Thursday, January 9, 2025

ad

Homeപുസ്തക പരിചയംമുസ്ലിംലീഗും മൗദൂദിസ്റ്റുകളും 
തുറന്നുകാട്ടപ്പെടുമ്പോൾ

മുസ്ലിംലീഗും മൗദൂദിസ്റ്റുകളും 
തുറന്നുകാട്ടപ്പെടുമ്പോൾ

എ എം ഷിനാസ്

2024 ഒടുവില്‍ പ്രസിദ്ധീകൃതമായ പി ജയരാജന്റെ ശ്രദ്ധേയമായ ഗ്രന്ഥത്തില്‍, (കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്-ലാം) രണ്ടു പതിറ്റാണ്ടു മുന്‍പ് മുസ്-ലിം ലീഗിന്റെ മുഖപത്രത്തില്‍ ‘ജമാഅത്തെ ഇസ്ലാമി : ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്’ എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖന പരമ്പരയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പരിശുദ്ധ നെയ്യ് ആയ മുസ്ലിം സംഘടന എന്ന സ്വമേല്‍വിലാസത്തില്‍, മുസ്ലിം ജനസാമാന്യത്തെ മൊത്തത്തില്‍ മൂടല്‍മഞ്ഞിലാക്കാന്‍ തീവ്രയത്ന പരിപാടിയിലേര്‍പ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന മതരാഷ്ട്ര സംഘടനയുടെ ഇരട്ടത്താപ്പിന്റെയും നയരാഹിത്യത്തിന്റെയും സംഘപരിവാര്‍ ബാന്ധവത്തിന്റെയും വര്‍ഗീയþതീവ്രവാദ നിലപാടുകളുടെയും ചെളിക്കുണ്ടിലേക്ക് അന്ന് (2005) ‘ചന്ദ്രിക’ ചാപല്യമൊട്ടുമില്ലാതെ ചുഴിഞ്ഞിറങ്ങി. ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം അതിനുമുന്‍പ് മുസ്ലിംലീഗിന് മനസ്സിലാകാതിരുന്നതുകൊണ്ടൊന്നുമല്ല, മൂര്‍ച്ചയുള്ള പരിഹാസശരങ്ങളും സൈദ്ധാന്തികമായ വിമര്‍ശവിചാരങ്ങളുമുള്ള ആ പരമ്പര പ്രസിദ്ധീകരിച്ചത്. അതിന്റെ രാഷ്ട്രീയ സന്ദര്‍ഭം പി ജയരാജന്‍ വ്യക്തമാക്കുന്നു: ‘‘മതേതര ചിന്താഗതിക്കാരും മുസ്ലിം സമുദായത്തിലെ മതനിരപേക്ഷവാദികളും ജമാഅത്തെ ഇസ്ലാമിയെ സൈദ്ധാന്തികമായും പ്രായോഗികമായും നേരത്തെതന്നെ തുറന്നു കാട്ടിയിരുന്നു. ‘മാധ്യമം’ ദിനപത്രം വഴിയുള്ള പ്രചാരണവും സമുദായത്തിലെ ഒരുവിഭാഗം യുവാക്കള്‍ക്കിടയിലെ തീവ്രവാദസമീപനവും അറബി ഭാഷാധ്യാപകര്‍ക്കിടയിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനവും തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒഴുക്കിക്കൊണ്ടുപോകുന്നത് എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും മുസ്ലിംലീഗിനുമുണ്ടായി’’.

