തമിഴ്നാട്ടിലെ മധുര വൻജനകീയ പ്രതിഷേധത്തിന് ഈയിടെ സാക്ഷ്യംവഹിക്കുകയുണ്ടായി. വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനെയും ഉപജീവനത്തെയും ഗുരുതരമായി ബാധിക്കുന്ന ടങ്‌സ്റ്റൺ ഖനനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. 5000ത്തോളം ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ ഭൂമിയെ സാരമായി ബാധിക്കുന്ന ഈ പദ്ധതി കൃഷി, മേച്ചിൽപ്പുറങ്ങൾ, പ്രദേശത്തിന്റെ സാമൂഹ്യ‐സാമ്പത്തിക ഘടന എന്നിവയ്‌ക്കുണ്ടാകാനിടയുള്ള വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്കയ്‌ക്കിടയാക്കിയിരിക്കുകയാണ്. സിപിഐ എമ്മിന് കീഴിൽ സംഘടിപ്പിച്ച റാലിക്ക് പാർട്ടി തമിഴ്‌നാട് സെക്രട്ടറിയേറ്റംഗവും മധുര എം പിയുമായ സു വെങ്കിടേശൻ ഉൾപ്പെയുള്ള പ്രമുഖ നേതാക്കൾ നേതൃത്വം നൽകി.
ജനങ്ങളുടെ ക്ഷേമത്തിന്റെ ചെലവിൽ കോർപ്പറേറ്റുകളുടെ ലാഭാർത്തിക്കുവേണ്ടിയുള്ള പദ്ധതിക്കെതിരായ ഈ ചെറുത്തുനിൽപ്പിൽ കർഷർ, തൊഴിലാളികൾ, ആക്ടിവിസ്റ്റുകൾ, പ്രദേശവാസികൾ തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളിലുള്ളവർ അണിചേർന്നു. തീക്ഷ്‌ണമായ മുദ്രാവാക്യങ്ങളും ആവേശംകൊള്ളിച്ച പ്രസംഗങ്ങളുംകൊണ്ട് നിറഞ്ഞുനിന്ന പ്രതിഷേധപരിപാടി, തങ്ങളുടെ അവകാശങ്ങളും പൈതൃകവും ഉപജീവനവും സംരക്ഷിക്കാനുറച്ച ജനങ്ങൾക്കിടയിൽ വളർന്നുവരുന്ന അസംതൃപ്‌തിയെ അടിവരയിടുന്നു.
ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗത്തിനുപാധിയായ ഫലഭൂയിഷ്‌ടമായ കൃഷിഭൂമിയും വയലേലകളും മേച്ചിൽപ്പുറങ്ങളുംകൊണ്ട് വിശാലമായ പ്രദേശത്താണ് നിർദിഷ്ട ഖനനപദ്ധതി ആരംഭിക്കുന്നത്. ഇവിടത്തെ കൃഷിക്കാരുടെയും കാലിമേയ്‌ക്കുന്നവരുടെയും നിലനിൽപ്പുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഭൂമിയാണിത്. കുടിയിറക്കലിന്റെയും വരുമാനമില്ലാതാക്കലിന്റെയും ഭീഷണിയിലാണ് ഇവിടുത്തുകാർ.
‘‘മധുരയിലെ ഫലഭൂയിഷ്ടമായ ഈ ഭൂമി വളരെക്കാലമായി അവിടത്തെ ജനങ്ങളുടെ ജീവനാഡിയാണ്’’‐ പ്രതിഷേധത്തിൽ പങ്കെടുത്തയാൾ പറഞ്ഞു. ‘‘ഈ പദ്ധതി ഞങ്ങളുടെ ഉപജീവനം മാത്രമല്ല, ഭാവിതലമുറയ്‌ക്ക് കൈമാറേണ്ടതായ പൈതൃകവും കവർന്നെടുക്കും’’.
