Monday, February 2, 2026

ad

Homeകവര്‍സ്റ്റോറിദേശീയപാത യുഡിഎഫ് ഉപേക്ഷിച്ചു എൽഡിഎഫ് സർക്കാർ പ്രാവർത്തികമാക്കി

ദേശീയപാത യുഡിഎഫ് ഉപേക്ഷിച്ചു എൽഡിഎഫ് സർക്കാർ പ്രാവർത്തികമാക്കി

പശ്ചാത്തല വികസനം
ദേശീയപാതയും യുഡിഎഫ് ഭരണത്തിൽതന്നെ നടപ്പാക്കും എന്നായിരുന്നു 2001–06 കാലത്ത് മുഖ്യമന്ത്രി എ കെ ആന്റണിയും തുടർന്ന് ഉമ്മൻചാണ്ടിയും ആവർത്തിച്ച് അവകാശപ്പെട്ടുകൊണ്ടിരുന്നത്. കഴിയുന്നത്ര ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ന്യായമായ നഷ്ടപരിഹാരം നൽകുകയും വേണം എന്നതായിരുന്നു സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും ആദ്യം മുതലേയുള്ള നിലപാട്. വികസനത്തിന്റെ അംബാസിഡറാണ് താനെന്ന് മേനിനടിച്ചാണ് അന്നത്തെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്.

2006ൽ അധികാരത്തിൽനിന്നു പുറത്തായതോടെ യുഡിഎഫ് നേതൃത്വം നിലപാടിൽനിന്ന് മലക്കംമറിഞ്ഞു. ദേശീയപാത 66ന് ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. ദേശീയ പാത അതോറിറ്റി നടത്തിയ സർവ്വേയിലൂടെ കണ്ടെത്തിയ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതി പ്രാവർത്തികമാക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും പരോക്ഷമായി പാരവെയ്ക്കുക എന്ന തന്ത്രമാണ് യുഡിഎഫ് പയറ്റിയത്. വർഗീയ – തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ എതിർപ്പുമായി വന്നതോടെ യുഡിഎഫും അവരോടൊപ്പം ചേരുകയായിരുന്നു. രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട നിക്ഷിപ്ത താൽപര്യക്കാരും വികസന വിരുദ്ധരും വിതണ്ഡവാദങ്ങൾ ഉന്നയിച്ച് പ്രാദേശികമായി ജനവികാരം ഇളക്കിവിട്ടു‍. നന്ദിഗ്രാം ആവർത്തിക്കും എന്നായിരുന്നു അവരുടെ ഭീഷണി.

2011ൽ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ജനങ്ങളുടെ എതിർപ്പകറ്റാൻ ക്രിയാത്മകമായ നടപടികളൊന്നും സ്വീകരിച്ചില്ല. ഒടുവിൽ 2014ൽ ദേശീയപാത അതോറിറ്റി ഈ പദ്ധതി ഉപേക്ഷിച്ചു. പദ്ധതി ഏതാണ്ട് നഷ്ടപ്പെടും എന്ന ഘട്ടത്തിലാണ് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പദ്ധതി നടപ്പാക്കാനുള്ള ക്രിയാത്മക നടപടികളാണ് പിണറായി സർക്കാർ സ്വീകരിച്ചത്. ഭൂമിയും കെട്ടിടങ്ങളും ജീവനോപാധികളും നഷ്ടമാകുന്ന നിരവധിയാളുകളുണ്ട്. അവർക്കെല്ലാം തൃപ്തികരമായ നഷ്ടപരിഹാരം നൽകാം എന്ന നിലപാട് സർക്കാർ സ്വീകരിച്ചു. അപ്പോഴും നുണപ്രചാരണവും കുത്തിത്തിരിപ്പുകളുമായി കോൺഗ്രസും ബിജെപിയും വലതുപക്ഷ ഛിദ്രശക്തികളും രംഗത്തുവന്നു. അവരെ പിന്തുണച്ചുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും പദ്ധതിക്ക് പാരവെക്കുകയായിരുന്നു യുഡിഎ-ഫ്. സമൂഹ മാധ്യമങ്ങളിലൂടെ വലിയ ദുഷ്-പ്രചാരണമാണ് പദ്ധതിക്കെതിരെ അവർനടത്തിയത്.

