സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെയും ജന്മിത്വവിരുദ്ധ സമരങ്ങളുടെയും സമ്പന്നമായ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടത്, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ വളര്‍ന്നുവരാനുള്ള വളക്കൂറുള്ള മണ്ണ് രൂപപ്പെടുത്തുന്നതില്‍ കേരളീയ നവോത്ഥാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നവോത്ഥാന പ്രസ്ഥാനം കേരളത്തില്‍ ഏറെ വൈകിയാണ് ഉദയം ചെയ്തത് എന്നു കാണാം. പക്ഷേ മറ്റെങ്ങും ഇല്ലാത്ത രൂപത്തില്‍ അത് ഇവിടെ അതിവേഗതയില്‍ പടര്‍ന്നു പന്തലിച്ചു. കേരളീയ നവോത്ഥാനം അടിസ്ഥാനപരമായി ഒരു കീഴാള പ്രസ്ഥാനം ആയിരുന്നു. ഈ കീഴാള സ്വഭാവമാണ് അതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയത്. സമൂഹത്തില്‍ നിലനിന്ന ജാതീയമായ ശ്രേണിവല്‍ക്കരണത്തിനെതിരെയും മനുഷ്യര്‍ തമ്മിലുള്ള സമത്വത്തിനുവേണ്ടിയുമാണ് ഉല്‍പ്പതിഷ്ണുക്കളായ നമ്മുടെ നവോത്ഥാന നായകര്‍ ശബ്ദമുയര്‍ത്തിയത്. കേരളീയ നവോത്ഥാനത്തിന്റെ ആദ്യപഥികരില്‍ ഒരാളും മാര്‍ക്‌സിന്റെതന്നെ സമകാലികനുമായിരുന്ന അയ്യാ വൈകുണ്ഠ സ്വാമികള്‍ സ്ഥാപിച്ച സമത്വ സമാജം സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വത്തിനെതിരെയുള്ള കാല്‍വെപ്പായിരുന്നു. അദ്ദേഹം മുന്നോട്ടുവെച്ച ‘ഒരു ജാതി, ഒരു മതം, ഒരു കുലം,ഒരു ലോകം, ഒരു ദൈവം’ എന്ന ആശയവും നാരായണ ഗുരുവിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആശയവും സമൂഹത്തില്‍ സാര്‍വലൗകിക സമഭാവന വളര്‍ത്തിയെടുക്കുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്. അയ്യങ്കാളിയും പൊയ്കയില്‍ യോഹന്നാനും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ കേരളത്തില്‍ ഒരു പൊതുമണ്ഡലം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും ജന്മിത്വവിരുദ്ധ പ്രസ്ഥാനങ്ങളും കേരളത്തില്‍ വളര്‍ന്നുവന്നത്.

കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. അദ്ദേഹം പ്രക്ഷോഭകാരിയായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു. ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ പോരാടിയതിന്റെ ഫലമായി 1910 ല്‍ അദ്ദേഹത്തെ നാടുകടത്തി. സ്വദേശാഭിമാനി 1912ല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇതേ വര്‍ഷംതന്നെ പഞ്ചാബിലെ ലാലാ ഹര്‍ദയാല്‍, മാര്‍ക്‌സിന്റെ ജീവചരിത്രം കല്‍ക്കത്ത മോഡേണ്‍ റിവ്യൂവില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഗദ്ദര്‍ പാര്‍ട്ടി നേതാവും സ്വാതന്ത്ര്യസമര പോരാളിയുമായ ഹര്‍ദയാല്‍ മാര്‍ക്‌സിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള വിയോജിപ്പ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുമുണ്ട്.. അടിസ്ഥാനപരമായി മാർക്‌സിയന്‍ പദ്ധതികളെ അംഗീകരിക്കുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1913–-14ല്‍ ആത്മപോഷിണി മാസികയില്‍ സോഷ്യലിസത്തെക്കുറിച്ച് ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു. സമൂഹ ഘടനയുടെ വികാസം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, സോഷ്യലിസം തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ഇതില്‍ കൈകാര്യം ചെയ്തത്. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ പ്രചരിപ്പിക്കുക എന്ന ദൗത്യമാണ് ഇതിലൂടെ അദ്ദേഹം നിര്‍വഹിച്ചത്.
