Monday, February 2, 2026

ad

Homeഇക്കണോമിക് നോട്ടുബുക്ക്കെയിൻസ്‌ പറഞ്ഞ സാങ്കേതിക തൊഴിലില്ലായ്മ

കെയിൻസ്‌ പറഞ്ഞ സാങ്കേതിക തൊഴിലില്ലായ്മ

കെ എസ് രഞ്ജിത്ത്

ധുനിക വ്യാവസായിക യുഗത്തിലേക്ക് ലോകം കാലൂന്നിയതിനുശേഷമുള്ള ഏറ്റവും ഗുരുതരമായ മാന്ദ്യത്തിന്റെ കാലമായിരുന്നു 1929‐1939 ദശകം. ഈ മഹാമാന്ദ്യകാലത്ത് അമേരിക്കയിലെ തൊഴിലില്ലായ്മ 20 ശതമാനത്തിനും മീതെ ഉയർന്നു. മുതലാളിത്ത സാമ്പത്തിക ലോകത്തെ ഗ്രസിച്ച ഈ മഹാവിപത്തിനു മുന്നിൽ ഉത്തരമില്ലാതെ എല്ലാവരും പതറി. എന്താണ് ഇതിന്റെ കാരണമെന്നോ എന്ത് പ്രതിവിധിയാണ് ഇതിനു വേണ്ടതെന്നോ അറിയാതെ മുതലാളിത്തത്തിന്റെ എല്ലാ തിങ്ക് ടാങ്കുകളും പതറിയ കാലം. ഈ സമയത്ത്, 1930ലാണ് പ്രമുഖ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കെയ്ൻസ് ഇതുമായി ബന്ധപ്പെട്ട് എം ഐ ടി ടെക്നോളോജിക്കൽ റിവ്യൂവിൽ നീണ്ട ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത്. Economic possibilities for our grand Children എന്ന ഈ ലേഖനത്തിൽ കെയ്ൻസ് ഇപ്രകാരമാണ് ലോകത്തിനു താക്കീത് നൽകുക.

We are being afflicted with a new disease of which some readers may not yet have heard the name, but of which they will hear a great deal in the years to come–namely, technological unemployment. This means unemployment due to our discovery of means of economising the use of labour outrunning the pace at which we can find new uses for labour.

‘‘ലോകത്തെ ഒരു മഹാമാരി ഗ്രസിച്ചിരിക്കുന്നു, ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ഒന്ന്, Technological Unemployment, സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ. ഇത് സംബന്ധിച്ച് വരും കാലങ്ങളിൽ കൂടുതൽ എല്ലാവരും കേൾക്കും. മനുഷ്യാധ്വാനത്തെ കുറച്ച് ഉല്പാദനത്തിലെ കാര്യക്ഷമത കൂട്ടാനായി നാം നടത്തുന്ന കണ്ടുപിടുത്തങ്ങൾ മനുഷ്യാധ്വാനത്തിന്റ പകരം സാധ്യതകൾ കണ്ടെത്തുന്നതിന്റെ വേഗതയെ കവച്ചുവെയ്ക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്’’. അക്കാലത്ത് നിരവധി ഉദാഹരണങ്ങൾ ഇത് സംബന്ധിച്ച് കാണിക്കാനുണ്ടായിരുന്നു. പുത്തൻ മെഷീനറികൾ ഫാക്ടറികളിലും കൃഷിയിടങ്ങളിലും വന്നു നിറഞ്ഞുകൊണ്ടിരുന്നു. അതനുസരിച്ച് വിവിധ മേഖലകളിലെ തൊഴിലുകൾ നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. അക്കാലത്ത് അമേരിക്കൻ സ്ത്രീകൾക്ക് ഏറ്റവുമധികം തൊഴിൽ നൽകിക്കൊണ്ടിരുന്ന ഒന്നായിരുന്നു പ്രാദേശിക ടെലിഫോൺ ഓപ്പറേറ്റർമാരുടെ പണി. മെക്കാനിക്കൽ സ്വിച്ചിങ് ആവിർഭവിച്ചതോടെ ഈ തസ്തിക ഇല്ലാതായി. ഇങ്ങനെ കൺമുൻപിൽ കണ്ട നിരവധി ഉദാഹരണങ്ങൾ മുൻനിർത്തിയാണ് കെയ്ൻസ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഏതാണ്ട് 100 വർഷങ്ങൾക്കുശേഷം, നിർമ്മിതബുദ്ധി തൊഴിൽ നഷ്ടപ്പെടുത്തുമോ എന്ന വലിയ ആശങ്ക ഉയർന്നുവരുന്ന കാലത്ത്, ഈ ചോദ്യം വീണ്ടും ഉയർന്നുവരികയാണ്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, സാങ്കേതികവിദ്യകൾ തൊഴിൽ ഇല്ലാതാക്കുമോ എന്ന ചോദ്യം ആദ്യമുയർത്തുന്നത് മുതലാളിത്തത്തെ അത് ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ സൂത്രവാക്യങ്ങളുമായി അവതരിച്ച കെയ്ൻസ് തന്നെയായിരുന്നു എന്നാണ്. ഇത്തരം ആശങ്കകൾക്ക് ദീർഘകാലയളവിൽ പ്രസക്തിയില്ല എന്നും കാലം ഇതിനു പരിഹാരം കണ്ടെത്തും എന്നുമായിരുന്നു ഈ ലേഖനത്തിലെ കെയ്ൻസിന്റെ അവസാന നിഗമനങ്ങൾ.

അക്കാലത്തുണ്ടായ വൻതോതിലുള്ള സാങ്കേതിക പുരോഗതി ലഭ്യമായ തൊഴിലുകളെ നശിപ്പിക്കുമോ എന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് അത് ഗുരുതരമായാ പരിക്കുകൾ ഏല്പിക്കുമോ എന്നുമുള്ള ചർച്ചകൾ സജീവമായി തുടർന്നു. 1930 മുതൽ ൧൯൪൮ വരെ എം ഐ ടിയുടെ പ്രസിഡന്റായിരുന്ന കോംപ്ടനും ഇത് സംബന്ധിച്ച് നീണ്ട ലേഖനങ്ങൾ എം ഐ ടി ടെക് റിവ്യൂവിലെഴുതി. യന്ത്രങ്ങൾ മനുഷ്യനാവശ്യമുള്ള എന്തും ചെയ്തുകൊടുക്കുന്ന അലാവുദീന്റെ അത്ഭുതവിളക്കിലെ ജിന്നുകളാണോ അതോ സ്രഷ്ടാവിനെ തന്നെ തിന്നുകളയാൻ തുനിയുന്ന ഫ്രാങ്കസ്റ്റെയിൻ രാക്ഷസനാണോ എന്ന ചോദ്യമാണ് കോംപ്ടൺ പരിശോധിച്ചത്.

1930കളിലുയർന്ന അതേ ചോദ്യമാണ് നിർമിതബുദ്ധിയുടെ ഈ കാലത്തും ഉയരുന്നത്. ചിന്താശേഷിയുള്ള യന്ത്രങ്ങളും, പറയുന്നതെന്തും ചെയ്തു തരുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻമാരും ചാറ്റ് ജി പി ടി യും ഡീപ്‌സീക്കും ചേരുന്നവരുന്ന ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മനുഷ്യർക്കായി എന്ത് തൊഴിലാണ് അവശേഷിക്കുക എന്നത് വലിയൊരു ചോദ്യം തന്നെയാണ്.

പക്ഷേ കോംപ്ടനും കെയിൻസുമൊന്നും ഇക്കാര്യത്തിൽ അശുഭ ചിന്താഗതിക്കാരായിരുന്നില്ല. പുത്തൻ സാങ്കേതികവിദ്യകളുടെ കടന്നുവരവ് ചില പ്രത്യേക മേഖലകളിൽ തൊഴിലുകൾ നഷ്ടപ്പെടുത്താമെങ്കിലും സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിലെടുക്കുകയാണെങ്കിൽ ഈ നഷ്ടങ്ങൾ നികത്തപ്പെടുമെന്ന് കോംപ്ടൺ വിശ്വസിച്ചു. മാത്രവുമല്ല യന്ത്രങ്ങളുടെ ഉപയോഗത്തിന്റെ ഫലമായി ഉത്പാദനക്ഷമത കൂടുമ്പോൾ അത് സാധനങ്ങളുടെ വിലക്കുറവിലേക്ക് നയിക്കുമെന്നും അതിനനുസരിച്ച് സാധനങ്ങളുടെ ഡിമാൻഡ് കൂടുമെന്നും ഇത് ഉല്പാദനപ്രവർത്തനങ്ങളെ വിപുലീകരിക്കുമെന്നും അത് തൊഴിലുകളുടെ വലുപ്പം വർധിപ്പിക്കുമെന്നും കോംപ്ടൺ കരുതി.

അതേസമയം പുതിയ യന്ത്രങ്ങൾ കടന്നുവരുന്ന പ്രദേശങ്ങളിൽ, ഹൃസ്വകാലയളവിലെങ്കിലും സാങ്കേതിക തൊഴിലില്ലായ്മ വളരെ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും കോംപ്ടൺ കരുതി.

അക്കാലത്ത് ഈ ചർച്ചകളിൽ തുടർന്ന് പങ്കാളികളായവർക്കും ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. ഉല്പാദനപ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന സാങ്കേതിക പുരോഗതി സൃഷ്ടിക്കുന്ന പുതിയ തൊഴിൽ സാധ്യതകൾ, നഷ്ടപ്പെടുന്ന തൊഴിലുകളെക്കാൾ വേഗത കുറഞ്ഞായിരിക്കും സംഭവിക്കുക. കുറഞ്ഞ ഉല്പാദനച്ചെലവ് ചരക്കുകളുടെ വിലക്കുറവിലേക്ക് നയിക്കും, ഇത് കൂടുതൽ ഡിമാൻഡ് സൃഷ്ടിക്കും, അത് ഉല്പാദനത്തിന്റെ തോത് വർധിപ്പിക്കും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അതിടയാക്കും. ഈ വാദത്തെ പിന്തുടരുന്നവർ പോലും ഒരു കാര്യത്തിൽ സംശയിച്ചു. ഈ പ്രക്രിയ സംഭവിക്കുന്നത് എത്ര വേഗത്തിലായിരിക്കും? തൊഴിൽ നഷ്ടപ്പെടുന്നവരുടെ സ്ഥിതി എന്തായിരിക്കും? ദീർഘകാലയളവിൽ സമ്പദ്‌വ്യവസ്ഥയിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങൾ ഇവരുടെ ജീവിതത്തിൽ ഗുണകരമായ എന്ത് മാറ്റങ്ങളാണ് സൃഷ്ടിക്കാൻ പോകുന്നത്?

രണ്ടാം ലോകയുദ്ധവും അതിനെ തുർന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങളും ഈ ചർച്ചകൾക്ക് തൽക്കാലത്തേക്ക് വിരാമമിട്ടു. എന്നാൽ 1960കളിൽ തൊഴിലില്ലായ്മ വീണ്ടും രൂക്ഷമായി. യന്ത്രവൽക്കരണവും ഉല്പാദനക്ഷമതയിലെ വർധനവും തൊഴിൽ വർധനയെ അപേക്ഷിച്ച് കൂടുതൽ തൊഴിൽനഷ്ടത്തിന് വഴി തെളിച്ചു. 1987ൽ സാമ്പത്തികശാസ്ത്രത്തിൽ നോബൽ ജേതാവായ റോബർട്ട് സോളോ ഈ ആശങ്കകൾ ദുരീകരിക്കുന്നത് സംബന്ധിച്ച് വിശദീകരണങ്ങളുമായി എത്തി. 1947നും 1960നുമിടയിലുള്ള കാലയളവിൽ ഉല്പാദനക്ഷമതയിലെ വർദ്ധന 3 ശതമാനം മാത്രമാണെന്നും അത് തൊഴിൽനഷ്ടമുണ്ടാക്കുമെന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ചില പ്രത്യേക തരത്തിലുള്ള തൊഴിലുകൾ കാലഹരണപ്പെടുമെന്നും അതിന് നല്കേണ്ടിവരുന്ന മാനുഷികമായ വില വളരെ കൂടുതലായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെയും നിഗമനം.

1930ൽ എം ഐ ടി റിവ്യൂ തുടങ്ങിയ ചർച്ച ഇന്നും തുടരുകയാണ്. സാങ്കേതികവിദ്യയിലെ പുരോഗതി എങ്ങിനെയാണ് തൊഴിലുകൾ ഇല്ലാതാക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് എറിക് ബ്രിനോൾഫ്സനും ആൻഡ്രൂ മാക് കഫെയും 2013 ലക്കത്തിൽ തങ്ങളുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു. തൊഴിൽ നഷ്ടത്തിന്റെ തോത് ഏറെ കൂടുതലാണ് എന്നതാണ് അവർ സമർത്ഥിച്ചത്. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ വൻതോതിലുള്ള തൊഴിൽ നഷ്ടത്തിനിടയാക്കിയിട്ടുണ്ട് എന്നതായിരുന്നു അവരുടെ വാദം. ഇത് കണക്കുകൾ ഉദ്ധരിച്ച് അവർ വിശദീകരിച്ചു.

നിർമിതബുദ്ധിയുടെ ഈ കാലത്ത്, വൈറ്റ് കോളർ തൊഴിലുകൾ വൻതോതിൽ നഷ്ടപ്പെടുമെന്ന ഭീതി പരക്കെ ഉണ്ടായിരിക്കുന്ന സന്ദർഭത്തിൽ, സാങ്കേതികവിദ്യയുടെ വളർച്ചയും തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകളും അടിസ്ഥാനമില്ലാത്ത ഒന്നല്ല എന്നും മുതലാളിത്ത പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവർക്കിടയിൽത്തന്നെ ഇത് കഴിഞ്ഞ ഒരു നൂറ്റാണ്ടായി സജീവമായിരുന്നു എന്നും സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × five =

Most Popular