പറയുന്നതാണ് ശരി. എന്നാൽ കടം തുകയിൽ പറയുക, തുകയിലുള്ള വർദ്ധനവ് പറഞ്ഞു പേടിപ്പിക്കുക എന്നതാണ് ഇവിടെ സ്വീകരിക്കുന്ന സമീപനം.കേരളത്തിന്റെ ആകെ കടബാധ്യത അഞ്ചു കൊല്ലം കൂടുമ്പോൾ ഇരട്ടിച്ചുകൊണ്ടിരിക്കുന്നു എന്ന കണക്ക് ഈ കടപ്പേടി പരത്തി എല്ലാം കടമാണ് എന്നു വരുത്താനുള്ള ഒരു പ്രൊപ്പഗൻഡയാണ്. അതിന്റെ പൊള്ളത്തരം നാം തുടക്കത്തിൽ വിശകലനം ചെയ്തു.

സിഎജിയുടെ ദശാബ്ദ അവലോകന റിപ്പോർട്ടിൽ കേരളത്തിന്റെ 2022–-2023 ലെ ആകെ കടബാധ്യതയായി പറഞ്ഞിരിക്കുന്നത് 385030 കോടി രൂപയാണ്. ഇതിൽ വിപണി വായ്പയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയും ചേരുന്ന ആഭ്യന്തര കടം ( internal debt ) 227137 കോടി രൂപയാണ്. യൂണിയൻ സർക്കാരിൽ നിന്നുള്ള വായ്പയും അഡ്വാൻസുകളും (ഉദാഹരണത്തിന് മുണ്ടക്കൈ-ചൂരൽമല പശ്ചാത്തല നിർമ്മിതിയ്ക്ക് വായ്പയായി നൽകിയ 529.5 കോടി രൂപ പോലുള്ളവ) 25369 കോടി രൂപ. ഇത് രണ്ടും ചേരുന്ന 252506 കോടി രൂപയാണ് 2022-2023 ലെ കേരളത്തിന്റെ പൊതുക്കടം ( public Debt ) എന്നു പറയുന്നത്. ട്രഷറി നിക്ഷേപം (Public Account) 132524 കോടി രൂപയാണ്. ഇത് നമ്മുടെ ആകെ കട ബാധ്യതയുടെ 34.5 ശതമാനമാണ്. ഇത് ബജറ്റിൽനിന്നും തിരിച്ചടവ് നടത്തുന്ന പണമല്ല എന്നത് മനസിലാക്കേണ്ടതുണ്ട്. അതേസമയം എല്ലാ സംസ്ഥാനങ്ങളുടെയും ശരാശരി Public Account ബാധ്യത ആകെ കട ബാധ്യതയുടെ 18 ശതമാനമേയുള്ളൂ . മറ്റൊരു തരത്തിൽ പറഞ്ഞാൽ എല്ലാ സംസ്ഥാനങ്ങളുടെയും സ്ഥിതി എടുത്താൽ, ആകെ കടബാധ്യതയുടെ 82 ശതമാനവും ബജറ്റിൽ നിന്നും തിരിച്ചടവ് വരുന്നവയാണെങ്കിൽ കേരളത്തിൽ ഇത് 65.5 ശതമാനം മാത്രമാണ്. ഇതിനു കാരണം കേരളത്തിൽ വലിയ തോതിൽ ജനങ്ങൾ നിക്ഷേപം നടത്തുന്ന സംവിധാനമാണ് ട്രഷറി എന്നതാണ്. ഇതും ചേർത്ത് തുകക്കണക്കിൽ കടം പറഞ്ഞു പേടിപ്പിക്കുന്നതാണ് ഇവിടെ അവലംബിക്കുന്ന രീതി.

കടം-  ജിഡിപി അനുപാതവും കുറയുകയാണ്. 2000 മുതൽ 2025 വരെയുള്ള സഞ്ചിത കടം ജിഎസ്ഡിപി യുടെ ശതമാനമായി നോക്കിയാൽ ഏറ്റവും ഉയർന്ന കടം/ജിഎസ്ഡിപി അനുപാതം 2004-–2005 ലായിരുന്നു. 41.65 ശതമാനം.തൊട്ടു തലേക്കൊല്ലം 41.53 ശതമാനം. ഈ സഞ്ചിത കടം എന്നതിൽ ഇപ്പോഴത്തെപോലെ ട്രഷറി നിക്ഷേപം ഒന്നും അന്ന് കണക്കിലെടുത്തിട്ടില്ല.അതു കൂടി ചേർന്നാൽ ഈ അനുപാതം 45 ശതമാനത്തിനും മുകളിലാകണം.അന്ന് കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയായിരുന്നില്ല എന്നോർക്കണം.എന്നാൽ അതുകൊണ്ട് കേരളം മുടിഞ്ഞു പോയി എന്ന നിലപാടില്ല. അതു ക്രമേണ താഴുകയാണ് ചെയ്തത്.

