Monday, February 2, 2026

ad

Homeകവര്‍സ്റ്റോറിധനകാര്യം രണ്ടു സമീപനങ്ങൾ

ധനകാര്യം രണ്ടു സമീപനങ്ങൾ

നകാര്യ മാനേജ്മെന്റ് കാര്യക്ഷമമാകേണ്ടത് ഏതു ഗവൺമെന്റിന്റെയും സുഗമമായ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. നികുതി പിരിവ് ശാസ്ത്രീയ സമീപനങ്ങളിലൂടെ കാര്യക്ഷമമാക്കുകയും അഴിമതിക്കുള്ള പഴുതുകൾ അടയ്ക്കുകയും ചെയ്യുക എന്നതാണ് എൽഡിഎഫിന്റെ സമീപനം. എന്നാൽ നികുതി പിരിവിന് അനാവശ്യമായ സ്റ്റേ നൽകുകയും കുടിശ്ശികക്കാരെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്ക് സാധ്യതകൾ തേടുകയും ചെയ്യുക എന്നതാണ് യുഡിഎഫിന്റെ സമീപനം.

2006–2011 കാലത്തെ എൽഡിഎഫ് സർക്കാരിന്റെയും 2011–16 കാലത്തെ യുഡിഎഫ് സർക്കാരിന്റെ 2016നു ശേഷമുള്ള എൽഡിഎഫ് സർക്കാരുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ ഇക്കാര്യം ആർക്കും ബോധ്യമാകും. 2006–11 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിവർഷം ശരാശരി 7.6 ശതമാനമായിരുന്നു സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ചാനിരക്ക്. എന്നാൽ 2011–16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശരാശരി വളർച്ചാനിരക്ക് 6.1 ശതമാനമായി കുറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷ കാലയളവിൽ 1.91 ലക്ഷം കോടി രൂപയുടെ നികുതി സമാഹരണമാണ് ലക്ഷ്യമിട്ടത്. നികുതിപിരിവിൽ സർക്കാർ കാണിച്ച ഉദാസീനതയും നികുതി നടപടികൾക്ക് നൽകിയ അനാവശ്യമായ സ്റ്റേകളുമാണ് നികുതി പിരിവ് കുറയാൻ ഇടയാക്കിയത്. പിരിച്ചത് 1.61 ലക്ഷം കോടി രൂപ മാത്രമാണ്. 2006–2011ലെ എൽഡിഎഫ് സർക്കാർ വിജയകരമായി നടപ്പാക്കിയ അഴിമതിരഹിത വാളയാർ മുതലായ പദ്ധതികളെല്ലാം യുഡിഎഫ് സർക്കാർ അട്ടിമറിച്ചു. 2016 മാർച്ച് 31ന് അവസാനിച്ച 2015–16 സാമ്പത്തികവർഷത്തിന്റെ ആദ്യത്തെ എട്ടുമാസം യുഡിഎഫ് സർക്കാർ വാങ്ങിക്കൂട്ടിയ കടം 8250 കോടി രൂപയുടേതാണ്.

2006–11ലെ എൽഡിഎഫ് ഭരണകാലത്ത് നികുതി വരുമാന വർധനവ് പ്രതിവർഷം 18 ശതമാനം വരെ. എന്നാൽ 2011 മുതലുള്ള യുഡിഎഫ് ഭരണകാലത്ത് പ്രതിവർഷം 7.9 ശതമാനം വരെ നികുതി വളർച്ചാനിരക്ക്. അഞ്ചുവർഷമാണ് യുഡിഎഫ് ഭരിച്ചതെങ്കിലും സംസ്ഥാനത്തിന് അത് വരുത്തിയ ആഘാതം അനേകം വർഷങ്ങളുടേതാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, ഭൂമി, വീട് തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിന്റെ സഞ്ചാരം പിന്നോട്ടായി. 2011ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പൊതുകടം 78,673.24 കോടി രൂപയായിരുന്നു. 2016 ആയപ്പോഴേക്കും അത് 1,59,350 കോടി രൂപയായി വർധിച്ചു. യുഡിഎഫ് കാലത്ത് പ്രതിവർഷം ശരാശരി 8412.48 കോടി രൂപയുടെ അധിക നികുതിയാണ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചത്.

