ജര്‍മനിയിലേക്കുള്ള ക്ലാര സെത്കിന്റെ ഈ തിരിച്ചുവരവ് ഏറെ പ്രധാനപ്പെട്ടതായി; അവര്‍ വില്ല്യം ലീബ്നെക്റ്റ് അടക്കമുള്ള തന്റെ പഴയ സഖാക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടി. ലീപ്‌സിഗില്‍വച്ചു നടന്ന ഒരു രഹസ്യയോഗത്തിലാണ് ക്ലാര ആദ്യമായി ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്നത്. ക്ലാരയുടെ ഈ പ്രസംഗത്തിന് വന്‍പ്രചാരം ലഭിക്കുകയും, മൂന്നുമാസക്കാലത്തെ ജര്‍മന്‍ വാസത്തില്‍ ക്ലാര അനവധിവേദികളില്‍ സംസാരിക്കുകയും ചെയ്തു. ഈ വേദികളിലെ ക്ലാരയുടെ പ്രസംഗങ്ങളില്‍ അഗസ്ത് ബെബലിന്റെ അക്കാലത്തിറങ്ങിയ ‘വിമണ്‍ ആന്റ് സോഷ്യലിസം’ എന്ന പുസ്തകം വലിയ സ്വാധീനം ചെലുത്തിയിരുന്നു. സ്ത്രീസമൂഹത്തിന്റെ കീഴാളപദവി ചരിത്രപരമായ വികാസത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും അത് സ്വാഭാവികവും സാധാരണവുമായ സ്ഥായിയായ അവസ്ഥയാണെന്നുമുള്ള ബൂര്‍ഷ്വാസിദ്ധാന്തത്തെ വെല്ലുവിളിച്ചുകൊണ്ട് അഗസ്ത് ബെബല്‍ ജയിലില്‍ കിടന്ന കാലത്ത് എഴുതിയതായിരുന്നു ആ പുസ്തകം. സ്ത്രീയുടെ കീഴാളപദവിയുടെ അടിസ്ഥാനം രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതിയുടെ ലാഭക്കൊതിയാണ് എന്നു വസ്തുതാപരമായി ചൂണ്ടിക്കാണിക്കുന്ന ബെബല്‍ “ലിംഗപരമായ സ്വാതന്ത്ര്യവും സമത്വവും ഉണ്ടാകാതെ മനുഷ്യരാശിയുടെ മോചനം സാധ്യമല്ല’ എന്ന് വസ്തുതകള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്. ക്ലാരയില്‍ ഈ പുസ്തകം ആഴത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു; അവരുടെ പ്രസംഗങ്ങളിലും എഴുത്തുകളിലും അത് നിറഞ്ഞുനിന്നു. അതേസമയം തന്നെ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍, ഈ പുസ്തകത്തിന്റെ പരിമിതികളെയും വളരെ കൃത്യമായി ക്ലാര കണ്ടിരുന്നു; എന്നാല്‍ “ഈ പുസ്തകത്തെ അതിന്റെ നല്ലവശമോ കുറവുകളോ നോക്കിയിട്ടല്ല, മറിച്ച് അതെഴുതപ്പെട്ട കാലത്തെവച്ചാണ് വിലയിരുത്തേണ്ടത്. ഒരു പുസ്തകം എന്നതിനപ്പുറം അത് ഒരു വലിയ സംഭവമായിരുന്നു, ഒരു വലിയ പ്രവൃത്തിയായിരുന്നു’ എന്നാണ് ക്ലാര പറഞ്ഞത്.
