ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമാണ്. അടിച്ചമർത്തലിനെതിരായ ജനകീയ സമരത്തിന്റെ ചരിത്രം കൂടിയാണ് അന്നേ ദിവസം. മാതൃഭാഷയ്ക്കായുള്ള ബംഗാളി ജനതയുടെ ധീരമായ പോരാട്ടത്തിന്റെ ഓർമയിലാണ് മാതൃഭാഷാ ദിനം ആചരിക്കാൻ ആരംഭിച്ചത്. അന്നേ ദിവസം തന്നെയാണ് ലോകമെമ്പാടും ചുവന്ന പുസ്തകങ്ങളുടെ ദിനവും (റെഡ് ബുക്സ് ഡേ) ആഘോഷിക്കുന്നത്. 1848 ഫെബ്രവരി 21നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്. ലണ്ടനിലെ കമ്യൂണിസ്റ്റ് ലീഗിന്റെ ആവശ്യപ്രകാരം മാർക്സും എംഗൽസും ഏറ്റെടുത്ത ചുമതലയായിരുന്നു അത്. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത രാഷ്ട്രീയ ഗ്രന്ഥമായി ആ ചെറു പുസ്തകം മാറി. മനുഷ്യവംശത്തെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു ഗ്രന്ഥം അതിനുശേഷം പിറന്നിട്ടില്ല.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ വാർഷികമാണ് റെഡ് ബുക്സ് ഡേ. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ മാതൃഭാഷയാണ് വർഗരാഷ്ട്രീയത്തിന്റെ ഭാഷ. എഴുത്തിലെയും വായനയിലെയും വർഗരാഷ്ട്രീയത്തെ ആഘോഷിക്കുന്ന ദിവസം എന്ന അർത്ഥത്തിൽ മാതൃഭാഷാ ദിനവുമായി ചേർത്തുവെക്കേണ്ടത് തന്നെയാണ് റെഡ് ബുക്സ് ഡേയും. രണ്ടും അധികാരത്തിനെതിരായ സമരത്തിന്റെ ഓർമ്മപ്പെടുത്തലും ഊന്നലുമാണ്, രണ്ടും ജനകീയമായ ചെറുത്തുനിൽപ്പുകളുടെ ചരിത്രത്തിൽ വേരൂന്നിയതാണ്, രണ്ടും പ്രതീക്ഷയുടെയും കൂട്ടായ ജീവിതത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം വഹിക്കുന്നതാണ്, രണ്ടും സാർവദേശീയമാണ്.
1948 ൽ ആദ്യം ജർമൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുകയും പിന്നീട് എണ്ണമറ്റ ഭാഷകളിലേക്ക് തർജ്ജുമ ചെയ്യപ്പെടുകയും ചെയ്തെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വാർഷികം കൊണ്ടാടപ്പെടാതിരുന്നതെന്തേ എന്നത് അതിശയകരമാണ്. ലോകത്ത് എവിടെയെങ്കിലും വിപുലമായ തോതിൽ ആ ദിവസം ആഘോഷിക്കാനുള്ള ശ്രമം ഉണ്ടായിരുന്നോ എന്ന് അറിയില്ല. എന്നാൽ 2020 മുതലാണ് ഒരു സാർവദേശീയ കാമ്പെയിൻ എന്ന നിലയിൽ ഫെബ്രുവരി 21 ചുവന്ന പുസ്തകങ്ങളുടെ ദിനമായി ആഘോഷിക്കാൻ ആരംഭിച്ചത്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസാധകരുടെ കൂട്ടായ്മയായിരുന്നു ഇത്തരമൊരു ആശയം ആദ്യം മുന്നോട്ടുവെച്ചത്. ആ അർത്ഥത്തിൽ ഇന്ത്യയിൽ പിറക്കുകയും ലോകമെമ്പാടും പടരുകയും ചെയ്ത ഒന്നാണ് റെഡ് ബുക്സ് ഡേ എന്ന് പറയാം. ഇന്ത്യയിലെ പത്തിലേറെ ഭാഷകളിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിവർത്തനം ചെയ്യപ്പെട്ട നാടും ഇന്ത്യ തന്നെയാവും.

