ഇന്ത്യയിൽ വന്പൻ കോർപറേറ്റ് സ്ഥാപനങ്ങൾ തൊഴിലാളിവിരുദ്ധ നയങ്ങൾ നിരന്തരം നടപ്പാക്കിവരികയാണ്. അതിന്റെ തുടർച്ചയാണ് ജോലിസമയം ആഴ്‌ചയിൽ 90 മണിക്കൂറായി ഉയർത്തണമെന്ന ലാർസൻ ആന്റ് ടൂബ്രോ (എൽ ആന്റ് ടി) കന്പനിയുടെ ചെയർമാന്റെ പ്രസ്താവന. ഇതേ തൊഴിലാളിവിരുദ്ധ പ്രസ്‌താവനയാണ് ഇൻഫോസിസിന്റെ തലവൻ എൻ ആർ നാരായണമൂർത്തിയും നടത്തിയത്. ഒരാഴ്‌ചത്തെ തൊഴിൽസമയം 70 മണിക്കൂറായി വർധിപ്പിക്കുന്നത് നിയമപരമാക്കണമെന്നും മൂർത്തി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തൊഴിലാളികളുടെ ചോരയും നീരും ഊറ്റിക്കുടിക്കാൻ കൊള്ളലാഭം കൊയ്യുന്ന കോർപറേറ്റ് ഭീമന്മാർ പരസ്‌പരം മത്സരിക്കുന്നതാണ് ഇവിടെ കാണുന്നത്. ലാർസൻ ആന്റ് ടൂബ്രോ കന്പനിയുടെ തൊഴിലാളിവിരുദ്ധ പ്രസ്ഥാവനയ്‌ക്കെതിരെ സിഐടിയു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ചൈനയെപ്പോലെ ഉൽപാദനക്ഷമതയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ തൊഴിലാളികൾ, ഔപചാരിക മേഖലയിലെ സ്ഥിരം തൊഴിലാളികൾപോലും കൂടുതൽ മണിക്കൂർ ജോലിചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നു. കൂടുതൽ ലാഭത്തിനും ചെലവുചുരുക്കലിനുംവേണ്ടി തൊഴിലാളികളെ കൂടുതൽ കൂടുതൽ ചൂഷണം ചെയ്യുകയാണ്. ഇതുകൂടാതെയാണ് ക്രൂരമായ തൊഴിൽസാഹചര്യങ്ങളും. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2022ലെ കണക്ക് പ്രകാരം മോശം തൊഴിൽസാഹചര്യങ്ങൾ മൂലം 11486 തൊഴിലാളികൾ ആത്മഹത്യചെയ്‌തു.
തൊഴിലാളിവിരുദ്ധനയങ്ങളുടെ കാര്യത്തിൽ പരസ്‌പരം മത്സരിക്കുന്ന ഇന്ത്യയിലെ വൻകിട കോർപറേറ്റുകൾ കേന്ദ്രത്തിൽ ബിജെപി ഗവൺമെന്റുമായി അവിശുദ്ധസഖ്യത്തിലാണ്. കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ലേബർ കോഡുകളിൽ തൊഴിൽസമയം വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ തൊഴിൽസമയം 12 മണിക്കൂറാക്കാനുള്ള നീക്കങ്ങളുണ്ടായി. സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനം ഈ നീക്കങ്ങളെ ചെറുത്തുതോൽപിച്ചു. തൊഴിൽ അവകാശങ്ങൾക്കുനേരെയുള്ള ഹീനമായ കടന്നാക്രമണങ്ങൾക്കെതിരെ തൊഴിലിടങ്ങളിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും യോജിച്ച പോരാട്ടത്തിന് തയ്യാറാവാൻ തൊഴിലെടുക്കുന്ന എല്ലാ വിഭാഗങ്ങളോടും സിഐടിയു ആഹ്വാനംചെയ്തു. l