സമൂഹത്തിൽ ഏറ്റവും ദുർബലരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനതയ്ക്ക് വികസനവും ക്ഷേമവും പ്രാപ്യമാക്കുക എന്നതാണ് പുതിയകാലത്ത് ഒരു സർക്കാരിന്റെ പ്രഥമ കടമ. സ്‌ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ തുടങ്ങിയവരെ ചേർത്തുനിർത്തുന്നതിനുള്ള ക്രിയാത്മക പദ്ധതികളുടെ പ്രസക്തി അവിടെയാണ്. ഇൗ വഴിയിലാണ് കഴിഞ്ഞ പത്തുവർഷമായി കേരളം സഞ്ചരിക്കുന്നത്. വയോജന ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ ഇൗ നിലപാടിൽ നിന്നുവേണം നോക്കിക്കാണാൻ. കഴിഞ്ഞ ദിവസം അവതരിപ്പിച്ച 2026–27 സാന്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് മുന്നോട്ടുവെക്കുന്ന സാമൂഹ്യ പ്രതിബദ്ധത ദുർബല വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന നിലപാടുകളുടെ തുടർച്ചയാണ്.
കേരളം രാജ്യത്തിന് എന്നും ഒട്ടേറെ മാതൃകകൾ സൃഷ്‌ടിച്ചിട്ടുണ്ട്. ഭൂപരിഷ്‌കരണം മുതൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിവരെ നീണ്ടതാണ് ഇൗ പട്ടിക. സന്പൂർണ സാക്ഷരതയും ജനകീയാസൂത്രണവും കുടുംബശ്രീയും കേരളത്തിന്റെ സംഭാവനയാണ്. ഇൗ പട്ടികയിൽ ഏറെ തിളങ്ങിനിൽക്കുന്നതാണ് നിലവിലെ സർക്കാർ രൂപീകരിച്ച വയോജന കമ്മീഷൻ. രാജ്യത്ത് ആദ്യമായാണ് വയോജന കമ്മീഷൻ രൂപീകരിക്കുന്നത്. വയോജന ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. ഇപ്പോഴിതാ വയോജന ബജറ്റും (Elderly Budget) അവതരിപ്പിച്ച് കേരളം പുതിയ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു.
വയോജന സൗഹൃദ കേരളം
പത്തുവർഷം മുന്പ് കേരളത്തിലെ വയോജനങ്ങളുടെ ജീവിതാവസ്ഥ ദയനീയമായിരുന്നു. പ്രത്യേക ക്ഷേമ പദ്ധതികളില്ല. സുരക്ഷയുമില്ല. തികഞ്ഞ ഏകാന്തതയും നിരാശയുമായിരുന്നു പ്രായമായവരെ വേട്ടയാടിയത്. അവിടെനിന്നാണ് കേരളം വയോജന കമ്മീഷനിലും വയോജന ബജറ്റിലും എത്തിനിൽക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വയോജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ അഡ്വ. വി കെ ബീരാൻ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഏതാനും സിറ്റിങ് നടത്തിയതൊഴിച്ച് മറ്റൊന്നും അന്ന് നടന്നില്ല. എന്നാൽ വാഗ്‌ദാനമോ, വാചകക്കസർത്തോ അല്ല എൽഡിഎഫ് സർക്കാരിന്റേത്. പറയുന്നത് ചെയ്യും. ചെയ്യുന്നതേ പറയൂ. അതിന്റെ മറ്റൊരുദാഹരണമാണ് വയോജന കമ്മീഷൻ.
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകുക, പുനരധിവാസം സാധ്യമാക്കി അവരുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുക്കുക, അവകാശസംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് വയോജന കമ്മീഷന്റെ മുഖ്യലക്ഷ്യം. ഇന്ന് മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഇൗ കമ്മീഷൻ വയോജനങ്ങളുടെ ആശയും അഭിലാഷവുമാണ്.
