ഇരുൾ മാഞ്ഞു, പ്രകാശം പരന്നു എന്ന ചിന്തയാണ് 2016ലെ നിയമാസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേരള സമൂഹത്തിലുണ്ടായത്. യുഡിഎഫ് അധികാരത്തിൽനിന്ന് പുറത്താവുകയും പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തതിനെ അങ്ങനെയാണ് കേരളം കണ്ടത്. ഇത് അക്ഷരാർഥത്തിൽ തന്നെ ശരിയാണെന്ന് ആരും സമ്മതിക്കും.
2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണം, തികച്ചും ഇരുളടഞ്ഞ ഒരു കാലമാണെന്ന് എൽഡിഎഫ് അനുകൂലികൾ അല്ലാത്തവർപോലും സമ്മതിക്കും. പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും നിത്യസംഭവമായിരുന്നകാലം. അതിനെ ഇരുണ്ടകാലമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ലോഡ് ഷെഡ്ഡിങ് എന്ന പദപ്രയോഗം നാം കേൾക്കുന്നത് 1990കളുടെ ആദ്യമാണ്, യുഡിഎഫ് ഭരണകാലത്ത്. 1996ൽ എൽഡിഎഫ് അധികാരത്തിലെത്തിയശേഷം നടത്തിയ ശ്രമകരമായ പ്രവർത്തനമാണ് ആ ദുരവസ്ഥയിൽനിന്ന് കേരളത്തെ കരകയറ്റിയത്. 2001ൽ വീണ്ടും യുഡിഎഫ് വന്നു, പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും വീണ്ടുമെത്തി. 2006ലെ എൽഡിഎഫ് സർക്കാർ പിന്നെയും ആ സ്ഥിതിയിൽ മാറ്റം വരുത്തിയെങ്കിലും 2011ൽ വീണ്ടും യുഡിഎഫ്, വീണ്ടും പവർകട്ട് എന്നായി സ്ഥിതി. 2016ൽ എൽഡിഎഫ് സൃഷ്ടിച്ച മാറ്റം സംരക്ഷിക്കാനായത് 2021ൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചതുകൊണ്ടു മാത്രമാണ്.
സമസ്ത മേഖലകളിലും ഇതാണവസ്ഥയെന്ന് നാം അൽപ്പം പിന്നിലേക്ക് തിരിഞ്ഞൊന്നു നോക്കിയാൽ കാണാനാകും. 2016നുമുൻപുള്ള യുഡിഎഫ് ഭരണകാലം അഴിമതിയുടെയും അനീതിയുടെയും അക്രമവാഴ്ചയുടെയും നാളുകളായിരുന്നു. കേവലം അഴിമതി ആരോപണങ്ങളല്ല, കോടതികളിൽ നിന്നുപോലും മന്ത്രിമാർക്കുനേരെ ചാട്ടവാറടി പോലെ രൂക്ഷവിമർശനങ്ങളും തീരുമാനങ്ങളുമാണ് തുടരെത്തുടരെ ഉണ്ടായത്. ജാതി മതസംഘടനകൾക്കും ഇഷ്ടക്കാർക്കുമെല്ലാം ഭൂമി യഥേഷ്ടം പതിച്ചുകൊടുത്തിരുന്നപ്പോൾ ഭൂരഹിതരായ, വർഷങ്ങളായി പുറമ്പോക്കുകളിൽ ജീവിതം തള്ളിനീക്കിയിരുന്ന ദരിദ്രർക്ക് പട്ടയം നൽകി അവരുടെ ഭൂമിയുടെ ഉടമസ്ഥരാക്കാൻ ആ ഇരുണ്ടകാലത്തെ ഭരണക്കാർ തയ്യാറായില്ല. എന്നാൽ ഇന്നോ? അഴിമതി ആരോപണങ്ങളുന്നയിച്ച് കോടതികളെ സമീപിക്കുന്നവർക്കാണ് നീതിപീഠങ്ങളിൽ നിന്ന് തിരിച്ചടിയേൽക്കേണ്ടി വരുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പട്ടയം നൽകിയത്. 6 ലക്ഷത്തോളം കുടുംബങ്ങൾക്ക് ലെെഫ് ഭവനപദ്ധതി പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വീട് നൽകിയപ്പോൾ അതിനു മുൻപുള്ള യുഡിഎഫ് കാലത്ത് വീടുണ്ടാക്കാൻ സർക്കാർ സഹായം ലഭിച്ചത് ഏതാനും ആയിരങ്ങൾക്കു മാത്രമാണ്.
വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും സമ്പൂർണ തകർച്ചയിലായിരുന്നില്ലോ 2011–2016 ലെ യുഡിഎഫിന്റെ ഭരണകാലത്ത്. ഒരൊറ്റ വർഷംപോലും അന്ന് കുട്ടികൾക്ക് പാഠപുസ്തകങ്ങൾ അതത് സമയത്ത് ലഭിച്ചിരുന്നില്ല. യൂണിഫോമും ഉച്ചക്കഞ്ഞിയും പോലും മുടങ്ങിയിരുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാഫലം കൃത്യസമയത്ത് പ്രഖ്യാപിക്കാതിരിക്കുന്നതും പതിവായിരുന്നു. പൊതുവിദ്യാലയങ്ങൾ ലാഭകരമല്ലെന്നു പറഞ്ഞ് അടച്ചുപൂട്ടുകയായിരുന്നു. ചോർന്നൊലിക്കുന്ന സ്കൂൾ കെട്ടിടങ്ങളുടെ വാർത്തകളായിരുന്നു നാം കേട്ടിരുന്നത്. ആരോഗ്യരംഗത്തോ? ആശുപത്രികളിൽ മരുന്നില്ലായിരുന്നു, ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ഒരാശുപത്രിയിലും ആവശ്യത്തിനുണ്ടായിരുന്നില്ല. ആശുപത്രി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾപോലും അക്കാലത്ത് നടന്നിരുന്നില്ല. എന്നാൽ ഇന്നതെല്ലാം കേട്ടുകേൾവിയായി മാറിയിരിക്കുന്നു. ഈ പത്തുവർഷത്തിനുള്ളിൽ സ്കൂളുകളുടെയും ആശുപത്രികളുടെയും പശ്ചാത്തലസൗകര്യങ്ങളിലുണ്ടായ വമ്പൻ മുന്നേറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്.
വ്യവസായ വാണിജ്യരംഗങ്ങളിലും പശ്ചാത്തല വികസനമേഖലകളിലുമെല്ലാം യുഡിഎഫ് ഭരണകാലത്ത് തകർച്ചയുടെ, വളർച്ചാ മുരടിപ്പിന്റെ കഥയാണ് കേട്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി പാടെ മാറിയിരിക്കുന്നു. വ്യാവസായിക വളർച്ചയുടെയും പശ്ചാത്തലസൗകര്യ വികസനത്തിന്റെയും കാര്യത്തിൽ വലിയ കുതിച്ചുചാട്ടമാണ് കേരളത്തിൽ ഇന്നനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിതരണ സംവിധാനമാകെ തകർന്ന്, റേഷൻ കടകളും മാവേലി സ്റ്റോറുകളും മാറാല കെട്ടിക്കിടന്ന് വിപണിയിൽ വാമനന്മാർ ആധിപത്യം സ്ഥാപിച്ചിരുന്നതു മാറി നിത്യോ-പയോഗ സാധനങ്ങൾ വിലക്കുറവിൽ പൊതുവിതരണ സംവിധാനത്തിലൂടെ കൃത്യമായി ലഭിക്കുന്ന സ്ഥിതിയായി. ഇങ്ങനെ യുഡിഎഫ് ഭരണകാലത്തെ തകർച്ചയുടെയും കെടുകാര്യസ്ഥതയുടെയും ചരിത്രവും 2016നു ശേഷമുള്ള മുന്നേറ്റത്തിന്റെ നേർക്കാഴ്ചകളും മുഴുവൻ വിവരിക്കാൻ ആയിരം നാവും പേജുകളും മതിയാകാതെ വരും.
പോയകാലത്തെക്കുറിച്ച് സദാ ഓർമിച്ചുകൊണ്ടിരുന്നാൽ മാത്രമേ ഇന്നിന്റെ മഹത്വമറിയാൻ, നാളെയിലേക്ക് മുന്നേറാൻ നമുക്ക് കഴിയൂ. യുഡിഎഫ് നാടിനു നൽകിയ ഇരുണ്ട, കയ്-പേറിയ അനുഭവങ്ങളിലേക്ക് മടങ്ങണമോ, എല്ലാ രംഗത്തും എൽഡിഎഫ് കേരളത്തെ ഒന്നാമതാക്കിയത് കുടുതൽ മികവോടെ തുടരണമോ എന്നതാണ് കേരള ജനതയ്ക്കു മുന്നിലുള്ള വലിയ ചോദ്യം. l



