ലോകത്തെ അത്ഭുതപ്പെടുത്തി സിറിയയിലെ ബഷാർ അൽ അസദ് ഗവൺമെന്റ് ചരിത്രത്തിന്റെ ഭാഗമായി. മേഖലയിൽ അമേരിക്കൻ ഇടപെടലിനെതിരെ നിലപാടെടുത്ത, പലസ്തീൻ ജനതയ്‌ക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിനൊപ്പം അടിയുറച്ചുനിന്ന മതനിരപേക്ഷ സർക്കാരായിരുന്നു അസദിന്റേത്. ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിയെ എതിർത്ത ഇറാന്റെ നേതൃത്വത്തിലുള്ള “പ്രതിരോധത്തിന്റെ അച്ചുതണ്ടിൽ’ ഉൾപ്പെട്ട രാഷ്ട്രംകൂടിയായിരുന്നു സിറിയ. അതുകൊണ്ടുതന്നെ സിറിയയിലെ അട്ടിമറി പലസ്തീൻ ജനതയ്‌ക്ക് കനത്ത തിരിച്ചടിയാണ്. ഗാസയിൽ പലസ്തീൻകാരെ വംശഹത്യ ചെയ്യുന്ന ഇസ്രയേലിന് ആ കിരാതനയം തുടരാൻ പ്രചോദനം നൽകുന്നതു കൂടിയാണ് ഈ ഭരണമാറ്റം. അസദ് സർക്കാരിന് പിന്തുണ നൽകിയ റഷ്യക്കും ഇറാനും രാഷ്ട്രീയവും നയതന്ത്രപരവുമായ തിരിച്ചടി കൂടിയാണിത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അൽഖ്വായ്ദ എന്നീ ഭീകരവാദ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച് ടി എസ്) സർക്കാർ അധികാരത്തിൽ വരുന്നത് ലോകത്തിന് ഒട്ടും പ്രതീക്ഷ നൽകുന്ന ഒന്നല്ല. ഐഎസിന്റെയും താലിബാന്റെയും ഭരണമാതൃക തന്നെയായിരിക്കും എച്ച്ടിഎസും അന്തിമമായി പിന്തുടരാൻ പോകുന്നത്.
എന്നാൽ ഐഎസുമായും അൽഖ്വായ്ദയുമായും ബന്ധം വിച്ഛേദിച്ച് മിതവാദികളായി മാറിയ, റീബ്രാൻഡ് ചെയ്യപ്പെട്ട ഭീകരവാദികളാണ് എച്ച്ടിഎസ് എന്നാണ് പാശ്ചാത്യമാധ്യമങ്ങളുും പശ്ചിമേഷ്യൻ രാജാക്കന്മാരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും ഒരുപോലെ പ്രചരിപ്പിക്കുന്നത്. നേരത്തേ അമേരിക്ക (ഐക്യരാഷ്ട്ര സഭയുടെ) എച്ച്ടിഎസ് മേധാവി അബു മൊഹമ്മദ് ജൊലാനിയെ ഭീകരവാദിയായി പ്രഖ്യാപിക്കുകയും ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ അസദിനെതിരെ ആയുധമെടുത്തതോടെ ജൊലാനിയുടെ എല്ലാ പാപക്കറകളും മായ്‌ക്കാൻ അമേരിക്ക തയ്യാറായി. അമേരിക്കയുടെ ഈ ചുവടുമാറ്റം കാണുമ്പോൾ ഓർമവരുന്നത് ബിൻ ലാദനെയാണ്. സോവിയറ്റ് യൂണിയനെതിരെയും – അഫ്ഗാനിലെ നജീബുള്ള സർക്കാരിനെതിരെയും കലാപം സംഘടിപ്പിക്കുന്നതിനായി അമേരിക്ക സൃഷ്ടിച്ച ഭീകരവാദിയാണല്ലോ സൗദി അറേബ്യക്കാരനായ ബിൻ ലാദൻ. സോവിയറ്റ് യൂണിയനെതിരെ പടനയിക്കുന്ന വിപ്ലവകാരിയാണ് ബിൻ ലാദനെന്നും അദ്ദേഹത്തിന്റെ സൈന്യം സമാധാനത്തിലേക്കുള്ള പാതയാണ് തുറക്കുന്നതെന്നുമായിരുന്നു അമേരിക്കയും പാശ്ചാത്യമാധ്യമങ്ങളും അന്ന് പ്രചരിപ്പിച്ചത്. അമേരിക്കൻ ചാരസംഘടനയായ സിഐഎ “ഓപ്പറേഷൻ സൈക്ലോൺ’ എന്ന പേരിൽ അഫ്ഗാനിലെ ഭരണമാറ്റം ലക്ഷ്യമാക്കി പണവും ആയുധവും നൽകി വളർത്തിയ ബിൻ ലാദൻ പിന്നീട് അമേരിക്കയെ ആക്രമിച്ചപ്പോൾ അദ്ദേഹം അവർക്ക് പൊടുന്നനെ കൊടുംഭീകരനായി മാറി. ഭീകരവാദത്തിനെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചു. ബിൻ ലാദനെ പാക്കിസ്താനിൽവച്ച് അവർ വധിക്കുകയും ചെയ്തു. സൗദി അറേബ്യയിൽ ജനിച്ച ജൊലാനിയുടെ കാര്യത്തിലും അമേരിക്ക ഇതാവർത്തിക്കുന്നു. 2012-–13 കാലത്ത് ഒബാമ സർക്കാരാണ് സിറിയൻ ഗവൺമെന്റിനെ അട്ടിമറിക്കുക ലക്ഷ്യമാക്കി “ഓപ്പറേഷൻ ടിമ്പർ സിക്കമോർ’യ്‌ക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി സിഐഎ ഒഴുക്കിയ പണത്തിന്റെയും ആയുധത്തിന്റെയും ബലത്തിൽ ഉയർന്ന പ്രസ്ഥാനമാണ് എച്ച്ടിഎസ്; ഉയർന്നുവന്ന നേതാവാണ് ജൊലാനി. ആ നേതാവിനെ വെളുപ്പിച്ചെടുക്കാനാണ് ഇപ്പോൾ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മലയാളം മാധ്യമങ്ങൾപോലും വിമതർ, പ്രതിപക്ഷം എന്നീ പദങ്ങളാണ് ഈ ഭീകരവാദികളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.
കഴിഞ്ഞ 10 വർഷമായി ജൊലാനിയുടെ എച്ച്ടിഎസ് ഭരിക്കുന്ന ഇദ്‌ലിബിൽ താലിബാൻ മാതൃകയിലുള്ള ഭരണം തന്നെയാണ് കാഴ്ചവച്ചത്. സദാചാരക്കുറ്റം ആരോപിച്ച് മൂന്ന് സ്‌ത്രീകളെ കല്ലെറിഞ്ഞ് കൊന്നത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. താടി വടിച്ച പുരുഷന്മാരും സംഗീതം കേൾക്കുന്നവരും ഇവിടെ ശിക്ഷിക്കപ്പെട്ടു. മാധ്യമപ്രവർത്തകരെയും രാഷ്ട്രീയഎതിരാളികളെയും ജയിലിലടയ്‌ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി ചില മനുഷ്യാവകാശ സംഘടനകൾ പരാതിപ്പെട്ടു. അധികാരം നേടാൻ മിതവാദപാത സ്വീകരിച്ചേക്കാം. എന്നാൽ അധികാരം നേടിയാൽ ഇസ്ലാമികഭരണത്തിന് അവർ ശ്രമിക്കുമെന്നതിൽ സംശയമൊന്നുമില്ല. സുന്നികളും അലാവികളും ക്രിസ്‌ത്യാനികളും അടങ്ങിയ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാജ്യമല്ല, ഇസ്ലാമിക രാജ്യമാണ് എച്ച്ടിഎസിന്റെ ലക്ഷ്യമെന്ന് വ്യക്തം. അതായത് ഇസ്ലാമിക ജിഹാദികളെ അധികാരമേറ്റാനാണ് “ഭീകരവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച’ അമേരിക്ക അഫ്ഗാനിലെന്നതുപോലെ സിറിയയിലും തയ്യാറായത്. അതിന് വഴിയൊരുക്കിയവരിൽ തുർക്കിയെയും ഇസ്രയേലിനെയും കാണാം. ഇസ്ലാം താൽപ്പര്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് ചിലകൂട്ടർ ചിത്രീകരിക്കുന്ന എർദൊഗാനാണ് പലസ്തീനികൾക്കുവേണ്ടി നിലകൊണ്ട അസദിനെ അട്ടിമറിക്കാൻ ഇസ്രയേലിനും അമേരിക്കയ്‌ക്കും ഒപ്പംനിന്ന്, ഇസ്രയേലുമായി വ്യാപാരബന്ധത്തിലേർപ്പെടാനും അവർക്ക് എണ്ണ നൽകാനും എർദൊഗാന് ഒരു മടിയുമില്ല എന്ന കാര്യംകൂടി അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവർ അറിയണം.
തുർക്കിയുടെ നേതൃത്വത്തിലുള്ള സിറിയൻ നാഷണൽ ആർമിയാണ് മിന്നൽ വേഗത്തിലുള്ള എച്ച്ടിഎസ് മുന്നേറ്റത്തിന് പിന്നിലെ ചാലകശക്തിയെന്നാണ് മാധ്യമവിശകലനങ്ങളിൽ കാണുന്നത്. ഇസ്രയേലാകട്ടെ, തുടർച്ചയായി സിറിയൻ സൈനികകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി സിറിയൻസേനയെ ക്ഷയിപ്പിച്ചതിനൊപ്പം അസദ് സർക്കാരിന് നിർണായകപിന്തുണ നൽകിയ ലബനനിലെ ഹിസ്‌ബുള്ളയ്‌ക്കെതിരെ ആഴ്ചകൾ നീണ്ട വ്യോമാക്രമണം നടത്തി അവരുടെ പ്രഹരശേഷി ദുർബലമാക്കി. ഹിസ്‌ബുള്ളയെ തളർത്തിയതാണ് അസദിന്റെ പതനത്തിന് കാരണമായതെന്ന് കഴിഞ്ഞദിവസം ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹുതന്നെ അവകാശപ്പെട്ടു. ഉക്രയ്ൻ യുദ്ധത്തിൽ മുഴുകിയ റഷ്യക്കും അസദിനെ സൈനികമായി സഹായിക്കുന്നതിൽ പരിമിതി ഉണ്ടായിരുന്നു. ഈ സാഹചര്യം അമേരിക്കയും ഇസ്രയേലും തുർക്കിയും സമർഥമായി ഉപയോഗപ്പെടുത്തിയതാണ് അസദിന്റെ വീഴ്ചയ്‌ക്ക് കാരണമായത്.
പശ്ചിമേഷ്യയിൽ തങ്ങളുടെ “ഹെജിമണി’യെ ചോദ്യംചെയ്യുന്ന ശക്തികളെ തകർക്കുക എന്നത് അമേരിക്കയുടെ പ്രഖ്യാപിതപദ്ധതിയാണ്. 2007ലാണ് അമേരിക്കൻ ജനറലും നാറ്റോ കമാൻഡറുമായ വെസ്ലി ക്ലാർക്ക് ഇതുസംബന്ധിച്ച് സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. മധ്യപൗരസ്ത്യ ദേശത്തെ ഏഴുരാജ്യങ്ങളിൽ ഭരണം അട്ടിമറിക്കണമെന്ന, അന്നത്തെ പ്രതിരോധസെക്രട്ടറി ഡൊണാൾഡ് റംസ്-ഫീൽഡിന്റെ പദ്ധതിയെക്കുറിച്ചാണ് ക്ലാർക്ക് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇറാക്ക്, സിറിയ, ലബനൻ, ലിബിയ, സുഡാൻ, സൊമാലിയ, ഇറാൻ എന്നീ രാജ്യങ്ങളിലാണ് അമേരിക്ക അട്ടിമറിക്ക് പദ്ധതിയിട്ടത്. അതിൽ സിറിയയിലുംകൂടി ലക്ഷ്യം കണ്ടതോടെ ഇനി ഇറാൻ മാത്രമാണ് ഈ പട്ടികയിൽ ബാക്കിയുള്ളത്. ഏകാധിപതികളെന്ന് വിശേഷിപ്പിച്ച് അമേരിക്ക “വിമോചിപ്പിച്ച’ ഇറാഖിന്റെയും ലിബിയയുടെയും സ്ഥിതി ശോചനീയമാണ്. ഒരുകാലത്ത് ആഫ്രിക്കയിൽ മാനവവിഭവശേഷി സൂചികയിൽ ഏറ്റവും മുന്നിൽനിന്ന ലിബിയയിൽ ഇന്ന് ഭരണംപോലും ഇല്ലാത്ത അവസ്ഥയാണ്. ജനം പട്ടിണിയിൽ എരിപൊരികൊള്ളുന്നു. ഇറാഖിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സിറിയയും അതേപാതയിലേക്കാണ് നയിക്കപ്പെടുന്നത്. അമേരിക്ക നടത്തുന്ന “വിമോചനം’ സമ്മാനിക്കുന്നത് രാഷ്ട്രീയഅസ്ഥിരതയും ദുരിതപൂർണമായ ജീവിതവുമാണ്. അസദിന്റെ കൈകളിൽനിന്നും സിറിയയെ മോചിപ്പിച്ചതോടെ തേനും പാലും ഒഴുകുമെന്ന ആഖ്യാനമാണ് അമേരിക്കയും പാശ്ചാത്യമാധ്യമങ്ങളും സൃഷ്ടിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധവും അവരുടെ പശ്ചിമേഷ്യൻ ചമ്മട്ടിയായ ഇസ്രയേൽ നടത്തിയ തുടർച്ചയായ ബോംബാക്രമണങ്ങളുമാണ് സിറിയയിലെ ജനജീവിതം ദുസ്സഹമാക്കിയത് എന്നകാര്യം ഈ മാധ്യമങ്ങൾ കാണുന്നേയില്ല.
അസദിനെ മാറ്റുന്നതിൽ അമേരിക്കയും ഇസ്രയേലും തുർക്കിയും കൈകോർത്തുവെങ്കിലും അവരുടെ താൽപ്പര്യങ്ങൾ വ്യത്യസ്തമാണ്. ഇസ്രയേലിന്റെ കണ്ണ് ഗോലാൻ കുന്നുകളിലാണ്. 1967ലെ യുദ്ധത്തിൽ ഗോലാൻകുന്നുകളുടെ മൂന്നിൽ രണ്ടുഭാഗവും ഇസ്രയേലിന് ലഭിച്ചെങ്കിലും സിറിയയുടെ കൈവശമുള്ള ബാക്കി ഭാഗംകൂടി കൈവശപ്പെടുത്തണം. അതിന്റെ മുന്നോടിയായി ഗോലാൻകുന്നുകളിലെ ബഫർസോൺ (1974ൽ നിലവിൽവന്നത്) ഇസ്രയേൽ കൈവശപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്. ഇസ്രയേൽ ടാങ്കുകൾ ഡമാസ്‌കസിന്റെ 20 കിലോമീറ്റർ വരെയെത്തിയതായി “അൽ ഇത്തിഹാദ്’ എന്ന അറബിപത്രം റിപ്പോർട്ട് ചെയ്തത് ഗൾഫിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്തും ഇറാഖും അറബ്‌ലീഗും ഇസ്രയേലിന്റെ അധിനിവേശത്തിനെതിരെ പ്രസ്‌താവന ഇറക്കുകയുമുണ്ടായി.
തുർക്കിയാകട്ടെ, വടക്കൻ സിറിയയിലെ കുർദുകളെ അവിടെനിന്നും ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള നീക്കങ്ങൾ എർദൊഗാൻ തുടങ്ങിയെന്ന് തുർക്കി സേനയും കുർദ് സേനയും (അമേരിക്ക പിന്തുണയ്‌ക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സുമായി) തമ്മിൽ മാജിബിൽ നടത്തിയ ഏറ്റുമുട്ടൽ വ്യക്തമാക്കുന്നു. ഇതേ കുർദ് പ്രദേശത്തിന്റെ നിയന്ത്രണം കൈവിടാതിരിക്കാനാണ് അമേരിക്കയുടെ ശ്രമം. അമേരിക്കയുടെ കണ്ണ് അവിടുത്തെ എണ്ണയിലാണ്. 2010 ൽ ഫോക്‌സ് ന്യൂസിന് നൽകിയ മുഖാമുഖത്തിൽ അമേരിക്കൻസേനയെ കുർദിൽ നിർത്തുന്നത് എണ്ണയെടുക്കാനാണെന്ന് ട്രംപ് മറയില്ലാതെ വെളിപ്പെടുത്തി. ഈ രാഷ്ട്രങ്ങളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങാൻ എച്ച്ടിഎസിന് കഴിയുമോ? സിറിയ കൂടുതൽ കുഴപ്പങ്ങളിലേക്കാണ് എടുത്തെറിയപ്പെടുന്നത്. അവിടെ രാഷ്ട്രീയ സ്ഥിരത അകലെയാണെന്നർഥം.
അമേരിക്കയുടെയും ഇസ്രയേലിന്റെയും അടുത്ത നീക്കം ഇറാനെതിരെയാകുമെന്നതിൽ തർക്കമില്ല. എന്നാൽ ആണവശക്തിയായ ഇറാനെ ആക്രമിച്ചാൽ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കും. ഇറാൻ വിരുദ്ധനായ ഡൊണാൾഡ് ട്രംപ് അടുത്തമാസം അമേരിക്കയിൽ വീണ്ടും പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ ആശങ്ക വർധിക്കുകയാണ്. ലോകസമാധാനത്തിനു ഭീഷണി അമേരിക്കൻ സാമ്രാജ്യത്വം തന്നെയാണെന്ന് ഓരോ നിമിഷം കഴിയുന്തോറും വ്യക്തമാകുകയാണ്. l