അമേരിക്കൻ വിദേശകാര്യ സെക്രട്ടറി എന്ന നിലയിലുള്ള തന്റെ ആദ്യത്തെ അന്താരാഷ്‌ട്ര യാത്രയിൽ മാർകോ റൂബിയോ പനാമയുടെ പ്രസിഡന്റ് ഹൊസെ റൗൾ മുളിനോയ്‌ക്ക് നൽകിയ സന്ദേശം യഥാർഥത്തിൽ ഭീഷണി തന്നെയായിരുന്നു. റൂബിയോ പറഞ്ഞതിങ്ങനെ: ‘‘പനാമ കനാലിനുമേലുള്ള ചൈനയുടെ സ്വാധീനം കുറയ്‌ക്കുന്നതിനുള്ള നടപടി ഉടൻ കൈക്കൊണ്ടില്ലെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ വാഷിംഗടൺ നിർബന്ധിതമാകും’’. ലോകത്താകെ ആധിപത്യം ചെലുത്തുന്ന രാഷ്‌ട്രമെന്ന് സ്വയം നിർവൃതിയിലാണ്ടു കഴിയുന്ന അമേരിക്കയുടെ അധികാരഹുങ്കാണ് റൂബിയോയുടെ വാക്കുകളിൽ തെളിയുന്നത്. അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റുകൊണ്ടുള്ള ട്രംപിന്റെ ഉദ്‌ഘാടനപ്രസംഗത്തിൽ ‘ചൈന’യെന്ന പേര് ട്രംപ് പരാമർശിച്ചതും പനാമ കനാലിന്റെ കാര്യത്തിൽ മാത്രമായിരുന്നു. പനാമ കനാൽ പനാമയെന്ന രാജ്യത്തിന് വിട്ടുകൊടുത്തത് വിഡ്ഢിത്തരമായിപ്പോയി എന്ന് വിലപിച്ച ട്രംപ്, ‘‘ചൈന പനാമ കനാലിൽ പ്രവർത്തുക്കുന്നുവെന്നും ചൈനയ്‌ക്കല്ല, പനാമയ്‌ക്കാണ് തങ്ങൾ അത് നൽകിയതെന്നും അവകാശപ്പെട്ടു’’. പനാമയ്‌ക്ക് വിട്ടുനൽകിയ കനാൽ തങ്ങൾ തിരിച്ചെടുക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
1903ൽ കൊളംബിയയിൽനിന്നും പനാമയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അന്ന് പനാമയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച അമേരിക്കയ്‌ക്ക് എവിടെയുമെന്നപോലെ തന്നെ പനാമയിലും സ്വാർഥതാൽപര്യങ്ങൾ ഉണ്ടായിരുന്നു. കൃത്യം പതിനഞ്ച് ദിവസത്തിനുശേഷം, പനാമയ്‌ക്കു കുറുകെ പനാമ കനാൽ നിർമിക്കുവാനും ആ കനാൽ മേഖലയിൽ (Canal zone) സ്ഥായിയായ നിയന്ത്രണം വെച്ചുപുലർത്തുവാനുമുള്ള സന്പൂർണാധികാരം അമേരിക്കയ്‌ക്ക് നൽകുന്ന Hay‐Bunau‐Varilla കരാറിൽ ഒപ്പുവെയ്‌ക്കപ്പെട്ടു. തുടർന്ന് അമേരിക്ക കനാൽ നിർമിക്കുകയും കനാൽ മേഖലയിലാകെ നിയന്ത്രണമേർപ്പെടുത്തുകയും അതുവഴി പനാമയുടെ ആഭ്യന്തരകാര്യങ്ങളിലടക്കം ഇടപെടുകയും സ്ഥിരമായ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്‌തുപോന്നു. അതുകൊണ്ടുതന്നെ, കനാൽ മേഖലയിലാകെ പനാമയുടെ പരമാധികാരത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കുകയും 1964ൽ അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള പ്രതിഷേധസൂചകമായി വിദ്യാർഥികൾ കനാലിൽ പനാമയുടെ കൊടിയുയർത്താൻ ശ്രമിച്ചതോടെ ശക്തമാകുകയും ചെയ്‌തു. അന്ന് ആ വിദ്യാർഥികൾക്കുനേരെ അമേരിക്കൻ സൈന്യം നടത്തിയത് കിരാതമായ അടിച്ചമർത്തലായിരുന്നു; നിരവധി വിദ്യാർഥികൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അത്തരത്തിൽ ദശകങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ 1977ലെ ടൊറി ജോസ്‐കാർട്ടർ കരാറുകൾ ഒപ്പുവെയ്‌ക്കപ്പെട്ടു. ദേശീയ പരമാധികാരത്തിനുവേണ്ടിയുള്ള പനാമക്കാരുടെ പോരാട്ടത്തിന്റെ വിജയംതന്നെയായിരുന്നു ഈ കരാർ. കരാറനുസരിച്ച്, 1979ൽ അമേരിക്ക ഈ പ്രദേശത്തിന്റെ നിയന്ത്രണം വിട്ടുനൽകുന്നതിന് തുടക്കമിടുകയും 1999 ഓടെ നിയന്ത്രണം പൂർണമായി പനാമയ്‌ക്ക് കൈമാറുകയും ചെയ്‌തു. നീണ്ടകാലത്തെ പോരാട്ടത്തിനൊടുവിൽ പനാമക്കാർ നേടിയെടുത്ത ആ വിജയത്തെയാണ് ഇപ്പോൾ ട്രംപ് വീണ്ടും ചോദ്യംചെയ്യുന്നത്; അതിനുനേരെയാണ് ഭീഷണിയുയർത്തുന്നത്.
പനാമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്ന് ട്രംപ് പറയുന്നതിന്റെ കാരണം ചൈനയുമായുള്ള പനാമയുടെ ബന്ധമാണ്. ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിൽ ചേരുന്ന ആദ്യത്തെ ലാറ്റിനമേരിക്കൻ രാജ്യമാണ് പനാമ. 2016ലാണ് ചൈനീസ് ഗവൺമെന്റ് പനാമ കനാലിൽ ഇടപെട്ടുതുടങ്ങിയത്. അത് പക്ഷേ ഗവൺമെന്റിന്റെ അനുമതിയോടെ പനാമയിലെയും കനാലിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടി ചൈനീസ് ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കോസ്‌കോ ഷിപ്പിങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പണം ചെലവഴിച്ചുകൊണ്ടുള്ളതായിരുന്നു. അതിനുമപ്പുറം ആ രാജ്യത്തിന്റെ ആഭ്യന്തര‐രാഷ്‌ട്രീയ സംബന്ധമായ യാതൊരു കാര്യത്തിലും ചൈന ഇടപെടുകയോ നിയന്ത്രിക്കാൻ ശ്രമിക്കുകയോ ചെയ്‌തിട്ടില്ല. 2023ലെ കണക്കനുസരിച്ച്, പനാമ കനാൽ ഉപയോഗിക്കുന്ന കപ്പലുകളിൽ 70 ശതമാനവും അമേരിക്കൻ വ്യാപാരവുമായി ബന്ധപ്പെട്ടതുമാണ്. അപ്പോൾ അമേരിക്ക പറയുന്ന രീതിയിലുള്ള യാതൊരുവിധ മേധാവിത്വവും ചൈന ഈ മേഖലയിൽ പുലർത്തുന്നുമില്ല.
പനാമയുടെ പരമാധികാരത്തിനുനേരെ ട്രംപും കൂട്ടാളികളും നടത്തിയ ഭീഷണിക്കെതിരായി ട്രേഡ് യൂണിയനുകളും സാമൂഹികപ്രസ്ഥാനങ്ങളും അണിനിരന്നു. ‘‘ഞങ്ങൾ നേടിയെടുത്തതെല്ലാം വെറും തോന്നലിന്റെ പുറത്ത്, തുടച്ചുനീക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. പനാമ കനാൽ പനാമക്കാരുടേതാണ്; അതിന്റെ പരമാധികാരം പനാമയിലെ ജനങ്ങളുമായി ബന്ധപ്പെട്ടതുമാണ്’’‐ പ്രതിഷേധക്കാർ പറയുന്നു. റൂബിയോയുടെ പനാമ സന്ദർശനത്തിനു മുന്പും ശേഷവും സമാനമായ പ്രതിഷേധപ്രകടനങ്ങൾ നടക്കുകയുണ്ടായി.
പനാമയുടെ പരമാധികാരത്തിനുവേണ്ടി 1964ൽ വിദ്യാർഥികൾ നടത്തിയ പോരാട്ടത്തെ അടിച്ചമർത്തി കൂട്ടക്കൊല നടത്തിയ അമേരിക്കയ്‌ക്കെതിരായി പ്രതിഷേധിച്ച അവിടുത്തെ ജനങ്ങളുടെ പോരാട്ടത്തിന് ഐക്യദാർഢ്യം നേർന്നുകൊണ്ട് മൗ സെദൊങ് അന്ന് പറഞ്ഞ വാക്കുകൾ ഇവിടെ വീണ്ടും പ്രസക്തമാകുന്നു:
‘‘അമേരിക്കയുടെ കടന്നാക്രമണത്തിനെതിരെയും തങ്ങളുടെ ദേശീയ പരമാധികാരത്തിനുവേണ്ടിയും പനാമയിലെ ജനങ്ങൾ നടത്തുന്ന സാഹസികമായ പോരാട്ടം തീർച്ചയായും മഹത്തായതും ദേശാഭിമാനപരമായതുമായ സമരമാണ്. ചൈനീസ് ജനത പനാമിയൻ ജനതയോടൊപ്പം ഉറച്ചുനിൽക്കുന്നു; അമേരിക്കൻ അക്രമികളെ എതിർക്കുവാനും പനാമ കനാൽ മേഖലയിലെ പരമാധികാരം തിരിച്ചുപിടിക്കുവാനുംവേണ്ടി അവർ നടത്തുന്ന നീതിയിലധിഷ്‌ഠിതമായ പോരാട്ടത്തെ ചൈനീസ് ജനത പൂർണമായി പിന്തുണയ്‌ക്കുന്നു. ലോകജനതയുടെയാകെ ശത്രുവാണ് അമേരിക്കൻ സാമ്രാജ്യത്വം’’. l