ഗ്ലെചിറ്റിന്റ പ്രവര്‍ത്തനങ്ങളിലും എഴുത്തിലും മുഴുകിയ ക്ലാര സെത്കിന്‍ അതിനോടൊപ്പം തന്നെ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു, പ്രത്യേകിച്ചും ട്രേഡ് യൂണിയന്‍ രംഗത്ത്. ബുക്ക് ബൈന്‍ഡര്‍മാരുടെ യൂണിയന്റെ എക്സിക്യുട്ടീവ് അംഗമായിരുന്ന ക്ലാര അതേസമയംതന്നെ ബ്രഷ് ഉല്‍പാദന തൊഴിലാളികളുടെ യൂണിയനിലും വസ്ത്രനിര്‍മാണമേഖലയിലെയും മരപ്പണിക്കാരുടെയും ഉള്‍പ്പെടെ ഒട്ടേറെ ട്രേഡ് യൂണിയനുകളിലും ഇടപെടല്‍ നടത്തി; ലഘുലേഖകള്‍ എഴുതി വിതരണം ചെയ്തും, പിരിച്ചുവിടലിന്റെയും പണിമുടക്കിന്റെയും സമയത്ത് തൊഴിലാളികള്‍ക്കുവേണ്ടി പണം ശേഖരിച്ചും, ദേശീയ -അന്തര്‍ദേശീയ ട്രേഡ് യൂണിയന്‍ സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള ആസൂത്രണം നടത്തിയും അവര്‍ സമരപാതയില്‍ സദാ സജീവമായി, യാതൊരു മടിയും കൂടാതെ തന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടേയിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നിങ്ങനെ വ്യത്യസ്ത ഭാഷകളിലുള്ള ക്ലാരയുടെ വൈദഗ്ധ്യവും ഇതിനു സഹായകമായി.
ജര്‍മനിയിലെ തൊഴിലാളിവര്‍ഗത്തിന്റെ അവസ്ഥ അത്രമേല്‍ അടുത്തറിഞ്ഞിരുന്നു ക്ലാര സെത്കിന്‍. ആശയനിബിഡമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍, അത് സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട്, അവരെ അറിഞ്ഞുകൊണ്ടാവണം എന്ന ഉറച്ച ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ട്രേഡ് യൂണിയനുകളുടെ നടത്തിപ്പില്‍ അവര്‍ക്കിത്രമേല്‍ പ്രാവീണ്യത്തോടുകൂടി ഇടപെടാന്‍ സാധിച്ചത്. അതുകൊണ്ടാണവര്‍ ജര്‍മനിയിലാകമാനം ട്രേഡ് യൂണിയനുകള്‍ക്കും വനിതാ സംഘടനകള്‍ക്കും പാര്‍ട്ടിക്കും ഏറ്റവും പ്രിയപ്പെട്ട നേതാവും പ്രാസംഗികയുമൊക്കെയായത്.
ഇവിടെ എടുത്തുപറയേണ്ട മറ്റൊരുകാര്യം 1884ല്‍ പ്രസിദ്ധീകരിച്ച എംഗല്‍സിന്റെ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന പുസ്തകം സ്ത്രീപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ക്ലാരയുടെ ധാരണ കൂടുതല്‍ മാര്‍ക്സിസ്റ്റ് അടിസ്ഥാനമുള്ളതാക്കി മാറ്റി എന്നതാണ്. ഒരുകാലത്ത് തൊഴിലാളിസ്ത്രീകള്‍ക്ക് സവിശേഷമായ അവകാശങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്തിരുന്ന ക്ലാര ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഇത്തരം നിയമപരമായ സവിശേഷ സംരക്ഷണം നല്‍കുന്നത് സ്ത്രീയുടെ പദവി ഇകഴ്‌ത്തിക്കാണിക്കലാകും എന്ന മധ്യവര്‍ഗ ഫെമിനിസ്റ്റുകളുടെ വാദത്തെ തള്ളിക്കളയുകയുണ്ടായി. സ്ത്രീസമൂഹത്തിന്റെ കീഴാളപദവിക്കാധാരം സ്വകാര്യസ്വത്തിന്റെ ഉത്ഭവമാണെന്ന ശാസ്ത്രീയമായ അറിവാണ് എംഗല്‍സിന്റെ കൃതിയിലൂടെ ക്ലാരയ്ക്കു ലഭിച്ചത്. 1890കളില്‍ ജര്‍മനിയിലെ തൊഴിലാളിവര്‍ഗ സ്ത്രീപ്രസ്ഥാനത്തില്‍ പടര്‍ന്നുപിടിച്ച കേവല ഫെമിനിസത്തെ തുടച്ചുനീക്കി പകരം സുദൃഢമായ മാര്‍ക്സിസ്റ്റ് അടിത്തറ പാകുവാനുള്ള ഉത്തരവാദിത്തം ക്ലാര സെത്കിന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. “ബൂര്‍ഷ്വാ ഫെമിനിസം കേവലമായ പരിഷ്കരണ പ്രസ്ഥാനം എന്നതിനപ്പുറം മറ്റൊന്നുമല്ല. നേരെമറിച്ച് തൊഴിലാളിവര്‍ഗ സ്ത്രീപ്രസ്ഥാനമെന്നത് വിപ്ലവകരമാണ്. എക്കാലത്തും വിപ്ലവകരമായിരിക്കുകയും ചെയ്യും’ എന്ന ക്ലാരയുടെ വാക്കുകള്‍ കേവല സ്ത്രീവാദത്തിനെതിരായി അവര്‍ നടത്തിയ സന്ധിയില്ലാത്ത സമരത്തെ ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. അതേസമയംതന്നെ തൊഴിലാളിസ്ത്രീകള്‍ സ്ത്രീയെന്ന നിലയില്‍ സോഷ്യലിസത്തിനു നല്‍കിയ സവിശേഷ പ്രാധാന്യത്തെയും പുരുഷ സഖാക്കളില്‍നിന്നും സ്ത്രീസഖാക്കള്‍ക്കുള്ള വ്യത്യസ്തതകളെയുംമെല്ലാം അവര്‍ പ്രശംസിച്ചിരുന്നു. 1901ല്‍ ക്ലാര ഗ്ലെചിറ്റില്‍ ഇങ്ങനെ എഴുതി: “തൊഴിലാളി സ്ത്രീയുടെ പരിപൂര്‍ണമായ മോചനം ഒരു സോഷ്യലിസ്റ്റ് സമൂഹത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. ഇന്ന് മേധാവിത്വം പുലര്‍ത്തുന്ന സാമ്പത്തികവും സ്വത്തധിഷ്ഠിതവുമായ ബന്ധങ്ങള്‍ ഇല്ലാതെയാകുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍, ആണും പെണ്ണും തമ്മില്‍, ബൗദ്ധികമായ തൊഴിലും കായികമായ തൊഴിലും തമ്മിലുള്ള സാമൂഹികമായ അന്തരവും ഇല്ലാതെയാവുകയുള്ളൂ.’
സ്ത്രീ പ്രസ്ഥാനം ഊന്നല്‍ നല്‍കേണ്ട കേന്ദ്രബിന്ദു രാഷ്ട്രീയാവകാശങ്ങള്‍ നേടിയെടുക്കുക എന്നതായിരിക്കണമെന്ന് ക്ലാര സെത്കിന്‍ ഉറച്ചുവിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെയാണവര്‍ സ്ത്രീകള്‍ക്ക് സാര്‍വത്രിക വോട്ടവകാശത്തിനുവേണ്ടി സംസാരിക്കുകയും സമരം ചെയ്യുകയും ചെയ്തത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം സാധ്യമാക്കണമെന്ന ആവശ്യം ഉള്‍പ്പെടുത്തിയത് ക്ലാരയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു. വോട്ടവകാശം വിപുലീകരിക്കുന്നതിനുവേണ്ടി 1905ലും 1906ലും നടത്തിയ വമ്പിച്ച ക്യാമ്പയിനുകളില്‍ സ്ത്രീകളുടെ വോട്ടവകാശത്തെക്കുറിച്ച് ഒന്നു സൂചിപ്പിക്കുവാന്‍ പോലും തയ്യാറാകാതിരുന്ന ആസ്ട്രിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ 1907ല്‍ സ്റ്റുട്ട്ഗാര്‍ട്ടില്‍ ചേര്‍ന്ന സാര്‍വദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ ക്ലാര സെത്കിന്‍ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. പുരുഷന്മാര്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതുവരെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനുവേണ്ടിയുള്ള സമരം നീട്ടിവെയ്ക്കുകയെന്ന തികച്ചും തെറ്റായ സമീപനത്തെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
1910ല്‍ കോപ്പണ്‍ഹേഗനില്‍ വെച്ചു നടന്ന രണ്ടാം ഇന്റര്‍നാഷണലിന്റെ രണ്ടാം വനിതാ സമ്മേളനത്തില്‍ വീണ്ടും ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് വിമണിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്ലാര സെത്കിന്‍ ആ സമ്മേളനത്തില്‍ അവിസ്മരണീയമായ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു: എല്ലാവര്‍ഷവും ഒരു ദിവസം സാര്‍വദേശീയ സോഷ്യലിസ്റ്റ് വനിതാദിനമെന്ന നിലയില്‍ ആചരിക്കണമെന്നതായിരുന്നു ആ നിര്‍ദ്ദേശം. അങ്ങനെ മാര്‍ച്ച് 8 സാര്‍വദേശീയ വനിതാ ദിനമായി എല്ലാ രാജ്യങ്ങളിലും ആചരിക്കുവാന്‍ തീരുമാനമായി. മാര്‍ച്ച് 8 എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതും ക്ലാര തന്നെയായിരുന്നു. വോട്ടവകാശത്തിനും തയ്യല്‍ തൊഴിലാളികളുടെ സംഘടനാസ്വാതന്ത്ര്യത്തിനുംവേണ്ടി അമേരിക്കയിലെ തൊഴിലാളിസ്ത്രീകള്‍ 1908 മാര്‍ച്ച് 8ന് റട്ട്ഗാര്‍ സ്ക്വയറില്‍ സംഘടിക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. ലോകത്താകെയുള്ള സോഷ്യലിസ്റ്റ് സ്ത്രീകളുടെ ശ്രദ്ധപിടിച്ചുപറ്റിയതെന്ന നിലയിലും ഭരണവര്‍ഗത്തെ ഒന്ന് ഞെട്ടിച്ചു എന്ന നിലയിലും വിജയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ സമരം നടന്ന ദിവസംതന്നെ വനിതാദിനമായി ആഘോഷിക്കണമെന്ന നിര്‍ദ്ദേശം ക്ലാര മുന്നോട്ടുവെച്ചപ്പോള്‍ സമ്മേളനം ഒന്നടങ്കം അതംഗീകരിച്ചു. അങ്ങനെ 1911 മാര്‍ച്ച് 8 ആദ്യ വനിതാദിനമായി ആചരിക്കപ്പെട്ടു. സാര്‍വദേശീയ വനിതാ ദിനമായി മാര്‍ച്ച് 8 നാം ഇന്നും ആചരിക്കുമ്പോള്‍, സ്ത്രീ വിമോചനമെന്ന ആശയത്തെ വര്‍ഗസമരവുമായി ചേര്‍ത്തുവെച്ചു വായിക്കേണ്ടതുണ്ട് എന്ന മഹത്തായ സന്ദേശമാണ് ക്ലാര സെത്കിന്‍ നമുക്ക് നല്‍കുന്നത് എന്നോര്‍മിക്കേണ്ടതുണ്ട്.
1908 വരെ സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ ഔദ്യോഗികമായി അംഗത്വം നിരസിച്ചിരുന്നുവെങ്കിലും, 1890 മുതല്‍ എസ്‌പിഡി അതിന്റെ കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കപ്പെട്ട വനിതകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരം 1892 മുതല്‍ തന്നെ ക്ലാര സെത്കിന്‍ പാര്‍ട്ടിയുടെ എല്ലാ വാര്‍ഷികസമ്മേളനങ്ങളിലും (അവര്‍ എസ്‌പിഡിയില്‍ ഉണ്ടായിരുന്ന കാലം വരെ) ഒരു പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. 1895ല്‍ എസ്‌പിഡിയുടെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ അവര്‍ പാര്‍ട്ടിയുടെ എക്സിക്യുട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരമൊരു ഉത്തരവാദിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ സ്ത്രീകൂടിയായിരുന്നു ക്ലാര സെത്കിന്‍. ബെബലിനും മെഹ്റിങ്ങിനും മറ്റു നാല് നേതാക്കള്‍ക്കുമൊപ്പം ക്ലാരയും വിദ്യാഭ്യാസത്തിനായുള്ള കേന്ദ്ര കമ്മിറ്റിയുടെ ഉപസമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ എസ്‌പിഡിയുമായുള്ള ക്ലാരയുടെ ബന്ധം പിന്നീട് അധികകാലം നീണ്ടുനിന്നില്ല. കാരണം മറ്റൊന്നുമല്ല, ഒരുകാലത്ത് ജര്‍മനിയില്‍ വിപ്ലവകരമായ ചിന്തകളുണര്‍ത്തിയ ആ പാര്‍ട്ടി പില്‍ക്കാലത്ത് ബേണ്‍സ്റ്റീന്റെയും നോസ്കെയുടെയുമെല്ലാം സ്വാധീനത്തില്‍ വലതുപക്ഷ ആശയങ്ങളിലേക്ക് വഴിമാറാന്‍ തുടങ്ങി എന്നതു തന്നെ. തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നയസമീപനങ്ങള്‍ കൈക്കൊണ്ട എസ്‌പിഡി നേതൃത്വത്തോട് ക്ലാര നിരന്തരം സമരം ചെയ്തു. അവര്‍ ഒട്ടേറെയിടങ്ങളില്‍ ബേണ്‍സ്റ്റീനെതിരെ പ്രസംഗിക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്തു. വില്ല്യം ലീബ്നെക്ടിന്റെ മകനായ കാള്‍ ലീബ്നെക്ടും പോളിഷ് യുവ വിപ്ലവകാരിയായ റോസ ലക്സംബര്‍ഗും ഈ സമരത്തില്‍ ക്ലാരയോടൊപ്പം ചേര്‍ന്നുനിന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേന്ദ്രകമ്മിറ്റി ചുമതലക്കാരി എന്ന നിലയില്‍ പാര്‍ട്ടി സ്കൂളിലേക്ക് റിവിഷനിസ്റ്റുകള്‍ കടന്നുകയറാതിരിക്കാന്‍ ക്ലാര സദാ ജാഗ്രത പുലര്‍ത്തി. അവിടെ മാര്‍ക്സിയന്‍ ആശയങ്ങള്‍ പഠിപ്പിക്കുവാന്‍ അവര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു.
1914ല്‍ ഒന്നാം ലോകയുദ്ധം ആരംഭിച്ചതിനുശേഷവും ക്ലാര നിരന്തരം യുദ്ധത്തിനെതിരായി സംസാരിക്കുകയും സാമ്രാജ്യത്വയുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ സമൂഹത്തോട് വിളിച്ചു പറയുകയും ചെയ്തു. 1914 ആഗസ്റ്റ് നാലിന് ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ റീഷ്താഗില്‍ യുദ്ധത്തെ അനുകൂലിച്ചുകൊണ്ട് വോട്ട് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ ആ നിലപാടിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് ക്ലാര സെത്കിന്‍ ആയിരുന്നു. സെന്‍സര്‍ഷിപ്പുപോലും വകവെയ്ക്കാതെ പട്ടാളനിയമത്തെ വിമര്‍ശിച്ചുകൊണ്ടും യുദ്ധത്തെ എതിര്‍ത്തുകൊണ്ടും അവര്‍ നിരന്തരം ഗ്ലെചിറ്റില്‍ ലേഖനങ്ങളെഴുതി. അതുകൊണ്ടുതന്നെ യുദ്ധത്തിനെതിരായ സ്ത്രീകളുടെ പ്രസിദ്ധീകരണമെന്ന നിലയില്‍ ഗ്ലെചിറ്റ് സാര്‍വദേശീയമായി തന്നെ അറിയപ്പെട്ടു. സോഷ്യലിസ്റ്റുകളായ സ്ത്രീകളുടെ സാര്‍വദേശീയ സംഘടനയുടെ പ്രസിഡന്റ് എന്ന നിലയില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ 1915 മാര്‍ച്ച് 15ന് ഒരു സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ക്ലാര ആഹ്വാനം ചെയ്തു. ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് വിമണിന്റെ ഈ സമ്മേളനത്തില്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍നിന്നും 28 പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായി; യുദ്ധത്തെ അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കുകയും, ക്ലാര സെത്കിന്‍ തന്നെ എഴുതി തയ്യാറാക്കിയ മാനിഫെസ്റ്റോ വിതരണം ചെയ്യുകയും ചെയ്തു. തൊഴിലാളി സ്ത്രീകളോട് ഏറെ വൈകാരികവും വസ്തുനിഷ്ഠവുമായി അവരുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തുടങ്ങുന്ന മാനിഫെസ്റ്റോ യുദ്ധത്തിന്റെ ഭീകര മുഖത്തെ തുറന്നുകാട്ടി; ശവപ്പറമ്പുകളും കൈകാലുകള്‍ അറ്റുകിടക്കുന്ന മനുഷ്യകൂട്ടങ്ങളും വിശപ്പിന്റെ വിളിയില്‍ കത്തുന്ന ജീവനും എടുത്തുപറയുന്ന മാനിഫെസ്റ്റോ അവസാനിക്കുന്നത് ‘യുദ്ധം അവസാനിപ്പിക്കുക, സോഷ്യലിസത്തിലേക്കു നീങ്ങുക’ എന്ന ആഹ്വാനം നല്‍കിക്കൊണ്ടാണ്.
സ്വിറ്റ്സര്‍ലണ്ടില്‍ അച്ചടിച്ച ഈ മാനിഫെസ്റ്റോ ജര്‍മനിയിലാകമാനം രഹസ്യമായി വിതരണം ചെയ്തു. ബേണിലെ സമ്മേളനം കഴിഞ്ഞ ഉടന്‍തന്നെ ഇതെഴുതിയതിന്റെ പേരില്‍ ക്ലാര അറസ്റ്റ് ചെയ്യപ്പെട്ടു. നാലുമാസത്തോളം അവര്‍ക്ക് കരുതല്‍ തടങ്കലില്‍ കിടക്കേണ്ടിവന്നു.
സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്കെതിരായ ക്ലാരയുടെ ഉറച്ച നിലപാടില്‍ രോഷംപൂണ്ട, യുദ്ധത്തെ പിന്താങ്ങുന്ന കപട സോഷ്യലിസ്റ്റുകളുടെ ഒരുകൂട്ടം മാത്രമായി തീര്‍ന്ന എസ്‌പിഡി നേതൃത്വം ക്ലാരയെ ഗ്ലെചിറ്റിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. അതൊന്നും തന്നെ ക്ലാരയെ തളര്‍ത്തിയില്ല.
1917ല്‍ റഷ്യയില്‍ ബോള്‍ഷെവിക് വിപ്ലവം നടന്നപ്പോള്‍ ക്ലാര അതിനെ ആവേശപൂര്‍വം സ്വാഗതം ചെയ്തു. “കലുഷമായ അന്തരീക്ഷത്തിലെ ഇടിമുഴക്കം’ എന്നാണ് അവര്‍ ആ വിപ്ലവത്തെ വിശേഷിപ്പിച്ചത്. “റഷ്യയില്‍ സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കപ്പെടുക മാത്രമല്ല, മറിച്ച് ലോകത്തിന്റെ എല്ലാ ദിശയിലും അത് സര്‍ഗാത്മകമായ, പുതിയൊരു ഉണര്‍വുണ്ടാക്കും’ എന്ന ക്ലാരയുടെ വാക്കുകള്‍ പില്‍ക്കാല ചരിത്രമായി. എന്നാല്‍ ഒരു അവികസിത രാജ്യത്തുണ്ടായ വിപ്ലവമായതിനാല്‍ അത് യഥാര്‍ഥ സോഷ്യലിസ്റ്റ് വിപ്ലവമല്ല എന്നു പറഞ്ഞ് എസ്‌പിഡിയിലെ വലതുപക്ഷ നേതൃത്വം ലോകത്തിലെ ആദ്യ തൊഴിലാളിവര്‍ഗവിപ്ലവത്തെ നിശേഷം തള്ളിക്കളയുകയാണുണ്ടായത്. ക്ലാരയെ സംബന്ധിച്ചിടത്തോളം എസ്‌പിഡിയില്‍ ഇനിയും തുടരുകയെന്നത് അസാധ്യമായിരുന്നു. 1917ല്‍ ക്ലാര സെത്കിന്‍ എസ്‌പിഡിയില്‍നിന്നും രാജിവെയ്ക്കുകയും, യുദ്ധവിരുദ്ധത ഉയര്‍ത്തിപ്പിടിക്കുന്ന കുറേയധികം സോഷ്യലിസ്റ്റുകള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡിപെന്‍ഡന്റ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ (യുഎസ്‌പിഡി) ചേരുകയും ചെയ്തു. പക്ഷേ അതും പരാജയമായിരുന്നു.
1916ല്‍ കാള്‍ ലീബ്നെക്ടിന്റെ വക്കീലാഫീസില്‍ വെച്ച് ക്ലാരയും റോസാ ലക്സംബര്‍ഗും ഉള്‍പ്പെടെ ഒരുകൂട്ടം പ്രതിനിധികള്‍ ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് രൂപീകരിക്കുകയും, അത് പിന്നീട് 1917 നവംബറില്‍ സ്പാര്‍ട്ടക്കസ് ലീഗ് ആയി മാറുകയും ചെയ്തു. ഈ സ്പാര്‍ട്ടക്കസ് ലീഗാണ് 1918 നവംബറില്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിണമിച്ചത്. യുഎസ്‌പിഡിയിലെ സോഷ്യലിസ്റ്റുകള്‍ അധികവും ഇവ രണ്ടിനുമിടയില്‍ പതറി നിന്നപ്പോള്‍ ക്ലാര ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നു. “തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവ പോരാട്ടത്തിനായുള്ള പാര്‍ട്ടി’ എന്നു സധൈര്യം വിളിച്ചുപറഞ്ഞ രാഷ്ട്രീയപ്രസ്ഥാനം എന്നാണ് ക്ലാര സെത്കിന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞത്. 1919 മുതല്‍ 1923 വരെയും, പിന്നീട് 1927ലും അവര്‍ ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. വെയ്മര്‍ റിപ്പബ്ലിക്കിന്റെ ആദ്യാവസാനംവരെയും അവര്‍ റീഷ്താഗില്‍ കമ്യൂണിസ്റ്റ് അംഗമായി. റോസ ലക്സംബര്‍ഗിന്‍റെയും കാള്‍ ലീബ്നെക്ടിന്റെയും രക്തസാക്ഷിത്വവും (1919 ജനുവരി 15) ഫ്രന്‍സ് മെഹ്റിങ്ങിന്റെ മരണവും ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ക്ലാര ചെയ്തുതീര്‍ക്കേണ്ട കടമകള്‍ പിന്നെയും ഇരട്ടിപ്പിക്കുകയായിരുന്നു.
1919 മാര്‍ച്ചില്‍ നടന്ന മൂന്നാം ഇന്റര്‍നാഷണല്‍ അഥവാ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ സ്ഥാപക കോണ്‍ഗ്രസില്‍ സ്ത്രീകളെ സംബന്ധിച്ച് അംഗീകരിച്ച പ്രമേയം ഏറെ പുരോഗമനോന്മുഖമായിരുന്നു. “തൊഴിലാളിവര്‍ഗ സ്ത്രീകളുടെ ആഴത്തിലുള്ള സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുമാത്രമേ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നേടിയെടുക്കുവാനും നിലനിര്‍ത്തുവാനും സാധിക്കുകയുള്ളൂ’ എന്നു പറഞ്ഞ ആ പ്രമേയത്തെ അനുമോദിച്ചുകൊണ്ട് ക്ലാര ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ത്രീ പ്രസിദ്ധീകരണമായ ദി കൊമിന്റേണില്‍ ലേഖനമെഴുതി. 1919 മധ്യത്തോടെ മൂന്നാം ഇന്റർനാഷണലിന്റെ പ്രസിദ്ധീകരണമായ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിലും ആ മഹാ വിപ്ലവകാരിയുടെ ലേഖനങ്ങള്‍ കണ്ടുതുടങ്ങി. 1920ലെ വസന്തകാലത്താണ് കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സജീവ പ്രവര്‍ത്തകയായ ക്ലാര സെത്കിനെ (അന്നവര്‍ക്ക് പ്രായം 62) എക്സിക്യുട്ടീവ് കമ്മിറ്റി കമ്യൂണിസ്റ്റ് വിമണിന്റെ സാര്‍വദേശീയ സെക്രട്ടറിയായി നിയമിക്കുന്നത്.
സാര്‍വദേശീയ സെക്രട്ടറി എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും, ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനും ഉചിതം സോവിയറ്റ് യൂണിയനാണെന്നുകണ്ട ക്ലാര തന്റെ പില്‍ക്കാല ജീവിതം അവിടേക്ക് പറിച്ചുനട്ടു. അങ്ങനെയാണ് ക്ലാര സെത്കിന്‍ മഹാനായ ലെനിനെ നേരില്‍ കണ്ടുമുട്ടുന്നത്; ആശയപരമായ സമാനതകൊണ്ടാവാം, അവര്‍ക്കിടയില്‍ വളരെ വേഗം തന്നെ ഒരു ആത്മബന്ധം വളര്‍ന്നുവന്നു. തൊഴിലാളിവര്‍ഗ വിമോചനത്തെക്കുറിച്ചും സ്ത്രീ പ്രശ്നങ്ങളെക്കുറിച്ചും അവര്‍ നിരന്തരം ചര്‍ച്ച ചെയ്തു. ‘ലെനിന്‍ സ്ത്രീകളെക്കുറിച്ച്’ എന്ന പേരില്‍ ക്ലാര എഴുതിയ ലഘുലേഖ ലെനിനുമായുള്ള ഈ നീണ്ട സംവാദങ്ങളുടെ ആവിഷ്കാരമായിരുന്നു. “കോടിക്കണക്കിനു വരുന്ന തൊഴിലാളിസ്ത്രീകള്‍ കൂടി അണിനിരക്കാതെ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം സാധ്യമാകില്ല’ എന്നും “അവരുടെയിടയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാവശ്യമായ സംഘടനാഘടകങ്ങള്‍ നമുക്ക് അനിവാര്യമാണെന്നുള്ള ലെനിന്റെ വാക്കുകള്‍ ക്ലാരയെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് അവര്‍ പറയുന്നുണ്ട്. “സ്ത്രീകളുടേതായ പ്രശ്നങ്ങളോട് സംവദിക്കുന്ന സമര രീതികളും സംഘടനാ രൂപങ്ങളും’ അനിവാര്യമാണെന്നും “അത് ഫെമിനിസമല്ല, പ്രായോഗികമായ വിപ്ലവ പ്രവര്‍ത്തനമാണ്’ എന്നുമുള്ള ലെനിന്റെ വാക്കുകള്‍ അവര്‍ അടിവരയിട്ടുപറയുന്നുണ്ട്.
ശാരീരികമായ അവശതകളും രോഗവും ക്ലാരയെ അപ്പോഴേക്കും വല്ലാതെ ബാധിച്ചിരുന്നു. സോവിയറ്റ് യൂണിയനിലെ അവരുടെ പിന്നീടങ്ങോട്ടുള്ള ജീവിതത്തില്‍ അധികകാലവും അവര്‍ ശയ്യാവലംബിയായിരുന്നു. എന്നാല്‍, ഇതൊന്നും സമരതീക്ഷ്ണമായ ആ മനസിനെ തളര്‍ത്തിയില്ല; സാര്‍വദേശീയ തൊഴിലാളി പ്രസ്ഥാനത്തെ തന്നാലാവുംവിധം അവര്‍ സഹായിച്ചുകൊണ്ടിരുന്നു.
ജര്‍മനിയിലെ സ്ഥിതി അപ്പോഴേക്കും വല്ലാതെ മോശമായി തീര്‍ന്നിരുന്നു. ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നാസിസത്തിന്റെ കടന്നുകയറ്റം വന്‍തോതില്‍ നടന്നുകഴിഞ്ഞിരുന്നു. ആ നാടാകെ ഏകാധിപത്യത്തിന്റെ പടുകുഴിയില്‍ വീണുകൊണ്ടിരിക്കുകയാണ് എന്നു മനസ്സിലാക്കിയ ക്ലാര സെത്കിന്‍ തന്റെ അന്ധതയും അവശതയും പോലും വകവയ്ക്കാതെ, സ്വന്തം ജീവനുമേല്‍ നാസികളുടെ ഭീഷണിയുണ്ടായിട്ടും 1932ല്‍ ജര്‍മനിയിലേക്ക് വന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാത്ത ഹിറ്റ്ലറും നാസിപടയും പ്രസിഡന്റ് ഹിന്‍ഡന്‍ബര്‍ഗിന്റെ സഹായത്തോടെ അധികാരം പിടിച്ചെടുക്കാനൊരുങ്ങിനില്‍ക്കുന്ന ഘട്ടത്തിലാണ് വളരെ സാഹസികമായി ക്ലാര സെത്കിന്‍ റീഷ്താഗിലെ തന്റെ ഇരിപ്പിടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും പ്രായം കൂടിയ പ്രതിനിധിയെന്ന നിലയില്‍ റീഷ്താഗ് സമ്മേളനത്തിന്റെ ചട്ടമനുസരിച്ച് ആ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ക്ലാര നിയോഗിക്കപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന തന്റെ പ്രസംഗത്തിലൂടെ ഫാസിസ്റ്റനുകൂലികളുടെ മൂക്കിന്‍തുമ്പത്തിരുന്നുകൊണ്ട് ഫാസിസത്തിനെതിരായി അവര്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി; ഫാസിസത്തെ തുടച്ചുനീക്കുന്നതിന് തൊഴിലാളികളുടേതായ ഒരു ഐക്യമുന്നണി ഉണ്ടാകണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. ഈ ഐക്യമുന്നണിയില്‍ കാലങ്ങളായി അടിമത്തം അനുഭവിക്കുന്ന, ഏറ്റവും ചൂഷിത വിഭാഗമായ സ്ത്രീകളും ഉണ്ടാവണമെന്നും, “എല്ലാ അവശതകള്‍ക്കുമപ്പുറത്ത് ഒരു സോഷ്യലിസ്റ്റ് ജര്‍മനി കാണാനുള്ള ഭാഗ്യമുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു’ എന്നും പറഞ്ഞുകൊണ്ടാണ് ക്ലാര തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.
പക്ഷേ അതുണ്ടായില്ല. 1933 ജനുവരിയില്‍ ഹിറ്റ്ലര്‍ ജര്‍മനി പിടിച്ചടക്കി. പക്ഷേ അപ്പോഴേക്കും ക്ലാര സോവിയറ്റ് യൂണിയനിലേക്ക് മടങ്ങിയിരുന്നു. അവിടെവച്ചാണവര്‍ ഏറെ സാഹസികമായ, വിപ്ലവകരമായ, സമരഭരിതമായ ആ ജീവിതത്തോട് വിടപറയുന്നത്. അതെ, 1933 ജൂണ്‍ 22ന് ക്ലാര സെത്കിന്‍ എന്ന വിപ്ലവനക്ഷത്രം മരണത്തിനു കീഴടങ്ങി.
ആ ജീവിതം സമരതീക്ഷ്ണമായിരുന്നു. സ്വന്തം ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട നിമിഷങ്ങളില്‍ അവര്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലപാടുകളെടുത്തു. അവിടെനിന്നു തുടങ്ങിയ ആ ജീവിതത്തിലുടനീളം അവര്‍ വിശ്രമമെന്തെന്നറിയാത്ത പോരാളിയായിരുന്നു. ആശയസംവാദങ്ങളുടെ മണ്ഡലത്തില്‍ അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞ വാക്കുകള്‍ ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു; “സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്കെതിരായ തൊഴിലാളികളുടെ പോരാട്ടം ചോരകുടിയന്‍ മുതലാളിത്തത്തിനെതിരായ ജീവന്മരണ പോരാട്ടമാണ്, അത് സോഷ്യലിസത്തിന്റെ സാക്ഷാത്കാരത്തിനായുള്ള സമരമാണ്’ എന്ന അവരുടെ വാക്കുകള്‍ ഇന്നും അനശ്വരമായി തലമുറകളില്‍ ജീവിക്കുന്നു; ഒട്ടും തന്നെ അനുകൂലമല്ലാത്ത, തികച്ചും പ്രതിലോമകരമായ ഒരു പരിതസ്ഥിതിയില്‍ നിന്നുകൊണ്ട് സ്ത്രീകളുടേതായ ഒരു പ്രസിദ്ധീകരണത്തെ 25 വര്‍ഷക്കാലം അവര്‍ സജീവമായി മുന്നോട്ടുകൊണ്ടുപോയി; അന്ന് യൂറോപ്പില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ സ്ത്രീപ്രസ്ഥാനത്തെ നയിക്കുന്നതില്‍, തൊഴിലാളിസ്ത്രീകളെ ട്രേഡ് യൂണിയന്‍ രംഗത്തേക്ക് കൊണ്ടുവരുന്നതില്‍, സ്ത്രീകള്‍ക്ക് വോട്ടവകാശവും തുല്യതയും ലഭ്യമാക്കുന്നതില്‍, റിവിഷനിസത്തിനും അറുപിന്തിരിപ്പന്‍ ആശയങ്ങള്‍ക്കുമെതിരായ ചെറുത്തുനില്‍പ്പ് തീര്‍ക്കുന്നതില്‍, സൈനിക സ്വേച്ഛാധിപത്യത്തെയും സാമ്രാജ്യത്വത്തെയും ഒന്നാം ലോക യുദ്ധത്തെയും നെഞ്ചുറപ്പോടെ നിന്ന് എതിര്‍ക്കുന്നതില്‍, ഫാസിസത്തിനെതിരായി ധീരമായ വെല്ലുവിളി ഉയര്‍ത്തുന്നതില്‍, എന്നിങ്ങനെ അവരുടെ ജീവിതത്തിന്റെ ഓരോ മണ്ഡലങ്ങളിലും നമുക്കൊരു തികഞ്ഞ വിപ്ലവകാരിയെ കാണാനാകും. 1915 ജനുവരിയില്‍ ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ലേബര്‍ വിമണ്‍ എഴുതിയതു പോലെ “ഓരോ അണുവിലും അവര്‍ ഒരു തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു; ജനകീയ സമരങ്ങളുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള സന്ധിചേരലിന് തയ്യാറാകുന്നതിനേക്കാള്‍ ഭേദം മരണമാണെന്നുറപ്പിച്ചിരുന്ന പോരാളിയാണവര്‍’. l
(അവസാനിച്ചു)