ഇതിനുപുറമെ, മറ്റ് ഒട്ടേറെ പദ്ധതികളും എൽഡിഎഫ് സർക്കാർ പത്തുവർഷത്തിനിടെ വയോജനങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കി. മുതിർന്ന പൗരര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ അവരെ സഹായം നല്‍കുന്നതിനും അവശ്യഘട്ടങ്ങളിൽ പുനരധിവസിപ്പിക്കുന്നതിനും ശാക്തീകരണം ഉറപ്പാക്കുന്നതിനും 14 ജില്ലകളിലും രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (RRT) അതിൽ ഒന്നാണ്.
വയോജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം ഒറ്റപ്പെടലാണ്. പലരും കുടുംബങ്ങളിൽ തനിച്ചാകുന്നു. വൃദ്ധസദനങ്ങളിലും മറ്റും പാർപ്പിക്കപ്പെടുന്നവരുടെ കാര്യം അതീവ സങ്കീർണമാണ്. അത്തരം സാഹചര്യത്തിൽ ‘ ഒരു വിളിപ്പുറത്ത് സൗഹൃദത്തിന്റെ കൈത്താങ്ങ്’ എത്തിക്കുന്നു സർക്കാർ. വയോജനങ്ങള്‍ക്ക് ഏകാന്തത ഇല്ലാതാക്കി പുതുതലമുറയുമായി സംവദിക്കുന്നതിനും മാനസികോല്ലാസത്തിനും ‘സല്ലാപം’ ഫോണ്‍ എ ഫ്രണ്ട് പ്രോഗ്രാം , അത്യാവശ്യ വേളകളില്‍ വിളിക്കാന്‍ എല്‍ഡര്‍ ലൈന്‍ ഹെല്‍പ്പ് ലൈന്‍ (ടോള്‍ഫ്രീ നമ്പര്‍ 14567)എന്നിവയും ആരംഭിച്ചു. കിടപ്പുരോഗികളായ വയോജനങ്ങളുടെ സംരക്ഷണത്തിന് സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ‘വയോസാന്ത്വനം’ , ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് ക്ഷേമമന്ദിരങ്ങളില്‍ പുനരധിവാസം, നിരാശ്രയ വയോജനങ്ങൾക്ക് ‘വയോമിത്രം’ എന്നീ പദ്ധതികളും നടപ്പാക്കി. സംരക്ഷിക്കാനാരുമില്ലാത്ത, നിരാശ്രയരായ, കിടപ്പിലായ വയോജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം വയോസാന്ത്വനം പദ്ധതി ഉറപ്പുവരുത്തുന്നു. സർക്കാർ ഗ്രാന്റ് ലഭ്യമാകാത്ത അംഗീകൃത സ്ഥാപനങ്ങൾക്ക് മനുഷ്യവിഭവശേഷിയുടെയും ദൈനംദിന ചെലവുകളുടെയും 80 ശതമാനം തുക സാമൂഹ്യനീതി വകുപ്പ് നൽകുന്നു.
വയോജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ പിന്തുണ നൽകുകയെന്നത് സർക്കാരിന്റെ കടമയാണ്. ഇൗ ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ ഏറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട പ്രായമായ പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്ററുകൾ സൗജന്യമായി വിതരണം ചെയ്യുന്ന ‘വയോമധുരം’, അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് ‘വയോരക്ഷ’ , ചിരി മായാതിരിക്കാന്‍ കൃത്രിമദന്തനിര നല്‍കുന്ന ‘മന്ദഹാസം’ എന്നീ പദ്ധതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. മൊബൈൽ ക്ലിനിക്കുകൾ വഴിയുള്ള ‘വയോമിത്രം’ പദ്ധതി വയോജനങ്ങൾക്ക് വലിയ താങ്ങാണ്. എല്ലാ നഗരപ്രദേശങ്ങളിലും നാല് ബ്ലോക്കുകളിലും സൗജന്യ മെഡിക്കൽ പരിശോധന, സൗജന്യ മരുന്ന്, പാലിയേറ്റീവ് കെയർ സപ്പോർട്ട് എന്നിവ ‘വയോമിത്രം’ പദ്ധതിയിലൂടെ നൽകുന്നു. തദ്ദേശസ്ഥാപനങ്ങൾവഴി വയോജനങ്ങളുള്ള വീടുകളിൽ സേവനങ്ങൾ എത്തിച്ച് പിന്തുണ ഉറപ്പാക്കുന്ന ‘വാതിൽപ്പടി സേവനം’ പദ്ധതിയും എടുത്തുപറയേണ്ടതാണ്.