2006–11ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിവർഷം ശരാശരി 7.6 ശതമാനം നിരക്കിലാണ് കേരളത്തിന്റെ സമ്പദ്ഘടന വളർന്നത്. എന്നാൽ 2011–16ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സമ്പദ്ഘടനയുടെ വളർച്ച 6.1 ശതമാനമായി കുറഞ്ഞു.

പ്രതിശീർഷ ജിഎസ്ഡിപി സ്ഥിരവിലയിൽ 2023ലെ 1,79,953 രൂപയിൽനിന്ന് 2024–25 ലെ ത്വരിത കണക്കുപ്രകാരം 1,90,149 രൂപയായി വർധിച്ചു. 5.67 ശതമാനത്തിന്റെ വളർച്ച. ഉയർന്ന ജിഎസ്ഡിപിയുള്ള ഇന്ത്യയിലെ ആദ്യ പത്തു സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി.

സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 2023–24ൽ 1,24,488 കോടി രൂപയായിരുന്നു. 2024–25 ൽ അത് 1,24,861.07 കോടി രൂപയായി വർധിച്ചു. എന്നാൽ യൂണിയൻ ഗവൺമെന്റിൽനിന്നുള്ള കെെമാറ്റം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024–25 ൽ 6.15 ശതമാനം കണ്ട് കുറഞ്ഞു.

2023–24നെ അപേക്ഷിച്ച് 2024–25ൽ സംസ്ഥാനത്തിന്റെ തനതുവരുമാനം 3.1 ശതമാനം കണ്ട് വർധിച്ചു. ഈ കാലയളവിൽ നികുതിയേതര വരുമാനം 0.9 ശതമാനം വർധിച്ചു.

18 മാസത്തിലേറെ കാലത്തെ കുടിശ്ശികയാണ് പാവപ്പെട്ട ജനവിഭാഗങ്ങൾക്കു നൽകുന്ന ക്ഷേമ പെൻഷനുകളിൽ യുഡിഎഫ് സർക്കാർ വരുത്തിയത്. പിഡബ്ല്യുഡി കരാറുകാരുടെ കുടിശ്ശിക ആയിരക്കണക്കിനു കോടി രൂപയുടേതായിരുന്നു. 2016 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിന്റെ ആദ്യ എട്ടുമാസംകൊണ്ട് വാങ്ങിക്കൂട്ടിയ കടം 8250 കോടി രൂപയുടേതാണ്. ബാധ്യതകളെല്ലാം അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവച്ചിട്ട് കെെകഴുകുകയായിരുന്നു യുഡിഎഫ് സർക്കാർ.

സ്വന്തം പിടിപ്പുകേടു മറച്ചുവയ്ക്കാൻ വലിയ തോതിൽ നുണപ്രചാരണം നടത്തുകയായിരുന്നു മന്ത്രിമാർ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 80 ശതമാനത്തിലധികവും ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിനുവേണ്ടി ചെലവഴിക്കേണ്ടി വരുന്നുവെന്നായിരുന്നു അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ യുഡിഎഫ് സർക്കാർ തന്നെ ബജറ്റിന്റെ ഭാഗമായി നിയമസഭയിൽ അവതരിപ്പിച്ച രേഖകൾ ഈ വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു. ശമ്പളയിനത്തിൽ വേണ്ടി വരുന്നത് റവന്യൂ വരുമാനത്തിന്റെ 32 ശതമാനവും പെൻഷൻ ആനുകൂല്യങ്ങൾക്ക് 15 ശതമാനവുമാണെന്നാണ് ആ രേഖകൾ വ്യക്തമാക്കിയത്.

