വാക്കുകൾകൊണ്ട് നെയ്‌തെടുക്കുന്ന സാഹിത്യംപോലെയോ അതിനുമേലെയോ ആണ് ചിത്രകല പലപ്പോഴും വാചാലമാകുന്നതും പുതിയ അർഥതലങ്ങൾ സമ്മാനിക്കുന്നതും. ഒരു സംഭവത്തിന്റെ/കാഴ്‌ചയുടെ ദൃശ്യത്തിൽനിന്ന് നിരവധി ആഖ്യാനങ്ങളിലേക്ക് ചിത്രതലങ്ങളിലൂടെ ചിത്രകാരൻ സഞ്ചരിക്കുന്നു. കാഴ്‌ചകളും അനുഭവങ്ങളും ദർശനങ്ങളും സംഘർഷഭരിതമായ മുഹൂർത്തങ്ങളുമായാണ് പലപ്പോഴും പ്രത്യക്ഷപ്പെടുക. മനുഷ്യരെയും പ്രകൃതിയെയും പ്രധാന കഥാപാത്രങ്ങളായി, വിഷയമാക്കി ചിത്രരചനയിലേർപ്പെടുന്ന പ്രമുഖരായ കലാകാരർ നമുക്കുണ്ട്, ദേശീയ‐അന്തർദേശീയ തലങ്ങളിലുൾപ്പെടെ. പ്രകൃതിയെ തന്റെ മുന്നിലെ പൂന്തോട്ടമായും അതൊരു ക്യാൻവാസ് ചിത്രമായും കാണുകയും പ്രകൃതിക്കും സമൂഹത്തിനുമിടയ്‌ക്കുള്ള പലതരം സമ്മർദങ്ങളും നിയന്ത്രണങ്ങളും ഏറ്റുവാങ്ങുകയും ചെയ്യുന്ന അനുഭവങ്ങളിലൂടെ കലാകാരൻ സഞ്ചരിക്കുന്നു. അവരിലൊരാളാണ് ദേശീയ‐അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള അശോക്‌കുമാർ ഗോപാലൻ. ജീവിതത്തിന്റെ അതിർവരന്പുകളിലെ സാധാരണ മനുഷ്യരോടൊപ്പം ചേർന്ന് ജീവിക്കുന്ന, വൈവിധ്യമാർന്ന കലയുടെ കാഴ്‌ചകൾക്കപ്പുറത്തേക്ക് വാതായനം തുറന്നുകാണുന്ന കലാകാരനാണ് അശോക്‌കുമാർ.
പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹത്തിന്റെ കലാവഴികളിലെ നാഴികക്കല്ലുകളേറെയാണ്. ജീവിതത്തെ സമൂഹത്തിന്റെ നേർക്കാഴ്‌ചകളായി, പരിസ്ഥിതിയുമായി ഇണക്കിച്ചേർക്കുകയായിരുന്നു അശോക്‌കുമാർ. ജീവിതരേഖകളും ആവാസവ്യവസ്ഥയും കാലത്തിനും ദേശത്തിനുമിടയ്‌ക്കുള്ള കാഴ്‌ചാനുഭവങ്ങളായി, വൈകാരിക സൂക്ഷ്‌മതയോടെ ചിത്രഭാഷയിലേക്ക് പരിവർത്തിപ്പിക്കുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിലെ ആകുലതകളെയും വ്യാകുലതകളെയും ചിരിക്കുന്ന മുഖങ്ങളിലൂടെ, ശരീരഭാഷയിലൂടെ ആവാഹിച്ചവതരിപ്പിക്കുന്നത് ചിന്തയുടെയും ഭാവനയുടെയും ആവിഷ്‌കാരങ്ങളായാണ്. മറ്റൊരർഥത്തിൽ സമൂഹത്തിലെ അസമത്വങ്ങൾക്കുനേരെയുള്ള പ്രതിരോധമായി ഇവിടെ പരിണാമം സംഭവിക്കുകയാണ്. കഴിഞ്ഞ പത്തുവർഷങ്ങൾക്ക് മുന്പുള്ള അശോക് കുമാറിന്റെ പെയിന്റിങ്ങുകളിൽനിന്ന് ചിന്താപരമായി മാറിയ സമീപനമുണ്ടെങ്കിലും ദൃശ്യഭാഷയിലെ രൂപങ്ങളുമായി താദാത്മ്യം പ്രാപിച്ചുനിൽക്കുന്നത് ശൈലീപരമായ ഐക്യപ്പെടലായി കാണാവുന്നതാണ്. കാഴ്‌ചയുടെ നാലതിരുകൾക്കുള്ളിൽനിന്ന് മാറി വിവിധ കോണുകളിലൂടെ സമൂഹത്തെ കാണുന്ന ചിത്രകാരൻ ജീവിതാവിഷ്‌കാരങ്ങളുടെ സാക്ഷ്യങ്ങളാകുന്നു. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് രാപാർക്കുന്ന സമൂഹത്തിന്റെ സൂചകങ്ങൾ മനുഷ്യരൂപങ്ങളിലും പശ്ചാത്തലനിർമിതികളിലും കാണാം. മനുഷ്യത്വപരമായ സത്യാന്വേഷണം അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് പിൻബലമേകുന്നു. ജനാധിപത്യപരവും മതേതരത്വവും മാനവികതയുമൊക്കെ ഉൾച്ചേർന്ന മനുഷ്യർ, സുഖവും ദുഃഖവും പകയും പ്രണയവും ആക്രമണങ്ങളും സംഘർഷവും കൊണ്ട് വീർപ്പുമുട്ടുമ്പോൾ അവർ ആഗ്രഹിക്കുന്നത് ആശ്രയത്വമാണ്. സ്‌നേഹാദ്രമായ തലോടലാണ്. ഒറ്റപ്പെട്ട തുരുത്തിലെന്നപോലെ മാറ്റിനിർത്തപ്പെട്ട സമൂഹത്തെ ചേർത്തുപിടിക്കുകയാണ് തന്റെ രചനകളിലൂടെ അശോക്‌കുമാർ. അവരുടെ മനസ്സിലെ കനൽവെളിച്ചം പ്രസാദാത്മകമായ രൂപവർണ പ്രയോഗങ്ങളിലുടെ അദ്ദേഹം വരച്ചുകാട്ടിയിരിക്കുന്നു. ഒന്നോ രണ്ടോ അതിലധികമോ ഉള്ള ജനസഞ്ചയത്തിന്റെ ഊർജം മിക്ക പെയിന്റുങ്ങുകളിലും കാണാം. അവരുടെ മുഖങ്ങളിലൊക്കെ മേൽസൂചിപ്പിച്ച ഭാവതലങ്ങൾ ദർശിക്കാം. മനുഷ്യരൂപങ്ങൾ കുറഞ്ഞ ചിത്രങ്ങളിൽ പ്രകൃതിയുടെ സമൃദ്ധിയും സന്പന്നതയും എടുത്തുപറയേണ്ടതാണ്. ചിത്രങ്ങളിൽ കാണുന്ന ഒബ്‌ജക്ടുകളിലെല്ലാം മനുഷ്യനും പ്രകൃതിയും ചലനാത്മകമായി ആസ്വാദകരുമായി നിശബ്ദമായി സംവദിക്കുന്നു. ചില ചിത്രങ്ങളിൽ ചിത്രകാരനും ചിത്രതലത്തിൽ പങ്കുചേരുന്നതു കാണാം. കുടുംബബന്ധങ്ങളുമായും സ്വന്തം നാടുമായുമുള്ള ഇഴയടുപ്പം ഇവിടെ ദൃശ്യമാണ്. ചുവപ്പിന്റെ നിരവധി ടോണുകളിലൂടെ ജീവൻകൊടുക്കുന്ന വർണസങ്കലനം, ഇരുണ്ട വർണങ്ങളുമായുള്ള സന്ധിചെയ്യൽ ഇവയൊക്കെ കൃത്യതയോടെയാണ് അശോക്‌കുമാർ ആവിഷ്‌കരിച്ചിട്ടുള്ളത്.
