പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടുള്ള കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ എണ്ണിയാലൊടുങ്ങാത്ത ഭരണനേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് ഈ 10 വർഷത്തിനകത്ത് നാം കെെവരിച്ചിട്ടുള്ള മുന്നേറ്റം. എക്കാലത്തെയുമെന്നപോലെതന്നെ വലതുപക്ഷ ഭരണത്തിൽ വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കായി കണ്ടുകൊണ്ട് വിറ്റുതുലയ്ക്കുകയും ഭരിച്ചുമുരടിക്കുകയും ചെയ്തിടത്തുനിന്നാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ ഇന്നീ കാണുന്ന കുതിപ്പിലേക്ക് എൽഡിഎഫ് സർക്കാർ എത്തിച്ചത്. 4.9 ലക്ഷം കുട്ടികളാണ് ഉമ്മൻചാണ്ടി ഭരണകാലത്ത് കേരളത്തിന്റെ പൊതുവിദ്യാലയങ്ങളിൽ നിന്നും കൊഴിഞ്ഞുപോയത്. എന്നാൽ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്തുമാത്രം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 6.97 ലക്ഷം കുട്ടികളുടെ വർധനയാണുണ്ടായത്. ഇടതുപക്ഷ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016–17 മുതൽ 2024–25 വരെ പൊതുവിദ്യാലയങ്ങളിൽ മൊത്തം 9,05,144 വിദ്യാർഥികളുടെ വർധനവാണുണ്ടായത്. 2013–14 കാലത്ത് 0.27 ശതമാനമായിരുന്ന കൊഴിഞ്ഞുപോക്ക് നിരക്ക്, എൽഡിഎഫ് കാലത്ത്, 2019–20 ൽ തന്നെ 0.11 ശതമാനമായി. 2022–23 ലും 2023–24ലും ഇത് 0.08 ശതമാനമായി ഗണ്യമായി കുറഞ്ഞു എന്നുള്ളത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പശ‍്ചാത്തലസൗകര്യ വികസനവും ഗുണമേന്മാ വർധനയുമാണ് എൽഡിഎഫ് നടത്തുന്നത്. നമ്മുടെ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഇടതുപക്ഷ സർക്കാർ മാറ്റി. കിഫ്ബിയുടെ സഹായത്തോടെ 1427 കോടി രൂപയുടെ നിക്ഷേപമാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി നാം നടത്തിയിട്ടുള്ളത്. 972 സ്കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി മൊത്തം 3,220 കോടിരൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 2,227 കോടിരൂപയും.
| യുഡിഎഫ് സർക്കാർ
എന്തുചെയ്തു? പൊതുവിദ്യാഭ്യാസരംഗത്ത് വിനാശകരമായ നടപടികൾമാത്രം കെെക്കൊണ്ട ഒരു സർക്കാരായിരുന്നു 2011–16 കാലത്തെ ഉമ്മൻചാണ്ടി സർക്കാർ. ആ വലതുപക്ഷ ഭരണകാലത്ത് ഏറ്റവും കൂടുതൽ തകർക്കപ്പെട്ട ഒരു മേഖലയേതെന്നു ചോദിച്ചാൽ അനേകം പേരുകളോടൊപ്പം പൊതുവിദ്യാഭ്യാസത്തെയും നിസ്സംശയം ആ പട്ടികയിൽ ഉൾപ്പെടുത്താനാകുമായിരുന്നു. അത്രയ്ക്ക് ഇരുണ്ട കാലമായിരുന്നു പൊതുവിദ്യാഭ്യാസരംഗത്ത് യുഡിഎഫ് ദുർഭരണം വിതച്ചത്. അൺഎയ്ഡ്-ഡ് സ്കൂളുകൾ ഒരു മാനദണ്ഡവുമില്ലാതെ വീണ്ടും വീണ്ടും അനുവദിച്ചതും സ്വാശ്രയ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റുകളെ പൂർണമായും കയറൂരിവിട്ടതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മൂല്യനിർണയ രൂപങ്ങളിൽ മാറ്റം വരുത്തി. മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടാൻ ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിട്ടു. മറ്റ് ഒട്ടേറെ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടലിന്റെ വക്കത്തെത്തി. ശക്തമായ ജനകീയ സമരങ്ങളാണ് അവയെ സംരക്ഷിച്ചുനിർത്തിയത്. നടക്കാവ് യുപി സ്കൂൾ ഒരുദാഹരണം മാത്രം! |
| കോഴ വാങ്ങുന്നു; അംഗീകാരം നൽകുന്നു കോൺഗ്രസുകാർ കൊട്ടിപ്പാടുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസവും അഴിമതി കൊടികുത്തിവാണ മേഖലതന്നെയായിരുന്നു. മാനേജ്മെന്റുകളിൽനിന്ന് കോടികൾ കോഴ വാങ്ങി 308 അൺ എയ‍്ഡഡ് സ്കൂളുകൾക്കാണ് ഉമ്മൻചാണ്ടി സർക്കാർ അംഗീകാരം നൽകിയത്. 2013ൽ മാനദണ്ഡങ്ങൾവെച്ച് അൺഎയ‍്ഡഡ് സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ച യുഡിഎഫ് സർക്കാർ അംഗീകാരം നൽകുന്നതിനായി വാങ്ങിയ കോഴ 50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ ! യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ വർഷംതന്നെ 530 സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കാണ് അംഗീകാരം നൽകിയത്. പാഠപുസ്തകങ്ങളില്ല, ഉച്ചക്കഞ്ഞിപോലും വൃത്തിയായി നൽകുന്നില്ല, പൊളിഞ്ഞുതകരാറിലായ കെട്ടിടങ്ങൾ, യൂണിഫോമുകൾ സമയത്തു നൽകുന്നില്ല…. ഇങ്ങനെ സർക്കാർ–എയ്ഡഡ് വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോഴാണ് സ്വകാര്യ കച്ചവട സ്ഥാപനങ്ങളെ സർക്കാർ വഴിവിട്ട് സഹായിച്ചത്. നമ്മുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പോലും കോഴ വാങ്ങി വിറ്റ ആ യുഡിഎഫ് കാലത്തെ, ഓർക്കാൻപോലും വയ്യ. അവിടെനിന്നാണ് കഴിഞ്ഞ 10 വർഷംകൊണ്ട് എൽഡിഎഫ് സർക്കാർ കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ലോകോത്തരമാക്കിയത്. |
| എലിപ്പത്തായത്തിൽനിന്ന് ‘ബിർണാണി’യിലേക്കുള്ള ദൂരം ചെറുതല്ല 2012ലാണ് സംഭവം. ഉച്ചഭക്ഷണം തയ്യാറാക്കാനായി അരിച്ചാക്ക് പൊട്ടിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാർ കണ്ടത് ചത്ത എലിയെ. ചത്ത് ദിവസങ്ങൾ കഴിഞ്ഞതിനാൽ ചീഞ്ഞ അവസ്ഥയിലായിരുന്നു എലി. എലി മാത്രമല്ല, ചെള്ളും പുഴുവും സിഗരറ്റ് കുറ്റികളും മറ്റനേകം മാലിന്യങ്ങളുംകൊണ്ട് അരിച്ചാക്കുകൾ ‘സമ്പുഷ്ട’മായിരുന്നു! അബ്ദുറബ്ബിന്റെയും ഉമ്മൻചാണ്ടിയുടെയും യുഡിഎഫ് ഭരണത്തിന്റെ അടയാളപ്പെടുത്തലുകൾ ഇനിയുമേറെ…ഈയൊരു കാലത്തുനിന്നാണ് 10 വർഷത്തിനിപ്പുറം നാമിന്ന് ബിർണാണിയിലെത്തിനിൽക്കുന്നത്. ചിക്കനും മീനും മുട്ടയും പച്ചക്കറികളും….