Sunday, February 8, 2026

ad

Homeകവര്‍സ്റ്റോറിസിവില്‍ സര്‍വീസിന്റെ സംസ്ഥാന ബജറ്റ് 
കരുതലും കാവലും

സിവില്‍ സര്‍വീസിന്റെ സംസ്ഥാന ബജറ്റ് 
കരുതലും കാവലും

എം വി ശശിധരൻ

‘മതമല്ല മതമല്ല മതമല്ല പ്രശ്നം – എരിയുന്ന വയറിലെ തീയാണ് പ്രശ്നം’ എന്നു പറഞ്ഞുതുടങ്ങിയ കേരള ബജറ്റ് എരിയുന്ന വയറിന്റെ തീയണയ്ക്കുവാനുള്ള ഒട്ടനവധി നിര്‍ദ്ദേശങ്ങളും പദ്ധതികളുമാണ് മുന്നോട്ടുവെച്ചത്. ഈ ബജറ്റ് പരിഗണിക്കാതെ, പരാമര്‍ശിക്കാതെ പോയ ഒരു ജനവിഭാഗവും ഇല്ലെന്നുതന്നെ പറയാം. സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, പിന്നെ കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, ജീവനക്കാര്‍, അധ്യാപകര, ഓട്ടോറിക്ഷ തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ എല്ലാവരും ബജറ്റിന്റെ സ്നേഹസ്പര്‍ശമനുഭവിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഏറ്റവും പ്രധാന ആവശ്യങ്ങളായ ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ഭവനനിര്‍മ്മാണ വായ്പ, പെന്‍ഷന്‍ തുടങ്ങിയവയെല്ലാം പരിഗണിക്കപ്പെട്ടു. ബജറ്റിനു മുന്‍പ് ഇതൊക്കെ കിട്ടാക്കനിയാണെന്നു പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ പുതിയ വിതണ്ഡവാദങ്ങളുമായി രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് എൽഡിഎഫ് സര്‍ക്കാരിലും സംഘടനയിലുമുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം. കേരള എന്‍.ജി.ഒ യൂണിയനും എഫ്.എസ്.ഇ.ടി.ഒയും നടത്തിയ പ്രക്ഷോഭങ്ങളുടെ അനന്തരഫലം കൂടിയാണ് ബജറ്റ് പ്രഖ്യാപനം.

ക്ഷാമബത്ത
2024 മാര്‍ച്ച് മാസത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ധനമന്ത്രിയും ക്ഷാമബത്ത കുടിശ്ശിക സംബന്ധിച്ച് നടത്തിയ പ്രസ്താവന, പ്രതിവര്‍ഷം 2 ഗഡു എന്ന നിരക്കില്‍ കുടിശ്ശിക തീര്‍ത്തുനല്‍കും എന്നാണ്. മുഖ്യമന്ത്രി നിയമസഭയില്‍ ചട്ടം 300 പ്രകാരം അത് ആവര്‍ത്തിക്കുകയും ചെയ്തു. 2026 മാര്‍ച്ച് മാസത്തോടെ മുഴുവന്‍ കുടിശ്ശികയും തീര്‍ത്തു നല്‍കുകയാണ്. 21 മാസത്തിനകം 10 ഗഡു 28% ക്ഷാമബത്തയാണ് ലഭിക്കുന്നത്.

ക്ഷാമബത്ത ഇപ്പോള്‍ കുടിശ്ശികയായിട്ടുള്ള 5 ഗഡുവായ 13 ശതമാനം മാര്‍ച്ച് മാസത്തോടെ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഗഡുവായ 3% ഫെബ്രുവരി മാസവും ബാക്കി മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പവും നല്‍കുമെന്ന് പറഞ്ഞപ്പോള്‍ മലയാള മനോരമയും മറ്റു ചിലരും പുതിയ കണ്ടെത്തലുമായി വന്നിരിക്കുന്നു. ഫെബ്രുവരിയിലെ ഒരു ഗഡു (3%) മാത്രമേ ലഭിക്കുകയുള്ളൂ, ശമ്പള കമ്മീഷനെ നിയോഗിച്ചാല്‍ പിന്നെ ക്ഷാമബത്ത നല്‍കാന്‍ കമ്മീഷന്‍ അനുവദിക്കില്ലത്രേ! ജീവനക്കാരെ പറ്റിച്ചു എന്നാണ് മനോരമയുടെ ഭാഷ്യം. എന്നാല്‍ ജീവനക്കാരെ മനോരമ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പറയുന്നതാണ് ശരി.