മൂന്നു മാസത്തെ ലീപ്‌സിഗ് വാസത്തിനുശേഷം ക്ലാര പാരീസില്‍ തിരിച്ചെത്തുമ്പോള്‍, ഒസിപ് സെത്കിന്റെ അവസ്ഥ അത്യധികം ഗുരുതരമായിരുന്നു. നട്ടെല്ലിന് ക്ഷയരോഗം ബാധിച്ച അദ്ദേഹം അപകടകരമായ അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ മുന്നോട്ടുപോക്കിനാവശ്യമായ മാര്‍ഗം കണ്ടെത്തുന്നതിനോടൊപ്പം ഒസിപ് സെത്കിന്റെ പരിചരണവും ക്ലാരയ്ക്ക് തനിച്ചു നോക്കേണ്ടിവന്നു. പക്ഷേ ഫലമുണ്ടായില്ല. 1889 ജനുവരിയില്‍ ഒസിപ് സെത്കിന്‍ മരണത്തിനു കീഴടങ്ങി. സാമ്പ്രദായികമായ ചട്ടങ്ങളൊന്നും തന്നെ വകവയ്ക്കാതെ മാനസികവും ആശയപരവുമായ ഐക്യം കൊണ്ടുമാത്രം ഒന്നായവര്‍. പ്രബുദ്ധവും വിപ്ലവകരവുമായ പ്രണയത്തിന്റെ ഉടമകള്‍. പത്തുവര്‍ഷത്തോളം നീണ്ട ഒരുമിച്ചുള്ള ജീവിതത്തിനൊടുവില്‍ ക്ലാര സെത്കിന്റെ ജീവിതത്തില്‍ നിന്നും ഒസിപ് സെത്കിന്‍ എന്നേക്കുമായി വിടവാങ്ങി.
തന്റെ ജീവിതപങ്കാളിയുടെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്നും വിടുതല്‍ നേടുന്നതിനു മുന്‍പുതന്നെ, 1889 ജൂലൈ 14നു പാരീസില്‍ വച്ചു നടത്താനിരുന്ന രണ്ടാം ഇന്റര്‍നാഷണലിന്റെ സ്ഥാപക കോണ്‍ഗ്രസിന്റെ സംഘാടകസമിതിയംഗമായി ക്ലാര തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിപരമായ ആകുലതകളേക്കാള്‍ സാമൂഹിക മുന്നേറ്റത്തിനുതകുന്ന കര്‍ത്തവ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്ന സെത്കിന്‍ കൂടുതല്‍ പ്രവര്‍ത്തനത്തില്‍ മുഴുകി. കോണ്‍ഗ്രസില്‍ ബെര്‍ലിനിലെ തൊഴിലാളി സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിന് ‘വോള്‍ക്ക്സ് ട്രിബ്യൂണ്‍’ എന്ന സോഷ്യലിസ്റ്റ് പത്രത്തെ പ്രതിനിധീകരിക്കുന്ന സ്ത്രീകള്‍ തിരഞ്ഞെടുത്തത് ക്ലാരയെ ആയിരുന്നു. അങ്ങനെ 400 അംഗങ്ങള്‍ പങ്കെടുത്ത കോണ്‍ഗ്രസിലെ ആകെ 8 സ്ത്രീപ്രതിനിധികളില്‍ ഒരാളായി ക്ലാരയും സ്ഥാപക കോണ്‍ഗ്രസില്‍ പങ്കെടുത്തു.
രണ്ടാം ഇന്റര്‍നാഷണലിന്റെ സ്ഥാപക കോണ്‍ഗ്രസിലെ ക്ലാര സെത്കിന്റെ സാന്നിധ്യമാണ് ‘സ്ത്രീ’ എന്ന വിഷയം സംബന്ധിച്ച ഒട്ടേറെ ഗഹനമായ ചര്‍ച്ചകള്‍ക്കും ആശയസംവാദങ്ങള്‍ക്കും ഇടം നല്‍കിയത്. ‘തൊഴിലാളി സ്ത്രീ’ എന്ന വിഷയം സംബന്ധിച്ച് ക്ലാര നടത്തിയ പ്രസംഗത്തിന് നിറഞ്ഞ കയ്യടിയായിരുന്നു. വന്‍കിട വ്യവസായവും മെക്കാനിക്കല്‍ ഉത്പാദനരംഗവും സ്ത്രീയെ ആധുനിക വ്യവസായത്തിന്റെ അധ്വാനശക്തിയുടെ ഭാഗമാക്കി മാറ്റി എന്നു വിശദീകരിച്ച ക്ലാര സെത്കിന്‍ സ്ത്രീയെ ഈ ആധുനിക ഉത്പാദനരംഗത്തേക്ക് കടക്കാനനുവദിക്കാതിരിക്കുകയും, സ്ത്രീകള്‍ക്ക് കൂലി കുറവാകുന്നതിനും തൊഴില്‍സമയം അധികമാകുന്നതിനും സ്ത്രീയെ തന്നെ പഴിക്കുകയും ചെയ്യുന്ന ചില സോഷ്യലിസ്റ്റുകളെ വിമര്‍ശിക്കുകയും ചെയ്തു. “പെണ്ണിന്റെ അധ്വാനത്തിന് സ്വാഭാവിക പ്രവണതയുടെ നേര്‍വിപരീത ഫലമുണ്ടാകുന്നതിന് പഴിക്കേണ്ടത് തീര്‍ച്ചയായും മുതലാളിത്ത വ്യവസ്ഥിതിയെത്തന്നെയാണെ’ന്ന് ക്ലാര സെത്കിന്‍ ആവര്‍ത്തിച്ചു പറഞ്ഞു. “സ്ത്രീയുടെ അധ്വാനത്തിന്‍റെ വിനാശകരമായ ഈ പ്രത്യാഘാതങ്ങള്‍, ഏറെ വേദനാജനകമായ ഈ പ്രത്യാഘാതങ്ങള്‍, മുതലാളിത്ത വ്യവസ്ഥിതി പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്നതോടുകൂടി മാത്രമേ അപ്രത്യക്ഷമാവുകയുള്ളൂ’ എന്നും അവര്‍ തറപ്പിച്ചു പറഞ്ഞു. തൊഴിലാളിയായ പുരുഷന്‍ നേരിടുന്ന അധികസമയ അധ്വാനവും കുറഞ്ഞ കൂലിയും എന്നിങ്ങനെ അതേ ചൂഷണം തന്നെ തൊഴിലാളിയായ സ്ത്രീയും നേരിടുന്നു; അവളുടെ മൗലികമായ താല്‍പ്പര്യങ്ങള്‍ അധ്വാനിക്കുന്ന പുരുഷന്റേതിന് സമാനമായതുകൊണ്ടുതന്നെ, അവരോടൊന്നിച്ച് സോഷ്യലിസത്തിന്റെ ബാനറിനുകീഴില്‍ സംഘടിച്ചാല്‍ മാത്രമേ സ്ത്രീക്ക് യഥാര്‍ഥ മോചനം സാധ്യമാവുകയുള്ളൂ എന്നും ക്ലാര സെത്കിന്‍ വ്യക്തമാക്കി.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിയില്‍ നിന്നും ആത്യന്തികമായി മാറി ചിന്തിക്കാന്‍ തയ്യാറല്ലാതിരുന്ന ചിലര്‍ ചേര്‍ന്ന് “സ്ത്രീക്ക് തൊഴില്‍ എന്നത് പ്രത്യേകിച്ച് ദോഷമായതുകൊണ്ട് വ്യവസായത്തിന്റെ എല്ലാ തട്ടുകളിലും സ്ത്രീകളുടെ തൊഴില്‍ വിലക്കണം’ എന്നും “സ്ത്രീകള്‍ക്ക് രാത്രി ജോലി വിലക്കണം’ എന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് കോണ്‍ഗ്രസില്‍ പാസാക്കിയത്. എങ്കിലും ക്ലാര സെത്കിന്‍ മുന്നോട്ടുവച്ച ഒരു സുപ്രധാന ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് പ്രസ്താവനയിറക്കാന്‍ ആ സമ്മേളനം തയ്യാറായി. അതായത്, തുല്യ അവകാശങ്ങളുള്ളവരെന്ന നിലയില്‍ സ്ത്രീകളെക്കൂടി തങ്ങളുടെ അണികളില്‍ കൊണ്ടു വരേണ്ടത് പുരുഷതൊഴിലാളികളുടെ കടമയാണെന്നും, ലിംഗഭേദമോ, ദേശീയതയോ കണക്കിലെടുക്കാതെ വിവേചനരഹിതമായി എല്ലാ തൊഴിലാളികള്‍ക്കും തുല്യജോലിക്ക് തുല്യകൂലി ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയുണ്ടായി.
സെത്കിന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ട് കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ ഒരുപടി മുന്നോട്ടുവയ്ക്കുകയായിരുന്നു എന്നു പറയാം. മറ്റൊരു മുന്നേറ്റമായിരുന്നു, സ്ത്രീകള്‍ക്കിടയില്‍ പാര്‍ടി ട്രേഡ് യൂണിയന്‍ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനുവേണ്ടി കോണ്‍ഗ്രസില്‍ ജര്‍മന്‍ പ്രതിനിധികള്‍ വിമണ്‍സ് അജിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ചത്. ഏഴു സ്ത്രീകള്‍ ചേര്‍ന്ന, ബെര്‍ലിന്‍ അജിറ്റേഷന്‍ കമ്മീഷന്‍ എന്നറിയപ്പെട്ട ഈ കമ്മീഷന്‍ ക്രമേണ സോഷ്യലിസ്റ്റ് സ്ത്രീ പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ആയി മാറുകയുണ്ടായി. അക്കാലത്ത് 19 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചേര്‍ന്ന, ആഗോളശ്രദ്ധ പിടിച്ചുപറ്റിയ രണ്ടാം ഇന്റര്‍നാഷണലില്‍ ആ പതിനെട്ടാം നൂറ്റാണ്ടില്‍ (1889) ഇത്തരത്തില്‍ മുന്നേറ്റംകുറിക്കുന്ന രണ്ട് ചുവടുവയ്പുകള്‍ ഉണ്ടായത് ക്ലാര സെത്കിന്റെ സാന്നിധ്യം കൊണ്ടായിരുന്നു എന്ന് നമുക്ക് ഉറപ്പിച്ചുപറയാനാകും.
1890ല്‍ ബിസ്മാര്‍ക്ക് അധികാരമൊഴിഞ്ഞു. കാലാവധി കഴിഞ്ഞ സോഷ്യലിസ്റ്റുവിരുദ്ധ നിയമങ്ങള്‍ പുതുക്കുവാന്‍ റീഷ്താഗ് തയ്യാറായില്ല. അതിനെത്തുടര്‍ന്ന്, മുന്‍പ് രാജ്യംവിട്ടു പോകേണ്ടിവന്ന മറ്റ് സോഷ്യല്‍ ഡെമോക്രാറ്റുകളോടൊപ്പം ക്ലാരയ്ക്കും ജര്‍മനിയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചു. ജര്‍മനിയില്‍ തിരിച്ചെത്തിയ ക്ലാര സോഷ്യല്‍ ഡെമോക്രാറ്റിക് പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളുടെയൊക്കെ പ്രധാന കേന്ദ്രമായിരുന്ന സ്റ്റുട്ട്ഗര്‍ട്ടില്‍ താമസമാക്കി. അവിടെ ജെഎച്ച്ഡബ്ല്യു ഡീറ്റ്സിന്റെ പബ്ലിഷിങ് കമ്പനിയില്‍ ജോലിക്കു കയറുകയും ചെയ്തു. 1891 കാലത്ത് ഡീറ്റ്സിനു വേണ്ടി ഒട്ടേറെ വിവര്‍ത്തനങ്ങള്‍ ചെയ്യുകയും ലേഖനങ്ങള്‍ എഴുതുകയുമുണ്ടായി. എഡ്വാര്‍ഡ് ബെല്ലമിയുടെ ‘ലുക്കിങ് ഫോര്‍വേഡ്’ ക്ലാര വിവര്‍ത്തനം ചെയ്തതും ഇക്കാലത്താണ്. ക്ലാരയുടെ കഴിവില്‍ അഭിമതനായ ഡീറ്റ്സ് ആ വര്‍ഷം അവസാനം സോഷ്യല്‍ ഡെമോക്രാറ്റിക്കിന്റെ സ്ത്രീപംക്തിയായ ദി ആര്‍ബിട്രീന്‍ (തൊഴിലാളി സ്ത്രീ) ഏറ്റെടുക്കുകയും ദി ഗ്ലെചിറ്റ് (തുല്യത) എന്ന പുതിയ പേരില്‍ പ്രസിദ്ധീകരിക്കുകയും എഡിറ്ററായി ക്ലാര സെത്കിനെ നിയമിക്കുകയും ചെയ്തു.
വളരെ ആകസ്മികമായാണ് ദി ഗ്ലെചിറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപസ്ഥാനം ക്ലാരയിലേക്ക് എത്തിച്ചേര്‍ന്നത് എന്നിരുന്നാലും പിന്നീടുള്ള ഏതാണ്ട് കാല്‍നൂറ്റാണ്ടു കാലം അവര്‍ ആ കടമ ഭംഗിയായി എന്നല്ല, അത്യധികം മികവോടുകൂടിത്തന്നെ നിര്‍വഹിക്കുകയുണ്ടായി. ഏറെക്കാലം അതിലെ ഒട്ടുമിക്ക ലേഖനങ്ങളും എഴുതുകയും മറ്റു ലേഖകരുടേത് എഡിറ്റു ചെയ്യുകയുമടക്കം മാസികയുടെ ഏതാണ്ടെല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിച്ച ക്ലാര അധികം വൈകാതെ തന്നെ ആ പ്രസിദ്ധീകരണത്തെ സോഷ്യലിസ്റ്റ് സ്ത്രീപ്രസ്ഥാനത്തിന്റെ മുന്നണിപ്പടയുടെ വഴികാട്ടിയാക്കി മാറ്റി. കാരണ്‍ ഹണീക്കട്ട് പറഞ്ഞതുപോലെ “പോരാട്ടത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന വനിതാ സഖാക്കള്‍ക്ക് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും സോഷ്യലിസ്റ്റ് ജനാധിപത്യത്തിലും ഊന്നിയ വിദ്യാഭ്യാസം നല്‍കുകയും, കേവലമായ ബൂര്‍ഷ്വാ ഫെമിനിസ്റ്റ് ആശയങ്ങള്‍ അവരെ ബാധിക്കുന്നതു തടയുകയും ചെയ്യുക’ എന്നതായിരുന്നു ഗ്ലെചിറ്റിന്റെ ലക്ഷ്യം. അത്തരത്തില്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് ആ പ്രസിദ്ധീകരണത്തെ കൊണ്ടെത്തിച്ചത് ക്ലാരയുടെ അക്ഷീണപ്രയത്നവും, ഉറച്ചതും അചഞ്ചലവുമായ ആശയദൃഢതയുമായിരുന്നു; ആഴത്തിലുള്ള പ്രത്യയശാസ്ത്ര ബോധ്യമായിരുന്നു.
1892ല്‍ ഗ്ലെചിറ്റിന്റെ ആദ്യത്തെ ലക്കം ഇറക്കുമ്പോള്‍ എഡിറ്റര്‍ എന്ന നിലയില്‍ എഴുതിയ ആമുഖത്തില്‍ ക്ലാര പറഞ്ഞതിങ്ങനെയാണ്, “ആയിരത്തോളം വര്‍ഷം പഴക്കമുള്ള സ്ത്രീയുടെ കീഴാളപദവിയുടെ അന്തിമകാരണം അന്വേഷിക്കേണ്ടത് പുരുഷ നിര്‍മിതമായ’ നിയമങ്ങളിലല്ല, മറിച്ച് സാമ്പത്തിക സാഹചര്യങ്ങളെ നിര്‍ണയിക്കുന്ന സ്വത്ത് – ബന്ധങ്ങളിലാണ് എന്ന ദൃഢവിശ്വാസത്തോടെയാണ് ഗ്ലെചിറ്റ് മുന്നോട്ടുപോകുന്നത്”. l