2009ല്‍ തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ ജോസഫിനുനേരെ നടന്ന വധശ്രമത്തെ തുടര്‍ന്ന് വര്‍ഗീയതയ്-ക്കെതിരെ കേരളത്തില്‍ ഉയര്‍ന്നുവന്ന പൊതുവികാരം മുസ്ലിംലീഗ് ഉള്‍ക്കൊള്ളുകയും അതിന്റെ നേതൃത്വത്തില്‍ മതതീവ്രവാദത്തിനെതിരെ ഏഴ് മത സംഘടനകളെ ക്ഷണിച്ച് കോട്ടയ്ക്കലില്‍ യോഗം ചേരുകയും ചെയ്തു. ഈ യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമിയെ അടുപ്പിച്ചില്ല എന്ന പരമാര്‍ഥം പറയവേ, എന്തുകൊണ്ട് മൗദൂദിസ്റ്റുകളെ ഒഴിവാക്കി എന്ന കാരണം ജയരാജന്‍ എഴുതുന്നു: ‘‘അധ്യാപകന്റെ കൈവെട്ടുകേസിലേക്ക് നയിച്ച പ്രചാരണങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വയായ ‘മാധ്യമം’ ദിനപത്രമായിരുന്നു. മുസ്ലിംലീഗ് വഴി സമുദായത്തിന്റെ വക്താക്കളായി മാറാന്‍ കിണഞ്ഞുശ്രമിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഇത് വന്‍തിരിച്ചടിയായിരുന്നു.’’

തുടര്‍ന്ന് മധ്യനിര മൗദൂദിസ്റ്റായ സി. ദാവൂദ്, മാധ്യമം ദിനപത്രത്തില്‍ ലീഗിന്റെ വര്‍ഗീയവിരുദ്ധതയെ പരിഹസിച്ചുകൊണ്ടെഴുതിയ ‘തീവ്രവാദത്തിനെതിരെ കോട്ടയ്ക്കല്‍ കഷായം’ (2010, ഓഗസ്റ്റ്, 3) എന്ന ലേഖനത്തിന്റെ ഉള്ളടക്കം പി. ജയരാജന്‍ പരിശോധിക്കുന്നു. 1947 ലെ ഡയറക്ട് ആക്ഷനിലൂടെ നടത്തിയ കൂട്ടക്കൊലയും (1948 മാര്‍ച്ചില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ ആ ഹത്യയും ദാവൂദ് കെട്ടിവെക്കുന്നു !) മാറാട് വര്‍ഗീയ കൂട്ടക്കൊലയും ബേപ്പൂരിലും വടകരയിലുമുണ്ടാക്കിയ ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യവുമെല്ലാം ലീഗിന്റെ വര്‍ഗീയ മനക്കൂട്ടിന്റെ നിദര്‍ശനങ്ങളായി നിരത്തുന്ന ദാവൂദ്, കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ വര്‍ഗീയവിഷം വളര്‍ത്തിയത് വഹാബിസ്റ്റുകളും സലഫികളുമായ മുജാഹിദ് സംഘടനകളാണെന്നും സന്ദിഗ്ധഘട്ടങ്ങളില്‍ അധികാരാര്‍ത്തി ആവേശിച്ച മുസ്ലിംലീഗ്, സ്വത്വബോധമുള്‍ക്കൊണ്ട് സമുദായത്തെ നയിക്കാന്‍ നിരുത്സാഹം കാണിച്ചതാണ് മുസ്ലീങ്ങളില്‍ ചിലരില്‍ അരക്ഷിതബോധവും നിരാശയും ഉണ്ടാക്കി തീവ്രവാദ ആശയധാരകളിലേക്ക് ആനയിച്ചതെന്നും ദാവൂദ് തുടര്‍ന്നെഴുതുന്നു. ഉടനെ രൂപീകരിക്കാന്‍ പോകുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയഹസ്തമായ വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള സൂചനകളും ഈ മധ്യനിര മൗദൂദിസ്റ്റിന്റെ ലേഖനത്തിലുണ്ട്. ആഗോളതലത്തില്‍ തന്നെ, പേരുകളില്‍ വ്യത്യസ്തമെങ്കിലും സത്തയില്‍ സമാനമായ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മൗദൂദി വികസിപ്പിച്ചു പടര്‍ത്തിയ ഹിംസാത്മക രാഷ്ട്രീയ പ്രത്യയശാസ്ത്രം തൂണും തണലുമായതെങ്ങനെ എന്ന കാര്യം ദാവൂദിന് അറിയാഞ്ഞിട്ടൊന്നുമല്ല.

