മദ്യവും കഞ്ചാവും രാസ ലഹരിപദാർത്ഥങ്ങളും വ്യാപകമായ വർത്തമാനകാലത്തെ ‘ആസക്തിയുടെ യുഗം’ എന്നാണ് ഡേവിഡ് ടി. കോർട്ട്റൈറ്റ് വിളിക്കുന്നത്. ‘ആസക്തിയുടെയുഗം: എങ്ങനെ ദുശ്ശീലങ്ങൾ വൻ വ്യവസായമാകുന്നു’ (David T. Courtwright, The Age of Addiction: How Bad Habits Became Big Business, Cambridge: The Belknap Press of Harvard University Press, 2019) എന്ന പുസ്തകത്തിൽ ലഹരിയുടെ ചരിത്രവും രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും അദ്ദേഹം വിശദമായി അപഗ്രഥിക്കുന്നു. കുത്തകമൂലധനത്തിന് സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യമുള്ള മേഖലയാണ് ലഹരി വ്യവസായം. വിപുലവും ശക്തവുമായ ആഗോള ശൃംഖലകൾ അതിനുണ്ട്. വ്യക്തിയുടെ ബോധത്തിലും നിത്യജീവിതത്തിലും സമഗ്രാധിപത്യം ചെലുത്താൻ ലഹരിക്ക് കഴിയുന്നു. മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയിൽ അത് മൗലികമായ മാറ്റം വരുത്തുന്നു; സാമ്പത്തികമായും രാഷ്ട്രീയമായും സമൂഹത്തെ ലഹരിമുതലാളിത്തം വരുതിയിലാക്കുന്നു. അതിനാൽ, സമകാലിക സാമ്പത്തിക വ്യവസ്ഥയെ ‘ലിംബിക്ക് ക്യാപിറ്റലിസം’ (Limbic Capitalism) എന്ന് കോർട്ട്റൈറ്റ് വിശേഷിപ്പിക്കുന്നത് യുക്തിസഹമാണ്.
എന്താണ് ലിംബിക്ക് ക്യാപ്പിറ്റലിസം? മസ്തിഷ്ക മുതലാളിത്തം എന്ന് ലളിതമായി ഉത്തരം പറയാമെന്ന് തോന്നുന്നു. ലിംബിക്ക് പ്രദേശം (Limbic region) എന്നത് തലച്ചോറിലെ ഒരു പ്രത്യേക ഭാഗമാണ്. മനുഷ്യന്റെ ഓർമ്മ, സന്തോഷം, പ്രേരണ എന്നിവയെ നിയന്ത്രിക്കുകയാണ് ഈ ഭാഗത്തിന്റെ ധർമ്മം. അവിടെയുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾപോലും വ്യക്തിയുടെ സ്വഭാവത്തെയും വ്യവഹാരത്തെയും ആഴത്തിൽ സ്വാധീനിക്കും. അതു മനസ്സിലാക്കി മസ്തിഷ്കത്തെ ലാഭത്തിന്റെ നഴ്സറികളാക്കി ആഗോള സാമ്പത്തിക കോയ്മകൾ ജാഗ്രതാപൂർവ്വം പരിപാലിക്കുന്നു.
മനുഷ്യരിൽ നാനാവിധത്തിലുള്ള ആസക്തികളുണ്ട്. ജീവിതമാണ് ലഹരിയെന്ന് ചിലർ കവിത പറയും. സംഗീതം, സിനിമ, കവിത, നൃത്തം എന്നിവയിൽ പലരും അത്യാനന്ദം കണ്ടെത്തുന്നു. എന്നാൽ, സന്തോഷാനുഭൂതി നൽകുന്ന പദാർത്ഥങ്ങളിൽ ചിലർ ഭ്രാന്തമായ അഭിനിവേശം കാട്ടുന്നു. ഈ അഭിനിവേശത്തെയാണ് ആസക്തിയെന്ന്, പൊതുവേ, വിവക്ഷിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും സർവ്വനാശത്തിനു വഴിവെക്കുന്നതുകൊണ്ടാണ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തെറ്റും തിന്മയുമായി കണക്കാക്കപ്പെടുന്നത്. ആസക്തർ ശാരീരികമായും മാനസികമായും രോഗാതുരരാകുന്നു. സാമ്പത്തിക കെടുതികളിൽ ആഴ്ന്നുപോകുന്ന അവർ കുടുംബത്തിനും സമൂഹത്തിനും ശാപമായിത്തീരുന്നു. രോഗഗ്രസ്തരും പരിഹാസ്യരുമായാണ്, പലപ്പോഴും, അവരുടെ അന്ത്യം. മിക്കപ്പോഴും, അത് അവർക്കും മറ്റുള്ളവർക്കും ആശ്വാസകരമാണ്.