ഇങ്ങനെ സാമ്പത്തിക മാനേജ്മെന്റ് അങ്ങേയറ്റം കെടുകാര്യസ്ഥതയിലായിരുന്നു യുഡിഎഫിന്റെ കാലത്ത്. എന്നാൽ എൽഡിഎഫ് സർക്കാരുകളുടെ ഭാവനാപൂർണമായ നടപടികളിലൂടെ യുഡിഎഫ് കാലത്തെ കുടിശ്ശികകൾ സമയബന്ധിതമായി കൊടുത്തുതീർത്തു. സമ്പദ്ഘടനയെ വീണ്ടെടുത്തു.

ബജറ്റ് തുകയും ചെലവഴിക്കലും
2015-16 നെ അപേക്ഷിച്ച് 2023–24 ൽ ബജറ്റിന്റെ ആകെ വലുപ്പം 83 ശതമാനം വർധിച്ചു. ആകെ ബജറ്റ്ചെലവ് 2015-16 ലെ 87,032 കോടി രൂപയിൽ നിന്ന് 2023-24 ൽ 1,59,507 കോടി രൂപയായി വർധിച്ചു. അതുപോലെ, 2015-16 നെ അപേക്ഷിച്ച് 2023–-24 ൽ മൊത്തം റവന്യൂ ചെലവ് 83 ശതമാനം വർധിച്ചു, 2015-16 നെ അപേക്ഷിച്ച് 2023-24ൽ മൊത്തം മൂലധന ചെലവാകട്ടെ 102 ശതമാനവും വർധിച്ചു. മൊത്തം റവന്യൂ ചെലവ് 2015-16 ലെ 78,689 കോടി രൂപയിൽ നിന്ന് 2023-24 ൽ 1,42,626 കോടി രൂപയായി വർധിച്ചു. മൊത്തം മൂലധന ചെലവ് 2015-16 ലെ 8,342 കോടി രൂപയിൽ നിന്ന് 2023-24 ൽ 16,880 കോടി രൂപയായി വർധിച്ചു. 2024–25 ലെ പുതുക്കിയ ബജറ്റിനെ അപേക്ഷിച്ച് 2025–26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൊത്തം ബജറ്റ്തുക 11ശതമാനം വർധിച്ചു. അതുപോലെ റവന്യൂ ചെലവ് 7.8 ശതമാനവും മൂലധന ചെലവ് 7.2 ശതമാനവും വർധിച്ചു. 2016-17 മുതൽ 2023-24 വരെയുള്ള എൽഡിഎഫിന്റെ കാലയളവിൽ സംസ്ഥാനത്തിന്റെ ജിഎസ്ഡിപിയുടെ ശരാശരി 16.5 ശതമാനത്തോളം ചെലവഴിച്ചപ്പോൾ, 2011-12 മുതൽ 2015-16 വരെയുള്ള യുഡിഎഫിന്റെ കാലയളവിൽ ജിഎസ്ഡിപിയുടെ ശരാശരി ചെലവ് 14.5 ശതമാനമായിരുന്നു.

