ഐക്യ കേരളം രൂപപ്പെട്ടിട്ട് 70 വർഷം പൂർത്തിയാവുകയാണ്. ഏഴ് പതിറ്റാണ്ടുകൾ എന്നത് ഹ്രസ്വമായ ഒരു കാലയളവല്ല. കാര്യമായ മാറ്റങ്ങൾ സാമൂഹികജീവിതത്തിൽ വരുത്താൻ കഴിയുന്ന സുദീർഘ ഘട്ടം തന്നെയാണ്. എന്നാൽ ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്ക് ഈ കാലദൈർഘ്യത്തിനനുസരിച്ചുള്ള പുരോഗതി കൈവരിക്കാൻ കഴിഞ്ഞു? ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും ജനജീവിതത്തിലോ സാമൂഹികജീവിതത്തിലോ കാര്യമായ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഔദ്യോ ഗികമായ ദേശീയ സ്ഥിതിവിവരക്കണക്കുകൾ പലതും നമ്മെ ബോധ്യപ്പെടുത്തുന്നത്.
എന്നാൽ രാജ്യത്ത് ഇതര സംസ്ഥാനങ്ങൾക്ക് കഴിയാത്ത പലതും പല മേഖലകളിലും സാധ്യമാക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഇത് ദേശീയ സർവേകളിലും വിവിധ പഠനങ്ങളിലും വെളിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം മറ്റൊന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പതിറ്റാണ്ടുകൾക്കുമുമ്പേ നാം കൈവരിച്ച നേട്ടങ്ങളിലേക്കെത്താൻ ഈ ഘട്ടത്തിൽപോലും പല സംസ്ഥാനങ്ങളും തത്രപ്പെടുകയാണ് എന്നതാണത്. വൈരുദ്ധ്യം പ്രകടമാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു വൈരുദ്ധ്യമുണ്ടാകുന്നു?
മറ്റു പല സംസ്ഥാനങ്ങൾക്കും ലഭിച്ച പല പരിഗണനകളും ഈ പതിറ്റാണ്ടുകളിൽ കേരളത്തിനു ലഭിച്ചിട്ടില്ല എന്നുമാത്രമല്ല, അർഹതപ്പെട്ടതു പലതും നിഷേധിക്കപ്പെടുകകൂടി ചെയ്തു. ഇക്കഴിഞ്ഞ ഒമ്പതര വർഷകാലയളവിൽത്തന്നെ കേന്ദ്രത്തിൽ നിന്നു കിട്ടേണ്ടതിൽ രണ്ടുലക്ഷം കോടിയുടെ കുറവു വന്നു. ഇത്തരം പ്രതികൂല അവസ്ഥകളെല്ലാം ഉണ്ടായിരിക്കെത്തന്നെ താരതമ്യമില്ലാത്ത വളർച്ചയും വികസനവും നേടാൻ നമുക്കു സാധിച്ചു. അത് ആദ്യമൊക്കെ ഇടവേളകളോടെയും ഈ പതിറ്റാണ്ടിൽ തുടർച്ചയായും ഇടതുപക്ഷം അധികാരത്തിൽ വന്നതുകൊണ്ടായിരുന്നു.
ഇന്ത്യയിലെ പല സംസ്ഥാന സർക്കാരുകൾക്കും സ്വായത്തമാക്കാൻ കഴിയാതിരുന്ന രാഷ്ട്രീയ കാഴ്ചപ്പാടും ഇച്ഛാശക്തിയും കേരളത്തിൽ ഇടതുപക്ഷ മുൻകൈ കൊണ്ടുണ്ടായി. എന്നാൽ അതിനൊരു പരിമിതിയുണ്ടായിരുന്നു. അത് ഓരോ അഞ്ച് വർഷത്തിനിടയിലും ഇടതുപക്ഷ സർക്കാരുകൾക്ക് തുടർച്ചയില്ലാത്ത അവസ്ഥ വന്നതുകൊണ്ടുണ്ടായതാണ്. എന്നാൽ ആ പൊതുസ്ഥിതിക്ക് ഈ പതിറ്റാണ്ടിൽ മാറ്റം വന്നു. ഈ മാറ്റം താൽക്കാലിക പ്രതിഭാസമല്ല; തുടർച്ചയുള്ളതാണ്. അതിന്റെ സദ്-ഫലങ്ങൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും കേരളത്തിന്റെ മുഖച്ഛായ പുരോഗമന സ്വഭാവത്തോടെ മാറുകയാണ്. നവകേരള സൃഷ്ടി ആ തുടർച്ചയിൽ നാം പദ്ധതിയിടുന്ന ലക്ഷ്യമാണ്.