മൗദൂദിയുടെ ആദ്യകൃതിയായ ‘അല്‍ ജിഹാദുഫില്‍ ഇസ്ലാം’ (1927), ‘ജിഹാദ്’ എന്ന പേരില്‍ ദാവൂദിന്റെ പ്രിയങ്കര പുസ്തകപ്രസാധനശാലയായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്ലാമിലെ ജിഹാദിനെ മതഭ്രാന്തിന്റെയും മതമൗലികവാദത്തിന്റെയും ഇതരമതദ്വേഷത്തിന്റെയും രണോത്സുക പ്രത്യയശാസ്ത്രമായി പരിവര്‍ത്തിപ്പിച്ച്, ഇന്നു കാണുന്ന ജിഹാദിസമാക്കി മാറ്റിയതില്‍ മൗദൂദിയും ഈജിപ്ഷ്യന്‍ ഇസ്ലാമിസ്റ്റായ സയ്യിദ് ഖുതുബും വഹിച്ച പങ്കിനെപ്പറ്റി ഒട്ടേറെ ഇസ്ലാമിക പണ്ഡിതര്‍ പലപാട് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ‘ജിഹാദ്’ എന്ന പുസ്തകത്തിന്റെ ആദ്യതാളുകളില്‍തന്നെ വളച്ചുകെട്ടില്ലാതെ പറയുന്നത്, ‘‘ജിഹാദ് സത്യവിശ്വാസികളുടെ നിര്‍ബന്ധബാധ്യതയാണെന്നും മുസ്ലിം സമുദായത്തിന്റെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹണ’’മാണെന്നുമാണ്. ജിഹാദ് ഇസ്ലാമിന്റെ മൂലതത്ത്വങ്ങളിലൊന്നാണെന്നും അവിച്ഛിന്നഘടകമാണെന്നും അടിവരയിട്ടു പറഞ്ഞ മൗദൂദി, ജിഹാദിനെ ഇസ്ലാമിന്റെ ആരൂഢമാക്കുകയും ‘അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം’ എന്ന ആത്യന്തിക ലക്ഷ്യത്തിനുവേണ്ടി സത്യവിശ്വാസികള്‍ സര്‍വസ്വവും ബലികഴിച്ച് നടത്തുന്ന സമരമാണ് ജിഹാദ് എന്നും എഴുതുന്നു. ഇതെല്ലാം മൂത്ത മൗദൂദിസ്റ്റുകള്‍ക്കും മധ്യനിര മൗദൂദിസ്റ്റുകള്‍ക്കും മനഃപാഠമാണ്.

വെല്‍ഫെയര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പുഗോദയിലേക്കിറങ്ങിയ രാഷ്ട്രീയസാഹചര്യം മുസ്ലിംലീഗിനെ മനംമാറ്റിയതെങ്ങനെ എന്ന് ജയരാജന്‍ വിശദീകരിക്കുന്നു : ‘‘2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി നിന്ന് ശക്തി തെളിയിച്ച ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി, തങ്ങള്‍ അവഗണിക്കാനാവാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് മുസ്ലിംലീഗിനെ ഓര്‍മിപ്പിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിജയിക്കാനായില്ലെങ്കിലും അവരുടെ വോട്ടുകള്‍ ക്രോഡീകരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും അഗണ്യകോടിയില്‍ തള്ളി അവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനും അവരുടെ വോട്ട് യുഡിഎഫിലെത്തിക്കാനും കിണഞ്ഞു ശ്രമിച്ചു. ഇതൊരവസരമായി കണ്ട ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രചാരണങ്ങളിലും യു.ഡി.എഫിനുവേണ്ടി യുദ്ധമുഖത്തേക്കിറങ്ങി’’.

