ഏത് കലാരൂപമായാലും യഥാതഥമായി ആവിഷ്കരിക്കുന്നതിലേക്കപ്പുറമുള്ള കാഴ്ചയ്ക്കാണ് ഇന്ന് കലാകാരരും അതുപോലെ ആസ്വാദകരും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു മോഡൽ വച്ച് നാം ചിത്രം വരയ്ക്കുമ്പോൾ ഛായാചിത്രമാണെങ്കിലും അല്ലെങ്കിലും നിരീക്ഷണപാടവവും രേഖാരൂപ നിർമിതിയുടെ കരവിരുതും ദൃശ്യഭാഷയുടെ ലാവണ്യവും ആവാഹിക്കുമ്പോഴാണ് അതിന് മനോഹാരിത കൂടുക എന്നതും നമുക്ക് ബോധ്യമുണ്ട്. ഇവിടെ ഒരു കലാകാരന്റെ/കലാകാരിയുടെ ആത്മനിഷ്ഠാഭാവത്തോടൊപ്പമുള്ളതും പൂർണതയാർന്നതുമായ സർഗാത്മകത നിറഞ്ഞുനിൽക്കണം. ഒരു മോഡൽ (മാതൃക) വരയ്ക്കുമ്പോഴും വസ്തുവിന്റെ യഥാതഥമായ ആന്തരികഭാവം ഒതുക്കിനിർത്താനാവില്ല. എന്നാൽ അതിന്റെ ആന്തരികമായ ഭാവചലനങ്ങൾ അവതരിപ്പിക്കുന്നത് നവീനമായ ചിന്തയും കാഴ്ചയും ഇഴചേർത്തുകൊണ്ടാണ്. പുറത്തെ അന്തരീക്ഷത്തിലെ നിഴലും വെളിച്ചവും ചൈതന്യവും കൂടി പുതിയ ബിംബകൽപനകളായി കലാകാരർക്ക് ആവിഷ്കരിക്കേണ്ടിവരുകയും അത്തരം രചനകൾ ചിലപ്പോൾ പ്രതീകാത്മകമായും ഭാവാവിഷ്കാരമായും രൂപപരിണാമം സംഭവിക്കുന്നു. അതുകൊണ്ടാണ് ഓരോ കലാരൂപത്തിലുമുള്ള ആവിഷ്കാരങ്ങളിൽ നവീനമായ കാഴ്ചകൾ സംഭവിക്കുന്നത്. യാഥാർഥ്യത്തിന്റെ സമ്പൂർണ ദർശനങ്ങളായി അവ ആസ്വാദകരിലേക്കെത്തുന്നതുപോലെ ആശയം രൂപവർണങ്ങളായി, ഭാവമായി, ചലനമായി കാഴ്ചകളിലൂടെ ആവാഹിക്കപ്പെടുന്നു‐ ആശയത്തെ, ഇവിടെ മനസ്സിലൂടെ ക്രോഡീകരിച്ചുകൊണ്ടാണ് കലാസൃഷ്ടികളെ ആസ്വദിക്കുന്നത്. അതുപോലെ ആസ്വാദകർ തന്റെ അനുഭവങ്ങളിൽനിന്ന് പുതിയ കാഴ്ചാനുഭവങ്ങളെ കൂട്ടിച്ചേർക്കുമ്പോഴാണ് കലാവിഷ്കാരങ്ങൾ ആശയാവതരണമായി മാറുന്നത്. കലാപ്രപഞ്ചവും ആശയപ്രപഞ്ചവും ചിന്താധാരകളും തമ്മിലുള്ള ബന്ധം ഇവിടെ പൂർണമാകുന്നു. ഇത്തരം ചിന്തകളും കാഴ്ചാനുഭവങ്ങളും പ്രസക്തമാകുന്ന ചിത്രകലാ ക്യാന്പാണ് തിരുവനന്തപുരം പുളിയറക്കോണം മധുവനത്തിൽ സംഘടിപ്പിക്കപ്പെട്ടത്.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് ചിത്രകാരർ പങ്കെടുത്ത ചിത്രകലാ ക്യാന്പ് ആശ്രമസമാനമായ അന്തരീക്ഷത്തിൽ മധുവനം ഡയറക്ടർ കൃഷ്ണൻ കർത്തയുടെ നേതൃത്വത്തിലാണ് ക്യാന്പും അനുബന്ധ പരിപാടികളും നടന്നത്. മാവേലിക്കര സ്വദേശിയായ ചിത്രകാരൻ പാർത്ഥസാരഥി വർമ്മയ്ക്ക് ക്യാൻവാസ് നൽകിയാണ് ചിത്രകലാ ക്യാന്പിന് തുടക്കംകുറിച്ചത്. സജീവമായി ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന ചിത്രകാരനാണ് പാർത്ഥസാരഥി