Wednesday, April 2, 2025

ad

Homeഗുജറാത്ത്‌ സ്റ്റോറീസ്‌വ്യാജന്മാർ വാഴുന്ന ഗുജറാത്ത് മോഡൽ

വ്യാജന്മാർ വാഴുന്ന ഗുജറാത്ത് മോഡൽ

സത്യേഷ ലെയുവ, നിതീഷ് നാരായണൻ

ഗുജറാത്ത് സ്റ്റോറീസ് – 3

ക്കഴിഞ്ഞ ജനുവരി 30 നാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽ ‘സദ്ഭരണ’ത്തെ സംബന്ധിച്ച ദേശീയ സമ്മേളനം ചേർന്നത്. അതിൽ പങ്കെടുത്ത കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ‘ഗുജറാത്ത് ഭരണ മാതൃക’യെ വാനോളം പുകഴ്ത്തുകയും അതാണ് രാജ്യം മുഴുവൻ അനുകരിക്കപ്പെടേണ്ടതെന്ന് ആവശ്യപ്പെടുകയും ചെയ്തു. മോദിയെ അളവില്ലാതെ വാഴ്ത്താനുള്ള വേദിയാക്കിയും അദ്ദേഹം ആ സമ്മേളനത്തെ മാറ്റി. രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ, ഇതേ ഗാന്ധിനഗറിലാണ് ഒരാൾ വർഷങ്ങളോളം വ്യാജ കോടതി പ്രവർത്തിപ്പിച്ചത് മാസങ്ങൾക്ക് മുൻപ് പുറം ലോകമറിഞ്ഞത്. 2019 മുതൽ അഞ്ച് വർഷക്കാലം നൂറിലധികം കേസുകളാണ് വ്യാജമായി കോടതിയുണ്ടാക്കി ഒരു ക്രിമിനൽ അതിൽ ജഡ്ജിയായി സ്വയം അവരോധിച്ച് തീർപ്പാക്കിയത്. അതിൽ ഭൂരിപക്ഷവും ഭൂമി ഇടപാടുകളായിരുന്നു. കേസിൽ അനുകൂലമായ വിധി നൽകാനായി എന്ന പേരിൽ കക്ഷികളിൽ നിന്നും അയാൾ ലക്ഷക്കണക്കിന് തുക കൈവശപ്പെടുത്തുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടവർ അനവധിയാണ്. അയാളുടെ ഇരകളിൽ ഭൂരിപക്ഷവും ദുർബല വിഭാഗത്തിൽപെട്ടവരായിരുന്നു. ഭരണ നിർവഹണത്തിലെ ‘മാതൃക’യായ ഗുജറാത്തിലെ പൊലീസ് സംവിധാനത്തിനോ ഭരണനേതൃത്വത്തിനോ ഇങ്ങനെയൊരു വ്യാജ കോടതിയുണ്ടെന്ന് സംശയിക്കാൻ പോലും സാധിച്ചില്ല. ഒടുവിൽ ജില്ലാ കളക്ടറെക്കൂടി ഉൾക്കൊള്ളുന്ന ഒരു വിധി വ്യാജ കോടതിയിൽ നിന്നും തയ്യാറാക്കിയതിനെ തുടർന്നാണ് ഈ തട്ടിപ്പ് പിടിക്കപ്പെടുന്നത്!

ഇങ്ങനൊക്കെ ലോകത്തെവിടെയെങ്കിലും നടക്കുമോ എന്ന് സംശയം തോന്നാം. ഒരൽപ്പം ജാഗ്രതയുള്ള ഭരണസംവിധാനവും പൊലീസും പൗരസമൂഹവുമുള്ള ഒരിടത്തും ഇത്രയും കാലം നീണ്ട തട്ടിപ്പ് സാധ്യമല്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകും. എന്നാൽ ഗുജറാത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. വ്യാജന്മാർ കയറിപ്പറ്റാത്ത ഏതെങ്കിലും മേഖല ബാക്കിയുണ്ടെങ്കിലാണ് നമ്മൾ ആശ്ചര്യപ്പെടേണ്ടത്.