മുസ്ലിംലീഗിന്റെ ഹ്രസ്വകാലലക്ഷ്യം മതരാഷ്ട്രവാദികളുടെ മമതയും വോട്ടും സമ്പാദിക്കുകയായിരുന്നു. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരമമായ ലക്ഷ്യം, മുസ്ലിംലീഗ് എന്ന പാര്‍ട്ടിയെ കേരളത്തില്‍നിന്നു കെട്ടുകെട്ടിച്ച് ഇല്ലാതാക്കുകയും ആ രാഷ്ട്രീയ ഇടം കവര്‍ന്നെടുക്കുകയും ചെയ്യുക എന്നതാണ്. ലീഗിനെ പരിക്ഷീണമാക്കി നാമാവശേഷമാക്കിയാല്‍ മാത്രമേ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കേരളത്തില്‍ സ്വപ്നസമാനമായ ‘വെല്‍ഫെയര്‍’ കൈവരുകയുള്ളൂ. അധികാരദുര ഒരു ഭാഗത്തും തങ്ങളുടെതന്നെ അസ്തിത്വശോഷണത്തെക്കുറിച്ചുള്ള വിചാരശൂന്യത മറുഭാഗത്തും സമ്മേളിച്ചപ്പോള്‍ ഹ്രസ്വകാലലക്ഷ്യമായ അധികാരം ലീഗിന്റെ മുന്‍ഗണനാപട്ടികയില്‍ വന്നു. മുസ്ലിംലീഗിന്റെ അസ്തിത്വവും വ്യക്തിത്വവും വലിച്ചെടുത്തു വറ്റിക്കുന്ന മലിനജലവാഹിനിയായ വര്‍ഗീയ–തീവ്രവാദ സ്വരൂപത്തെയാണ് ആ പാര്‍ട്ടി സര്‍വാത്മനാ പരിരംഭണം ചെയ്തത്. ഈ പ്രക്രിയയുടെ ആദ്യ പ്രതിഫലനമായി പുറത്തുവരിക മുസ്ലിംലീഗിന്റെ ‘ജമാഅത്ത്-വത്കരണം’ (Jamaatification) എന്ന പ്രതിഭാസരൂപമാണ്.