മനുഷ്യന്റെ ലഹരി ഉപയോഗത്തിന് സുദീർഘമായ ചരിത്രമുണ്ട്. ഇന്ത്യൻ പുരാണങ്ങളിൽ സോമരസം പാനം ചെയ്യുന്നതിനെക്കുറിച്ച് പരാമർശമുള്ളത് നമുക്കറിയാം. ഋഗ്വേദത്തിൽ സോമരസം പാനം ചെയ്താൽ ലഭിക്കുന്ന അതീന്ദ്രിയാനുഭൂതി വർണിക്കപ്പെട്ടിട്ടുണ്ട്. ലോട്ടസ് (Lotos) സസ്യത്തിന്റെ പൂക്കൾ ഭക്ഷിച്ച് ആലസ്യത്തിന് അടിമകളാകുന്ന സൈനികരെക്കുറിച്ച് ഹോമർ ‘ഒഡീസി’ യിൽ ആഖ്യാനിച്ചിട്ടുണ്ട്. സിൽക്ക് പാതകളി (Silk Routes) ലൂടെ സഞ്ചരിച്ചിരുന്ന സാർത്ഥവാഹക സംഘങ്ങളുടെ ഭാണ്ഡങ്ങളിൽ ലഹരി ഉല്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പൂക്കളും കായ്കളുമുണ്ടായിരുന്നു. ഇന്ത്യൻ സുഗന്ധദ്രവ്യങ്ങൾ പുരാതന ധനിക റോമൻ അടുക്കളകളിൽ ലഹരിയുടെ നുരയും മണവുമുയർത്തിയിരുന്നു.
സന്തോഷവും അനുഭൂതിയും നൽകുന്ന ആശയങ്ങൾ, ഉപാധികൾ, പദാർത്ഥങ്ങൾ എന്നിവയുടെ ആഗോള കൈമാറ്റത്തിന് വാണിജ്യ സഞ്ചാരങ്ങൾ സഹായകമായി. ചീട്ടുകളി, ചൂതുകളി, പുകവലി, മദ്യപാനം, കഞ്ചാവിൽ നിന്നുള്ള ഉല്പന്നങ്ങൾ, പഞ്ചസാര, എന്നിവ വാണിജ്യ പാതകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിരുന്നു. വ്യവസായ വിപ്ലവപൂർവ്വ കാലത്ത് സാർത്ഥവാഹക സംഘങ്ങളുടെ ഭൂഖണ്ഡാന്തര യാത്രകളിലൂടെയാണ് മെഡിറ്ററേനിയൻ മുതൽ തെക്കു കിഴക്കനേഷ്യവരെ വ്യാപിച്ചുകിടന്ന വാണിജ്യപാതയുടെ സ്വാധീന മേഖലകളിൽ ലഹരി പദാർത്ഥങ്ങൾ എത്തിച്ചേർന്നിരുന്നത്.