ശമ്പള പരിഷ്കരണ കമ്മീഷനും ക്ഷാമബത്ത അനുവദിക്കലും തമ്മില്‍ യാതൊരു ബന്ധവുമില്ല. 11–ാം ശമ്പള പരിഷ്കരണമാണ് ക്ഷാമബത്ത ലയിപ്പിച്ച് ശമ്പളം പരിഷ്കരിച്ചത്. അതിനു മുന്‍പ് നിശ്ചിത തീയതിക്കുള്ള ക്ഷാമബത്ത കൂടി ശമ്പള നിര്‍ണ്ണയത്തിന് കൂട്ടുന്നു എന്നുമാത്രം. 9, 10 ശമ്പള പരിഷ്കരണം ഉദാഹരണമായി എടുക്കാം. 01.07.2009 ലെ 64% ഡിഎ കണക്കാക്കിയാണ് 9–ാം ശമ്പളകമ്മീഷൻ നിര്‍ണയം നടത്തിയത്. അന്ന് 64% ഡിഎ 18.11.2009ല്‍ കമ്മീഷനെ നിയമിക്കുന്നതിന് മുന്നേ തന്നെ അന്നത്തെ എൽഡിഎഫ് സർക്കാർ നല്‍കിയിരുന്നു. 9–ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചത് 20.02.2010നാണ്. അതിനുശേഷമാണ് 01.01.2010ലെ ഡിഎ 14% ഉം 01.07.2010ലെ 16% ഡിഎ ഉം അനുവദിച്ചത്. 10–ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചത് 30.11.2013 നാണ്. 01.07.2014 ലെ 80% ഡിഎ കണക്കാക്കിയാണ് ശമ്പള നിര്‍ണയം നടത്തിയത്. ആ കമ്മീഷന്‍ നിലനില്‍ക്കെ തന്നെ 01.07.2014, 01.01.2015, 01.07.2015 എന്നീ തീയതികളിലെ 3 ഗഡു ക്ഷാമബത്ത യഥാക്രമം 07.02.2015, 07.08.2015, 18.11.2015 തീയതികളിലാണ് നൽകിയത്. അവിടെയൊന്നും കമ്മീഷനെ നിയോഗിച്ചതിനാല്‍ ക്ഷാമബത്തക്ക് യാതൊരു തടസവും ഉണ്ടായില്ല. ക്ഷാമബത്ത കുടിശ്ശിക തീര്‍ത്ത് ലഭിക്കും. വെറുതെ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കലാണ് എക്കാലത്തും ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തെയും ക്ഷാമബത്ത നൽകുന്നതിനെയും എതിർക്കുക മാത്രം ചെയ്തിട്ടുള്ള മനോരമയെപോലുള്ള മാധ്യമങ്ങൾ ചെയ്യുന്നത്.

13% ഡിഎ മാര്‍ച്ച് മാസം ലഭിക്കുന്നതോടെ ശമ്പളത്തില്‍ 2990 മുതല്‍ 21645 രൂപവരെ വര്‍ധനവുണ്ടാകും. ശരാശരി 6000 രൂപയുടെ വര്‍ധന. ഒരു ശമ്പളപരിഷ്കരണത്തിന് അപ്പുറമുള്ള സാമ്പത്തിക ആനുകൂല്യം ലഭിക്കുകയാണ്. 21 മാസത്തിനകം ജീവനക്കാര്‍ക്ക് 6440 രൂപ മുതല്‍ 46620 രൂപവരെ വേതന വര്‍ദ്ധനവുണ്ടാകുന്നു.

ശമ്പള പരിഷ്കരണ കമ്മീഷന്‍ തടസ്സമാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കുക.

ഡിഎ കൊടുക്കുന്നതോടൊപ്പം നേരത്തെ അനുവദിച്ച ഡിഎ യുടെ കുടിശ്ശിക കാര്യത്തിലും തീരുമാനമായി. എല്ലാ കുടിശ്ശികയും നല്‍കും. ഒരു ഗഡു ബജറ്റ് വര്‍ഷത്തില്‍ തന്നെ നല്‍കും. അതോടെ നേരത്തെ ഡിഎ പ്രഖ്യാപിക്കുമ്പോള്‍ മനോരമയും മറ്റു ചിലരും നടത്തിയ നഷ്ടക്കണക്കിന്റെ ടേബിള്‍ അപ്രത്യക്ഷമായി. ഡിഎ അവകാശമാണെന്ന് സർക്കാർ ആവര്‍ത്തിച്ചു.

യുഡിഎഫ് ഭരണകാലത്ത് ക്ഷാമബത്ത ഒരു തര്‍ക്ക വിഷയമാക്കി മാറ്റിയിരുന്നു. അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. 1968 ൽ ഇ എം എസ് സര്‍ക്കാരാണ് കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത സംസ്ഥാന ജീവനക്കാര്‍ക്ക് അനുവദിച്ചത്. 1980 ല്‍ നായനാര്‍ സര്‍ക്കാര്‍ കേന്ദ്രം അനുവദിക്കുന്ന തീയതിക്ക് തന്നെ ക്ഷാമബത്ത അനുവദിച്ചു. ഡിസിആര്‍ജി കണക്കാക്കുമ്പോള്‍ ഡിഎ കണക്കാക്കിയത് 1997 ലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. 2008 ല്‍ വിഎസ് സര്‍ക്കാര്‍ ഡിഎ കുടിശ്ശികരഹിതമാക്കി രൊക്കം കാശു നല്‍കി. 2021 ല്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ച മൂന്നുഗഡു ക്ഷാമബത്തയടക്കം സംസ്ഥാന സർക്കാർ അനുവദിച്ചു.

ക്രമ നം കാറ്റഗറി 2026 മാർച്ച്‌ വർധന 2024‐26 വർഷത്തിൽ വന്ന വർധന
1 ഒഎ 4043 8708
2 ക്ലാര്‍ക്ക് 4628 9968
3 നഴ്സിംഗ് ഓഫീസര്‍ 6682 14392
4 യുപി സ്കൂൾ അധ്യാപകർ 6071 13076
5 ഹെെസ്കൂൾ അധ്യാപകർ 7007 15092
6 ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ 9334 20104
7 സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് 6682 14392
8 പോലീസ് ഓഫീസര്‍ 5369 5369 11564

ശമ്പള പരിഷ്കരണം
മൂന്നുമാസത്തിനകം 12–ാം ശമ്പള പരിഷ്കരണം വരും. ശമ്പള കമ്മീഷനാണോ കമ്മിറ്റിയാണോ എന്ന ചര്‍ച്ചയ്ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് കമ്മീഷനെ പ്രഖ്യാപിച്ചത്. യുഡിഎഫ് ഭരണകാലത്തെ 10–ാം ശമ്പള പരിഷ്കരണത്തിന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി ഒട്ടേറെ ആശങ്കകൾ പലരും ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്. അന്ന് 30.11.2013ൽ തന്നെ കമ്മീഷനെ വെച്ചു. എന്നിട്ട് 2014 ഡിസംബറിലാണ് ഓഫീസ് തുറന്നത്. ഒരു കൊല്ലക്കാലം ഓഫീസ് പോലും തുറക്കാതെ ഒടുവില്‍ സമരം ചെയ്യേണ്ടി വന്നപ്പോള്‍ രണ്ട് ഘട്ടമായി 31.12.2015 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇപ്പോള്‍, റിപ്പോര്‍ട്ട് കൊടുത്താല്‍ പഠിക്കാന്‍, ഉത്തരവാക്കാന്‍ സര്‍ക്കാരിന് സമയം ഒരുപാട് വേണ്ടിവരും എന്നും പ്രചരിപ്പിക്കുന്നവരുണ്ട്.

11–ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയ തീയതിയും നടപ്പാക്കിയ ഉത്തരവും ശ്രദ്ധിച്ചാല്‍ ഈ സംശയം തീരും. പതിനൊന്നാം കമ്മീഷന്‍ റിപ്പോര്‍ട്ട് 29.1.2021 ന് നല്‍കി, ഉത്തരവ് 10.2.2021ന് (വെറും 12 ദിവസത്തിനകം ഇറക്കി. അഞ്ചുവര്‍ഷതത്വം അനുസരിച്ച് ജീവനക്കാരുടെ 12–ാം ശമ്പള പരിഷ്കരണം മൂന്നുമാസത്തിനകം നടക്കും. അതിൽ യാതൊരു തര്‍ക്കവുമില്ല.

യുഡിഎഫ് ഭരണകാലത്ത് 1983 ലും 2004 ലും യഥാക്രമം 21 മാസവും 37 മാസവും ശമ്പളപരിഷ്കരണാനുകൂല്യം നഷ്ടപ്പെടുത്തിയതും അഞ്ചുവര്‍ഷ തത്വം അട്ടിമറിച്ചതും ഓര്‍ക്കുന്നത് നല്ലതാണ് 1.3.2002 ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് 8–ാം ശമ്പളപരിഷ്കരണം നടന്നിരുന്നെങ്കില്‍ 1.3.2022ന് തന്നെ 12–ാം ശമ്പള പരിഷ്കരണം നടക്കുമായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം ജീവനക്കാര്‍ക്കുണ്ടാകുമായിരുന്നില്ല.