വികസിത രാജ്യങ്ങളിലെ പൊതുജീവിത നിലവാരത്തിലേക്ക് കേരളജനതയുടെ ജീവിതനിലവാരത്തെ ഉയർത്തുന്നതിനു പര്യാപ്തമായ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുക എന്നത് ഈ നവകേരള സൃഷ്ടിയുടെ പ്രധാന ഘടകമാണ്. ഇത് എങ്ങനെ സാധിക്കാം എന്നതാണ് നമ്മുടെ മുന്നിലെ പ്രധാനപ്പെട്ട ചോദ്യം. രാഷ്ട്രീയം, ഭരണപരം, സാമ്പത്തികം, സാമൂഹികം, എന്നീ തലങ്ങളിലൊക്കെയുള്ള ഏകോപിത ശ്രമങ്ങൾ ഉണ്ടാവണം. ജനകീയ സന്നദ്ധതയെ ഇതിനോട് കണ്ണിചേർക്കുകയും വേണം.
ഈ പത്ത് വർഷവും നാടിന്റെ വികസന പദ്ധതികളിലൂടെയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തിയ ക്ഷേമ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു. ഇത് ജീവിതനിലവാര സൂചികയിൽ ഇന്ത്യയിലെ മുൻപന്തിയിലുള്ള സംസ്ഥാനമാക്കി. കേരളത്തെ മാറ്റിയിട്ടുണ്ട്. സാമ്പത്തിക പരിമിതികൾക്കിടയിലും ധനകാര്യരംഗത്തു കേരളം ബദൽ വിഭവ സമാഹരണമടക്കം സാധ്യമാക്കിക്കൊണ്ട് മുന്നോട്ടുപോവുകയാണ്.
അത്ഭുതകരമായ മാറ്റങ്ങളാണ് ഈ പത്ത് വർഷത്തിനിടയിൽ കേരളത്തിൽ ഉണ്ടായിട്ടുള്ളത് എന്നത് എല്ലാവരും അംഗീകരിക്കും. ഈ വികസനപ്രക്രിയ ഇവിടെ നിലച്ചുപോയിക്കൂടാ എന്ന കാര്യം എല്ലാവരും സമ്മതിക്കുകയും ചെയ്യും. ഇത് കേവലമായ ബോധതലത്തിൽ മാത്രം നിന്നാൽ പോരാ. പ്രായോഗിക തലത്തിൽ പ്രതിഫലിക്കേണ്ടതുണ്ട്. അതിന്റെ വഴികളിലേക്കാണ് നാം ഇനിയിറങ്ങുന്നത്.
1956 ലാണ് ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി ഐക്യ കേരളം രൂപംകൊണ്ടത്. ജാതി – ജന്മി – നാടുവാഴി വ്യവസ്ഥയുടെ പിടിയിൽ ദുരിതപൂർണമായ ജീവിതം നയിച്ചവരായിരുന്നു അന്ന് മഹാഭൂരിപക്ഷം കേരളീയരും. അന്നത്തെ സ്ഥിതി എന്തായിരുന്നു എന്നത് ഒറ്റ ഉദാഹരണംകൊണ്ട് വ്യക്തമാക്കാം.
1892 ഡിസംബറിൽ സ്വാമി വിവേകാനന്ദൻ ഭാരതപര്യടനത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ വന്നു. തീവണ്ടിയിൽ ഷോർണൂരിലെത്തിയ അദ്ദേഹം കാളവണ്ടിയിൽ തൃശൂരിലേക്ക് യാത്ര ചെയ്തു. തുടർന്ന് വഞ്ചികളിലായി യാത്ര. അങ്ങനെ അദ്ദേഹം കന്യാകുമാരിയിലുമെത്തി. കേരളത്തെയാകെ കണ്ട് അന്നത്തെ അവസ്ഥ മനസ്സിലാക്കി അദ്ദേഹം പറഞ്ഞത്, ‘കേരളം ഒരു ഭ്രാന്താലയം’ ആണെന്നാണ്. എന്തിന്റെ ഭ്രാന്താലയം? ജാതിയുടെ ഭ്രാന്താലയം.