ജമാഅത്ത്‌വത്കരണം
1970 കളുടെ ഉത്തരാര്‍ധത്തിലും 1980 കളുടെ പ്രഥമപാദത്തിലും ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി ഭാഗഭാക്കായ സഖ്യമുന്നണികള്‍ക്ക് എന്തു സംഭവിച്ചു എന്നു നോക്കിയാല്‍ ജമാഅത്ത്-വത്കരണത്തിന്റെ ജനിതകം മനസ്സിലാക്കാന്‍ എളുപ്പമാണ്. 1976 ലാണ് ‘ഇസ്ലാമിക് ഡെമോക്രാറ്റിക് ലീഗ്’ (ഐ.ഡി.എല്‍) എന്ന പേരില്‍ ബംഗ്ലാദേശിലെ വിവിധ മുസ്ലിംപാര്‍ട്ടികളുടെ കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. താമസംവിനാ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും ഈ രാഷ്ട്രീയസഖ്യത്തില്‍ ചേര്‍ന്നു. ഐ.ഡി.എല്‍ എന്ന രാഷ്ട്രീയമുന്നണിക്ക് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ആ കൂട്ടായ്മ കൊഴിഞ്ഞുപോകാനുള്ള മുഖ്യകാരണം, ജമാഅത്തെ ഇസ്ലാമിയുടെ വരുതിയിലേക്ക് അതിനെ കൊണ്ടുവരാന്‍ ശ്രമിച്ചതാണെന്ന് ബി.എം.എം. കബീര്‍ എഴുതുന്നു : ‘‘ഇസ്ലാമിക് ഡെമോക്രാറ്റിക് ലീഗിലെ മറ്റു ഘടകകക്ഷികള്‍ താന്താങ്ങളുടെ സംഘടനാപരമായ സ്വത്വങ്ങള്‍ ഐ.ഡി.എല്‍ രൂപവത്കരണത്തോടെ പിരിച്ചുവിടുമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയാകട്ടെ അതിന്റെ സ്വതന്ത്ര സംഘടനാസംവിധാനം സമര്‍ത്ഥമായി നിലനിര്‍ത്തുകയും ഐ.ഡി.എല്ലിനെ തങ്ങളുടെ രാഷ്ട്രീയ കാര്യപരിപാടികള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുകയും ചെയ്തു. മാത്രമോ, ഐ.ഡി.എല്‍ നെ സമ്പൂര്‍ണ്ണമായി ജമാഅത്തിന്റെ നിയന്ത്രണത്തിലാക്കാനും ശ്രമിച്ചു’’. (ബി.എം.എം. കബീര്‍, പൊളിറ്റിക്സ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫ് ദ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ്, എ.എച്ച്. ഡെവലപ്മെന്റ് പബ്ലിഷിങ് ഹൗസ്, ഡാക്ക, 2006). 1980 കളില്‍ ‘ഇത്തിഹാദുല്‍ ഉലമ’ എന്ന പേരില്‍ ബംഗ്ലാദേശിലെ മതപണ്ഡിതരുടെ ഒരു കൂട്ടായ്മ സ്ഥാപിക്കപ്പെട്ടു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും ഇതിലുണ്ടായിരുന്നു. എന്നാല്‍ ഇത്തിഹാദുല്‍ ഉലമയെ ജമാഅത്തെ ഇസ്ലാമിയുടെ മറ്റൊരു മുന്നണിയാക്കാന്‍ ശ്രമിച്ചതാണ് അതിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് എം.എന്‍. ഇസ്ലാമും എം.എസ്. ഇസ്ലാമും എഴുതുന്നു. (എം.എന്‍. ഇസ്ലാം ആന്‍ഡ് എം.എസ് ഇസ്ലാം, ഇസ്ലാം ആന്‍ഡ് ഡെമോക്രസി ഇന്‍ സൗത്ത് ഏഷ്യ : ദ കേസ് ഓഫ് ബംഗ്ലാദേശ്, പാല്‍ഗ്രേവ് മക്മില്ലന്‍, സ്വിറ്റ്സര്‍ലന്റ്, 2020). ദിയോബന്ദി സെമിനാരിയുമായും പിര്‍ പാരമ്പര്യവുമായും ബന്ധം പുലര്‍ത്തിയിരുന്ന ബംഗ്ലാദേശിലെ ഇസ്ലാമിക സംഘടനകളൊന്നും ജമാഅത്തെ ഇസ്ലാമിയെ ശുദ്ധവും യഥാര്‍ഥവുമായ ഒരു ഇസ്ലാമിക പാര്‍ട്ടിയായി പരിഗണിച്ചിരുന്നില്ല; ഇപ്പോഴും പരിഗണിക്കുന്നില്ല. കാരണം, അവയുടെ നോട്ടത്തില്‍, ഇസ്ലാം മതവുമായി ബന്ധപ്പെട്ട പ്രേരണകളല്ല, മറിച്ച് അധികാര രാഷ്ട്രീയത്തിന്റെ ഏകോദ്ദേശ്യമാണ് ജമാഅത്തെ ഇസ്ലാമിക്കുണ്ടായിരുന്നത്. അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കുകയും മൗദൂദി വിഭാവനം ചെയ്ത ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ എല്ലാ ജമാഅത്തെ ഇസ്ലാമികളുടെയും പരമമായ ലക്ഷ്യം. ഇപ്പോഴാകട്ടെ, മുഹമ്മദ് യൂനുസ് മുന്നില്‍നിന്ന് നയിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ സ്വദേശþവിദേശകാര്യ നയസമീപനങ്ങള്‍ ആവിഷ്കരിക്കുന്നത് വിദ്യാര്‍ഥി പ്രക്ഷോഭകാരികളല്ല, ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയും ബിഎന്‍പി എന്ന മൃദു ഇസ്ലാമിസ്റ്റ് ദേശീയപാര്‍ട്ടിയും ചേര്‍ന്നാണ്.