ഭവന നിര്‍മ്മാണ വായ്പ
ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഭവന നിര്‍മ്മാണ വായ്പ ആദ്യം ഇല്ലാതാക്കിയത് 2002ലെ ആന്റണി സര്‍ക്കാരിന്റെ 56/2002 ഉത്തരവുപ്രകാരം ആണെന്നും അത് പിന്നീട് 2006ല്‍ വന്ന വിഎസ് സര്‍ക്കാര്‍ ആണ് പുനരാരംഭിച്ചതെന്നും മറക്കരുത്. എന്നാല്‍ പിന്നീട് അത് ബാങ്കുമായി ബന്ധിപ്പിച്ച് തുടര്‍ന്നത് ഗുണകരമായില്ല; അതേ തുടര്‍ന്ന് ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുതന്നെ ഭവന നിര്‍മ്മാണ വായ്പ നല്‍കാന്‍ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്.

പെന്‍ഷന്‍
പെന്‍ഷന്‍ ലഭിക്കുമോ എന്ന അനിശ്ചിതത്വത്തിനുപകരം പുതിയ സുനിശ്ചിത അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2026 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുകയാണ്. ഏത് സര്‍ക്കാര്‍ വിചാരിച്ചാലും എന്‍ പി എസ് പിന്‍വലിക്കാനാവില്ല എന്നും 2011–16 കാലത്തെ യുഡിഎഫിന്റെ നമ്പര്‍വണ്‍ ഭരണനേട്ടമാണ് അതെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാൽ ഇപ്പോള്‍ ജീവനക്കാരുടെ വലിയൊരു അനിശ്ചിതത്വത്തിന് പരിഹാരമായിരിക്കുന്നു. സര്‍വീസാനന്തര ജീവിത സുരക്ഷ ഉറപ്പായി. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50% പരമാവധി പെന്‍ഷനായി ലഭിക്കും. അതിന് ക്ഷാമാശ്വാസവും ലഭിക്കും. നേരത്തെ ഇത് രണ്ടും ഉണ്ടായിരുന്നില്ല. വളരെ തുഛമായ തുകയാണ് കിട്ടുക. ഡിഫൈന്‍ഡ് പെന്‍ഷനില്‍ നിന്ന് ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷനിലേക്കുള്ള മാറ്റമാണ് എന്‍പിഎസ്. എന്നാലിപ്പോൾ ഇവിടെ ഡിഫൈന്‍ഡ് പെന്‍ഷനും ഉറപ്പായിരിക്കുകയാണ്. പിഎഫ്ആർഡിഎ നിയമം പിന്‍വലിക്കേണ്ടയോ, ഒപിഎസ് പുന:സ്ഥാപിക്കേണ്ടയോ എന്നൊക്കെ ചിലര്‍ ആവര്‍ത്തിക്കുന്നുണ്ട്. രണ്ടും വേണം; ഒരു സംശയവും വേണ്ട; ഇതു രണ്ടും നടന്നാലേ പെന്‍ഷന്‍ കാര്യത്തില്‍ ശാശ്വത പരിഹാരമാകുകയുള്ളൂ. എൻപിഎസി ല്‍ നിന്ന് അഷേ-്വര്‍ഡ് പെന്‍ഷനിലേക്ക് മാറിയതിന്റെ ഗുണമെന്തെന്ന് ചോദിക്കുന്നവരുണ്ട്. എന്‍പിഎസില്‍ എത്ര പെന്‍ഷന്‍ കിട്ടുമെന്ന് പറയാമോ? അനിശ്ചിതത്വം അല്ലേ?

ഇപ്പോള്‍ അത് നിശ്ചയിക്കപ്പെട്ടു. നിക്ഷേപിച്ച തുക നഷ്ടപ്പെടില്ല. ജീവനക്കാരുടെ പ്രധാന ആവശ്യമാണ് പെന്‍ഷന്‍ സുരക്ഷയും വിഹിതം ഒഴിവാക്കലും. അതില്‍ ഒന്നാമത്തേത് നേടി. അതായത് ഒരു ഘട്ടം വിജയിച്ചു, പിന്നിട്ടു; ഇനി രണ്ടാമത്തെ ഭാഗം മാത്രമാണ് നേടിയെടുക്കേണ്ടത്. അതിനു വേണ്ടിയുള്ള പോരാട്ടം തുടരും. ഇത് വലിയ നേട്ടമായി തന്നെ ജീവനക്കാര്‍ കണക്കാക്കുന്നു. വിശദാംശങ്ങള്‍ സര്‍ക്കാര്‍ പിന്നീട് പുറത്തുവിടുമെന്നും പറഞ്ഞിരിക്കുന്നു. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യാം. ഒപിഎസിലേക്ക് പോകുന്നതിനുള്ള പോരാട്ടം തുടരാം.

സര്‍വീസ് വിപുലീകരിക്കപ്പെടുന്നു
പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സര്‍ക്കാര്‍ ഓഫീസുകളിലെ അടിസ്ഥാനസൗകര്യം, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവയെല്ലാം പൊതു മേഖലയെ ശക്തിപ്പെടുത്തുന്നതിനായുള്ളതാണ്. വിദ്യാഭ്യാസ– ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുക എന്നതിന്റെ ഗുണഭോക്താക്കള്‍ അധ്യാപകരും സിവില്‍ സര്‍വീസും കൂടിയാണ്. റവന്യൂ, സര്‍വേ, സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, ട്രഷറി, ജിഎസ്ടി, സ്റ്റേറ്റ് ഓഡിറ്റ്, പൊലീസ്, പിഡബ്ല്യുഡി, ടൂറിസം തുടങ്ങിയ വിവിധ വകുപ്പുകളെ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും നവീകരിക്കാനും സംസ്ഥാന സർക്കാർ ബജറ്റിൽ തുക വകയിരുത്തിയതിന്റെ ഗുണം ഈ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു കൂടിയാണ്. രാജ്യമാകെ പൊതുമേഖലയെ കയ്യൊഴിയുമ്പോഴാണ് കേരളം പൊതു സര്‍വ്വീസിനെ ശക്തപ്പെടുത്തുന്നത്.

പ്രതിപക്ഷ നിലപാട്
പ്രതിപക്ഷ നേതാവ് ബജറ്റില്‍ വിലയിരുത്തിയത്. ‘‘ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ നടക്കാത്ത കാര്യങ്ങളാണ് ഉള്ളത്; ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇവയൊന്നും ഉണ്ടാകില്ല’’ എന്നാണ്. പ്രതിപക്ഷ നേതാവ് വളരെ സത്യസന്ധമായി തന്നെ കാര്യം പറഞ്ഞു. 2002, 2013 എന്നീ വർഷങ്ങളിലെ അനുഭവം ഓര്‍ത്താല്‍ മതി. അദ്ദേഹം പറഞ്ഞത് ശരിയാണ്; വലതുപക്ഷം വന്നാല്‍ ഇതൊന്നും നടക്കില്ല. ഇവയെല്ലാം ജീവനക്കാര്‍ക്ക് നഷ്ടപ്പെടും എന്നതില്‍ സംശയം വേണ്ട. 2010 ല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രസ്താവന നടത്തിയത് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച് സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലിവാങ്ങി, സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും വാങ്ങി കഴിയുന്ന കാലം കഴിഞ്ഞു എന്നാണ്. 2011 ല്‍ അധികാരത്തിലെത്തിയപ്പോള്‍ യുഡിഎഫ് സർക്കാർ അത് നടപ്പിലാക്കി. പൊതു വിദ്യാലയങ്ങളും ആശുപത്രികളും അടച്ചുപൂട്ടി, പെന്‍ഷന്‍ ഇല്ലാതാക്കി. 2020 ല്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ജീവനക്കാരുടെ ശമ്പളം 15% കുറവു ചെയ്യണം എന്ന് പറഞ്ഞു. 2021 ല്‍ യുഡിഎഫിന് അധികാരം കിട്ടാഞ്ഞതുകൊണ്ട് അത് നടപ്പാക്കാൻ കഴിഞ്ഞില്ല. ജീവനക്കാരെ സംബന്ധിച്ച് ശമ്പളവും ക്ഷാമബത്തയും പെന്‍ഷനും സംരക്ഷിക്കുക പ്രധാനമാണ്. അത് തുടരണമെങ്കില്‍ എൽഡിഎഫ് ഭരണത്തിന് തുടര്‍ച്ചയുണ്ടാകുകതന്നെ വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 1 =

Most Popular