എന്നാൽ, വ്യവസായ വിപ്ലവാനന്തരം മുതലാളിത്തം കൊളോണിയലിസമായി ലോകമാകെ വ്യാപിച്ചു. അതോടെ ഒരേ സമയം ലഹരി പദാർത്ഥങ്ങൾ ചരക്കും ആയുധവുമായി മാറി. ഏറ്റവും നല്ല ഉദാഹരണം ബ്രിട്ടനും ഫ്രാൻസും ചൈനയുമായി നടത്തിയ കറുപ്പ് യുദ്ധങ്ങ ളാണ് (Opium wars). പരമ്പരാഗതമായി ചികിത്സാവശ്യത്തിന് ഉപയോഗിച്ചുപോന്ന കറുപ്പ് സുഖകരമായ ആലസ്യം ഉളവാക്കുന്നതായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 18, 19 നൂറ്റാണ്ടുകളിൽ കറുപ്പിനെ വാണിജ്യച്ചരക്കാക്കി മാറ്റി. കറുപ്പു ചെടിയുടെ കൃഷിയും ഉല്പന്ന ശേഖരണവും കുത്തകയാക്കാൻ 1857-ലും 1818-ലും പ്രത്യേക നിയമങ്ങൾ ബ്രിട്ടീഷുകാർ നടപ്പാക്കി. ഇന്ത്യയിൽ കറുപ്പ് ഉല്പാദിപ്പിച്ച് ചൈനയിൽ വിപണനം നടത്തുകയായിരുന്നു അവരുടെ രീതി. ചൈനയുടെ ചരിത്രത്തിലെ കുപ്രസിദ്ധമായ രണ്ട് കറുപ്പ് യുദ്ധങ്ങൾ ചൈനയിലേക്ക് കറുപ്പ് കടത്തുന്നത് സംബന്ധിച്ചായിരുന്നു. സൈനികശക്തി ഉപയോഗിച്ച് മേൽക്കൈ നേടിയ ബ്രിട്ടൻ ഒരു ജനതയെ മുഴുവൻ കറുപ്പുതീനികളും അലസരുമാക്കി മാറ്റാൻ ശ്രമിച്ചു. ബംഗാൾ കേന്ദ്രീകരിച്ച് നടന്ന കറുപ്പുല്പാദനത്തിനു പുറമേ, അഖിലേന്ത്യാതലത്തിൽ അബ്കാരി (മദ്യത്തിന്റെയും ചാരായത്തിന്റെയും ഉല്പാദന- വിപണനത്തിലൂടെ ലഭിക്കുന്ന നികുതി) വരുമാനത്തിന്റെ സാധ്യതയും ബ്രിട്ടീഷുകാർ ആവോളം മുതലാക്കി.
വ്യക്തിക്കും സമൂഹത്തിനും ഹാനികരമായ ശീലങ്ങളിൽ സാമ്പത്തിക നിക്ഷേപം നടത്തുകയും ലാഭം കണ്ടെത്തുകയും ചെയ്യുന്ന പ്രവണത രണ്ടാം ലോക യുദ്ധത്തിനു ശേഷമാണ് ലോകമെമ്പാടും വ്യാപിച്ചത്. ധാർമ്മിക മൂല്യങ്ങൾക്ക് പ്രാധാന്യം കല്പിക്കാതെ ചൂതാട്ട കേന്ദ്രങ്ങളും മദ്യശാലകളും വ്യഭിചാരകേന്ദ്രങ്ങളും ധാരാളമായി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലും പാരീസിലും ന്യൂയോർക്കിലും ഇവയ്ക്ക് പ്രത്യേക കേന്ദ്രങ്ങളുണ്ടായി. ചൂതാട്ടത്തിന്റെ ലോക തലസ്ഥാനമായ മക്കാവുവിനു പുറമേ, ബഹാമാസ്, സിംഗപ്പൂരിലെ മറീനാ ബേ, മോന്റി കാർലോ, നെവാഡയിലെ ലാസ് വേഗാസ് എന്നിവയാണവയിൽ ഏറെ കുപ്രസിദ്ധം. തിന്മയുടെ ആഗോള വിപണന കേന്ദ്രങ്ങളാണവ. അതിസാഹസിക കുറ്റാന്വേഷക സിനിമകളിലെ വീരനായകനായ ജയിംസ് ബോണ്ടിന്റെ വിഹാരരംഗമായി സാമാന്യ ജനഭാവനയിൽ ഇടം പിടിച്ചവയാണ് ഇവിടങ്ങളിലെ കാസിനോകൾ. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ സാങ്കേതികവിദ്യകളാണ് ചൂതാട്ടകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ചാണ് ചൂതുകളി നിയന്ത്രിക്കപ്പെടുന്നത്.