ആ ഭ്രാന്താലയത്തെ, രാജ്യത്തെ ഉയർന്ന ജീവിതനിലവാരമുള്ള, മതനിരപേക്ഷതയുള്ള, വിദ്യാസമ്പന്നതയുള്ള ജനതയുടെ നാടാക്കി മാറ്റിയെടുത്ത മുന്നേറ്റമാണ് ‘കേരള മോഡൽ’ എന്ന പേരിൽ അറിയപ്പെടുന്നത്. അതാകട്ടെ ഇന്നും ലോകത്തിന്റെ പഠനവിഷയമാണ്.
കേരളത്തിന്റെ മാതൃക പക്ഷേ അവിടെ അവസാനിക്കുന്നില്ല. പുതിയ കാലത്തിന്റെ, പുതിയ ലോകത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ നാം നമ്മളെത്തന്നെ നവീകരിച്ചുകൊണ്ട് പുതിയ പുതിയ മാതൃകകളുണ്ടാക്കുകയാണ്. ആ ശൃംഖലയിലെ അടുത്ത കണ്ണിയാണ് നവകേരള നിർമ്മിതി. ഇതുവരെയുണ്ടായ ഇടതുപക്ഷ ഭരണങ്ങളുടെ തുടർച്ചയായിരിക്കെത്തന്നെ പുതിയ ഒരു കുതിച്ചുചാട്ടത്തെ കുറിക്കുന്നതുകൂടിയാണ് നവകേരള നിർമ്മിതി എന്ന അടുത്ത ഘട്ടം.
മാറ്റങ്ങൾക്ക് അടിത്തറപാകിയത് കേരളത്തിലെ ഒന്നാമത്തെ സർക്കാരാണ്. ഇ എം എസ് നേതൃത്വം കൊടുത്ത സർക്കാർ കേരളത്തിലെ ഭൂബന്ധങ്ങൾക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്കും ജനകീയ വിദ്യാഭ്യാസ പദ്ധതികൾക്കും വഴിതുറക്കുന്ന നടപടികൾ ആരംഭിച്ചു.
1957 ഏപ്രിൽ 5 ന് അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർ ഏപ്രിൽ 9 ന് കുടിയിറക്കു നിരോധന ഓർഡിനൻസ് കൊണ്ടുവന്നു. അന്നുവരെ ജന്മിയുടെ അധികാരപരിധിയിലുള്ള ഭൂമിയിൽ സ്വന്തമായി കിടപ്പാടമില്ലാതെ കുടികിടപ്പുകാരായി കഴിഞ്ഞ മഹാഭൂരിപക്ഷം വരുന്ന മലയാളികളെ ഈ ഓർഡിനൻസുവഴി കിടപ്പാടത്തിന് അവകാശികളാക്കി മാറ്റി.
കേരളീയ സമൂഹത്തിന്റെ വളർച്ചയിൽ അതിപ്രധാനമായ നയങ്ങൾക്കാണ് ഒന്നാം ഇ എം എസ് സർക്കാർ തുടക്കമിട്ടത്. എന്നാൽ സകല വിധ്വംസക ശക്തികളും ചേർന്ന്, വർഗീയ ശക്തികൾ മുതൽ സാമ്രാജ്യത്വ ശക്തികൾ വരെ ചേർന്ന് ആ സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കാൻ വിമോചന സമരം നടത്തി. അതിന്റെ മറപറ്റി കേന്ദ്ര സർക്കാർ, ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു.
ആ നടപടിയിലും തുടർന്നിങ്ങോട്ടുള്ള ഘട്ടങ്ങളിലും പ്രകടമാകുന്നത് കേരളത്തിന്റെ വികസന – ക്ഷേമ പദ്ധതികൾ സംബന്ധിച്ച കാര്യങ്ങളിലെ രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളുടെ, നയങ്ങളുടെ ഏറ്റുമുട്ടലാണ്. യൂണിയൻ സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്താകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക – ഭരണ നയങ്ങളും അതിൽ നിന്നു ഭിന്നമായി കേരളത്തിൽ നടപ്പിലാക്കിയ ജനപക്ഷനയങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ്. അത് അന്നും ഇന്നും ഉണ്ട്. അത് സൃഷ്ടിക്കുന്ന പ്രതികൂലമായ അവസ്ഥയുമുണ്ട്.