ഡോ. പല്‍പ്പു, ജി പി പിള്ള, രാമകൃഷ്ണ പിള്ള എന്നിവര്‍ 1905 ലെ റഷ്യന്‍ വിപ്ലവത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മലബാറില്‍ ഹോം റൂള്‍ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അതിന്റെ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ച ചെയ്യുകയുണ്ടായി. പക്ഷേ ഇതൊന്നും പൊതു ചര്‍ച്ചകള്‍ക്കപ്പുറം കടന്നില്ല. തിരുവനന്തപുരത്ത് 1921-–22ല്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത എന്‍. പി. കുരിക്കള്‍ തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ശിങ്കാരവേലു ചെട്ടിയാരുമായി ബന്ധം പുലര്‍ത്തിയിരുന്നു. ബോംബെയിലും കല്‍ക്കത്തയിലും രൂപംകൊണ്ട യൂത്ത് ലീഗിന്റെ സ്വാധീനം പില്‍ക്കാലത്ത് കേരളത്തില്‍ യുവജന സംഘടനകളുടെ രൂപീകരണത്തിലേക്ക്- വഴിതെളിച്ചിരിക്കാം. ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്ക് വ്യാപിച്ചതിന്റെ തെളിവൊന്നും ലഭ്യമല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന തിരുവിതാംകൂറിലെ ചെമ്പകരാമന്‍ പിള്ളയ്ക്കും എ.സി. എന്‍ നമ്പ്യാര്‍ക്കും കേരളവുമായി ബന്ധമുണ്ടായിരുന്നില്ല. ഇവര്‍ പ്രവര്‍ത്തിച്ചിരുന്ന ബെര്‍ലിനിലെ ലീഗ് എഗൈന്‍സ്റ്റ് ഇംപീരിയലിസം എന്ന സംഘടന ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരുന്നു. അവരുടെ രേഖകളില്‍ ചെമ്പകരാമന്‍ പിള്ളയുടെ പേര് 1926 വരെയും നമ്പ്യാരുടെ പേര് മീററ്റ് ഗൂഢാലോചനക്കേസ് കാലംവരെയും കാണുന്നുണ്ട്.1930 കള്‍ വരെ മറ്റു ബന്ധങ്ങള്‍ ഒന്നും കാണുന്നില്ല.

ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനം 1920കളില്‍ തന്നെ കേരളത്തില്‍ തൊഴിലാളി സംഘടനകള്‍ക്കും കുടിയാന്‍ പ്രക്ഷോഭങ്ങള്‍ക്കും കളമൊരുക്കി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമ്മേളനങ്ങളില്‍ കുടിയാന്മാരുടെ ഭൂമിയിലുള്ള അവകാശം ഒരു അജൻഡയായി മാറി. 1921ലെ മലബാര്‍ കലാപം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ സാധാരണ ജനങ്ങളുടെ വലിയൊരു മുന്നേറ്റമായിരുന്നു. ഈ കര്‍ഷക സമരം മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ടുവെങ്കിലും അതിനു ദൂരവ്യാപകമായ ഫലമുണ്ടായി. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയാന്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. 1928 ഏപ്രിലില്‍ എറണാകുളത്ത് അഖില കേരള കുടിയാന്‍ സമ്മേളനം നടന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, താഴ്ന്ന വരുമാനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതേവര്‍ഷം ജൂലെെയില്‍ നടന്ന റെയില്‍വേ സമരം മലബാറിലെ എല്ലാ കേന്ദ്രങ്ങളിലും വിജയമായിരുന്നു. 1917ല്‍ നടന്ന ഒക്ടോബര്‍ വിപ്ലവവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയനിലുണ്ടായ വമ്പിച്ച സാമ്പത്തിക പുരോഗതിയും ലോകമെമ്പാടും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. 1927 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ സോവിയറ്റ് സന്ദര്‍ശനവും അതിനുശേഷം അദ്ദേഹം നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും സോവിയറ്റ് യൂണിയനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളവയായിരുന്നു. സോഷ്യലിസത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ ഇന്ത്യയില്‍ പുറത്തുവന്നു. മുതലാളിത്തത്തില്‍നിന്ന് വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്ന് ഇവ സൂചിപ്പിച്ചു. 