അങ്ങനെ പോഷക സമൃദ്ധമായ ആഹാരമാണ് ഇന്ന് എൽഡിഎഫ് സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്ക് നൽകുന്നത്. ശാസ്ത്രീയമായി പരിഷ്-കരിച്ച ഉച്ചഭക്ഷണ മെനുവാണ് ഇപ്പോഴുള്ളത്. ബിരിയാണിയും ഫ്രൈഡ് റൈസും മുട്ട ബിരിയാണിയും ലെമൺ റൈസും പായസവും പാലും… അങ്ങനെ നീണ്ടുപോകുന്നു വിഭവങ്ങൾ… ഏറെ ആവേശത്തോടെ അതിലേറെ കർമനിരതയോടെ അധ്യാപകരും ജീവനക്കാരും ചേർന്ന് നമ്മുടെ മക്കൾക്കു വിളമ്പുന്നു. അതിന് നെടുംതൂണായി കേരളത്തിലെ ജനപക്ഷ സർക്കാർ നിലകൊള്ളുന്നു. |
| ഇത് വിദ്യാർഥികളുടെയും സർക്കാർ പഴകി ദ്രവിച്ച കെട്ടിടങ്ങൾ…സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്ത പൊതുവിദ്യാഭ്യാസ വകുപ്പ്. ഗതികെട്ട് കുട്ടികൾക്ക് ടെക്-സ്റ്റ്ബുക്കുകൾ ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ടി വന്ന അവസ്ഥ. ഓണപ്പരീക്ഷയ്ക്കു പഠിക്കേണ്ട പാഠപുസ്തകങ്ങൾ ക്രിസ്-മസടുത്തിട്ടും കൊടുക്കാത്തതെന്തേ എന്ന പത്രക്കാരുടെ ചോദ്യത്തിന് ‘‘പാഠപുസ്തകം വെെകിയതല്ല, ഓണം നേരത്തെയായതാണ്’’ എന്ന് അനായാസം പറഞ്ഞൊഴിഞ്ഞ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ, യുഡിഎഫിന്റെ കാലം… ഇന്നോ ? അക്കാലമെല്ലാം പഴങ്കഥയായിരിക്കുന്നു. പാഠപുസ്തകങ്ങളും യൂണിഫോമുകളും സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ വിതരണം ചെയ്യുന്ന ജനപക്ഷ ഭരണമാണിന്ന് നമുക്കുള്ളത്. പരീക്ഷകൾ കൃത്യസമയത്ത് പ്രഖ്യാപിച്ച് കൃത്യസമയത്ത് നടത്തി കൃത്യസമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന വിദ്യാർഥിപക്ഷ ഇടത് സർക്കാരിന്റെ കാലമാണിത്. പഠനം മാത്രമല്ല, കലോത്സവങ്ങളും യുവജനോത്സവങ്ങളും സ്കൂൾ ഒളിമ്പിക്സുകളും കൃത്യമായും സുതാര്യമായും നടപ്പാക്കുന്നതുവഴി വരുംതലമുറയുടെ സർഗാത്മകവും കായികവുമായ ശേഷിയെ പ്രോത്സാഹിപ്പിക്കാനും ഈ സർക്കാർ അവിരാമം പ്രയത്നിക്കുന്നു. |

| വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യവികസനം ♦ സ്വാശ്രയ–എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരമാവധി സഹായിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസത്തെ നാമാവശേഷമാക്കിയ യുഡിഎഫ് കാലം ആരും മറന്നില്ല. ശുചിത്വമില്ലാത്ത ശൗചാലയവും പാചകപ്പുരയും; ചെള്ളുകലർന്ന, എലി നിറഞ്ഞ അരിചാക്കുകൾ; വാട്ടർ ടാങ്കിൽ മരം കിളിർത്തിട്ടും ആരും കണ്ടില്ല; ആവശ്യത്തിന് അധ്യാപകരില്ല, പാഠപുസ്തകങ്ങളില്ല, ശൗചാലയങ്ങളില്ല…. അതെല്ലാമൊരു യുഡിഎഫ് കാലം! ഇന്നോ….