ഇക്കണോമിക് നോട്ട്‌ബുക്ക്‐ 67
2024ൽ ഇന്ത്യയുടെ ആഭ്യന്തരോല്പാദനം 4 ട്രില്യൺ ഡോളറാണ് (ഏതാണ്ട് 330 ലക്ഷം കോടി രൂപ). ജനസംഖ്യയാകട്ടെ 1.4 ബില്യൺ. ഇതുവെച്ച് കണക്കാക്കുകയാണെങ്കിൽ ഒരു ഇന്ത്യക്കാരന്റെ ശരാശരി പ്രതിശീർഷ വരുമാനം 2800 ഡോളറാണ്. ഒരു താരതമ്യത്തിന് പറയുകയാണെങ്കിൽ പ്രതിശീർഷവരുമാനം നമുക്ക് വളരെ അടുത്തറിയാവുന്ന ചില രാജ്യങ്ങളിൽ ഇപ്രകാരമാണ്. അമേരിക്കയിൽ 83000 ഡോളർ, സിംഗപ്പൂർ 89,370, ഖത്തർ 71,568, ഓസ്ട്രേലിയ 65,966, ജർമ്മനി 55,521, ബ്രിട്ടൻ 52,423, ദക്ഷിണ കൊറിയ 36,132, സൗദി അറേബ്യ 32,881, ചിലി 16,365, ചൈന 12,969, ബ്രസീൽ 10,296, ഭൂട്ടാൻ 4,068. 192 രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യയുടെ സ്ഥാനം 141 ആണ്, ദരിദ്രരായ ആഫ്രിക്കൻ രാജ്യങ്ങൾക്കും തെക്കനേഷ്യൻ രാജ്യങ്ങൾക്കുമൊപ്പം. എന്നാൽ ഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതനിലവാരത്തെ ഒരർത്ഥത്തിലും പ്രതിഫലിപ്പിക്കുന്ന ഒന്നല്ല ഈ കണക്ക് എന്നതാണ് യഥാർത്ഥ വസ്തുത.
ഒരു രാജ്യത്തെ ജനങ്ങളുടെ ശരാശരി ജീവിതനിലവാരത്തെ സൂചിപ്പിക്കുന്ന സ്ഥിതിവിവരകണക്കാണ് പ്രതിശീർഷ വരുമാനം എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ ശരാശരി പ്രതിശീർഷ വരുമാനക്കണക്ക് യഥാർത്ഥ സാമൂഹിക സാമ്പത്തിക നിലവാരത്തെ വളരെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു സൂചികയാണ് എന്നതാണ് യാഥാർഥ്യം. ഇതെങ്ങിനെയാണെന്ന് സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. വളരെ ലളിതമായ ഒരുദാഹരണം വെച്ചുകൊണ്ട് ഈ സമസ്യയെ മനസിലാക്കാൻ ശ്രമിക്കാം. ഒരു രാജ്യത്ത് ആകെ 10 പേർ മാത്രമാണ് ഉള്ളതെന്ന് വിചാരിക്കുക. ഇവരുടെ പേരുകൾ അ, ആ, ഇ, ഉ, ഋ, എ, ഏ, ഒ, ക, ഖ എന്നും വരുമാനം 10000, 8000, 5000, 3000, 2000, 1000, 500, 300, 200, 100 രൂപ വീതമാണെന്നും സങ്കൽപ്പിക്കുക. അപ്പോൾ രാജ്യത്തെ ആകെ വരുമാനം 30100, ശരാശരി വരുമാനം 3010. ഈ കണക്ക് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനത്തെയും ജീവിത നിലവാരത്തെയും സൂചിപ്പിക്കുന്ന ഒന്നാണോ? തീർച്ചയായും അല്ല എന്ന് മനസിലാക്കാൻ ഈ കണക്കുകളെ ഒന്നുകൂടി വിശദമായി പരിശോധിച്ചാൽ മതി. വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യത്തെ മൂന്നുപേരുടെ കാര്യമെടുക്കുക. അവരുടെ മൊത്തം വരുമാനം 23000, ശരാശരി വരുമാനം 7667. ബാക്കി വരുന്ന 7 പേരുടെ മൊത്തം വരുമാനം 7100, ശരാശരി വരുമാനം 1014. അതായത് 70 ശതമാനം പേരും ജീവിക്കുന്നത് ശരാശരി 1014 ഡോളർ പ്രതിശീർഷ വരുമാനത്തിലാണ്. അതിലും താഴെ വരുന്ന 50 ശതമാനം പേരുടെ കാര്യമെടുക്കുക.അവരുടെ 2100 , ശരാശരി വരുമാനം 420. എത്ര ഭയാനകമാംവിധമാണ് സ്ഥിവിവര കണക്കുകൾ മാറിമറിയുന്നതെന്ന് നോക്കുക. ഇനി ഇതിലും താഴേക്കുവന്നാൽ, ഏറ്റവും താഴെത്തട്ടിൽ കഴിയുന്ന 4 പേരുടെ വരുമാനം കേവലം 1100ഉം ശരാശരി വരുമാനം വെറും 275ഉം മാത്രമാണെന്ന് കാണാം.
മേൽ സൂചിപ്പിച്ച സാങ്കൽപ്പിക കണക്കുകൾക്ക് ഏതാണ്ട് സമാനമാണ് 140 കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിലെ സ്ഥിതിയും. 2024 മാർച്ചിൽ പ്രസിദ്ധീകരിച്ച ലോക അസമത്വ റിപ്പോർട്ടിൽ പറയുന്ന വസ്തുതകൾ ഇപ്രകാരമാണ്. 2014‐-15നും 2022‐ -23നുമിടയിൽ ഏറ്റവും മുകൾത്തട്ടിലുള്ളവരിലേക്ക് സമ്പത്ത് കേന്ദ്രീകരിക്കുന്ന പ്രവണത അതിരൂക്ഷമായി. 2022‐-23ൽ ഏറ്റവും മുകൾത്തട്ടിലുള്ളവർ രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 22.6 ശതമാനവും, സമ്പത്തിന്റെ 40.1ശതമാനവും കയ്യടക്കിവെച്ചിരിക്കുന്നു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അസമത്വ നിരക്കുകളാണ്. അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ ഉള്ളതിനേക്കാൾ കൂടിയ നിരക്കിലാണ് ഏറ്റവും മുകൾ തട്ടിലെ ഒരു ശതമാനം പേർ വരുമാനവും സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്നത്.
2022‐-23ലെ കണക്കുകൾ പ്രകാരം മുതിർന്ന പൗരരായ 92 ഇന്ത്യക്കാരുടെ ശരാശരി വാർഷിക വരുമാനം 2.34 ലക്ഷമാണ്. താഴെ തട്ടിൽ കഴിയുന്ന 50 ശതമാനത്തിന്റേത് 71163 (മാസ വരുമാനം 5930 രൂപ), വരുമാനശ്രേണിയിൽ മധ്യതട്ടിൽ കഴിയുന്നവരുടേത് 165273. ഏറ്റവും മുകൾത്തട്ടിൽ കഴിയുന്ന 10 ശതമാനത്തിന്റേത് 13 .52 ലക്ഷം. ഏറ്റവും മുകൾത്തട്ടിലുള്ള 1 ശതമാനത്തിന്റേത് 53 ലക്ഷം. ഇതിന്റെ കൂടെ ഏറ്റവും മുകൾത്തട്ടിൽ കഴിയുന്ന 0.1 ശതമാനം കടന്നുവന്നാൽ വരുമാനം 2 .24 കോടിയും, 0.0 1 ശതമാനം കൂടി (92234 പേർ) വന്നാൽ 10.18 കോടിയും, 0.001 ശതമാനം (9223 പേർ) കൂടെ കൂട്ടിയാൽ 48.51 കോടിയും ആകും. ഇത്തരത്തിൽ അസമത്വം കൊടികുത്തിവാഴുന്ന ഒരു രാജ്യത്തെ മൊത്തം ആഭ്യന്തരോല്പാദനം 5 ട്രില്യൺ ഡോളറാകുമെന്നും ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നും പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്?
പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ പോലും ആകെയുള്ള 193 രാജ്യങ്ങളിൽ 141‐ാം സ്ഥാനമാണ് നമുക്കുള്ളത്. അതിനെത്തന്നെ മേൽപറഞ്ഞ പ്രകാരം തട്ടുകളാക്കി തിരിച്ചാൽ മഹാഭൂരിപക്ഷത്തിന്റെയും വരുമാനം പ്രതിമാസം 6000 രൂപ മാത്രമാകും. ഡോളർ നിരക്കിൽ പ്രതിശീർഷ വരുമാനം കേവലം 847 ഡോളർ മാത്രമാകും.
ലോകത്തെ ഏറ്റവും ദരിദ്രരാഷ്‌ട്രങ്ങളായ സബ്സഹാറൻ ആഫ്രിക്കയിലെ വരുമാനനിരക്കുകൾക്കൊപ്പമോ അതിനേക്കാൾ കുറവോ ആണിത്.
സാമൂഹിക സാമ്പത്തിക ശ്രേണിയിൽ താഴെത്തട്ടിൽ കഴിയുന്ന ഇന്ത്യക്കാരന്റെ ശരാശരി സാമ്പത്തിക വരുമാനം സബ് സഹാറൻ ആഫ്രിക്കയിലേതിന് തുല്യമാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അതിഗുരുതരമായ സാമ്പത്തിക അസമത്വത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന നമ്മുടെ രാജ്യത്തെ യാഥാർഥ്യങ്ങളെക്കുറിച്ച് ഏതൊരാളുടെയും കണ്ണുതുറപ്പിക്കാൻപോന്ന വസ്തുത കൂടിയാണിത്. നിയോലിബറൽ സാമ്പത്തിക മാതൃകകൾ സൃഷ്ടിക്കുന്ന അരക്കില്ലങ്ങൾ ഏതുനിമിഷമാണ് കത്തിച്ചാമ്പലാവുക എന്ന് ആർക്കും പ്രവചിക്കാനാവില്ല എന്ന് ശ്രീലങ്കയിലും ബംഗ്ലാദേശിലും അങ്ങ് ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിലുമൊക്കെയുണ്ടായ വിപ്ലവകരമായ രാഷ്ട്രീയ ചലനങ്ങൾ ചൂണ്ടിക്കാട്ടുന്നു. l