ഭൂമിയും വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് സർക്കാർ വാക്കുകൊടുത്തു. സംസ്ഥാന സർക്കാരും ജില്ലാ ഭരണവും ഉണർന്നു പ്രവർത്തിച്ചു. 2018 മാർച്ച് പകുതിയോടെ റോഡിന്റെ മധ്യഭാഗത്തുനിന്ന് ഇരുവശങ്ങളിലേക്കും നിർദിഷ്ട അകലം രേഖപ്പെടുത്തി കല്ലിടുന്ന ജോലി ആരംഭിച്ചു. കുറ്റിപ്പുറത്തുനിന്നാണ് അത് ആരംഭിച്ചത്. ഏറ്റെടുക്കുന്ന സ്ഥലവും നഷ്ടപരിഹാരവും ഉടനെ പ്രഖ്യാപിക്കണമെന്നു പറഞ്ഞ് വികസന വിരോധികൾ രംഗത്തുവന്നു. ദേശീയപാതയ്ക്ക് 45 മീറ്ററെങ്കിലും വേണമെന്നിരിക്കെ 30 മീറ്റർ മതി എന്ന വാദവുമായി അവർ രംഗത്തെത്തി.

പലവിധ തർക്കങ്ങൾ ഉണ്ടായതിനുശേഷം വിശദമായ ചർച്ചയും ശാസ്ത്രീയമായ പഠനവും നടത്തി തയ്യാറാക്കിയ നാലാമത്തെ അലെെൻമെന്റും മാറ്റണമെന്ന നിലപാടാണ് അവർ എടുത്തത്. സ്ഥലവാസികളല്ലാത്ത, മറ്റു പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പ്രതിഷേധവുമായി എത്തിയവരിൽ ഏറെയും. അവരുടെ തനിനിറം തുറന്നുകാട്ടപ്പെട്ടതോടെ സ്ഥലമുടമകളുടെ പിന്തുണ സർക്കാരിനു ലഭിച്ചു. വീടുകളും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവർക്ക് അതുപോലെയൊരു കെട്ടിടം പുതിയതായി നിർമിക്കാൻ ചെലവാകുന്ന തുക നഷ്ടപരിഹാരം നൽകുമെന്ന സർക്കാരിന്റെ ഉറപ്പ് ഉടമകൾ അംഗീകരിച്ചു. അതോടെ അനാവശ്യമായി സമരവുമായി വന്നവർ പത്തിമടക്കി.

2018 ഒടുവിൽ ഹെെവേ വീതി കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പം പരിഗണിച്ച് അപകടങ്ങൾ പരമാവധി കുറയ്ക്കുന്ന തരത്തിലാണ് റോഡുകൾ രൂപകൽപ്പന ചെയ്യപ്പെട്ടത്. ആരാധനാലയങ്ങൾ പരമാവധി സംരക്ഷിക്കുക എന്ന നയമായിരുന്നു സർക്കാർ സ്വീകരിച്ചത്. അതിനോടും എല്ലാവരും യോജിച്ചു.

ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം എന്ന നിബന്ധന ദേശീയ പാത അതോറിറ്റിയും മോദി സർക്കാരും മുന്നോട്ടുവെച്ചു. കിഫ്ബിയിലൂടെ 5,580 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് 25 ശതമാനം വഹിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. അങ്ങനെയാണ് അസാധ്യമെന്ന് പരക്കെ എല്ലാവരും വിധിയെഴുതിയ നാഷണൽ ഹെെവേ 66 പ്രാവർത്തികമാക്കിയത്. ഹെെവേയുടെ പണി ഏതാണ്ട് അവസാന ഘട്ടത്തിലാണ്. ഉടൻ തന്നെ പൂർത്തീകരിക്കപ്പെടും. അന്നത്തെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പോലും സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കാൻ നിർബന്ധിതനായി. l