തികച്ചും വ്യത്യസ്തമായ പത്ത് വർഷങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിലെ ഓരോ രംഗത്തും ഇടതുപക്ഷ സർക്കാർ കാഴ്ചവച്ചത് സമഗ്രമായ ജനപക്ഷ വികസന മാതൃക തന്നെയായിരുന്നു. അതിന്റെ ഉദാത്തമായ തെളിവാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാനസൗകര്യങ്ങളിലുണ്ടായ വികസനം. ♦ കിഫ്ബി: കിഫ്ബി ധനസഹായത്തോടെ ഈ സർക്കാർ പൂർത്തിയാക്കിയത് 588 സ്കൂളുകളുടെ നിർമാണമാണ്. 400 ലധികം വിദ്യാലയങ്ങളുടെ പണി പുരോഗമിക്കുന്നു. ♦ സ്മാർട്ട് ക്ലാസ് റൂമുകൾ: കിഫ് ബി സഹായത്തോടെ സർക്കാർ –എയ്ഡഡ് മേഖലകളിലെ 45000 ക്ലാസ് മുറികൾ ഇന്ന് ഹെെടെക് ആണ്. ഓരോ ഹെെടെക് ക്ലാസ് മുറിയിലും ലാപ്ടോപ്, പ്രൊജക്ടർ, സ്പീക്കർ, നെറ്റ്-വർക്കിങ് എന്നിവ ലഭ്യമാക്കി. 4,50,000 ത്തിലധികം ഐസിടി ഉപകരണങ്ങൾ സർക്കാർ സ്കൂളുകളിൽ ലഭ്യമാക്കി. സ്കൂൾ വിദ്യാഭ്യാസരംഗത്തെ അക്കാദമിക് മികവ്, പഠന അന്തരീക്ഷം, ലബോറട്ടറികൾ, ലെെബ്രറികൾ, പാഠേ-്യതര പ്രവർത്തനങ്ങൾ എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സമഗ്രമായി ഉയർത്തുക എന്ന വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇൗ വികസനങ്ങൾ യാഥാർത്ഥ്യമാക്കിയത്. ♦ വർണ്ണക്കൂടാരം: 1516 പ്രീ–പ്രൈമറി സ്-കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി; പിഞ്ചുകുഞ്ഞുങ്ങൾക്ക് ലോകോത്തര പഠനസൗകര്യം ഒരുക്കി. ♦ റോബോട്ടിക് ലാബുകൾ: 2000ത്തോളം ഹെെസ്കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ സജ്ജമാക്കി; നമ്മുടെ കുട്ടികളെ ഭാവി സാങ്കേതികവിദ്യയിലേക്ക് കെെപിടിച്ചുയർത്തി. |
| ഇനിയുമുണ്ട് ഏറെ നേട്ടങ്ങൾ ♦ ഇന്ത്യയിലാദ്യമായി നിർമിത ബുദ്ധി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. ♦ 2023ൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ വിദ്യാഭ്യാസത്തിൽ കാവിവത്കരണ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുന്ന സമയത്ത്, കേരളത്തിൽ എൽഡിഎഫ് സർക്കാർ പുരോഗമനപരവും ശാസ്ത്രീയവുമായ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയാക്കി; പുതിയ പാഠപസുസ്തകങ്ങൾ തയ്യാറാക്കി. 16 വർഷങ്ങൾക്കുശേഷമാണ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണവും ആരംഭിച്ചു. ♦ അക്കാദമിക് നിലവാരം ഉറപ്പാക്കാൻ 1 മുതൽ 10 വരെ ക്ലാസുകളിൽ സബ്ജക്ട് മിനിമം നടപ്പിലാക്കി. ♦ 2021 നുശേഷം മാത്രം സർക്കാർ–എയ്ഡഡ് മേഖലകളിലായി 30564 അധ്യാപക നിയമനങ്ങൾ നടത്തി. ♦ സൗജന്യ എൻട്രൻസ് പരിശീലനം: പണമില്ലാത്തതിന്റെ പേരിൽ ആർക്കും ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള സ്വപ്നം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വാശിയോടെ എൽഡിഎഫ് സർക്കാർ വിക്ടേഴ്സ് ചാനൽ വഴി സൗജന്യ പരിശീലനം നൽകുന്നു. ♦ ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ കായികമേളയുടെ പ്രധാന വേദിയിലെത്തിച്ചതും ഇൗ ഇടതുപക്ഷ സർക്കാരാണ്. ♦ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയ ദേശീയ പഠന നേട്ട സർവേയിൽ കേരളം ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി കണ്ടെത്തി. സമഗ്രവും കാലോചിതവുമായ പരിപാടികളുമായി പൊതുവിദ്യാഭ്യാസ മേഖല മുന്നോട്ടുകുതിക്കുകയാണ്. നമ്മുടെ റോഡുകൾ പോലെ തന്നെ ഈ നാടിന്റെ മുഖച്ഛായ മാറ്റിയതിൽ വലിയ പങ്കുണ്ട്, പൊതുവിദ്യാഭ്യാസ രംഗത്തെ ഈ മുന്നേറ്റത്തിന്. |
കുട്ടികളുടെ പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പൻ
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിമാരിൽ ഏറ്റവും ‘ജനകീയനായ വിദ്യാഭ്യാസമന്ത്രി’യാര് എന്ന ചോദ്യത്തിന് വി ശിവൻകുട്ടിയെന്ന് നിസ്സംശയം മറുപടി പറയാനാകും. ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെട്ട എത്രയെത്ര ഇടപെടലുകൾ…ഒരു മന്ത്രിയുടെ പ്രവർത്തനപരതയും കർമനിരതയും ചടുലമായ തീരുമാനങ്ങളുമെല്ലാം അദ്ദേഹത്തെ കുട്ടികളുടെ പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പനാക്കി… അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനങ്ങളുടെയും പ്രിയപ്പെട്ട സഖാവാക്കി… വിദ്യാർഥിയായിരിക്കുമ്പോഴും പിൽക്കാലത്തും മികച്ച സംഘാടകനായി എക്കാലവും ജനങ്ങളോടൊപ്പം സജീവമായി നിലക്കൊണ്ട നേതാവിന്റെ പരിചയസമ്പത്താണ് ശിവൻകുട്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ കരുത്ത്; ആ കരുത്താണ് കാലം ആവശ്യപ്പെടുന്ന നിർണായകമായ ഒട്ടേറെ ഇടപെടലുകൾ സധെെര്യം നടത്താൻ അദ്ദേഹത്തിന് സഹായകമായത്.
കാശില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിയും സ്കൂളിൽനിന്നുപോകുന്ന വിനോദയാത്രകളിൽനിന്ന് തഴയപ്പെടരുത് എന്ന് കർശനനിർദേശം നൽകിയ മന്ത്രി…കുട്ടികളുടെ ബാഗിലെ ഭാരം കുറയ്ക്കണമെന്നും ഇനിമേൽ ക്ലാസുകളിൽ ‘ബാക് ബെഞ്ചേഴ്സ്’ ഉണ്ടാവരുതെന്നും കട്ടായം പറഞ്ഞ മന്ത്രി; അതിനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോർട്ടിലെ നിർദേശം ജനാഭിപ്രായം കൂടി പരിഗണിച്ച് നടപ്പിലാക്കുമ്പോൾ അത് പൊതുവിദ്യാഭ്യാസരംഗത്തെ ശിശുസൗഹൃദപരവും ജനാധിപത്യപരവുമായ ഒരു മുന്നേറ്റമായി മാറുമെന്നത് തീർച്ചയാണ്. അംഗൻവാടിയിൽ ഒരു ദിവസം ‘ബിർണാണി’ തന്നുകൂടെ എന്ന നാലുവയസ്സുകാരന്റെ ചോദ്യത്തിന്റെ ചുവടുപിടിച്ചുപോയി വിദഗ്ധാഭിപ്രായങ്ങളും സാധ്യതകളും പരിഗണിച്ച് പൊതുവിദ്യാലയങ്ങളിലെ ഭക്ഷ്യമെനുതന്നെ പരിഷ്കരിച്ച് സമ്പുഷ്ടമാക്കിയ, കുട്ടികളുടെ പ്രിയപ്പെട്ട മന്ത്രി അപ്പൂപ്പൻ. ദുരന്തം വിഴുങ്ങിയ മുണ്ടക്കെെയിലെ സ്കൂളിലെ പുനർപ്രവേശനോത്സവത്തിനെത്തിയ മന്ത്രിയപ്പൂപ്പനോട്, ‘‘സ്ഥലംമാറ്റം കിട്ടിപ്പോയ തങ്ങളുടെ പ്രിയപ്പെട്ട ശാലിനി ടീച്ചറെ തിരികെയെത്തിച്ചു തരുമോ’’ എന്ന കുട്ടികളുടെ ചോദ്യം പരിഗണിച്ച് ഉടൻ വേണ്ട ഇടപെടൽ നടത്തി അവരുടെ ശാലിനി ടീച്ചറെ തിരികെയെത്തിച്ചുകൊടുത്ത മന്ത്രിയപ്പൂപ്പൻ. ദുരന്തംവിതച്ച വേർപാടുകളുടെ നോവുപേറുന്ന ആ കുഞ്ഞുമക്കൾക്ക് അവരുടെ ശാലിനി ടീച്ചർ ആശ്വാസമാകുന്നത് നാമെല്ലാവരും ചാനലുകളിൽ കണ്ടതാണ്. കലോത്സവ വേദികളിൽ നിറസാന്നിധ്യമായി നിൽക്കുന്ന, കുഞ്ഞുമക്കളോടൊപ്പം ചേർന്നുനിന്ന് അവർക്ക് ആഹാരം വിളമ്പിനിൽകുന്ന, അരികുകളിലേക്ക് തഴഞ്ഞിടപ്പെട്ട ആദിവാസികലാരൂപങ്ങളെ മത്സരയിനമാക്കി ഉത്തരവിറക്കിയ മന്ത്രി….ഏറ്റവുമൊടുവിൽ, കഴിഞ്ഞ മാസം നടന്ന കലോത്സവത്തിൽ രോഗബാധിതയായ സിയ ഫാത്തിമയെന്ന, കാസർഗോഡ് പടന്ന എംആർവിഎച്ച്എസിലെ വിദ്യാർഥിനി ക്വാറന്റീനിലായതിനാൽ കലോത്സവത്തിൽ തനിക്ക് മത്സരിക്കാൻ കഴിയാത്തതിലെ നിരാശ വിദ്യാഭ്യാസമന്ത്രിയെ സന്ദേശം വഴി അറിയിച്ചപ്പോൾ അടിയന്തിരമായി ഇടപെടുകയും ചരിത്രത്തിലാദ്യമായി ഓൺലെെനായി മത്സരിക്കുന്നതിന് നിലവിലെ ചട്ടം തിരുത്തി ഉത്തരവിറക്കുകയും ചെയ്ത മന്ത്രി. അറബിക് ചിത്രരചനയിൽ ക്വാറന്റീനിൽ വീട്ടിലിരുന്ന് മത്സരിച്ച് സിയ എ ഗ്രേഡ് കരസ്ഥമാക്കിയപ്പോൾ നോവുപേറുന്നവരുടെ നോവറിഞ്ഞ മന്ത്രിയപ്പൂപ്പനും ഇടതുപക്ഷ ഗവൺമെന്റിനും ഒരൊറ്റ മനസ്സോടെ മെെതാനത്തണിനിരന്ന് ‘നന്ദി’ പറഞ്ഞ പടന്നയിലെ പ്രിയപ്പെട്ട വിദ്യാർഥികളോട് സ്നേഹമസൃണമായി ‘‘മക്കളേ, ഇത് ഞങ്ങളുടെ കടമയാണ്’’ എന്ന് പറഞ്ഞ മന്ത്രി.
എൽഡിഎഫ് ഗവൺമെന്റ് മുന്നോട്ടുവച്ച ആസൂത്രിതവും സമഗ്രവുമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് നേതൃത്വംകൊടുത്ത് അതിനെ വിജയകരമായി നടപ്പാക്കുന്നതിനിടയിലും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നടത്തിയ ഇത്തരം ജനകീയ ഇടപെടലുകൾ അദ്ദേഹത്തെ വിദ്യാർഥികളുടെ പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പനാക്കിയിരിക്കുന്നു. പരിഹസിക്കുന്നവരോടും പള്ളുപറയുന്നവരോടും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശിവൻകുട്ടി മന്ത്രി പറയുന്നൊരു വാചകമുണ്ട്, ‘‘ഞാനൊരു പണ്ഡിതനൊന്നുമല്ല, പക്ഷേ പച്ചയായ യഥാർഥ്യങ്ങളെ തിരിച്ചറിയാൻ എനിക്ക് കഴിയും.’’ തീർച്ചയായും അദ്ദേഹത്തിനത് കഴിയുന്നുമുണ്ട്. കാരണം അദ്ദേഹം ജനങ്ങളിൽനിന്നുയർന്നുവന്ന ജനകീയനായ മന്ത്രിയാണ്.