കോളനികളിലെ ജനങ്ങളെ ലഹരി പദാർത്ഥങ്ങൾക്ക് അടിമകളാക്കുന്ന മുതലാളിത്ത തന്ത്രം കുറേക്കൂടി വ്യാപകമായും സങ്കീർണമായും മാരകമായും വർത്തമാനകാല ആഗോള കുത്തക മൂലധനം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ലഹരി പിടിപ്പിക്കുന്ന പുതിയ വസ്തുക്കളും ശീലങ്ങളും സൃഷ്ടിച്ച് മനുഷ്യരെ മാനസികമായി ദുർബലരാക്കിയും ദുഷിപ്പിച്ചുമാണ് അവരിത് സാധിക്കുന്നത്. സാധാരണ ജീവിതത്തിൽ ആവശ്യമില്ലാത്ത വസ്തുക്കൾ അനിവാര്യമെന്ന തോന്നൽ ജനിപ്പിക്കുന്നു. ആധുനിക കാലത്താണ് സന്തോഷാനുഭവം നൽകുന്ന വിഭവങ്ങൾക്ക് വൈവിധ്യവും ജനകീയതയുമുണ്ടായത്. പ്രിന്റ്, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ ആകർഷണീയ പരസ്യങ്ങളിലൂടെയാണ് തിന്മകളെ ശീലങ്ങളും ബോധ്യങ്ങളുമാക്കിയത്. വിസ്കിയും വോഡ്കയും വൈനും ഹുക്കയും ചുരുട്ടും സിഗരറ്റും ഉൾപ്പെടുന്ന ലഹരി പദാർത്ഥങ്ങളുടെ വിപണി ഇന്ന് ശക്തിസമ്പന്നമാണ്. വിനോദ വ്യവസായം (Entertainment industry) പോലെ ലഹരി പദാർത്ഥങ്ങളുടെ വിപുലമായ വ്യവസായ ശൃംഖലയും ആഗോളമായി വ്യാപിച്ചിട്ടുണ്ട്. ഭക്ഷണപദാർത്ഥം പോലെ ചോക്ലേറ്റും കൊക്കക്കോളയും വിട്ടുമാറാത്ത ശീലമായി മാറുന്നു. പിസ്സ, ചിപ്-സ്, കുക്കീസ്, ഐസ് ക്രീം, ചീസ് ബർഗറുകൾ, ചിക്കൻ റോളുകൾ, പോപ്പ്കോൺ, സ്റ്റിക് തുടങ്ങിയവയും ആസക്തി വളർത്തുന്നവയാണ്. ഇവയുടെയെല്ലാം പിന്നിൽ വൻ തോതിൽ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ആഗോള കുത്തക താല്പര്യമാണുള്ളത്. മക്ഡൊണാൾഡ് മാത്രം ഇരുപത്തിരണ്ടോളം ഭക്ഷ്യവിഭവങ്ങൾ ലോകമെമ്പാടുമുള്ള ഫാസ്റ്റ്ഫുഡ് വില്പന ശൃംഖലകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. സാധാരണ പദാർത്ഥങ്ങളെ അനാരോഗ്യകരമായ ഭക്ഷണ സാധനങ്ങളാക്കി മാറ്റുന്നതിന്റെ പര്യായമാണിന്ന് മക്ഡൊണാൾഡൈസേഷൻ (Mcdonaldization) എന്ന പദം. ഫാസ്റ്റ്ഫുഡുകൾ അമിതവണ്ണത്തിനും അകാല വാർദ്ധക്യത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകുന്നു. മാത്രമല്ല, അന്തരീക്ഷതാപനത്തിന് കാരണമാകുന്ന കാർബൺ ഡയോക്സൈഡിന്റെ വർദ്ധനയ്ക്കും വ്യാപകമായ ഫാസ്റ്റ്ഫുഡ് ഉല്പാദനം ഇടയാക്കുന്നു. ഒരു പൗണ്ട് തൂക്കം ഹാംബർഗർ ശരാശരി 25 പൗണ്ട് കാർബൺ ഡയോക്സൈഡ് പുറത്തേക്ക് വിടുന്നൂവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