പദ്ധതി വരുത്തിവെക്കാനിടയാക്കുന്ന തിരുത്താനാകാത്ത പാരിസ്ഥിതികനാശത്തെ സംബന്ധിച്ച് പരിസ്ഥിതിപ്രവർത്തകരും ആശങ്കയുയർത്തുന്നു. ഇത്തരത്തിലുള്ള വലിയതോതിലുള്ള ഖനനപ്രവർത്തനങ്ങൾ പ്രകൃതിദത്തമായ ജലവിതാനത്തെ തടസ്സപ്പെടുത്തുകയും മണ്ണിന്റെ ഗുണനിലവാരം നശിപ്പിക്കുകയും ചെയ്യും. അത് വനങ്ങൾ ഇല്ലാതാക്കുന്നതിലേക്ക് നയിക്കും. ഇതെല്ലാം ഇതിനകംതന്നെ ദുർബലമായിത്തീർന്ന ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ കൂടുതൽ വഷളാക്കും.
പ്രശ്‌നത്തിന്റെ ഗൗരവം നിരന്തരം ഉന്നയിച്ചിരുന്ന ശക്തമായ നേതൃസംഘമാണ് പ്രതിഷേധത്തിന് മുൻകൈയെടുത്തത്. പാരിസ്ഥിതിക നീതിക്കായും ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയും ശക്തമായി വാദിക്കുന്ന സു വെങ്കിടേശൻ സമരത്തിന്റെ മുന്നണിയിൽ തന്നെയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സാമുവൽ രാജ്, മധുര അർബൻ ജില്ലാ സെക്രട്ടറി കെ ഗണേശൻ, മധുര റൂറൽ ജില്ലാ സെക്രട്ടറി എം കെ രാജേന്ദ്രൻ എന്നിവർ ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.
മധുര ഡെപ്യൂട്ടി മേയർ ടി നാഗരാജനോടൊപ്പം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ പൊന്നുതൈ, എസ് ബാല എന്നിവരും പരിപാടി സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കുഹിച്ചു. ദുരിതബാധിതരായ ജനങ്ങൾക്കൊപ്പം ചേർന്നുനിൽക്കാനുള്ള ഐക്യദാർഢ്യത്തിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം അവർ അടയാളപ്പെടുത്തി.
പൗരരുടെ ക്ഷേമത്തേക്കാൾ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന സംസ്ഥാന‐കേന്ദ്ര സർക്കാരുകളെ സു വെങ്കിടേശൻ ശക്തമായി വിമർശിച്ചു. ലാഭാർത്തിക്കുവേണ്ടിയുള്ള സംരംഭങ്ങൾക്കുവേണ്ടി മധുരയിലെ ജനങ്ങളുടെ ഭൂമി തരിശുഭൂമിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകളാണ് ആളുകളെ ശക്തമായ പ്രതിഷേധത്തിൽ അണിനിരക്കാൻ പ്രചോദനമായത്.
പ്രതിഷേധത്തിന്റെ കാതൽ, വികസനവും അതിന് മനുഷ്യർ നൽകേണ്ട വിലയും എത്രയെന്ന അടിസ്ഥാന ചോദ്യമാണ്. ടങ്‌സ്റ്റൺ ഖനനപദ്ധതിയുടെ വക്താക്കൾ അതുണ്ടാക്കാൻ പോകുന്ന സാമ്പത്തിക നേട്ടങ്ങൾ ഉയർത്തിക്കാണിക്കുമ്പോൾ മറുവശത്ത് ഇത് ബാധിക്കുന്ന സമൂഹങ്ങൾ അതിനായി അവർ നൽകേണ്ടിവരുന്ന വില തങ്ങൾക്ക് സ്വീകാര്യമല്ലെന്നു വാദിക്കുന്നു. കുടിയൊഴിപ്പിക്കലും തൊഴിൽനഷ്ടവും പാരിസ്ഥിതിക തകർച്ചയും അതിന്റെ അമൂർത്തമായ അനന്തരഫലങ്ങളല്ല മറിച്ച് ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതയാഥാർഥ്യങ്ങളാണവ.
