ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷി കമ്മ്യൂണിസ്റ്റുകാരനായ സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ ആണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനം ജനുവരി 26ന് വര്‍ഷംതോറും ആചരിക്കാറുണ്ട്. പക്ഷേ, അതാചരിക്കുമ്പോള്‍ ആ സംഭവത്തിലേക്കു നയിച്ച പി.ടി.ഭാസ്കരപ്പണിക്കര്‍ എന്ന കമ്യൂണിസ്റ്റിനെയും അദ്ദേഹത്തിന്റെ അറസ്റ്റിനെയും ജയില്‍വാസത്തെയുംപറ്റി എത്രപേര്‍ ഓര്‍ക്കാറുണ്ട്? വിരളമായേ അതുണ്ടാകൂ. ഓര്‍ക്കാത്തത് സമകാലികരുടെ കുറ്റമല്ല. ആ ചരിത്രമെല്ലാം വളരെ അദൃശ്യമായിത്തീര്‍ന്നിട്ടുണ്ടെന്നതാണ് കാരണം.
സര്‍ദാറിന്റെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ച വസ്തുതകള്‍ അനാവരണംചെയ്യുന്ന പുസ്തകമാണ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ രചിച്ച ‘‘പി ടി ഭാസ്കരപ്പണിക്കര്‍: മാനവികത, ജനാധിപത്യം, ശാസ്ത്രബോധം” എന്ന ജീവചരിത്രം. അതേപ്പറ്റി പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘‘1950 ജനുവരി 22ന് പി.ടി.ബി അറസ്റ്റു ചെയ്യപ്പെട്ടു. പൊലീസ് അദ്ദേഹത്തെ ഭീകരമായി മര്‍ദ്ദിച്ചു. കൈതക്കൂട്ടത്തിലൂടെ വലിച്ചിഴച്ചു. അദ്ദേഹം ഷര്‍ട്ടിട്ടിട്ടുണ്ടായിരുന്നില്ല. വെളുത്തുതുടുത്ത അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്ന് ചോര വാര്‍ന്നൊഴുകി. കയറുകൊണ്ട് കയ്യും കാലും കെട്ടിയിട്ട് റോഡിലൂടെ സ്റ്റേഷനിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. അറസ്റ്റുചെയ്യപ്പെടാന്‍ ഇടയായാല്‍ ചെറുത്തുനില്‍ക്കണമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം. പി ടി ബി അതനുസരിച്ചു. പൊലീസുകാരെ ചെറുത്തു. അത് പൊലീസിനെ പ്രകോപിപ്പിച്ചു. ആദ്യം മതിലകം പൊലീസ്റ്റേഷനിലേക്കും അവിടെനിന്ന് വലപ്പാട് സ്റ്റേഷനിലേക്കുമാണ് കൊണ്ടുപോയത്. പിറ്റേദിവസം ചാവക്കാട് കോടതിയില്‍ ഹാജരാക്കി. കോടതി കണ്ണൂര്‍ ജയിലിലേക്ക് റിമാൻഡ് ചെയ്തു.”
ഇതുപോലെ ടി കെ രാമനും മറ്റും അറസ്റ്റിലായി. അവരെയും മര്‍ദ്ദിച്ചു. ഇതേത്തുടര്‍ന്ന് 1950 ജനുവരി 26ന് പെരിഞ്ഞനത്തുനിന്ന് പ്രതിഷേധജാഥ നടത്തി. സര്‍ദാര്‍ ആയിരുന്നു നയിച്ചത്. 1942þ45 കാലത്തെ സൈനികജീവിതം അവസാനിപ്പിച്ച് പെരുമ്പടപ്പ് എഎംഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്നു രക്തസാക്ഷിത്വം വരിക്കുമ്പോള്‍ സര്‍ദാര്‍.
