Saturday, March 15, 2025

ad

Homeഅന്തർദേശീയ വനിതാ പോരാളികൾഅന്ന ലൂയി സ്‌ട്രോങ്‌: നിർഭയയായ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്ര പ്രചാരക

അന്ന ലൂയി സ്‌ട്രോങ്‌: നിർഭയയായ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്ര പ്രചാരക

1916 നവംബർ 5 ഞായറാഴ്ച തൊഴിലാളിവർഗ ചരിത്രത്തിൽ ചു വന്ന ലിപികളാൽ അടയാളപ്പെടുത്തപ്പെട്ട ദിനമാണ്. വാഷിങ്ടണിലെ എവറെറ്റിൽ ഇൻഡസ്ട്രിയൽ വർക്കേഴ്സ് ഓഫ് വേൾഡ് (ഐഡബ്ല്യുഡബ്ല്യു) എന്ന തൊഴിലാളിസംഘടനയും തൊഴിലുടമകളും തമ്മിലുള്ള വ്യവസായത്തർക്കം പരിഹരിക്കാൻ കൂടിയതായിരുന്നു അന്ന്. എന്നാലത് തൊഴിലാളി പ്രക്ഷോഭമായി മാറുകയായിരുന്നു. തുടർന്ന് അവിടെ നടന്ന വെടിവെപ്പിൽ ഇരുപതോളം തൊഴിലാളികൾ കൊല്ലപ്പെട്ടു. “ന്യൂയോർക്ക് ഈവനിങ് പോസ്റ്റി’നുവേണ്ടി ആ സംഭവം റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ടത് അന്ന ലൂയിസ് സ്‌ട്രോങ് ആയിരുന്നു. ചരിത്രത്തിൽ ‘രക്തരൂഷിതമായ ഞായറാഴ്ച’ എന്നറിയപ്പെടുന്ന ആ കൂട്ടക്കൊല സ്ട്രോങ്ങിനെ വല്ലാതെ ഉലച്ചു. തൊഴിലുടമകളുടെ അക്രമത്തെ എതിർത്ത സ്ട്രോങ്, ഐഡബ്ല്യുഡബ്ല്യുവിനെ പിന്തുണച്ചു. അനി സെ എന്ന തൂലികാനാമത്തിൽ തൊഴിലാളിപക്ഷത്തിനുവേണ്ടി എഴുതാനാരംഭിച്ചു. ആ എഴുത്ത് ഒരു തുടക്കമായിരുന്നു.

അമേരിക്കയിൽ ജനിച്ച്, മരണംവരെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പ്രചാരകയായി ജീവിച്ച അന്ന ലൂയി സ്ട്രോങ് 1885-ൽ അമേരിക്കയി ലെ നെബാസ്കയിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കൾ തീവ്ര മതവിശ്വാസികളായിരുന്നു. മിഷനറി പ്രവർത്തനത്തിൽ സജീവമായിരുന്ന പിതാവ് സിഡ്നി ഡിക്സ് സ്ട്രോങ് കോൺഗ്രിഗേഷണൽ ചർച്ചിലെ സോഷ്യൽ ഗോസ്പൽ മിനിസ്റ്റർ ആയിരുന്നു.

ഒഹിയോ യൂണിവേഴ്സിറ്റിയിലും ചിക്കാഗോ യൂണിവേഴ്സിറ്റിയിലുമായി ഇരുപത്തിമൂന്നാമത്തെ വയസ്സിൽ സ്ട്രോങ് പഠനം പൂർത്തിയാക്കിയത്‌ തത്ത്വശാസ്ത്രത്തിൽ പിഎച്ച്ഡി നേടിക്കൊണ്ടായിരുന്നു. “പ്രാർത്ഥനയുടെ മനഃശാസ്‌ത്രം” എന്നതായിരുന്നു ഗവേഷണ വിഷയം. 1916നും 1921നുമിടയിൽ സിയാറ്റിൽ പൊതു പണിമുടക്കും എവറെറ്റ് കൂട്ടക്കൊലയുൾപ്പെടെ അമേരിക്കൻ മണ്ണിനെ ഇളക്കിമറിച്ച പല രാഷ്ട്രീയ സംഭവവികാസങ്ങളുമുണ്ടായി. ഈ രാഷ്‌ട്രീയാന്തരീക്ഷമാണ് സ്ട്രോങ്ങിന്റെ രാഷ്ട്രീയ കാഴ്‌ചപ്പാടിനെ രൂപപ്പെടുത്തിയത്. തൊഴിലെടുക്കുന്ന വർഗത്തിന്റെ ദുരിതങ്ങൾക്കും ദാരിദ്ര്യത്തിനും ഉത്തരവാദി മുതലാളിത്തമാണെന്ന് ഈ ഘട്ടത്തിൽത്തന്നെ അന്ന തിരിച്ചറിഞ്ഞു. ഒരു മുതലാളിത്ത രാജ്യത്ത് ജനിച്ചുവളർന്നതിനാൽ അന്ന അതിനു സാക്ഷ്യംവഹിക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ അന്നയുടെ വളർച്ചയുടെ ഘട്ടത്തിൽ തന്നെ അമേരിക്ക എന്ന തന്റെ മാതൃരാജ്യത്തോട് വിരക്തി തോന്നി. കടുത്ത നിരാശയിലാണ്ടു. അതിനിടെയാണ് കമ്യൂണിസ്റ്റ് രാജ്യങ്ങളെപ്പറ്റി അറിയാനിടയായത്. അങ്ങനെ അന്ന കമ്യൂണിസ്റ്റ് ലോകത്തെ നിത്യസഞ്ചാരിയായി മാറി. 1921ൽ മോസ്കോയിലേക്ക് പോയത് ഇന്റർനാഷണൽ ന്യൂസ് സർവീസിന്റെ മോസ്കോ കറസ്പോണ്ടന്റ് എന്ന നിലയിലായിരുന്നു. മോസ്‌കോയിലേക്കുള്ള ആ യാത്ര അന്നയുടെ ജീവിതത്തെ മാറ്റിമറിച്ചു. പിന്നീടുള്ള 30 വർഷങ്ങൾ തന്റെ എഴുത്തിനെയും പ്രവർത്തനങ്ങളെയും രാഷ്ട്രീയമായി പരിവർത്തിപ്പിച്ച കാലമായിരുന്നു.

അതിനു മുൻപേ തന്നെ അന്ന തന്റെ രാഷ്ട്രീയ കലാപങ്ങൾക്ക് തുടക്കമിട്ടിരുന്നു. 1910ൽ കുടുംബം സിയാറ്റിലിലേക്ക് താമസം മാറ്റിയിരുന്നു. അക്കാലത്താണ് സിയാറ്റിൽ സ്കൂൾ ബോർഡിലേക്ക് തിരഞ്ഞടുക്കപ്പെടുന്നത്‌. തൊഴിലാളികളുടെ ശക്തമായ പിന്തുണയാണ് അന്ന തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. ഒന്നാം ലോകയുദ്ധത്തിലേക്കുള്ള അമേരിക്കയുടെ രംഗപ്രവേ ശത്തോടുള്ള എതിർപ്പും റഷ്യൻ വിപ്ലവത്തോടുള്ള അഭിനിവേശവും തൊഴിലാളി അനുകൂല നിലപാടുകളുംമൂലം സ്കൂൾ ബോർഡിലെ അംഗങ്ങൾ അന്നയ്ക്ക് എതിരായി. ഒടുവിൽ അന്ന സ്കൂൾ ബോർഡിലെ അംഗത്വം ഉപേക്ഷിച്ച് തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഏക പത്രമായ സിയാറ്റിൽ യൂണിയൻ റെക്കോർഡിൽ പ്രവർത്തിക്കാനാരംഭിച്ചു. തുടർന്ന് സിയാറ്റിൽ പണിമുടക്കിന്റെ ജ്വലിക്കുന്ന മുഖമായി അന്ന മാറുകയായിരുന്നു. എന്നാൽ പണിമുടക്ക് ദുർബലമായതിനെ തുടർന്ന് സിയാറ്റിൽ തൊഴിലാളി പ്രസ്ഥാനവും ദുർബലമായി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സോവിയറ്റ് യൂണിയനിൽ സോഷ്യലിസം നടപ്പാക്കുന്നത് എങ്ങനെയെന്ന് നേരി ട്ട് പഠിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കാനുമായി റഷ്യയിലേക്കു പോകുന്നത്.

സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ള മനുഷ്യവിമോചന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയ സോവിയറ്റ് മണ്ണിൽ തന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാനാണ് അന്ന താൽപര്യപ്പെട്ടത്. എത്ര പഠിച്ചാലും തീരാത്തത്ര വിശാലമായിരുന്ന സോവിയറ്റ് മാതൃക മുന്നോട്ടുവെച്ച മനുഷ്യകേന്ദ്രിത വികസന സങ്കൽപനങ്ങളിൽ അന്ന ആഴ്‌ന്നിറങ്ങി. അങ്ങനെ പിറന്നുവീണ ഒട്ടേറെ രചനകൾ പ്രസിദ്ധീകൃതമായി. ലിയോൺ ട്രോട്സ്കിയുടെ ആമുഖത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ദി ഫസ്റ്റ് ടൈം ഇൻ ഹിസ്റ്ററി: ടൂ ഇയേഴ്സ് ഓഫ് റഷ്യാസ് ന്യൂ ലൈഫ് എന്ന കൃതി വിപ്ലവാനന്തരം റഷ്യയിൽ സോഷ്യലിസം നടപ്പാക്കിയതിന്റെ ആദ്യപാഠങ്ങൾ പങ്കുവെയ്ക്കുന്നു. ചിൽഡ്രൻ ഓഫ് റെവല്യൂഷൻ: സ്റ്റോറി ഓഫ് ദി ജോൺ റീഡ്, ചിൽഡ്രൻസ് കോളനി ഓൺ ദി വോൾഗ എന്നീ കൃതികളാകട്ടെ റഷ്യയുടെ മഹത്തായ രൂപഘടനയെ വരച്ചിടുന്നു. “സോവിയറ്റ് റിപ്പബ്ലിക്കിൽ സാധാരണക്കാർക്ക് പുതുജീവൻ നൽകിയതിനെപ്പറ്റി വിശകലനം ചെയ്യുന്ന കൃതിയാണ് ന്യൂ ലൈവ്സ് ഫോർ ഓൾ ഇൻ ടുഡെയ്സ് റഷ്യ. സോവിയറ്റ് യൂണിയൻ കമ്യൂണിസ്റ്റുകാർ എങ്ങനെ ഭരിക്കും’ എന്നു തുടങ്ങി സോവിയറ്റ് യൂണിയനിലെ വിവാഹവും സദാചാരവും, സോവിയറ്റ് യൂണിയനിലെ തൊഴിലാളികളുടെ ജീവിതം, ആധുനിക കൃഷിരീതിയെപ്പറ്റി വരെയുള്ള സോവിയറ്റ് റഷ്യയിലെ സോഷ്യലിസ്റ്റ് നിർമ്മിതിയെ അടയാളപ്പെടുത്തുന്ന സർവ മേഖലകളെക്കുറിച്ചും അന്ന എഴുതി പ്രസിദ്ധീകരിച്ചു. തുടക്കത്തിൽ ഇന്റർനാഷണൽ ന്യൂസ് സർവീസിലും പിന്നീട് ഗവൺമെന്റുമായി ചേർന്നു സ്ഥാപിച്ച മോസ്കോ ഡെയ്ലി ന്യൂസിലും എഡിറ്ററായി പ്രവർത്തിച്ചു. റഷ്യക്കാരനായ ജോയൽ ഷൂ റിനുമായി ദാമ്പത്യജീവിതം ആരംഭിച്ച അന്ന കൂടുതൽ കർമനിരതയായി. കമ്യൂണിസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയുടെ നിർദ്ദേശമനുസരിച്ച് ചാരവൃത്തി ആരോപിക്കപ്പെട്ട് അന്ന ജയിലിലടയ്ക്കപ്പെട്ടു. എന്നാൽ ഏതാനും ദിവസങ്ങൾക്കകം ജയിൽമോചിതയായി. അന്ന ചാരവൃത്തി നടത്തിയതായി ഒരു തെളിവും കിട്ടാതിരുന്നതിനെ തുടർന്നാണിത്‌. അവസാനം വരെ അന്ന സ്റ്റാലിന്റെ അനുയായി ആയി തുടരുകയും ചെയ്തു. സ്റ്റാലിന്റെ ഭരണകാലം സോവിയറ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായതും ചലനാത്മകവുമായ കാലമായിരുന്നു എന്ന് ‘സ്റ്റാലിൻ യുഗം’ എന്ന പുസ്തകത്തിൽ അന്ന് തുറന്നെഴുതി.

ജയിൽമോചിതയായശേഷം സോഷ്യലിസത്തിന്റെ പുതിയ രൂപ ങ്ങളെപ്പറ്റി പഠിക്കാൻ അന്ന ചൈനയിലേക്ക് പോയി. ചൈനീസ് നേതൃത്വവുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് തീവ്ര മാവോപക്ഷപാതിയായി മാറുകയും ചെയ്തു. ചൈന ടിബറ്റിലെ അടിയാളരുടെ സഹായത്തിനെത്തിയപ്പോൾ ചുവപ്പൻസേനയെ ലാസയിലേക്ക് അനുഗമിച്ച ചുരുക്കം ചില വിദേശികളിൽ ഒരാളായിരുന്നു അന്ന. ഇതിനിടയിൽ ചൈനീസ് വിപ്ലവത്തെക്കുറിച്ചുള്ള പുസ്തകം വെറും 13 ദിവസം കൊണ്ട് അവർ എഴുതിത്തീർത്തു.

ഒരിക്കൽ അന്ന ലൂയി സ്ട്രോങ് മൗസേ ദൂങ്ങുമായി അഭിമുഖം നടത്തവേ പ്രസക്തമായ ഒരു ചോദ്യം ചോദിച്ചു: “കമ്യൂണിസ്റ്റ് പാർട്ടി എന്തിനുവേണ്ടിയാണ് പോരാടുന്നത് എന്ന് അമേരിക്കൻ ജനത ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയും?’’‐ – ഇതായിരുന്നു ചോദ്യം.

മൗ അതിനു പറഞ്ഞ ഉത്തരം എക്കാലവും പ്രസക്തമാണ്. “ചിയാങ് കൈഷെക്ക് ചൈനീസ് ജനതയെ കശാപ്പു ചെയ്യുകയാണ്. അതിനെ അതിജീവിക്കണമെങ്കിൽ ജനങ്ങൾക്ക് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. അത് അമേരിക്കൻ ജനതയ്ക്ക് മനസ്സിലാകും’’.

ഹിറ്റ്ലറുടെ കാലത്ത്, അദ്ദേഹവും പങ്കാളികളായ ജാപ്പനീസ് യുദ്ധ പ്രഭുക്കളും സോവിയറ്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ വളരെക്കാലം ഉപയോഗിച്ചു. അമേരിക്കൻ പിന്തിരിപ്പന്മാരും അതേ രീതി പിന്തുടർന്നു. സോവിയറ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുടെ മറവിൽ അവർ അമേരിക്കയിലെ തൊഴിലാളികളെയും ജനാധിപത്യകേന്ദ്രങ്ങളെയും ക്രൂരമായി ആക്രമിച്ചു. ഈ ആക്രമണങ്ങളെ ചെറുക്കണമെങ്കിൽ സോവിയറ്റ് വിപ്ലവപാത പിന്തുടരേണ്ടതുണ്ട്. 1917ലെ റഷ്യൻ വിപ്ലവത്തിനുമുമ്പ് റഷ്യ അടക്കിവാണിരുന്നത് സാർ ചക്രവർത്തിമാരായിരുന്നു. വിപ്ലവക്കൊടുങ്കാറ്റിൽ വീടിന്റെ മേൽക്കൂരപോലെ സാറിന്റെ സ്വേച്ഛാധിപത്യം തകർന്നുതരിപ്പണമായി. റഷ്യയുടെ ശക്തി തൊഴിലാളികളുടെയും കർഷകരുടെയും സോവിയറ്റുകളുടെയും ഒരു ഏകീകൃത പക്ഷമായിരുന്നു. ഇതാണ് ചരിത്രം. ഇതായിരുന്നു മൗ പറഞ്ഞതിന്റെ പൊരുളും. ജനങ്ങൾക്കെതിരെ ആഭ്യന്ത യുദ്ധം ആരംഭിക്കാൻ ചിയാങ് – കൈഷക്കിനെ സഹായിക്കുന്നതിന് അമേരിക്കൻ സാമ്രാജ്യത്വം വൻതുകയാണ് നൽകിയത്.

