Tuesday, June 16, 2026

ad

Homeവിശകലനംസാമ്പത്തിക അവലോകന റിപ്പോർട്ട് 2024 വെളിവാക്കുന്നത്

സാമ്പത്തിക അവലോകന റിപ്പോർട്ട് 2024 വെളിവാക്കുന്നത്

കേന്ദ്രവിഭവ കൈമാറ്റത്തിലെ കുറവുകളും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന മറ്റു നടപടികളും സംസ്ഥാനം നേരിട്ട പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഏല്പിച്ച സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും സംസ്ഥാന റിപ്പോർട്ട് മോചിതമാവുന്നതായി സാമ്പത്തിക അവലോകനം 2024 വ്യക്തമാക്കുന്നു. ഉയര്‍ന്ന മൊത്തം ആഭ്യന്തര ഉല്പാദനവും (GSDP) പ്രതിശീര്‍ഷ വരുമാനവും ഉള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നിതി ആയോഗിന്റെ 2023 ലെ മള്‍ട്ടി ഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് അനുസരിച്ച് തുടര്‍ച്ചയായി രണ്ടാംതവണയും സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ ദാരിദ്ര്യം രേഖപ്പെടുത്തിയിട്ടുള്ളത് കേരളത്തിലാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SDG) ഇന്ത്യ ഇന്‍ഡക്സ് 2023–-24 ല്‍ കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും കേരളം ഇതിനോടകംതന്നെ നേടിയിട്ടുണ്ട്. ഇന്ത്യ സ്കില്‍സ് റിപ്പോര്‍ട്ട് 2024 തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ത്രീ-പുരുഷന്മാര്‍ അതിനായി തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളമെന്ന് വ്യക്തമാക്കുന്നു. സ്റ്റേറ്റ് ബിസിനസ്സ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ (SBRAP) 2022 കേരളം രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും വെച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതായി അംഗീകരിച്ചു.

കേരളം 2023-–24 ലും ശക്തമായ വളര്‍ച്ച കൈവരിച്ചു. 2022-–23 ലെ 4.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-–24 ല്‍ ത്വരിത കണക്കുകള്‍ പ്രകാരം മൊത്തം ആഭ്യന്തോരല്പാദനം (ജിസ്ഡിപി) 6.52 ശതമാനം വളര്‍ച്ച നേടി. കേരളം ഉയര്‍ന്ന പ്രതിശീര്‍ഷ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്പാദനമുള്ള ഇന്ത്യയിലെ മികച്ച പത്ത് സംസ്ഥാനങ്ങളില്‍ ഒന്നാണ്.

ജിഎസ്ഡിപിയുടെ മേഖല തിരിച്ചുള്ള വളര്‍ച്ച പരിശോധിച്ചാല്‍ പ്രാഥമിക മേഖലയുടെ 2022-–23 ലെ 3.2 ശതമാനത്തില്‍ നിന്ന് 2023-–24 ല്‍ 4.7 ശതമാനം വളര്‍ച്ച കൈവരിച്ചു. ദ്വിതീയ മേഖലയുടെ 2022–-23 ലെ 3.2 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2023-–24 ല്‍ 4.1 ശതമാനമായി വര്‍ധിച്ചു. 2022-–23 ല്‍ 7.0 ശതമാനം വളര്‍ച്ച നേടിയ തൃതീയ മേഖല 2023-–24 ല്‍ 8.9 ശതമാനം എന്ന ശക്തമായ വളര്‍ച്ച കൈവരിച്ചു. സര്‍ക്കാരിന്റെ നയപരമായ ഇടപെടലുകളുടെ സ്വാധീനഫലമായി എല്ലാ മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെയും ചെലവ് യുക്തിസഹമാക്കുന്നതിലൂടെയും യുക്തിഭദ്രമായ സാമ്പത്തിക നയമാണ് സംസ്ഥാനം പിന്തുടര്‍ന്നത്. 2023-–24 ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 6.2 ശതമാനം കുറഞ്ഞു. ഇതിനു കാരണം പ്രധാനമായും കേന്ദ്രത്തിന്റെ വിഭവക്കൈമാറ്റങ്ങളിലുണ്ടായ കുറവാണ്, ഇത് 2022–-23 നെ അപേക്ഷിച്ച് 2023–-24 ല്‍ 26 ശതമാനം കുറഞ്ഞു. എന്നിരുന്നാലും കോവിഡ് മഹാമാരി കാരണം 2020–-21 ല്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതൊഴിച്ചാല്‍ പിന്നീട് സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2023-–24 ല്‍ സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4 ശതമാനം വര്‍ധിച്ചു. ഇതേ കാലയളവില്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 3.3 ശതമാനവും തനത് നികുതിയേതര വരുമാനം 8.1 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

പ്രാഥമിക മേഖലയിലെ എല്ലാ രംഗങ്ങളിലും 2023-–24 ല്‍ വളര്‍ച്ച രേഖപ്പെടുത്തുന്നതായി എന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. കാര്‍ഷിക, അനുബന്ധ മേഖലകള്‍ 2022–-23 ലെ 0.5 ശതമാനം വളര്‍ച്ചയില്‍ നിന്ന് 2023–-24 ല്‍ 4.7 ശതമാനം വളര്‍ച്ച കൈവരിച്ചു. 2023-–24 ലെ മൊത്തം മത്സ്യ ഉല്പാദനം 8.32 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു, അതില്‍ ഉള്‍നാടന്‍ മത്സ്യം 2.5 ലക്ഷം ടണ്ണും ബാക്കി 5.8 ലക്ഷം ടണ്‍ സമുദ്ര മത്സ്യങ്ങളുമാണ്. സമുദ്രോല്പന്നങ്ങളുടെ കയറ്റുമതി 2015–-16 മുതല്‍ വര്‍ധിച്ചുവരുന്നു. കേരളം രാജ്യത്തെ സമുദ്രോല്പന്ന കയറ്റുമതിയുടെ അളവില്‍ മൂന്നാംസ്ഥാനത്തും കയറ്റുമതി മൂല്യത്തില്‍ രണ്ടാംസ്ഥാനത്തുമുള്ള സംസ്ഥാനമാണ്. 2023–-24 ല്‍ 7,231.84 കോടി രൂപ വിലമതിക്കുന്ന 1.97 ലക്ഷം മെട്രിക് ടണ്‍ സമുദ്രോല്പന്നം കയറ്റുമതി ചെയ്തു.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ പൊതുസമൂഹത്തിന്റെ പുരോഗതിക്ക് അവഗണിക്കാനാവാത്തതാണ്, അവ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നതായി സാമ്പത്തിക അവലോകന റിപ്പോർട്ട് ഉയര്‍ത്തിക്കാട്ടുന്നു. ഇത് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഏറെ സഹായകരമാകുന്നുണ്ട്. യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി യുവജന സഹകരണ സംഘങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.

സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളർച്ച നിർണയിക്കുന്നതിൽ വ്യവസായ മേഖല നിർണായക പങ്കുവഹിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2023-–24 ൽ ഈ മേഖലയുടെ പ്രകടനം മെച്ചപ്പെട്ടു. 2022-–23 ലെ 3.2 ശതമാനത്തെ അപേക്ഷിച്ച് 2023-–24 ൽ ഈ മേഖലയിലെ ​​വളർച്ച 4.1 ശതമാനമായി വര്‍ധിച്ചു. “എന്റെ സംരംഭം, രാഷ്ട്രത്തിന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന സർക്കാർ 2022-–23 ‘സംരംഭകങ്ങളുടെ വർഷം’ ആയി പ്രഖ്യാപിച്ചിരുന്നു. സംരംഭക വര്‍ഷം 1.0, 2.0, 3.0 നു കീഴില്‍ 2024 നവംബര്‍ വരെ 3,30,309 എംഎസ്എംഇ കള്‍ ആരംഭിച്ചു. ഇത് 21,141.75 കോടി രൂപയുടെ നിക്ഷേപത്തിനും 7,00,263 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കി. 2023 ലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകങ്ങളെക്കുറിച്ചുള്ള ദേശീയ കോണ്‍ഫറന്‍സില്‍ സംരംഭവര്‍ഷ ക്യാംപയിന്‍ മികച്ച പ്രവര്‍ത്തനരീതിയായി അംഗീകരിക്കപ്പെട്ടു. കേരളത്തിന്റെ സംരംഭ വര്‍ഷ ഉദ്യമങ്ങള്‍ക്ക് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ (ASPA) ഇന്നവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ അവാര്‍ഡും ലഭിച്ചു. ഇതിലൂടെ സൊസൈറ്റിയുടെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രൊജക്ട് അംഗീകരിക്കപ്പെട്ടിരിക്കുയാണ്.

