സ്വകാര്യവൽക്കരണത്തിനെതിരെ ഡിസംബർ 30ന് രാജ്യത്തുടനീളം വൈദ്യുതി ജീവനക്കാർ ഉച്ചയ്‌ക്ക് 12 മണി മുതൽ 1 മണിവരെ ‘‘ഒരു മണിക്കൂർ’’ പണിമുടക്ക് നടത്തി. ഇതോടൊപ്പം ചണ്ഡീഗഢിലും തെലങ്കാനയിലും വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ സമരം ചെയ്യുന്ന, വൈദ്യുതിമേഖലയിലെ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ ഐക്യദാർഢ്യ പ്രകടനങ്ങളും നടന്നു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്‌ഐ) ആണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. നാഷണൽ കോ‐ഓർഡിനേഷൻ കമ്മിറ്റി ഓഫ് എംപ്ലോയീസ് ആന്റ് എഞ്ചിനിയേഴ്‌സ് (എൻസിസിഒഇഇ) അത് ഏറ്റെടുക്കുകയും ചെയ്‌തു. സൂചനാ പണിമുടക്കിനെത്തുടർന്ന് ഇഇഎഫ്‌ഐ രാഷ്‌ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.
ചണ്ഡീഗഢിലെയും യുപിയിലെയും പവർമാൻമാർ നടത്തുന്ന ധീരമായ പോരാട്ടത്തിന്റെ തുടർച്ചയാണ് ദേശീയതലത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധം. മാതൃകാപരമായി പ്രവർത്തിക്കുന്ന ചണ്ഡീഗഢിലെ പബ്ലിക് പവർ യൂട്ടിലിറ്റികൾ ഒരു സ്വകാര്യ കന്പനിക്ക് തുച്ഛവിലയ്‌ക്ക് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് അവിടത്തെ ജീവനക്കാരുടെ പ്രതിഷേധം. വാർഷിക ശരാശരി 250 കോടി രൂപയുടെ ലാഭമുള്ള, അത്രയും ഉയർന്ന മൂല്യമുള്ള പബ്ലിക് പവർ യൂട്ടിലിറ്റി വെറും 174.63 കോടി രൂപയ്‌ക്കാണ് ലേലം നൽകിയത്.
ഉത്തർപ്രദേശിലെ പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡും (പിവിവിഎൻഎൽ) ദക്ഷിണാഞ്ചൽ വിദ്യുത് വിതരൺ നിഗം ലിമിറ്റഡും (ഡിവിഎൻഎൽ) സമാനമാംവിധം സ്വകാര്യവൽക്കരണത്തിലൂടെയുള്ള ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്. ഇവ രണ്ടിലുമായി 66,000 കോടി രൂപയുടെ ബില്ലുകളാണ് പിരിച്ചെടുക്കാനുള്ളത്. ഇവ സ്വകാര്യമേഖലയ്‌ക്ക് കൈമാറിയാൽ അത് അവർക്ക് ലഭിക്കും.
അഖിലേന്ത്യാ സൂചനാ പണിമുടക്കിനെത്തുടർന്ന് തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയല്ല, പകരം എസ്‌മ പ്രയോഗിക്കുകയും പൊതുപ്രകടനങ്ങൾ നിരോധിക്കുകയുമാണ് ചണ്ഡീഗഢിലെയും യുപിയിലെയും ബിജെപി സർക്കാരുകൾ ചെയ്‌തത്.
പണിമുടക്കിൽ രാജ്യത്തൊട്ടാകെ വൈദ്യുതി ജീവനക്കാർ വലിയതോതിൽ പങ്കെടുത്തു. കേരളത്തിൽ 90 ശതമാനം ജീവനക്കാരും പണിമുടക്കി. ഹിമാചൽ പ്രദേശിൽ 63 ഓഫീസുകളിലായി നടന്ന സമരങ്ങളിൽ 10,000ത്തോളം പേർ പങ്കെടുത്തു. പഞ്ചാബിൽ 10,000 ജീവനക്കാരും ഹരിയാനയിൽ 3500 പേരും ആന്ധ്രപ്രദേശിൽ 500 പേരും ആസാമിൽ 350 പേരും പണിമുടക്കുകയോ പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കുകയോ ചെയ്‌തു. തെലങ്കാനയിൽ 31 ജില്ലകളിലായി 4000ത്തോളം ജീവനക്കർ പണിമുടക്കി.
ഓൾ ഇന്ത്യാ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷന്റെ ബാനറിൽ റോഡ് ട്രാൻസ്‌പോർട്ട് തൊഴിലാളികളും രാജ്യത്തെ വൈദ്യുതിമേഖലയിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തി. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി സമരംചെയ്യുന്ന ജീവനക്കാർക്കൊപ്പം സജീവമായി നിൽക്കാൻ എല്ലാ ട്രേഡ് യൂണിയൻ സംഘടനകളോടും ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ ഇത്തരം ജനവിരുദ്ധ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നിലവിലെ സമരത്തെ എത്തിക്കാൻ ശേഷിയും നിശ്ചയദാർഢ്യവും വൈദ്യുതി ജീവനക്കാർക്കുണ്ട് എന്ന് ഇഇഎഫ്‌ഐ ജനറൽ സെക്രട്ടറി പ്രശാന്ത് ചൗധരി ഓർമിപ്പിച്ചു. l