ഇത്തവണ ഈ റിപ്പോർട്ട് എഴുതാൻ ആരംഭിച്ചത് വൈകിയാണ്. പലയിടങ്ങളിലും ഈ വർഷത്തെ റെഡ് ബുക്സ് ഡേ ആഘോഷങ്ങൾ കഴിയാൻ സമയമെടുത്തതുതന്നെ കാരണം. ഒരാഴ്ച നീളുന്ന പരിപാടികളുമായാണ് ചിലയിടങ്ങളിൽ റെഡ് ബുക്സ് ഡേ കൊണ്ടാടപ്പെട്ടതെങ്കിൽ ചിലർ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്ത് ആരംഭിച്ചത്. ഫെബ്രുവരി 21 റെഡ് ബുക്സ് ഡേ ആയി കൊണ്ടാടാൻ ആരംഭിച്ചിട്ട് ഇക്കൊല്ലത്തോടെ അര ദശകം പൂർത്തിയായി. ഇത്ര ചെറിയ കാലയളവിനുള്ളിൽ ലോകമെമ്പാടും ഏറ്റെടുക്കപ്പെട്ട മറ്റൊരു സാർവദേശീയ ദിനം ഏറെയൊന്നുമില്ല. ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമായല്ല റെഡ് ബുക്സ് ഡേ പടർന്നത്, ബഹുജനങ്ങളാണ് ഈ ദിനത്തെ ഏറ്റെടുത്തിരിക്കുന്നത്. ഓരോ വർഷവും മുൻതവണത്തേക്കാൾ കൂടുതൽ ആളുകളും പുതിയ പ്രദേശങ്ങളും റെഡ് ബുക്സ് ഡേ ആഘോഷത്തിന്റെ ഭാഗമാകുന്ന പതിവ് ഇത്തവണയും തെറ്റിയില്ല.
ഇന്ത്യയും നേപ്പാളും പാകിസ്താനും ബ്രസീലും ഇന്തോനേഷ്യയും ക്യൂബയും ഇറ്റലിയും ബ്രിട്ടനും അമേരിക്കയും ഘാനയും സൗത്ത് ആഫ്രിക്കയും ആസ്ടേലിയയുമടക്കം വർഷങ്ങളായി റെഡ് ബുക്സ് ഡേ ആഘോഷിക്കുന്ന അനേകം രാജ്യങ്ങൾക്കുപുറമേ ടാൻസാനിയയും ബുർക്കിന ഫാസോയും ഫിലിപ്പൈൻസും ഉൾപ്പടെ നിരവധി രാജ്യങ്ങളും ഇത്തവണ റെഡ് ബുക്സ് ഡേയുടെ ഭൂപടത്തിലേക്ക് കടന്നുവന്നു.
അര ദശലക്ഷത്തിലേറെ ആളുകൾ കേരളത്തിൽ റെഡ് ബുക്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി. സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ സഹകരണ പ്രസ്ഥാനത്തെപ്പറ്റി ലെനിന്റെ എഴുത്തുകളും നിരീക്ഷണങ്ങളും അടങ്ങുന്ന പുസ്തകം പതിനായിരം കേന്ദ്രങ്ങളിൽ വായിച്ചു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാ യൂണിറ്റുകളിലും പി ജി വായനക്കൂട്ടം പുസ്തക ചർച്ചയും സംവാദവും ഉൾപ്പടെയുള്ള പരിപാടികൾ സംഘടിപ്പിച്ചു. ചിന്ത ബുക്സ് കണ്ണൂർ ജില്ലയിലെ പാപ്പിനിശേരിയിൽ ഒരാഴ്ച നീണ്ടുനിന്ന റെഡ് ബുക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഓരോ ദിവസവും പ്രഭാഷണവും ചിത്ര പ്രദർശനവും പുസ്തകമേളയും നാടകങ്ങളും കലാ പരിപാടികളും ഒക്കെച്ചേർന്ന് ആയിരങ്ങൾ ഒത്തുചേർന്ന സാംസ്കാരിക ഉത്സവമായി അത് മാറി.
തമിഴ്നാട്ടിലും സംസ്ഥാനമെമ്പാടും റെഡ് ബുക്സ് ഡേ പരിപാടികൾ നടന്നു. സീതാറാം യെച്ചൂരിയുടെ ‘എന്താണ് ഹിന്ദു രാഷ്ട്രം’ എന്ന കൃതിയാണ് തമിഴ്നാട്ടിൽ ചർച്ചയ്ക്കായി തെരഞ്ഞെടുത്തത്. അതിനു മുന്നോടിയായ ആകൃതിയുടെ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിതരണം ചെയ്തു. ആയിരത്തോളം കേന്ദ്രങ്ങളിൽ സി പി ഐ എം അംഗങ്ങളും തൊഴിലാളി-– കർഷക പ്രസ്ഥാനങ്ങളുടെയും യുവജന പ്രസ്ഥാനത്തിന്റെയും പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമെല്ലാം ഒത്തുചേർന്ന് വർത്തമാനകാല ഇന്ത്യയുടെ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യമുള്ള ആ കൃതി ചർച്ചചെയ്തു.