ആസക്തി സൃഷ്ടിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വിപണനത്തെ ‘ലിംബിക്ക് ക്യാപ്പിറ്റലിസ’ത്തിന്റെ ലക്ഷണമായാണ് ഡേവിഡ് കോർട്ട്‌റൈറ്റ് കരുതുന്നത്. അധികകാലം നീണ്ടു നിൽക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ രൂപകല്പന ചെയ്ത്, ഉല്പാദിപ്പിച്ച്, ലോകമെമ്പാടും വിതരണം ചെയ്യുകയാണ് തന്ത്രം. തുടക്കത്തിൽ ഇവ ഏറെ മാനസിക ഉത്തേജനം നൽകുന്നു. എന്നാൽ, കാലക്രമേണ മാരകമായ ഫലങ്ങളാണ് ഇവ ഉണ്ടാക്കുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉല്പന്നമായ കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈലുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ സൃഷ്ടിക്കുന്ന ആസക്തിയാണ് ലഹരിയുടെ ലോകത്തെ നവാഗതർ. ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും ജീവിതഗുണത വർദ്ധിപ്പിക്കാനും ആധുനിക ശാസ്ത്ര – സാങ്കേതികവിദ്യകൾ ഏറെ സഹായകമാണ്. എന്നാൽ, ഇവയെത്തന്നെ അതിവേഗ സാമ്പത്തിക വളർച്ചയ്ക്കുള്ള കുറുക്കുവഴിയായി ആഗോള കുത്തകവ്യവസായം ഇപ്പോൾ ഉപയോഗിക്കുന്നു. ചൂതാട്ട-യന്ത്ര ഭാഷ (machine-gambling language) അവയ്ക്ക് അടിപ്പെട്ടവരിൽ ഉണർത്തുന്ന മനോഭാവം ലഹരിപദാർത്ഥങ്ങളും ഭക്ഷ്യവസ്തുക്കളും ആസക്തരിൽ ഉണർത്തുന്ന മനോഭാവത്തിന് സമാനമാണ്. പ്രത്യേക മീഡിയാ ആപ്ലിക്കേഷനുകൾ ഉല്പാദിപ്പിച്ചാണ് യുവജനങ്ങളെ അവർ ഇതിനിരകളാക്കുന്നത്. ലഹരി പിടിപ്പിക്കുന്ന വീഡിയോ ഗെയിമുകൾക്കും അശ്ലീല ദൃശ്യങ്ങൾക്കും അടിപ്പെട്ട് ധനവും ജീവനും നഷ്ടപ്പെടുത്തുന്ന കൗമാരക്കാരെക്കുറിച്ച് ധാരാളം വാർത്തകൾ ഉണ്ടാകുന്നുണ്ട്. സ്മാർട്ട് ഫോണുകളിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും മറ്റും യുവജനങ്ങളെ മാനസികമായി അടിപ്പെടുത്തുന്നു. ആൽക്കഹോളിസം പോലെയുള്ള ആസക്തി ഡിജിറ്റൽ ലഹരിക്ക് അടിമപ്പെട്ടവരിലും കാണുന്നുണ്ട്. ലൈംഗികതയുടെയും വ്യഭിചാരത്തിന്റെയും മയക്കുമരുന്നിന്റെയും വിപണി പ്രവർത്തിപ്പിക്കുന്ന മൊബൈൽ മാഫിയാ സംഘങ്ങളുമുണ്ട്. ശ്രദ്ധാപൂർവ്വം അവർ സ്വന്തം ഉല്പന്നങ്ങൾ ഉപയോഗിച്ച് ഇരകളെ മാനസികമായി പരുവപ്പെടുത്തുന്നു. അതുപോലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്തുകൊണ്ട് ലഹരിമാഫിയകൾ സ്വന്തം തിന്മകൾക്ക് മറയിടാൻ ശ്രമിക്കാറുണ്ട്. മയക്കുമരുന്നു കോർപ്പറേറ്റുകൾതന്നെ ലഹരി ഉപയോഗം കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് മരുന്നു കണ്ടുപിടിക്കാനുളള ഗവേഷണത്തിനും ധനസഹായം നൽകും!