തടവുകാരനായ പി ടി ബി, ഇതൊന്നും അറിയാതെയാണെങ്കിലും റിപ്പബ്ലിക്ദിനത്തില്‍ കണ്ണൂര്‍ ജയിലില്‍ പ്രതിഷേധസമരം നടത്തിയിരുന്നു. അന്നത്തെ പായസവിതരണത്തില്‍ അദ്ദേഹവും സഖാക്കളും പങ്കുചേര്‍ന്നില്ല. പില്‍ക്കാലത്ത് 1973ല്‍ തൃശ്ശൂരില്‍വച്ച് രക്തസാക്ഷിയായ അഴീക്കോടന്‍ രാഘവനടക്കം അഞ്ചുപേര്‍ ആദ്യ റിപ്പബ്ലിക്ദിനാഘോഷപരിപാടിയിലെ പായസവിതരണത്തില്‍ പങ്കുചേരാതെ മാറിനിന്നിരുന്നു. ‘ജീവിതപ്പാത’ എന്ന അധ്യായത്തില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഇതെല്ലാം വളരെ ലളിതമായും, ചരിത്രപ്രതിപാദനത്തിന്റെ വസ്തുനിഷ്ഠ ഭാഷാശൈലിയിലൂടെയും വിവരിച്ചിരിക്കുന്നു, വൃഥാസ്ഥൂലത ഒട്ടുമില്ലാതെത്തന്നെ. വളരെ ഹൃദ്യമാണ് ഇതിലെ ഗദ്യം. ജീവചരിത്രരചനയില്‍ ഡോ. കാവുമ്പായിക്കുള്ള സൂക്ഷ്മത എടുത്തുപറഞ്ഞേ മതിയാകൂ.
1948ലെ കല്‍ക്കത്ത തീസീസിന്റെ കാലത്തെ ഈ ജയില്‍ശിക്ഷയ്ക്കുശേഷം പി ടി ബി സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നു പിന്മാറി. അതേപ്പറ്റി അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്; ‘‘ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. പെരിഞ്ഞനത്തുനിന്നും വിട്ടുപോന്നശേഷം ഞാന്‍ ‘വ്യക്തി’യിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരികയല്ലേ ചെയ്തതെന്ന്. എന്തുകൊണ്ട് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഊന്നിനിന്നില്ല? ഞാന്‍, അങ്ങനെ സ്ഥിരരാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ട് എന്നാവും അതിന്റെ ഉത്തരം. പക്ഷേ, എന്റെ ജീവിതത്തില്‍ ഞാനേറ്റവും വിഷമം സഹിച്ചത് രാഷ്ട്രീയത്തിനാണ്. അതുകൊണ്ട് എനിക്ക് രാഷ്ട്രീയമില്ല എന്നു പറയാന്‍ വയ്യ. ഉണ്ട്; കമ്യൂണിസ്റ്റ്- രാഷ്ട്രീയം തന്നെയാണ് ഉള്ളത്, അന്നും ഇന്നും. പാര്‍ട്ടികളില്‍ അംഗമല്ലെങ്കിലും ഞാനിന്നും കമ്യൂണിസ്റ്റാണ്.”
ഒളിവില്‍ പോയപ്പോള്‍തന്നെ പെരിഞ്ഞനം ഹൈസ്കൂള്‍സര്‍വീസില്‍നിന്ന് പി ടി ബിയെ പിരിച്ചുവിട്ടിരുന്നു. ഒപ്പം മൂന്ന് അധ്യാപകരെയും. എന്നാല്‍ ജീവിതാന്ത്യംവരെ അദ്ദേഹം വിവിധ സ്കൂളുകളില്‍ അധ്യാപകനായും, ജനങ്ങളുടെ അധ്യാപകനായും, വൈജ്ഞാനികമണ്ഡലത്തില്‍ സംഘാടകനായും ശാസ്ത്രപ്രചാരകനായും സാഹിത്യകാരനായും തുടര്‍ന്നു. സംഭവബഹുലവും ഉല്‍പതിഷ്ണുതാപരവുമായിരുന്നു ആ ജീവിതം.