സർവകലാശാലകൾ ‘‘സ്വന്ത’’ക്കാർക്ക്
വീതിച്ചു നൽകിയ യുഡിഎഫ് സർക്കാർ
പിന്നിട്ട പത്തുവർഷത്തിനിടയിൽ യോഗ്യതയുടെയും അർഹതയുടെയും അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർക്കാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ നിയമനം നൽകിയത്. എന്നാൽ ഇതിനെ കുറച്ചുകാണിക്കാനും നുണക്കഥകൾ പടച്ചുവിട്ടുകൊണ്ട് അപഹസിക്കാനും പ്രതിപക്ഷവും വലതുപക്ഷ ശക്തികളും കിണഞ്ഞു ശ്രമിക്കുകയാണ്. ഇക്കൂട്ടരോട് ഒറ്റചോദ്യമേ ചോദിക്കാനുള്ളൂ, ‘‘ഒാർമയുണ്ടോ ആ പഴയകാലം? അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും കോഴ നിയമനങ്ങളുടെയും ആ യുഡിഎഫ് കാലം?’’
യാതൊരു അടിസ്ഥാനവുമില്ലാതെ നാഴികയ്ക്കു നാൽപ്പതുവട്ടം എൽഡിഎഫ് സർക്കാരിനെ പള്ളുപറഞ്ഞു നടക്കുന്ന ഈ വിരുതന്മാരുടെ കാലത്ത് ബന്ധുക്കളിൽ നിന്നുവരെ കോഴ വാങ്ങി നിയമനം നടത്തിയിരുന്നു. വലതുപക്ഷ മാധ്യമങ്ങൾക്കുപോലും അന്നത് വാർത്തയാക്കേണ്ടി വന്നിരുന്നു. പ്രതിഷേധങ്ങൾ വ്യാപകമായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ മറുപടി മനസ്സാക്ഷിക്കു തോന്നിയത് തങ്ങൾ ചെയ്യുമെന്നായിരുന്നു. അന്നത്തെ മുസ്ലീം ലീഗുകാരനായ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ ഇഷ്ടക്കാർക്ക് സർവകലാശാലയിലെ ഉന്നതപദവികൾപോലും വീതിച്ചുനൽകിയ കാലം! സ്വജനപക്ഷപാതിത്വവും കോഴ നിയമനങ്ങളും സകലവിധ അതിർവരമ്പുകളും ഭേദിച്ച് അരങ്ങുവാണ കാലം!
2013ൽ യുഡിഎഫ് സർക്കാർ കണ്ണൂർ വെെസ് ചാൻസലറായി നിയമിച്ചത് കാസർകോട് ഡിസിസി പ്രസിഡന്റ് ഖാദർ മങ്ങാടിനെയായിരുന്നു. ഇദ്ദേഹത്തിന് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല; ഡെപ്യൂട്ടേഷൻ മുൻപരിചയമാക്കി മാറ്റിയിട്ടും യോഗ്യത തികഞ്ഞിരുന്നില്ല. ഇതോടെ കണ്ണൂർ സർവകലാശാല വിവാദങ്ങളുടെ കേന്ദ്രമായി മാറി. വ്യാജ രേഖ ഉപയോഗിച്ചാണ് ഖാദർ മങ്ങാട് പിഎച്ച്ഡി സംഘടിപ്പിച്ചതെന്നായിരുന്നു പ്രധാന ആക്ഷേപം. എയ്ഡഡ് സ്ഥാപനമായ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ എന്നതു മാത്രമായിരുന്നു യോഗ്യത. കോളേജിൽ ഇംഗ്ലീഷ് വിഭാഗം സീനിയർ ലക്ചററായിരുന്ന ഖാദർ മങ്ങാട് 2002ലാണ് പാർട് ടെെം പിഎച്ച്ഡിക്കു രജിസ്റ്റർ ചെയ്തത്. പിഎച്ച്ഡിക്ക് സർവകലാശാല റഗുലേഷൻ പ്രകാരമുള്ള ഗെെഡിനൊപ്പം ഗവേഷണ കേന്ദ്രത്തിൽ ആറുമാസത്തെ പ്രവർത്തനവും ഹാജരും, നാലുവർഷത്തെ പഠന ഗവേഷണം എന്നീ നടപടിക്രമങ്ങളിലെല്ലാം വെള്ളം ചേർത്തും ലംഘിച്ചുമായിരുന്നു മങ്ങാട് പിഎച്ച്ഡി ഒപ്പിച്ചെടുത്തത്.