ഗാന്ധിനഗറിലെ വ്യാജ കോടതിയും ന്യായാധിപനും ഒടുവിൽ പിടിയിലായതിനു തൊട്ടുമുൻപത്തെ രണ്ട് മാസങ്ങളിൽ മൂന്ന് വ്യാജ ഉദ്യോഗസ്ഥരാണ് സൂറത്ത് ജില്ലയിൽ മാത്രം സമാനമായ തട്ടിപ്പുകൾ നടത്തിവരുന്നതായി ലോകമറിഞ്ഞത്. കസ്റ്റംസ് ഓഫീസറായി ചമഞ്ഞ് നടന്നിരുന്ന ഹിമാൻഷു റായിയും ഐ പി എസ് ഓഫീസറായി വേഷം കെട്ടിയ പ്രദീപ് പട്ടേലും വ്യാജ സി ഐ ഡി ഓഫീസറായ തരുൺ ബട്ടും ആയിരുന്നു നീണ്ടകാലം തട്ടിപ്പിന് തിരക്കഥ തയ്യാറാക്കി നടപ്പിലാക്കിയത്. ഗുജറാത്തിന്റെ ഡയമണ്ട് നഗരം എന്നാണ് സൂറത്ത് അറിയപ്പെടുന്നത്. ഏതെല്ലാം തരത്തിലുള്ള ഇടപാടുകളും പിടിച്ചുപറികളുമായിരിക്കും ഈ വ്യാജ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ടാവുക എന്നത് ആലോചിക്കാവുന്നതേയുള്ളൂ. പണം തട്ടിയെടുക്കാൻ മാത്രമല്ല സ്ത്രീകളെ പീഡിപ്പിക്കാനും തരുൺ ബട്ട് സി ഐ ഡി ഓഫീസറുടെ വേഷം ഉപയോഗിച്ചുവത്രേ.

പ്രകാഷ് നായക് എന്നൊരാൾ ആരവല്ലി ജില്ലയിലെ ഡെപ്യൂട്ടി കളക്ടറായാണ് വ്യാജവേഷത്തിൽ വിലസിയത്. നിരക്ഷരരും സാങ്കേതികവും നിയമപരവുമായ കാര്യങ്ങളിൽ അറിവില്ലാത്തവരുമായ മനുഷ്യരാണ് പലപ്പോഴും ഇത്തരം കൊടിയ തട്ടിപ്പുകൾക്ക് ഇരകളാവുക. പലരും പിടിക്കപ്പെടുന്നത് സമൂഹത്തിലും അധികാരസ്ഥാപനങ്ങളിലും പിടിപാടുള്ള ചിലർ അവരുടെ കെണിയിൽപെടുമ്പോഴാണ്. അല്ലാത്തവരെല്ലാം സാധാരണക്കാരെ പലതരത്തിൽ വഞ്ചിച്ച് ഇപ്പോഴും വാഴുന്നുണ്ടാകും.

സുപ്രധാന പദവികളിൽ തട്ടിപ്പും വഞ്ചനയുമായി നടക്കുന്ന വ്യാജന്മാർ നിസാരരാണെന്ന് കരുതേണ്ട. പലരും ബി ജെ പിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്. സി ബി ഐ ഓഫീസറായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് നടന്നതിനു പിടിയിലായ ഹിതേഷ്വർസിങ് മോറിയെന്നയാൾ സുരേന്ദ്രനഗർ നഗരസഭയിലെ ബി ജെ പിയുടെ കൗൺസിലർ ആയിരുന്നു. ഭരത് ചബ്ദ എന്നൊരാൾ കേന്ദ്ര ഏജൻസിയിലെ ഉദ്യോഗസ്ഥനായി നടിക്കുകയും ബി ജെ പി നേതാക്കന്മാർക്കൊപ്പമുള്ള ഫോട്ടോകൾ കാണിക്കുകയും ചെയ്താണ് നിരവധി ആളുകളിൽ നിന്നും ധനം അപഹരിച്ചത്. ബി ജെ പി സർക്കാരിനുകീഴിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായി സ്വയം അവതരിച്ച് നടക്കുകയായിരുന്നു സുരേഷ് ഘോഷ് എന്ന ക്രിമിനൽ. ഇതിനെല്ലാമപ്പുറം, പ്രധാനമന്ത്രിയുടെ ഓഫീസിലെ തന്നെ ‘അടുത്ത ബന്ധം’ അവകാശപ്പെട്ടാണ് സഞ്ജയ് ഷെർപൂരിയെന്നയാൾ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയത്. ഉന്നതങ്ങളിലെ രാഷ്ട്രീയ ബന്ധവും അയാൾ പ്രദർശിപ്പിച്ചു. ഗുജറാത്തിൽ നിന്നുതന്നെയുള്ള കിരൺ പട്ടേൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് മാസങ്ങളോളം കബളിപ്പിച്ചത് ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെയാണ്. വ്യാജ വേഷത്തിൽ ഉന്നതമായ പൊലീസ് സംരക്ഷണവും ഔദ്യോഗിക പ്രോട്ടോക്കോളുമെല്ലാം ഇയാൾ നേടിയെടുത്തു. ഗുജറാത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനികളായി ചമയുകയും ബി ജെ പി നേതാക്കളുമായുള്ള അടുത്ത ബന്ധം കാണിച്ച് പണം തട്ടുകയും ചെയ്ത സംഭവങ്ങൾ വേറെയുമുണ്ട്. ജാം നഗറിലെ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു പ്രതിയെ മോചിപ്പിക്കാൻ ആവശ്യപ്പെടാൻ നികുഞ്ജ് പട്ടേൽ എന്നയാൾ ഉപയോഗിച്ചത് ഇതേ വിദ്യയായിരുന്നു.