ശ്രീകൃഷ്ണപുരം ഹൈസ്കൂളില്‍ അധ്യാപകനായി ജോലിചെയ്യുന്ന സമയത്താണ് അദ്ദേഹത്തെ കമ്യൂണിസ്റ്റ്പാര്‍ട്ടി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് മത്സരിപ്പിച്ച് ജയിപ്പിച്ച്, ബോര്‍ഡിന്റെ പ്രസിഡന്റാക്കിയത്. പി ടി ബിയിലെ അത്യസാധാരണമായ ഭരണപാടവവും ഇച്ഛാശക്തിനിറഞ്ഞ ജനകീയപ്രവര്‍ത്തനശൈലിയും ജനാധിപത്യസംസ്കാരത്തിലെ സത്യസന്ധതയും, പദ്ധതിപ്രവര്‍ത്തനങ്ങളിലെ ദീര്‍ഘവീക്ഷണവും, കമ്യൂണിസ്റ്റിന്റെ സാമൂഹ്യപരിവര്‍ത്തനദാഹവും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടത് ഈ സന്ദര്‍ഭത്തിലാണ്. 1957 ഒക്ടോബര്‍ വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്ന് കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതിന് പശ്ചാത്തലമൊരുക്കി എന്ന വസ്തുത കണ്ണുതുറന്ന് കാണേണ്ടതുണ്ട്.
കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയിട്ട് എന്തുകാര്യം? അവര്‍ക്ക് ഭരിക്കാനറിയില്ല എന്ന വിമര്‍ശനം അതിശക്തമായി ഉയര്‍ന്ന കാലത്താണ് പി ടി ബി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡണ്ടായത്. അതും ഭൂരിപക്ഷം ഉണ്ടായിട്ടായിരുന്നില്ല. കോണ്‍ഗ്രസും, മുസ്ലീംലീഗും, പ്രമാണിമാരായ സ്വതന്ത്രന്മാരും ചേര്‍ന്ന ഒരു ഭരണസമിതിയുടെ തലവനായാണ് അദ്ദേഹം മൂന്നുവര്‍ഷം ഭരിച്ചതും, രാഷ്ട്രീയ ഇച്ഛാശക്തിയ്ക്കനുസരിച്ചുള്ള കാര്യങ്ങള്‍ അസ്വാരസ്യമില്ലാതെ നിര്‍വഹിച്ചതും. ഏറക്കുറെ എക്സിക്യൂട്ടീവ് അധികാരമുണ്ടായിരുന്ന പ്രസിഡന്റ് പദവി അങ്ങേയറ്റം പ്രതിപക്ഷബഹുമാനത്തോടുകൂടിയാണ് അദ്ദേഹം വിനിയോഗിച്ചത്. ജനപ്രതിനിധികള്‍ക്ക് ഇതെല്ലാം എല്ലാക്കാലത്തും മാതൃകയാണ്. യോജിപ്പോടുകൂടിത്തന്നെ 7000ത്തിലധികം പ്രമേയങ്ങള്‍/തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞു എന്നതും അദ്ഭുതംതന്നെ. തികഞ്ഞ ധാര്‍മികമനുഷ്യനാണ് പി ടി ബി എന്നതിന്റെ നിദര്‍ശനമാണിത്.
ഇതില്‍ ഏറ്റവും പ്രധാനം ഏകാധ്യാപകവിദ്യാലയങ്ങളുടെ സ്ഥാപനമാണ്. പത്തോ ഇരുപതോ വിദ്യാലയങ്ങള്‍ തുടങ്ങാനുള്ള ശുപാര്‍ശയാണ് മദ്രാസ് സര്‍ക്കാരില്‍നിന്ന് വന്നത്. എന്നാല്‍ 200 എണ്ണമെങ്കിലും തുടങ്ങണമെന്ന് പ്രസിഡന്റ് വാശിപിടിച്ചു. എന്നാല്‍ 250 എണ്ണം തുടങ്ങി. അതേപ്പറ്റി ജീവചരിത്രകാരന്‍ ഡോ. കാവുമ്പായി വ്യക്തമാക്കുന്നു: ‘‘പിന്നീട് നടന്ന സംഭവങ്ങള്‍ കെട്ടുകഥപോലെ അവിശ്വസനീയമായിരുന്നു. ഇവിടെ ഒ വി വിജയന്റെ ഒരു പരാമര്‍ശംകൂടി രേഖപ്പെടുത്തട്ടെ. അദ്ദേഹം പിടിബിയുടെ മകന് അയച്ച ഒരു കത്തില്‍ ഇങ്ങനെ എഴുതി: ഖസാക്കിന്റെ ഇതിഹാസത്തിന് കാരണക്കാരന്‍ ഒരുകണക്കിന് താങ്കളുടെ അച്ഛനാണ്. ബംഗര്‍വാടി എന്നു പറഞ്ഞ് എന്നെ കരിവാരിത്തേക്കാന്‍ ശ്രമിച്ചവര്‍ അറിയാത്ത ഒരു കാര്യമുണ്ട്. തസ്രാക്ക്; അവിടെ ഒരു ഏകാധ്യാപകവിദ്യാലയവും. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നടത്തിപ്പിലായിരുന്നു അത്.”