എസ് എഫ് ഐയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടുമുള്ള ക്യാമ്പസുകളിൽ അന്താരാഷ്ട്ര മാതൃഭാഷാ ദിനവും റെഡ് ബുക്സ് ഡേയും ഒന്നിച്ച് ആഘോഷിച്ചു. ഭഗത് സിങ്ങിന്റെ ‘യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്’ എന്ന എഴുത്താണ് വിദ്യാർത്ഥികൾ ചർച്ച ചെയ്തത്. ഹൈദരാബാദിലെ ഇഫ്ലു ക്യാമ്പസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിമാസ റെഡ് ബുക് ഡിസ്കഷൻ ആരംഭിച്ചു. ജെ എൻ യുവിലും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും വിദ്യാർത്ഥികൾ അവരുടെ മാതൃഭാഷയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചു.
കർണാടകത്തിൽ ഇരുപതിലധികം പുരോഗമന പ്രസാധകരും സി പി ഐ എം ഘടകങ്ങളും റെഡ് ബുക്സ് ഡേ ആഘോഷം സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം ബാംഗളൂരുവിൽ നടന്നു. കയ്യൂർ സമരത്തെ അധികരിച്ച് നിരഞ്ജന എഴുതിയ ചിരസ്മരണ എന്ന നോവലിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങൾ വായിച്ചാണ് കർണാടകത്തിൽ ഇത്തവണ റെഡ് ബുക്സ് ഡേ ആഘോഷിച്ചത്. നിരഞ്ജനയുടെ ജന്മശതാബ്ദി വർഷം കൂടിയാണ് ഇത്. ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ നിന്നും പ്രസിദ്ധീകരിച്ച ജോയ് ഓഫ് റീഡിംഗ് എന്ന ഡോസിയറിന്റെ കന്നഡ പരിഭാഷയുടെ പ്രകാശനവും നടന്നു.
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽ നടന്ന റെഡ് ബുക്സ് ഡേ പരിപാടിയിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ബിമൻ ബസുവും സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം സുജൻ ചക്രവർത്തിയും ഉൾപ്പടെയുള്ളവർ പങ്കെടുത്തു. മഹാരാഷ്ട്രയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായന സംഘടിപ്പിച്ചതിനൊപ്പം റെഡ് ബുക്സ് ഡേ ആർട്ട് കലണ്ടർ വിതരണവും ചെയ്തു. ആന്ധ്രപ്രദേശിൽ ലെനിന്റെ ഭരണകൂടവും വിപ്ലവവും തെലങ്കാനയിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയവും ചർച്ച ചെയ്തു. ആസാമിൽ ഡിവൈഎഫ്ഐയും നവയുഗ് പുസ്തകാലയവും ചേർന്നായിരുന്നു വിവിധ ജില്ലകളിൽ മാനിഫെസ്റ്റോ വായനകൾ സംഘടിപ്പിച്ചത്.
ഡൽഹിയിലെ മെയ് ഡെ ബുക്സ്സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡിയോ സഫ്ദറിൽ രാവേറും വരെ നീണ്ട വിപുലമായ പരിപാടികളോടെ റെഡ് ബുക്സ് ഡേ കൊണ്ടാടി. പുസ്തക ചർച്ചയും, സോവിയറ്റ് പുസ്തകങ്ങളുടെ വില്പനയും യുവ കലാകാരി അമൃതയുടെ നൃത്തവും ജനത്തിന്റെ നാടകവും പ്രതിരോധത്തിന്റെ പാട്ടുകളും വിവിധ ഭാഷകളിലെ മാനിഫെസ്റ്റോ വായനയുമെല്ലാം ചേർന്നതായിരുന്നു പരിപാടി.
ബ്രസീലിലെ ഭൂരഹിത കർഷകരുടെ സംഘടന വിവിധ ഗ്രാമങ്ങളിൽ റെഡ് ബുക്സ് ഡേ വായനകൾ സംഘടിപ്പിച്ച കാഴ്ച ആവേശകരമായിരുന്നു. ആഫ്രിക്കയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ആളുകൾ ഒന്നിച്ചിരുന്ന് അവരുടെ സമരങ്ങൾക്കായുള്ള പഠനങ്ങളെ റെഡ് ബുക്സ് ഡേയുടെ ഭാഗമാക്കുന്നത് കാണാമായിരുന്നു. ന്യൂയോർക്കിലെ പീപ്പിൾസ് ഫോറവും ലണ്ടനിലെ മാർക്സ് മെമ്മോറിയൽ ലൈബ്രറിയും ക്യൂബയിലെ മാർട്ടിൻ ലൂഥർ കിംഗ് ഇൻസ്റ്റിറ്റ്യൂട്ടും വെനസ്വേലയിലെ സെെമൺ ബൊളിവർ ഇൻസ്റ്റിറ്റ്യൂട്ടും റോമിലെ റെഡ് സ്റ്റാർ പ്രസ്സും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പാകിസ്താനിലെ വിവിധ ക്യാമ്പസുകളിലുമെല്ലാം ചുവന്ന പുസ്തക ദിനം വിപുലമായി കൊണ്ടാടി.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ മാത്രമല്ല, മനുഷ്യവിമോചന സമരങ്ങൾക്ക് ഇന്ധനമാകുന്ന ലോകത്തെ എല്ലാ ചുവന്ന പുസ്തകങ്ങളെയും ആഘോഷിക്കുന്ന ദിവസമായി റെഡ് ബുക്സ് ഡേ മാറിക്കഴിഞ്ഞിരിക്കുന്നു. ആശയസമരങ്ങളുടെ കരുത്തും സാർവദേശീയതയുടെ പതാകയുമായി ചുവന്ന പുസ്തകദിനം ലോകത്തെ പുരോഗമനവാദികളുടെയാകെ പ്രതീക്ഷകളെ നെഞ്ചേറ്റുന്നു. l