ഇഡിയുടെയും ദേശീയ അന്വേഷണ ഏജൻസിയുടെയും ഉദ്യോഗസ്ഥരായി വേഷം കെട്ടിയവരാണ് യഥാക്രമം ഓം വീർ സിങ്ങും ഗുൻജൻ കന്താരിയയും. പുന്യാദേവ് റായ് അറസ്റ്റുചെയ്യപ്പെട്ടത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉന്നതാധികാരിയായി തട്ടിപ്പുകൾ നടത്തിയതിനായിരുന്നു. അതും ഗാന്ധിനഗറിൽ തന്നെ. ദാഹോദ് ജില്ലയിലെ ബൊദേലിയിൽ വ്യാജ ഭരണകാര്യാലയം സ്ഥാപിച്ച് 21.15 കോടി രൂപ തട്ടിയെടുത്ത കാര്യം പുറത്തുവന്നത് കഴിഞ്ഞ ഒക്ടോബറിലാണ്.

കഴിഞ്ഞ രണ്ട് വർഷത്തിനകം മാത്രം പുറത്തുവന്ന ഗുജറാത്തിലെ വ്യാജന്മാരുടെ ലിസ്റ്റ് പൂർണമായും പ്രസിദ്ധീകരിക്കാൻ സ്ഥലപരിമിതി അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് മുതൽ ദേശീയ ഏജൻസികളും മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും കളക്ടറേറ്റും കോടതിയും ഉൾപ്പടെ വ്യാജന്മാരുടെ തട്ടിപ്പിനിരയാകാത്ത അധികാര പദവികൾ ഒന്നുമില്ലെന്നു തന്നെ പറയാം. പുറത്തുവന്നതിലുമെത്രയോ അധികമാകും ഇപ്പോഴും ഗുജറാത്തിൽ യഥേഷ്ടം വിലസുന്ന തട്ടിപ്പുകാരും വ്യാജ സംവിധാനങ്ങളും. ഗുജറാത്തിലെ ഔദ്യോഗിക സംവിധാനങ്ങളും ഭരണനിർവഹണ സ്ഥാപനങ്ങളും എങ്ങനെയെല്ലാം അധ:പതിച്ചിരിക്കുന്നുവെന്നതിന്റെ ജീർണിച്ച കാഴ്ചകളാണ് ഈ വ്യാജന്മാരുടെ വാഴ്ചയിൽ കാണുന്നത്. ഈ ഗുജറാത്തിനെ മാതൃകയാക്കണമെന്നാണ് കേന്ദ്രമന്ത്രിമാർ മുതൽ കോർപ്പറേറ്റുകൾ വരെ പാടിപ്പുകഴ്ത്തുന്നത്. ഒരു ഭരണസംവിധാനത്തിന് എങ്ങനെയെല്ലാം ദുഷിക്കാം എന്നതിന്റെ പാഠമായി വേണമെങ്കിൽ ബി ജെ പി സർക്കാരിന്റെ കാലത്തെ ഗുജറാത്തിനെ ലോകത്തെ ആർക്കും പഠിക്കാവുന്നതാണ്. ഗാന്ധിയുടെ നാട് വ്യാജന്മാർ കയ്യേറിയിരിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 1 =

Most Popular