കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ മാത്രമല്ല ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും ഏറെ പ്രാധാന്യവുമുള്ള ദൃശ്യകലാരൂപമാണ് കഥകളി. 17‐18 നൂറ്റാണ്ടുകളിൽ വികസിതമായ കഥകളി, രാമനാട്ടം എന്ന കലാരൂപത്തിൽനിന്നാണ് വികാസപരിണാമം പ്രാപിച്ചത്. ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്‌ണനാട്ടം, തെയ്യം, തിറ, പടയണി തുടങ്ങി നാടൻ കലാരൂപങ്ങളുടെ കലാംശങ്ങൾ കഥകളിയിൽ ഇഴചേർന്നിട്ടുണ്ട്. നൃത്തം, നാട്യം, ഗീതം, നൃത്യം, വാദ്യം എന്നീ അഞ്ച് ഘടകങ്ങളുടെ കൂടിച്ചേരലാണ് കഥകളി. കഥകളിയിൽ വേഷപ്രധാനമായ സാങ്കേതികത്വം അധികമായി കാണപ്പെടുന്നു. വർണശബളമായ വേഷോപകരണങ്ങളാൽ ആകർഷകവുമാണ് ഈ കലാരൂപം. ധീരോദാത്തമായ സാത്വിക കഥാപാത്രങ്ങൾക്ക് (നളൻ, അർജുനൻ തുടങ്ങിയ) പച്ചയും രാവണൻ, ദുര്യോധനൻ തുടങ്ങിയ പ്രതിനായകർക്ക് കത്തിയും ബകൻ, ദുശ്ശാസനൻ തുടങ്ങിയ തമോഗുണപ്രധാനരായ അസുരർക്ക് ചുവന്ന താടിയും കാട്ടാളർക്ക് കറുത്ത താടിയും കിരാതർക്ക് കരിയും സ്‌ത്രീകൾ, മുനിമാർ എന്നീ വേഷങ്ങൾക്ക് മിനുക്ക് എന്നിങ്ങനെയാണ് വേഷങ്ങളുടെ ക്രമം. കത്തിക്ക് കുറുംകത്തി, നെടുംകത്തി എന്നും താടിക്ക് വെളുത്ത താടി, ചുവന്ന താടി, കരിന്താടി എന്നും വകഭേദങ്ങളുണ്ട്. സവിശേഷ രീതിയിലുള്ള ഉടുത്തുകെട്ടും കുപ്പായങ്ങളും വേഷങ്ങളും മെയ്യാഭരണങ്ങളും കിരീടങ്ങളും കഥകളിയുടെ വേഷപ്പൊലിമയിൽ സജീവമാണ്. കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസൃതമായി കിരീടങ്ങൾക്കും ഉടുത്തുകെട്ടിനും മാറ്റങ്ങൾ വരുത്താറുണ്ട്. ചില വേഷങ്ങളിൽ മുഖത്തു ചുട്ടിയും മൂക്കിലും നെറ്റിയിലും ചുട്ടിപ്പൂവും പതിപ്പിക്കുന്നു. അസുര കഥാപാത്രങ്ങളുടെ കണ്ണുകൾ ചുണ്ടപ്പൂവിട്ട് ചുവപ്പിക്കുന്നു. മുഖത്ത് കഥാപാത്ര സ്വഭാവമനുസരിച്ചുള്ള വിവിധ വർണക്കൂട്ടുകൾ ഉപയോഗിക്കുകയും ശിൽപസമാനമായ ചുട്ടികുത്ത് (ചമയം) നടത്തുകയും ചെയ്യുന്നു. കിരീടങ്ങൾ, തോട, ചെവിപ്പൂവ്, കുപ്പായം, കൊരലാകാരം, കഴുത്തുനട, ഉത്തരീയം, തോൾപ്പൂട്ട്, വളകൾ, വെള്ളിനഖങ്ങൾ, കച്ചമണി തുടങ്ങി നിരവധിയായ മെയ്യാഭരണങ്ങളാണ് കഥകളിയെ മറ്റ് ദൃശ്യകലാരൂപങ്ങളിൽനിന്ന് സവിശേഷവും വേറിട്ടതുമാക്കുന്നത്.