റവന്യു ബജറ്റ്
വരുമാനത്തിന്റെ കാര്യത്തിൽ, മൊത്ത വരുമാന ശേഖരണം 2015-–16 നെ അപേക്ഷിച്ച് 2023-–24 ൽ 80 ശതമാനം വർധിച്ചു. അത് 2015-–16 ലെ 69,033 കോടി രൂപയിൽനിന്ന് 2023-–24 ൽ 1,24,486 കോടി രൂപയായി വർധിച്ചു. 2024-–25 ബജറ്റ് വർഷത്തേക്കാൾ 2025-–26 ബജറ്റ് വർഷത്തിൽ മൊത്തം വരുമാനം 14.6 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024-–25 ബജറ്റ് വർഷത്തേക്കാൾ 2025-–26 ബജറ്റ് വർഷത്തിൽ സംസ്ഥാനത്തിന്റെ തനതു വരുമാനം 11.2 ശതമാനം വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2015–16 നെ അപേക്ഷിച്ച് 2023-24 ൽ സംസ്ഥാനത്തിന്റെ തനത് വരുമാനം 91 ശതമാനം വർധിച്ചു. ഇത് 2015-16 ലെ 47,421 കോടി രൂപയിൽ നിന്ന് 2023-24ൽ 90,675 കോടി രൂപയായി വർധിച്ചു. മൊത്തം റവന്യൂ വരുമാനത്തിൽ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ പങ്ക് വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2023-24 ൽ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരവിന്റെ 72 ശതമാനവും തനത് വരുമാനമാണ്, എന്നാൽ 2015-16 ൽ ഇത് 68 ശതമാനമായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ സമഗ്രമായ ഇടപെടലാണ് ഈ വളർച്ചയ്ക്ക് കാരണം.

വർഷങ്ങളായി കേന്ദ്രത്തിൽ നിന്നുള്ള വരുമാന വിഹിതം കുറഞ്ഞുവരികയാണ്. ഇത് 2022-23 മുതൽ തുടർച്ചയായി കുറഞ്ഞുവരികയാണ്. ഒരു വർഷത്തിനുള്ളിൽ, അതായത് 2022-23 നെ അപേക്ഷിച്ച് 2023-24 ൽ ഏകദേശം 26 ശതമാനമാണ് കുറവ് . 2024-25 ലെ പുതുക്കിയ ബജറ്റ് കണക്കിൽ 2023 നെ അപേക്ഷിച്ച് 1.2 ശതമാനമാണ് കുറവ്. 2015-16 ൽ കേന്ദ്രത്തിൽ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ ഏകദേശം 31 ശതമാനമായിരുന്നു, എന്നാൽ 2023-24 ൽ ഇത് ഏകദേശം 27 ശതമാനമായി കുറഞ്ഞു.

കമ്മി സൂചകങ്ങൾ
ധനകാര്യ സൂചകങ്ങൾ സ്ഥിരതയോടെ നിലനിർത്തുന്നതിന് സംസ്ഥാനം വിവേകപൂർണ്ണമായ നടപടികൾ സ്വീകരിച്ചുവരികയാണ്. നയപരവും പ്രകൃതിദുരന്തങ്ങൾ പോലുള്ളതുമായ നിരവധി തിരിച്ചടികൾക്കിടയിലും സംസ്ഥാനം അതിന്റെ ധനകാര്യ ആരോഗ്യസ്ഥിതി മങ്ങലേൽക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ വിജയിച്ചു. ജിഎസ്ടി നടപ്പാക്കൽ, ബജറ്റ് ഇതര വായ്പകൾക്കു പരിധി കൊണ്ടുവന്നത്, മഹാപ്രളയം, ഓഖി, കോവിഡ് എന്നിവ സംസ്ഥാന ധനകാര്യത്തെ വളരെ പ്രതികൂലമായി ബാധിച്ചു. എങ്കിലും സർക്കാരിന്റെ നയപരമായ നടപടികളുടെ ഫലമായി ധനക്കമ്മി സ്ഥിരതയോടെ നിലനിർത്താൻ സാധിച്ചു.

2016-17 മുതൽ ധനക്കമ്മി കുറഞ്ഞുവരുന്നു. എന്നാൽ, 2020-21 ലും 2021-22 ലും ധനക്കമ്മി 4 ശതമാനത്തിലെത്തി. ഇതിന്റെ പ്രധാന കാരണം കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളായിരുന്നു. 2024-25 ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി 3.5 ശതമാനമായിരുന്നത് 2025-26 ൽ 3.2 ശതമാനമായി കുറയ്ക്കാൻ സർക്കാരിനു കഴിഞ്ഞു.

