1918 ഒക്ടോബറിൽ ജർമനിയിലെ കീലിൽ നാവികകലാപം ആ രംഭിച്ചത് ജർമൻ വിപ്ലവത്തിന് തീകൊളുത്തി. റോസയെ സംബന്ധി ച്ച് സാധ്യമായിടത്തോളം വിപ്ലവത്തെ സോഷ്യലിസ്റ്റു പാതയിലേ ക്ക് നയിക്കുക എന്നതായിരുന്നു പ്രധാനം. അങ്ങനെ തൊഴിലാളികളുടെയും പട്ടാളക്കാരുടെയും കൗൺസിലുകൾക്ക് അവർ രൂപംകൊടുത്തു. പ്രക്ഷോഭം ശക്തമായതിനെത്തുടർന്ന് രാഷ്ട്രീയ തടവുകാർ മോചിപ്പിക്കപ്പെട്ടു. റോസ ജയിൽമോചിതയായി. ജനകീയമുന്നേറ്റത്തിൽ പിടിച്ചുനിൽക്കാനാകാതെ ജർമനിയുടെ ചാൻസലറും കൈസറും രാജിവെച്ചു. പകരം എസ്‌പിഡി നേതാവായ ഫ്രെഡറിക് എബർടിനെ ചാൻസലറായി അവരോധിച്ച് പ്രതിവിപ്ലവത്തിന് അരങ്ങൊരുക്കി. റിവിഷനിസ്റ്റ് അവസരവാദികളായ എസ്‌പിഡി നേതൃത്വം സർവശക്തിയും പ്രയോഗിച്ച് തൊഴിലാളികളുടെയും പട്ടാളത്തിന്റെയും മുന്നേറ്റത്തെ അടിച്ചമർത്തി. ജനകീയ വിപ്ലവത്തെ “തനികൊള്ളരുതായ്മ’ എന്നാണ് എബെർട്ട് വിശേഷിപ്പിച്ചത്. അങ്ങനെ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ നിലകൊള്ളുന്നു എന്ന പേരിൽ സോഷ്യൽ ഡെ മോക്രാറ്റുകൾ തന്നെ സൈനികാധിപത്യത്തിന് അവസരമൊരുക്കി. അതേറ്റുപിടിച്ച് ബൂർഷ്വാ മാധ്യമങ്ങൾ സ്പാർട്ടക്കസ് ലീഗിനും അതിനെ നയിച്ച റോസയ്ക്കും എതിരെ കൊണ്ടുപിടിച്ച് പ്രചരണം നടത്തി. വിപ്ലവകാരികളെ അടിച്ചമർത്താൻ നോസ്‌കെ ഗാർഡുകൾ എന്നറിയപ്പെട്ട ഫ്രൈകോർപ്‌സ് എന്ന പ്രതിവിപ്ലവ സംഘത്തിന് രൂപം നൽകി. അതിനെ ചെറുത്തുനിൽക്കാൻ സ്പാർട്ടക്കസ് ലീഗിന് ആയില്ല. 3000 അംഗങ്ങൾ മാത്രമുള്ള സ്പാർട്ടക്കസ് ലീഗിന് വിപ്ലവം നയിക്കാനുള്ള ശേഷിയില്ലായ്മ സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നതുകൊണ്ടുതന്നെ സ്പാർട്ടക്കിസ്റ്റുകളെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും കമ്യൂണിസ്റ്റ് ആശയം ജനങ്ങളിലേക്കെത്തിക്കാനും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് റോസ മനസ്സിലാക്കി. കമ്യൂണിസ്റ്റ് ആശയപ്രചരണം പരസ്യമായി നടത്താനുള്ള അപ്പോഴത്തെ ഒരേയൊരു മാർഗവും അതുതന്നെയാണ് എന്നായിരുന്നു റോസയുടെ പക്ഷം. വിപ്ലവം നയിക്കാൻ നേതൃത്വ ത്തെ കേന്ദ്രീകരിച്ചുള്ള ശക്തമായ ഒരു പാർട്ടിയുടെ അഭാവം വിപ്ലവ ശ്രമങ്ങളെ എപ്രകാരം ദുർബലപ്പെടുത്തുമെന്ന് റോസ അനുഭവത്തിലൂടെതന്നെ മനസ്സിലാക്കുകയായിരുന്നു. ശക്തമായ സംഘടനാ ചട്ടക്കൂടും നേതൃത്വവുമില്ലാത്തതിന്റെ ദൗർബല്യം പ്രകടമായിരുന്നു. ഒരവസരത്തിൽ പാർട്ടിയിലെ സംഘടനാരീതി സംബന്ധിച്ച ലെനിന്റെ നിലപാടിനെ “തീവ കേന്ദ്രീകരണം’’ (Ultra Centralism) എന്ന് വിമർശിച്ച റോസയ്ക്ക് അത് തിരുത്തേണ്ടിവന്ന സന്ദർഭമായിരുന്നു അത്. പ്രതിവിപ്ലവശക്തികളെ നേരിടാനുള്ള സംഘടനാശേഷിയും കരുത്തും വിപ്ലവകാരികൾക്കുണ്ടായിരുന്നില്ല. അതിനായുള്ള നിയതമായ ഒരു സംഘടനാ ചട്ടക്കൂട് അപ്പോഴും രൂപപ്പെട്ടിരുന്നില്ല എന്നതാണ് യാഥാർഥ്യം. വിപ്ലവത്തിനു നേതൃത്വം കൊടുക്കാൻ ഒരു വിപ്ലവപാർട്ടി രൂപീകരിക്കാനുള്ള ശ്രമമുണ്ടാ യെങ്കിലും അത് ഫലപ്രാപ്തിയിൽ എത്തിയിരുന്നുമില്ല. ചുരുക്കിപ്പറ ഞ്ഞാൽ ജർമൻ വിപ്ലവത്തിന് നേതൃത്വം നൽകാൻ തക്കവിധം ശക്തമായ ഒരു തൊഴിലാളിവർഗ പാർട്ടി ഇല്ലാതെയായി. എന്നാൽ ഡിസംബർ അവസാനം വിപ്ലവകാരികളായ നാവികരും അവരെ അടിച്ചമർത്താൻ എസ്‌പിഡി നേതൃത്വത്തിലെ എബെർട്ട് അയച്ച സൈന്യവും തമ്മിൽ ഏറ്റുമുട്ടേണ്ടിവന്നതോടെ തൊഴിലാളിവർഗത്തിന് എസ്‌പിഡിയുടെ തൊഴിലാളിവിരുദ്ധത ബോധ്യപ്പെട്ടു. തുടർന്ന് ലക്ഷക്കണക്കിന് തൊഴിലാളികൾ ചെങ്കൊടിയേന്തി തെരുവിലിറങ്ങി. വിപ്ലവത്തിന് നേതൃത്വം നൽകാൻ കമ്യൂണിസ്റ്റുകാരും ഇൻഡിപെൻഡന്റ് സോഷ്യ ലിസ്റ്റുകളും ട്രേഡ് യൂണിയനിലെ വിപ്ലവകാരികളായ വിഭാഗവും ചേർന്ന് “വിപ്ലവക്കമ്മിറ്റി’ക്ക് രൂപം നൽകി. വീണ്ടും പ്രക്ഷോഭം ശക്തമായി. എസ്‌പിഡി സർക്കാരിനെ പുറത്താക്കണമെന്ന മുദ്രാവാക്യം മുഴക്കി വലിയ ജനക്കൂട്ടം ബർലിൻ തെരുവീഥികളിലേക്ക് ഇരമ്പിയെത്തി. അധികാരികളോട് ഏറ്റുമുട്ടാനുള്ള ശാക്തികബലം ഇല്ല എന്നറിയാമായിരുന്നെങ്കിലും വിപ്ലവകാരികളായ തൊഴിലാളികളെ പിന്തിരിപ്പിക്കാൻ റോസ തയ്യാറായില്ല. വിപ്ലവം മുന്നോട്ട് എന്നുതന്നെയായിരുന്നു നിലപാട്. എന്നാൽ സർക്കാർ വിപ്ലവമുന്നേറ്റത്തെ അടിച്ചമർത്തുകതന്നെ ചെയ്തു. 