Sunday, December 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെവേതനവർധനയ്‌ക്കായി ആശ വർക്കർമാരുടെ സമരം

വേതനവർധനയ്‌ക്കായി ആശ വർക്കർമാരുടെ സമരം

കെ ആർ മായ

മിനിമം വേതനം 26000 രൂപയാക്കുക, മാന്യമായ തൊഴിൽസാഹചര്യം, പെൻഷൻ എന്നീ അടിസ്ഥാന അവകാശങ്ങൾ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തുടനീളം ആയിരക്കണക്കിന്‌ ആശ വർക്കർമാർ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒത്തുചേർന്നു. ഇതാദ്യമായല്ല ഡൽഹിയിൽ ഇവർ സമരങ്ങൾ നടത്തുന്നത്‌. മേൽപറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ ദേശീയാടിസ്ഥാനത്തിലും പ്രാദേശികമായും നിരന്തരം സമരം നടത്തിവരികയായിരുന്നു. ഓരോ തവണയും ആവശ്യങ്ങൾ അംഗീകരിക്കുമെന്ന വാഗ്‌ദാനമല്ലാതെ നാളിതുവരെയും അവയൊന്നും നടപ്പാക്കപ്പെട്ടിട്ടില്ല.

രാജ്യത്തെ ആരോഗ്യസുരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലായി മാറിയ ആശാ വർക്കർമാരെ ഇന്നും തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. പകരം അവരെ ഇന്നും കണക്കാക്കുന്നത്‌ സനനദ്ധപ്രവർത്തകരായിട്ടാണ്‌. എന്നാൽ പലപ്പോഴും ഇവർ കഠിനമായ തൊഴിൽസാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടതായി വരുന്നു. ഉത്തരാഖണ്ഡുപോലെ ആവർത്തിച്ച്‌ പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന പ്രദേശങ്ങളിൽ ജോലിചെയ്യുന്നത്‌ ഏറെ ദുഷ്‌കരമാണ്‌. പ്രത്യേകിച്ച്‌ പശ്ചാത്തലസൗകര്യ വികസനം തീരെയില്ലാത്ത ഗ്രാമങ്ങളിൽ പ്രവർത്തിക്കുമ്പോൾ. എന്നാൽ ഇത്രയേറെ ബുദ്ധിമുട്ടുകൾക്കിടയിലും മാസങ്ങളോളം പണിയെടുത്താലും ആശ വർക്കർക്ക്‌ പ്രതിമാസം ലഭിക്കുന്നത്‌ 2500 രൂപ മാത്രമാണ്‌. ഒരു നിർമാണത്തൊഴിലാളിക്കുപോലും ദിവസക്കൂലി 700 രുപ ലഭിക്കുമ്പോഴാണിതെന്നോർക്കണം. 2010ൽ ആരംഭിച്ച ദേശീയ ആരോഗ്യദൗത്യം (NHM) ആശാ വർക്കർമാർക്ക്‌ ഒരു തുക ഇൻസെന്റീവായി നിശ്ചയിച്ചു. എന്നാൽ ഇന്ന്‌ വിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോൾ വേതനം 60 ശതമാനം കുറവായാണ്‌ സാമ്പത്തികവിദഗ്‌ധർ വിലയിരുത്തുന്നത്‌. എന്നിട്ടും യൂണിയൻ സർക്കാർ ഇക്കാര്യത്തിൽ ഒരു പരിഷ്‌കരണത്തിനും തയ്യാറായിട്ടില്ല, മറിച്ച്‌ വാഗ്‌ദാനങ്ങൾക്കാകട്ടെ ഒരു കുറവുമില്ല. കോവഡ്‌ മഹാമാരിക്കാലത്ത്‌ ജീവൻ പണയംവെച്ചും ആശ വർക്കർമാർ കഠിനപ്രയത്നം നടത്തിയപ്പോൾ സർക്കാർ പല വാഗ്‌ദാനങ്ങളും മുന്നോട്ടു വെക്കുകയുണ്ടായി. എന്നാൽ അതൊന്നും പാലിക്കപ്പെടാതെ ഇപ്പോഴും ഈ വിഭാഗം അവഗണന നേരിടുകയാണ്‌. ഈയൊരു സാഹചര്യത്തിലാണ്‌ ആശ വർക്കേഴ്‌സ്‌ ആന്റ്‌ ഫെസിലിറ്റേഴ്‌സ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ആശ വർക്കർമാരുടെ പ്രതിഷേധം സംഘടിപ്പിച്ചത്‌.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 10 ലക്ഷത്തോളം വരുന്ന ആശ വർക്കർമാരെ പ്രതിനിധീകരിച്ച്‌ 1500 ആശ വർക്കർമാരാണ്‌ പാർലമെന്റ്‌ സമ്മേളനത്തിനിടെ പ്രതിഷേധിച്ചത്‌. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തെ സ്വകാര്യവൽക്കരിക്കുകയും ആശ പ്രവർത്തകരെ പീസ്‌ റേറ്റ്‌ തൊഴിലാളികളായി കണക്കാക്കുകയും ചെയ്യുന്ന ബിജെപി സർക്കാരിനുള്ള മുന്നറിയിപ്പാണ്‌ ഈ പ്രതിഷേധസമരം. ഇതുകൊണ്ടും മോദി സർക്കാർ വേണ്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കർഷകപ്രതിഷേധം പോലെ സമാനമായ പ്രക്ഷോഭമാർഗം സ്വീകരിക്കേണ്ടിവരുമെന്നും സിഐടിയു മുന്നറിയിപ്പ്‌ നൽകുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular