Tuesday, March 18, 2025

ad

Homeനിരീക്ഷണംജനങ്ങളുടെ മേൽ 
കുതിരകയറുന്ന മാപ്രകൾ

ജനങ്ങളുടെ മേൽ 
കുതിരകയറുന്ന മാപ്രകൾ

ഡോ. കെ പി കൃഷ്ണൻകുട്ടി

നാരദനെയും  സഞ്ജയനെയുമാണ്  മാധ്യമരംഗത്തെ ഉത്തമ മാതൃകളായി കണക്കാക്കേണ്ടത്. കാരണം, പുരാണ കഥാപാത്രങ്ങളാണെങ്കിലും, വസ്തുനിഷ്ഠമായി അവർ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സത്യം സത്യമായി പറഞ്ഞു. ശ്രോതാക്കളുടെ പ്രീതിയോ അപ്രീതിയോ അവർ പരിഗണിച്ചില്ല. പണ്ഡിതാഗ്രേസരനും കലാസാർവ്വഭൗമനുമായിരുന്ന നാരദന്റെ ജന്മാന്തര മഹത്വം എക്കാലത്തും അദ്ദേഹം സത്യം പറഞ്ഞുവെന്നതാണ്. കുരുവംശത്തിലെ രാജാവെന്ന നിലയിലും ധൃതരാഷ്ട്രരുടെ മന്ത്രിയെന്ന നിലയിലും രാഷ്ട്രീയക്കാരനായിരുന്നല്ലോ സഞ്ജയൻ. എന്നാൽ, സ്വന്തം സവിശേഷതയായ ദീർഘദർശന ശേഷി അദ്ദേഹം വിനിയോഗിച്ചത് അന്ധരാജാവിനു വേണ്ടി കുരുക്ഷേത്രയുദ്ധം കൃത്യമായി റിപ്പോർട്ടുചെയ്യാനാണ്. സംഭവങ്ങളുടെ നിജാവസ്ഥയോടു മാത്രം സഞ്ജയൻ കൂറു പുലർത്തി.  ജീവിത സങ്കീർണതകളുടെ കൂരിരുട്ടിലായവർക്ക് വാക്കുകളുടെ വെളിച്ചം നൽകിയ അഗ്രഗാമിയാണ് സഞ്ജയൻ. കണ്ണുകാണാത്തവന്റെ കാഴ്ചയാകുന്നു യഥാർത്ഥ മാധ്യമപ്രവർത്തകൻ.

എന്നാൽ, ഫ്യൂഡൽ പുരാണങ്ങളിൽ നിന്നും ആധുനിക ജനാധിപത്യത്തിന്റെ ആഖ്യാന ലോകത്തെത്തുമ്പോൾ മിത്തും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധം വളരെ നേർത്തതാകുന്നു. ആധുനിക  ജീവിത വ്യവഹാരത്തിൽ ഭാവനയ്ക്കു പകരം ബുദ്ധിയ്ക്കും  യുക്തിക്കും കൂടുതൽ സ്ഥാനമുണ്ട്. അതിനാൽ, കൂടുതൽ വസ്തുനിഷ്ഠത ദീക്ഷിക്കാൻ അഭ്യസ്ത മാധ്യമപ്രവർത്തകർക്ക് കഴിയേണ്ടതാണ്. എന്നാൽ, മിത്തുകളല്ല, സ്വത്തുടമസ്ഥതയാണ് ഇന്ന്  സമൂഹത്തിലെ വ്യാവഹാരികബന്ധങ്ങളെയെന്നപോലെ മാധ്യമപ്രവർത്തകരെയും  സ്വാധീനിക്കുന്നത്. നാരദനും സഞ്ജയനും സത്യാനന്തരകാലത്തിന്റെ വക്താക്കളും വ്യാഖ്യാതാക്കളുമായി മാറിയിരിക്കുന്നു.

വൻകിട വ്യവസായമായിത്തീർന്ന മാധ്യമ മേഖലയെ ഇന്നു നിയന്ത്രിക്കുന്നത് കുത്തക മൂലധനമാണല്ലോ. ആഗോള മാധ്യമ സാമ്രാട്ടുകൾക്ക്  അവരുടെ സമ്പത്തും സ്ഥാപനങ്ങളുമുണ്ട്. ബഹുരാഷ്ട്ര കുത്തകകളുടെ ധനസാമ്രാജ്യത്വ രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്ര ബലതന്ത്രം പയറ്റുന്ന അടിമവേലക്കാരാണ് ആധുനിക കാലത്തെ മഹാഭൂരിപക്ഷം നാരദന്മാരും സഞ്ജയന്മാരും.

ഇങ്ങനെ സംഭവിക്കുമെന്ന് 1848ൽ തന്നെ കാൾ മാർക്സ് നിരീക്ഷിച്ചിരുന്നു.  മുതലാളിത്തത്തിന്റെ  അധികാരഘടനയ്ക്ക് കീഴ്പ്പെട്ട് വ്യക്തിത്വം നഷ്ടപ്പെട്ടവരാകും കലാകാരും ഡോക്ടർമാരും മറ്റുമെന്ന് അദ്ദേഹം അന്നേ ദീർഘദർശനം ചെയ്തിരുന്നു. അതിനാൽ,  മാധ്യമപ്രവർത്തകരിൽ നിന്നും മാപ്രകളിലേക്കുള്ള പലരുടെയും അധ:പതനം അത്ഭുതകരമല്ല.

വാസ്തവത്തിൽ, ആധുനിക കാലത്ത് ഏറ്റവുമധികം അന്യവത്കരിക്കപ്പെടുകയും ധാർമ്മികലോപം സംഭവിക്കുകയും ചെയ്തിട്ടുള്ള തൊഴിലാളി വിഭാഗമാണ് മാധ്യമപ്രവർത്തകർ. സത്യം പറയാൻ ഏത് വ്യക്തിക്കും മനുഷ്യസഹജമായ അധികാരമുണ്ട്; ബാധ്യതയും. എന്നാൽ, ഇന്ന് മാധ്യമ പ്രവർത്തകരുടെ നാവിലൂടെ പ്രസരിപ്പിക്കപ്പെടുന്ന വാർത്തയുടെ രൂപവും ഉളളടക്കവും നിശ്ചയിക്കുന്നതിൽ അവർക്ക് യാതൊരു പങ്കുമില്ല. സ്വാനുഭവത്തിന്റെയും  ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ  പ്രസക്തമായ കാര്യങ്ങൾ  സമൂഹത്തോട് സത്യസന്ധമായി സംവദിക്കാനുള്ള അവകാശം ഇന്ന് മാധ്യമപ്രവർത്തകർക്കില്ല. കൂടാതെ, വ്യാജ വാർത്ത നിർമ്മിക്കാനും പ്രചരിപ്പിക്കാനും അവർ നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം കർമ്മമണ്ഡലത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ സത്യസന്ധമായി പ്രവർത്തിക്കാൻ  അവർക്ക് സ്വാതന്ത്ര്യമില്ല. ഈ അസ്വതന്ത്ര അവസ്ഥയോട്  സക്രിയമായി പ്രതികരിക്കാൻ  മാധ്യമ പ്രവർത്തകർ തയ്യാറാകുന്നില്ലെന്നതാണ് ദയനീയം. അധികാരത്തിന്റെ കാൽച്ചോട്ടിൽ വാലാട്ടി നിൽക്കാൻ അവർ തയ്യാറാകുന്നു. ഇതോടെ ദുരന്തചിത്രം പൂർണമാകുന്നു. സ്വന്തം നാവിൽ തറച്ച ആണി യുടെ വേദന മധുരതരമാണെന്ന് ഭാവിക്കുന്ന മാപ്രകൾ ഏറെ  പരിഹസിക്കപ്പെടുന്നുവെന്ന് അവർ മാത്രം അറിയുന്നില്ല. അസ്തിത്വപരമായ തെരഞ്ഞെടുപ്പി (existential choice) ലൂടെ സ്വന്തം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ തയ്യാറാകാത്ത മാധ്യമ അടിമകൾ പരിഹസിക്കപ്പെടുക മാത്രമല്ല, വിമർശിക്കപ്പെടുകയും വേണം.

സാമ്പത്തിക നേട്ടത്തിനു വേണ്ടി ബൗദ്ധിക അടിമത്തം സ്വയം വരിക്കുന്നവരാണ്, പൊതുവേ, നമ്മുടെ  മാധ്യമ പ്രവർത്തകർ. സത്യാനന്തര സഹാറകളിലെ മരീചികകളിൽ   സ്വയം ഭ്രമിച്ച് ഈ മാപ്രകൾ ലക്ഷ്യബോധം നഷ്ടപ്പെട്ടവരാകുന്നു. ഭൂതകാല സാമൂഹ്യപാഠങ്ങൾ വർഗപരമായി ഉൾക്കൊള്ളുന്നതിനു പകരം വേട്ടക്കാരന്റെ ചങ്ങലയെ പ്രണയിച്ചും ഇരകളുടെ പ്രതിരോധത്തെ പരിഹസിച്ചും  കുരയ്ക്കുക മാത്രമാണ്  മലയാള മാപ്രകൾ ചെയ്യുന്നത്.

സംഭവങ്ങൾ വാർത്തകളാകുന്നത്  സത്യസന്ധമായ സംവേദനത്തിലൂടെയാണ്. മാധ്യമ പ്രവർത്തകന്റെ സർഗാത്മകത തെളിയുന്നത് റിപ്പോർട്ടിങ്ങിലെ കൃത്യതയിലും  സമഗ്രതയിലുമാണ്. ആത്മനിഷ്ഠ ആശയങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ച് വാർത്തയുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ   മാധ്യമപ്രവർത്തകന് ധാർമ്മിക അധികാരം ഇല്ല. വിമർശനാത്മക വാർത്താ അവലോകനം പോലും വസ്തുനിഷ്ഠ മാനദണ്ഡങ്ങൾ ദീക്ഷിച്ചു വേണം നടത്താൻ. എന്നാൽ, ഇന്ന്  വാർത്തയുടെ രൂപവും ഉള്ളടക്കവും  നിശ്ചയിക്കുന്നത് മാധ്യമ പ്രവർത്തകനല്ല, കോർപ്പറേറ്റു രാഷ്ട്രീയമാണ്.

ഈ ഘട്ടത്തിൽ എന്താണ് മാധ്യമപ്രവർത്തകരുടെ കർത്തവ്യം? ഉത്തരം ലളിതം: സ്വന്തം ബൗദ്ധിക സ്വാതന്ത്ര്യം  ഉപേക്ഷിക്കാതെ കാത്തു സംരക്ഷിക്കണം.  കോർപ്പറേറ്റുകൾക്കുവേണ്ടി ഭാഷണദാസ്യവൃത്തി (rhetorical servitude) അനുഷ്ഠിക്കുന്ന  അശ്ലീല ജന്മങ്ങളാകരുത് മാധ്യമപ്രവർത്തകർ.  അധികാരവർഗത്തിന്റെ    താല്പര്യങ്ങൾക്കനുസരിച്ച്  മാധ്യമവിപണിയിൽ സ്വയം വിൽക്കാൻ അവർ തയ്യാറാകരുത്.  വ്യാജവാർത്തകൾ സൃഷ്ടിക്കാനും യാഥാർത്ഥ്യം പൂഴ്ത്തിവെക്കാനും   വസ്തുതകൾ വളച്ചൊടിക്കാനും അവർ മുതിരരുത്. വാർത്തയിലെ സത്യസന്ധത മാധ്യമപ്രവർത്തകരുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്.

മാധ്യമ രംഗത്തെ മൂല്യശോഷണത്തിന്  മാധ്യമപ്രവർത്തകരാണ്   പ്രധാന ഉത്തരവാദികൾ. പൊതു സമൂഹത്തിന്റെ ആരോഗ്യത്തിന് മാധ്യമ രംഗത്ത്  വിഷവിരേചന ചികിത്സ (detoxfication ) അനിവാര്യമാണ്. പ്രൊഫഷണൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയ്ക്കാണ് മറ്റാരേക്കാളും നന്നായി ഈ കർമ്മം  നിർവ്വഹിക്കാൻ കഴിയുക. മാധ്യമ പ്രവർത്തനത്തിന്റെ ദർശനവും ചരിത്രവും ദൗത്യവും നന്നായി അറിയുന്നവരാണല്ലോ  പ്രൊഫഷണൽ മാധ്യമ പ്രവർത്തകർ. സമൂഹത്തിന്റെ ഭിഷഗ്വരരാണ് അവർ യഥാർത്ഥത്തിൽ. സമൂഹ ശരീരത്തിന്റെ സന്ധിബന്ധങ്ങളും  നാഡീഞരമ്പുകളും കോശഘടനയും മനസ്സിലാക്കി ഏറ്റവും നന്നായി ചികിത്സിക്കാൻ കഴിയുക അവർക്കാണ്.

ഇതര തൊഴിൽ മേഖലകളേക്കാളും മാധ്യമ മണ്ഡലം ധാർമ്മിക ശോഷണത്തിന് ഇന്ന് ഏറെ വിധേയമാണ്. മാധ്യമപ്രവർത്തന രംഗത്ത്  വർഗീയത ആഴത്തിൽ വേരോടിയിരിക്കുന്നു.  മതനിരപേക്ഷ മൂല്യബോധത്തിൽ വിഷം കലർത്തുന്ന നീച കർമ്മമാണ്  വർഗീയതയുമായി സമരസപ്പെടുന്ന  മാധ്യമപ്രവർത്തകർ നിർവ്വഹിക്കുന്നത്. ഹിന്ദുത്വവാദം മാധ്യമപ്രവർത്തകരുടെ  വ്യക്തിസ്വാതന്ത്ര്യവും മൂല്യബോധവും ഒന്നിച്ചാണ് വിലയ്ക്കു വാങ്ങുന്നത്.   കോഴയും  കോഴിക്കാലും   പ്രലോഭനങ്ങളാകുമ്പോൾ  മൂല്യാധിഷ്ഠിത മാനസികസ്ഥൈര്യം പല മാധ്യമപ്രവർത്തകർക്കും നഷ്ടപ്പെടുന്നു. ‘മാധ്യമ സ്വാതന്ത്ര്യ’മെന്ന  പ്രയോഗത്തിൽ തടിതപ്പാനാണ് അവർ ശ്രമിക്കുന്നത്.  സ്വന്തം കാപട്യത്തിന് മാന്യതയുടെ പരിവേഷം നൽകാനാണീ ശ്രമം.

പ്രിന്റ്മീഡിയ ആധിപത്യം പുലർത്തിയ കാലത്ത് വരികൾക്കിടയിൽ ഒളിപ്പിച്ചിരുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളും സംവേദനതന്ത്രങ്ങളും (Political objectives and rhetorical strategies)  വിഷ്വൽ മീഡിയ ആധിപത്യം സ്ഥാപിച്ച ഇക്കാലത്ത് പരസ്യമാണ്.  സംഭവവേളകളിലെ സജീവ സാന്നിധ്യമായും മാപ്രകൾ പക്ഷഭേദത്തിന് ദൃശ്യ സത്യവാങ്മൂലം (visual affidavit) നൽകുന്നു. വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നത് ഒറ്റയ്ക്കൊരാളായല്ല, ക്രൂ (crew) ആയാണ്. റിപ്പോർട്ടറോടൊപ്പം ക്യാമറാമാനും  ഉണ്ടാകും. ക്യാമറയുടെ കണ്ണുകളെ നിയന്ത്രിക്കാൻ  ഇവർക്കാകും. സെറ്റിട്ട് സീനുകളും അഭിമുഖങ്ങളും നിർമ്മിക്കാൻ അവർക്ക് സാധിക്കും. അഭിനയമല്ലെന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് പ്രത്യയശാസ്ത്ര വിനിമയം നടത്താൻ അവർക്കു കഴിയും. കേരളത്തിന്റെ സാഹചര്യത്തിൽ അത് മാർക്സിസ്റ്റു വിരുദ്ധ പ്രത്യയശാസ്ത്രമാകുന്നത് സ്വാഭാവികം. തിരഞ്ഞെടുപ്പു കാലത്ത് ടി വി ചാനലുകൾ  പ്രകടമായ രാഷ്ട്രീയ പക്ഷപാതിത്തത്തോടെ സംഘടിപ്പിക്കുന്ന ജനകീയ ചർച്ചകൾ ക്രമസമാധാന പ്രശ്നങ്ങൾ പോലും സൃഷ്ടിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആളുകളെ  കൂട്ടി എതിർകക്ഷികളെ കൂവിത്തോല്പിക്കാൻ ശ്രമിക്കുന്ന “ത്രില്ലിംഗ്’ രംഗങ്ങൾ ജനങ്ങളുടെ രാഷ്ട്രീയ അപക്വതയുടെ ദൃഷ്ടാന്തം മാത്രമല്ല, മാധ്യമ സാധ്യതയുടെ ദുരുപയോഗം കൂടിയാണ്. അതുപോലെ, ദുരന്തങ്ങളുണ്ടാകുമ്പോൾ  നീണ്ട മൈക്കും നീട്ടിയ നാവുമായി ഔചിത്യം ലേശവുമില്ലാതെ എത്തുന്ന മാപ്രകൾ തികച്ചും പരിഹാസ്യരാണ്. ന്യായാധിപ സർവ്വജ്ഞത്വഭാവം, ഔദ്ധത്യം, പക്ഷപാതിത്വം എന്നിവ മാപ്രകളിൽ പലരുടെയും മുഖമുദ്രയാണ്. അന്തിച്ചർച്ചകളിൽ  സ്വന്തം വീക്ഷണം സമർത്ഥിക്കാൻ സഹായിക്കുന്ന പാനലിസ്റ്റുകളെയാണ്  ആങ്കർമാർ പലപ്പോഴും തെരഞ്ഞെടുക്കുന്നത്. അധികാരത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ നടത്തുന്ന നിഴൽക്കുത്താണ് പലപ്പോഴും കേരളത്തിലെ ചാനൽ ചർച്ചകൾ. കേരളത്തിന്റെ വികസനക്കുതിപ്പുകളെ സംബന്ധിച്ച് ഏതെങ്കിലും ചാനൽ സവിശേഷമായി ചർച്ച നടത്തിയിട്ടുണ്ടോ? അതിനെവിടെ സമയം! അതിന്റെ ആവശ്യമെന്ത്! ആങ്കർ തന്നെ വാദിയും വക്കീലും ജഡ്ജിയുമായി, സിപിഐ എമ്മിനെ എന്നും പ്രതിസ്ഥാനത്തു നിർത്തുന്ന വിചാരണ ചെയ്യുന്നതിന്റെ സുഖം ഒന്നുവേറേ തന്നെയാണേ! മാർക്സിസ്റ്റ് വിരുദ്ധ മീഡിയാ മനോരോഗം (anti-Marxist media obsession) ഇന്നും സജീവമാണ്.  മാർക്സിസ്റ്റ് വിരുദ്ധത മൂലം അന്ധരായ ഈ മാനസിക രോഗികൾ ലുബ്ധില്ലാതെ സർക്കാർ വിരുദ്ധ കപട ആഖ്യാനങ്ങൾ നടത്തുന്നു. അതിനു പുറമേ, വികസന രംഗത്തെ നേട്ടങ്ങളെ സമ്പൂർണമായി അവർ തമസ്കരിക്കുകയും ചെയ്യുന്നു. പ്രകടമായ എൽഡിഎഫ് സർക്കാർ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ് കേരളത്തിലെ മാപ്രകളുടെ ഗൂഢസംഘം നടത്തുന്നത്. കേരളത്തിന്റെ  വികസന ചരിത്രത്തിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിവെക്കുമായിരുന്ന കെ- റെയിലിനെതിരെ പ്രതിപക്ഷം സമരം നടത്തിയപ്പോൾ ആളും ആരവവും ഒരുക്കി നൽകിയത് മാപ്രകളാണ്.

അതുപോലെ, ജനാധിപത്യം എന്ന രാഷ്ട്രീയ സങ്കല്പനം കൂടുതൽ അഗാധമാക്കുന്നതിന് സംഘടിപ്പിച്ച നവകേരള സദസ്സിനെ മുന്നിൽ നിന്ന് എതിർത്തത് മാപ്രകളായിരുന്നു. സംസ്ഥാന മന്ത്രിസഭ  ജനങ്ങളിലേക്ക് എത്തുന്നുവെന്നതും ജനങ്ങളെ കേൾക്കുന്നുവെന്നതും ചെറിയ കാര്യമല്ല. എന്നാൽ,  തിരക്കഥയും സെറ്റും തയ്യാറാക്കി അഭിനേതാക്കളെ വെച്ച് മാപ്രകൾ വിസർജ്ജിച്ച അപവാദ മാലിന്യം കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയുടെ വികാസത്തിന് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്തത്.ദൃശ്യമാധ്യമ പ്രവർത്തനം ഇന്ന് വൻകിട ഷോ ബിസിനസാണ്.

മാധ്യമങ്ങൾ തമ്മിലുള്ള മത്സരം ചിലപ്പോഴെങ്കിലും അനാരോഗ്യകരമാകാറുമുണ്ട്. മുതലാളിത്തത്തിന് സഹജമായ മത്സരബുദ്ധിയോടെ ഒന്നാം സ്ഥാനത്തെത്താൻ ഓരോ ചാനലും ശ്രമിക്കുന്നു.  വൻ പരസ്യങ്ങൾ അവർ നൽകുന്നു. പ്രധാന വാർത്താ അവതാരകർ പോലും ഫാഷൻ പരേഡിൽ പങ്കെടുക്കുന്നവരെപ്പോലെ പരസ്യദൃശ്യങ്ങളിൽ വരുന്നു.  നാടകീയ ഭാവഹാവാദികളോടെ സ്വന്തം ചാനൽ മഹത്വവും നിസ്തുലതകളും പഴഞ്ചൊൽ ശൈലിയിൽ അവർ അവതരിപ്പിക്കുന്നു. ചില വാർത്തകൾ ആദ്യം അവതരിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്നു. വാർത്തകളുടെ ആമുഖങ്ങളിൽ ചില അവതാരകർ മണിപ്രവാള ഭാഷണശൈലി (rhetorical)യിൽ  ധാർമ്മികരോഷം അഭിനയിക്കുന്നു. ആതുര സേവനപരമായ പ്രവർത്തനങ്ങൾ  മറ്റുള്ളവരെക്കൊണ്ട് നടത്തിച്ചിട്ട് അതിന്റെ ക്രഡിറ്റ് അവർ അവകാശപ്പെടുന്നു.  മാധ്യമ ലോകത്തെ പ്ലേബോയ്   (Playboy of the Media World) എന്ന് വിളിക്കാൻ തോന്നിപ്പിക്കും വിധം ജോക്കി വേഷത്തിൽ  കുതിരപ്പുറത്ത് കയറി റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമപ്രവർത്തകനേയും  മലയാളി കാണുന്നു. മലയാളിയുടെ മേൽ കുതിര കയറുന്ന മാധ്യമപ്രവർത്തനത്തിന്റെ മൂർത്ത രൂപകമായിരുന്നു അത്. ഇത്തരം കോപ്രായംകൊണ്ട് നമ്മുടെ  മാധ്യമസംസ്കാരത്തിന് എന്തെങ്കിലും മുതൽ കൂട്ട് ഉണ്ടായിട്ടുണ്ടോ? ഭ്രമാത്മക ദൃശ്യങ്ങൾ നൽകുന്ന മാധ്യമ പ്രവർത്തനം ഒരു സന്ദേശവും സമൂഹത്തിന് നൽകുന്നില്ല.  വാർത്തയിലൂടെ  സത്യാവസ്ഥ ബോധ്യപ്പെടുത്താത്ത ഏതൊരു മാധ്യമപ്രവർത്തനവും  നിഷേധാത്മകമാണ്.

ആധുനിക ഡിജിറ്റൽ  സാങ്കേതികവിദ്യയുടെ എല്ലാ സങ്കീർണ സാധ്യതകളും ഉപയോഗിച്ച് ദൃശ്യമാധ്യമ പ്രവർത്തനം വികസിക്കുകയും ശക്തമാകുകയും ചെയ്യുന്ന കാലമാണിപ്പോൾ.  ടെലിപോർട്ടിംഗും ക്വാണ്ടം കമ്പ്യൂട്ടിംഗും കൃത്രിമ ബുദ്ധിയും ഉപയോഗിച്ച് സമൂഹ  മനസ്സിനെ പ്രത്യയശാസ്ത്രപരമായി സ്വാധീനിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, ഭരണഘടനാ   മൂല്യങ്ങളെ രാഷ്ട്രശരീരത്തിന്റെ ജീവരക്തമാക്കി മാറ്റാൻ ശ്രമിക്കുന്ന  ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എതിർക്കുകയും തളർത്തുകയും ചെയ്യുന്ന നികൃഷ്ട രാഷ്ട്രീയകർമ്മമാണ് മലയാളത്തിലെ മാപ്രകൾ ചെയ്യുന്നത്. അവരുടെ കുത്സിതവും  സ്വാർത്ഥവുമായ ഗൂഢലക്ഷ്യം തുറന്നുകാട്ടേണ്ടതാവശ്യമാണ്. വർഗവഞ്ചകരായ ഇവർ യാതൊരുവിധ ദയയും ഔദാര്യവും അർഹിക്കുന്നില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 7 =

Most Popular