കുട്ടികളുടെ സിനിമ, കുട്ടികളെക്കുറിച്ചുള്ള സിനിമ എന്നൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ ഉള്ളിലേക്ക് ഓടിവരുന്ന ഒട്ടനേകം സിനിമകളുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ മുതൽ മങ്കിപെൻ വരെ ആ ലിസ്റ്റ് നീളുന്നു. ആ കൂട്ടത്തിലേക്കാണ് ബജറ്റ് ലാബ് പ്രൊഡക്ഷന്റെ ബാനറിൽ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത സ്‌താനാർത്തി ശ്രീക്കുട്ടൻ കടന്നുവരുന്നത്.
കുട്ടികളുടെ സിനിമ എന്ന ലേബലിൽ ഇതുവരെ മലയാള ഭാഷയിൽ കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു അപ്രോച്ചോടെയാണ് പ്രേക്ഷകരിലേക്ക് ശ്രീക്കുട്ടൻ എത്തുന്നത്. ഒരു ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയിൽ സ്കൂളിനുള്ളിൽ കുട്ടികളുടെ രസകരമായ വഴക്കുകളും സൗഹൃദവും പ്രണയവുമെല്ലാം കടന്നുവരുന്നു. എന്തുകൊണ്ട് ശ്രീക്കുട്ടനിലെ ക്ലാസ് ലീഡർ ഇലക്ഷൻ നമ്മളെല്ലാം കണ്ടിരിക്കണം എന്നതിന് കാരണങ്ങൾ പലതാണ്. ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന, ക്ലാസ്സിൽ നന്നായി പഠിക്കുന്ന കുട്ടിക്കെതിരെ ശ്രീക്കുട്ടൻ എന്ന ബാക്ബെഞ്ചർ ഇലക്ഷന് നിൽക്കുന്നു എന്ന് കേൾക്കുമ്പോൾ, ഒട്ടുമിക്കവരുടെയും മനസ്സിലെത്തുക അത് എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നവനോട് പിന്നിൽ നിൽക്കുന്നവന് തോന്നുന്ന അസൂയ കൊണ്ട് മാത്രമാവും എന്നാണ്. ശരിയാണ് ശ്രീക്കുട്ടൻ ഇലക്ഷന് നിൽക്കുന്നത് അമ്പാടിയോടുള്ള വാശിപ്പുറത്താണ്, എന്നാൽ അവർക്കിടയിൽ വാശിയുണ്ടാകാനുള്ള കാരണവും അതിനു പിന്നിലെ സ്റ്റാഫ് റൂം പൊളിറ്റിക്സുമാണ് ശ്രീക്കുട്ടൻ പറഞ്ഞുവയ്ക്കുന്ന ശക്തമായ പോയിന്റ്. അതിനുപുറമെ നമ്മുടെ സ്കൂൾകാലം ഓർമയിലേക്ക് കൊണ്ടുവരുന്ന ഒട്ടനേകം ഓർമകൾ ഒരു നൊസ്റ്റാൾജിയ ഉണ്ടാകുക എന്ന ഉദ്ദേശ്യത്തോടുകൂടിയല്ലാതെ നല്ല യഥാതഥമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഐകോണിക് ഫ്രെയിം സിനിമയിൽ ഉൾപെടുത്തുമ്പോൾ റിസ്ക് വളരെ വലുതാണ്. എന്നാൽ റിസ്ക് എടുത്താൽ റിസൾട്ട് ഉണ്ടാകും എന്ന് വിളിച്ചുപറയുംപോലെ ആയിരുന്നു ഈ രംഗം ചിത്രീകരിച്ചത്. രോമാഞ്ചം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്ന ഫീൽ പറഞ്ഞറിയിക്കുക ബുദ്ധിമുട്ടാണ്.
സൈജു കുറുപ്പ്, കണ്ണൻ നായർ, ആനന്ദ് മന്മഥൻ, അജിഷ പ്രഭാകർ, ശ്രീനാഥ് ബാബു, ബാബു ആന്റണി തുടങ്ങിയവരെല്ലാം അവരുടെ വേഷങ്ങൾ വളരെ മിതത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.
കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു പേരാണ് അജു വർഗീസ്. സിനിമ കാണുമ്പോഴും, കണ്ടിറങ്ങുക്കഴിയുമ്പോഴും അജു വർഗീസ് അവതരിപ്പിച്ച സി പി എന്ന കഥാപാത്രത്തോടുള്ള ദേഷ്യം നമുക്ക് തീരില്ല. സിനിമയിൽ ഒരിടത്തുപോലും അജു വർഗീസ് എന്ന വ്യക്തിയെ നമുക്ക് കാണാൻ സാധിക്കില്ല, കാണാൻ സാധിക്കുക കടന്നുവരുന്ന എല്ലാ ഫ്രെയിമിലും നമുക്ക് ദേഷ്യം തോന്നുന്ന സി പി യെ മാത്രം. അതിനു സാധിച്ചത് അജു വർഗീസ് എന്ന നടന്റെ വിജയമാണ്. കൂടാതെ എടുത്തുപറയേണ്ടത് സിനിമയിലെ കുട്ടികളുടെ പ്രകടനമാണ്. ഇത്രയും തന്മയത്വത്തോടെ കുട്ടികളെ അഭിനയിപ്പിക്കുക എന്നുപറയുന്നത് ശരിക്കും അല്പം കഷ്ടപ്പാടുള്ള ജോലിയാണ്, ഡയറക്ടറും ക്രൂവും അതിൽ വിജയിച്ചു.
സിനിമയിൽ പ്രശംസ അർഹിക്കുന്ന മറ്റു മേഖലകളാണ് എഡിറ്റിംഗ്, ബാക്‌ഗ്രൗണ്ട് സ്കോർ, VFX, സിനിമാറ്റോഗ്രാഫി. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കൈലാഷ് ഭവൻ ആണ്. മ്യൂസിക് ആൻഡ് bgm ചെയ്തത് പി എസ് ജയഹരി. അനൂപ് വൈ ഷൈലജയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കൈലാഷ് എസ് ഭവൻ, ആനന്ദ് മന്മഥൻ, മുരളീകൃഷ്‌ണൻ, വിനേഷ് വിശ്വനാഥ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമയിൽ ഇവയെല്ലാം തന്നെ ഒരുപോലെ മികച്ചുനിന്നു എന്ന് നിസ്സംശയം പറയാം. എല്ലാംകൊണ്ടും നല്ലൊരു തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന സിനിമയാണ് സ്‌താനാർത്ഥി ശ്രീക്കുട്ടൻ. l