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ 1954ലെ തിരഞ്ഞെടുപ്പിനെ കമ്യൂണിസ്റ്റുപാര്‍ട്ടി സമീപിച്ചതുതന്നെ വലിയ ദീര്‍ഘവീക്ഷണത്തോടെയും സാമൂഹ്യ പരിവര്‍ത്തനദാഹത്തോടെയും ആയിരുന്നു. അതേപ്പറ്റി ഗ്രന്ഥകാരന്‍ ‘ജനകീയഭരണത്തിന്റെ മികവുറ്റ മാതൃക’ എന്ന അധ്യായത്തില്‍ ഇങ്ങനെ വിവരിക്കുന്നു;‘‘മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനെ കൂടുതല്‍ അധികാരവും, കൂടുതല്‍ പണവും കൂടുതല്‍ ജനാധിപത്യവുമുള്ള ഒരു ഡിസ്ട്രിക്ട് ബോര്‍ഡാക്കിത്തീര്‍ക്കുകയെന്ന ലക്ഷ്യപ്രഖ്യാപനവുമായി ഒരു തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇതിനുവേണ്ടി പാര്‍ട്ടി തയ്യാറാക്കിയിരുന്നു. അതുവരെ മലബാറില്‍ ഉണ്ടായിരുന്ന ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെ യുക്തിയുക്തമായി അപഗ്രഥിച്ച് വിശകലനംചെയ്യാന്‍ അതില്‍ ശ്രദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പുസമരം നടത്തുന്നതോടൊപ്പംതന്നെ, തൊഴിലില്ലായ്മക്കെതിരായും, തൊഴിലിനുവേണ്ടിയും തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റു ജനവിഭാഗങ്ങളുടെയും അടിയന്തിരാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുമുള്ള പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തേണ്ടതാവശ്യമാണെന്ന യഥാര്‍ത്ഥരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനും, വിജ്ഞാപനത്തിലൂടെ സാധിച്ചു. അധ്യാപനവും രാഷ്ട്രീയപ്രവര്‍ത്തനവും ഒളിവുജീവിതവും കൊടിയ മര്‍ദ്ദനവും ജയില്‍വാസവുമൊക്കെ കഴിഞ്ഞ് പരിപക്വസ്വത്വനായി തനിക്കേറ്റം പ്രിയപ്പെട്ട അധ്യാപനവൃത്തിയുമായി ഭാസ്കരപ്പണിക്കര്‍ കഴിയുന്ന കാലമായിരുന്നു അത്. ശ്രീകൃഷ്ണപുരം ഹൈസ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരുദിവസം ഇ പി ഗോപാലന്‍ സ്കൂളിലെത്തിയത്. ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ശ്രീകൃഷ്ണപുരത്തുനിന്ന് സ്ഥാനാര്‍ത്ഥിയാകണമെന്ന പാര്‍ട്ടി നിര്‍ദേശവുമായാണ് ഇ പി വന്നത്… അങ്ങനെ പിടിബി കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് കാര്യമായ സ്വാധീനമില്ലായിരുന്ന ശ്രീകൃഷ്ണപുരത്ത് സ്ഥാനാര്‍ത്ഥിയായി.” പിടിബിയുടെ നിസ്വാര്‍ത്ഥസേവനസന്നദ്ധതയും, നിസ്വാര്‍ത്ഥമായ സംഘടനാശൈലിയും അതിലൂടെ പൊതുപ്രവര്‍ത്തകരുടെ ദീര്‍ഘവീക്ഷണവുമെല്ലാം ഇവിടെ ഗ്രന്ഥകാരന്‍ വാങ്മയ ദൃശ്യമാക്കുന്നുണ്ട്.