1920 ല്‍ താഷ്‌കന്റിലും അതിനുശേഷം ഇന്ത്യയുടെ വിവിധ നഗരങ്ങളിലും രൂപംകൊണ്ട കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്കെതിരെ കൊളോണിയല്‍ ഭരണകൂടം അവലംബിച്ച അടിച്ചമര്‍ത്തല്‍ നയം ജനങ്ങളില്‍ പ്രതിഷേധം വളരുന്നതിന് സഹായകമായി. ഇത് ജനങ്ങളില്‍ സോഷ്യലിസത്തോടും കമ്യൂണിസത്തോടുമുള്ള താല്പര്യം വളര്‍ത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മുളയിലേതന്നെ നുള്ളിക്കളയാനുള്ള ഭരണകൂട തന്ത്രമാണ് പെഷവാര്‍, കാൺപൂര്‍, മീററ്റ് ഗൂഢാലോചന കേസുകള്‍ എന്ന് അവര്‍ മനസ്സിലാക്കി. കോണ്‍ഗ്രസിനോടും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുമുള്ള ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പും ജനങ്ങള്‍ തിരിച്ചറിഞ്ഞു. കേരളത്തില്‍ ഇതെല്ലാം ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയം വളര്‍ന്നുവരാനുള്ള സാഹചര്യം ഒരുക്കി.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവായി മാറിയത് മഹാത്മാഗാന്ധി നയിച്ച 1930ലെ നിയമലംഘന പ്രസ്ഥാനമായിരുന്നു. ഉപ്പുസത്യാഗ്രഹം ഒരു അഖില കേരള രാഷ്ട്രീയ പ്രക്ഷോഭമായി മാറി. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും അതില്‍ പങ്കാളിത്തമുണ്ടായി. പയ്യന്നൂരില്‍ സത്യാഗ്രഹം തുടരവേ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വടക്കോട്ട് നീങ്ങി കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വരെയെത്തി നിയമലംഘനം നടത്തി. കാസര്‍ഗോഡ് താലൂക്കിലേക്കുള്ള കൃഷ്ണപിള്ളയുടെ ആദ്യത്തെ യാത്രയായിരുന്നു അത്. കോഴിക്കോട് നടന്ന നിയമലംഘന സമരത്തില്‍ കൃഷ്ണപിള്ളയെപ്പോലുള്ള സമര വളണ്ടിയര്‍മാര്‍ പ്രകടിപ്പിച്ച ധീരോദാത്തമായ ചെറുത്തുനില്‍പ്പ്, സമരത്തെ ജനങ്ങളില്‍ എത്തിക്കുന്നതിന് സഹായിച്ചു. സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റുചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം എത്തിച്ചേര്‍ന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട രാഷ്ട്രീയ തടവുകാര്‍ ഇവിടെ ഉണ്ടായിരുന്നു. ഗദ്ദര്‍ പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് ആര്‍മി, അനുശീലന്‍ സമിതി എന്നിവയുടെ നേതാക്കളായ കമല്‍നാഥ് തിവാരി, ജയദേവ് കപൂര്‍, സെന്‍ ഗുപ്ത തുടങ്ങിയ വിപ്ലവകാരികള്‍ ജയിലില്‍ ഉണ്ടായിരുന്നു. വിപ്ലവകാരികളായ നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഗൗരവതരമായ രാഷ്ട്രീയ സംവാദം ജയിലില്‍ നടന്നു. കോണ്‍ഗ്രസിന്റെ സമരരീതികളോടുള്ള വിമര്‍ശനം ചര്‍ച്ചയുടെ ഭാഗമായിരുന്നു. ജയില്‍ ഒരു രാഷ്ട്രീയ പാഠശാലയായി മാറി. കൃഷ്ണപിള്ളയും കെ പി ഗോപാലനും അനുശീലന്‍ സമിതിയുടെ അംഗത്വം എടുത്തു. ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് എമിലി ബേണ്‍സിന്റെ വാട്ട് ഈസ് സോഷ്യലിസം, ലെനിന്റെ ഏപ്രില്‍ തീസിസ്, ഹാന്‍ഡ് ബുക്ക് ഓഫ് മാര്‍ക്‌സിസം, ജയപ്രകാശ് നാരായണന്റെ വൈ സോഷ്യലിസം തുടങ്ങിയവ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യിലെത്തി. ഗാന്ധിയന്‍ സമരരീതികളോടുള്ള വിയോജിപ്പുമായിട്ടാണ് ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയില്‍ വിട്ടിറങ്ങിയത്.

കോണ്‍ഗ്രസിനകത്ത് അഭിപ്രായവ്യത്യാസവും ഇടത്, വലത് ധ്രുവീകരണവും വളരെ വേഗത്തില്‍ വളര്‍ന്നുവന്നു. തൊട്ടുകൂടായ്മയും തീണ്ടലുമാണ് പ്രസ്ഥാനത്തിനുമുന്നിലുള്ള ഏറ്റവും വലിയ പ്രതിബന്ധം എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. സാമ്പത്തികമായ അസമത്വമാണ് പ്രധാന പ്രശ്‌നമെന്നും അതിനെതിരെയുള്ള സമരത്തിലേക്ക് സാധാരണ കൃഷിക്കാരെ ആകര്‍ഷിക്കുന്നതിലൂടെ മാത്രമേ ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ ബഹുജനങ്ങളെ പങ്കെടുപ്പിക്കുവാന്‍ കഴിയുകയുള്ളൂവെന്നും മറുഭാഗവും വാദിച്ചു. ബഹുജന സമരങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ബഹുജനങ്ങളെ അണിനിരത്തണമെന്നും ബഹുജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു പോരാടിയാല്‍ മാത്രമേ അവര്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലേക്ക് കടന്നുവരികയുള്ളൂവെന്നും ഇക്കൂട്ടര്‍ വാദിച്ചു.1931 മാര്‍ച്ചില്‍ ഒപ്പുവെച്ച ഗാന്ധി -– ഇര്‍വിന്‍ സന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചു. രാഷ്ട്രീയ തടവുകാരില്‍ പലരും അപ്പോഴും ജയിലില്‍ തന്നെയായിരുന്നു. ഭഗത് സിങ്, രാജ്ഗുരു, സുഖ്-ദേവ് എന്നിവരുടെ കേസില്‍ ഗാന്ധിജി ഇടപെടണമെന്നും വധശിക്ഷ ജീവപര്യന്തമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചു. പക്ഷേ ഗാന്ധിജി പ്രശ്‌നത്തില്‍ ഇടപെട്ടില്ല. മൂന്നു ധീരരായ വിപ്ലവകാരികളും 1931 മാര്‍ച്ച് 23 ന്- തൂക്കിലേറ്റപ്പെട്ടു. ഇത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. നാടെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് വലിയ സമ്മേളനം നടന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ് 1931ല്‍ തിരുവനന്തപുരത്ത് നിലവില്‍ വന്ന കമ്യൂണിസ്റ്റ് ലീഗ്.എന്‍. സി. ശേഖര്‍, പൊന്നറ ശ്രീധർ, എന്‍. പി. കുരിക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ലീഗ് രൂപീകരിച്ചത്. സെക്രട്ടറി ആയി എന്‍. പി കുരിക്കള്‍ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ വളര്‍ന്നു വന്ന സോഷ്യലിസ്റ്റ് -കമ്യൂണിസ്റ്റ് ചിന്താഗതികളാണ് സംഘടനയുടെ രൂപീകരണത്തിന് വഴിവെച്ചത്. ഇതിനു മുന്‍കൈ എടുത്തവര്‍ കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പരിപാടികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്തതിനു ശേഷമാണു ലീഗിന് രൂപംകൊടുത്തത്. ചൂഷണത്തെ അംഗീകരിക്കുന്ന സത്യാഗ്രഹത്തേക്കാള്‍ മികച്ചതാണ് ബോള്‍ഷെവിക്ക്- വിപ്ലവമെന്നും ഇന്ത്യന്‍ സാഹചര്യത്തിലും വിപ്ലവം അനിവാര്യമാണെന്നും ഇവര്‍ വിശ്വസിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവിതാംകൂര്‍ ശാഖ എന്ന നിലയിലാണ് കമ്യൂണിസ്റ്റ് ലീഗ് നിലവില്‍ വന്നത്. പക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അതിനു ബന്ധമുണ്ടായിരുന്നില്ല. മീററ്റ് ഗൂഢാലോചന കേസിലെ പ്രതിയായിരുന്ന കെ എൻ ജോഗ്ലേക്കറില്‍ നിന്നു പൊന്നറ ശ്രീധറിന് ലഭിച്ച മീററ്റ് പ്രതികളുടെ വിജ്ഞാപനം 1941 ഏപ്രിലില്‍ കമ്യൂണിസ്റ്റ് ലീഗ്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ പൂര്‍ണ്ണസ്വരാജ് സ്ഥാപിക്കുകയും ഉല്‍പാദനോപകരണങ്ങളും ധനാഗമ മാര്‍ഗ്ഗങ്ങളും ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ഉടമസ്ഥതയില്‍ പുനഃസംഘടിപ്പിക്കുകയും ഉല്‍പാദനങ്ങള്‍ സാമൂഹ്യനിയന്ത്രണത്തില്‍ ജനങ്ങള്‍ക്കാവശ്യമായ വിധത്തില്‍ വിതരണം ചെയ്യുകയുമാണ് പാര്‍ട്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും എന്ന് വിജ്ഞാപനം കൃത്യമായി പറയുന്നുണ്ട്.
1930കളുടെ തുടക്കത്തില്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് ആശയങ്ങള്‍ വ്യാപിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിലെ ഇടതുപക്ഷം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് യൂണിയനുകള്‍ ഉണ്ടാക്കുകയും തൊഴിലാളികളെ രാഷ്ട്രീയ പ്രബുദ്ധരാക്കുകയും ചെയ്തുവന്നു. കുടിയാന്മാരായ കര്‍ഷകരെ സംഘടിപ്പിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറ വിപുലമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം നടത്തിയത്.
