Wednesday, February 12, 2025

ad

Homeചിത്രകലകെ സി എസ്‌ പണിക്കർ: ആധുനിക ഇന്ത്യൻ ചിത്രകലയുടെ കുലപതി

കെ സി എസ്‌ പണിക്കർ: ആധുനിക ഇന്ത്യൻ ചിത്രകലയുടെ കുലപതി

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ന്ത്യൻ ചിത്രകലയിലെ ആധുനികതയുടെ കുലഗുരുവാണ്‌ കെ സി എസ്‌ പണിക്കർ. ദേശീയ പാരന്പര്യത്തിന്റെയും സാർവലൗകീക കലാദർശനത്തിന്റെയും സമ്മേളനത്തിലൂടെ ചിത്രകലയ്‌ക്ക്‌ ഒരുറച്ച അടിത്തറപാകി വികസിപ്പിച്ചെടുത്ത ഇന്ത്യൻ ചിത്രകാരിൽ പ്രമുഖനായിരുന്ന അദ്ദേഹം വിടപറഞ്ഞിട്ട്‌ 48 വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ കല ഇന്നും സജീവമായി ചർച്ചചെയ്യപ്പെടുന്നു. സൗന്ദര്യം വിളയുന്ന വയലേലകളും നഗരത്തിന്റെ പോറലേൽക്കാത്ത നാട്ടുവഴികളും ഗ്രാമീണസ്‌ത്രീകളുടെ നാടൻഭാവങ്ങളും നമ്മുടെ മണ്ണിന്റേതുമാത്രമായ അനിർവചനീയാനുഭൂതികളും പകർത്തിയതാണ്‌ കെ സി എസ്‌ പണിക്കരുടെ ആദ്യകാല ജലഛായ രചനകൾ. ദക്ഷിണേന്ത്യൻ ചാരുതയുടെ ദർശനം ആ ചിത്രങ്ങളിൽ ഒളിമിന്നി നിന്നിരുന്നു. പച്ചവിരിച്ച പാടങ്ങളും തെങ്ങിൻതോപ്പുകളും കൈത്തോടുകളും എന്നല്ല കേരളത്തിന്റെ പ്രകൃതിഭംഗി അപ്പാടെ പണിക്കരുടെ ആദ്യകാല രചനകളിലേക്കാവാഹിക്കപ്പെട്ടിരുന്നു. എന്നാൽ ആദ്യകാല ചിത്രങ്ങളിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ ചിത്രകലാസങ്കേതത്തിലേക്കാണ്‌ പിന്നീടദ്ദേഹം ചെന്നെത്തിയത്‌, ‘പണിക്കരുടെ മാത്രം’ കലയിലേക്ക്‌, എന്തായിരുന്നു അദ്ദേഹത്തിന്റെ കലയിലെ കരുത്ത്‌?

‘കണ്ണഞ്ചപ്പിക്കുന്ന, പ്രകൃതിയെ അറിയുന്ന ചിത്രകാരനിൽനിന്ന്‌/ശിൽപിയിൽനിന്ന്‌ വേറിട്ട കാഴ്‌ചയിലൂന്നിയ ഒരു യഥാർഥ കലാകാരന്റെ അവസ്ഥയിലേക്കാണ്‌ കെ സി എസ്‌ പണിക്കർ എത്തിയിരിക്കുന്നത്‌’ എന്നാണ്‌ ലണ്ടനിൽനിന്ന്‌ പ്രസിദ്ധീകരിക്കുന്ന ആർട്ട്‌ ന്യൂസ്‌ റിവ്യൂവിന്റെ കുറിപ്പ്‌. യഥാർഥ കലാകാരന്റെ അവസ്ഥയായിരുന്നു കെ സി എസ്‌ പണിക്കരെ ആധുനിക ഭാരതീയകലയുടെ വക്താവാക്കി മാറ്റിയത്‌. വിശാലമായ ഒരു വർണലോകമാണ്‌ അദ്ദേഹം വരച്ചുകാട്ടിയത്‌. അതിൽ രേഖ, രൂപം, വർണം, സംഗീതം, ചലനം ഇവയൊക്കെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇവ സമന്വയിപ്പിച്ച്‌ ഒരു! തനതു ഭാഷയുണ്ടാക്കി നിറക്കൂട്ടുകളിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു കെ സി എസ്‌ പണിക്കർ. തന്റെ ചിത്രഭാഷയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ലഘുവായ വാക്കുകൾ ഇങ്ങനെ: ‘‘മറ്റൊരുവനെയും മറ്റൊന്നിനെയും അനുകരിക്കുകയല്ല മറിച്ച്‌ അവനവന്റെ ഇഷ്ടപ്രകാരം ക്രിയാത്മകമായ ആവിഷ്‌കാരത്തിനാണ്‌ പ്രാധാന്യം. അപ്പോഴാണ്‌ മഹത്തായ സൃഷ്ടികൾ ഉണ്ടാവുന്നതും പൂർണതയോടെ ആസ്വാദകർ സ്വീകരിക്കുന്നതും’’.