ആദ്യത്തെ റെഡ് ബുക്സ് ഡേ പരിമിതമായ തരത്തിലായിരുന്നു കൊണ്ടാടപ്പെട്ടത്. എന്നിട്ടും ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഡൽഹിയിലെ മെയ് ഡേ ബുക്-സ്റ്റോറിൽ വിദ്യാർഥികളും പുസ്തകപ്രേമികളും കൂടിയിരുന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പല ഭാഷകളിൽ വായിച്ചു. ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ആഘോഷിച്ച മദ്രാസിൽ മെയ് ദിന സ്തൂപത്തിനു ചുറ്റും കൂടി ചെറുപ്പക്കാർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു. നേപ്പാളിലെ കർഷകത്തൊഴിലാളികളും ബ്രസീലിലെ ഭൂരഹിത കർഷകരുടെ പ്രസ്ഥാനത്തിന്റെ പ്രവർത്തകരും സൗത്ത് കൊറിയയിലെയും യു എസിലെയുമെല്ലാം പുരോഗമനവാദികളും തുടങ്ങി ആയിരക്കണക്കിനാളുകൾ പ്രഥമ റെഡ് ബുക്സ് ഡേ യിൽ തന്നെ ആവേശപൂർവം പങ്കെടുത്തു.
മെയ് ദിനം തൊഴിലാളികളുടെ അവകാശ സമരത്തിന്റെ ദിനമാണ്. ഇന്ന് തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച് മുതലാളിത്തം സംസാരിക്കുന്നത് പലപ്പോഴും തൊഴിലാളിയുടെ അവകാശങ്ങൾ കവർന്നെടുക്കാനും അവരെ കൂടുതൽ ചൂഷണം ചെയ്യാനുമുള്ള സാമൂഹ്യബോധത്തിന്റെ അന്തരീക്ഷത്തെ സൃഷ്ടിക്കാനാണ്. തൊഴിലാളിയുടെ അന്തസ്സിൽ നിന്നും വേർപെടുത്തപ്പെട്ടതല്ല തൊഴിലിന്റെ മാഹാത്മ്യമെന്ന് അധ്വാനിക്കുന്ന മനുഷ്യർക്ക് ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടി വരുന്നു. തൊഴിലാളിയുടെ സമരത്തിന്റെ മുഖ്യ ഭാഗങ്ങളിലൊന്ന് അവരെ ചൂഷണം ചെയ്യാൻ മുതലാളിത്തം നിർമ്മിച്ചെടുത്ത പൊതുസമ്മതിയെ തകർക്കാനായുള്ളതാണ്. അതിനാൽ തന്നെ തൊഴിലാളികളുടെ സമരം ആശയസമരങ്ങളുടേതുകൂടിയാണ്. ചുവന്ന പുസ്തകങ്ങൾ ഈ ആശയസമരത്തിലെ തൊഴിലാളികളുടെ ആയുധങ്ങളാണ്. മെയ് ദിനം തൊഴിലാളികളൂടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുമ്പോൾ റെഡ് ബുക്സ് ഡേ തൊഴിലാളികളുടെ അവകാശസമരങ്ങളിലെ ആശയസമരത്തെ ഉയർത്തിപ്പിടിക്കുന്നു. പുരോഗമനകാരികളുടെയും സോഷ്യലിസ്റ്റുകളുടെയും സാർവദേശീയ കലണ്ടറിലെ ഏറ്റവും സജീവമായ കോളങ്ങളിലൊന്നായി ഫെബ്രുവരി 21 മാറുന്നത് അങ്ങനെയാണ്.