കൂടുതൽ കരുത്തേകാൻ
വയോജന ബജറ്റ്
പത്തുവർഷമായി വയോജന ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച പദ്ധതികൾക്ക് കൂടുതൽ കരുത്തും പിന്തുണയും നൽകുന്നതാണ് 2026 ജനുവരി 29ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. നേരത്തെ ജെൻഡർ ബജറ്റിലൂടെ തുല്യനീതി ഉറപ്പാക്കിയ സർക്കാർ ഇത്തവണ ‘വയോജന ബജറ്റാ’ണ് അവതരിപ്പിച്ചത്. ജനസംഖ്യയില്‍ ഏകദേശം 20 ശതമാനമുളള വയോജനങ്ങളെ നാടിന്റെ സാമൂഹിക- സാമ്പത്തിക- വികസന മേഖലകളിൽ നിര്‍ണായകമായി പരിഗണിക്കുകയാണ് ഇൗ ബജറ്റിലൂടെ എൽഡിഎഫ് സർക്കാർ.
വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വയോജനങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയുന്നവിധത്തിലുള്ള ‘റിട്ടയര്‍മെന്റ് ഹോമു’കള്‍ സജ്ജമാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഏറെ സ്വാഗതാർഹമാണ്. കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, വിനോദോപാധികള്‍, ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ തുടങ്ങിയവ ഉൾപ്പെട്ടതാണ് ഇൗ ഹോമുകൾ. ആരോഗ്യ വളന്റിയര്‍മാരുടെ സേവനവും ഉറപ്പുവരുത്തണം. റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സബ്സിഡി നല്‍കാൻ 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് സഹായം നല്‍കുന്നതിനായി സന്നദ്ധ വളന്റിയര്‍മാരുടെ സേന പ്രാദേശിക തലത്തില്‍ രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മുതിര്‍ന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള സഹായത്തിനായി വിളിക്കുവാന്‍ ടെലിഫോണ്‍ നമ്പരുകള്‍ പരസ്യപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഓണ്‍ കോള്‍ വളന്റിയര്‍ സേവനം നല്‍കും. ഈ പദ്ധതിയ്ക്കായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിർന്ന പൗരർക്ക് പകൽസമയ പരിചരണ സൗകര്യങ്ങൾ (Daycare facilities) നൽകുന്നതിന് പ്രവർത്തിക്കുന്ന ‘സായംപ്രഭ ഹോമു’കളെ ശക്തിപ്പെടുത്താൻ ബജറ്റിൽ 14 കോടി രൂപ വകയിരുത്തി. മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ നടത്തിവന്നിരുന്ന ‘പകൽ വീടു’കളെ വിനോദം, ആരോഗ്യപരിചരണം, പോഷകാഹാര ലഭ്യത എന്നിവകൂടി ഉൾപ്പെടുത്തി സായംപ്രഭ ഹോമുകളായി ഉയർത്തുകയായിരുന്നു. മുതിർന്നവർക്ക് സാന്ത്വനഹസ്തം നൽകുന്ന ‘വയോമിത്രം’ പദ്ധതിയും ശക്തിപ്പെടുത്തും. നിലവിൽ ആറ് കോർപ്പറേഷനുകളിലും 85 മുനിസിപ്പാലിറ്റികളിലും നാല് ബ്ലോക്ക് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. സൗജന്യ വൈദ്യപരിശോധന നൽകുന്ന മൊബൈൽ ക്ലിനിക്കുകൾ, പാലിയേറ്റീവ് ഹോം കെയർ, ആംബുലൻസ് സേവനങ്ങൾ, ആവശ്യമായ കൗൺസിലിങ് എന്നിവയിലൂടെ ഈ പദ്ധതി വയോജന ക്ഷേമ രംഗത്ത് ജീവനാഡിയായി പ്രവർത്തിക്കുന്നു. തദ്ദേശ ഭരണ വകുപ്പിന്റെ ‘വാതിൽപടി സേവനം’ പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി സാങ്കേതികവും സാമ്പത്തികവുമായ പാലമായും വയോമിത്രം പ്രവർത്തിക്കും. ഇത് പരിചരണത്തിന്റെ തുടർച്ച ഉറപ്പാക്കും. ഇൗ പദ്ധതിക്കായി 27.50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വയോജന കമ്മീഷൻ പ്രവർത്തനത്തിനായി 50 ലക്ഷം രൂപയും വിരമിച്ച ആള്‍ ഇന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരുടെ ജീവകാരുണ്യ കൂട്ടായ്മയായ അനുയാത്രയ്ക്ക് അഞ്ചു ലക്ഷം രൂപയും വകയിരുത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർബന്ധമായും പ്ലാൻ ഫണ്ടിന്റെ അഞ്ച് ശതമാനമെങ്കിലും വയോജനക്ഷേമത്തിന് നീക്കിവയ്ക്കും. രക്ഷിതാക്കളുടെയും മുതിർന്ന പൗരരുടെയും പരിപാലനവും ക്ഷേമവും ഉറപ്പാക്കാൻ ഉപജില്ലാതലത്തിൽ 27 മെയിന്റനൻസ് ട്രിബ്യൂണലുകൾ രൂപീകരിക്കാനും പദ്ധതിയുണ്ട്. ആർഡിഒ / സബ് കളക്ടർമാർ പ്രിസൈഡിംഗ് ഓഫീസർമാരായ സംവിധാനത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ അപ്പലേറ്റ് ട്രിബ്യൂണലുകളും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ ട്രാക്കിംഗ് സോഫ്റ്റ്‌വെയർ സംവിധാനവും ഉണ്ടാകും. വയോജനങ്ങൾക്കായുള്ള സംസ്ഥാന കൗൺസിലും ജില്ലാ കമ്മിറ്റികളും വയോജനങ്ങൾ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡന കേസുകൾ പരിശോധിച്ച് പ്രതിരോധം, സംരക്ഷണം, പുനരധിവാസം എന്നിവയിൽ മാർഗ നിർദേശങ്ങൾ നൽകും. സംസ്ഥാനത്ത് സുസ്ഥിരമായ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കഴിഞ്ഞകാലങ്ങളിൽ നടപ്പാക്കിയ എല്ലാ പദ്ധതികളും ശക്തിപ്പെടുത്തും. നേരത്തെ ഏഴ് പഞ്ചായത്തുകൾ വയോസൗഹൃദ ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു. ഇൗ പൈലറ്റ് പദ്ധതി കൂടുതൽ പഞ്ചായത്തുകളിൽ നടപ്പാക്കും. നൂറ് ഗ്രാമപഞ്ചായത്തുകളിൽ ‘വയോസൗഹൃദ’ ക്യാമ്പയിൻ തുടങ്ങി. 70 ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി പൂർത്തീകരിച്ചു. വയോസേവന മികവുകൾക്ക് ‘വയോസേവന പുരസ്‌കാരങ്ങൾ’ സർക്കാർ നൽകുന്നുണ്ട്. സംസ്ഥാനത്തെ 17 സർക്കാർ വൃദ്ധസദനങ്ങളിലും സൗകര്യവും സേവനവും വർധിപ്പിച്ചു. 14 ജില്ലകളിലും നിലവിലുള്ള സായംപ്രഭ ഹോമുകൾ വയോജനങ്ങൾക്കുള്ള റിസോഴ്‌സ് ഹബ്ബാക്കി മാറ്റി. മോഡൽ സായംപ്രഭ ഹോം പദ്ധതി കൊണ്ടുവന്നു. ഇതുവഴി വിനോദയാത്ര, സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ക്രമീകരണം, പോഷകാഹാരം, നിയമ സഹായം എന്നിവയൊരുക്കി. അങ്ങനെ, വയോജനങ്ങൾക്ക് ആത്മവിശ്വാസത്തോടെയും സംതൃപ്തിയോടെയും സന്തുഷ്ട ജീവിതം നയിക്കാനുള്ള ഒട്ടേറെ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അതിന് ബജറ്റിലൂടെ കരുത്തു പകരുകയാണ് എൽഡിഎഫ് സർക്കാർ. l