കോണ്‍ഗ്രസിനകത്ത് ഇത്തരം മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനവും സജീവമായിവരികയായിരുന്നു. താഷ്‌കന്റില്‍ രൂപീകൃതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ ഉയര്‍ന്നുവന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും നാട്ടിൽ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു. 1925 ആകുമ്പോഴേക്കും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പരസ്യമായിത്തന്നെ അഖിലേന്ത്യ കമ്യൂണിസ്റ്റ് സമ്മേളനം നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതേ കാലയളവില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് ആൻഡ് – പെസന്റ്സ്- പാര്‍ട്ടിയും രൂപീകൃതമായി. രാജ്യത്താകെ ട്രേഡ് യൂണിയനുകളും യുവാക്കളുടെ സമരസംഘടനകളും ഉയര്‍ന്നുവന്നു. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഗവണ്‍മെന്റ് ചുമത്തിയ ഗൂഢാലോചന കേസുകള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വലിയ പ്രചാരം നല്‍കി. കാണ്‍പൂര്‍ ഗൂഢാലോചന കേസിനെതുടര്‍ന്ന് പൊലീസ് അന്വേഷിച്ചിരുന്ന അമീര്‍ ഹൈദര്‍ ഖാന്‍ ബോംബെയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് തന്റെ പ്രവര്‍ത്തന കേന്ദ്രം മാറ്റി. പലരെയും അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. പി സുന്ദരയ്യ അതിലൊരാളായിരുന്നു. കേരളത്തിലും കമ്യൂണിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. 1934 ല്‍ മദ്രാസില്‍ വച്ച് അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ ഡയറിക്കുറിപ്പുകളില്‍ കണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും തയ്യല്‍ക്കാരനുമായിരുന്ന പി കെ കൃഷ്ണന്റെ പേരും ഉണ്ടായിരുന്നു. മീററ്റ് ഗൂഢാലോചന കേസിന്റെ വിചാരണ രാജ്യത്താകെ വലിയ കോളിളക്കം സൃഷ്ടിച്ചു. 1933 ഓടെ പാര്‍ട്ടി പുനഃസംഘടിപ്പിക്കപ്പെടുകയും പുതിയ കേന്ദ്ര കമ്മിറ്റി നിലവില്‍വരികയും ചെയ്തു. പി സി ജോഷി സെക്രട്ടറിയായ കമ്മിറ്റിയില്‍ എസ് വി ഘാട്ടെയും പി സുന്ദരയ്യയും അംഗങ്ങളായിരുന്നു.ഇവര്‍ രണ്ടുപേരും കേരളത്തിലെ സി. എസ്. പി നേതാക്കളുമായി ബന്ധം പുലര്‍ത്തിവന്നു.

കോണ്‍ഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ പ്രവര്‍ത്തകര്‍ 1934 മെയ് മാസത്തില്‍ കോഴിക്കോട് സമ്മേളിക്കുകയും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പി കൃഷ്ണപിള്ള സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുവേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍നിന്ന് ഇഎംഎസ് പങ്കെടുത്തു. പിന്നീട് ബോംബെയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് അദ്ദേഹം സിഎസ്-പിയുടെ ജോയിന്റ്- സെക്രട്ടറിമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലാകെ ട്രേഡ് യൂണിയനുകളും കര്‍ഷക സംഘങ്ങളും ബഹുജന സംഘടനകളും വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു സിഎസ്-പിയുടെ ലക്ഷ്യം. ഇതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുവേണ്ടി ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള കെപിസിസി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. സി എസ് പിയുടെ ആഭിമുഖ്യത്തില്‍ നാട്ടിലുടനീളം പ്രചരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. കൃഷ്ണപിള്ള, കെ ദാമോദരന്‍, മൊയാരത്ത് ശങ്കരന്‍, കെ പി ഗോപാലന്‍, എകെജി തുടങ്ങിയവര്‍ ഈ യോഗങ്ങളില്‍ പ്രസംഗിച്ചു.
സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി സി എസ് പി 1935ല്‍ പ്രഭാതം എന്ന വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക മുഖപത്രം ആയിരുന്നു പ്രഭാതം. ഇഎംഎസ് വിശേഷിപ്പിച്ചതുപോലെ പാര്‍ട്ടിയുടെ സംഘാടകനും പ്രക്ഷോഭകനുമായി പ്രഭാതം വളര്‍ന്നു. വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പേരില്‍ സെക്യൂരിറ്റി കെട്ടിവെക്കണം എന്ന അധികൃതരുടെ ഉത്തരവ് നിറവേറ്റാന്‍ കഴിയാത്തതിനാല്‍ പ്രസിദ്ധീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ 1938 ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. പക്ഷേ യുദ്ധം ആരംഭിക്കുകയും കോണ്‍ഗ്രസ് ഗവണ്‍മെന്റ് രാജിവെക്കുകയും ചെയ്തതോടെ, പ്രഭാതത്തിന്റെ പ്രസിദ്ധീകരണം വീണ്ടും നിലച്ചു. തിരുവിതാംകൂര്‍-, കൊച്ചി നാട്ടുരാജ്യങ്ങളില്‍ നടക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമീപനമാണ് സി എസ് പി കൈക്കൊണ്ടത്. ഇതിന്റെ ഫലമായി 1937ല്‍ തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിക്കുകയും കൊച്ചിയില്‍ കൊച്ചിൻ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തപ്പോഴേക്കും ഈ രണ്ട് സംഘടനകളിലും വലിയ സ്വാധീനം ഉണ്ടാക്കാന്‍ സോഷ്യലിസ്റ്റുകാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും സാധിച്ചു. ഇതോടെ സി എസ് പി ഒരു അഖില കേരള പാര്‍ട്ടിയായി മാറി. ഈ സന്ദര്‍ഭത്തിലാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നാലു പ്രമുഖ നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കേരള ഘടകത്തിന് രൂപം നല്‍കിയത്. പി കൃഷ്ണപിള്ള, ഇഎംഎസ്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍ എന്നിവരാണ് പാര്‍ട്ടി രൂപീകരണ യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എസ് വി ഘാട്ടെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. മദിരാശി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന പി സുന്ദരയ്യയെ ഇഎംഎസും കൃഷ്ണപിള്ളയും 1935ല്‍ കണ്ടുമുട്ടുകയും തുടര്‍ന്നു സുന്ദരയ്യയോടൊപ്പം ഘാട്ടെയും പിന്നീട് കേരളത്തിലേക്ക് തുടര്‍ച്ചയായി വരികയും സി എസ് പി പ്രവര്‍ത്തകരുമായി ബന്ധം വെക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു ഈ പാര്‍ട്ടി രൂപീകരണം. പാര്‍ട്ടി ഗ്രൂപ്പിന്റെ സെക്രട്ടറിയായി പി കൃഷ്ണപിള്ള തിരഞ്ഞെടുക്കപ്പെട്ടു. ഈ നാല് പേരും 1937 നു മുന്‍പ് തന്നെ കമ്യൂണിസ്റ്റുകാരായി മാറിയിരുന്നു.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഇതോടെ സജീവമായി. മലബാറിലെ എല്ലാ താലൂക്കുകളിലും ദക്ഷിണകാനറയിലെ കാസര്‍കോട് താലൂക്കിലും ശക്തവും വിപുലവുമായ കമ്മിറ്റികള്‍ നിലവില്‍വന്നു. ജന്മിത്വത്തിനെതിരെ ആയിരങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സമരജാഥകള്‍ നടത്തി. അക്രമ പിരിവുകള്‍ അവസാനിപ്പിക്കുക, വാരം പാട്ടം അളന്നതിന് രസീത് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജന്മിമാരുടെ വീടുകളിലേക്ക് ജാഥകള്‍ നടത്തി. കര്‍ഷകരില്‍ സംഘബോധവും ആത്മവിശ്വാസവും ശക്തമായി വളര്‍ന്നുവന്നു. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിലും തൃശ്ശൂരിലും കൊച്ചിയിലും തൊഴിലാളി പണിമുടക്കുകള്‍ നടന്നു. നിരവധി നേതാക്കള്‍ അറസ്റ്റിലായി. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കള്‍ ഇവിടങ്ങളിലെല്ലാം ഓടിയെത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഇത്തരം സമരങ്ങളിലൂടെ വളര്‍ന്നുവന്ന പ്രവര്‍ത്തകര്‍ക്ക് ആശയവ്യക്തത വരുത്തുന്നതിനും സംഘടനാ തത്വങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി സി എസ് പി പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്യാമ്പുകളാണ് കോഴിക്കോട് തിക്കോടിയിലും മങ്കട പള്ളിപ്പുറത്തും നടന്നത്. യൂണിയനിലും കര്‍ഷക സംഘത്തിലും വിദ്യാര്‍ത്ഥി – യുവജന സംഘടനകളിലുമുള്ള പ്രവര്‍ത്തകരെ അണിനിരത്തി സാമ്രാജ്യത്വ വിരോധി സൈന്യം രൂപപ്പെടുത്തലായിരുന്നു ലക്ഷ്യം. ലോക ചരിത്രം, ഭരണഘടനകള്‍, ഇന്ത്യന്‍ സമ്പദ്ഘടന, തൊഴിലാളിവര്‍ഗ പ്രസ്ഥാനം, കുടിയാന്‍ പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസുകള്‍. തുടര്‍ന്ന് എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ നടന്നു. 3000 ലേറെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. വില്ലേജ് കമ്മിറ്റികളിലെ 3500ല്‍ പരം പ്രവര്‍ത്തകര്‍ക്കും തൊഴിലാളി കര്‍ഷക പ്രവര്‍ത്തകര്‍ക്കും അടിസ്ഥാന രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുകയായിരുന്നു മങ്കട പള്ളിപ്പുറം ക്യാമ്പിന്റെ ലക്ഷ്യം. 79 പ്രവര്‍ത്തകര്‍ പങ്കെടുത്ത ആദ്യ ക്യാമ്പിന്റെ ഡയറക്ടര്‍ ടി.ജെ ജോര്‍ജ് ആയിരുന്നു. സമ്മര്‍ സ്‌കൂളില്‍ പഠിച്ചിറങ്ങിയവരായിരുന്നു താഴെത്തട്ടില്‍ പരിശീലനം നല്‍കേണ്ടിയിരുന്നത്. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കാരണം, യുദ്ധത്തെ എതിര്‍ക്കേണ്ട ആവശ്യകത, ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയും ഐക്യമുന്നണിയുടെ ആവശ്യകതയും തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങള്‍. ഇഎംഎസ്, കെ. ദാമോദരന്‍ എസ്. ശര്‍മ്മ തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ബഹുദിന ക്ലാസുകള്‍ നടന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും സൂചിപ്പിക്കുന്നവയായിരുന്നു ക്യാമ്പിലെ വിഷയങ്ങള്‍.
കോണ്‍ഗ്രസിലെ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ സി എസ് പിയുടെ ആറാം സംസ്ഥാന സമ്മേളനം 1939 ജൂണില്‍ തലശ്ശേരിയില്‍ നടന്നു. സാര്‍വ്വദേശീയ – ദേശീയ സാഹചര്യങ്ങളെക്കുറിച്ച് കെ ദാമോദരനും ഇഎംഎസും യോഗത്തില്‍ സംസാരിച്ചു. സാമ്രാജ്യത്വത്തിനെതിരെ എല്ലാവരെയും സംഘടിപ്പിച്ചുകൊണ്ട് പൊതുമുന്നണി രൂപീകരിക്കുക, യുദ്ധവിരുദ്ധ പ്രസ്ഥാനം അതിന്റെ ഭാഗമായിരിക്കണം, അതിന് സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ് വലതുപക്ഷവും ഒന്നിക്കണം തുടങ്ങിയ തീരുമാനങ്ങളോടെയാണ് യോഗം അവസാനിച്ചത്. ഇതേസമയം പലയിടങ്ങളിലും ഇടത് – വലത് വേര്‍തിരിവ് പ്രകടമായിരുന്നു. തിരുവിതാംകൂറില്‍ എം എന്‍ ഗോവിന്ദന്‍ നായര്‍, കെ സി ജോര്‍ജ്, പി ടി പുന്നൂസ് എന്നിവരടങ്ങുന്ന റാഡിക്കല്‍ ഗ്രൂപ്പ് സജീവമാകുകയും സ്റ്റേറ്റ് കോണ്‍ഗ്രസിന് പുറത്തുനിന്നുകൊണ്ട് തൊഴിലാളി സമരങ്ങള്‍ക്ക് സി എസ് പി നേതൃത്വം നല്‍കി വരികയും ചെയ്തു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാര്‍ പൂര്‍ണ്ണമായും കോണ്‍ഗ്രസില്‍ നിന്ന് അകന്നു. മലബാറില്‍ കോണ്‍ഗ്രസ് വലതുപക്ഷക്കാര്‍ സിഎസ്-പിയില്‍ നിന്നു മാറിനിന്നു. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് ചായ്‌വുള്ളവര്‍ സ്വയം സംഘടിക്കാന്‍ തീരുമാനിച്ചത്.