2020-21 ൽ കോവിഡിന്റെ പശ്ചാത്തലത്തിൽപോലും വന്ന കടം /ജിഎസ്ഡിപി അനുപാതം 38.51 ശതമാനമാണ്.സമ്പദ്ഘടന വീണ്ടെടുപ്പ് കൈവരിക്കുന്നതോടെ അതു സാധാരണ നിലയിലെത്തും എന്നാണ് അന്നു പറഞ്ഞത്. 2003-2005 കാലത്തെ 41-42 ശതമാനത്തേക്കാൾ മുടിപ്പിക്കുന്ന കടമാണ് കോവിഡ് കാലത്തേത് എന്ന വാദമായിരുന്നല്ലോ അപ്പോൾ ഈ പ്രൊപ്പഗൻഡ മെഷിനറി നടത്തിയത്. ഇപ്പോൾ ഇത് 33.26 ശതമാനമായി കുറഞ്ഞു. അതേസമയം ഇന്ത്യാ സർക്കാരിന്റെ കടം – ആഭ്യന്തര വരുമാന അനുപാതം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 55.1 ശതമാനമാണ്.യൂണിയൻ സർക്കാർ കടംകൊണ്ട് മുടിഞ്ഞു എന്നു പറയുന്നുണ്ടോ? എന്തായാലും കേരളം debt strained സംസ്ഥാനമാണ് എന്ന ആഖ്യാനം സിഎജി റിപ്പോർട്ട് പൊളിച്ചിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും പുതിയ അവതാര രൂപം ആർജ്ജിച്ച് കടപ്പേടി വീണ്ടും കളംപിടിക്കും എന്നത് നേരത്തെതന്നെ അനുമാനിച്ചിരുന്നു.

വരുന്നു മനോരമ 
വെയസ് & മീൻസ് വായ്പ്പാക്കണക്കുമായി
പ്രതീക്ഷിച്ചപോലെ മലയാള മനോരമ കടപ്പേടി പരത്താൻ പുതിയ നമ്പറുകളുമായി രംഗത്തിറങ്ങി. ധന യാഥാസ്ഥിതികത തലയ്ക്കുപിടിച്ചിട്ട് കിളിപോയ ഒരു ധനശാസ്ത്ര പണ്ഡിതനെയും കൊണ്ടായിരുന്നു ഏറ്റവും പുതിയ എഴുന്നള്ളിപ്പ്.

കേരളം കടക്കെണിയിലാണ് എന്നു തെളിയിക്കാൻ ആകെ കടമെടുപ്പിൽ ദൈനംദിന പണ മാനേജ്മെന്റിനായി റിസർവ് ബാങ്ക് അനുവദിക്കുന്ന വേയ്സ് & മീൻസ് അഡ്വാൻസ് കണക്കുകൾ കൂടി ചേർത്തുകൊണ്ടായിരുന്നു പുതിയകളി. സംസ്ഥാന സർക്കാരിന്റെ വരവ് പന്ത്രണ്ടു മാസങ്ങളിലായിട്ടാണല്ലോ ട്രഷറിയിൽ എത്തുക. ദൈനംദിന ചെലവുകൾക്കുള്ള പണം മാനേജ് ചെയ്യുന്നതിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണമാണ് ഈ വേയ്സ്&മീൻസ് അഡ്വാൻസ്. അങ്ങനെ മുൻകൂറായി റിസർവ് ബാങ്കിൽനിന്നും എടുക്കാവുന്ന പണത്തിന് പരിധിയുണ്ട്. ട്രഷറിയിൽ പണം എത്തുമ്പോൾ ആദ്യം ഈ അഡ്വാൻസ് റിസർവ് ബാങ്ക് എടുക്കും. അത് ഓട്ടോമാറ്റിക് ആണ്. അപ്പപ്പോൾ കൊടുത്തുപോരുന്ന കൈവായ്പാ ക്രമീകരണമാണ് ഈ ഏർപ്പാട്. അതായത് വേയ്സ് & മീൻസ് അഡ്വാൻസ് നമ്മുടെ total outstanding liability അല്ല. ഈ കൈവായ്പ പോലും എടുത്തുകൂടാ എന്നതിനെയാണ് വട്ടായിപ്പോയ ധന യാഥാസ്ഥിതികത എന്നു പറയുന്നത്.