ആഗോള സാമ്പത്തിക മൂലധന ശക്തികളാണ് വർത്തമാനകാലത്തെ മയക്കുമരുന്ന് ഡിജിറ്റൽ ലഹരി മാഫിയാ സംഘങ്ങളുടെ അധിപതികളെന്നാണ് ഡേവിഡ് കോർട്ട്റൈറ്റ് ചൂണ്ടിക്കാട്ടുന്നത്. കോടാനുകോടി മനുഷ്യരെ ശാരീരികമായും മാനസികമായും നശിപ്പിക്കുകയും ഭാവി തലമുറയ്ക്ക് ശാരീരികവും മാനസികവുമായ വൈകല്യം നൽകുകയും ചെയ്യുന്ന ഇവർ മനുഷ്യ വർഗത്തിന്റെ ശത്രുക്കളാണ്. ചൂഷണത്തിൽ അധിഷ്ഠിതമായ മുതലാളിത്തിന്റെ പിന്തുടർച്ചയാണ് ആഗോളവത്കരണ കാലത്തെ ലിംബിക് ക്യാപ്പിറ്റലിസത്തിലും കാണപ്പെടുന്നത്. ചൂഷണത്തിന്റെ ഏറ്റവും മനുഷ്യത്വരഹിത രൂപമായ അടിമത്തത്തിനെതിരെ പോരാടാൻ മനുഷ്യാവകാശ പ്രവർത്തകരുണ്ടായിരുന്നു. എന്നാൽ, പിൽക്കാലത്ത്, സാമൂഹ്യതിന്മകൾക്കെതിരെ പോരാടുന്നവർ വിപണികേന്ദ്രിത സമ്പദ്-വ്യവസ്ഥയുടെ പ്രത്യാക്രമണം നേരിടേണ്ടി വരുന്നു. ക്ഷേമരാഷ്ട്ര (Welfare State) സങ്കല്പം വിപണിയുടെ അതിവിപുലീകരണത്തിന് മുൻതൂക്കം നൽകിയപ്പോൾ സ്വാതന്ത്ര്യമുൾപ്പടെയുള്ള എല്ലാ മാനവിക മൂല്യങ്ങളും പിന്തള്ളപ്പെട്ടുപോയി. നവലിബറലിസത്തിന്റെ വിപണിവേദാന്തവും ആസക്ത ജനസഞ്ചയത്തിന്റെ സൃഷ്ടിയും പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.
പകർച്ചവ്യാധിപോലെ മയക്കുമരുന്ന് വ്യാപിക്കുന്നത് തടയാൻ നിയമത്തിന്റെ നിയന്ത്രണങ്ങളും ശക്തിയും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ, ജനകീയ പ്രതിരോധം വളർന്നു വരേണ്ടതാവശ്യമാണെന്ന വാദമാണ് ഡേവിഡ് കോർട്ട്റൈറ്റ് ഉയർത്തുന്നത്. കേവലമായ മാനുഷിക മൂല്യബോധത്തിന്റെ അടിസ്ഥാനത്തിൽ ആസക്തികളിൽ മൂലധന നിക്ഷേപം നടത്തുന്നവരെ എതിർക്കുന്നവരുണ്ട്. അതുപോലെ, സോഷ്യലിസ്റ്റ് ചിന്താഗതിയോടെ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ആഗോളവത്കരണത്തെ എതിർക്കുന്നവരുമുണ്ട്. തിന്മയുടെ ആഗോള വാണിജ്യ ഭീകരതയെ എതിർത്തു തോല്പിക്കാൻ സംഘടിത സമരം ആവശ്യമാണെന്ന് കോർട്ട് റൈറ്റ് വീറോടെ വാദിക്കുന്നു. മയക്കുമരുന്നു മാഫിയാ ശക്തികൾക്കെതിരെ നിയമ നടപടികളും വ്യാപകമായ ചെറുത്തുനില്പും സംഘടിത ജനകീയ സമരങ്ങളും ഏകോപിപ്പിക്കണമെന്ന് അദ്ദേഹം അടിവരയിടുന്നു. ♦