എന്നാൽ അതിൽ മനസ്സു തളരാതെ, ബദൽ നയങ്ങളുണ്ടെന്നും അത് ഇതുതന്നെയാണ് എന്നും വിളംബരം ചെയ്യുന്ന വിധത്തിൽ നാം മുന്നോട്ടുപോവുകയാണ്. ഈ പ്രക്രിയയിലൂടെ നവകേരളത്തെ വാർത്തെടുക്കുകയാണ്. ഇതാണ് സത്യത്തിൽ രണ്ടാമത്തെ കേരളാ മോഡൽ. ആദ്യ കേരളാ മോഡൽ എന്നപോലെ ഇതും ലോകമാകെ ശ്രദ്ധിക്കുകയാണ്.
എപ്പോഴെല്ലാം ഇടതുപക്ഷം മേൽക്കൈ നേടുകയും കേരളത്തിന്റെ ഭരണാധികാരത്തിലെത്തുകയും ചെയ്തിട്ടുണ്ടോ അപ്പോഴെല്ലാം വികസനവും ക്ഷേമ പദ്ധതികളും ജനപക്ഷ നിലപാടുകളിൽ കേന്ദ്രീകരിക്കപ്പെട്ടു. ഇതിൽ നിന്നു ഭിന്നമായി നവലിബറൽ നയനിലപാടുകൾക്കു മേൽക്കൈ കിട്ടിയപ്പോഴെല്ലാം ഇത് മാറ്റിമറിക്കപ്പെടുകയും രാജ്യത്തെ ഇതര ഭാഗങ്ങളിൽ നടപ്പിലാക്കിയ നയങ്ങൾതന്നെ ഇവിടെയും അടിച്ചേൽപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലേക്കു കണ്ണോടിച്ചു നോക്കിയാൽ നവീന ഭരണപദ്ധതികളിൽ ഈ വൈരുദ്ധ്യം മുഴച്ചുനിൽക്കുന്നതു കാണാം.
1957 ൽ കുടിയാനായ കൃഷിക്കാരനെ സ്വതന്ത്രനാക്കി സ്വന്തം കാലിൽ നിർത്താൻ ഭരണനടപടികൾ സ്വീകരിച്ചപ്പോൾ ആ സർക്കാരിനെ അട്ടിമറിക്കാനാണ് എതിർപക്ഷം ശ്രമിച്ചത്. തൊഴിൽ മേഖലയിൽ തൊഴിലാളിക്കനുകൂലമായ നിയമനിർമ്മാണങ്ങൾ വന്നപ്പോൾ അതിനെ എതിർക്കുന്ന നിലപാടാണ് ഒരു വിഭാഗം ഇവിടെ സ്വീകരിച്ചത്. നിത്യോപയോഗ വസ്തുക്കൾ വിതരണം ചെയ്യാൻ മാവേലി സ്റ്റോറുകൾ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർക്കാനും വാമന സ്റ്റോറുകളുണ്ടാക്കാനുമാണ് ഇവർ ശ്രമിച്ചത്.
60 വയസ്സു കഴിഞ്ഞ കർഷക തൊഴിലാളിക്കു പെൻഷൻ കൊടുക്കാൻ തീരുമാനിച്ചപ്പോൾ അതു പ്രത്യുല്പാദനപരമല്ലെന്നും അതു നൽകരുതെന്നുമുള്ള എതിർ നിലപാട് ഇവർ സ്വീകരിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ കുടുംബശ്രീ പദ്ധതിക്കു ഇടതുപക്ഷ സർക്കാർ രൂപംകൊടുത്തപ്പോൾ അതിനെ തകർക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഇവർ ജനശ്രീ പദ്ധതിയുമായി മുന്നോട്ടുവന്നു. പാവപ്പെട്ടവർക്ക് വീട് നൽകാൻ ലൈഫ് മിഷൻ ആരംഭിച്ചപ്പോൾ തങ്ങൾ അധികാരത്തിൽ വന്നാൽ അതു നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.
ഇങ്ങനെ കേരളത്തിൽ ഇടതുപക്ഷ നിലപാടുള്ള സർക്കാരുകൾ നടപ്പിലാക്കാൻ ശ്രമിച്ച വികസന പദ്ധതികളെ യൂണിയൻ സർക്കാരിന്റെ നയങ്ങൾക്കുവേണ്ടി വാദിക്കുന്നവർ തടസ്സപ്പെടുത്താനും എതിർക്കാനും വരുന്നതാണ് അന്നും ഇന്നും നാം കാണുന്നത്. കേരളത്തിൽ 5 വർഷം കൂടുമ്പോൾ സർക്കാർ മാറിമാറി വന്നതിനെത്തുടർന്ന് ജനപക്ഷ നയങ്ങൾക്ക് തുടർച്ചയുണ്ടാവാതെ പോയി. 2016 ഓടുകൂടി ഈ സ്ഥിതിക്കു മാറ്റം വന്നു. ഇതിന്റെ സദ്ഫലങ്ങൾ കേരളമെന്നല്ല, ലോകമാകെ കണ്ടു. ഇതേ തുടർന്നാണ് നവകേരളം എന്ന ലക്ഷ്യത്തോടുകൂടി ഈ സർക്കാർ മുന്നോട്ടുപോയത്. അസാധ്യമെന്നു കരുതിയ, വിവിധ മേഖലകളിലെ സ്തംഭിച്ചുപോയ വികസന പ്രവർത്തനങ്ങൾ കഠിന പരിശ്രമത്തിലൂടെ നടപ്പാക്കിയെടുക്കാൻ കഴിഞ്ഞു.
ഭൂമി ഏറ്റെടുക്കാൻ കഴിയാതെ ദേശീയപാത പദ്ധതി തന്നെ മരവിപ്പിക്കുകയായിരുന്നു . രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നു വ്യത്യസ്തമായി ഭൂമി ഏറ്റെടുപ്പിന് 6,000 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തി. ആ ഇടപെടലുകൊണ്ട് നിലച്ചുപോയ പാതനിർമ്മാണം ഇപ്പോൾ പൂർത്തീകരണത്തിലേക്ക് എത്തിക്കാൻ കഴിയുന്നു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ സുപ്രധാനമായ ചുവടുവെയ്പാണ് ഇക്കാര്യത്തിൽ സർക്കാരിനു സ്വീകരിക്കാൻ കഴിഞ്ഞത്.
വൈദ്യുതി മേഖലയിൽ കേരളത്തിന് അനിവാര്യമായ പദ്ധതിയായിരുന്നു പവർ ഗ്രിഡ്. അവർ അത് ഉപേക്ഷിച്ചതാണ്. എന്നാലതു പുനരാരംഭിച്ചു പൂർത്തിയാക്കി. ഗാർഹിക – വ്യാവസായിക കാര്യങ്ങൾക്കുള്ള പ്രകൃതിവാതക വിതരണത്തിന്റെ കാര്യവും ഇങ്ങനെതന്നെ. അതും സ്തംഭിച്ചുനിന്നു. അതു പുനരാരംഭിച്ച് ഗ്യാസ് സിലിണ്ടറുകൾക്കു പകരം നേരിട്ട് പൈപ്പ്‌ലൈൻ വഴി പ്രകൃതിവാതകം വിതരണം ചെയ്യുന്ന നിലയിൽ പൂർത്തീകരിക്കുന്നതിലേക്കു നമ്മൾ കടന്നു.
സമൂഹത്തിൽ 60 വയസ്സു കഴിഞ്ഞ സാമ്പത്തിക വിഷമമനുഭവിക്കുന്നവർക്ക് നൽകിവന്ന പെൻഷൻ പദ്ധതി പോലും 18 മാസത്തിലേറെ കുടിശ്ശികയായി കിടക്കുകയായിരുന്നു യുഡിഎഫ് ഭരണകാലത്ത്. 600 രൂപയായിരുന്നു അന്ന് പെൻഷൻ. കുടിശ്ശിക മുഴുവൻ കൊടുത്തുതീർത്ത് പെൻഷൻതുക ഘട്ടം ഘട്ടമായി വർധിപ്പിച്ച്; 2000 രൂപയാണ് ഇപ്പോൾ പെൻഷൻ നകുന്നത്. 62 ലക്ഷം പേർക്ക് അവകാശമായി ലഭ്യമാക്കുന്ന നിലയിൽ എൽഡിഎഫ് സർക്കാർ അത് നടപ്പാക്കി. അത് ഇപ്പോൾ മുടങ്ങാതെ കൊടുത്തുവരുന്നു.
ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണു സംസ്ഥാനത്തുണ്ടാക്കാൻ കഴിഞ്ഞത്. ഡോക്ടർമാരില്ലാതെ, ഉപകരണങ്ങളില്ലാതെ, ആവശ്യത്തിനു കെട്ടിടങ്ങളില്ലാതെ ദുരന്താവസ്ഥയായിരുന്നു യുഡിഎഫ് ഭരണകാലത്ത്. ഇതിനു മാറ്റം വരുത്തി. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിൽ വികസിപ്പിക്കുന്നതിനും ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞു. അങ്ങനെ രാജ്യത്തെ ഏറ്റവും മുന്നിൽ നിൽക്കുന്ന ചികിത്സാ സംവിധാനമാക്കി പൊതു ആശുപത്രികളെ മാറ്റിയെടുക്കാൻ കഴിഞ്ഞു.
ചികിത്സാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുകയും അവയവമാറ്റം അടക്കമുള്ള ചികിത്സാ സംവിധാനങ്ങൾ പൊതുജനാരോഗ്യ പരിപാലന സംവിധാനത്തിനകത്ത് ഒരുക്കുകയും ചെയ്തു. വികസിത രാജ്യങ്ങളെപ്പോലും പുറന്തള്ളിക്കൊണ്ട് മാതൃ-–ശിശുമരണ നിരക്ക് നിയന്ത്രിച്ചുനിർത്തുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ആറായിരത്തോളം ജനകീയാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി. 885 കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി. രാജ്യത്താദ്യമായി അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ നമ്മൾ മാറ്റിയെടുത്തു.
ഇടതുപക്ഷ നിലപാടുകളും നയങ്ങളും സ്വീകരിച്ചതിന്റെ പ്രത്യക്ഷ ഗുണപാഠമാണ് ഇതിലൂടെയൊക്കെ വെളിവാകുന്നത്. യൂണിയൻ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ അംഗീകരിച്ചു നടപ്പാക്കുന്ന ഇതര സംസ്ഥാനങ്ങൾക്കൊന്നും ഈ ഒരു ലക്ഷ്യം പ്രഖ്യാപിക്കാൻ പോലും കഴിയുന്നില്ല എന്നത് ഓർക്കണം.
നമ്മുടെ വിദ്യാഭ്യാസ മേഖല വൻ കുതിച്ചു ചാട്ടമാണു നടത്തിക്കൊണ്ടിരിക്കുന്നത്. സാങ്കേതിക,ശാസ്ത്ര, – പ്രൊഫഷണൽ മേഖലകളിൽ ഉൾപ്പെടെ വലിയ മുന്നേറ്റമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൊതു വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അടിസ്ഥാന സൗകര്യങ്ങളിലും പഠനനിലവാരത്തിലും വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇത് വിദ്യാസമ്പന്നരുടെ പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കുകയാണ്.
ഇതു കണക്കിലെടുത്തുകൊണ്ടാണ് വിജ്ഞാന സമ്പദ്-ഘടന എന്ന പുതിയ കാഴ്ചപ്പാട് സർക്കാർ കേരളത്തിന്റെ വികസന നയങ്ങളോട് കൂട്ടിച്ചേർത്തത്. വിജ്ഞാനത്തിനും ബിരുദങ്ങൾക്കുമൊപ്പം തങ്ങളുടെ കഴിവിനൊത്ത തൊഴിലും പുതിയ ഉൽപാദന മേഖലകളും കൂടി കണ്ടെത്താനുള്ള കരുത്താണ് ഇതുവഴി പുതു തലമുറയ്ക്കു ലഭിക്കുന്നത്. കേരളത്തിന്റെ വികസനത്തെ പുതിയ കുതിപ്പിലേക്കു നയിക്കുന്നതാണു വിജ്ഞാന സമ്പദ്ഘടനയുടെ കാഴ്ചപ്പാട്.