2025-2026 സാമ്പത്തിക വർഷം കേരളം ചരിത്രത്തിലെ ഏറ്റവും ഉയർന്ന കടമാണ് എടുത്തത് എന്ന വാദമാണ് മനോരമ എഴുന്നള്ളിച്ചത്. യഥാർഥത്തിൽ പുതുക്കിയ കണക്കുകൾപ്രകാരം 2025–-2026 ലെ കേരളത്തിന്റെ വായ്പാ വരുമാനം 53949 കോടി രൂപയാണ്. ഇതെങ്ങനെ മനോരമ എഴുന്നള്ളിക്കുന്ന 1,04,354 കോടി രൂപയായി? ദൈനംദിന പണ മാനേജ്മെന്റിനായി റിസർവ് ബാങ്കിൽ നിന്നും പലപ്പോഴായി എടുക്കുന്ന കൈവായ്പ എല്ലാംകൂടി കൂട്ടി 53,306 കോടി രൂപ അധിക വായ്പയാണ് എന്നു പറഞ്ഞു പ്രചരിപ്പിക്കുകയാണ് മലയാള മനോരമ ചെയ്തത്. എടുക്കുന്ന കൈവായ്പ അപ്പപ്പോൾ റിസർവ് ബാങ്കു തന്നെ തിരികെ പിടിക്കും. അതൊന്നും നമ്മുടെ സഞ്ചിത കട ബാധ്യതയിൽ വരുന്നതല്ല. എന്നാൽ ഇതും കൂടി കൂട്ടിയാണ് മനോരമയും ബി.എ പ്രകാശ് എന്ന ധനശാസ്ത്ര ‘പണ്ഡിതനും’ 1,04,354 കോടി രൂപയിലെത്തിയത്. ഇതിന്റെ പൊള്ളത്തരം മനസിലാക്കാൻ നമുക്ക് റിസർവ്വ് ബാങ്ക് കണക്കുകൾ തന്നെ നോക്കാം.

2025 മാർച്ച് മാസം കേരളത്തിന്റെ സഞ്ചിത കട ബാധ്യത (total outstanding liability) ഏതെല്ലാം ഇനങ്ങളിൽ എത്ര വീതം എന്നത് റിസർവ് ബാങ്ക് പ്രസിദ്ധീകരിക്കുന്ന RBI Hand Book of Statistics on Indian States ൽ വ്യക്തമാണ്. ഈ പ്രസിദ്ധീകരണത്തിലെ കണക്കുകൾപ്രകാരം ഏതെല്ലാം ഇനങ്ങളിൽ എത്ര ബാധ്യത എന്നതാണ് താഴെ കൊടുക്കുന്നത്.

♦ ബോണ്ട് ഇറക്കി എടുത്ത സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകൾ( SDL)- 2,58,359.4 കോടിരൂപ

♦ പവർ ബോണ്ടുകൾ – 0

 ♦ മറ്റു ബോണ്ടുകൾ – 0.1 കോടി രൂപ

♦ ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിന്നുള്ള വായ്പ – 28,360.6 കോടി രൂപ

♦ വേയ്സ് ആന്റ് മീൻസ് അഡ്വാൻസ് (Ways& means advance from RBI) – 0

♦ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ – 4,029.5 കോടി രൂപ

♦ യൂണിയൻ സർക്കാർ നൽകുന്ന വായ്പ – 26,486.9 കോടി രൂപ

♦ പ്രോവിഡണ്ട് ഫണ്ട് തുടങ്ങിയ ട്രഷറി നിക്ഷേപം – 1,41,870 കോടി രൂപ
 റിസർവ് ഫണ്ട് – 2,874.9 കോടി രൂപ

♦ ട്രഷറിയിൽ ഉള്ള മറ്റു നിക്ഷേപങ്ങളും മറ്റും – 9,009.9 കോടി രൂപ

♦ കണ്ടിജൻസി ഫണ്ട് – 100 കോടി രൂപ
ഇതെല്ലാം ചേരുന്നതാണ് സഞ്ചിത കട ബാധ്യത അഥവാ total outstanding liability എന്നു പറയുന്നത്. ബജറ്റിൽ നിന്നും മുതലും പലിശയും കൊടുക്കുന്ന കടമല്ല ഇതെല്ലാം എന്നതു ആവർത്തിച്ചു ഓർക്കേണ്ടത് പ്രധാനമാണ്. അതവിടെ നിൽക്കട്ടെ.ഈ കണക്കിൽ വേയ്സ് & മീൻസ് അഡ്വാൻസ് ഇനത്തിൽ വല്ല ബാധ്യതയും ഉണ്ടോ? ഇല്ലല്ലോ?
എന്നാലും മനോരമയ്ക്കും ബി.എ പ്രകാശിനും ഒരു മനഃസുഖത്തിനു അതും കൂടി ചേർത്ത കടമെടുപ്പ് കണക്ക് ഉണ്ടാക്കിയല്ലേ പറ്റൂ!

ഇതു വെറും മനഃസുഖത്തിന്റെ പ്രശ്നമല്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുന്ന ബദൽ വികസന, ക്ഷേമ നടപടികളുടെ പ്രഭ കെടുത്തുക എന്ന ദുരുദ്ദേശത്തിൽ നടക്കുന്ന പ്രൊപ്പഗൻഡ പദ്ധതിയുടെ കൂലിക്കാരാണ് ഇക്കൂട്ടർ. കണക്കുകളും വസ്തുതകളും ജനങ്ങളോട് പറഞ്ഞു മാത്രമേ ഇതിനെ ചെറുക്കാൻ കഴിയൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 17 =

Most Popular