പൊതുകടം
2022-23 ലും 2023-24 ലും പൊതുകടം-ജിഎസ്ഡി പി അനുപാതം യഥാക്രമം 24.7 ശതമാനവും 24.6 ശത മാനവുമായിരുന്നു. സമീപ വർഷങ്ങളിൽ സംസ്ഥാനത്തിന് പൊതുകടം-ജിഎസ്ഡിപി അനുപാതം സ്ഥിരതയോടെ നിലനിർത്താൻ കഴിഞ്ഞു. 2022-23 ലും 2023-24 ലും സംസ്ഥാനത്തിന്റെ ആകെ കുടിശ്ശിക ബാധ്യതകൾ യഥാക്രമം 35.38 ശതമാനവും 34.2 ശതമാനവുമായിരുന്നു. 2025-–26 ൽ ഇത് 33.7 ശതമാനമായി കു റയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ആഭ്യന്തര ഉൽപ്പാദനത്തിന്റെ ശതമാന കണക്കിൽ സംസ്ഥാനത്തിന്റെ കടം 2024-25 ൽ കുറഞ്ഞിട്ടുണ്ട്. 2020-21 ൽ സംസ്ഥാനത്തിന്റെ മൊത്തം ജി ഡി പിയുടെ 40.3 ശതമാനമായിരുന്ന കടം 2024-25 ൽ 3.5 ശതമാനം കുറഞ്ഞ് 36.8 ശതമാനമായി. 2021- 22 ൽ 38.9 ശതമാനം, 2023-24 ൽ 37.2 ശതമാനം എന്നിങ്ങനെ ആയിരുന്നു കടം.

മറ്റ് പല സംസ്ഥാനങ്ങളുടെയും കടം വർധിച്ചപ്പോഴാണ് കേരളം ഈ നേട്ടം കൈവരിച്ചത്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് 2012-13 ൽ കേരളത്തിന്റെ കടം-–ജി ഡി പി അനുപാതം 26.3 ശതമാനംവരെ വർധിച്ചിരുന്നു. എന്നാൽ 2022-–23 കാലഘട്ടത്തിൽ 22.75 ശതമാനമായി കുറഞ്ഞിരുന്നു.

കേന്ദ്ര സർക്കാരിന്റെ കടം 2020-21 ൽ 121.9 ലക്ഷം കോടി രൂപ, ജി ഡി പിയുടെ 61.4 ശതമാനമായിരുന്നു. എല്ലാ സംസ്ഥാനങ്ങളുടേയും കടത്തിന്റെ നിരക്കിനേക്കാൾ ഉയർന്ന കടം– -ജിഡിപി അനുപാതമാണ് കേന്ദ്രസർക്കാരിന്റേത്.

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളുടെയും കടം കേരളത്തെക്കാൾ കൂടുതലാണ്. 2021 ൽ തമിഴ്‌നാട്ടിലെ ആകെ കടം 5,68,892 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അത് 9,88,690 കോടി രൂപയായി വർധിച്ചിരിക്കുന്നു. നാല് വർഷംകൊണ്ട് ഏകദേശം 68.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. കർണാടകത്തിന്റെ ആകെ കടം 7,25,455 കോടി രൂപയാണ്, കർണാടകത്തിലെ നാല് വർഷത്തെ വർധന 72.6 ശതമാനമാണ്. എന്നാൽ കേരളത്തിന്റെ ഈ കാലയളവിലെ കടത്തിലെ വർധന 51.5 ശതമാനം മാത്രമാണ്. സംസ്ഥാനത്തിന് നിയമപരമായി എടുക്കാൻ കഴിയുന്ന കടമേ കേരള സർക്കാർ എടുത്തിട്ടുള്ളു. l
തയ്യാറാക്കിയത്: പി വി അഖിലേഷ്

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 2 =

Most Popular