കേരളത്തിൽ വ്യവസായങ്ങൾക്കു സ്ഥാനമില്ല എന്ന ഒരു കുപ്രചാരണമുണ്ടായിരുന്നു ഒരു കാലത്ത്. ഇന്ന് അതു പറയാൻ ആർക്കും കഴിയുന്നില്ല. വമ്പിച്ച മുന്നേറ്റമാണ് വ്യവസായ രംഗത്തു നമ്മൾ നേടിയത്. വലിയ സംരംഭങ്ങൾക്കുള്ള നിക്ഷേപങ്ങൾ കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു.
പുതിയ ചെറുകിട – ഇടത്തരം സംരംഭങ്ങൾ ഏറ്റവും കൂടുതൽ ആരംഭിക്കാൻ കഴിഞ്ഞ നാടായി കേരളം മാറി. സ്റ്റാർട്ടപ്പുകളുടെ എണ്ണം 300 ൽ നിന്നും 7,500 ആയി. ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിയിലേക്ക് എത്തുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നമ്മൾ ടോപ് അച്ചീവർ പദവി നേടി. നിസാൻ, എയർബസ്, ടി സി എസ്, ടെക് മഹീന്ദ്ര, ടാറ്റാ എലക്‌സി ഉൾപ്പെടെയുള്ള കമ്പനികൾ ഇവിടേക്കെത്തി.
വിഴിഞ്ഞം തുറമുഖം മലയാളിയുടെ ദീർഘകാല സ്വപ്നമായിരുന്നു. എന്നാൽ അതു നടപ്പാക്കാൻ കഴിയില്ല എന്നതായിരുന്നു പൊതു ധാരണ. ഇടതുപക്ഷ നയം സ്വീകരിക്കുന്ന സർക്കാർ തുടർച്ചയായി വന്നതോടെ അതും സാക്ഷാൽക്കരിക്കാൻ കഴിഞ്ഞു. ഇന്ന് അതു രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖങ്ങളിലൊന്നായി ചെറിയ സമയത്തിനുള്ളിൽത്തന്നെ അന്താരാഷ്ട്ര അംഗീകാരം നേടിയെടുത്തു..
നവകേരളം ലക്ഷ്യമിടുമ്പോൾ വീടില്ലാത്ത കുടുംബങ്ങൾക്കു വീടുണ്ടാവുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇതിനകം ആറു ലക്ഷത്തോളം വീടുകളാണു ലൈഫ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമ്മിച്ചത്. നാല് ലക്ഷത്തിലധികം പട്ടയങ്ങളാണ് ലഭ്യമാക്കിയത്. ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുകയാണ്. ഭൂരഹിതരായ പട്ടികവർഗക്കാരില്ലാത്ത ആദ്യ ജില്ലയായി ഇതിനോടകം തിരുവനന്തപുരം മാറി.
കാർഷിക വളർച്ചാ നിരക്ക് 2 ശതമാനത്തിൽ നിന്നും 4.64 ശതമാനമായി. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി പാർക്കുകൾ സ്ഥാപിക്കുകയാണ്. നെല്ലിന്റെ ഉത്പാദനക്ഷമത 4.56 ടണ്ണായി. പച്ചക്കറി ഉത്പാദനം ഇരട്ടിയിലധികമായി. പൊതുസേനവങ്ങളെ ശക്തിപ്പെടുത്തി. എട്ടേ മുക്കാൽ വർഷംകൊണ്ട് 3 ലക്ഷത്തിലധികം നിയമനങ്ങൾ നടത്തി. 40,000 തസ്തികകൾ സൃഷ്ടിച്ചു. സേവനങ്ങൾ ഓൺലൈനാക്കി. ഇങ്ങനെ, വ്യക്തമായ ലക്ഷ്യം മുമ്പോട്ടുവെച്ച് കേരളത്തിന്റെ വികസന–ക്ഷേമ പദ്ധതികൾക്കു രൂപംകൊടുക്കുകയാണ് ചെയ്യുന്നത്. l