അരനൂറ്റാണ്ടു മുന്‍പ് ബംഗ്ലാദേശില്‍ നടന്ന കാര്യങ്ങള്‍ സൂചിപ്പിച്ചത്, തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് ഭരണാധികാരിയായ റെജബ് തയ്യിപ് എര്‍ദോഗന്‍ 2020 ജൂലൈ മാസത്തില്‍ ഇസ്താംബൂളിലെ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചപ്പോള്‍ മുസ്ലിംലീഗിലെ സമുന്നത നേതാക്കളിലൊരാളിലൂടെ പുറത്തുവന്ന ഹര്‍ഷാരവവും അതിന്റെ അന്തര്‍ധാരയായി പ്രവര്‍ത്തിച്ച ഇസ്ലാമിസ്റ്റ് (ജമാഅത്ത്) മതമൗലികവാദവും അല്പം വിശദീകരിക്കാനാണ്. ആറാം നൂറ്റാണ്ടില്‍ പണി പൂര്‍ത്തിയായ ഹാഗിയ സോഫിയ ഒരു ഗംഭീര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ദേവാലയമായിരുന്നു വെന്നും 1453 ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ ഇസ്താംബൂള്‍ കീഴടക്കിയപ്പോള്‍ അതിനെ മുസ്ലിം ദേവാലയമാക്കി മാറ്റിയതാണെന്നും ഒന്നാം ലോകയുദ്ധാനന്തരം സെക്കുലര്‍ റിപ്പബ്ലിക് ആയി മാറിയ തുര്‍ക്കി, 1935 ലാണ് അത് മ്യൂസിയമാക്കി മാറ്റിയതെന്നുമൊക്കെയുള്ള കാര്യങ്ങള്‍ മുസ്ലിംലീഗ് നേതാവായ സാദിഖ് അലി തങ്ങള്‍ക്ക് അജ്ഞാതമൊന്നുമായിരിക്കാനിടയില്ല. എര്‍ദോഗന്‍ എന്ന ഇസ്ലാമിസ്റ്റിനെ താലോലിച്ചുപോരുന്ന ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ ‘മാധ്യമം’ എര്‍ദോഗന്റെ ഈ പള്ളിയാക്കല്‍ പ്രഖ്യാപനത്തെ പ്രഘോഷിച്ചുകൊണ്ട് മുഖപ്രസംഗമോ ലേഖനപരമ്പരയോ എഴുതിയാല്‍ ആര്‍ക്കും അല്പംപോലും അത്ഭുതമുണ്ടാകുമായിരുന്നില്ല. എന്നാല്‍, സാദിഖ് അലി തങ്ങള്‍ തന്റെ പാര്‍ട്ടിയുടെ ‘സ്വന്തം ചന്ദ്രിക’യില്‍ തന്നെയാണ് ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളെ പുളകിതരാക്കിയ ഈ പള്ളിപ്രഖ്യാപനത്തെ പുകഴ്ത്തി ലേഖനമെഴുതിയത്. ഇന്ത്യയിലെ എല്ലാ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും പോലെ, 1991 ലെ ആരാധനാലയസ്ഥല സംരക്ഷണ നിയമം അതേപോലെ നിലനില്‍ക്കണമെന്നും ആ നിയമം ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തിന്റെ അടിപ്പടവുകളിലൊന്നാണെന്നും നിലപാടുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. 1992 ലെ ബാബ്റി മസ്ജിദ് ധ്വംസനം ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച വിധ്വംസകവൃത്തിയാണെന്ന കാര്യത്തിലും മുസ്ലിംലീഗിന് മറ്റൊരഭിപ്രായമുണ്ടാകില്ല. ബാബ്റി മസ്ജിദ് തച്ചുതകര്‍ത്തിടത്തുതന്നെ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ 2019 ലെ അസാധാരണമായ സുപ്രിംകോടതി വിധിന്യായത്തിലും മതനിരപേക്ഷവാദികള്‍ക്കുള്ളതുപോലെ മുസ്ലിംലീഗിനും അതൃപ്തിയുണ്ട് എന്ന കാര്യവും വ്യക്തമാണ്. തുര്‍ക്കിയിലെയും ലോകത്തിലെ ഇതര ഭാഗങ്ങളിലെയും ഇസ്ലാമിസ്റ്റുകളുടെ നിരന്തരമായ ആവശ്യമായിരുന്നു ഹാഗിയ സോഫിയ മ്യൂസിയത്തെ പള്ളിയാക്കി വീണ്ടും മാറ്റണം എന്നത്. തന്റെ ഇസ്ലാമിസ്റ്റ് വോട്ടുബാങ്ക് നിലനിര്‍ത്താനും വികസിപ്പിക്കാനും മുസ്ലിം ‘ഉമ്മത്തി’ന്റെ (ആഗോള മുസ്ലിം സമുദായം) അനിഷേധ്യനേതാവ് താനാണെന്ന് വിളംബരം ചെയ്യാനും എര്‍ദോഗന്‍ നടത്തിയ ഈ കുത്സിത രാഷ്ട്രീയനീക്കത്തെ ‘മതേതരത്വവും ബഹുസ്വരതയും നാനാത്വ’വുമെല്ലാം മുറുകെപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാവ് കയ്യടിച്ച് സ്വാഗതം ചെയ്തത് വിരോധാഭാസമാണ്. ലീഗിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ‘ജമാഅത്ത്-വത്കരണ’ത്തിന്റെ മുന്തിയ ദൃഷ്ടാന്തമായിരുന്നു ഏറെ വിവാദമുണ്ടാക്കിയ ആ ചന്ദ്രിക ലേഖനം.