കലാധ്യാപകനായി ജോലിനോക്കുമ്പോഴും സ്വയം നിരീക്ഷണപാടവത്തോടെയാണ് കാലികമായ വിഷയങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം. ഗ്രാമജീവിതത്തിൽ സാമൂഹ്യബോധവും നിതാന്തമായ ചിന്തയും യാത്രയും കാഴ്‌ചകളുമാണ് ചിത്രപരന്പരകളിലേക്ക് തന്നെ എത്തിച്ചതെന്ന് അശോക് കുമാർ വിശ്വസിക്കുന്നു. ചിത്രകലയിലെ സാങ്കേതികപരിജ്ഞാനത്തിനൊപ്പം ചരിത്രത്തെ പ്രത്യേകിച്ച് കലാചരിത്രത്തിന്റെ നാൾവഴികളും തന്റെ കലാജീവിതത്തെ പരുവപ്പെടുത്തിയിട്ടുള്ളതായി ചിത്രകാരൻ ചേർത്തുവയ്‌ക്കുന്നുണ്ട്.
സ്വന്തം ചിത്രങ്ങളുടെ സൃഷ്ടിപരമായ ആവേശത്തിന് പിൻബലമേകുന്നത് പ്രകൃതിയും ചുറ്റുമുള്ള മനുഷ്യരും കുടുംബവുമൊക്കെയാണെങ്കിലും ധ്യാനാത്മകമായ മനസ്സ് വാക്കുകൾക്കതീതമായ രൂപകൽപനകളിലേക്ക് ചിത്രകാരനെ നയിക്കുന്നതായി കാണാം. കാലഘട്ടത്തിന്റെ വെല്ലുവിളിക്കു മുന്നിലുള്ള പ്രതിരോധമാവുകയാണ് കലകൾ. ഒപ്പം മനുഷ്യമനസ്സുകളെ കലകൾ ശുദ്ധീകരിക്കുന്നു, സംസ്‌കരിച്ചെടുക്കുന്നു എന്ന ചിന്തതന്നെയാണ് അശോക് കുമാർ ഗോപാലന്റെ കലയ്‌ക്ക് ശക്തിപകരുന്നത്.
ചിത്രകലാപഠനശേഷം ശാന്തിനികേതനിൽനിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുള്ള അശോക് കുമാർ ഗോപാലന് ന്യൂയോർക്കിൽനിന്ന് ചിത്രകലയ്‌ക്കുള്ള ഉയർന്ന ബഹുമതിയായ പൊള്ളാക് അവാർഡ് ലഭിക്കുകയുണ്ടായി. കേരള ലളിതകലാ അക്കാദമി പുരസ്‌കാരങ്ങൾ, ഐഫക്‌സ് അവാർഡ് അടക്കം നിരവധി ദേശീയ‐സംസ്ഥാന ബഹുമതികൾ അശോക് കുമാറിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും സംഘടിപ്പിച്ചിട്ടുള്ള പ്രമുഖ ചിത്രകലാ പ്രദർശനങ്ങളിലും ചിത്രകലാ ക്യാന്പുകളിലുമുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം എടുത്തുപറയേണ്ടവയാണ്.
തന്റെ നാടിന്റെ ഉൾക്കരുത്ത് ചിത്രങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ട് കുടുംബത്തോടൊപ്പം സ്വന്തം വീട് സ്റ്റുഡിയോയും ഗ്യാലറിയുമാക്കി അശോക്‌കുമാർ ഗോപാലൻ നിരന്തരം കലാസപര്യ തുടരുകയാണ്. l