പി ടി ബിയിലെ ഭരണാധികാരിയെപ്പറ്റി കാവുമ്പായി ബാലകൃഷ്ണന്‍ പ്രസ്താവിക്കുന്നു: ‘‘പരിമിതമായ ഭരണാധികാരവും സാമ്പത്തികാധികാരവും മാത്രമേ ബോര്‍ഡിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇച്ഛാശക്തിയും കാഴ്ചപ്പാടും പ്രതിജ്ഞാബദ്ധതയും ഉണ്ടെങ്കില്‍ ഒരു ഭരണസമിതിക്ക് എന്തൊക്കെ ചെയ്യാന്‍കഴിയും എന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കാന്‍ പി ടി ബി.ഭരണത്തിനു സാധിച്ചു. ജീവിതത്തിന്റെ സമസ്തതലങ്ങളിലും അവരുടെ ശ്രദ്ധ പതിഞ്ഞിരുന്നു. ബോര്‍ഡിന്റെ പരിധിയിലുള്ള പ്രദേശംമുഴുവന്‍ കാല്‍നടയായി സഞ്ചരിച്ചു. ജനങ്ങളെ നേരില്‍ കണ്ട്, ആവലാതികളും വേവലാതികളും കേട്ട് അവയ്ക്ക് ആവുംവിധം പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. പലപ്പോഴും മദ്രാസ് സംസ്ഥാനസര്‍ക്കാര്‍ ബോര്‍ഡിനുള്ള പണം വെട്ടിക്കുറച്ച് അവരെ പ്രതിസന്ധിയിലാഴ്ത്തുന്ന പതിവും അന്നുണ്ടായിരുന്നു. സേവനമേഖലകളില്‍ പിന്നാക്കാവസ്ഥയിലുള്ള മലബാറില്‍ ആ മേഖലകളിലെല്ലാം ജനോപകാരപ്രദമായ രീതിയില്‍ ഇടപെടാന്‍ ബോര്‍ഡ് ശ്രമിച്ചു. ഡിസ്പെന്‍സറികളില്ലാത്ത ഫര്‍ക്കകളില്‍ അവ സ്ഥാപിക്കുന്നതിനും, റൂറല്‍ ഡിസ്പെന്‍സറികളെ ലോക്കല്‍ ഫണ്ട് ഡിസ്പെന്‍സറികളായി ഉയര്‍ത്തുന്നതിനും അവര്‍ നിശ്ചയിച്ചു. മൊബൈല്‍ ആസ്പത്രികള്‍ സ്ഥാപിച്ച് ഉള്‍നാടുകളില്‍ വൈദ്യസഹായമെത്തിക്കാനുള്ള പരിപാടിക്ക് രൂപംനല്‍കി. നാട്ടിന്‍പുറങ്ങളില്‍ പ്രഥമശുശ്രൂഷ ലഭിക്കാത്തതുകൊണ്ട് ധാരാളമായി മരണം സംഭവിക്കുന്ന കാര്യം കണക്കിലെടുത്ത് ആദ്യപടിയായി അത്തരം പ്രദേശങ്ങളില്‍ 100 പ്രഥമശുശ്രൂഷാകേന്ദ്രങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു. എന്നാല്‍ ഈ വിധത്തിലുള്ള ജനോപകാരപ്രദമായ നടപടികള്‍ക്കൊന്നും മദിരാശി സംസ്ഥാനസര്‍ക്കാര്‍ അനുവാദം നല്‍കുകയുണ്ടായില്ല. എങ്കിലും 3 വര്‍ഷംകൊണ്ട് ഗണ്യമായ മാറ്റംവരുത്താന്‍ ബഹുജനസഹകരണത്തോടെ ബോര്‍ഡിനു സാധിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്.” ഒരു പുതിയ ഭരണസംസ്കാരം ഇന്ത്യയില്‍തന്നെ ഉദയംചെയ്യിച്ചത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലൂടെയാണ്. ജനകീയതയും സുതാര്യതയും സമത്വാവബോധവും ഉളവാക്കിയ ഭരണമായിരുന്നു അത്. അങ്ങേയറ്റം പ്രതിപക്ഷബഹുമാനവും അദ്ദേഹം പുലര്‍ത്തി.