കഥകളിയുടെ കലാവഴികളിൽ ഒപ്പം ചേർന്നു സഞ്ചരിക്കുകയും മേൽസൂചിപ്പിച്ച കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കഥകളിയുമായി ബന്ധപ്പെട്ട വേറിട്ട കലാവിഷ്‌കാരങ്ങൾ നടത്തുകയും ചെയ്യുന്ന ചിത്രകാരനും ശിൽപിയുമാണ് ത്രിവിക്രമൻ. കുട്ടിക്കാലം മുതൽ കഥകളിയുടെ നിറമേളങ്ങളിലൂടെയാണ് ത്രിവിക്രമന്റെ ബാല്യം കടന്നുപോയത്. പിതാവ് കഥകളിരംഗത്ത് ശ്രദ്ധേയനായ കരിക്കകം ഭാസ്‌കരൻ ശാസ്‌ത്രികൾക്കൊപ്പം ചുട്ടികുത്തുന്നതിലും കഥകളി സംഗീതത്തിലും (ചെണ്ട) ത്രിവിക്രമൻ മികവുകാട്ടിയിരുന്നു. സ്‌കൂൾ ഓഫ് ആർട്സിൽ (കോളേജ് ഓഫ് ഫൈൻ ആർട്‌സ്) നിന്ന് ശിൽപകലാപഠനം പൂർത്തിയാക്കിയശേഷമാണ് ദാരുശിൽപനിർമാണത്തിൽ ത്രിവിക്രമൻ ശ്രദ്ധേയനാകുന്നത്. കഥകളിയിലെ ചുട്ടികുത്തിലൂടെ തുടങ്ങിയ കലാസപര്യ കഥകളി ശിൽപങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ആറടി വലിപ്പമുള്ള ലൈഫ്‌സൈസ് കഥകളി ശിൽപങ്ങൾക്കൊപ്പം സൂക്ഷ്‌മവും ശ്രദ്ധേയവുമായ ഒരടി വലിപ്പമുള്ള കഥകളി ശൽപങ്ങളുടെ നിർമിതിയിലും ത്രിവിക്രമൻ മികവു കാട്ടുന്നു. മറ്റ് ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ ശിൽപങ്ങളുമടക്കം സ്വദേശത്തും വിദേശത്തുമുള്ള മ്യൂസിയങ്ങൾക്കുവേണ്ടി ഇദ്ദേഹം ശിൽപങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
തടിയിൽ തീർക്കുന്ന ശിൽപത്തിൽ കഥകളിയിൽ ഉപയോഗിക്കുന്ന അതേ വർണമേളനങ്ങളോടെ, ആടയാഭരണങ്ങളോടെയാണ് ത്രിവിക്രമൻ അവതരിപ്പിക്കുന്നത്. കഥകളിയിൽ ഉപയോഗിക്കുന്ന ആടയാഭരണങ്ങളും മറ്റലങ്കാരങ്ങളും കൃത്യമായി മിനിയേച്ചർ ശിൽപങ്ങളിലും മനോഹരമായി ആവിഷ്‌കരിക്കുന്നു. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും അടയാളപ്പെടുത്തൽ കൂടിയാണ് തന്റെ മിനിയേച്ചർ കഥകളി ശിൽപങ്ങളെന്ന് തിരുവനന്തപുരത്ത് കരിക്കകം സ്വദേശിയായ ത്രിവിക്രമൻ പറയുന്നു. പത്മഭൂഷൺ മടവൂർ വാസുദേവൻനായർ, കലാമണ്ഡലം കൃഷ്‌ണൻനായർ, മാങ്കുളം വിഷ്‌ണു നമ്പൂതിരി, നെല്ലിയോട് വാസുദേവൻ നമ്പൂതിരിയടക്കമുള്ള കഥകളിയാചാര്യന്മാർക്ക് ചുട്ടികുത്താൻ അവസരമുണ്ടായത് ഭാഗ്യമായി കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നാലു പതിറ്റാണ്ടിലധികമായി ശിൽപകലാരംഗത്ത് പ്രവർത്തിക്കുന്ന ത്രിവിക്രമൻ കഥകളിയിലാണ് ഏറെ ശ്രദ്ധിക്കുന്നത്. കഥകളി ശിൽപങ്ങൾ ചെയ്യുന്ന ഇദ്ദേഹം കഥകളി വേഷങ്ങളും കെട്ടിയാടാറുണ്ട്. കഥകളി സംഗീതത്തോടൊപ്പം ചെണ്ടമേളവും പഞ്ചാരിമേളവും വഴങ്ങുന്ന ഈ കലാകാരന്റെ പിതാവിനെ കൂടാതെ ഗുരുക്കന്മാരായി ശിൽപകലയിൽ തങ്കപ്പൻ ആശാനും ചുട്ടികുത്തിൽ വേലായുധൻ ആചാരിയുമാണെന്ന് ത്രിവിക്രമൻ ഓർക്കുന്നു.
കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് കഥകളിരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ഐരൂർ കഥകളി ഗ്രാമത്തിന്റെ അവാർഡ്, കരകൗശല വികസന കോർപറേഷന്റെ കഥകളിശിൽപത്തിനുള്ള അവാർഡ്, ക്ഷേത്രദ്യകലാ അക്കാദമിയുടെ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
കഥകളി ശിൽപരചനയിൽ പുതിയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ത്രിവിക്രമൻ 1001 കഥകളി ശിൽപങ്ങൾ തയ്യാറാക്കുന്ന തിരക്കിലാണ്. ദുര്യോധനവധം കഥകളി സമ്പൂർണമായി, പുറപ്പാടുമുതൽ രൗദ്രഭീമന്റെ രംഗംവരെയുള്ള മുഹൂർത്തങ്ങളും കഥാപാത്രങ്ങളും ആടയാഭരണവേഷങ്ങളോടെയുള്ള മിനിയേച്ചർ ശിൽപങ്ങളുടെ പണിപ്പുരയിലാണിദ്ദേഹം. പുതിയ തലമുറയ്‌ക്ക് ശിൽപകലാപഠനത്തിനും കഥകളിയെ കൂടുതലറിയാൻ അവസരമൊരുക്കാനുള്ള ശ്രമവും ത്രിവിക്രമനുണ്ട്. കലാപീഠവും ഭാസ്‌കര ആർട്‌സും ആ വഴിയിലൂടെയും സഞ്ചരിക്കുന്നു‐ ഒപ്പമുണ്ട് കുടുംബവും, കഥകളി ജീവവായുവാക്കി. l