‘‘വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും ജനകേന്ദ്രിതവുമായിരിക്കണം’’‐ കെ സാമുവൽരാജ് ഊന്നിപ്പറഞ്ഞു. എന്നാൽ അത് ബാധകമാകുന്ന സമൂഹത്തിന്റെ ചെലവിലാകരുത് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി അടിയന്തരമായി നിർത്തിവെക്കണമെന്നും ജനങ്ങളുടെ അവകാശങ്ങളും ഉപജീവനമാർഗവും അപകടത്തിലാക്കാത്ത പാരിസ്ഥിതിക സുസ്ഥിര വികസനമാർഗങ്ങളിൽ സർക്കാർ കേന്ദ്രീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മധുരയിൽ നടന്ന പ്രതിഷേധപ്രകടനത്തിലെ വൻ ജനപങ്കാളിത്തം, കൂട്ടായ ചെറുത്തുനിൽപ്പിന്റെ ശക്തിയുടെ തെളിവാണ്. പ്രതികൂല സാഹചര്യങ്ങളിൽ നിശ്ശബ്ദരാകാനോ പിൻവലിയാനോ തയ്യാറല്ലാത്ത ഒരു സമൂഹത്തിന്റെ അജയ്യമായ ആവേശത്തെയാണ് ഇത് ഉയർത്തിക്കാട്ടുന്നത്. ഈ പ്രതിഷേധറാലി കേവലം വിയോജിപ്പിന്റെ പ്രകടനമല്ല, മറിച്ച് നീതി, തുല്യത എന്നിവയ്‌ക്കായുള്ള ആഹ്വാനം കൂടിയായിരുന്നു.
പ്രതിഷേധം ശക്തമായ വേളയിൽ സ. എം ഗവേശൻ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി: ‘‘ഇത് മധുരയ്‌ക്കുവേണ്ടിയുള്ള പോരാട്ടമല്ല; തങ്ങളുടെ ഭൂമിയുടെ പവിത്രതയിലും, അതിലെ ജനങ്ങളുടെ അവകാശങ്ങളിലും അവരുടെ ഭാവിയിലും വിശ്വസിക്കുന്ന ഈ രാജ്യത്തെ ഓരോരുത്തർക്കുംവേണ്ടിയുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ, നമുക്ക് നമ്മുടെ സ്വത്വമില്ലാതാകും’’.
വികസനം, പാരിസ്ഥിതിക സുസ്ഥിരത, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾ എന്നിവയെ സംബന്ധിച്ച വലിയ സംവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് മധുരയിലെ നിർദ്ദിഷ്ട ടങ്‌സ്റ്റൺ ഖനനപദ്ധതി. അനുഭവസമ്പന്നരായ നേതാക്കളുടെ മുൻകൈയിൽ നടന്ന, ജനങ്ങളുടെ അചഞ്ചലമായ ദൃഢനിശ്ചയത്താൽ ഊർജം പകർന്ന പ്രതിഷേധം നയകർത്താക്കൾക്കും വമ്പർ കോർപ്പറേഷനുകൾക്കും ശക്തമായ സന്ദേശമാണ് നൽകിയത്, ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കാനാകില്ല എന്ന സന്ദേശം.
സമരം മുന്നേറുമ്പോഴും, സർക്കാർ പൗരരുടെ ആവശ്യങ്ങൾ ചെവിക്കൊള്ളുമോ അതോ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ ഉറച്ചുനിൽക്കുമോ എന്നത് കണ്ടുതന്നെയറിയണം. എന്തായാലും ഒരു കാര്യം തീർച്ചയാണ്, മധുരയിലെ ജനങ്ങൾ ഒറ്റക്കെട്ടായിരിക്കുകയാണ്; അവരുടെ ചെറുത്തുനിൽപ്പ് അനീതിക്കും ചൂഷണത്തിനുമെതിരെ പൊരുതുന്നവർക്ക് പ്രതീക്ഷയുടെ വെളിച്ചമേകുന്നു. l