പുസ്തകശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് വിമര്‍ശബുദ്ധ്യാ ചര്‍ച്ച ചെയ്യവേ, രാഷ്ട്രീയ ഇസ്ലാം, അതിന്റെ ‘തന്ത്രകുശലസൃഗാല’രൂപമായ കേരള ജമാഅത്തെ ഇസ്ലാമി, മുസ്ലിം സ്ത്രീകളുടെ മുന്നേറ്റം, കേരളത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആദിയായ വിഷയങ്ങളും പി.ജയരാജന്‍ ആഴത്തില്‍ അപഗ്രഥിക്കുന്നു. ‘മുസ്ലിംലീഗും കേരളരാഷ്ട്രീയവും’ എന്ന അധ്യായത്തില്‍ ഇന്ത്യയിലെ വഖഫ് ഭരണം, വഖഫ് ബോര്‍ഡ് വിവാദങ്ങള്‍, വഖഫ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവയെപ്പറ്റി സൂക്ഷ്-മമായി പഠനമനനം തന്നെ നടത്തുന്നു, ഗ്രന്ഥകാരന്‍. ഇപ്പോള്‍ കത്തിനില്‍ക്കുന്ന (കത്തിച്ചുനിര്‍ത്തുന്ന) മുനമ്പം പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വഖഫ് സംബന്ധിയായ വസ്തുതകള്‍ കൂലങ്കഷമായി വിവരിക്കുന്ന ഈ അധ്യായം വായനക്കാര്‍ക്ക് വഴിവിളക്കാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − five =

Most Popular