വർമ്മ. പ്രപഞ്ചത്തെ മുഴുവൻ പ്രതീകവത്കരിക്കുന്ന രൂപങ്ങളും വർണക്കാഴ്ചകളുമായാണ് അദ്ദേഹത്തിന്റെ ചിത്രലോകം ആസ്വാദകരുമായി സംവദിക്കുന്നത്. രൂപനിർമിതികളിൽ പ്രകൃതിയുടെ ചലനാത്മകതയോടെയുള്ള പ്രതീകബിംബങ്ങളാണ് പ്രമോദ് കൂരന്പാലയുടെയും ആർ ജയശങ്കറിന്റെയും ചിത്രങ്ങളിൽ കാണാനാവുന്നത്. മധുവനത്തിൽ നിറഞ്ഞുനിന്ന ശാന്തതയുള്ള അന്തരീക്ഷം കെ ജി അനിൽകുമാറിന്റെ ചിത്രങ്ങളെ കൂടുതൽ ശ്രദ്ധേയമാക്കി. രൂപങ്ങളാൽ സന്പന്നമായ ചിത്രതലമാണ് കെ ആർ രാജേഷിന്റെ ചിത്രങ്ങളിൽ ദർശിക്കാനാവുക. ധർമബോധത്തിന്റെ വർണദീപ്തി പ്രകടമാക്കുന്ന എം എസ് വിനോദിന്റെ ചിത്രം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സൂചകങ്ങൾ കൂടിയാകുന്നു. ആർ സതീഷ്, സോണിയ ജോസഫ് എന്നിവർ പ്രകൃതിയും മനുഷ്യനും ചേരുന്ന വിപുലമായ ഒരാശയപ്രപഞ്ചത്തിന്റെ സാധ്യതകളിലേക്കാണ് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്. പ്രകൃതിയെ തൊട്ടറിയുന്ന നിഴൽ വെളിച്ച സമൃദ്ധമായ ചിത്രതലങ്ങൾ മേൽസൂചിപ്പിച്ച കലാവിഷ്കാരങ്ങളിൽ കാണാവുന്നതാണ്. സ്വപ്നവും യാഥാർഥ്യവും തമ്മിൽ വേർതിരിക്കാനാവാത്ത ചിന്തകളിലൂടെ സഞ്ചരിക്കുന്ന രൂപവർണങ്ങളാണ് ക്യാന്പംഗങ്ങളിൽ കൂടുതൽ പേരും വരച്ചുകാട്ടിയിട്ടുള്ളത്. പ്രകൃതിയുടെ ദുരന്തമുഖങ്ങൾ അറിയുന്ന, മണ്ണിന്റെ മനസ്സ് വായിക്കുന്ന പ്രകൃതിയുടെ പ്രകൃതത്തിലേക്കും വൈവിധ്യപൂർണമായ അതിന്റെ കാഴ്ചകളിലേക്കുമുള്ള വാതായനമാവുകയാണ് ക്യാന്പിലെ ചില രചനകൾ. പ്രകൃതിയിലെ മനുഷ്യരിൽ നന്മയും സമാധാനവും ശാന്തിയുമാഗ്രഹിക്കുന്ന മുഖങ്ങളുടെ ഭാവാവിഷ്കാരങ്ങളും ക്യാന്പംഗങ്ങളുടെ രചനകളിൽ നിറയുന്നു; ഒപ്പം ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധവും.
വൈവിധ്യാത്മക ലാവണ്യവും വൈകാരികാനുഭൂതിയുടെ കരുത്തും സാന്ദ്രമായ അന്തരീക്ഷവും ചേരുന്ന സായാഹ്നങ്ങളിലാണ് കലാചർച്ചകളും സംവാദങ്ങളും നടന്നത്. യാഥാർഥ്യത്തിന്റെ കാഴ്ചകളിലൂടെ നാം സഞ്ചരിക്കുമ്പോഴും കാവ്യദർശനമാകുന്ന പ്രകൃതിയെ അറിയാനുള്ള മനസ്സ് സ്വരൂപിക്കാനായെന്ന് ക്യാന്പംഗങ്ങളിലെ യുവകലാകാരർ പറയുന്നു. അനുഭവത്തിന്റെയും ധ്യാനത്തിന്റെയും വിശുദ്ധിയോടെ പ്രകൃതിയെയും മനുഷരെയും ചേർത്തുപിടിക്കുന്ന മനസ്സാണ് എന്നും ഒപ്പമുണ്ടാകേണ്ടതെന്ന് ക്യാന്പിന് നേതൃത്വം നൽകുന്ന കൃഷ്ണൻ കർത്ത കൂട്ടിച്ചേർക്കുന്നു. കലയുടെ സഞ്ചാരവഴികൾ നമ്മെ ഓർമിപ്പിക്കുന്നതും മറിച്ചല്ല. l