വൈജ്ഞാനികസാഹിത്യമണ്ഡലത്തില്‍ പിടിബിയുടെ സംഭാവനകള്‍ അതിവിപുലമാണ്. ഒറ്റപ്പാലത്തുവെച്ച് 1956ല്‍ ശാസ്ത്രസാഹിത്യസമിതി രൂപീകരിക്കുന്നതിനുമുമ്പുതന്നെ അദ്ദേഹം ശാസ്ത്രസാഹിത്യകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു. 1955ല്‍ അദ്ദേഹത്തിന്റെ ജീവശാസ്ത്രത്തിന്റെ വളര്‍ച്ച, 1956ല്‍ നൂറ് ചോദ്യങ്ങള്‍, ആറ്റം ശക്തി എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 100ല്‍പരം വലുതും ചെറുതുമായ പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയില്‍ മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥാനം; ഐക്യകേരളത്തില്‍ ഔപചാരികമായും അനൗപചാരികമായും ഉയര്‍ന്നുവന്ന വിജ്ഞാനനിര്‍മ്മാണ–വ്യാപന സ്ഥാപനങ്ങളില്‍ അദ്ദേഹം അഗ്രഗാമിയായി നിന്നു പ്രവര്‍ത്തിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തും, കാന്‍ഫെഡും, സ്റ്റെപ്സും അടക്കം എത്രയെത്ര പുതിയ സ്ഥാപനങ്ങളുടെ തുടക്കക്കാരനും, മെന്ററും ആയി അദ്ദേഹം അക്ഷീണം പ്രയത്നിച്ചുവെന്നോ! അതേപ്പറ്റി ഡോ. കാവുമ്പായി അവസാന അധ്യായത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് ‘‘എത്രയോ ലേഖനങ്ങള്‍ സമാഹരിക്കപ്പെടാതെ സ്മരണികകളിലും ആനുകാലികങ്ങളിലും മറ്റുമായി കിടക്കുന്നുണ്ട്. അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലും അദ്ദേഹത്തിന്റെ രചനയ്ക്ക് വിഷയമായിട്ടുണ്ട്…. ഗഹനമായ വിഷയങ്ങള്‍ ഏറ്റവും സാധാരണക്കാര്‍ക്കുവേണ്ടി ലളിതമായ ഭാഷയിലും, ആകര്‍ഷകമായ ശൈലിയിലും എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനുപമമായിരുന്നു.” വിജ്ഞാനസാഹിത്യത്തിലെ അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും ബൃഹത്തായ ജനകീയപ്രയത്നവും ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.
ഐക്യകേരളത്തിന്റെ രൂപീകരണത്തോടുകൂടി മലയാള വൈജ്ഞാനികസാഹിത്യത്തില്‍ കുതിച്ചുചാട്ടം സാധ്യമാക്കിയ മൂന്നു മഹാന്മാരില്‍ ഒന്നാമനായിരുന്നു പിടിബി, എന്ന പി.ഗോവിന്ദപ്പിള്ളയുടെ നിരീക്ഷണം വളരെ സാര്‍ത്ഥകമാണെന്ന് ഈ കൃതി വ്യക്തമാക്കുന്നു.
ഐക്യകേരളനിര്‍മ്മിതിയെ ലോകാദരണീയ മാതൃകയാക്കി മാറ്റുന്നതിന് പശ്ചാത്തലമൊരുക്കുന്നതില്‍ പി ടി ബിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇക്കാര്യത്തില്‍ ഓര്‍ക്കേണ്ട ഒത്തിരി ആചാര്യന്മാര്‍ ഉണ്ട്. പക്ഷേ, അവരുടെ മുന്‍നിരയില്‍തന്നെയാണ് പിടിബിയുടെ സ്ഥാനം എന്ന് ഈ ജീവചരിത്രം ഉറപ്പിച്ചും തറപ്പിച്ചും വ്യക്തമാക്കിത്തരുന്നു.
ഇതൊരു സാമ്പ്രദായികമായ ജീവചരിത്രരചനയല്ല. പിടിബിയുടെ പൊതുജീവിതത്തെയും, പ്രത്യേകിച്ച് ധിഷണാസമ്പന്നമായ സാംസ്കാരിക, രാഷ്ട്രീയജീവിതത്തെയും മാത്രമല്ല ഇവിടെ അനാവരണം ചെയ്യുന്നത്. അദ്ദേഹം സഞ്ചരിച്ച കാലത്തിന്റെയും വ്യവഹരിച്ച സംഘടനകളുടെയും ചരിത്രംകൂടിയാണ് ഇവിടെ പ്രകാശിതമാകുന്നത്.l