അദ്ദേഹത്തിന്റെ ആദ്യകാല രചനകൾക്ക്‌ രാജാരവിവർമ, മത്തീസ്‌, ഫോവ്‌സ്‌ എന്നീ ചിത്രകാരന്മാരുടെ രചനാസങ്കേതങ്ങളുടെ സ്വാധീനം തോന്നാമെങ്കിലും ഉണങ്ങാത്ത ബ്രഷും ഒടുങ്ങാത്ത അന്വേഷണതൃഷ്‌ണയും പിന്നീട്‌ സ്വാതന്ത്ര്യത്തിന്റെ മേഖലയിൽ കടന്ന്‌ വർണവൈവിധ്യമാർന്ന നിരവധി രചനകൾക്ക്‌ രൂപംകൊടുക്കാനും പണിക്കരെ പ്രാപ്‌തനാക്കി. 1950 കാലത്തെ രചനകളിൽ പക്ഷികളും മൃഗങ്ങളുമൊക്കെ തന്റെ പഴയ പൊന്നാനി പ്രകൃതിദൃശ്യ രചനകളുടെ പശ്ചാത്തലമുൾക്കൊണ്ട്‌ തീർത്തും വ്യക്തിഗതവും എന്നാൽ യഥാർഥവും വാചാലവുമായ ആവിഷ്‌കരണരീതിയാണ്‌ കെ സി എസ്‌ പണിക്കർ സ്വീകരിച്ചിരുന്നത്‌.

വാക്കുകളും പ്രതീകങ്ങളും എന്ന വിശ്വപ്രസിദ്ധമായ പരമ്പരയിൽ കണ്ടെത്താൻ കഴിയുന്ന ലിപിവിന്യാസങ്ങളും ജ്യാമിതീയ രേഖകളും കടന്നുവരുന്നത്‌ മൗലികമായ അക്ഷരമാലയിൽനിന്നുതന്നെയാണ്‌. ആശയവിനിമയത്തിനുള്ള പ്രചാരഭാഷ ഈ ചിത്രങ്ങളിൽ പ്രകടമല്ല. മറിച്ച്‌ രേഖ, രൂപം, വർണം എന്നിവയിലൂടെ വാക്കുകളും പ്രതീകങ്ങളും സ്വാംശീകരിച്ചെടുത്ത്‌ ചിത്രതലത്തിൽ പുതിയൊരു ഭാഷയുണ്ടാക്കുകയാണ്‌ കെ സി എസ്‌ തന്റെ കലയിലൂടെ നിർവഹിച്ചത്‌. ഒരു വലിയ കലാകാരന്റെ ഉൾത്താപവും അതിൽനിന്ന്‌ ഉദയംകൊണ്ട ഉൾക്കനമുള്ള അന്തർദർശനവും നമുക്ക്‌ ആ ചിത്രപരമ്പരകളിൽ കാണാനാവും. ഉദാത്തമായ മിസ്റ്റിസിസവും അത്യഗാധമായ മനുഷ്യസ്‌നേഹവും ഒരുമിച്ച്‌ പ്രവർത്തിക്കുന്ന അനന്യസദൃശമായ ഒരു സവിശേഷ ശൈലിയായിരുന്നു പണിക്കരുടെ കലയിൽ ദർശിക്കാനാവുക.

ആസ്വാദനതലത്തിൽ നവ്യ ദൃശ്യാനുഭവവും സൃഷ്ടിച്ചുകൊണ്ടാണ്‌ കെ സി എസ്‌ പണിക്കരുടെ വിഖ്യാതമായ ‘വാക്കുകളും പ്രതീകങ്ങളും’ എന്ന പരമ്പര രൂപംകൊള്ളുന്നത്‌. ഒരു കുട്ടിയുടെ കണക്ക്‌ നോട്ടുപുസ്‌തകത്തിൽ നിന്ന്‌ സ്വാംശീകരിച്ചെടുത്ത രൂപങ്ങളെ ശൈലീകരിക്കുകയും ലളിതവത്‌കരിക്കുകയും ചെയ്‌തുകൊണ്ട്‌ ഭാരതീയ സംസ്‌കൃതിയുടെ ചിന്തകളിലൂടെ കണ്ടെത്തിയ ചിത്രഭാഷയായിരുന്നു ‘വാക്കുകളും പ്രതീകങ്ങളും’ എന്ന പരമ്പര ചിത്രപരമ്പര.

ബുദ്ധിയും മനസ്സും അമിതമായി ഉപയോഗിച്ച്‌ കാലഘട്ടത്തെ അതിജീവിച്ച്‌ സൃഷ്ടിച്ചിട്ടുള്ള പണിക്കരുടെ രചനകൾ ‘സ്‌നേഹം പൊലെയാണ്‌ ചിത്രകല’ എന്നുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിനുള്ള തെളിവാണ്‌.