ഗെയിൽ പ്രകൃതി വാതക പെെപ്പ്ലെെൻ

ഒന്നും ചെയ്യാതെ യുഡിഎഫ്, 
 നടപ്പാക്കി എൽഡിഎഫ്
എൽഡിഎഫ് സർക്കാരിന്റെ നിരന്തരമായ ശ്രമഫലമായാണ് 2010ൽ ഗെയിൽ പ്രകൃതി വാതക പെെപ്പ് ലെെനിന് അംഗീകാരം ലഭിച്ചത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കൊച്ചി എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകം പെെപ്പു വഴി ബംഗളൂരുവിലേക്കും മെെസൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ള പദ്ധതിയാണിത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് വെറും 48 കിലോമീറ്റർ ദൂരത്തിൽ മാത്രമേ പെെപ്പിടാൻ കഴിഞ്ഞുള്ളൂ. ചില പ്രദേശങ്ങളിൽ ജനങ്ങൾ പ്രതിഷേധിച്ചതിന്റെ പേരിൽ അവരുടെ ആശങ്കകൾക്ക് പരിഹാരം കാണാതെ പദ്ധതിതന്നെ ഉപേക്ഷിക്കാനാണ് യുഡിഎഫ് സർക്കാർ തയ്യാറായത്. 4500 കോടി രൂപ മുതൽമുടക്കിൽ കൊച്ചിയിലെ പുതുവെെപ്പിനിൽ സ്ഥാപിക്കപ്പെട്ട എൽഎൻജി ടെർമിനൽ യുഡിഎഫ് കാലത്ത് ഉപയോഗമില്ലാത്ത ഒന്നായിമാറി. 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിക്ക് പുതുജീവൻ ലഭിച്ചു. ജനവാസമേഖലകളെ പരമാവധി ഒഴിവാക്കി.

സ്ഥലം ഏറ്റെടുക്കൽ, നഷ്ടപരിഹാരം സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാർക്കുണ്ടായിരുന്ന ആശങ്കകളും പരാതികളും പരിഹരിക്കാൻ സർക്കാർ നിരന്തരമായി ഇടപെട്ടു. മുഖ്യമന്ത്രി തന്നെ നേരിട്ട് പുരോഗതി വിലയിരുത്തുകയും ഇടപെടുകയും ചെയ്തു.

ഗെയിൽ പെെപ്പ് ലെെൻ പദ്ധതി മുടക്കാൻ ആസൂത്രിത നീക്കങ്ങളാണ് വികസനവിരുദ്ധർ ചെയ്തത്. ‘‘വലിയ ബോംബാണ് ഭൂമിക്കടിയിലൂടെ വരുന്നത്, ഏതു നിമിഷവും അതിനു സമീപത്ത് അധിവസിക്കുന്നവർ കൊല്ലപ്പെടാം’ എന്നൊക്കെയായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലടക്കമുള്ള പ്രചാരണങ്ങൾ. വലതുപക്ഷ–പിന്തിരിപ്പൻ ശക്തികളും അരാഷ്ട്രീയവാദികളുമൊക്കെ നടത്തിയ ഇത്തരം പ്രചാരണങ്ങളെ സർവ്വാത്മനാ സഹായിക്കുകയും അതു ഏറ്റുപിടിക്കുകയുമായിരുന്നു യുഡിഎഫ്.

പെെപ്പ് ലെെൻ വിന്യസിക്കാനായി അനുമതി ലഭിച്ച മൊത്തം 566.3 കിലോമീറ്ററിലും 2020–21 കാലയളവിൽ തന്നെ പെെപ്പ് ലെെൻ വിന്യസിച്ച് പദ്ധതി കമ്മീഷൻ ചെയ്തു. ഗാർഹിക ആവശ്യങ്ങൾക്കുവേണ്ടി സിറ്റിഗ്യാസ് ഡ്രിസ്ട്രിബ്യൂഷൻ പദ്ധതി പ്രാവർത്തികമാക്കി; വാഹനങ്ങൾക്കുവേണ്ട സിഎൻജി പദ്ധതിയും ഇതുവഴി.

പദ്ധതിപൊളിക്കാനുള്ള നീക്കങ്ങളെയെല്ലാം ക്രിയാത്മകമായി എൽഡിഎഫ് സർക്കാർ നേരിട്ടതുകൊണ്ടാണ് ഗെയിൽ പെെപ്പ്ലെെൻ യാഥാർഥ്യമായത്. എല്ലാ ജില്ലകളിലും ഇതിലൂടെ പാചകവാതകം എത്തിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിൽ 30 ശതമാനം വീടുകളിലും ഗെയിൽ പെെപ്പ് ലെെനിലൂടെയാണ് പാചകവാതകം എത്തുന്നത്. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ, മാലിന്യമില്ലാത്ത പാചകവാതകം ലഭ്യമാകാൻ ഇതിടയാക്കി.