ഈ അഭിമുഖത്തിനിടെയാണ് മുതലാളിത്തം അനിവാര്യമായും ശിഥിലമാകുമെന്ന, മാർക്സിസത്തിന്റെ പ്രാഥമികതത്വം സ്ഥാപിക്കുന്നതിനായി മൗ ‘‘പേപ്പർ ടൈഗർ’’ (കടലാസു കടുവ) എന്ന രൂപകം മുന്നോട്ടുവെച്ചത്. ജനകീയ ചൈനയുടെ പ്രത്യയശാസ്ത്ര പ്രയോഗ തലങ്ങളിൽ അന്നയ്‌ക്കുണ്ടായിരുന്ന കാഴ്‌ചപ്പാടും അറിവും അഗാധമായിരുന്നു. മാവോയുടെ ചിന്തകൾ സമാഹരിച്ച ‘ചുവന്ന’ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമായി അന്ന നടത്തിയ ആ അഭിമുഖം മാറി. അന്ന എഴുതിയ “ചൈനയിൽ നിന്നുള്ള കത്ത്’’ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ചൈനാ നിരീക്ഷകരെ ആകർഷിച്ചു. ലെറ്റർ ഫ്രം ചൈനയുടെ അവസാന ലക്കത്തിൽ, ചൈനയിൽ താമസിച്ചതാണ് തന്റെ ആയുർദൈർഘ്യം കൂടാൻ കാരണമായതെന്ന് അവർ എഴുതി. 94‐-ാമത്തെ വയസ്സിൽ അന്ന എഴുതിയ അവസാനത്തെ പുസ്തകം – ആത്മകഥാപരമെന്നു പറയാവുന്ന പുസ്തകം – “ഐ ചെയ്ഞ്ച് വേൾഡ്സ്: ദി റിമേക്കിങ് ഓഫ് അമേരിക്കൻ’’‐ തന്നെ മാറ്റിമറിച്ച ലോകങ്ങളെ അന്ന അടയാളപ്പെടുത്തുന്നു.

അഞ്ചുപതിറ്റാണ്ടുകാലമാണ് വിശാലമായ കമ്യൂണിസ്റ്റ് ലോകത്ത്‐- മഞ്ചൂറിയയിൽ നിന്ന് തിബറ്റിലേക്ക്, വടക്കൻ കൊറിയയിൽ നിന്ന് പ്രാഗിലേക്ക്, മോസ്കോയിൽ നിന്ന് പീക്കിങ്ങിലേക്ക്‐- നിരന്തരം അന്ന അലഞ്ഞത്. ലോകം മുഴുവൻ കമ്യൂണിസം പുലരുമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അതിനുള്ള ഉത്തരം അന്ന, തന്റെ അവസാനകാലം ചെലവഴിക്കാൻ തെരഞ്ഞെടുത്ത ചൈന നൽകി. സോഷ്യലിസത്തിന്റെ പാതയിലേക്കുള്ള ചൈനയുടെ വളർച്ച അന്നേ അവർ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ്, അന്ന ലൂയി സ്‌ട്രാങ് എന്ന അചഞ്ചലയായ കമ്യൂണിസ്റ്റിനെ, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപ്രചാരകയെ എന്നും ചൈനയോടടുപ്പിച്ചതും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 4 =

Most Popular