1919 ജനുവരി 13ന് വിപ്ലവത്തെ പൂർണമായും അടിച്ചമർത്തി. നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. ബർലിൻ നഗരം വിട്ടുപോകാൻ സഹപ്രവർത്തകരുടെ സമ്മർദ്ദം ഏറെയുണ്ടായിട്ടും വിസമ്മതിച്ച റോസയെയും ലിബ്‌നെഹ്‌റ്റിനെയും അറസ്റ്റ് ചെയ്ത്, ഫ്രൈകോർപ്പ്സ് എന്ന പിൽക്കാലത്ത് നാസി പടയായി മാറിയ സംഘം ചോദ്യം ചെയ്യലിനായി അവരുടെ ഹെഡ് ക്വാർട്ടേഴ്സായി പ്രവർത്തിച്ചിരുന്ന ആഡംബര ഹോട്ടലായ ഈഡനിലേക്ക് കൊണ്ടുപോയി. റോസ അവസാനമായി എഴുതിയ “ബർലിനിൽ ക്രമസമാധാനം ഭദ്രം” (Or- der Reigns Berlin) എന്ന ലേഖനത്തിൽ വിവരിച്ചതുപോലെ പ്രതിവിപ്ലവ ഭീകരത അതിന്റെ എല്ലാ നിഷ്‌ഠുരതയോടുംകൂടി അവിടെ അരങ്ങേറുകയുണ്ടായി. ക്രൂരമായ ചോദ്യം ചെയ്യലിനുശേഷം അർദ്ധപ്രാണനായ കാൾ ലിബ്‌ക്‌നെഹ്‌റ്റിനെ – ടിയർഗാർട്ടനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെടിവെച്ചു കൊന്നു. അതിനുശേഷം റോസയെ ഫസ്റ്റ് ലെഫ്റ്റനന്റ് വോഗലിന്റെ ഉത്തരവുപ്രകാരം ഹോട്ടലിനു പുറത്തേക്കുകൊണ്ടുവന്നു. ഗ്രൗണ്ടിലേക്കു വലിച്ചിഴച്ചശേഷം തോക്കിന്റെ പാത്തിയാൽ തല അടിച്ചുതകർത്തു. അർധപ്രാണയായ ആ ശരീരത്തെ അവിടെ കാത്തുകിടക്കുകയായിരുന്നു കാറിലേക്ക് തള്ളി. തലയ്ക്കുനേരെ ഒരു പ്രാവശ്യം കൂടി കാഞ്ചി വലിച്ചു. വോഗലിന്റെ ഉത്തരവുപ്രകാരം തന്നെ റോസയുടെ ശരീരം കെട്ടിവരിഞ്ഞ് ലിൻസ്റ്റൻ പാലത്തിൽ നിന്ന് ലാൻഡ്‌വീർ കനാലിലേക്ക് വലിച്ചെറിഞ്ഞു. 1919 ജനുവരി 15 റോസയുടെ രക്തസാക്ഷിത്വത്താൽ ചുവന്നു. പിന്നീട് മൂന്നുമാസങ്ങൾക്കുശേഷമാണ് മെയ് മാസത്തിൽ, റോസയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടനുസരിച്ച് മൃതദേഹത്തിന്റെ എല്ലിനുണ്ടായിരുന്ന വളവ് തിരിച്ചറിഞ്ഞതുകൊണ്ടു മാത്രമാണ് അത് റോസയുടെ മൃതദേഹമാണെന്ന് ഉറപ്പാക്കാനായത്. ഫ്രീഡ്രിക്‌സ് ഫീൽഡ് സെമിത്തേരിയിലെ റോസയുടെ ശവകുടീരത്തെപോലും നാസികൾ വെറുതെവിട്ടില്ല. 1935ൽ അതും തകർത്തു.
വിയോജിപ്പുകളേറെയുണ്ടായിരുന്നിട്ടും റോസയുടെ രക്തസാക്ഷിദിനത്തിൽ ലെനിൻ എഴുതിയത് ഇങ്ങനെയായിരുന്നു‐ “അവർ ഉയരത്തിൽ പറന്ന ഒരു ചെമ്പരുന്തായിരുന്നു; ഇപ്പോഴും അങ്ങനെ തന്നെയാണ്. ലോകമാസകലമുള്ള കമ്യൂണിസ്റ്റുകാരുടെ സ്മരണയിൽ അവർ എന്നും പ്രിയപ്പെട്ടവർ തന്നെയായിരിക്കും. മാത്രമല്ല, അവരുടെ ജീവചരിത്രവും അവരുടെ കൃതികളുടെ സമ്പൂർണ സമാഹാരവും കമ്യൂണിസ്റ്റുകാരുടെ വരുംതലമുറകളുടെയെല്ലാം വിദ്യാഭ്യാസത്തിൽ വളരെ പ്രയോജനപ്രദമായ ഒരു പാഠവുമായിരിക്കും’’. l