റെഡ് ബുക്സ് ഡേ ആഘോഷിക്കുന്നത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ മാത്രമല്ല, മനുഷ്യവിമോചന സമരത്തിൽ സംഭാവന ചെയ്യുന്ന എല്ലാ ചുവന്ന പുസ്തകങ്ങളെയുമാണ്. അത്തരം പുസ്തകങ്ങൾ വായിക്കുന്നവരുടേത് മാത്രവുമല്ല ആ ദിനം, ഒപ്പം ചുവന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രസാധക സംഘങ്ങളുടെ പ്രാധാന്യം വിളിച്ചുപറയുന്നതുകൂടിയാണ്. ചരക്കുകൾ എന്ന നിലയിൽ പുസ്തകങ്ങൾ അച്ചടിച്ചിറക്കുന്നവരെക്കുറിച്ചല്ല പറയുന്നത്. ഒരു കൂട്ടായ ജീവിതത്തെ നിർമിച്ചെടുക്കാനായി പുസ്തക പ്രസാധനത്തെ സമീപിക്കുന്ന ഇടത്, സ്വതന്ത്ര പ്രസാധകരെക്കുറിച്ചാണ്. പരസ്യക്കമ്പോളത്തിലും വിമാനത്താവളങ്ങളിലെ ബുക്ക് ഷോപ്പുകളിലും അവരുടെ പുസ്തകങ്ങൾ കാണണമെന്നില്ല. അതിന്റെ ലക്ഷ്യവും അതല്ല. എന്നാൽ അവരുടെ പുസ്തകങ്ങൾ തെരുവുകളിലെ സമരങ്ങൾക്ക് ഇന്ധനമാകുന്നുണ്ട്. അത്തരം പ്രസാധകർ സമൂഹത്തിന്റെ പിന്തുണയും ശ്രദ്ധയും അർഹിക്കുന്നുണ്ട്.
ട്രൈക്കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് എന്ന അന്താരാഷ്ട്ര ഗവേഷണ സ്ഥാപനത്തിന്റെ ഏറ്റവും ഒടുവിലത്തെ ദോസിയർ (നമ്മർ 85) ‘വായനയുടെ ആനന്ദം’ എന്ന തലക്കെട്ടോടെ ഫെബ്രുവരി 11ന് പ്രസിദ്ധീകരിച്ചു. മെക്സിക്കോയിലെയും ചൈനയിലെയും റഷ്യയിലെയും വിപ്ലവങ്ങൾ സംസ്കാരത്തെ ജനാധിപത്യവൽക്കരിക്കാനുള്ള പദ്ധതികളിൽ വായനയ്ക്ക് നൽകിയ ഉയർന്ന പ്രാധാന്യത്തെ വിശദീകരിക്കുന്നതാണ് ആ ദോസിയർ. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തെക്കുറിച്ചും അതിൽ വിശദീകരിക്കുന്നുണ്ട്. വായന ഒറ്റപ്പെട്ടതോ, വരേണ്യ വർഗപദവിയുടെ അടയാളമായി നിലനിൽക്കേണ്ടതോ അല്ല, അതിനൊരു സാമൂഹ്യ ധർമം നിർവഹിക്കാനുണ്ട്. റെഡ് ബുക്സ് ഡേ വായനയുടെ ആനന്ദത്തെ കൊണ്ടാടുകയാണ്.
2020 ൽ മാത്രമാണ് ആരംഭിച്ചതെങ്കിലും അര ദശകത്തിനിടയിൽ തന്നെ റെഡ് ബുക്സ് ഡേ ലോകമെമ്പാടും ഏറ്റെടുക്കപ്പെട്ടിരിക്കുന്നു. പുസ്തകങ്ങളിൽ നിന്നും വളർന്ന് അന്നേ ദിവസം സംഗീതത്തിന്റെയും ചിത്രങ്ങളുടെയും നൃത്തത്തിന്റെയും തെരുവ് നാടകത്തിന്റെയും ചലചിത്രത്തിന്റെയുമൊക്കെയായി വികസിച്ചിരിക്കുന്നു. അഞ്ചു ലക്ഷത്തിലേറെ മനുഷ്യരാണ് കഴിഞ്ഞ വർഷം റെഡ് ബുക്സ് ഡേയിൽ അണിചേർന്നത്.
മുതലാളിത്തം എല്ലാത്തിനെയും തങ്ങളുടെ വരുതിയിലാക്കിക്കൊണ്ടിരിക്കുന്നു. എല്ലാം വിലയ്ക്കുവാങ്ങാൻ അത് അത്യാർത്തി കാണിക്കുന്നു. വിലപിടിപ്പുള്ളതെന്തിനെയും ചരക്കാക്കി മാറ്റാൻ അത് തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നിട്ടും, അതിന് കീഴടക്കാനാകാത്ത ഒന്ന് ബാക്കിയാകുന്നു. പുതിയ ലോകത്തെ കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയാണത്. ആ ഇച്ഛാശക്തിയുടെ സാർവദേശീയ വിളംബരം കൂടിയാണ് റെഡ് ബുക്സ് ഡേ. l