2023-–24 ല്‍ 7,048.65 കോടി രൂപയുടെ നിക്ഷേപത്തോടെ 1,03,596 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു, ഇവ 2,18,179 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. പുതിയതായി ആരംഭിച്ച ഈ സംരംഭങ്ങളില്‍ ഏകദേശം മൂന്നിലൊന്ന് സ്ത്രീ സംരംഭകരാണ് നേതൃത്വം വഹിക്കുന്നത്. സൂക്ഷ്മ സംരംഭങ്ങളെ ചെറുകിട സംരംഭങ്ങളായും, ചെറുകിട സംരംഭങ്ങളെ ഇടത്തരം സംരംഭങ്ങളായും ഉയര്‍ത്തുന്നതിനായി മിഷന്‍ 1000 ആരംഭിച്ചു. ബിസിനസ്സ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 2022 ല്‍ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 2023-–24 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ച മേക്ക് ഇൻ കേരള ഉദ്യമം കേരളത്തിൽ സ്വാശ്രയവും സുസ്ഥിരവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ്. കേരള സമ്പദ്‌വ്യവസ്ഥയുടെ ഒരു ശ്രദ്ധേയമായ സവിശേഷത ജിഡിപിയില്‍ സേവന മേഖലയ്ക്കുള്ള ഏറ്റവും വലിയ പങ്കാണ്. അത് ത്വരിത കണക്കുകള്‍ അനുസരിച്ച് 2023-–24 ൽ 64.25 ശതമാനം വരുന്നു.

വിവരസാങ്കേതികവിദ്യ സംസ്ഥാനത്തെ വളർന്നുവരുന്ന ഒരു മേഖലയാണ്. ടെക്നോപാർക്കുകൾ, ഇൻഫോപാർക്ക്, സൈബർ പാർക്ക്, ടെക്നോസിറ്റി എന്നിവയുടെ ഒരു ശൃംഖല സംസ്ഥാനത്തുണ്ട്. പശ്ചാത്തലസൗകര്യ വികസനത്തിലും ഇ-–സാക്ഷരതാ പരിപാടികളിലും കൃത്യമായ ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി ഇ-–ഗവേണന്‍സിലും മൊബൈല്‍ ഗവേണന്‍സിലും മുന്‍പന്തിയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പ്രൊജക്ടായ “കെ- ഫോണ്‍” 30,000 സര്‍ക്കാര്‍ ആഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ കണക്ടിവിറ്റിയും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന (ഇബിസി) 20ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും നല്‍കുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചിട്ടുള്ളതാണ്. അതിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി, 2024 ആഗസ്ത് 31 ഓടെ 51,617 കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. കെ-ഫോണ്‍ വഴി 2024 നവംബര്‍ 30 നകം 5,989 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ടിവിറ്റി വിജകരമായി ലഭിച്ചു.

സമ്പൂർണ വൈദ്യുതീകരണം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തുടനീളം മുഴുവന്‍ സമയവും (24x7x365) പവർ കട്ടുകളോ ലോഡ് ഷെഡ്ഡിങ്ങോ ഇല്ലാതെ വൈദ്യുതി നല്‍കുന്നു. 2024 മാർച്ച് 31 വരെ കേരളത്തിലെ മൊത്തം സ്ഥാപിത വൈദ്യുതി ശേഷി 3,818.8 മെഗാവാട്ട്, ഇത് 2023ലെ 3,514.8 മെഗാവാട്ടിനെക്കാള്‍ 8.6 ശതമാനം കൂടുതലാണ്.

കുടുംബശ്രീ പ്രാദേശിക വികസനത്തിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ ശാക്തീകരണത്തിൽ മുൻനിര പങ്ക് വഹിച്ചിട്ടുണ്ട്. ജനകീയ ഹോട്ടലുകൾ, കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ, പോക്കറ്റ്‌മാർട്ട്, ലഞ്ച് ബെൽ, കെ4കെയർ, ബാക്ക് ടു സ്‌കൂൾ കാമ്പെയ്ൻ എന്നിവ പ്രധാന സംരംഭങ്ങളിൽ ഉൾപ്പെടുന്നു. കുടുംബശ്രീയുടെ പിന്തുണയോടെ മൈക്രോ എന്റർപ്രൈസ് പ്രവ ർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി 2023-–24-ല്‍ 34,526 പുതിയ സംരംഭങ്ങൾ രൂപീകരിച്ചു. ‘നിരാലംബൻ സ്വതന്ത്ര കേരളം’ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ മുഖേന 1,033 അംഗീകൃത പൊതു പദ്ധതികളും 170 ആദിവാസി പദ്ധതികളും വഴി ഭക്ഷണം, മരുന്ന്, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ചലഞ്ച് ഫണ്ട് വിതരണം ചെയ്തത് 1,57,381 പേർക്ക് പ്രയോജനം ചെയ്തു.

ലൈഫ് മിഷന് കീഴിൽ 2024 ആഗസ്ത് 31- വരെ 4.08 ലക്ഷം വീടുകൾ നിർമ്മിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ 2023-–24ൽ 26,89,283 തൊഴില്‍ദിനങ്ങൾ വിവിധ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലുമായി സൃഷ്ടിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ തുക 2016-ലെ ഒരു ഗുണഭോക്താവിന് പ്രതിമാസം 600 രൂപയിൽ നിന്ന് 2021-ൽ 1,600 രൂപയായി വര്‍ദ്ധിപ്പിച്ചു. പദ്ധദിയുടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 2015-–16ലെ 34 ലക്ഷത്തിൽ നിന്ന് 2024 ഒക്‌ടോബർ ആയപ്പോള്‍ 50.4 ലക്ഷം ആയി വര്‍ദ്ധിച്ചു, ഇതിൽ 31.6 ലക്ഷം (63 ശതമാനം) പേര്‍ സ്ത്രീകളാണ്. വെൽഫെയർ ബോർഡ് പെൻഷനുകൾ മുകളിൽ പറഞ്ഞവയിൽ ഉൾപ്പെടുത്തിയിട്ടില്ല.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കിവരുന്നു. 2023–-24ൽ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങാൻ 127.6 കോടി രൂപ ധനസഹായം കൊടുത്തു; അത് 3,340 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാൻ സഹായിച്ചു. ഹൈസ്‌കൂള്‍, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനമുറികൾ, ലൈഫ് മിഷന്റെ ഭാഗമായി, 1,10,930 പട്ടികജാതിക്കാര്‍ക്ക് വീട്, വിദേശപഠനത്തിന് ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് എന്നിവ ഏതാനും പ്രധാന ഇടപെടലുകളാണ്. പട്ടികവർഗക്കാരുടെ ഉന്നമനത്തിനായുള്ള പരിപാടികളില്‍ 2023-–24ൽ ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്‌മെന്റ് മിഷൻ (ടിആർഡിഎം) വഴി 1,986 ഗോത്രവർഗക്കാർക്ക് 2,194.81 ഏക്കർ ഭൂമി, 2016-–17 മുതൽ പട്ടികവർഗ വികസന വകുപ്പ് വിവിധ ഭവന പദ്ധതികളിലായി 6,998 വീടുകൾ, ലൈഫ് മിഷനു കീഴിൽ 42,363 വീടുകൾ എന്നിവ നൽകി.

കേരളത്തിന് അഭിമാനകരമായ രണ്ട് മേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യവും. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം ഉറപ്പാക്കാക്കുന്നതിനായി സൗജന്യ യൂണിഫോം, ഉച്ചഭക്ഷണം, യാത്രാ ചെലവിനുള്ള സാമ്പത്തിക സഹായം, ഹോസ്റ്റൽ സൗകര്യങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ഉല്ലാസയാത്രകൾക്ക് വേണ്ടിയുള്ള സഹായം എന്നിവ നല്‍കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് 983 സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് തുക അനുവദിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് നയപരമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മക ഇടപെടലുകളാണ് സര്‍വകലാശാലകള്‍ക്ക് ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളില്‍ നിന്ന് മികച്ച ഗ്രേഡിംഗ് ലഭിക്കുന്നതിനിടയാക്കിയത്.

ആരോഗ്യരംഗത്ത് ആർദ്രം മിഷൻ –-2 ന്റെ ഭാഗമായി 4,261 ഗ്രാമീണ ഉപകേന്ദ്രങ്ങളെ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റൽ, എല്ലാ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ദിവസവും വൈകുന്നേരം 6.00 വരെ ഔട്ട് പേഷ്യന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ഏതാനും പ്രധാനപ്പെട്ട നടപടികളെടുത്തു. ആകെയുള്ള 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 649 എണ്ണത്തെ (78 ശതമാനം) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. സംസ്ഥാനത്ത് ഇ-–ഹെൽത്ത് പദ്ധതി നടപ്പാക്കുന്നു. 2,59,55,998 ആളുകളുടെ ഡാറ്റാബേസ് ശേഖരിച്ച് ഇലക്ട്രോണിക് റെക്കോർഡുകളായി സൂക്ഷിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.

സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത് എല്ലാവര്‍ക്കും അന്തസ്സായി ജീവിക്കുന്നതിനും തടസ്സങ്ങളില്ലാതെ ബിസിനസ് നടത്തുന്നതിനും സാമ്പത്തികമായി മെച്ചപ്പെടുന്നതിനും പ്രാധാന്യംകൊടുത്തുകൊണ്ടുള്ള ഒരു നവകേരളം നിർമ്മിക്കാനാണ്. സാമ്പത്തിക അവലോകന റിപ്പോർട്ട് 2024 നല്‍കുന്നത് ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിലേക്കുള്ള ചുവടുവയ്പുകളുടെ ചിത്രമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 1 =

Most Popular