കേരളത്തിലെ മാത്രമല്ല അയൽസംസ്ഥാനമായ കർണാടകത്തിലെയും ജനങ്ങൾക്ക് വലിയ നേട്ടമുണ്ടാക്കുന്ന ബൃഹദ് പദ്ധതിയാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്. 2030 ഓടുകൂടി പരമാവധി ഉപഭോക്താക്കൾക്ക് പ്രകൃതിവാതകം എത്തിച്ചുനൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. l

കുതിരാൻ ടണൽ

എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായി
2009
ൽ, എൽഡിഎഫ് സർക്കാരിന്റെ ശ്രമഫലമായി അനുമതി ലഭിച്ച പദ്ധതിയാണ് കുതിരാൻ ടണൽ. പദ്ധതിയുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയി. എന്നാൽ, 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ അനങ്ങാപ്പാറ നയംമൂലം പ്രവർത്തനങ്ങളൊന്നും നടന്നില്ല. തുടർന്ന് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ, സർക്കാർ ഉണർന്നു പ്രവർത്തിച്ചു.

നാഷണൽ ഹെെവേ 544ൽ തൃശൂർ–പാലക്കാട് പാതയിലെ ഒരു പ്രധാന ഗതാഗത തടസ്സവും അപകടമേഖലയുമായിരുന്നു കുതിരാൻ ചരുവ്. ഈ ചരുവിൽ ഇരട്ട ട്യൂബ് തുരങ്കം നിർമിക്കുന്നതോടെ ഗതാഗതം സുഗമമാകും; അപകടസാധ്യത ഇല്ലാതാകും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ദെെർഘ്യമേറിയ ആറുവരി റോഡ് തുരങ്കമാണിത്.

2016ൽ ആരംഭിച്ച് 2021 ഡിസംബറിൽ കുതിരാൻ ടണലിന്റെ പണി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചു. 2022 ജനുവരിയിൽ ഗതാഗതത്തിനായി തുറക്കാനും സാധിച്ചു. കോയമ്പത്തൂർ, സേലം, ചെന്നെെ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ ഉണ്ടായിരുന്ന വലിയ ഗതാഗത കുരുക്കിനാണ് ഇതോടെ പരിഹാരമായത്. മണിക്കൂറുകളുടെ സമയലാഭമാണ് ഇതിലൂടെയുണ്ടായത്. എന്നുമാത്രമല്ല ഈ റൂട്ടിൽ മൂന്നുകിലോമീറ്ററിന്റെ ദൂരം കുറയുകയും ചെയ്തു.

എൽഡിഎഫ് സർക്കാർ പ്രകടിപ്പിച്ച ഇച്ഛാശക്തിയും ശുഷ്-കാന്തിയും മൂലമാണ് ഈ പദ്ധതി പ്രാവർത്തികമാക്കാനായത്. യുഡിഎഫ് സർക്കാർ വളരെ ഉദാസീനമായ നിലപാട് സ്വീകരിച്ച സ്ഥാനത്താണ് എൽഡിഎഫ് സർക്കാർ ജാഗ്രതയോടെ പ്രവർത്തിച്ചതെന്ന് ഓർക്കുക. l

മലയോര–തീരദേശ ഹെെവേകൾ

ടപ്പാക്കാൻ സാധിക്കാത്ത മറ്റൊരു പദ്ധതിയായാണ് മലയോര –തീരദേശ ഹെെവേകൾ കണക്കാക്കപ്പെട്ടത്. എന്നാൽ മലയോര തീരദേശ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ നിശ്ചയദാർഢ്യത്തോടെയുള്ള എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. 10,000 കോടി രൂപയാണ് കിഫ്ബിയിലൂടെ ഈ രണ്ടുപദ്ധതികൾക്കുമായി ലഭ്യമാക്കിയത്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് ഈ രണ്ട് പദ്ധതികളും നടപ്പാക്കപ്പെടുന്നത്.

കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശാല വരെ നീളുന്ന 1332.16 കിലോമീറ്ററാണ് മലയോര ഹെെവേയുടെ ദെെർഘ്യം. 2017ലാണ് കിഫ്ബി ഇതിനു ഭരണാനുമതി നൽകിയത്. മലയോര ഹെെവേയുടെ 250 കിലോമീറ്റർ 2025 ഫെബ്രുവരിയിൽ പൂർത്തിയായി. 200 കിലോമീറ്റർ കൂടി ഉടനെ പൂർത്തിയാകും. മലയോര ഹെെവേയുടെ പണി പൂർത്തീകരിക്കാൻ 3600 കോടി രൂപയാണാവശ്യം. അത് കിഫ് ബിയിലൂടെ ലഭ്യമാക്കും. മലയോര മേഖലയില്ലാത്ത ആലപ്പുഴ ജില്ലയൊഴികെ മറ്റു 13 ജില്ലകളിലെയും മലയോര പാതകളെ കൂട്ടിയിണക്കുന്ന ഒരു പദ്ധതിയാണിത്. കണ്ണൂർ, മലപ്പുറം ജില്ലകൾക്കിടയിൽ ഈ ഹെെവേയിൽ രണ്ട് സമാന്തര പാതകളാണ് ഉള്ളത്. ഒന്ന് വയനാട് ജില്ലയിലൂടെയും മറ്റേത് കോഴിക്കോട് ജില്ലയിലൂടെയും 54 റീച്ചുകളിലൂടെയാണ് മലയോര ഹെെവേയുടെ നിർമാണം നടക്കുന്നത്.

793.68 കിലോമീറ്റർ റോഡിന് 3593 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നൽകിയിരിക്കുന്നത്. 506 കിലോമീറ്ററിന് സാങ്കേതികാനുമതി നൽകുകയും ടെണ്ടർ ചെയ്യുകയും ചെയ്തു. അതിൽ നിർമാണം ആരംഭിച്ച 250 കിലോമീറ്റർ 2025 ഫെബ്രുവരിയിൽ പൂർത്തിയായി. അടുത്ത 200 കിലോമീറ്ററിന്റെ നിർമാണം ഉടൻ പൂർത്തിയാകും.

കേരളത്തിലെ തീരദേശ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് തിരുവനന്തപുരം മുതൽ കാസർകോടുവരെ നിർമിക്കുന്ന പാതയാണ് തീരദേശ ഹെെവേ. 656 കിലോമീറ്ററാണ് ഇതിന്റെ ദെെർഘ്യം. ഗതാഗതം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നീ മേഖലകൾക്ക് വലിയ കുതിപ്പേകുന്നതാണ് തീരദേശ ഹെെവേ. ദേശീയപാതയിലെ ഗതാഗതകുരുക്ക് കുറയ്ക്കാൻ ഈ പാത നിർണായകമായ സംഭാവന നൽകും.

6500 കോടി രൂപയാണ് കിഫ്ബിയിലൂടെ ഈ പദ്ധതിക്ക് വക കൊള്ളിച്ചിരിക്കുന്നത്.
ഈ പദ്ധതി മുടക്കാൻ വികസന വിരുദ്ധർ കിണഞ്ഞു ശ്രമിച്ചു. അവർക്ക് യുഡിഎഫിന്റെയും ബിജെപിയുടെയും അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. ഭൂമി ഏറ്റെടുക്കലിനെതിരെ അവർ നടത്തിയ കുത്തിത്തിരിപ്പുകളെയെല്ലാം മറികടന്നുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഈ പദ്ധതിയുമായി മുമ്പോട്ടു പോകുന്നത്.

സംസ്ഥാനത്തെ മഹാഭൂരിപക്ഷം റോഡുകളും ബിഎംബിസി നിലവാരത്തിലേക്കുയർത്തിക്കഴിഞ്ഞു. റോഡുകളുടെ നിർമാണം പോലെ പരിപാലനത്തിലും നൂതനപദ്ധതികൾ ആവിഷ്കരിക്കാൻ ഒന്നും രണ്ടും പിണറായി സർക്കാരുകൾക്ക് സാധിച്ചു. പരിപാലന കാലാവധി കഴിഞ്ഞ റോഡുകളിൽ യഥാസമയം അറ്റകുറ്റപണികൾ നടത്തുന്നതിനായി റണ്ണിങ് കോൺട്രാക്ട് എന്ന സമ്പ്രദായം ഏർപ്പെടുത്തി.

യുഡിഎഫ് കാലത്ത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകങ്ങളായിരുന്നു പല നിർമാണപ്രവർത്തനങ്ങളും. പാലാരിവട്ടം പാലത്തിന്റെ തകർച്ച തന്നെ അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് യുഡിഎഫ് നേതാക്കൾ തന്നെ ആരോപണം ഉന്നയിക്കുകയുണ്ടായി.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായിരുന്ന പൊതുമരാമത്ത് വകുപ്പിനെ കാര്യക്ഷമതയുടെയും സുതാര്യതയുടെയും ഇരിപ്പിടമാക്കി മാറ്റിയ കാലവുമാണ് കഴിഞ്ഞ പത്തുവർഷം. l
തയ്യാറാക്കിയത്: ഗിരീഷ് ചേനപ്പാടി

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular