1853-56 കാലഘട്ടത്തിൽ നടന്ന ക്രിമിയൻ യുദ്ധവും അതിനുശേഷമുണ്ടായ, അലക്സാണ്ടർ രണ്ടാമന്റെയും അലക്സാണ്ടർ മൂന്നാമന്റെയും ഭരണത്തിൻ കീഴിൽ സാറിസ്റ്റ് റഷ്യയുടെ തകർച്ചമൂലം റഷ്യയിൽ ആഭ്യന്തരമാറ്റ ങ്ങൾ അനിവാര്യമായ കാലത്താണ് 1869 ഫെബ്രുവരി 26ന് സെന്റ് പീറ്റേഴ്സ്ബർഗിൽ കോൺസ്റ്റാന്റിനോവ നടേഷ്ദ ക്രൂപ്‌സ്‌കായ ജനിച്ചത്; കുലീന പശ്ചാത്തലമുള്ളതെങ്കിലും ഭൂരഹിതകുടുംബമായിരുന്നു അവരുടേത്. അച്ഛൻ കോൺസ്റ്റന്റിൻ ഇഗ്നറ്റേവിച്ച് ക്രൂപ്‌സ്‌കിപി റഷ്യൻ പട്ടാളത്തിലെ സാർ ഭരണത്തിന്റെ ഒരു വിശ്വസ്ത സേവകനായിരുന്നെങ്കിലും, പിന്നീട് ചില വിപ്ലവകാരികളുമായി ബന്ധമുണ്ടെന്നും റഷ്യാവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നുവെന്നും ആരോപിക്കപ്പെട്ട് പട്ടാളത്തിൽനിന്നും പിരിച്ചുവിടപ്പെട്ടു. അമ്മ എലിസവേറ്റ ഒരു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു. മാതാപിതാക്കൾ ഉന്നതകുലത്തിൽപെട്ടവരായിരുന്നെങ്കിലും അങ്ങേയറ്റം ദരിദ്രമായിരുന്നു ക്രൂപ്‌സ്‌കായയുടെ കുടുംബാന്തരീക്ഷം. മോശം ജീവിതസാഹചര്യം ചുറ്റുപാടുകളെ എതിർക്കാനുള്ള ഒരു പ്രത്യേക ആവേശം അവളിലുണർത്തി.
അച്ഛന്റെ മരണശേഷം പെട്ടെന്ന് വരുമാനമൊന്നുമില്ലാതെയായി. അമ്മയും മകളും അധ്യാപനത്തിൽ തൽപ്പരരായിരുന്നതിനാൽ ആ ജോലിയിലേർപ്പെട്ടു. ക്രൂപ്‌സ്‌കായ തന്റെ 22-‐ാം വയസ്സിൽ, തനിക്കേറെ താൽപ്പര്യമുള്ള അധ്യാപനം തിരഞ്ഞെടുക്കാൻ പ്രചോദനമായത് വിഖ്യാത റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ വിദ്യാഭ്യാസ സങ്കൽപനമായിരുന്നു. വ്യക്തിത്വവികസനത്തിനു പ്രാധാന്യം നൽകുന്നതും അധ്യാപക-‐വിദ്യാർഥി ബന്ധത്തിൽ കേന്ദ്രീകരിക്കുന്നതുമായിരുന്നു അത്. ഈ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായമാണ് വിപ്ലവാനന്തര റഷ്യയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി കമ്മിസാർ ആയിരിക്കെ അവർ നടപ്പിലാക്കാൻ ശ്രമിച്ചത്.
വ്യവസ്ഥാപിതമായ വിദ്യാഭ്യാസരീതികളോട് കുട്ടിക്കാലം മുതൽ എതിർപ്പുണ്ടായിരുന്നതും അതിനു ബദലായി സമൂഹത്തിലെ സമൂല മാറ്റത്തിനായുള്ള പുതിയ വിദ്യാഭ്യാസരീതി ആവിഷ്കരിക്കുന്നതിലുള്ള താൽപ്പര്യവും ക്രൂപ്‌സ്‌കായയെ അതു സംബന്ധിച്ച ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാക്കി. അങ്ങനെയാണ് തന്റെ 21‐ാം വയസ്സിൽ മാർക്‌സിയൻ സിദ്ധാന്തങ്ങളുമായും പിന്നീട് തന്റെ ആജീവനാന്ത സഹചാരിയായിത്തീർന്ന ലെനിനുമായും അടുക്കുന്നത്. അതൊരു വഴിത്തിരിവായിരുന്നു; സമരഭരിതമായ വിപ്ലവജീവിതത്തിലേക്കുള്ള കൃത്യമായ കാൽവെപ്പ്. മനുഷ്യന്റെ ജീവിതത്തെ മെച്ചപ്പെടുത്താനുതകുന്ന ആ സിദ്ധാന്തത്തെ അവർ വിടാതെ പിന്തുടർന്നു. അതിനെ ആഴത്തിൽ പഠിക്കാൻ തുടങ്ങി. എന്നാൽ റഷ്യൻ ഗവൺമെന്റ് അത്തരം പുസ്തകങ്ങൾ നിരോധിച്ചിരുന്നു. വായനശാലകളിലെ ഒളിയിടങ്ങളിൽ അവ തള്ളിയിരുന്നതിനാൽ അവ ലഭിക്കാൻ വിപ്ലവകാരികൾക്ക് ബുദ്ധിമുട്ടായിരുന്നു. അക്കാലത്താണ് ഫാക്ടറിത്തൊഴിലാളികളുടെ അഭ്യർത്ഥനപ്രകാരം അവരുടെ കുട്ടികളെ അക്ഷരം പഠിപ്പിക്കാനാരംഭിച്ചത്. സമാനതകളില്ലാത്ത വിദ്യാഭ്യാസ സങ്കൽപ്പനത്തെ പ്രയോഗവൽക്കരിക്കുന്ന, സാ ക്ഷരത ഒരു യജ്ഞമാക്കിമാറ്റുന്ന പുതിയ രീതിക്ക് ക്രൂപ്‌സ്‌കായ അവിടെ തുടക്കം കുറിച്ചു. ഈ സമയത്ത് ഫാക്ടറികളിൽ എല്ലുമുറിയെ പണിയെടുത്തിരുന്ന തൊഴിലാളികളെ, അവരുടെ ദുരിതമയമായ തൊഴിൽസാഹചര്യത്തെപ്പറ്റിയെല്ലാം അടുത്തറിയാൻ ക്രൂപ്‌സ്‌കായക്ക് കഴിഞ്ഞു. ഇത് ക്രൂപ്‌സ്‌കായ അവിടെ വിതരണം ചെയ്യുമായിരുന്ന ലഘുലേഖകൾ തയ്യാറാക്കുന്നതിന് ലെനിന് ഏറെ സഹായകമായി. അതുവരെ ഉണ്ടായിരുന്ന മതവുമായുള്ള എല്ലാ ബന്ധവും ക്രൂപ്‌സ്‌കായ ഉപേക്ഷിച്ചു. അതേപ്പറ്റി അവർ എഴുതുന്നു: “ഏകാന്തതയിലാണ് ഞാൻ വളർന്നത്. എന്റെ ചി ന്തകൾ, ആഗ്രഹങ്ങൾ ഒന്നും മറ്റുള്ളവരോടു പ്രകടിപ്പിക്കാനുള്ള ക ഴിവും എനിക്കില്ലായിരുന്നു. മനുഷ്യന്റെ ആത്മാവിന്റെ രോദനം അറിയുന്ന ഒന്ന് ദൈവം മാത്രമായിരുന്നു എന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. എന്നാൽ അതിന്റെ വ്യർത്ഥത ഞാൻ പിന്നീട് തിരിച്ചറിയുകയായിരുന്നു. 21‐-ാം വയസ്സിൽ പള്ളിയിൽ പോക്കുനിർത്തി; മാർക്സിസമായി ക്രൂപ്‌സ്‌കായയ്ക്ക് സർവവും. 1890കളിൽ മാർക്സിന്റെ ആശയങ്ങളുമായി, മാവോയുടെ വാക്കുകളിൽ പറഞ്ഞാൽ ജലവും മത്സ്യവുമെന്ന പോലെ അവർ ഇഴുകിച്ചേർന്നു. പകൽ സമയം ചർച്ചകളും വൈകുന്നേരം മുതിർന്നവർക്ക്, പ്രത്യേകിച്ച് ഫാക്ടറികളിലെ തൊഴിലാളികൾക്ക് ചരിത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കലുമായി മുന്നോട്ടുനീങ്ങി. വിഖ്യാത റഷ്യൻ സാഹിത്യകാരനായിരുന്ന ലിയോ ടോൾസ്റ്റോയി മുന്നോട്ടുവച്ച ജനാധിപത്യ വിദ്യാഭ്യാസ സിദ്ധാന്തത്തോടുള്ള വല്ലാത്ത അഭിനിവേശമായിരുന്നു, നിലവിലെ വിദ്യാഭ്യാസസമ്പ്രദായത്തെ തിരസ്കരിച്ച് ക്രൂപ്‌സ്‌കായയെ പുതിയ വിജ്ഞാനപദ്ധതിയിലേക്ക് അ ടുപ്പിച്ചത്. ശാസ്ത്രത്തെ വരേണ്യവർഗം ആധിപത്യത്തിന്റെയും ചൂഷ ണത്തിന്റെയും ഉപാധിയാക്കിയിരുന്നു. അന്ന് റഷ്യയിലെ സ്കൂളുക ളിലെ പാഠ്യപദ്ധതി കർക്കശവും സങ്കുചിതവുമായിരുന്നു. സ്വത ന്ത്രവും വിശാലവുമായ അന്വേഷണാത്മക പരീക്ഷണാത്മക വിദ്യാ ഭ്യാസം എന്ന ആശയം ആ വിദ്യാഭ്യാസ സിദ്ധാന്തത്തിന്റെ കാതലായിരുന്നു. 1891ൽ തന്റെ 22‐-ാം വയസ്സിൽ ഫാക്ടറി തൊഴിലാളികൾക്കുവേണ്ടി സായാഹ്നങ്ങളിൽ ക്ലാസുകൾ എടുക്കുമ്പോൾ മേൽപ്പറഞ്ഞ ആശയം ആധാരമാക്കിക്കൊണ്ട് കമ്യൂണിസ്റ്റ് ആശയങ്ങളും പകർന്നു നൽകി. അതുവഴി അവർ ഫാക്ടറിത്തൊഴിലാളികളുടെ സംഘടന കെട്ടിപ്പടുത്തു. 1896ൽ പുറത്തിറങ്ങിയ ആദ്യത്തെ ലഘുലേഖയായ “സ്ത്രീത്തൊഴിലാളി’ റഷ്യയിലെ സ്ത്രീത്തൊഴിലാളികളെയും മൊത്തത്തിൽ സ്ത്രീയവസ്ഥയെയും പഠനവിധേയമാക്കുന്നതായിരുന്നു. കുടുംബത്തിലും തൊഴിലിടങ്ങളിലും ഭൂമിക്കുമേലുമുള്ള സ്ത്രീകളുടെ പങ്ക് പരിശോധനാവിധേയമാക്കുന്നതുമായിരുന്നു അത്. ഇതിനെ ആദ്യത്തെ മാർക്സിസ്റ്റ് ഫെമിനിസ്റ്റ് പഠ നരേഖയായി വിശേഷിപ്പിക്കാവുന്നതാണ്. ഇങ്ങനെ ക്ലാസുകളിലൂടെ ഫാക്ടറിത്തൊഴിലാളികളുമായുളള ക്രൂപ്‌സ്‌കായയുടെ ബന്ധം പിന്നീട് ഫാക്ടറികളിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചെഴുതുന്നതിനു ലെനിനു സഹായകമായിത്തീർന്നു. അത്തരം ക്ലാസുകൾ സ്റ്റഡി സർക്കിളുകളായി മാറി. ലെനിനായിരുന്നു പ്രധാനമായും ഈ സ്റ്റഡി ക്ലാസുകൾ നയിച്ചിരുന്നത്. അവിടെ എംഗൽസിന്റെ “കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉൽപ്പത്തി’ എന്ന കൃതിയുടെ കോപ്പികൾ വിതരണം ചെയ്യുകയും ലെനിൻ, തൊഴിലാളികൾക്കായി മൂലധനം വായിച്ചുകേൾപ്പിക്കുകയും ചെയ്തു. അങ്ങനെ സ്റ്റഡി സർക്കിളുകൾ സജീവമായി. ഇങ്ങനെ തൊഴിലാളികളുടെ സർക്കിളുകളിൽ ലെനിൻ നിരന്തരം ചുറ്റി സഞ്ചരിച്ചിരുന്നത് പൊലീസ് സൂക്ഷമമായി നിരീക്ഷിക്കുകയുണ്ടായി. പൊലീസിന്റെ നിരീക്ഷണമെത്താത്ത ഒരാളെ ഈ കാര്യം ഏൽപ്പിക്കാൻ ലെനിൻ നിർബന്ധിതനായി. അതിനായി അദ്ദേഹം തിരഞ്ഞെടുത്തത് ക്രൂപ്‌സ്‌കായയെ ആയിരുന്നു. ഏറെത്താമാസിയാതെ ലെനിൻ അറസ്റ്റുചെയ്യപ്പെട്ടു. തുടർന്ന് 1896 ആഗസ്റ്റിൽ ക്രൂപ്‌സ്‌കായയും അറസ്റ്റുചെയ്യപ്പെട്ടു. എന്നാൽ പുറത്ത് പ്രവർത്തനങ്ങൾക്ക് വ്യാപ്തിയേറുകയും തൊഴിലാളിപ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയും ചെയ്തു. ലെനിൻ മോചിതനായപ്പോഴും ക്രൂപ്‌സ്‌കായ ജയിലിൽത്തന്നെയായിരുന്നു. കൂട്ടായ രാഷ്ട്രീയജീവിതം പിന്നീടവരെ ഒരുമിച്ചൊരു ജീവിതത്തിലേക്കു നയിച്ചു. തുടർന്നങ്ങോട്ട് അവസാനംവരെയും ലെനിന്റെയും ക്രൂപ്‌സ്‌കായയുടെയും ജീവിതം വിപ്ലവത്തിന്റെ പാതയൊരുക്കുന്നതിനായും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായുമുള്ള ശക്തമായ സംഘടന പടുത്തുയർത്തുന്നതിനുമുള്ള ബൗദ്ധികവും അല്ലാതെയുള്ളതുമായ നിരന്തരമായ പ്രവർത്തനങ്ങളുടെ കാലഘട്ടമായിരുന്നു.
മ്യൂണിച്ച്, ലണ്ടൻ, ജനീവ, പാരിസ് എന്നിവിടങ്ങളിലായി മാറിമാ റി അവർ താമസിച്ചു. ദാമ്പത്യപ്രേമത്തിന്റെ ഇമ്പം തുളുമ്പുന്ന ഓർമ കളൊന്നും ക്രൂപ്‌സ്‌കായയുടെ ജീവിതത്തിലില്ല. അത്രയേറെ വിപ്ലവ ഭിമുഖ്യവും സമരമുഖരിതവുമായരുന്നു അവരുടെ ജീവിതം. എന്നാൽ അവർ തമ്മിൽ ഹൃദയം കൊണ്ടേറെ അടുത്തത് വിപ്ലവപരമായി ഏറെ ഗുണം ചെയ്തു. സൈബീരിയയിൽ വച്ചാണ് ലെനിൻ ‘The development of Capitalism in Russia’ (റഷ്യയിൽ മുതലാളിത്തത്തിന്റെ വികാസം) എഴുതിയത്. സിഡ്നി വെബും ബിയാട്രിസ് വെബും ചേർന്നെഴുതിയ History of Trade Unionism (ട്രേഡ് യൂണിയനിസത്തിന്റെ ചരിത്രം) രണ്ടുപേരും ചേർന്ന് തർജമ ചെയ്തു. വികാരനിർഭരമായ പ്രണയത്തേക്കാൾ അവർ പങ്കിട്ടത് രാഷ്ട്രീയ പ്രതിബദ്ധതയായിരുന്നു. അതായിരുന്നു അവർക്കിടയിലുണ്ടായിരുന്ന യാഥാർഥബ ന്ധം. ഈ രണ്ടു സഖാക്കൾക്കിടയിലെ ഊഷ്മളബന്ധത്തെ ഊട്ടിയു റപ്പിച്ചതും അവർ ഇരുവരുടെയും രാഷ്ടീയ പ്രതിബദ്ധത തന്നെയായിരുന്നു. ലെനിനെക്കുറിച്ചുള്ള ജീവിതപുസ്തകത്തിൽ ഒരിടത്തുപോലും ക്രൂപ്‌സ്‌കായ ഭാര്യ-ഭർതൃബന്ധത്തിലെ അനർഘനിമിഷങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല; ലെനിന്റെ രാഷ്ട്രീയജീവിതം മാത്രമാണ് ആ വിവരണങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത്. നാടുകടത്തപ്പെട്ടകാലം അവസാനിച്ചതോടെ 1900‐-1901ൽ അവർ ജനീവയിലേക്കു പോയി. അവിടെ പ്ലഖനോവും അക്സൽറോഡും ലിബറേഷൻ ഓഫ് ലേബറിലെ മറ്റ് അംഗങ്ങളുമായും ചേർന്ന് ലെനിൻ “ഇസ്‌ക്ര’ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഇസ്ക്രയുടെ സെക്രട്ടറി എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വമാണ് ക്രൂപ്‌സ്‌കായയ്ക്ക് ഏറ്റെടുക്കേണ്ടതായി വന്നത്. റഷ്യയിലുടനീളം ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടായിരുന്നു. 1903ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി അതിന്റെ 2-‐ാം കോൺഗ്രസിനു ശേഷമാണ് ബോൾഷെവിക് പാർട്ടിക്ക് രൂപം നൽകിയത്. അതേ വർഷമാണ് ലെനിനും ക്രൂപ്‌സ്‌കായയും ലണ്ടനിലേക്കു താമസത്തിനായി പോയത്. 1905ൽ അവർ റഷ്യയിലേക്കു തിരിച്ചുപോയി.
അക്കാലത്ത് ഗ്രേവ്സ് രോഗത്താൽ ക്രൂപ്‌സ്‌കായ വളരെയധി കം യാതന അനുഭവിക്കുകയായിരുന്നു. ചികിത്സയില്ലാത്ത രോഗമാ യിരുന്നു അക്കാലത്ത് അത്. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഈ രോഗം അവരുടെ കണ്ണുകളെ പുറത്തേക്കു തള്ളുകയും കഴുത്തിനെ വല്ലാതെ മുറുക്കുകയും ചെയ്തു. ചെറുപ്പത്തിലേ തന്നെ ഇതിന്റെ പിടിയിലമർന്നതിനാൽ പ്രത്യുൽപാദനശേഷി നഷ്ടപ്പെട്ട് ജീവിതാവസാനം വരെയും കുട്ടികളില്ലാതെ ക്രൂപ്‌സ്‌കായയ്ക്ക് ജീവിക്കേണ്ടതായി വന്നു. എന്നിട്ടും ഇതൊന്നും ആ വിപ്ലവപ്രവർത്തനത്തെ ബാധിച്ചതേയില്ല. എല്ലായ്‌പ്പോഴും വിദ്യാഭ്യാസ പ്ര വർത്തനത്തിലും യുവജനസംഘടന കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാത്തിനുമുപരിയായി സ്ത്രീപ്രശ്നത്തിന് കൂടുതൽ ഊന്നൽ നൽകി. ജനകീയകവിയും സ്ത്രീവാദിയുമായ മെത്രാസോവ് അവരെ ഏറെ സ്വാധീനിച്ചിരുന്നു. ജീവിതാന്ത്യംവരെ അദ്ദേഹമായിരുന്നു അവരുടെ ഇഷ്ട കവി. ക്രൂപ്‌സ്‌കായ തന്റെ Women Worker (സ്ത്രീത്തൊഴിലാളി) എന്ന കൃതി ആരംഭിക്കുന്നതുതന്നെ അദ്ദേഹത്തി ന്റെ ഈരടികൾ കുറിച്ചു കൊണ്ടാണ്.
സംഘടനാപരമായ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രത്തിൽ തന്നെ നിലകൊണ്ടുകൊണ്ട് അവർ ഒളിപ്രവർത്തനത്തിൽ സഖാക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. വിദൂര പ്രദേശങ്ങളുമായി ബന്ധം സ്ഥാപിച്ചു. രഹസ്യവിലാസങ്ങളിലെത്തുന്ന കത്തുകളിലെ രഹസ്യ കോഡുകൾ ഡീകോഡുചെയ്തു. രഹസ്യാക്ഷരങ്ങളിലൊളിപ്പിച്ച ഏതുനേരവുമാളിക്കത്തിയേക്കാവുന്ന വിപ്ലവജ്വാലയുടെ ഗന്ധം അവരുടെ കത്തിടപാടുകളിൽ നിറഞ്ഞുനിന്നു. ലെനിന്റെ നിഴലായല്ലാതെയായിരുന്നു ഈ പ്രവർത്തനങ്ങളെല്ലാം. തികഞ്ഞ ആ പോരാളി ലെനിനെ വിമർശിക്കേണ്ടിടത്തു വിമർശിക്കുകയും തിരുത്തേണ്ടിടത്തു തിരുത്തുകയും ചെയ്തു. 1905ലെ പരാജയപ്പെട്ട വിപ്ലവം അപക്വമായിരുന്നെന്ന് അതിനുമുമ്പേ ലെനിനു ക്രൂപ്‌സ്‌കായ മുന്നറിയിപ്പുനൽകി. ലെനിനുമായുള്ള ബൗദ്ധികമേഖലയിലെ പ്രവർത്തനങ്ങൾ ഇരുവർക്കും ആശയപരമായി കൂടുതൽ കരുത്തു നൽകി; തന്റെ ഓർമക്കുറിപ്പിൽ ക്രൂപ്‌സ്‌കായ എഴുതുന്നു: “അദ്ദേഹത്തോടൊപ്പമുള്ള, പരിഭാഷ എന്ന ജോലിപോലും സ്നേഹത്തിന്റെ അധ്വാനമാണ്’’. വിപ്ലവപ്രവർത്തനത്തിൽ പോലും സ്‌നേഹത്തിന്റെ കൊടുക്കൽവാങ്ങലുകളുണ്ടെന്ന് അവർ കരുതി. ഷെനോക് ദെല്ലിന്റെ (കമ്യൂണിസ്റ്റുപാർട്ടിയുടെ വനിതാവിഭാഗം) പ്ര സിദ്ധീകരണമായ കമ്യൂണിസ്റ്റിക്കയിലെ ലേഖനങ്ങൾ എഡിറ്റു ചെയ്യുന്ന ജോലിയും അവർ ഏറ്റെടുത്തു. ചുവപ്പ് സേനയുടെ ദൗത്യ ങ്ങൾക്ക് പിന്തുണയായി വർത്തിച്ചു; വൈകുന്നേരങ്ങളിൽ സ്ത്രീതൊഴിലാളികൾക്ക് അക്ഷരാഭ്യാസം നൽകി. 16 വർഷം നീണ്ട ഒളിപ്രവർത്തനം 1917ലെ റഷ്യൻവിപ്ലവത്തെ പ രിപക്വമാക്കിത്തീർക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയുണ്ടായി. 1905ൽത്തന്നെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായി ക്രൂപ്‌സ്‌കായ തിരഞ്ഞെടുക്കപ്പെട്ടു.
1913ൽ റഷ്യയിൽ ആദ്യമായി ആഘോഷിച്ച അന്താരാഷ്ട്ര വനിതാദിനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ക്രൂപ്‌സ്‌കായ. 1917ൽ അന്താരാഷ്ട്ര വനിതാദിനം ഔദ്യോഗികമായി ആചരിക്കുന്നതിന് ഫെബ്രുവരി വിപ്ലവത്തിനുശേഷം അധികാരത്തിൽവന്ന കെരൻസ്കി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ക്രൂപ്‌സ്‌കായയും, ഇനേസ് ആർമനും ക്ലാരാ സെത്ത്തിനുമായിരുന്നു ഇതിനുപിന്നിൽ. 1917 ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച (ഗ്രിഗോറിയൻ കലണ്ടറനുസരിച്ച് മാർച്ച് 8) ആയിരുന്നു അത്. അന്നാണ് 1917ലെ വിപ്ലവത്തിലേക്കുനയിച്ച, തുണിമിൽ ഫാക്ടറിയിലെ സ്ത്രീത്തൊഴിലാളികളുടെ പണിമുടക്ക് ആരംഭിച്ചത്. 1917 ഒക്ടോബറിൽ അലക്സാണ്ടർ കെരൻസ്കിയുടെ താൽക്കാലിക ഗവൺമെന്റ് തകർന്നു. ലെനിനും ബോൾഷെവിക്കുകളും റഷ്യയുടെ നിയന്ത്രണം ഏറ്റെടുത്തു. 1917 നവംബറിൽ ക്രൂപ്സ്കായ, അനറ്റോലി ലൂനാചാർസ്കിയുടെ കീഴിൽ പീപ്പിൾസ് എജൂക്കേഷൻ ആന്റ് എൻലൈറ്റ്മെന്റ് സഹ കമ്മിസാറായി നിയമിക്കപ്പെട്ടു. 1920ൽ വിദ്യാഭ്യാസകമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി. 1929-‐1936 കാലത്ത് ഡെപ്യൂട്ടി എഡ്യുക്കേഷൻ കമ്മിസാർ ആയിത്തുടർന്നു. കോംസോമോൾ (യങ് കമ്യൂണിസ്റ്റ് ലീഗ്) സ്ഥാപിക്കുന്നതിലും സോവിയറ്റ് വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അമരക്കാരിയായും അവർ പ്രവർത്തിച്ചു. സോവിയറ്റ് ലൈബ്രറേറിയൻഷിപ്പ് വികസിപ്പിക്കുന്നതിന് അടിത്തറയിട്ടു. 1924ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാകുകയും 1927ൽ തന്നെ കൺട്രോൾ കമ്മീഷനിലും 1931ൽ സുപ്രീംസോവിയറ്റിലും അംഗമായി.
1917നു മുമ്പുവരെ ഗർഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു റഷ്യയിൽ. കർക്കശമായ വിവാഹമോചന നിയമങ്ങൾ സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെ അടിമകളാക്കി മാറ്റിയിരുന്നു. ഗർഭഛിദ്രം നിയമവിധേയമാക്കുന്നതു സംബന്ധിച്ച് നിരവധി ലേഖനങ്ങളെഴുതിയ ക്രൂപ്‌സ്‌കായയുടെ ദീർഘകാലത്തെ ബൗദ്ധികമായ ഇടപെടലിന്റെ ഫലമായി 1920ൽ സോവിയറ്റ് ഗവൺമെന്റ് ഗർഭച്ഛിദ്രം നിയമവിധേയമാക്കി. വനിതാദിനം ആഘോഷിക്കാനുള്ളതു മാത്രമല്ല, തൊഴിലാളിവർഗത്തിനാകെ പ്രവർത്തിക്കാനുള്ള പ്രചോദനം കൂടിയാവണം ഇതായിരുന്നു ക്രൂപ്‌സ്‌കായയുടെ കാഴ്ചപ്പാട്. റബോത്‌നിറ്റ്‌സിയിൽ അവർ എഴുതി: “വനിതാദിനം സ്ത്രീതൊഴിലാളികളെയും പുരുഷതൊഴിലാളികളെയും വേർതിരിക്കാനല്ല, ബന്ധം കു ടുതൽ ശക്തിപ്പെടുത്താനുള്ളതാണ്. അവകാശനിഷേധങ്ങൾക്കെതിരായ, അവരുടെ പൊതുവായ ആവശ്യങ്ങൾക്കും പൊതുവായ സാഹചര്യങ്ങൾക്കും പൊതുവായ ലക്ഷ്യത്തിനായുമുള്ള പോരാട്ടമാണത്. സ്ത്രീതൊഴിലാളികളും പുരുഷതൊഴിലാളികളും തമ്മിലുള്ള ഐക്യവും പൊതുവായ പ്രവർത്തനവും ലക്ഷ്യമിട്ടുള്ളതും പൊതുവായ ലക്ഷ്യം നേടിയെടുക്കുന്നതിനുമുള്ള ഒരു പൊതുപാതയാണത്. ഇതാണ് തൊഴിലാളികൾക്കിടയിലെ സ്ത്രീപ്രശ്നം സംബന്ധിച്ച് പരിഹാരമാർഗം.
തൊഴിലാളിവർഗത്തിന്റെയാകെ മുന്നേറ്റത്തിൽ സ്ത്രീപ്രശ്നത്തെ ക്രൂപ്‌സ്‌കായ വേറിട്ടുകണ്ടില്ല.
ഒരു പ്രതിവിപ്ലവകാരി വെടിവച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ലെനിന് 1923ൽ അടുത്തടുത്ത് മൂന്ന് പക്ഷാഘാതങ്ങളുണ്ടായി. വലതുവശം തളർന്നു; സംസാരശേഷി നഷ്ടപ്പെട്ടു. എപ്പോഴും ക്രൂപ്‌സ്‌കായയുടെ പരിചരണത്തിലായിരുന്ന ലെനിൻ 1924 ജനുവരിയിൽ ലോകത്തോട് വിടപറഞ്ഞു. ഇക്കാലത്തിനിടയിൽ ക്രൂപ്‌സ്‌കായയുടെ സന്തതസഹചാരിയായിരുന്ന രോഗം അവരുടെ ശരീരത്തെയാകെ തളർത്തി. 1939ൽ അപ്പന്റിസൈറ്റിസ് രോഗം മൂർച്ഛിച്ചു. തന്റെ 70-‐ാം ജന്മദിനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ അവരുടെ ജീവിതം അവസാനിച്ചു.
എല്ലാ അർഥത്തിലും സ്വയംസമർപ്പിതയായ ഒരു മാർക്സിസ്റ്റ് ആയി രുന്നു ക്രൂപ്‌സ്‌കായ. എന്നാൽ ലെനിന്റെ ഭാര്യ എന്ന നിലയിലാണ് ചരിത്രകാരൻമാരേറെയും ക്രൂപ്‌സ്‌കായയെ അടയാളപ്പെടുത്തിയിട്ടുള്ളത്. റഷ്യയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും ലക്ഷക്കണക്കിനുപേർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിലും അതോടൊപ്പം ബൗദ്ധികവും രാഷ്ട്രീയവും രചനാപരവുമായി ലെനിന്റെ രാഷ്ട്രീയജീവിതത്തിനൊപ്പം നിന്ന് സ്വന്തമായതും സ്വതന്ത്രമായതുമായ രാഷ്ട്രീയ ജീവിതം അവസാനംവരെ മുന്നോട്ടുകൊണ്ടുപോയ അതുല്യമായ വ്യക്തിത്വമാണവരുടേത്. റഷ്യൻ വിപ്ല വത്തിന്റെ ബൗദ്ധികപോരാളിയും സോഷ്യലിസ്റ്റു റഷ്യ കെട്ടിപ്പടുക്കു ന്നതിനായി ജനാധിപത്യവിദ്യാഭ്യാസ പദ്ധതി പ്രാവർത്തികമാക്കുക യും റഷ്യയിലെ സാംസ്കാരിക ജീവിതത്തിൽ സമൂലമാറ്റത്തിനായി പ രിശ്രമിക്കുകയും ചെയ്തു എന്നയിടത്താണ്, സോഷ്യലിസത്തിന്റെ പ്രയോഗപദ്ധതിയുടെ വക്താവ് എന്ന നിലയിലാണ് ക്രൂപ്‌സ്‌കായയുടെ വ്യക്തിത്വം ജ്വലിച്ചുനിൽക്കുന്നത്. അതുതന്നെയാണ് ക്രൂപ്‌സ്‌കായയെ മറ്റു വിപ്ലവകാരികളിൽനിന്നും വ്യ തിരിക്തയാക്കുന്നതും. l