സ്കൂൾ അധ്യാപകനെ കാലിക്കറ്റ് സർവകലാശാലാ വെെസ് ചാൻസലറാക്കാൻ ശ്രമിച്ച് നാണംകെട്ട സംഭവവും യുഡിഎഫ് ഭരണകാലത്തുണ്ടായി. മുസ്ലീം ലീഗിന്റെ സജീവപ്രവർത്തകനും നേതാവും യുഡിഎഫിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വി പി അബ്ദുൾ ഹമീദിനെയാണ് വെെസ് ചാൻസലറാക്കാൻ അന്നത്തെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. സർവ അടവുകളും പയറ്റിയെങ്കിലും വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ആ ശ്രമം ഉപേക്ഷിക്കേണ്ടി. പകരമായി വന്ന ഡോ. എം അബ്ദുൾ സലാം പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങിയാണ് വെെസ് ചാൻസലർ പദവി ഏറ്റെടുത്തത്! കാലാവധി കഴിഞ്ഞ് സലാം ബിജെപിയിൽ ചേർന്ന് ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ വെെസ് പ്രസിഡന്റാവുകയും ചെയ്തു! ഹമീദിനെ വെെസ് ചാൻസലാറാക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരീപുത്രൻ കെ മുഹമ്മദ് ബഷീറിനെ യുഡിഎഫ് സർക്കാർ വെെസ് ചാൻസലറാക്കിയിരുന്നു. അക്കാലത്ത് അബ്ദുൾ ഹമീദ് സിൻഡിക്കേറ്റ് മെമ്പറായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.
മുസ്ലീം ലീഗ് കെെകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് അക്കാലത്ത് അഴിമതിയുടെയും വീതംവെപ്പിന്റെയും കേന്ദ്രമായിരുന്നു. അയോഗ്യനെന്ന് അറിഞ്ഞുകൊണ്ട് ലീഗ് നേതാവിന്റെ ബന്ധുവിനെ ഐഎച്ച്ആർഡി ഡയറക്ടറായി നിയമിച്ചു. യുപി സ്കൂൾ അധ്യാപകനെ ഭാരത് സ്കൗട്സ് ആൻഡ് ഗെെഡ്സിന്റെ സംസ്ഥാന സെക്രട്ടറിവരെയാക്കി. വേണ്ടത്ര യോഗ്യതയില്ലാതെ ഉമ്മൻചാണ്ടിയുടെ അടുത്ത ബന്ധുവായ കുഞ്ഞ് ഇല്ലംപള്ളിയെ സഹകരണ പരീക്ഷാബോർഡ് ചെയർമാനാക്കി. അന്ന് ഭക്ഷ്യസിവിൽ സപ്ലെെസ് മന്ത്രിയായിരുന്ന അനൂപ് ജേക്കബിന്റെ ഭാര്യ മേരി ഗീവർഗീസിനെ യോഗ്യതയില്ലാതെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാക്കി.
ഇത്തരത്തിൽ നമ്മുടെ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തകർച്ചയ്ക്കു വഴിവയ്ക്കുന്ന രീതിയിൽ സ്വന്തം ഭരണകാലത്ത് എല്ലാ വിധ കൊള്ളരുതായ്മകളും നിയമലംഘനങ്ങളും നടത്തിയ പ്രതിപക്ഷമാണ് ഇപ്പോൾ ഈ സ്ഥാപനങ്ങളെയാകെ അക്കാദമിക് ഗുണമേന്മയുടെ നെറുകയിലേക്കെത്തിച്ച ഇടതുപക്ഷ സർക്കാരിനെ പള്ളുപറയുന്നത്. ഈ പത്തുവർഷത്തിനിടയ്ക്ക് ഒരു വിസി നിയമനംപോലും അയോഗ്യമെന്ന് പൊതുസമൂഹത്തിനോ യോഗ്യതാ മാനദണ്ഡങ്ങൾ കണക്കാക്കുന്ന സമിതികൾക്കോ തോന്നിയിട്ടില്ല. മികവാർന്ന സംഭാവനകൾ സമൂഹത്തിന് നൽകിയ അക്കാദമിക് പ്രഗത്ഭർ തന്നെയായിരുന്നു എൽഡിഎഫ് ഭരണകാലത്ത് ഈ സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടവരെല്ലാവരും. എങ്കിലും, കോൺഗ്രസ്സും മുസ്ലീം ലീഗും പള്ളുപറഞ്ഞുകൊണ്ടേയിരിക്കും! മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായിരിക്കുമല്ലോ! l
തയ്യാറാക്കിയത്: ആര്യ ജിനദേവൻ