പാര്‍ട്ടി അഖിലേന്ത്യ നേതാക്കളുടെ തുടരെയുള്ള കേരള സന്ദര്‍ശനവും പ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കവും ചര്‍ച്ചകളും പാര്‍ട്ടി രൂപീകരണ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നിരിക്കാം. പി കൃഷ്ണപിള്ളയെ പോലെയുള്ളവർ കേരളമാകെ ചുറ്റിസഞ്ചരിച്ചു പ്രവര്‍ത്തകരുമായി വളര്‍ത്തിയെടുത്ത ആത്മബന്ധത്തിന്റെ പിന്‍ബലവും സഹായിച്ചിട്ടുണ്ടാകും. ഇതിനിടെ കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള പ്രധാന സ്ഥലങ്ങളിലെല്ലാം ചെറുയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത്- പാര്‍ട്ടി രൂപീകരിക്കേണ്ടതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവന്നു. ഈ സ്ഥലങ്ങളിലെല്ലാം കമ്യൂണിസ്റ്റ്പ്രവര്‍ത്തകരും അനുഭാവികളും ധാരാളമുണ്ടായിരുന്നു. സി എസ് പി യില്‍ പ്രവര്‍ത്തിച്ചുവന്നവരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരായി മാറിയിരുന്നു. പുതിയ തീരുമാനമെടുക്കാനുള്ള സന്ദര്‍ഭമൊരുക്കിയത് രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭം ആയിരുന്നു. യുദ്ധവിരുദ്ധ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് വിമുഖത കാണിച്ചു. സാമ്രാജ്യത്വത്തിനും ഇന്ത്യന്‍ ഭരണവര്‍ഗത്തിനുമെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയുടെ ആവശ്യം സി എസ് പി പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് പിണറായി പാറപ്രത്ത് സമ്മേളനം ചേര്‍ന്ന് 1939 ഡിസംബറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔപചാരികമായി രൂപീകരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വച്ചുകൊണ്ടാണ് ഇത്തരമൊരു സ്ഥലം സമ്മേളന കേന്ദ്രമായി തെരഞ്ഞെടുത്തത്. പിണറായി കര്‍ഷകസംഘം ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍ കെ പി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 90 പേര്‍ യോഗത്തില്‍ സംബന്ധിച്ചു. പല ഭാഗങ്ങളിലൂടെയാണ് ആളുകള്‍ യോഗസ്ഥലത്ത് എത്തിയത്. കൃഷ്ണപിള്ള നടത്തിയ ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെ അനുരഞ്ജന നയങ്ങളെയും സിഎസ്-പിയുടെ നിഷ്‌ക്രിയത്വത്തെയും ശക്തമായി വിമര്‍ശിച്ചു. യുദ്ധക്കെടുതികള്‍ക്കും സാമ്പത്തിക കുഴപ്പങ്ങള്‍ക്കുമെതിരെ സമരം നടത്താനുള്ള ശരിയായ കാഴ്ചപ്പാടുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിനുള്ള കമ്യൂണിസ്റ്റ് പരിപാടി ഇ എം എസും വിശദീകരിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടാന്‍ യോഗം തീരുമാനിച്ചു. പ്രവര്‍ത്തക സമ്മേളനങ്ങള്‍ ചേരുക, പാര്‍ട്ടി ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക, സ്റ്റഡി ക്ലാസുകള്‍ നടത്തുക തുടങ്ങിയ തീരുമാനങ്ങള്‍ എടുത്ത് യോഗം അവസാനിപ്പിച്ചു. കേരള രാഷ്ട്രീയത്തിന്റെ ഊടും പാവും മാറ്റിമറിച്ച പുതിയ വഴിത്തിരിവായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം.
കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നതിനാല്‍ കേരളത്തില്‍ പാര്‍ട്ടി രൂപംകൊണ്ടത് ഒളിവിലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ്- പറശ്ശിനിക്കടവില്‍വച്ച് പി കൃഷ്ണപിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കൃഷ്ണപിള്ള ഒളിവില്‍ പോകുകയും ചിറക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇ എം എസ്,എം എസ് ദേവദാസ്, ഉണ്ണി രാജ തുടങ്ങിയവര്‍ കൃഷ്ണപിള്ളയെ സഹായിക്കാന്‍ നിയുക്തരായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം 1940 ജനുവരി 26ന് വ്യാപകമായ ചുമരെഴുത്തുകളിലൂടെ വിളംബരം ചെയ്തു. പ്രവര്‍ത്തകരെല്ലാം ഒളിവിലോ അര്‍ദ്ധ ഒളിവിലോ ആണ് പ്രവര്‍ത്തിച്ചുവന്നത്. ഇവരുടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായി പിന്നീട് വളര്‍ന്നുവന്നത്. l