1911ൽ പൊന്നാനിക്കടുത്തുള്ള വെളിയങ്കാട്ടിൽ കിഴക്കേ ചിരമ്പത്തുവീട്ടിലാണ്‌ കെ സി ശങ്കരപ്പണിക്കർ എന്ന കെ സി എസ്‌ പണിക്കർ ജനിച്ചത്‌. സ്‌കൂൾ‐കോളേജ്‌ പഠനശേഷം ടെലിഗ്രാഫ്‌, എൽഐസി ഓഫീസുകളിൽ കുറച്ചുകാലം ജോലിനോക്കി. 1936ൽ മദ്രാസ്‌ കോളേജ്‌ ഓഫ്‌ ആർട്‌സിൽ ചേർന്നു. അവിടെനിന്ന്‌ ഡിപ്ലോമ നേടി, അവിടെത്തന്നെ അധ്യാപകനായി. 1957ൽ പ്രിൻസിപ്പലായി. 1967ൽ ഔദ്യോഗിക ജീവിതത്തോട്‌ വിടപറഞ്ഞ്‌ കലാകാരർക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ച ചോഴമണ്ഡലത്തിൽ സ്ഥിരതാമസമാക്കി. 1977 ജനുവരി 15നാണ്‌ അദ്ദേഹം കലാലോകത്തോടു വിടപറയുന്നത്‌. ഈയിടെ അന്തരിച്ച പ്രമുഖ ശിൽപി നന്ദഗോപാൽ മകനാണ്‌.

തന്റെ ഒരു വിദ്യാർഥിയോട്‌ കെ സി എസ്‌ പണിക്കർ പറഞ്ഞ വാക്കുകൾ എന്നും പ്രസക്‌തമാണ്‌. ചിത്രകലയിലെ പഴയതും പുതിയതുമായ ശൈലീസങ്കേതങ്ങളിൽ എത്തപ്പെടാൻ ശ്രമിക്കുന്ന യുവകലാകാരരും ഇത്‌ ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. ‘‘നാം കാണുന്നത്‌ എന്തുതന്നെയുമാകട്ടെ. അതേപോലെ വ്യത്യാസമെന്യേ പകർത്തിവച്ചതുകൊണ്ട്‌ അതൊരു കലാസൃഷ്ടിയാകുന്നില്ല. ചിത്രകാരൻ തന്റേതായി എന്തെങ്കിലും ക്രിയാത്മകത കൂടി ചിത്രതലത്തിൽ രൂപവർണങ്ങളിലൂടെ വെളിച്ചത്തു കൊണ്ടുവരണം. ഈ കണ്ടെത്തൽ/ക്രിയാത്മകത പുതിയ രൂപഭേദങ്ങളിലൂടെയോ വർണസമ്മേളനത്തിലൂടെയോ ആകാം. അങ്ങനെ അനന്തമായ സൃഷ്ടിപരിണാമത്തിലേക്കുള്ള കാഴ്‌ചപ്പാടിനെ സഹായിക്കുന്ന ഒരു നിഘണ്ടുവിന്റെ സ്ഥാനമേ നാം കാണുന്ന വസ്‌തുവിനോ, പ്രകൃതിക്കോ ഉള്ളൂ. വാക്കുകളുടെ ഒരു നിഘണ്ടു ഒരു ചെറുകഥയോ നോവലോ ആകുന്നില്ലല്ലോ. അതുപോലെ പ്രകൃതിയിലെ സങ്കീർണമായ രൂപങ്ങളും വസ്‌തുക്കളും ചിത്രകാരന്‌ പുതിയ പന്ഥാവ്‌ കണ്ടെത്താനുമുള്ള ഒരു നിഘണ്ടുമാത്രമായിരിക്കും’.

രേഖകളിലൂടെ രൂപങ്ങളും നിറങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും ചേർന്ന കേരളത്തിന്റെ ഗ്രാമീണദൃശ്യങ്ങളും മനുഷ്യരൂപങ്ങളും പാരമ്പര്യത്തനിമയിലധിഷ്‌ഠിതമായ ദൃശ്യസംസ്‌കാരത്തിലൂടെയാണ്‌ കെ സി എസ്‌ പണിക്കർ ആവിഷ്‌കരിച്ചത്‌. അദ്ദേഹത്തിന്റെ മരണശേഷം കേരള സർക്കാരിന്റെ താൽപര്യപ്രകാരം കെ സി എസിന്റെ ചിത്രങ്ങൾ തിരുവനന്തപുരം മ്യൂസിയം ക്യാമ്പസിനകത്തെ ഗ്യാലറിയിൽ പ്രദർശിപ്പിച്ചുവരുന്നു. അദ്ദേഹത്തിന്റെ കലാജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ പരമ്പരചിത്രങ്ങൾ അധികവും ഇവിടെ പ്രദർശനത്തിലുണ്ട്‌. അറുപത്തിനാല്‌ ചിത്രങ്ങളും നാല്‌ ശിൽപങ്ങളും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × three =

Most Popular